May 24, 2012

തുളസിക്കണ്ണുകൾക്ക് ഇനിയുറങ്ങാം



ഇനി എനിക്കുറങ്ങാം.
 ഉച്ചവെയ്ലിന്റെ പൊള്ളുന്ന മൌനത്തിൽ.. ജാതിക്കായകളുടെ എരിയുന്ന സുഗന്ധത്തിൽ എനിക്കുറങ്ങാം.
കാല്പെരുമാറ്റങ്ങൾക്ക് കതോർക്കാതെ, മാന്തളിർ തിന്നു മദിച്ച് കൂകുന്ന കുയിലിന്റെ..പാട്ടിന്  ചെവി കൊടുക്കാതെ എനിക്കുറങ്ങാം.

 അഗ്നിക്കും വായുവിനും ജലത്തിനും കൊടുത്തിട്ടും പിന്നേയും മിച്ചം വെച്ചീ മണ്ണിൽ വേരോടിച്ചു സ്പന്ദിച്ച്..പകുതി ഉറങ്ങിയും പകുതി ഉണർന്നും പന്ത്രണ്ടാണ്ടോളം.

എന്നെയുണ്ട് വളർന്നു തുളസിത്തൈകൾ.
അവയുടെ ഓരോ ഇലയിലും തുറന്നു വെച്ചു ഞാൻ സ്നേഹക്കണ്ണുകൾ.

വെള്ളവുമായി വരുമെൻ പ്രിയൻ. എന്റെ ഹ്രിദയത്തിലേക്ക് വേരൂന്നിയ ത്രിത്താവിൻ തൈകൾ നനയും.
 പിന്നെ ഞങ്ങൾ നട്ടു വളർത്തിയ മരങ്ങളും ചെടികളും വരണ്ട തൊണ്ട നനക്കും.
കൊത്തിയും കിളച്ചും വാഴനട്ടും കൊള്ളി കുത്തിയും മത്തയും പയറും പാകിയും ഞങ്ങൾ  നടന്ന....മണ്ണിലൂടെ എന്റെ പകുതി ഒറ്റക്ക്!
ആ വിയർപ്പിന് ഞാൻ കൂട്ടിരുന്നു. ആ നെടുവീർപ്പുകളിലേക്കു ഞാനൊരു തെന്നലായി ഒഴുകി ചെന്നു.

 കുട്ടികൾ വന്നു. അവർ പൂക്കൾ കൊണ്ട് വന്നു.
കരച്ചിലും ചിരിയും തന്നു. വിശേഷങ്ങൾ പങ്കു വെച്ചു. പരിഭവങ്ങൾ കെട്ടഴിച്ചു.
യാത്ര പോകുമ്പോഴും വരുമ്പോഴും മുഖം കാണിച്ചു. എനിക്ക്  വേണ്ടിയവർ പൂക്കളങ്ങളൊരുക്കി. മെഴുകുതിരികളിൽ വെളിച്ചം നിറച്ചു.

 ഉറങ്ങാൻ വിട്ടില്ല. ഉറങ്ങാൻ കഴിഞ്ഞില്ല.

പണ്ടവർ ഓടിക്കളിച്ചതാണീ വഴിയിൽ. വെള്ളച്ചാലിലെ കറുത്തമണ്ണിൽ നിന്നും കാന്തം കൊണ്ട് ഇരുമ്പുത്തരികൾ വലിച്ചെടുത്തൊരാൾ. മഴയത്ത് വീണു പോയ കടപ്ലാവിന്റെ തടിയിലിരുന്നു കുഞ്ഞൂ കഥ മെനഞ്ഞു മറ്റൊരാൾ.

അന്നവർ എനിക്ക് ചുറ്റിനും ഭ്രമണം ചെയ്യുകയായിരുനു.
ഞാനായിരുന്നു അവർക്ക് സൂര്യൻ.
 പറംബിന്റെ കിഴക്കേ മൂലയ്ക്കൽ നിൽക്കുന്ന കറുവമരത്തിൽ നിന്നും ഇലകൾ പറിച്ച് ഞാനവർക്ക് സുഗന്ധമുള്ള കുംബിളപ്പങ്ങളുണ്ടാക്കി.

ഓർമ്മമഴ നനഞ്ഞു ഞാൻ എന്റെ രമ്മ്യ ഹർമ്മ്യം കാണും.
അ ഹരിതഭംഗിക്കുള്ളിൽ വിളക്കുകൾ അണയുന്നതും തുറക്കുന്നതും.
 പ്രിയമുള്ളവർ ഉറങ്ങുന്നതും ഉണരുന്നതും അറിഞ്ഞു കൊണ്ട് ഞാൻ ഉറങ്ങാതെ കിടന്നു.

വിരുന്നുകാർ വരുന്നതും പോകുന്നതുമറിഞ്ഞു.
ചിലർ എന്നെയോർത്തു. മറ്റു ചിലർ എന്നെ ഓർക്കാൻ  മറന്നു. അപൂർവ്വമായി മാത്രം ആരൊ എന്നെ തേടി വന്നു.
 അതിലൊന്നും ഇടറിയില്ല മനം.

ഇന്നോ നാളെയോ എല്ലാവരും ഏതോ മണ്ണിൽ ചുരുണ്ട് കൂടേണ്ടവർ. എതോ അഗ്നിയിൽ എരിഞ്ഞ് വായുവിൽ നിറഞ്ഞ് വെള്ളത്തിലലിയേണ്ടവർ. അതിലും മുന്ന് അവർക്ക് ഓടണം. ഓടിക്കൊണ്ടേയിരിക്കണം.

പണ്ട് എന്റെ അടുക്കള ജനാലയ്ക്കൽ പാത്രം കഴുകിക്കൊണ്ട് നിൽക്കുമ്പോൾ എന്റെ കണ്ണുകൾ നീണ്ടു വന്നിരുന്നത്..ഈ മണ്ണിലേക്കാണ്. പക്ഷെ അന്നു കാണാത്തതൊക്കെയും ഇന്നു ഞാൻ കാണുന്നു.
 അന്നു ഞാൻ വെറുമൊരു പുറം കാഴ്ചക്കാരി. ഇന്നു ഞാനീ മണ്ണിലെ താമസക്കാരി.
ഏറ്റവും ആഴത്തിൽ കിടന്നു കൊണ്ട്  ഏറ്റവും തെളിഞ്ഞ ആകാശത്തേക്ക് കണ്ണുകൾ നീട്ടുന്നവൾ.

പിന്നെ ഒരിക്കൽ എൻ സ്നേഹക്കൂട്ടിൽ നിന്നും ഉണ്ണിക്കരച്ചിലുകൾ..പൊങ്ങി. കുഞ്ഞൂ തിരകൾ പോലെ.
അപ്പോൾ ചിതറിയൊന്നു മനസ്സ്. കയ്യുയർത്തി ഒന്നു തൊടാനാകാതെ.
ഉണ്ണികൾ വന്നു. ഒക്കത്തിരുന്നും..പിന്നെ പൈക്കിടാങ്ങളെ പോലെ തുള്ളിച്ചാടിയും. കിളിക്കൊഞ്ച്ചലുകൾ തന്നു.
നന്ത്യാർവട്ടപ്പൂക്കളും ചെത്തിയും ചെമ്പരത്തിയും ജാതിക്കയുമൊക്കെ അത്യുത്സാഹത്തോടെ  നിരത്തി വെച്ച് അതിരുകളില്ലത്ത സ്നേഹം കൊണ്ടെന്നെ മൂടിക്കളഞ്ഞൂ.
ഓരോ ഇലയിലും എന്റെ കണ്ണൂകൾ തുടിച്ചു.
 ഞാൻ നിറഞ്ഞു  കവിഞ്ഞൊരു അമ്മത്തടാകമായി.

പക്ഷെ....ഇനിയെനിക്കുറങ്ങാം.

ഓർമ്മകൾ പടിയിറങ്ങുകയാണ്.  എന്നിൽ നിറഞ്ഞൂം പടർന്നും വിങ്ങിയും തുടിച്ചതോരോന്നും..എന്നെ ഉണർത്തി വെച്ചതോരോന്നും പോകുകയാണ്.

ഇനി ഈ വഴി വരില്ലാരും.
സ്നേഹജലവുമായി....നനുത്ത പൂക്കളുമായി...കിങ്ങിണിക്കിലുക്കവുമായി...ആരും വരില്ല.
തുംബക്കുടങ്ങൾ പൊട്ടിവിടരുമ്പോൾ ഇനി ഓണമില്ലെന്ന് ഞാനവയോട് പറയും. കൊന്നമരം പൂത്തുലയുമ്പോൾ കണിക്കാഴ്ചക്കായി കുഞ്ഞു കണ്ണൂകൾ ഇവിടെ തിരുമ്മി തുറക്കില്ലെന്ന് ഞാനതിനോടും പറയും.

ഒരു യാത്രാമൊഴി...ഇത്തിരി കണ്ണീർ...ഇടമുറിഞ്ഞ ഗത്ഗതം ...എനിക്ക് തന്ന് അവർ ദേശാടനത്തിനിറങ്ങുന്നു. അവർ ഇറങ്ങട്ടെ. അതവരുടെ നിയോഗം.
 ചുറ്റിത്തിരിഞ്ഞെന്നെങ്കിലും വന്നു കയറുമ്പോൾ എന്റെ കണ്ണുകൾ സന്ധ്യ പരക്കുന്ന വഴിയിലേക്ക് തുറന്നിരിക്കുന്നുണ്ടാകില്ല.
 ഏതോ വേനൽച്ചൂടിൽ തുളസിക്കണ്ണുകൾ വാടിക്കൊഴിഞ്ഞിരിക്കും.
 പന്ത്രണ്ടാണ്ടത്തെ കരിഞ്ഞ നന്ത്യാർവട്ടപ്പൂക്കളത്രയും മാറിലേക്ക് വാരിപിടിച്ച് ഞാനുറങ്ങുകയായിരിക്കും.
ഈ വരണ്ട മണ്ണിൽ  തനിച്ച് ഇനിയെനിക്കുറങ്ങാം.

7 comments:

  1. ntha parayendathennariyilla....ammakku poo vekkumbozhum padi pootti irangumbozhum oru vallaatha thalarcha...kaalukal kuzhayunnathu pole...ammene ottakkaakki povunnathu enthinaanennu oru paadu thavana ennodu thanne chodichu...ariyilla...ennittum oru ozhukkil pettu poyathu pole enthinokkeyo vendi...ammakkili ee makkalodu kshamikkille...

    ReplyDelete
  2. maye entha parayandennu ariyilla...etra naukal kazhinjalum koodatta muruvanennu ariyam...pakshe maya bhagyavathy yanu atleast ingane ezhutiyengilum manasile feelings puratekku varum...enikku alochikkan polum patilla angane oru avastha....amma eppozhum koode undavum ennu ashwasikkam le.....

    ReplyDelete
  3. വയ്യ മായക്കുഞ്ഞേ, ഈ ഓറ്മ്മകള്‍ എന്നെയും നീറ്റുന്നു, ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ഗദ്ഗദം ... ഇപ്പോളത് കണ്ണീറ്ചാലുകളാകുന്നു.... ഞാനെന്തു ചെയ്യും... സഹിയ്ക്ക എന്നോതി ഇങ്ങിനെ അകലത്തിരുന്നു ഈ സൗഹ്രുദ ഹസ്തം നീട്ടി മനസ്സു കൊണ്ടൊന്നു തലോടാനല്ലാതെ...

    ReplyDelete
  4. kalakki maaye...veritta chindha..

    ReplyDelete
  5. നന്ദി കൂട്ടുക്കാരെ.....ഈ സ്നേഹത്തിനും സാന്ത്വനത്തിനും!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. "ഈ വരണ്ട മണ്ണിൽ തനിച്ച് ഇനിയെനിക്കുറങ്ങാം........."

    ചില രചനകള്‍ വായിച്ചാല്‍ ഒരക്ഷര൦ മിണ്ടാനാവാതെ ഇരുന്നു പോകും.
    അതിലൊന്നാണ് മായയുടെ "തുളസിക്കണ്ണുകൾക്ക് ഇനിയുറങ്ങാം"

    ReplyDelete