July 11, 2013

പറന്ന പക്ഷികൾ..........


ചില പ്രഭാതങ്ങൾ അങ്ങനെയാണ്. സ്വപ്നങ്ങളുടെ മൂഡ്ഡ സ്വർഗത്തിൽ നിന്നും തട്ടിയുണർത്തി ഇരുട്ടു കനത്ത നിഴൽ വഴികളിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകും.
എന്നിട്ട് കനൽ പൊള്ളലുള്ള ചില കാഴ്ചകളിലേക്ക്..മുഖങ്ങളിലേക്ക് വാതിൽ തുറന്നു വെക്കും
നോക്കൂ...... കൂടെ നടന്നവർ...നിന്റെ കൂടെ മഴവിൽ നിറങ്ങളിൽ അഭിരമിച്ചവർ....നിന്നെ പോലെ.....വിടർന്ന കൌതുക കണ്ണൂകളിൽ നിറച്ചും കൌമാര സ്വപ്നങ്ങൾ നെയ്തു വെച്ചവർ അവരിൽ ചിലർക്കു പിന്നീട് എന്തു സംഭവിച്ചുവെന്ന്!
കാണൂ..കാണൂ....ഇലകൊഴിഞ്ഞ മരങ്ങളെ....നിഴൽ പരന്ന താഴ്വാരങ്ങളെ....

കഴിഞ്ഞ പ്രഭാതങ്ങളിലൊന്ന് അങ്ങനെയായിരുന്നു. ലിറ്ററേച്ചർ ക്ലാസ്സിലുണ്ടായിരുന്ന ഒരു കുട്ടുകാരി....ഫേസ്ബുക്കിലെ സഹപാഠികളോട് പങ്കു വെച്ച......തീക്കനൽ പൊള്ളൽ..
“നിത ആന്റ്ണി പാസ്ഡ് എവേ...”

വർഷങ്ങൾക്കപ്പുറം മെലിഞ്ഞു നീണ്ട..ഇരുനിറക്കാരിയായ പെൺകുട്ടി ചുണ്ടിലൊരു കുസ്രിതി ചിരി ചേർത്ത് കയ്യിൽ പുസ്തകങ്ങളുമായി ക്ലാസ്സുമുറിയിലേക്ക് നടന്നു കയറുന്നു.

ആ പെൺകുട്ടി എന്റെ അടുത്ത സ്നേഹിതയായിരുന്നില്ല. ആ പെൺകുട്ടിയെ ആഴത്തിൽ ഞാനറിഞ്ഞിട്ടുമില്ല.
എങ്കിലും മാഞ്ഞും നിറം മങ്ങിയുമൊക്കെ പൊയ്പോയ എത്രയോ മുഖങ്ങളുടെ കൂട്ടത്തിൽ അവളുണ്ടായിരുന്നില്ല. ഓർത്തിരിക്കാൻ....കളഞ്ഞു പോകാതെ കൈകുംബിളിൽ മുറുക്കിപിടിക്കാൻ ഞങ്ങൾക്കിടയിൽ എന്തൊക്കെയോ നല്ല ഓർമ്മകൾ ഉണ്ടായിരുന്നു.

നിതക്കും  എനിക്കുമിടയിൽ വർഷങ്ങളുടെ  വലിയൊരു വിടവുണ്ടായിരുന്നേനെ.
പക്ഷെ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ  നിതയുടെ മുഖം പതിവായി എന്റെ ചിന്തകളെ നീറ്റിയിരുന്നു.
അതിനു കാരണവുമുണ്ട്.
കുറച്ചു കൊല്ലം  മുൻപ് ഇതുപോലൊരു പ്രഭാതം....പൊള്ളുന്ന ഒരു ചോദ്യമെനിക്കു നേരെ നീട്ടി വെച്ചിരുന്നു.
ഓർക്കൂട്ടിലൂടെ കളഞ്ഞു പോയ കുന്നിക്കുരുക്കളോരോന്നും പെറുക്കിയെടുക്കുന്ന നല്ല ദിവസങ്ങളായിരുന്നു അതു. 
അപ്പോൾ പഴയ ലിറ്ററേച്ചർ ക്ലാസ്സിലെ കൂട്ടുക്കാരി..രൂപ...,പണ്ട് നിതയോടൊപ്പമാണ് രൂപയെ മിക്കപ്പോഴുംകണ്ടിരുന്നത്,  ചോദിച്ചു, “നിതയുടെ കാര്യമറിഞ്ഞില്ലേ?”  
ആ ചോദ്യം ലാവയായി ഉള്ളിലിരുന്നു തിളച്ചു. ഈശ്വരാ നിതക്കെന്തു പറ്റി?  എന്തു പറ്റിയെന്നറിയാൻ മനസ്സ് പിടച്ചു. പക്ഷെ ചോദിക്കാൻ ധൈര്യം കിട്ടിയുമില്ല. ആ ചോദ്യം ചോദിക്കുന്ന നിമിഷം ഒർമ്മയിൽ വെളിച്ചം പെയ്തു നിൽക്കുന്ന ആ മുഖത്തേക്ക് ഇരുൾ പടർന്നാലോ? ഒടുവിൽ ധൈര്യം സംഭരിച്ച് ചോദിച്ചു. മറുപടിയും കിട്ടി.
”നിതയുടെ ഹസ്ബെൻഡ് മരിച്ചു. മിലിറ്ററിയിലായിരുന്നു. രണ്ട് കൂഞ്ഞു മക്കളുണ്ട്.” 
പിന്നെ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, വെറുതെ പഴയ കോളെജ് ഇടനാഴിയിലൂടെ മനസ്സോടുമ്പോൾ...തെളിഞ്ഞു തെളിഞ്ഞു വരും നിതയുടെ മുഖം
.
 നിതയുടെ മുഖത്ത് ഞാനെന്നുമൊരു ധൈര്യം കണ്ടിരുന്നു.ഭംഗിയുള്ളൊരു ചങ്കൂറ്റം...നിതയുടെ നിൽ‌പ്പിലും...നടപ്പിലുമൊക്കെ ഞാൻ വായിച്ചെടുത്തിരുന്നു.
എനിക്കത് ഇഷ്ട്ടവുമായിരുന്നു.  പഠനത്തിൽ ഏറ്റവും  മുന്നിൽ നിൽക്കുന്ന ..പെൺകുട്ടിയായിരുന്നില്ല നിത. ഒരു മിടുമിടുക്കിയോ ക്ലാസ്സിലെ ബഹളക്കാരിയോ ഒന്നുമായിരുന്നില്ല
എന്നാൽ ജീവിത പരീക്ഷയിൽ വിജയിക്കാൻ പോകുന്നൊരാളാണ് നിതയെന്നു...എനിക്കെന്തോ ആ മുഖഭാവത്തിൽ നിന്നും  പെരുമാറ്റത്തിൽ നിന്നുമൊക്കെ വെറുതെ തോന്നിയിരുന്നു.
അതിനു എടുത്തു പറയത്തക്ക കാരണമൊന്നുമില്ലാതെ തന്നെ.


 
നിതക്ക് ഒരാപത്തും പറ്റിയിട്ടില്ലെന്നത്....വേപഥു കൊണ്ട എന്റെ മനസ്സിനെ ഏറെ തണുപ്പിച്ചു.
 എങ്കിലും ഇളം  പ്രായത്തിൽ  വൈധവ്യവും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പൂറ്ണ്ണ ചുമതലയും ...അങ്ങനെ വലിയൊരു വൈധരണിയുടെ മുന്നിലാണ് അവൾ നിൽക്കുന്നത് എന്ന അറിവ് ഒട്ടും ആശ്വാസം നൽകിയുമില്ല.
ഇനി പഴയ പോലെ കുസ്രിതി ചിരി ചിരിക്കാൻ നിതക്ക് കഴിയുമോ? 

ആരൊക്കെയൊ പറഞ്ഞു...വീരമ്രിത്യു പ്രാപിച്ച ധീര യോധാക്കളെ കുറിച്ചു വനിതയിൽ വന്ന ഫീച്ചറിൽ നിതയുടെ വിവരങ്ങളുണ്ടായിരുന്നുവെന്ന്.
നിതയുടെ മുഖത്ത്..പണ്ടെന്തിനെന്നില്ലാതെ ഞാൻ വായിച്ചെടുത്ത ആ ധൈര്യം ഇപ്പോളുമുണ്ടാകണേ എന്നു ഞാൻ പ്രാർഥിച്ചിരുന്നു. ഉണ്ടാകുമെന്നു തന്നെ പ്രത്യാശിച്ചിരുന്നു. ഈ പരീക്ഷണങ്ങളുടെ അഗ്നിയിൽ എരിഞ്ഞമരാതെ ഒരു ഫീനിക്സ് പക്ഷിയായി അവൾ ഉയിർത്തെണീക്കുമെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു.
 


ഒരിക്കൽ കോളേജ് മാഗസിന് വേണ്ടി ഞാനൊരു ഫീച്ചർ എഴുതുകയായിരുന്നു. എഴുത്തിനു മുൻപായി കുട്ടികളുടെ ഇടയിൽ ഒരു സർവേയും നടത്തി.
ചില ചോദ്യങ്ങൾക്ക് നിത തന്ന...കുസ്രിതി നിറഞ്ഞ മറുപടികളാണ് നിതയിൽ എനിക്കൊരു കൌതുകം ജനിപ്പിച്ചത്.

പിന്നെ..പതുക്കെ ഞങ്ങൾ കൂടുതലെന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞു.
നിതയുടെ, കണ്ണിലും ചുണ്ടിലും കുസ്രിതി നിറച്ചുള്ള നിൽ‌പ്പിൽ....വർത്തമാനത്തിൽ ‘പൊസിറ്റിവിറ്റി’ ഉണ്ടായിരുന്നു എന്നും.

എന്റെ ശ്വാസകോശം അന്നു നിരന്തരമായ പണിമുടക്കിലാണ് . നിത്യമെന്നോണം തുമ്മലും..ചുമയും വലിവും. നിതയുടെ വീട്ടിലുമുണ്ടായിരുന്നു....ശ്വാസം
 മുട്ടുള്ള ഒരാൾ. അതു കൊണ്ടായിരിക്കാം..നിത ഇടയ്ക്കു  മറ്റാർക്കുമില്ലാത്ത താല്പര്യത്തോടെ ചോദിക്കും. “രാത്രി ഉറങ്ങാൻ പറ്റാണ്ടിരിക്കുമ്പോൾ..എന്ത..ചെയ്യാ..?” “പങ്കജ കസ്തൂരി കഴിച്ചിട്ട് എന്തെങ്കിലും ഫലമുണ്ടോ?...”
സെന്റോഫ് പാർട്ടിയുടെ തലേന്നായിരുന്നു ക്ലാസ്സ് ഫോട്ടൊയെടുപ്പ്.  അന്നു ഞാനൊരു അബദ്ധം കാണിച്ചു. പൊടിയോടുള്ള തീവ്രമായ അലർജി കാരണം അപ്പപ്പോൾ കഴുകിയെടുത്ത വസ്ത്രങ്ങളേ എനിക്കുപയോഗിക്കാൻ പറ്റാറുള്ളൂ.അന്നു ഞാൻ അലമാരയിലിരുന്ന അമ്മയുടെ നല്ലൊരു സാരിയെടുത്തുടുത്തു. കോളേജിലെത്തിയതും കുടൽമാല പുറത്തേക്ക് വലിച്ചെടുക്കുന്ന തരം തുമ്മലിന്റെ ആഘോഷമായി. ഇൻഹേലറൊ ഗുളികയോ ബാഗിലുണ്ടായില്ല. പിന്നെ പനിയും തുടങ്ങി.
പിറ്റേന്നത്തെ സെന്റ് ഓഫ് നഷ്ട്ടപ്പെടുമെന്നു കരുതി ഞാനാകെ വിഷാദത്തിലായി.
അപ്പോൾ നിതയാണ് ധൈര്യം തന്നത് .“വീട്ടിൽ ചെന്നയുടനെ മരുന്നും കഴിച്ചു നന്നായുറങ്ങു.നാളെ എഴുന്നേൽക്കുമ്പോഴെക്കും ഒക്കെ ഭേദായിരിക്കും.“
സാധാരണ അങ്ങനെ ഭേദാവാറില്ല.അസുഖത്തിന്റെ ഒരു ആക്രമണമുണ്ടായാൽ ഒരാഴ്ചയെങ്കിലും കിടത്തിയേ ഒഴിഞ്ഞു പോകാറുള്ളു.
പക്ഷെ പിറ്റേന്ന്..പനിയും കുറുകലുമൊന്നുമില്ലതെ ഞാൻ കോളേജിലെത്തി.
“ഞാൻ പറഞ്ഞില്ലേ..”എന്നൊരു സന്തോഷ ചിരി  നിത എനിക്കു തന്നിരുന്നു.
അതായിരുന്നിരിക്കാം
. ഞങ്ങൾക്കിടയിൽ ഉണ്ടായ അവസാനത്തെ വർത്തമാനം.പിന്നെ..പരീക്ഷക്കു കണ്ടപ്പോൾ...ഗ്രാജ്വേഷൻ സെറിമണിക്കു കണ്ടപ്പോൾ..എന്താണ് പറഞ്ഞത്? അതൊന്നും ഓർമ്മയിലില്ല.
പക്ഷെ ഇതൊന്നുമായിരുന്നില്ല..നിതയുടെ മുഖം ഓർമ്മയിൽ നിന്നും മങ്ങി പോകാതിരിക്കാനുള്ള
 കാരണം. ഇതിനൊക്കെ മുൻപുണ്ടായ ഒരു മോതിര കഥയാണ് നിതയുടെ ഓർമ്മ എന്നോട് കൂടുതൽ ചേർത്തു വെച്ചത്.

 അന്നു എന്റെ വിരലിലൊരു മോതിരംകിടന്നിരുന്നു. പർപിൾ നിറമുള്ള അമത്തിസ്റ്റ് കല്ലു പതിച്ച മോതിരം.ബെർത് സ്റ്റോൺ എന്നതിലപ്പുറം ആ മോതിരമെന്റെ ഹ്രിദയത്തോട് വളരെ  തൊട്ടുരുമ്മിയിരുന്നു. അതെനിക്കു കിട്ടിയ ഒരു പ്രണയോപഹാരമാണ്.
ഒരു ദിവസം മോതിരം കളഞ്ഞു പോയി. തിരയാവുന്നിടത്തൊക്കെ തിരഞ്ഞു.കണ്ടെത്തിയില്ല.
പിറ്റേന്ന് ആ മോതിരം ഞാൻ കോളേജിൽ പൊയ്ക്കൊണ്ടിരുന്ന വാനിലെ മറ്റൊരു പെൺകുട്ടിയുടെ വിരലിൽ കണ്ട് ശരിക്കുമമ്പരന്നു പോയി.
ഞങ്ങളുടെ കോളേജിനോട് അനുബന്ധിച്ചു ഒരു പാരലൽ കോളേജ് പ്രവർത്തിച്ചിരുന്നു.അവിടത്തെ വിദ്യാർഥിനിയാണ് ആ പെൺകുട്ടി. ആ കുട്ടി അതു കട്ടെടുത്തതല്ലെന്ന് എനിക്കുറപ്പാണ്. ഇല്ലെങ്കിലിത്രയും
 പരസ്യമായി അത് പ്രദർശിപ്പിക്കുകയില്ലല്ലൊ.
പക്ഷെ ഇത്രയും കുട്ടികളുടെ മുന്നിൽ വെച്ചു അതെന്റെ മോതിരമാണ്..അതെനിക്ക് തരൂ എന്നു പറഞ്ഞാൽ...അവൾ അപമാനിതയാകില്ലേ.
ഞാനാകെ ആശയക്കുഴപ്പത്തിലായി.

അതു നിത അറിയാനിടയായി.
മോതിരത്തിന്റെ കഥയൊന്നും നിതക്കു അറിയില്ല. പക്ഷെ എന്റെ വിരലിൽ കിടന്ന മനോഹരമായ മോതിരം നിതക്ക് നല്ല ഓർമ്മയുണ്ട്.
“മായേടെ സ്വന്തം..മോതിരം ചോദിക്കുന്നതിനു പേടിക്കുന്നത് എന്തിന്? മറ്റൊരാളുടെ സാധനം സ്വന്തമാക്കി വെച്ചിരിക്കുന്ന ആ കുട്ടിയല്ലെ പേടിക്കേണ്ടത്..”
നല്ലൊരു മോതിരം വെറുതെ കളയരുത് എന്നു നിത. എന്നിട്ടും ആ കുട്ടിയ..അപമാനിക്കുകയാണൊ..എന്ന ഭയം എന്നെ വിട്ടു പോയില്ല.
വാനിൽ വെച്ചു ചോദിക്കാൻ മടിയാണെങ്കിൽ പുറത്തു വെച്ചു രഹസ്യമായി സംസാരിക്കണമെന്ന് നിത.
മടിച്ചു നിന്ന എന്നെ നിതയാണ് പിടിച്ചു വലിച്ചു കൊണ്ടു പോയത്.
വാൻ വരുന്നതും കാത്ത്...വൈകുന്നേരം ആ പെൺകുട്ടിയും സുഹ്രുത്തുക്കളും..ഞങ്ങളുടെ കോളേജ് പാർക്കിൽ ഇരുന്നിരുന്നു.
“ചെല്ല്”..എന്നു നിത എന്നെ തള്ളി വിട്ടു. ഞാനാ കുട്ടിയെ അരികിൽ വിളിച്ച് കാര്യം പറഞ്ഞു.
അതു ബെർത് സ്റ്റോണായതു കൊണ്ടാണ് മടക്കി ചോദിക്കുന്നതെന്നു വലിയ ക്ഷമാപണത്തോടെയുള്ള എന്റെ സംസാരം കേട്ട് നിത മാറി നിന്ന ചിരിച്ച ചിരി..ഓർമ്മയിൽ ഒളിമങ്ങാതെയുണ്ട്.
വാനിൽ..വീണു കിടക്കുകയായിരുന്നു...മോതിരമെന്ന്
പറഞ്ഞു...ആ കുട്ടി എനിക്കത് മടക്കി തന്നു.
നിതയെ കുറിച്ചു ഞാൻ സൂക്ഷിക്കുന്ന ഏറ്റവും ചേതോഹരമായ ഓർമ്മയും ഇതു തന്നെയാണ്.

“നിത ആന്റണി  പാസ്ഡ് എവയ്”
ഫേസ് ബുക്കിൽ വന്നു കിടക്കുന്ന സന്ദേശം പെയ്യാനോങ്ങി നിൽക്കുന്ന ഒരു ആകാശം പോലെ...!!! ഹ്രിദയത്തിന്റെ അടിത്തടിയിൽ നിന്നും പതഞ്ഞു പൊന്തി വരുന്ന നിലവിളി പോലെ !!!
ഒരു ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുമെന്ന് ഞാൻ കരുതിയ പെൺകുട്ടി....രണ്ട് കുഞ്ഞൂങ്ങളെ നെഞ്ചോട് ചേർത്തു വെച്ചു.....കനത്ത തിരകളോരോന്നും വിജയിയായി നീന്തി കടക്കുമെന്നു....പ്രത്യാശിച്ച
....സഹപാഠി....അവൾക്ക് സത്യത്തിലെന്താണ് പറ്റിയത്?
അസുഖമായിരുന്നുവെന്നു..കേട്ടു.

പക്ഷെ...ഈ അസുഖത്തിന് വിധിക്കു എന്തു ന്യായീകരണമാണ് പറയാനുള്ളത്...?

അനാഥത്വത്തിൽ മുങ്ങി പോയ കുഞ്ഞുങ്ങളുടെ...അമ്പരന്ന കണ്ണുകൾക്ക്....
മക്കളെ തനിച്ചാക്കി അകന്നു പോകുന്ന ആ അമ്മ മനസ്സ് തിന്ന തീജ്വാലകൾക്ക്....എന്താണ് മറുപടി?
 

 ഇന്നലെ പഴയ പുസ്തകങ്ങളുടെ ഇടയിൽ നിന്നും ഓർമ്മകളുടെ ഓട്ടോഗ്രാഫ് കണ്ടെടുത്തു. നിറം മങ്ങിയ...ഏടുകൾക്കും....അക്ഷരങ്ങൾക്കുമിടയിൽ സ്നേഹത്തോടെ ഒരു പെൺകുട്ടി കുറിച്ചിട്ട വരികളും.

 “മായക്കുട്ടിക്ക്...“ എന്നാണ് അവളെന്നെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഊഷ്മളമായ ആ വിളി നെഞ്ചിലെവിടെയൊ കൊളുത്തി വലിച്ചു.
സ്നേഹാക്ഷരങ്ങൾ നിത  അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

“ഒരു  വലിയ കഥാകാരിയാണെന്നൊക്കെ കേട്ടിട്ടുണ്ട്.  പക്ഷെ കഥകളൊന്നും വായിക്കാൻ ഇതു വരെ അവസരം കിട്ടിയില്ല. എന്നാലും ഞാൻ disappointed ആകുന്നില്ല. കാരണം ഭാവിയിൽ എത്ര വായിക്കാൻ കിടക്കുന്നുവെന്ന് ആർക്കറിയാം? . "pen is mightier than sword ' എന്ന വാക്യം അന്വർത്ഥമാക്കാൻ എന്റെ കൂട്ടുക്കാരിക്ക് കഴിയട്ടെ. പടികൾ ചവിട്ടി കയറുമ്പോൾ ക്ഷീണിതയായി പിന്നിട്ട കാലങ്ങൾ ഓർക്കുകയാണെങ്കിൽ , ഈ കൂട്ടുക്കാരിയെ കൂടി ഓർക്കണം ട്ടൊ. ജീവിതത്തിനു വേണ്ടി എല്ല ഭാവുകങ്ങളും നേർന്നു കൊണ്ട്..ഒരുപാട് ഇഷ്ട്ടത്തോടെ.....നീതു.”

പിന്നീട് ഞാനെഴുതിയതു എന്തെങ്കിലും നിത വായിച്ചുവോ? അറിയില്ല.
പക്ഷെ ഇനി എഴുതുന്നതൊന്നും നിത വായിക്കുകയില്ല.
എങ്കിലും നിതയെ കുറിച്ചു...രണ്ടു വരി കുറിച്ചു വെക്കതെ വയ്യ.........നിത പറഞ്ഞത് പോലെ......വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും നിതയെ ഞാനോർക്കുന്നുവെന്നു അറിയിക്കാൻ.
നിത എന്റെ ഏറ്റവും അടുത്ത സ്നേഹിതയായിരുന്നില്ലെങ്കിലും....നിതയെ ഞാൻ ഗാഡമായി അറിഞ്ഞിട്ടില്ലെങ്കിലും....നിതയെ എനിക്ക് ഇഷ്ട്ടമായിരുന്നല്ലൊ.



വെളുത്ത സാരിയും ശിരോവസ്ത്രവുമണിഞ്ഞ് വധുവായി അവൾ ഒരുങ്ങി നിന്നതെങ്ങനെയെന്ന് എനിക്കറിയില്ല. മാത്രിത്വത്തിന്റെ മേദുരതയിൽ അവൾ തെളിഞ്ഞിരുന്നത് എങ്ങനെയെന്നെനിക്കറിയില്ല. ഒടുവിൽ സങ്കടക്കണ്ണുകൾ പൂട്ടി അവൾ ഉറങ്ങാൻ കിടന്നത്..എങ്ങനെയെന്നും എനിക്കറിയില്ല.
എങ്കിലും കണ്ണുകളടയ്ക്കുമ്പോൾ  നിതയെന്ന പെൺകുട്ടി ഒലീവിന്റെ നിറമുള്ള കുപ്പായത്തിൽ മുന്നിൽ വന്നു നിന്നു ചിരിക്കുന്നു.


5 comments:

  1. ആദരാഞ്ജലികള്‍... :(

    ReplyDelete
  2. വെളുത്ത സാരിയും ശിരോവസ്ത്രവുമണിഞ്ഞ് വധുവായി അവൾ ഒരുങ്ങി നിന്നതെങ്ങനെയെന്ന് എനിക്കറിയില്ല. മാത്രിത്വത്തിന്റെ മേദുരതയിൽ അവൾ തെളിഞ്ഞിരുന്നത് എങ്ങനെയെന്നെനിക്കറിയില്ല. ഒടുവിൽ സങ്കടക്കണ്ണുകൾ പൂട്ടി അവൾ ഉറങ്ങാൻ കിടന്നത്..എങ്ങനെയെന്നും എനിക്കറിയില്ല.
    എങ്കിലും കണ്ണുകളടയ്ക്കുമ്പോൾ നിതയെന്ന പെൺകുട്ടി ഒലീവിന്റെ നിറമുള്ള കുപ്പായത്തിൽ മുന്നിൽ വന്നു നിന്നു ചിരിക്കുന്നു.

    ReplyDelete
  3. ആ കുഞ്ഞുങ്ങളും സങ്കടക്കണ്ണും പൂട്ടിയുറങ്ങുന്ന നിതയും... മായാ, സങ്കടപ്പെടുത്തിയല്ലോ ഈ കുറിപ്പ് ...

    ReplyDelete
  4. എനിയ്ക്കറിയില്ല കുട്ടി എന്താ പറയുക എന്ന്.ഈ ദിവസങ്ങളത്രയും മൌനത്തിന്റെ വാല്മീകത്തിൽ സമാധിയിലായിരുന്നു മനസ്സ്. ആരോടും മിണ്ടാനും ആരെയും കാണാനും തോന്നുന്നില്ല. അകാലത്തിൽ നക്ഷത്രമായി വാനിൽ തിളങ്ങുന്നുണ്ടാവും അല്ലേ നക്ഷത്രക്കണ്ണുകളുള്ള നിത. ഈശ്വരൻ ദുരിതങ്ങൾക്ക് മീതെ വീണ്ടും ദുരിതം വിതയ്ക്കുന്നതെന്തിനു? അങ്ങനെ വിതച്ചു അവൻ കൊയ്യുന്ന വിളയെന്തായിരിയ്ക്കും മായാ?

    മനസ്സു ചോദിച്ച ഒരുപാടു ചോദ്യങ്ങളിൽ എന്നെ വല്ലാതെ കുഴയ്പ്പിക്കുന്ന ഒരു ചോദ്യമുണ്ട്. നിതയുടെ പെണ്‍കുഞ്ഞുങ്ങൾ. അച്ഛൻ ആഗ്രഹിച്ച പോലെ രാജകുമാരികളായി ഞാൻ നിങ്ങളെ വളർത്തുമെന്ന് കാതിൽ ചൊല്ലിയ അമ്മയും പോയി മാലാഖക്കൂട്ടത്തിലേയ്ക്ക് എന്ന് പിഞ്ചുമനസ്സുകൾ വേദനിക്കുന്നുണ്ടാവില്ല്യെ.... ഇനി ആരാവും അവർക്കൊപ്പം? ബന്ധുക്കൾ!!!!!! അവരുടെ സുരക്ഷ! എന്നെ വല്ലാതെ നീറ്റുന്നു. നിതയുടെ ഭർത്താവ് മരിച്ചപ്പോൾ ഞാൻ പോസ്റ്റ്‌ ചെയ്തതാണ് താഴെയുള്ള ബ്ലോഗ്‌ ലിങ്ക്.

    http://www.aksharapakarchakal.blogspot.ae/2009/11/11.html


    എനിയ്ക്കും വളരെ അടുത്ത പരിചയമില്ല നിതയെന്ന കൂട്ടുകാരിയെ. ഞങ്ങൾ കൈകോർത്തു കോളേജ് വരാന്തയിൽ നടന്നില്ല .. പക്ഷെ ഞാൻ നടന്ന കലാലയ വീഥിയിൽ ഞങ്ങൾ പുഞ്ചിരി കൈമാറിയിട്ടുണ്ട്.... സൌഹൃദ സ്നേഹം കണ്ണുകളിൽ തിരിച്ചറിഞ്ഞിട്ടുണ്ട് ,.......അത്ഭുതം നിറച്ച മുന്തിരിചെപ്പുകൾ പോലുള്ള നിതയുടെ കണ്ണുകൾ ..... ഇരുന്ന ക്ലാസ്സ്‌ മുറിയിൽ ആ ശ്വാസത്തെ വേർതിരിച്ചു കേൾക്കാനാവുമോ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഞാൻ ...... മായ എഴുതിയ പോലെ വല്ലാത്തൊരു ധൈര്യം... ധൈര്യമെന്നാണോ ആത്മവിശ്വാസമെന്നാണോ പറയേണ്ടത് എന്ന് ഉറപ്പില്ല .... നിതയുടെ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്നത് ഞാൻ ഓര്ക്കുന്നു..... ഈശ്വരൻ അളവറ്റു നിതയ്ക്ക് കൊടുത്ത ധൈര്യത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു... അവസാന പരീക്ഷയും ഇതാ കഴിഞ്ഞിരിയ്ക്കുന്നു .... അവൻ ജയിച്ചു!! ചതിക്കളി!!! നടക്കട്ടെ!

    ജീവിതച്ചുഴികളിൽ നട്ടം തിരിയവേ നാം തമ്മിൽ ഒരു കണ്ടുമുട്ടലിന് നമ്മെ പടച്ചവൻ വഴിയൊരുക്കിയില്ല.... എങ്കിലും പ്രിയ സഖീ നിതാ, നിന്റെ വേദനകൾ അറിഞ്ഞ നാൾ മുതൽ എന്റെ പ്രാർത്ഥനകളിൽ നീയുണ്ടായിരുന്നു. നേരിൽ പറയാൻ സാധിച്ചിട്ടില്ലെങ്കിലും ഇപ്പോൾ നീ അറിയുക .... എനിയ്ക്കും പ്രിയമുള്ളവൾ നീ... നക്ഷത്രങ്ങൾക്കൊപ്പം ഞാൻ നിന്നെ കാണുന്നു .... വേദനിയ്ക്കുന്ന അമ്മ മനം അറിയുന്നു .... നിന്റെ തീരാ വേദന അനുഭവിയ്ക്കുന്നു .... നിന്റെ ആത്മാവിനായി പ്രാർത്ഥിയ്ക്കുന്നു.

    ReplyDelete
  5. Maya.....innanu njan ithu vayichathu....karayippichu ninde ezhuthum nithayum enne....ithu pole njan ennumorkkunna nammale vittakanna oru kootukaariyaanu botanyill undaayirunna basani....ende degree 1st yearle oru nombaramaanu aval....ennum asukhakkaariyaayirunna basanikku enne orupaadishtamaayirunnu ennu enikkariyaam...pakshe collegeile thamshakalum kusruthikalum niranja aa chuttupaadil ennum asukhakariyaayirunna ende basaniye enikku kooduthal shradhikkathikkaan kazhinjirunnilla ....athu njan manassilaakiyathu nammal degree kazhinju avdam vittathodeyaanu....kore varshangalkku shesham njan kettu....basani shwasakosha sambandhamaaya endooo asukham karanam nammale vittu poyennu.....innu moru neerunna ormmayaayi basani unduu ennum ende manassil...iniyoru janmamundengll enikku snehikkanam aa kootukaariye....enne ennum sahayikkaan munnittu ninna ende basani....njan orikkalum avalaagrahicha pole avalde koode samayam chelavittittillaa...athende ennumulla oru dukhamaayi manassilundaavum....enikku nithaye ormmayillaa....pakshe eppozhokkeyooo njanum kandu kaanum nithaye....nnjurukunna vedanayilekku nithayum koodi....nithaa prartikkunnu...ninde aatma shaathikkayi....ninde makkalkku thanal aayi koodeyundaavan eeshwaranodum....

    ReplyDelete