October 01, 2021

അഞ്ചുപെണ്ണുങ്ങൾ ..അഞ്ചമ്മായിമാർ ( 2)

                                           നാത്തൂന്മാരല്ല…. അനിയത്തിമാർ Maya Banerji

അംബികാൻ്റി

അംബികാൻ്റിയുമായുള്ള അമ്മയുടെ ബന്ധം കൂടുതൽ ഊഷ്മളവും സൗഹാർദ്ദപരവുമാണ്. അമ്മയുടെ കുഞ്ഞേട്ടൻ്റെ ഭാര്യയാകും മുന്നെ, ഗുരുവായൂരിലെ ലിറ്റിൽ ഫ്ലവർ കോളേജിലെ ചങ്ങാതിമാരായിരുന്നു അമ്മയും അംബികാൻ്റിയും. രണ്ടു പേരും ഏങ്ങണ്ടിയൂർക്കാരും. വിവാഹശേഷം, ഭർത്താവുമൊത്ത് നാടു വിടുന്നതിന് മുൻപ്,തൻ്റെ  ബി എസ് സി പൂർത്തിയാക്കാൻ കുറച്ചു കാലം അംബികാൻ്റി അമ്മയുടെ വീട്ടിൽ തങ്ങിയിരുന്നു. ആ കാലം  കൂട്ടുകാർ രണ്ടു പേരും ശരിക്കും ആഘോഷമാക്കിയിരുന്നു. കളികൾ, ചിരികൾ, കുറുമ്പുകൾ,രഹസ്യകൈമാറ്റങ്ങൾ, ഉറങ്ങാതെ വർത്തമാനം പറഞ്ഞു കിടന്ന്, അമ്മാമ്മയുടെ ക്ഷമപരീക്ഷിച്ച രാത്രികൾ എല്ലാം അംബികാൻ്റി ഇന്നും അത്രമേൽ സ്നേഹവായ്പോടെ ഓർത്തെടുക്കുന്നു. “കുഞ്ഞേട്ടൻ്റെ പ്രഷ്യസ് സിസ്റ്റർ’ തനിക്ക് കൂട്ടുകാരിയും സഹോദരിയും  നാത്തൂനും, കാവൽ മാലാഖയുമൊക്കെയായിരുന്നു എന്ന് അംബികാൻ്റി പറയുന്നു.

എന്നാൽ,  കുറെയേറെ വർഷങ്ങൾ  ഇംഗ്ലണ്ടിൽ നിന്നും അമ്മയെ തേടി വരുന്ന നനുത്ത അക്ഷരങ്ങളും ചിലപ്പോൾ  അവയ്ക്കൊപ്പമെത്തുന്ന ചില ഫോട്ടോകളുമായിരുന്നു  ഞങ്ങൾക്ക് അംബികാൻ്റി. ബോംബയിൽ നിന്നും വല്ല്യമ്മായിയും അമ്മയ്ക്ക് എഴുതും. ഏട്ടന്മാരല്ല...ഈ നാത്തൂന്മാരാണ് അമ്മയോട്  നിരന്തരം എഴുത്തുകളിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് എന്നോർക്കുമ്പോൾ  ഇന്നെനിക്ക് കൗതുകകരമായി തോന്നുന്നു. വളരെ അപൂർവമായി മാത്രമേ അംബികാൻ്റിയും കുടുംബവും നാട്ടിൽ വന്നിരുന്നുള്ളു.  വന്നു കയറുമ്പോൾ തന്നെ വീടിനെ പൊട്ടിച്ചിരിയുടെ അലകൾ കൊണ്ട് തട്ടിയുണർത്തുന്ന, മഴവെളളം പോലെ  വർത്തമാനം  ഉതിർക്കുന്ന, ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ വളച്ച് ”ഒരു കുടം കുളിരും ഒരു കുടം തേനും”  പാടുന്ന, കെട്ടിപ്പിടുത്തങ്ങളുടെ പഞ്ചാര ഉമ്മകളുടെ രാജ്‌ഞിയായാണ് ഞാനെന്ന കുട്ടി അന്നത്തെ അംബികാൻ്റിയെ ഓർത്തെടുകുക. “ഏത് സബ്ജക്റ്റാണ് മായമോൾക്ക് ഏറ്റവും ഇഷ്ടം?” അംബികാൻ്റി ഓമനിച്ചു ചോദിക്കുന്നു. ‘സയൻസ്’ കുഞ്ഞു ഞാൻ കൊഞ്ചി മൊഴിയുന്നു. “ഹാ അംബികാൻ്ൻ്റീടെ ഫ്രെൻഡാണല്ലോ. ആൻ്റിക്കും സയൻസാണിഷ്ടം” എന്നൊരു കെട്ടിപ്പിടുത്തത്തിൽ ഞാൻ അലിയുന്നു. 

അച്ഛയും  മാമ്മനും അംബികാൻ്റിയും ദുബായ് എയർപോർട്ടിൽ

അംബികാൻ്റിയുടെ, ഇംഗ്ലീഷ് മാത്രം പറയുന്ന സായ്പ്പുകുട്ടി കുഞ്ചു ചേട്ടനെ ഞങ്ങൾക്ക് പേടിയായിരുന്നു. ഓടിത്തൊട്ടു കളിക്കുമ്പോൾ ഒരു അപ്പൂപ്പന്‍താടി കണക്കെ പാറി പോകുന്ന നൂലുപോൽ നേർത്തൊരെന്നെ കരുത്തനായ കുഞ്ചു ചേട്ടൻ ഒരു പിടിപിടിച്ചാൽ എല്ല് നുറുങ്ങി പൊടിഞ്ഞു പോകുമെന്ന് തോന്നും. വൈകില്ല. പരാതി അംബികാൻ്റിയുടെ മുൻപിൽ എത്തിക്കാൻ. കുഞ്ചുച്ചേട്ടനെ പാഠപുസ്തകങ്ങൾ കയ്യിൽ കൊടുത്ത് ഒരു മൂലയ്ക്കിരുത്തും അംബികാൻ്റി.

പ്രതിഭാധനനായ സംവിധായകൻ രാമുകാര്യാട്ടിൻ്റെയും നടൻ ദേവൻ്റേയുമൊക്കെ അടുത്ത ബന്ധുവാണ്  അംബികാൻ്റി. പണ്ടു യുവകോമളനായ ദേവനെ സ്ക്രീനിൽ കാണുമ്പോഴെല്ലാം അമ്മ സന്തോഷത്തോടെ പറയും.


“ നമ്മുടെ അംബികാൻ്റിയുടെ കസിനാണ് …” . അമ്മ , ചേച്ചിയെ  പ്രസവിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ദേവൻ അപ്രതീക്ഷിതമായി മുറിയിൽ വന്നു കുഞ്ഞിനെ കണ്ട ഒരു കഥയും അമ്മയ്ക്ക് പറയാനുണ്ടാകും.

പിന്നെ ഏറെ കാലം അംബികാൻ്റി നാട്ടിൽ തീരെ വരാതെയായി. കാലങ്ങൾക്കിപ്പുറം, പെണ്മണികളായ ഞങ്ങളുടെ 'കുഞ്ചാക്കോബോബൻ ക്രഷ്’ അന്നത്തെ ഈ-മെയിൽ-ഫോൺ സംഭാഷണങ്ങളിലെപ്പോഴോ വീണു കിട്ടിയത് ഓർത്ത് വെച്ച്, വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ  ഞങ്ങൾക്കായി  ചാക്കോച്ചൻ്റെ ഓട്ടൊഗ്രാഫ് കൊണ്ടു വന്നു തന്ന് ഞെട്ടിച്ച  രസികത്തിയാണ് അംബികാൻ്റി. പക്ഷെ അപ്പോഴേക്കും കൗമാരകുതൂഹലതകളൊക്കെ വിട്ട് ഞങ്ങൾ കുടുംബിനികളായി കഴിഞ്ഞിരുന്നു. 

പ്രിയപാതി നഷ്ട്ടപ്പെട്ട, ജോലിയിൽ നിന്നും വിരമിച്ച , കാലം തൻ്റെ പരുക്കൻ വിരലുകൾ കൊണ്ട് സ്പർശിച്ച, ഏകാകിനിയായ ഇന്നത്തെ അംബികാൻ്റിയിൽ  മായാതെ മറയാതെ ഇന്നും ആ പഴയ പൊട്ടിച്ചിരിയുണ്ട്. മഴകിലുക്കം പോലത്തെ വർത്തമാനവുമുണ്ട്. ജിവിതത്തിൽ തനിച്ചായതിന് ശേഷമാണ് അംബികാൻ്റി നാട്ടിൽ ഒരു വീടു വെക്കുന്നതും കൈവിടവിലൂടെ ജലധാരപോലെ ചോർന്നു പോയ എത്രയോ വർഷങ്ങളുടെ  നഷ്ടങ്ങൾ തിരിച്ചു പിടിക്കുന്നതും നാടുമായും ബന്ധങ്ങളുമായും അറ്റുപോയ കണ്ണികൾ ഉരുക്കിയിണക്കി ചേർക്കുന്നതും. ഇപ്പോൾ സ്വന്തം മണ്ണിലേക്കാഴ്ന്നിറങ്ങിയ  വേരുകളിൽ  നിന്നും

ഇംഗ്ലണ്ടിലെ മക്കളിലേക്കും സൗഹൃദങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രകളാണ് അംബികാൻ്റി.






താരാൻ്റി



അമ്മയുടെ നാലാമത്തെ നാത്തൂൻ താരാൻ്റിയും മണപ്പുറത്തെ ഒരു കടലോരഗ്രാമത്തിൽ നിന്നാണ്. ഇറാനിലും കുവൈറ്റിലും ജോലിക്ക് പോയൊരാളായിരുന്നു താരൻ്റിയുടെ അച്ഛൻ.  കന്യാസ്ത്രീകളുടെ ബോർഡിങ് സ്ക്കൂളിൽ നിന്നാണ് താരൻ്റി പഠിച്ചത്.  അമ്പതുകളിൽ തീരെ പതിവില്ലാത്ത ‘രണ്ടു കുട്ടി’കളുടെ കുഞ്ഞു കുടുംബത്തിലാണ് വളർന്നത്.

താരൻ്റിയുടെ കുഞ്ഞേട്ടൻ ഡോക്ട്ടറായെങ്കിലും താരൻ്റി ഇളം പ്രായത്തിലെ വിവാഹജിവിതത്തിലേക്ക് കാലെടുത്തു വെച്ചു.
താരൻ്റി തൻ്റെ കടിഞ്ഞൂൽ സന്തതിയെ  പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ വെച്ചാണ് എൻ്റെ അച്ഛനും അമ്മയും ആദ്യമായി കണ്ടുമുട്ടുന്നത്. അമ്മയെ പെണ്ണു കാണാൻ അച്ഛൻ അവിടേക്കാണ് ചെന്നത്. അക്കാലത്തെ പ്രസവിച്ചു കിടക്കുന്ന പെണ്ണുൾക്കുള്ള നിയമാവലിയൊക്കെ കാറ്റിൽ പറത്തി താരൻ്റി അമ്മയുടെ കല്ല്യാണത്തിന് പങ്കെടുത്തു എന്നു മാത്രമല്ല പാൽക്കുഞ്ഞിനെ അമ്മാമ്മയെ ഏൽപ്പിച്ച് അച്ഛയുടെ  തറവാട്ടിലേക്ക് ചെക്കനേയും പെണ്ണിനേയും കൂട്ടികൊണ്ടു വരുന്ന ചടങ്ങിനും പോയി. “ബായ് ചേച്ചിയോട് എനിക്കങ്ങനെ ഒരു  അടുപ്പം ഉണ്ടായിരുന്നു” എന്നു പറയും താരാൻ്റി.   

കോമളമ്മായിയും താരാൻ്റിയും അമ്മാമ്മയോടൊപ്പം




അറബിനാട്ടിലെ ഞങ്ങളുടെ തളിർപ്രായത്തിന്  സാക്ഷിയായിയും  താരൻ്റിയുണ്ടായിരുന്നു. വീക്ക് എൻഡ് ഗെറ്റ് ടുഗതറുകളിലും ബർത്ഡേ പാർട്ടികളിലും അമ്മയുടെ സാരിവാലിലൊളിക്കുന്ന ഉണ്ണിമായക്ക് സമാനയായി  ആ ആൾക്കൂട്ടത്തിൽ ഒരാളെ ഉണ്ടായിരുന്നുള്ളു.  ബഹളങ്ങളിൽ നിന്നും കാമറക്കണ്ണുകളിൽ നിന്നും ഒളിച്ചും ഒതുങ്ങിയും നടക്കുന്ന താരാൻ്റി. കണ്ണെഴുതാത്ത, പൊട്ടുക്കുത്താത്ത, ഇത്തിരിയുള്ള ചുരുണ്ട മുടി ഒതുക്കികെട്ടുന്ന താരൻ്റിക്ക്, ചിരിക്കുമ്പോൾ വെളുവെളുത്ത മുഖത്തേക്ക് ഇരമ്പിക്കയറുന്ന ചുവപ്പ് രാശിയാണ് അഴക്.
എൻ്റെയും ചേച്ചിയുടെയും കൗമാരങ്ങൾ ഏറ്റവും വിരുന്നു പാർക്കാൻ പോയത് താരാൻ്റിയുടെ അടുത്തായിരുന്നു. താരാൻ്റിയുടെ മകൾ സ്ക്കൂളിലും കോളേജിലും ചേച്ചിയുടെ സതീർഥ്യയും സമപ്രായക്കാരിയുമായതാണ്  അതിന് കാരണം.  അക്കാലത്ത് നാട്ടിലെ ഒരു പതിവു ഗൾഫ് വീട്ടമ്മയാണ് താരൻ്റി. ഭർത്താവിൻ്റെ അസന്നിദ്ധ്യത്തിൽ   വീടുപണി നടത്തി, അവിടെ താമസമാക്കി മക്കളെ നയിച്ചും വീട്ടുകാര്യങ്ങൾ നോക്കിയും  സാമ്പത്തിക
ക്രയവിക്രയങ്ങൾ നടത്തിയും  തനിച്ച് കുടുംബം നോക്കുന്ന കാലം. കൂട്ടിന്  താരൻ്റായുടെ അമ്മയുണ്ട്. ഉയരം തീരെയില്ലാത്ത,ചുമചുമാന്നിരിക്കുന്ന ആ അമ്മാമ്മയെ കണ്ടാൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പെങ്ങളാണെന്ന് തോന്നും.  രണ്ടു മക്കളും വിവാഹിതരായി, മാമ്മൻ വിരമിച്ച് നാട്ടിലെത്തുന്നതു വരെ അതങ്ങനെയായിരുന്നു.  പൊതുവെ ലജ്ജാശീലയും സ്വന്തം സ്വസ്ഥയിടത്തിൽ ഒതുങ്ങുന്നൊരാണാണെങ്കിലും  താരൻ്റി വലിയ ഉൽക്കർഷേച്ഛയുള്ള ഒരാളായിരുന്നു. തൻ്റെ കുടുംബത്തെ ഭൗതിക ഉയർച്ചയിലെത്തിക്കാൻ  ആഗ്രഹിക്കുകയും പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നു.  
മാമനും താരാൻ്റിയും മകളും

കുഞ്ഞുങ്ങളോട്  കൂട്ടുകൂടാനൊന്നും  അറിയുന്നൊരാളല്ല താരാൻ്റി. രുചികരമായ ഭക്ഷ്ണത്തിലൂടെയാണ് താരൻ്റി മക്കൾക്കായാലും ഞങ്ങൾക്കായാലും സ്നേഹം വിളമ്പിയിരുന്നത്. ഞങ്ങളുടെ അമ്മ എല്ലാതര കറികളും  ഞങ്ങളെ കൊണ്ട് നിർബന്ധമായി കഴിപ്പിക്കുമ്പോൾ താരാന്റി മേശ മുഴുവൻ വിഭവങ്ങൾ നിരത്തിയാലും മക്കൾക്ക്  പ്രിയപ്പെട്ട കുത്തിക്കാച്ചിയ പരിപ്പും വറുത്ത കുഞ്ഞുചെമീനും  അക്കൂട്ടത്തിൽ പതിവായി പാകം ചെയ്തു. അമ്മ ഞങ്ങളെ വീട്ടു ജോലികളിൽ പങ്കെടുപ്പിക്കുകയും ഓരോന്നായി പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ താരൻ്റി മക്കളെ വെറുതെ വിട്ടിരുന്നതും എനിക്ക് അത്ഭുതമായിരുന്നു. താരാൻ്റി തൻ്റെ ഇളയച്ഛന്മാരെ കുഞ്ചന്മാരെന്ന് വിളിച്ചിരുന്നത് അതിലേറേ  കൗതുകമുണ്ടാക്കിയിരുന്നു.  ‘നുണക്കുഴി കവിളിൽ നഖചിത്രമെഴുതും താരേ” എന്ന് ജയചന്ദ്രൻ പാടുന്നത് താരാൻ്റിയെ കുറിച്ചണെന്ന് ഞാൻ വിചാരിച്ചിരുന്നു. മാമ്മൻ , യൗവ്വന കാലത്ത് , അവരുടെ സ്വകാര്യനിമിഷങ്ങളിൽ അങ്ങനെയൊക്കെ പാടിയിട്ടുണ്ടാകാമെന്ന് ഞാൻ വെറുതെ ചിന്തിച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞുപ്രായത്തിൽ ,  മക്കളെ സ്ക്കൂളിൽ വിട്ട് താരൻ്റി തൻ്റെ അമ്മയോടൊപ്പം മാറ്റിനി കാണാനും നാടകം കാണാനും ആവേശപൂർവ്വം പോയിരുന്നതും രസകരമായി തോന്നിയിരുന്നു.   മാമൻ നാട്ടിൽ  മടങ്ങിയെത്തിയതോടെ ഞങ്ങളുടെ വീട്ടിലെ പതിവു സന്ദർശകരായി അവർ രണ്ടുപേരും. താരൻ്റിയുടെ പക്കൽ എന്തു ജിവിതരഹസ്യവും സുഭദ്രമാണെന്ന് അമ്മ വിശ്വസിച്ചിരുന്നു. അമ്മയുടെ അവസാന കാലത്തെ ആരോഗ്യപരവും വ്യക്തിഗതവുമായ സങ്കടങ്ങൾ സാഹചര്യവശാൽ പങ്കു വെച്ചിരുന്നതും ഈ നാത്തൂനോടാണ്.  
  ആധുനിക സുഖസൗകര്യങ്ങളുടെ വീട്ടിൽ  എന്നും അതിരാവിലെ ഉണർന്ന്, കുളിച്ച് , കുഞ്ഞുപൂക്കൾ വിതറിയിട്ട നൈലോൺ സാരി വാരിച്ചുറ്റി ചുറുചുറുക്കോടെ   ഓടി നടന്ന് ഓരോരോ  പണികൾ ചെയ്യുന്ന   താരാൻ്റിക്ക് ഒരു നിമിഷം സ്വസ്ഥമായിരിക്കാൻ ആവില്ലെന്നു തോന്നും. എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചു പോകാനുള്ള തിരക്കാണ്.  മനസ്സിൻ്റെ ചിറകുകൾ ഒന്നൊതുക്കി ശന്തമാകാൻ   വയ്യാത്ത അക്ഷമയാണ്. മൃദു ശബ്ദവും, മുഖംചുമപ്പിച്ച മധുരമായ ചിരിയും, കിളിപേശൽ പോലത്തെ നിർത്താത്ത സംസാരവും , എന്തിനും ഏതിനും  പരിഭ്രമവും സൽക്കാര പ്രിയതയും, ചെമ്മീൻ വടയുടെ അതി രുചിയും, വെള്ളരിക്കാ സൂപ്പു കറിയും , തണുത്തണുത്ത ഫ്രൂട് ജ്യൂസും, പൂളി വെച്ച ഫലങ്ങളും,  കാമറക്ക് മുഖം കൊടുക്കാനുള്ള മടിയും   ആണ് താരാൻ്റി. തൻ്റെ അന്തമില്ലാത്ത പേടികളോടും ആധികളോടും തുടരെ പൊരുതിയാണെങ്കിലും  സ്വന്തം ഇടത്തിൽ ശിഷ്ടജീവിതം  , മക്കളെ ആശ്രയിക്കാതെ ഒറ്റക്ക് താണ്ടാനുള്ള ദൃഢ നിശ്ചയം കൂടിയാണിന്ന് താരാൻ്റി.   



ഉമാൻ്റി

കോവിഡിന് മുമ്പ് നാട്ടിൽ പോയപ്പോൾ ഉമാൻ്റി ശരിക്കും ക്ഷീണിതയായി കഴിഞ്ഞിരുന്നു. രോഗം ഉമാൻ്റിയിൽ നിന്നും ഊർജ്ജമത്രയും ഊറ്റിയെടുത്തിരുന്നു. എന്താ തരാ മായക്കുട്ടിക്കെന്ന് , കുഞ്ഞാവക്കെന്ന്  പതിവു ആധികളുമായി അടുക്കളയിലേക്കോടാനോ ഒരോന്നായിൽ പ്ലേറ്റിൽ നിരത്താനോ വയ്യാതെ ഉമാൻ്റി ഡൈനിങ് മുറിയിലിരുന്ന് എല്ലാം ദേ മേശപ്പുറത്തുണ്ട്,എന്താ വേണ്ടതെന്ന് വെച്ചാൽ എടുത്ത് കഴിക്കൂ എന്ന് നിറഞ്ഞു ചിരിച്ചു. അതെ ഉമാൻ്റിയെന്നാൽ ആ മുഖം നിറഞ്ഞ ‘ഹൈ വോൾട്ടേജ് ‘  ചിരിയാണ്. കൊഞ്ചിക്കലാണ്.

പിന്നെ ഞങ്ങൾ ഒരു കൊച്ചു ‘കസിൻ മീറ്റിനു’ ശേഷം അവിടെ കയറി ചെല്ലുമ്പോൾ , ഹാ വന്നല്ലോ സുന്ദരിമാർ…!” , സുന്ദരി നമ്പർ വൺ, സുന്ദരി നമ്പർ ടൂ, സുന്ദരി നമ്പർ ത്രീ എന്നിങ്ങനെ ഓരോരുത്തരായി അകത്തേക്ക് പ്രവേശിക്കുമ്പോൾ അവശതയെല്ലാം മറന്ന് ഉമാൻ്റി പുഞ്ചിരിയോടെ വിളിച്ചു പറഞ്ഞു. അന്നാണ് ഉമാൻ്റിയെ അവസാനമായി കണ്ടത്. യൗവ്വനത്തിൻ്റെ നിറവിൽ നമ്മൾ കണ്ടിട്ടുള്ള പ്രിയമുള്ളവരെ പ്രായത്താൽ ചുളുങ്ങിയും വളഞ്ഞുമൊക്കെ കാണുമ്പോൾ തന്നെ ഉള്ളിൽ എവിടെയോ  കാച്ചി വെച്ച ബാല്യമെന്ന നറും പാൽ  തട്ടിത്തൂവി പോകുന്നതായി തോന്നും. അപ്പോൾ അവരെ രോഗാതുരരായി കൂടി കാണൂന്നതോ എത്ര ഹൃദയ ഭേദകം!

  
ഉമാൻ്റി മകനോടൊപ്പം 

അതെ , ഉമാൻ്റി ഞാനെന്ന കുട്ടിയുടെ കണ്ണിൽ ചെറുപ്പക്കാരിയായിരുന്നു. താരൻ്റിയേക്കാൾ പ്രായക്കൂടുതൽ ഉണ്ടായിട്ടും. കാരണം ഉമാൻ്റി ഏറ്റവും ഇളയ മാമ്മൻ്റെ ഭാര്യയാണ്. ഉമാൻ്റിക്ക് മാത്രമാണ് എന്നേക്കാൾ ചെറിയ കുട്ടികൾ. ഉമാൻ്റി അമ്മുവിനെ പ്രസവിച്ചു കിടക്കുന്നത് , പടിഞ്ഞാ പ്പുറത്തെ ഇറയത്തിരുന്ന് ജോൺസൺ ബേബി സോപ്പ് പതപ്പിച്ച  കുളിപ്പിക്കുന്നത് ഒക്കെ എൻ്റെ ഓർമ്മയിലുണ്ട്.


അന്നത്തെ ഉമാൻ്റി എൻ്റെ അമ്മയെ പോലല്ല. പുരികം പറിച്ച്  ഭംഗിയാക്കും. കൈനഖങ്ങൾക്ക് ചായം കൊടുക്കും. എപ്പോഴൊ ബോംബേക്കാരനായ ഭർത്താവിൻ്റെ ആഗ്രഹത്തിൽ ചുരുണ്ട മുടി ചുരുക്കി മുറിച്ചും കണ്ടു. കൈ നിറയെ സ്വർണ്ണ വളകൾ അണിയും. കടും നിറമുള്ള നൈലോൺ സാരികൾ  ചുറ്റും. ചെറിയ ഹീലുള്ള ചെരുപ്പുകളുമിടും. കൂടുതൽ സ്വർണ്ണാഭരണങ്ങൾ അണിയുന്നത് തനിക്ക് നാണക്കേടാണെന്ന് അമ്മ പറയുമ്പോൾ എന്താ ബായ്ചേച്ചി പറയണേ….ഞങ്ങൾക്കൊക്കെ അതൊരു അഭിമാനാണ്” എന്ന് ചിരിക്കുന്ന ഉമാൻ്റി. വിദ്യാസമ്പന്നയും ഉദ്യോഗ്സ്ഥയും മധുരഭാഷിണിയും കൂടുതൽ പരിഷ്കൃത  ലോകത്ത് ഇടപെടുന്ന ഇളംതലമുറക്കാരിയാണെങ്കിലും   കോമളമ്മായിയുടെ പോലൊരു ഗ്രാമീണനിഷ്ക്കളങ്കത ഉമാൻ്റിയും കൊണ്ടു നടന്നിരുന്നു. സ്നേഹമായാലും പരിഭവമായാലും മറകൂടാതെ കാണിച്ചിരുന്നു. മനസ്സിൽ വരുന്നതപ്പിടി അരിച്ചെടുക്കാതെ പറഞ്ഞിരുന്നു.



ഉമാൻ്റി മകളോടൊപ്പം

അമ്മയും  മറ്റു നാത്തൂന്മാരും ഭർത്താക്കന്മാരെ ചേട്ടൻ എന്നു  വിളിക്കുമ്പോൾ ഉമാൻ്റി മാത്രം രാജേട്ടൻ എന്നു വിളിച്ചു. രാജേട്ടൻ ലോപിച്ച് രായ്ട്ടൻ എന്നാണ് കേൾക്കുക. രാജേട്ടൻ പറയുന്നതിൽ അപ്പുറമൊന്നുമില്ല ഉമാൻ്റിക്ക്. ഒരു തികഞ്ഞ പരമ്പരാഗത ഭാര്യ. ലിറ്റിൽ ഫ്ലവറിൽ നിന്നും ബോട്ടണിയിൽ ഡിഗ്രിയെടുത്ത്‌, മൂത്തുകുന്നത്ത്‌ ബി എഡും പഠിച്ച ഉമാൻ്റി മുല്ലശ്ശേരിയിൽ  സ്ക്കൂൾ ടീച്ചറായിരുന്നു. മാമ്മൻ, ബോംബേയിലെ ജോലി വിട്ട്  തൃശ്ശൂരിൽ താമസമാക്കുന്ന കാലം വരെ  മുല്ലശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു ഉമാൻ്റിയും മക്കളും .  അമ്മയ്ക്ക്  ചെറിയ നാത്തൂനെ കാണാൻ മോഹം തോന്നി  എപ്പോഴൊക്കെയോ  ഞങ്ങൾ കുടുംബസമേതം   മുല്ലശ്ശേരിയിൽ പോയ ഓർമ്മയുണ്ട്. ബസ്സിറങ്ങി ഉൾറോഡിലൂടെ ,ചില്ല് പോലെ സുതാര്യമായ ഇളം പിങ്ക് നിറമുള്ള കോട്ടസാരിയുടുത്ത അമ്മയുടെ കൈപിടിച്ച് നടന്ന് നടന്ന് പഴയമട്ടിലുള്ള ഒരു തറവാട്ടിൽ എത്തിപ്പെട്ടപ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ ലോകത്തോട് നിർമ്മമത ഭാവിച്ച് ചുരുണ്ടിരിക്കുന്ന ഒരു അച്ഛാച്ചൻ, ശ്രീക്രിഷ്ണപ്പരുന്തിലെ മോഹൻലാലിൻ്റെ അമ്മയെ പോലെ സ്വർണ്ണനൂലു പോലൊരു അമ്മാമ്മ, അവർക്കിടയിൽ ചിരിവെളിച്ചമുതിർത്ത് ഓടി വരുന്ന ഉമാൻ്റി. അതിഥികളോട് തെരുതെരെ വിശേഷങ്ങൾ പങ്കുവെക്കുകയും അടുക്കളയിൽ തിരക്കിട്ട്   സത്ക്കാരങ്ങൾക്ക് വട്ടം  കൂട്ടുകയും ചെയ്യുന്ന ഉമാൻ്റി പക്ഷെ തനിക്ക് പാചകത്തിനോ അതിഥിസത്ക്കാരത്തിനോ സാമർത്ഥ്യമിലെന്ന് വെറുതെ വിശ്വസിച്ചിരുന്നു. നീണ്ട അവധികളിൽ ഞങ്ങൾ അമ്മ വീട്ടിലെത്തുമ്പോൾ ഉമാൻ്റിയും മക്കളും അവിടെ വരും. രാത്രിയിലെ അരണ്ട വെളിച്ചത്തിൽ കുട്ടികളുടെ പരീക്ഷാപേപ്പർ പരിശോധിക്കും. ഒപ്പം സ്ക്കൂൾ മാഷായ രണ്ടാമത്തെ മാമ്മനുമുണ്ടാകും. ഇവരിടുന്ന മാർക്കൊക്കെ കൂട്ടി നോക്കാനുള്ള ജോലി ചേച്ചിക്ക് കിട്ടും.
ഉമാൻ്റി  , താരാൻ്റിയുടെ മകൾ ,  അമ്മ


ചെറിയ കാര്യങ്ങൾക്ക് പോലും  കുടുകുടാ പൊട്ടിച്ചിരി, അതു പോലെ തന്നെ സങ്കടങ്ങളിൽ കരച്ചിലിലേക്കുള്ള വഴുതൽ, ആർദ്രമായ സംസാരം.,, കുറുമ്പ് കാണിക്കുന്ന മകന് നേരെ “അരുതുണ്ണീ….അരുതുണ്ണീ….” എന്ന് കവിത പോലൊരു വിലക്ക് , പെൺക്കുഞ്ഞുങ്ങളെ പോലും മോനെ എന്ന് വിളി, അടുക്കള വൃത്തി, റിട്ടയർ ആയിട്ടും ഉപേക്ഷിക്കാത്ത സമയസൂചിക്കൊത്തുള്ള ജീവിതക്രമം, കുഞ്ഞുങ്ങളോടുള്ള കരുതൽ ,നല്ലൊരു ഉടുപ്പിട്ടാൽ, ഒരു കൂട്ടാൻ വെച്ചാൽ, ഒരു പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തു കണ്ടാൽ കോരിച്ചൊരിയുന്ന പ്രശംസ ഒക്കയായിരുന്നു ഉമാൻ്റി. എന്നാൽ അത്ര മാത്രമല്ല ഉമാൻ്റി, എന്റെ രോഗമുക്തിക്കായി    ഗുരുവായൂരപ്പന്  നേദിച്ച വെണ്ണ തുലാഭാരമാണ്,  രോഗാകുലതകളിൽ കുഴഞ്ഞുമറിഞ്ഞ മനസ്സിനെ തൊട്ട സാന്ത്വനമാണ്, പ്രളയം വിഴുങ്ങിയ വീട്ടിൽ നിന്നിറങ്ങിയ അച്ഛനും ചേച്ചിക്കും കുടുംബത്തിനും ഒരുക്കിയ കൂടാണ് , രോഗമെന്ന കൊടും വിഷയമ്പേറ്റ ഒരാളുടെ അതി സഹനവും നിസ്സഹായതയുമാണ്, കോവിഡ്കാലത്തെ ഒറ്റപ്പെട്ട  പൊരുതലും ഏകാന്തമായ മടക്കയാത്രയുമാണ്.   
 

September 17, 2021

അഞ്ചുപെണ്ണുങ്ങൾ….അഞ്ചമ്മായിമാർ (1)

  

വല്ല്യമ്മായിയും കോമളമ്മായിയും     

മായ ബാനർജി


                                             

അഞ്ചേട്ടന്മാരുടെ കുഞ്ഞനിയത്തിയായിരുന്ന അമ്മയ്ക്ക് അഞ്ചു 

നാത്തൂന്മാരായിരുന്നു.  സഹോദരിമാരില്ലാത്ത അമ്മ ഇവരെ സ്വന്തം ചേച്ചിമാരും അനിയത്തിമാരുമായി കരുതിപ്പോന്നു.
ഇതിൽ രണ്ടുപേരാണ് അമ്മയ്ക്ക് പ്രായം കൊണ്ട് ഏട്ടത്തിമാർ, മാതൃസ്ഥാനീയരും. യൗവ്വനത്തിൽ  മുടിയഴകികളായിരുന്ന  വല്ല്യമ്മായിയും കോമളമ്മായിയും. അമ്മ അവരെ വല്ല്യേടത്തി, കോമളേടത്തി എന്ന്  വിളിക്കുന്നത് കേട്ട് ഞങ്ങൾ പെൺകുട്ടികൾ അവരെ വല്ല്യേടത്തിയമ്മായി എന്നും കോമളേടത്തി അമ്മായി എന്നും വിളിച്ചു.  അല്പം മുതിർന്നിട്ടാണ് ഈ നീട്ടിപ്പിടിച്ച വിളികൾ  വല്ല്യമ്മായിയും കോമളമ്മായിയുമായി ചുരുക്കാനുള്ള ബോധോദയം ഞങ്ങൾക്കുണ്ടായത്. 
സ്വതന്ത്ര ഇന്ത്യയിൽ  ജനിച്ച മറ്റു മൂന്നു പേരും ബന്ധം കൊണ്ട് അമ്മയുടെ ചേട്ടത്തിമാരായിരുന്നെങ്കിലും പ്രായം കൊണ്ട് അനിയത്തിമാരാകയാൽ അവരെ അമ്മ അംബിക, താര, ഉമ എന്ന് പേരു ചൊല്ലിയാണ് സംബോധന ചെയ്തിരുന്നത്.  അവർ അമ്മയെ ബായ് ചേച്ചി എന്നും വിളിച്ചു . അക്കാലത്ത് ബന്ധവും സ്ഥാനവും നോക്കി ആളുകളെ  സംബോധന ചെയ്യലായിരുന്നു അംഗീകൃത സമ്പ്രദായമെന്നിരിക്കെ അമ്മയും നാത്തൂന്മാരും  ഒരു പടി  മുന്നോട്ട് വെച്ച കാൽവെപ്പ് തന്നെയാണത്. ഞങ്ങളാണെങ്കിൽ  അവരെ യഥാക്രമം അംബികാൻ്റി, താരാൻ്റി, ഉമാൻ്റിയെന്നും വിളിച്ചുപോന്നു.

അമ്മയും നാലു നാത്തൂന്മാരും





ഊർമിള എന്നായിരുന്നു വല്ല്യമ്മായിയുടെ പേര് . സ്ക്കൂളിൽ ‘ഊർമിള’’ എന്ന നോവൽ പഠിച്ചതിനു ശേഷമാണ് ആ പേര് എനിക്കത്രമേൽ പ്രിയമായി തീർന്നത്.  ലക്ഷ്മണൻ്റെ ഊർമിളയെ പോലെ ഭർതൃവിരഹത്തിൽ കഴിഞ്ഞ ആളല്ല ബാലഗോപാലൻ്റെ ഊർമിള. അവസാന ശ്വാസം വരെ ഭർത്താവോടൊത്ത് ജീവിച്ച് സുമംഗലിയായി തന്നെ മടങ്ങിപ്പോയതാണ്.

ഊർമിള





1935-ൽ തൃശ്ശൂർ ജില്ലയിലെ മണപ്പുറത്തെ ഒരു ഗ്രാമത്തിൽ ജനിച്ച വല്ല്യമ്മായി വലപ്പാട് ഹൈസ്ക്കൂളിലും പാലക്കാട് വിക്ട്ടോറിയ കോളേജിലുമാണ് പഠിച്ചത്. അന്ന് മണപ്പുറവും പാലക്കാടും മദ്രാസ് സ്റ്റേറ്റിൻ്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട്ടിൻ്റെ ഭാഗമായിരുന്നു. മിലിറ്ററിക്കാരനായ അച്ഛന് കിട്ടുന്ന ചില ആനുകൂല്യങ്ങളുടെ അടിസ്ഥനത്തിലാണ് മകൾക്ക് പാലക്കാട് വിക്ട്ടോറിയ കോളേജിൽ സൗജന്യ പഠനത്തിന് അവസരമൊരുങ്ങിയത്.  വിക്ട്ടോറിയ കോളേജിലെ പഠനം പൂർത്തിയാക്കും മുന്നേ 1955-ൽ വല്ലിമാമ്മൻ്റെ കൈപിടിച്ച് അന്യനാട്ടിലേക്ക് പോയ വല്ല്യമ്മായി  തൻ്റെ ജീവിതത്തിൻ്റെ സിംഹഭാഗവും ‘ബോംബേ’ക്കാരിയായിരുന്നു.

വല്ല്യമ്മായി നവവധുവായി വീട്ടിൽ കയറി വരുമ്പോൾ അമ്മ കുഞ്ഞാണ്. ആദ്യരാത്രിയിൽ തന്നെ , പുതിയതായി കിട്ടിയ ഏട്ടത്തിയോടൊപ്പം ഉറങ്ങണമെന്ന് അമ്മ വാശിപിടിച്ചുവത്രെ. വല്ല്യമ്മായി തന്റെ കടിഞ്ഞൂൽക്കുഞ്ഞിനെയും   വല്ല്യമ്മായിയുടെ അമ്മ തൻറെ  ഏറ്റവും ഇളയ മകനെയും  പ്രസവിച്ചു കിടന്നത് ഒരുമിച്ചായിരുന്നുവെന്ന്  അമ്മയിൽ നിന്നും കേട്ട് ഞാൻ ശരിക്കും അമ്പരന്നിട്ടുണ്ട്. വല്ല്യമ്മായിയുടെ മക്കൾക്ക് ഞങ്ങളുടെ അമ്മ അമ്മായിയേക്കാൾ ഉപരി  മുതിർന്നൊരു  കളിക്കൂട്ടുകാരിയായിരുന്നു . അവരുടെ ഇളം പ്രായത്തിൽ , നാട്ടിലെ വെക്കേഷനുകൾ അമ്മയോടൊപ്പം കളിചിരി മേളങ്ങളായി കഴിഞ്ഞുപോയിരുന്നു.  കോളേജവധികാലത്ത് അമ്മ ബോംബെയിൽ പോയി വല്ല്യേട്ടൻ്റെ കുടുംബത്തോടൊപ്പം  കഴിഞ്ഞിട്ടുണ്ട്. അന്ന്  ബോംബേ മഹാനഗരം കണ്ടു നടന്നതും പരിഷ്ക്കാരികളായ ബോംബേക്കാരെ കണ്ടതും ഡബിൾ ഡക്കറിൽ സഞ്ചരിച്ചതും ഇറുകിയ പാവാടയിട്ട , ഉയർന്ന മുടമ്പുള്ള ചെരുപ്പുകളിട്ട പെണ്ണുങ്ങൾ അതിലേക്ക് കയറാൻ പാടുപെടുമ്പോൾ പിന്നിൽ നിൽക്കുന്ന സഹയാത്രക്കാർ തള്ളികൊടുക്കുന്നതും  മറ്റും അമ്മ  നർമ്മരസം ചാലിച്ച്   നുള്ളി പെറുക്കി ഞങ്ങൾക്ക് മുന്നിൽ വെക്കുന്ന ഗൃഹാതുരതമായ ഓർമ്മകളിൽ ചിലതായിരുന്നു. അമ്മയ്ക്കും വല്ല്യമ്മായിക്കും ഒരേ വലുപ്പത്തിലും ആകൃതിയിലുമുള്ള കാൽ പാദങ്ങളായിരുന്നു. സാരിക്കടിയിലൂടെ രണ്ടു പേരുടേയും ഓരോ കാലുകൾ ചേർത്ത് വെച്ച് അവർ വല്ലിമാമ്മനെ പറ്റിച്ചിരുന്നു.

ഒരു പഴയ കുടുംബ ചിത്രം





വല്യമ്മായിയുടെ സ്ക്കൂൾ കാലത്ത് എന്റെ അച്‌ഛൻ ഒരു ജൂനിയർ പയ്യനായി വലപ്പാട് സ്ക്കൂളിലുണ്ടായിരുന്നു.
സ്വാതാന്ത്ര്യസമരാവേശത്തിൽ മണപ്പുറത്തെ ഒരു ഗ്രാമത്തിൽ  വളരുന്ന ആ ബാലനെ സുരേന്ദ്രനാഥ ബാനർജിയാക്കുക മാത്രമല്ല അച്ഛാച്ചൻ ചെയ്തത്. എന്നും നെഹ്രു തൊപ്പിയും കുർത്തയുമായി സ്ക്കൂളിലേക്ക് വിടുകയും ചെയ്തു. അമ്മയുടെ കല്ല്യാണം ഉറപ്പിച്ചപ്പോൾ വല്ല്യമ്മായി കൗതുകത്തോടെ ആ ബാലനെ ഓർത്തെടുത്തു.



എൻ്റെ ഓർമ്മയിൽ വല്ല്യമ്മായി അമ്മയ്ക്ക് സമ്മാനിച്ച പലവലുപ്പത്തിലുള്ള, പച്ച  അടപ്പുള്ള വെളുത്ത പ്ലാസ്റ്റിക്ക് ഡബ്ബകളുണ്ട് . മയിൽ നീല മറാത്തി സാരിയുണ്ട്. പിന്നീടത് വെട്ടി തയ്ച്ച് ചേച്ചിക്കണിയാൻ പാവാടയാക്കി.  അവധിക്ക് നാട്ടിൽ വന്ന  വല്ലിമാമ്മനോടും വല്ല്യമ്മായിയോടും കൂടെ കുട്ടിച്ചാത്തൻ സിനിമ കാണാൻ അത്യാഹ്ളാദത്തിൽ പുറപ്പെട്ടതും  ടിക്കറ്റ് കിട്ടാതെ നിരാശയിൽ കലാശിച്ചതുമായൊരു  തൃശ്ശൂർ യാത്രയുണ്ട്. അന്നു വല്യമ്മായി ഉടുത്ത കറുത്ത സാരിയുണ്ട് “ താൻ കറുപ്പുടുത്തിറങ്ങിയപ്പോഴേ വിചാരിച്ചു...പോകുന്ന കാര്യം നടക്കില്ലെന്ന” വല്ലിമാമ്മൻ്റെ കളിയാക്കലും ഉണ്ട്.

വല്ലിമാമ്മൻ്റെ മകൻ ഒരു ഗുജറാത്തി ബ്രാഹ്മണ പെൺകുട്ടിയെ ജീവിതസഖിയാക്കുന്ന മംഗള മുഹൂർത്തത്തിന് സാക്ഷിയാകാൻ പതിനൊന്നു വയസ്സുകാരിയായ ഞാൻ കുടുബത്തോടൊപ്പം നടത്തിയ ബോംബേ യാത്രയിൽ നിന്നും സ്വരുക്കൂട്ടിയ കുറെക്കൂടി തെളിഞ്ഞ ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിൽ ബോബയിലെ ഭംഗിയും വൃത്തിയുമുള്ള ഫ്ലാറ്റിൽ പ്രാതൽ സമയത്ത് ഞാൻ കണ്ടുവന്ന വീട്ടമ്മമ്മാരുടെ കഠിനമായ പ്രഭാത യജ്നങ്ങളൊന്നുമില്ലാതെ ,ബ്രെഡും ബട്ടറും ജാമും ഡൈനിങ് ടേബിളിൽ വെക്കുന്ന അക്ഷീണയായൊരു വല്ല്യമ്മായിയുണ്ട്. മീൻക്കാരിയോടും വീട് തൂത്ത് വൃത്തിയാക്കാൻ വരുന്ന വേലക്കാരിയോടും തൻ്റെ ഹിന്ദിക്കാരായ സുഹൃത്തുക്കളോടും ഗുജറാത്തി മരുമകളോടും ഹിന്ദിയും മറാത്തിയും ഇംഗ്ളീഷും പേശുന്ന മിടുക്കിയുണ്ട്.

വല്ലിമാമ്മനും

വല്ല്യമ്മായിയും

മക്കളും


എന്നാൽ എൻ്റെ ഓർമ്മയിൽ തങ്ങാതെ മാഞ്ഞു പോയതെങ്കിലും ഒരു നൂറു  വട്ടം പറഞ്ഞു കേട്ടതും  ഇന്നും പുരികത്തിൽ കൈവെക്കുന്ന ഓരോ ബ്യൂട്ടിഷനോടും എനിക്ക്  ആവർത്തിക്കേണ്ടി വരുന്നതുമായ  ഒരു കഥയുണ്ട്.  വല്ല്യമ്മായിക്കൊരു ഓമന പൂച്ചയുണ്ടായിരുന്നു. വീടിനകത്ത് രാജാവിനെ പോലെ വിരാജിക്കുന്ന , ടോയ്‌ലെറ്റിൽ പോയി മലമൂത്രവിസർജ്ജനം ചെയ്യുന്ന ഇങ്ങിണിയെന്ന് പേരുള്ള ഒരു വൃത്തി പൂച്ച.
എൻ്റെ രണ്ടാം വയസ്സിൽ ദുബായിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ബോംബയിൽ സ്റ്റോപ് ഓവറുണ്ടായിരുന്നു. ആ സമയം കുടുംബത്തോടൊപ്പം വല്ലിമാമ്മൻ്റെയും വല്ല്യമ്മായിയുടേയും ഫ്ലാറ്റിൽ പോയപ്പോഴാണ് സംഭവം. വീട്ടിലെത്തിയ , എല്ലാവരും കൈമാറിയെടുത്ത് ഓമനിക്കുന്ന,, പുതിയ അതിഥിയെ പൂച്ചക്ക് ഇഷ്ട്ടപ്പെട്ടില്ല. പിച്ച വെച്ചു കൂടെ കളിക്കാൻ ചെന്നപ്പോൾ പൂച്ച നല്ലൊരു മാന്ത് തന്നു. പുരികത്തിലെ അല്പം രോമം എന്നന്നേക്കുമായി നീക്കി മൂക്കിൻ്റെ വശത്തേക്ക് നീണ്ട ആ മാന്ത് ദൈവാനുഗ്രഹം കൊണ്ട് കണ്ണിൽ തൊടാതെ പോയി.
എന്തു പറ്റി എന്ന് ചോദിക്കുന്നവരോടെല്ലാം  “ അമ്മായി മിയ പൊട്ടു കുത്തി’ എന്നായിരുന്നുവത്രെ  എൻ്റെ മറുപടി.
മക്കളെല്ലാം സ്വന്തം കൂടുകൂട്ടിയതിനു ശേഷമാണ് വല്ല്യമ്മായിയും വല്ലിമാമ്മനും നാട്ടിലെത്തുന്നത്. അപ്പോഴേക്കും  വല്ലിമാമ ഒരു
ഹൃദ്രോഗിയായി കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ  പോയി ഹൃദയ ശസ്ത്രക്രിയ നടത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. അവർ അയ്യന്തോളിൽ ഒരു ഫ്ലാറ്റിൽ കഴിഞ്ഞു കൊണ്ട്  നാട്ടിലൊരു വീട് എന്ന തങ്ങളുടെ സ്വപ്നം പണിതുയർത്തി അവിടേക്ക് തങ്ങളുടെ വാർദ്ധ ക്യം  പറിച്ചു നട്ടു. 
വല്ല്യമ്മായിയും വല്ലിമാമ്മനും പണിനടക്കുന്ന പുതിയ വീട്ടിൽ

തൃശ്ശൂർ പോയാൽ വല്ലിമാമ്മനെ സന്ദർശിക്കുക അമ്മക്ക് പതിവ് ചര്യയായി. ഞങ്ങൾക്കും. ഏറ്റവും തെളിമയോടേ ഞാനോർക്കുന്നതും അക്കാലത്തെ വല്ല്യമ്മായിയെ തന്നെ. ബോംബേ  ജീവിതം നൽകിയ മിടുക്കും തൻ്റേടവും വിശാലമായ കാഴ്ചപ്പാടും വല്ല്യമ്മായിക്കുണ്ടായിരുന്നു. ഭാഷ പഠിക്കാൻ പ്രത്യേക നൈപുണ്യവും .മലയാളം,ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്നു. പറയാൻ മാത്രമല്ല എഴുതാനും വായിക്കാനും അറിഞ്ഞിരുന്നു. വല്ലിമാമ്മൻ  കായികവിനോദങ്ങളുടെ കടുത്ത ആരാധകനായിരുന്നു. ചെറുപ്പക്കാലത്ത്  ഫുട്ബോൾ കളിക്കാരനുമായിരുന്നു. അനാരോഗ്യത്തിൻ്റെ വാർദ്ധക്യത്തിൽ  ടെലിവിഷനിൽ ക്രിക്കറ്റും മറ്റു മാച്ചുകളും കാണുകയായിരുന്നു വെല്ലിമ്മാമ്മൻ്റെ പ്രധാന നേരമ്പോക്ക്.ഇതിൽ വല്ല്യമ്മായിക്ക് പ്രതിഷേധമുണ്ടായിരുന്നു. “ബായ്യേ ….ഈ ചേട്ടൻ ഏതു നേരവും മാച്ച് കണ്ട് എനിക്കൊരു ടിവി പരിപാടീം കാണാൻ പറ്റുന്നില്ലെന്ന്” അമ്മായി പരാതി പറഞ്ഞിരുന്നു. വിവാഹവാർഷികങ്ങളിൽ വല്ല്യമ്മായി സ്വന്തമായി സാരി വാങ്ങി എന്നേ കാൽപ്പനികത കൈവിട്ട ഭർത്താവിന് നീട്ടി “ചേട്ടാ..ഇതൊന്ന് ഹാപ്പി ആന്വേഴ്സറി വിഷ് ചെയ്ത്   എനിക്ക് തന്നേ” എന്ന് പറയുന്നത് കൗതുകകരമായിരുന്നു. മധുരപ്രിയയും ഡയബറ്റിക്കുമായ വല്ല്യമ്മായി ഇടയ്കിടെ പൂജാമുറിയിൽ ദൈവത്തിന് മധുരം നിവേദിച്ച് പ്രസാദമെന്ന് പറഞ്ഞ് കഴിച്ചു പോന്നു. പിന്നെയെപ്പോഴോ വല്ല്യമ്മയിക്ക് ഗന്ധങ്ങൾ നഷ്ടപ്പെട്ടു. അടുക്കള ഗന്ധങ്ങളറിയാതെ പാകം ചെയ്യൽ ഒരു വെല്ലുവിളിയായി തീർന്നു.

വർഷങ്ങളോളം, ബോംബെയിലും നാട്ടിലുമായി   അനാരോഗ്യവാനായ 

വല്ലിമാമ്മനെ ശുശ്രൂഷിക്കലായിരുന്നു വല്ല്യമ്മായിയുടെ പ്രധാനജോലി. എണ്ണ മെഴുക്കില്ലാത്ത ഭക്ഷണമൊരുക്കിയും അമ്മയിൽ നിന്നും പഠിച്ചെടുത്ത മല്ലിക്കാപ്പി തിളപ്പിച്ചും വല്ലിമാമ്മൻ ആഗ്രഹിക്കും വിധം വീട് മോടിയാക്കി വെച്ചും ഇത്തിരി മുറ്റത്തെ പൂന്തോട്ടത്തിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ട്  നിത്യവും മേശപ്പുറത്തെ ഫ്ലവർ വേയ്സിൽ ഒരു കുഞ്ഞുവസന്തമൊരുക്കിയും  അപൂർവ്വമായി മാത്രം വിരുന്നുകാരായെത്തുന്ന പേരക്കുഞ്ഞുങ്ങളെ ലാളിക്കാൻ കാത്തിരുന്നും എന്നോ നഷ്ടപ്പെട്ടു പോയ  നാടിനേയും ബന്ധുക്കളെയും വീണ്ടും കയ്യിലെടുത്ത്  ആസ്വദിച്ചും വല്ല്യമ്മായി ജീവിച്ചു. വീട്ടുജോലിക്കാരൊക്കെ അവരെ സ്നേഹത്തോടെ ആൻ്റിയെന്നും അങ്കിളെന്നും വിളിച്ചു. “ബായ്യേ  എനിക്കൊരു ആഗ്രഹമുണ്ട്. ഞാൻ മരിക്കുന്നതിലും മുന്ന് ചേട്ടൻ മരിക്കണമെന്ന്. ഞാനില്ലാണ്ട് ചേട്ടൻ എങ്ങനെ ജീവിക്കും?” വല്ല്യമ്മായി അമ്മയോട് പറയുമായിരുന്നു. പക്ഷേ വല്ല്യമ്മായിയുടെ ആ ആഗ്രഹം മാത്രം ദൈവം കേട്ടില്ല. 

മകളോടും പേരക്കുഞ്ഞുങ്ങളോടുമൊപ്പം


ഇന്ന് തിരിഞ്ഞു നിന്നു നോക്കുമ്പോൾ,   വെണ്ണ നിറം, പൊക്കം കുറഞ്ഞുരുണ്ട ദേഹം, ഇരട്ടത്താടി, വെളുപ്പും കറുപ്പും കലർന്ന  ഇടതൂർന്ന നീളൻ മുടി, കടും നിറത്തിലുള്ള മറാത്തി കോട്ടൺ സാരികൾ( പിന്നീടവ മനോഹരമായ ഇളം നിറങ്ങളിലേക്ക് വഴിമാറിയെങ്കിലും ), നെറ്റിയിലെ ചുവന്ന കുങ്കുമവൃത്തം, ഗണപതി ഭക്തി, വൃത്തി ശീലം, മധുരപ്രിയം, , വെളുത്ത മേശവിരികളുടെയും തിരശ്ശീലകളുടെയും വെളുവെളുത്ത വീട്, വീട്ടിൽ ചെന്നാൽ പതിവായി കിട്ടുന്ന നെയ്മണമുള്ള ബർഫി, മായക്കുട്ട്യേ എന്ന സ്നേഹവിളി, എന്റെ പുരികത്തിലെ ( വല്യമ്മായിയുടെ ഓമനപ്പൂച്ച കോറിയിട്ട) മായാത്ത മുറിപ്പാട്  , ഇതൊക്കയായിരുന്നു എനിക്ക് വല്ല്യമ്മായി. വല്ല്യമ്മായിയെ കുറിച്ചോർക്കുമ്പോൾ പക്ഷെ എല്ലാറ്റിനും ആദ്യമായി പുല്പായിൽ നിലവിളക്കിൻ്റെ വെളിച്ചത്തിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ “ബായി മോളേ..” എന്നും കെട്ടിപ്പിടിച്ചു കിടന്ന വല്ല്യമ്മായിയെ ഓർമ്മ വരും. “ ഈ കിടക്കണത് ഇതിൻറെ  അമ്മയാണോ?” എന്നു അവിടെ കയറി വന്ന നാട്ടുകാരിയായ ഒരു ഉമ്മ  ഉച്ചത്തിൽ ചോദിച്ച ചോദ്യവും ഓർമ്മ വരും. അവിടന്നധികം മുന്നോട്ട് പോയില്ല,  വല്ല്യമ്മായി ഓർമ്മതെറ്റുകളിൽ കാലിടറി വീണൂ. പിന്നെ ഒരു മേയ്മാസ പകലിൽ , തൻ്റെ അറുപത്തെട്ടാം വയസ്സിൽ , വെളുവെളുത്ത വീട്ടിലെ , ഒരു വശത്ത് ദൈവങ്ങളെ നിരത്തിയ സ്വന്തം കിടപ്പുമുറിയിൽ ,നീണ്ടൊരു ഉറക്കത്തിൽ നിന്നും ഇലച്ചാർത്തിൽ നിന്നും ഉരുണ്ടു വീഴുന്ന ജലകണത്തിൻ്റെ  സ്വാഭാവികതയോടെ, താഴേക്കു ഒഴുകി വീഴുന്ന ഒരു തൂവലിൻ്റെ ഭാരമില്ലായ്മയോടെ  മരണത്തിലേക്കും വഴുതിപ്പോയി.


 

കോമളമ്മായിയും മാമ്മനും 



അമ്മയുടെ രണ്ടാമത്തെ ചേട്ടത്തി, കോമളമ്മായി എന്നാൽ ഞങ്ങൾക്ക് നാട്ടിൻപുറത്തിന്റെ പച്ചപ്പാണ്. ശുദ്ധീകരിച്ച്  കുപ്പിയിലാക്കാത്ത കിണർ വെള്ളമാണ്. തേച്ചുമിനുക്കാത്ത ഓട്ടുകിണ്ണമാണ്. പുന്നെല്ലിന്റെ മണമാണ്.   ഞങ്ങളുടെ ബാല്യകാലത്തെ നീണ്ട അവധികൾ അധികവും കോമളമ്മായിയുടെ കൂടെയായിരുന്നു. അമ്മാമ്മയുടെ മരണശേഷം ഞങ്ങളെ അമ്മയുടെ  വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന നിറഞ്ഞ സ്നേഹമായിരുന്നു കോമളമ്മായി. ഒരു ശുദ്ധഗതിക്കാരി. വീടിനകമാണ്  അന്നും  ഇന്നും കോമളമ്മായിയുടെ ലോകം. പുറം ലോകവുമായി ഇടപെടാനൊന്നും അമ്മായിക്ക് അറിവും പ്രാപ്തിയുമില്ല.

എങ്ങും പോകാൻ താൽപര്യവുമില്ല. സ്വന്തമായി  ആഗ്രഹങ്ങളുമില്ല.   വെക്കാനും വിളമ്പാനും ഊട്ടാനുമാണ് ഏറെ മിടുക്ക്. മക്കളെ പോലും ശകാരിക്കാനോ നിയന്ത്രിക്കാനോ അമ്മായിക്ക് വശമില്ല. എവിടെ എന്തു പറയണമെന്ന് നിശ്ചയവുമില്ല. വയസ്സായ അച്ഛനെ കാണാാൻ സ്വന്തം വീട്ടിലേക്ക് പോലും എല്ലാവരും കൂടെ ഉന്തി തള്ളി വിട്ടാലാണ് പോകുന്നത്. അത്യാവശ്യങ്ങൾക്ക് മാമ്മനൊത്തൊന്ന് എങ്ങോട്ടെങ്കിലും പുറപ്പെട്ടാലൊ ആകെ പരിഭ്രമവുമാണ്. ഞങ്ങളുടെ വീട്ടിൽ പോലും എത്ര അപൂർവ്വമായാണ് കോമളമ്മായി വന്നിട്ടുള്ളത്!!!
അമ്മായി കല്ല്യാണം കഴിഞ്ഞു വരുമ്പോൾ അമ്മ സ്ക്കൂളിലാണ്. അമ്മായിയുടെ സാരിയൊക്കെ ചുറ്റി അമ്മ ചമഞ്ഞു നടക്കും. കുളിച്ചു വന്നാൽ അമ്മായിയെ മോടിയായി സാരി ചുറ്റിക്കുന്നതും അമ്മയാണ്. കാലക്രമേണ അമ്മ ആർജ്ജിച്ച വിദ്യാഭ്യാസത്തിൻ്റെയും അറിവിൻ്റേയും  ലോകപരിചയത്തിൻ്റേയും പേരിലാകാം അമ്മായി എന്നും അമ്മയ്ക്ക് ഒരു സ്ഥാനവും മാനവും കൽപ്പിച്ചുകൊടുത്തിരുന്നു. അമ്മയോട് ഉപദേശങ്ങൾ തേടുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു.  പ്രായം കൊണ്ടിളയതെങ്കിലും അമ്മായിയെ  തിരുത്താനും നയിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും പാവം അമ്മായി എന്നും അമ്മയ്ക്ക് അനുവദിച്ചു കൊടുത്തിരുന്നു. അമ്മയ്ക്ക് മുൻപിൽ തൻ്റെ ജിവിതപ്രതിസന്ധികൾ, മക്കളെ കുറിച്ചുള്ള ആധികൾ ഒക്കെ ഇറക്കി വെച്ച് അമ്മായി കണ്ണു നിറച്ചിരുന്നു. 
അമ്മായിയുടെ മക്കളെല്ലാം മുതിർന്നതിനാൽ ഞങ്ങൾക്കെന്നും അവിടെ പ്രത്യേക വാത്സല്യവും കരുതലും കിട്ടിപ്പോന്നു. “ക്ടാങ്ങളെ കരയിപ്പിക്കല്ലേഡാ…..” അമ്മായി ഞങ്ങൾക്ക് വേണ്ടി മാത്രം കുറുമ്പ്  കാട്ടുന്ന ചേട്ടന്മാരോട് ശബ്ദമുയർത്തി. അമ്മയിക്ക് ഞങ്ങൾ ‘ക്ടാങ്ങളാണ് . ബായ്യേ ...ക്ടാങ്ങളൊന്നും തിന്നുന്നില്ലല്ലോ, ക്ടാങ്ങള് ചടച്ചല്ലോ , ക്ടാങ്ങൾടെ കഴുത്തിലും കയ്യിലും ഒരു തരി പൊന്നിടീക്കാതെന്താ ബായേ?”ഇതൊക്കെ ആയിരുന്നു അമ്മായിക്ക് ഞങ്ങളെ കുറിച്ചുള്ള പ്രധാന പരാതികൾ!  ഒന്നും തിന്നാത്ത അമ്മയെ പോലെ, പൊന്നിൽ കമ്പമില്ലാത്ത അമ്മയെ പോലെ ഞങ്ങളെയും കേടാക്കി എന്നു പറയും അമ്മായി. അമ്മ ചിരിക്കും. ഞങ്ങളും ചിരിക്കും. തൊട്ടാവാടിയായ എന്നെ എന്തു കൊണ്ടോ അമ്മായിയുടെ സംസാരം സങ്കടപ്പെടുത്തിയിരുന്നില്ല. അമ്മായി പറയുന്നതെന്തും ലാഘ്വത്വത്തോടെയെടുക്കാൻ അമ്മയെ പോലെ ഞങ്ങളും ശീലിച്ചിരുന്നു എന്നതാണ് സത്യം. ഞങ്ങൾ ഭക്ഷണം കഴിക്കാൻ പിന്നോട്ടാണെന്ന് അമ്മായി പറയുന്നതിൽ തെറ്റില്ല. കാരണം മറ്റുള്ളവരെ ഊട്ടലാണ് അമ്മായിയുടെ ജീവിത്രക്രമം തന്നെ. അതിരാവിലെ മുതൽ രാത്രി അടുക്കളപൂട്ടുന്നത് വരെ അമ്മായി ഒരോന്നായി പാകം ചെയ്തുകൊണ്ടിരുന്നു. ഫ്രിഡ്ജ്, മിക്സി ഒന്നുമായി അമ്മായി ചങ്ങാത്തത്തിലായില്ല. ഉരലിൽ ഇടിച്ചതും അമ്മിയിൽ അരച്ചതും വിറകടുപ്പിൽ പാകം ചെയ്തതുമായിരുന്നു അമ്മായിയുടെ ആഹാരം. രാവിലെ പുട്ടും പഴവും, പതിനൊന്നു മണിയാകുമ്പോൾ പറമ്പിൽ പണിയെടുത്ത് ക്ഷീണിച്ചു വരുന്ന മാമ്മന് കഞ്ഞിയും പുഴുക്കും ഉച്ചക്ക് ഒന്നിനു നല്ല കുത്തരി ചോറും മീങ്കൂട്ടാനും മീൻ വറുത്തതും പച്ചക്കറികളും നാലു മണിക്ക് ചായയും പലഹാരവും രാത്രി വീണ്ടും കഞ്ഞിയും പുഴുക്കും. വേനലവധികളിൽ ഞാൻ കണ്ടിരുന്ന അമ്മായിയുടെ അടുപ്പ് പുകഞ്ഞുകൊണ്ടേയിരുന്നു.

കോമളമ്മായിയും താരാൻ്റിയും അമ്മാമ്മയോടൊപ്പം



വിശേഷഭക്ഷണമൊരുക്കുമ്പോഴൊക്കെ അമ്മായി ആദ്യ ഓഹരി ആഹാരം വൃത്തിയായി രണ്ടു  പാത്രത്തിൽ പകർന്ന് അച്ഛാച്ചനും അമ്മാമ്മക്കും വീതു വെക്കും. അടച്ചിട്ട മുറിയിൽ മരിച്ചു പോയ അച്ഛാച്ചനും അമ്മാമ്മയും വരുന്നത് കാതോർത്ത്  ഞാൻ പുറത്ത് വീർപ്പടക്കി നിന്നിട്ടുണ്ട്.  അതും  അതുപോലെ പല ആചാരങ്ങളും  അന്ധവിശ്വാസങ്ങളാണെന്നാണ് ഞാൻ കൂടുതലും കേട്ടു വളർന്നതെങ്കിലും അതെത്ര വലിയ സ്നേഹമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. വിളക്ക് വെക്കുമ്പോൾ ദീപം കൊണ്ടർണേ  ദീപം കൊണ്ടർണേ എന്ന് അമ്മായി ഉരുവിട്ടിരുന്നതും നൂലപ്പത്തിനെ അമ്മായി ഇടിമിന്നി എന്നു വിളിച്ചിരുന്നതും എനിക്കേറെ കൗതുകമായിരുന്നു. അതു പോലെ പല ഗ്രാമീണ പദപ്രയോഗങ്ങൾ , സമ്പ്രദായങ്ങൾ, ജീരകം വിതറിയ കിണ്ണത്തപ്പവും വായിലിട്ടാൽ അലിയുന്ന പത്തിരിയും  എരിവൻ കോഴിക്കൂട്ടാനും മറ്റനേകം നാടൻ രുചിഭേദങ്ങളും, വേനല്മെത്തയിലെ ഉച്ചമയക്കങ്ങളിൽ  നിന്നും  വിളിച്ചുണർത്തുന്ന ചായക്കൂട്ടുന്നതിൻ്റെ മണം,  കിണറ്റിൻ കരയിലെ കുളിമുറിയിൽ നിന്നും കുളിച്ചു  വന്നുടുക്കുന്ന  കഞ്ഞിപ്പശ മുക്കിയ കോട്ടൺ സാരിയുടെ കിരുകിരുപ്പും , തൈർ കടയുന്ന കടക്കോലിൻ്റെ മുരളലും,  പൂക്കളുള്ള ചില്ലു ഗ്ലാസ്സിൽ പാലിൻ വെള്ളത്തിൽ പഞ്ചസാര കലക്കുന്ന തവയുടെ താളവും, തുറന്ന ചിരിയും , നിറയുന്ന കണ്ണുകളുമൊക്കെയാണ് കോമളമ്മായി.

കോമളമ്മായി ഇന്ന്




July 31, 2020




                                         പരസ്പരം ഊന്നുവടികളായവർ

                                                           മായാ ബാനർജി

അന്ന് വീടിനെ വീടാക്കിയിരുന്നത് വീട്ടുകാർ മാത്രമായിരുന്നില്ല. വീട്ടുകാരോട് ചേർന്നു ജീവിച്ച പണിക്കാർ കൂടി ആയിരുന്നു. ഞങ്ങളെ വീട്ടുപണികളിൽ സഹായിക്കാൻ എതൊക്കെയോ  അടച്ചുറപ്പില്ലാത്ത ,മഴ പെയ്താൽ ചോരുന്ന, പലപ്പോഴും മൂന്നു നേരം അടുപ്പു പുകയാത്ത ഓലപ്പുരകളിൽ നിന്നും അവർ വന്നു. ചിലർ വന്നു പകൽ കുറച്ചു മണിക്കൂറുകൾ ജോലിയെടുത്തു മടങ്ങി. ചിലർ രാവും പകലും ഞങ്ങളുടെ നിഴൽ പോലെ, എന്നാൽ ഞങ്ങളുടെ തണലായി ,അവിടെ തങ്ങി. അപ്രസക്തരായി കാണപ്പെട്ടുവെങ്കിലും അവർ ഞങ്ങളുടെ വീടിന് തൂണുകളായി. ഞങ്ങളുടെ ജീവിതങ്ങള്‍ സുഗമമായി മുന്നോട്ടുരുട്ടുന്ന ചക്രങ്ങളായി. ഞങ്ങൾക്ക് തൂണുകളായി..ചക്രങ്ങളായി തീർന്ന് അവർ അവരുടെ ജീവിതങ്ങളും മുന്നോട്ട് നിരക്കി. ഒന്നോർത്താൽ ഞങ്ങൾ പരസ്പരം ഊന്നുവടികളായിരുന്നു.


തെങ്ങുകയറാൻ, അടക്ക വലിക്കാൻ, കുരുമുളക് പറിക്കാൻ, പറമ്പ് കിളക്കാൻ, പൊലി കൂട്ടാൻ, തെങ്ങിന് തടം തുറക്കാൻ, വളമിടാൻ, പുല്ലു ചെത്താൻ , വേലി കെട്ടാൻ, കൂലിപ്പണിക്കാരായ ആണുങ്ങൾ വന്നു പൊയ് ക്കൊണ്ടിരുന്നു. ഈ വക ജോലികളിൽ പലപ്പോഴും അവർക്ക് സഹായികളായി കുറവ് വേതനം പറ്റുന്ന പെണ്ണുങ്ങളും.
പെണ്ണുങ്ങൾ നാളികേരം പെറുക്കി കൂട്ടിയും  ഓല മെടഞ്ഞും അടക്ക പൊളിച്ചുമൊക്കെ സ്വരുക്കൂട്ടുന്ന പണം കൊണ്ടാണ് മിക്കവാറും അവരുടെ കുടുംബങ്ങൾ കഴിഞ്ഞു പോന്നത്.
അവരിൽ ചിലർ ഞങ്ങളുടെ മുറ്റമടിച്ചും വിറകുകീറി വിറകുപുരയിൽ അടുക്കിയും ഈർക്കിലുരിഞ്ഞ് ചൂലുകെട്ടിയും അണ്ടി തല്ലിയും   വടക്കേ മുറ്റത്ത് അടുപ്പു കൂട്ടി വലിയ ചെമ്പിൽ നെല്ലു പുഴുങ്ങിയും അരി ചേറിയും ഉരുളിയിൽ അരിപ്പൊടിയിളക്കിയുമൊക്കെ സഹായിച്ചിരുന്നു.
കിട്ടുന്ന കൂലി മുഴുവൻ ചാരായം കുടിച്ചു തീർക്കുന്ന, വീട്ടിൽ വന്നു  വഴക്കും ബഹളവും കൂട്ടി ആഹാരം വെച്ചുണ്ടാക്കിയ ഭാര്യമാരെ തല്ലിയും ചുട്ടക്കോഴികളെ പറത്തുന്ന മന്ത്രവാദികളെ പോലെ ചട്ടിയും കലവും ആകാശത്തേക്ക് പറത്തിവിട്ടും കുഞ്ഞുങ്ങളെ പേടിപ്പിച്ചും വൈകുന്നേരങ്ങൾ “ഉല്ലാസപൂർണ്ണമാക്കുന്ന” അവരുടെ ഭർത്താക്കന്മാരെ കുറിച്ചു ചിലപ്പോൾ വലിയ പരാതിയായും മറ്റു ചിലപ്പോൾ  കണ്ണാഴത്തിൽ വിഷാദമൊളിപ്പിച്ച് ചിരിച്ചുചിരിച്ച് തമാശ പോലെയും പറഞ്ഞിരുന്നു.

പകൽ മാന്യന്മാരായി ഞങ്ങളുടെ പറമ്പിൽ പണിയെടുക്കുന്ന , അച്ഛമ്മയോട് മിണ്ടുമ്പോൾ വിനയാന്വിതരാകുന്ന, ഞങ്ങളെ സ്നേഹവാത്സല്യങ്ങളോടെ “പ്രിയക്കുട്ട്യേ” “മായക്കുട്ട്യേ..” എന്നൊക്കെ ഈണത്തിൽ വിളിക്കുന്ന ഇവർ വൈകുന്നേരങ്ങളിൽ ചാരായ പ്രാന്തിൽ തീ ചാമുണ്ഡികളായി ഉറഞ്ഞുതുള്ളുമെന്നത് എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരുന്നത്.

അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഫ്രിഡ്ജ് ഒരു അപൂർവ്വ വസ്തുവായിരുന്നു. ഞങ്ങളുടെ വീട്ടിൽ ദുബായിൽ  നിന്നും, അല്ല നാട്ടിൻപുറത്തെ ഭാഷയിൽ പറഞ്ഞാൽ ‘പേർഷ്യ’യിൽ നിന്നും കപ്പൽ വഴി കൊണ്ടു വന്ന, ഫ്രിഡ്ജിഡെയറിൻ്റെ ,വെണ്ണ നിറവും മരത്തടി  മാതൃകയിൽ  തീർത്ത പിടികളുമുള്ള വലിയ ഫ്രിഡ്ജുണ്ടായിരുന്നു. അതിൽ ഐസ്ക്രീം ഉണ്ടാക്കി വെച്ച് വീട്ടിൽ വിരുന്നു വരുന്ന കുട്ടികളെ അമ്മ സന്തോഷിപ്പിച്ചിരുന്നു. ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച വെള്ളം എന്ന  അത്ഭുതവസ്തുവിനും ആവശ്യക്കാർ ഏറെയായിരുന്നു .
“ഇച്ചിരി തണുത്ത വെള്ളം തന്നേ മായക്കുട്ട്യേ…” എന്ന് പുറംപണിക്കാർ ചോദിക്കുമ്പോൾ വലിയ ആവേശത്തിലാണ്  ഞാൻ ഫ്രിഡ്ജിൽ നിന്നും തണുത്ത കുപ്പികളുമായി പറമ്പിലേക്ക് ഓടിയിരുന്നത്.  കുറച്ചു കൂടെ വളർന്നപ്പോൾ കൂലി പണിക്കാർക്ക് നാലു മണിക്ക് ചായയുണ്ടാക്കാൻ അമ്മ ഒരുങ്ങുമ്പോൾ അമ്മേ ഞാനുണ്ടാക്കാമെന്ന് പറഞ്ഞ് ചായപ്പാത്രം തട്ടിയെടുത്തിരുന്നതും അതേ ആവേശത്തിലാണ്. “ഇന്നാരാണ് ചായ ഉണ്ടാക്കീത്… മായക്കുട്ടിയാണോ. അതാണ് ചായക്കിത്ര സ്വാദ്” എന്നൊക്കെ പറഞ്ഞ് അവരെന്നിലെ കൊച്ചു പാചകക്കാരിക്ക് പൊന്തൂവലണിയിച്ചിരുന്നു. അങ്ങനെ എനിക്ക് പ്രിയപ്പെട്ടവർ രാത്രി മൂക്കുമ്പോൾ ചാരായപ്രന്തന്മാരാകുമെന്ന് ഞാനെങ്ങനെ വിശ്വസിക്കും?
 
ഒരിക്കൽ  തെങ്ങുകയറുന്ന ചന്ദ്രൻ സന്ധ്യച്ചോപ്പിലേക്ക്  ഇരുട്ട് ഇഴഞ്ഞുകയറുമ്പോൾ ഞങ്ങളുടെ പടിക്കലൂടെ വഴുതുന്ന കാലുകൾ കൊണ്ട് തുഴഞ്ഞു തുഴഞ്ഞു വന്ന് വീഴാതിരിക്കാൻ ഗേറ്റിൽ മുറുകെ പിടിച്ച് “മായക്കുട്ട്യേ..മായക്കുട്ട്യ..” എന്നു വഴുക്കുന്നൊരീണത്തിൽ വിളിച്ചു കൊണ്ടിരുന്നു.
“ചന്ദ്രാ നീ ഇപ്പോ വീട്ടി പോ. വർത്താനൊക്കെ നാളെയാവാം” എന്ന് അച്ഛമ്മ പറയുന്നത് കൂട്ടാക്കാതെ ചന്ദ്രൻ മായക്കുട്ടിയെ കാണാൻ വാശിപിടിച്ചു. പകൽ കാണാത്തൊരു ‘മദ്യഭാവം’ വൈകുന്നേരങ്ങളിൽ ആ മുഖങ്ങളിൽ കുടിയേറുമെന്ന് അന്ന് ഞാൻ കണ്ടു. നാണം കൊണ്ടും പേടി കൊണ്ടും കൂമ്പി അമ്മയുടെ സാരിഞ്ഞൊറിക്കിടയിലേക്ക് തിക്കി കയറുമ്പോഴും ചന്ദ്രനെ കാണുവാൻ അത്ഭുതത്തോടെ എൻ്റെ വട്ടക്കണ്ണുകൾ പുറത്തേക്ക് ചാടിക്കൊണ്ടിരുന്നു.
ചന്ദ്രനെ ഞങ്ങൾ ചന്ദ്രേട്ടനെന്നല്ല പറഞ്ഞത്.  അവർ പ്രായഭേദ്യമേന്യേ എല്ലാർക്കും വേലായുധനും  അയ്യപ്പനും രാമുണ്ണിയും കുറുമ്പയും വള്ളിയമ്മയുമൊക്കെ ആയിരുന്നു. അതെന്നെ അലോസരപ്പെടുത്തിയിരുന്നു അര വയസ്സിന് മൂപ്പുള്ളവരെ പോലും പേരു ചൊല്ലി വിളിക്കരുതെന്ന് നിഷ്ക്കർഷിക്കുന്ന മുതിർന്നവർ ചിലരുടെ കാര്യത്തിൽ അത് പാലിക്കാത്തതെന്തെന്ന് എനിക്ക് മനസ്സിലായതേയില്ല.

പുറം പണിക്കാരായ പെണ്ണുങ്ങൾ കള്ളിമുണ്ടും ജാക്കറ്റുമാണണിഞ്ഞിരുന്നത്. പോകുമ്പോഴും വരുമ്പോഴും അവർ ജാക്കറ്റിന് മുകളിലൂടെ ഒരു തോർത്തുമുണ്ട് വിരിച്ചിട്ടു. ഞങ്ങളുടെ വീട്ടിൽ നിന്നും ബാക്കിയായ ഭക്ഷണസാധനങ്ങളും  പാകമില്ലാതായ കുപ്പായങ്ങളും ദാരിദ്ര്യത്തിലും ബാലാരിഷ്ട്ടതകളിലും കുരുങ്ങിപ്പോയ അവരുടെ മക്കൾക്കായി നിധി പോലെ പൊതിഞ്ഞെടുത്തു കൊണ്ടു പോയി. അവർ ഞങ്ങളുടെ പറമ്പിൽ നിന്നും കിട്ടാവുന്ന മാങ്ങയും ചക്കയും  കൊതുമ്പും മടലും ഒക്കെ സമാഹരിച്ച് സ്വന്തം വീടുകളെ മുന്നോട്ട് നയിക്കാൻ അവരുടെ ആണുങ്ങളെക്കാൾ എന്തു കൊണ്ടും വിരുതു കാട്ടി. ആണുങ്ങൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ദുരഭിമാനമൊന്നും അവർക്കുണ്ടായിരുന്നില്ല. അന്യനോട് ഇരന്നായാലും സഹായങ്ങൾ ചോദിച്ചു വേടിച്ചായാലും കുഞ്ഞുങ്ങളെ പോറ്റണമെന്ന നിശ്ചയദാർഡ്യം മാത്രമായിരുന്നു അവരുടെ അലങ്കാരം.
ഞങ്ങളുടെയൊക്കെ വീടുകളിൽ രണ്ടു കുട്ടികളായി ചുരുങ്ങിയിരുന്നുവെങ്കിലും അവർക്കൊക്കെ ഒരുപാട് മക്കളുണ്ടായിരുന്നു. കുടുംബാസൂത്രണത്തിന് അധികാരികൾ  നിസ്സഹായരായ ഈ സ്ത്രീകളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആറും എട്ടും മക്കളുള്ളവർ പ്രസവം നിർത്താൻ ഗവണ്മെൻ്റ് ആശുപത്രികളിലേക്ക് പോകുകയും  ബക്കറ്റുമായി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.


വലപ്പാട്ടെ ഞങ്ങളുടെ വീട്ടിൽ വീട്ടുജോലിക്ക് മാത്രം സഹായികളായി എത്തിയവർ മറ്റൊരു കൂട്ടരായിരുന്നു. വീട്ടു സഹായികളെങ്കിലും അവരാരും അടുക്കളയിൽ പാചകം ചെയ്തിരുന്നില്ല. വീടിനകം അടിച്ചു  തുടക്കലും നാളികേരം പൊളിക്കലും ചെരുകലും  ചിലപ്പോൾ മാത്രം   മീൻ നന്നാക്കലും (വിരുന്നുകാർക്കായി വാങ്ങുന്ന വലിയ മീനുകൾ 'അമ്മ തന്നെ മുറിച്ചാലേ  ഭംഗിയാവൂ എന്ന്  അമ്മയ്ക്ക് ഉറപ്പായിരുന്നു), പാത്രം കഴുകലും കറണ്ട്  പോയി മിക്സി പണിമുടക്കുമ്പോൾ അരക്കലും ആട്ടലും മറ്റുമായിരുന്നു അവരുടെ ജോലി.
അതിൽ ഓർമ്മയിൽ വിടരുന്ന ആദ്യത്തെ പേര് സതികല്ല്യാണിയുടേതാണ്.  വിരലിലെണ്ണാവുന്ന ദിവസങ്ങളെ  മധ്യവയ്സ്ക്കയായ സതി കല്ല്യാണി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നുള്ളു. എങ്കിലും പേര് സവിശേഷമായതു കൊണ്ട് അതൊരിക്കലും ഓർമ്മയിൽ നിന്നും മാഞ്ഞു പോയില്ല.  നേരം പുലരുന്ന നേരത്ത്, കുട്ടികളെ സ്ക്കൂളിലേക്ക് അയക്കാനുള്ള തത്രപ്പാടിൽ അടുക്കളയിലെത്തുന്ന അമ്മയ്ക്ക് കണിക്കാഴ്ചയായി തലമുടി  ഉച്ചിയിൽ കെട്ടി വെച്ചു പാതിയാമ്പുറത്ത് കുന്തുകാലിൽ കയറിയിരുന്നു മുറുക്കുന്ന സതികല്ല്യാണിയുടെ ചിത്രം അച്ഛമ്മയുടെയും അമ്മയുടെയും റാണിമേമയുടെയുമൊക്കെ  സംഭാഷണങ്ങളിൽ നിന്നും ഞാൻ പറിച്ചെടുത്ത് മനസ്സിലൊട്ടിച്ചതാണ്. 

അടുത്ത ചിത്രം  നീളൻ പാവടക്കാരിയായ സാവിത്രിയേച്ചിയുടേതാണ്.  സാവിത്രിയേച്ചിയുടെ അച്ഛനും ചേട്ടനുമൊക്കെ ഞങ്ങൾടെ പറമ്പിൽ തെങ്ങു കയറാൻ വന്നിരുന്നു. അവർ നന്നായി കുടുംബം നോക്കുന്നവരായിരുന്നു. അതിനാൽ ഉടുപ്പിലും നടപ്പിലുമൊക്കെ സാവിത്രിയേച്ചി ഒരു കോളേജ് കുമാരിയെ പോലായിരുന്നു.വടക്കോട്ട് കണ്ണെത്താ ദൂരത്തോളം ആളും പാർപ്പുമില്ലാതെ കിടക്കുന്ന തെങ്ങിന്തോപ്പിലൂടെയാണ് സാവിത്രിയേച്ചി കുപ്പിവള കിലുക്കത്തോടെ നടന്നു വരുന്നത്.  സാവിത്രിയേച്ചിയുടെ നീളൻ പാവാട മുട്ടോളം വളർന്ന പച്ചപ്പുൽപ്പടർപ്പിലൂടെ ഒരു തിരമാല പോലെ ഒഴുകിയിറങ്ങുന്നത്  അച്ഛമ്മ ഉറങ്ങുന്ന വടക്കേ മുറിയുടെ ജനാലയിലൂടെ എനിക്ക് കാണാം.  പിന്നെയതിൻ്റെ തുമ്പ് തോട്ടിൻ വെള്ളത്തിലൊന്നു നീന്തി ഞങ്ങളുടെ പറമ്പിലേക്ക് കയറി പുൽനാമ്പുകൾക്ക് ജലത്തുള്ളിയിറ്റിച്ച് വടക്കേപ്പുറത്തെത്തും.
സാവിത്രിയേച്ചി മാറി മാറി അണിഞ്ഞു വരുന്ന പാവാടകൾ എൻ്റെ ദുബായ് കുപ്പായങ്ങളേക്കാൾ മനോഹരമാണെന്ന് എനിക്ക് തോന്നിയിരുന്നു. കുട്ടിയുടുപ്പുകാരികളായ പെൺകുട്ടികളെല്ലാം നീളൻ പാവടക്കാരികളായ ചേച്ചിമാരെ ആരാധനയോടെയാണല്ലോ നോക്കികാണുക. ഇളം വയലറ്റിൽ വലിയ കറുത്ത പുള്ളികളുള്ള പാവാടയും തിളങ്ങുന്ന കറുത്ത ബ്ലൗസും എൻ്റേതായിരുന്നെങ്കിൽ എന്ന് ഞാൻ മോഹിച്ചിട്ടുണ്ട്. സാവിത്രിയേച്ചിയുടെ വരവ്...കുട്ടികളിൽ ഉന്മേഷം നിറച്ചിരുന്നു. സാവിത്രിയേച്ചി വന്നാൽ ഞങ്ങൾ നാല് കുട്ടികൾ ചുറ്റും കൂടും. വടക്കേപ്പുറത്തിരുന്ന് സാവിത്രിയേച്ചി അരിയാട്ടുമ്പോൾ ഞങ്ങൾ ആട്ടുക്കല്ലിനു ചുറ്റും കൂടിയിരുന്നു. കല്ലിൽ അമർന്നരഞ്ഞു വരുന്ന ഉഴുന്നിൻ്റെ മണം പിടിച്ചിരിക്കാൻ നല്ല രസമായിരുന്നു. കുഴിയിൽ നിന്നും തെള്ളി തെള്ളി പുറത്തേക്ക് വരുന്ന മാവ്  മാടി കൊടുത്തു കൊണ്ട് സാവിത്രിയേച്ചി അരിയും ഉഴുന്നുമാട്ടുമ്പോൾ കുഞ്ഞിക്കൈകൾ കൊണ്ട് ഞാനും മാവ് മാടി കൊടുക്കും. “ അയ്യോ..ക്ടാവേ കൈ സൂക്ഷിക്കണേ…. കല്ലിൽ പെട്ട് ചതഞ്ഞരഞ്ഞു പോണ്ട..” എന്ന് സാവിത്രിയേച്ചി പേടിപ്പിക്കും.

സാവിത്രിയേച്ചി ശങ്കറിൻ്റെ കടുത്ത ആരാധികയാണ്. ‘കൈലാസി’ൽ ശങ്കറിൻ്റെ ‘ഊതിക്കാച്ചിയ പൊന്ന് ‘ വന്നിട്ടുണ്ടെന്നും കൊണ്ടു പോകണമെന്നും സാവിത്രിയേച്ചി  അമ്മയോട്  നിരന്തരമാവശ്യപ്പെട്ടുകൊണ്ടിരുന്നു. അമ്മയാകട്ടെ ‘ക്ലാസ്സ്’ സിനിമകളുടെ ആളായിരുന്നു. എങ്കിലുമൊടുവിൽ സാവിത്രിയേച്ചിയുടെ സന്തോഷത്തിന്  അമ്മയും റാണിമേമയും  സാവിത്രിയേച്ചിയും കൂടി മാറ്റിനി കാണാൻ പുറപ്പെട്ടു.  അമ്മയുടെ സാരി വാലിൽ തൂങ്ങി ഞാനും.
ഏറ്റവും തിളക്കമുള്ള പാവാടയും ജാക്കറ്റുമണിഞ്ഞ് കുട്ടിക്കൂറ പൗഡറിട്ട്  കൈനിറയെ കുപ്പിവളകളണിഞ്ഞ് ചമഞ്ഞൊരുങ്ങി അതീവ ഉല്സാസത്തിലാണ് സാവിത്രിയേച്ചി പുറപ്പെട്ടു വന്നത്. സ്ക്രീനിൽ നിന്നും ആൾക്കൂട്ടത്തിലിരിക്കുന്ന സാവിത്രിയേച്ചിയെ ശങ്കർ കാണുമായിരിക്കും എന്ന് ഞാൻ വിചാരിച്ചു. ‘കൈലാസിൻ്റെ’ മുറ്റത്തെ ആളും ബഹളവും കണ്ട് എനിക്ക് പേടിയായി.അമ്മയുടെ കയ്യിൽ നിന്നും കാശു വാങ്ങി സാവിത്രിയേച്ചി പെണ്ണുങ്ങളുടെ ക്യൂവിൽ നിൽക്കാൻ ഓടി.  ക്യൂവിൽ ഉന്തും തള്ളുമായി. പെണ്ണുങ്ങൾ  തമ്മിൽ വഴക്കും ബഹളവുമായി. പിന്നെ കാണുന്നത് ചോരയൊലിക്കുന്ന കയ്യിൽ ടിക്കറ്റും പിടിച്ചോടി വരുന്ന സാവിത്രിയേച്ചിയെ ആണ്.  തിക്കിലും തിരക്കിലും പെട്ട് കുപ്പിവളയുടഞ്ഞ് വളപൊട്ട് കുത്തിക്കയറിയതാണ്. ഇതിൻ്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ..മിണ്ടാണ്ട് വീട്ടിലിരുന്നാൽ മതിയായിരുന്നു എന്ന് വിവശപ്പെട്ട് അമ്മ സാവിത്രിയേച്ചിയേയും പിടിച്ച് റോഡ് മുറിച്ചു കടന്ന് അപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ ചെന്ന് പ്ലാസ്റ്ററും പഞ്ഞിയുമൊക്കെ സംഘടിപ്പിച്ച് മുറിവ് വച്ചു കെട്ടിയാണ് ഞങ്ങൾ സിനിമക്ക് കയറിയത്. സിനിമയിൽ ശങ്കർ ബൈക്കിൽ നിന്നും മറിഞ്ഞു വീണ്  ചോര ഒലിപ്പിച്ചപ്പോൾ പൂർണ്ണിമ ഓടി വന്നു തൻ്റെ സാരി കീറി മുറിവിൽ കെട്ടി. അമ്മയ്ക്കും സാവിത്രിയേച്ചിയുടെ മുറിവു കെട്ടാൻ പൂർണ്ണിമയെ പോലെ സാരി കീറാമായിരുന്നു!
“ഇനിയിങ്ങനത്തെ ബോറൻ സിനിമക്കൊന്നും എന്നെ വിളിക്കേണ്ടെന്ന്”  പറഞ്ഞ് അമ്മ ഞങ്ങളേയും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ സാവിത്രിയേച്ചിയുടെ മനസ്സ് മുഴുവനും ശങ്കറിൻ്റെ പ്രസരിപ്പും പ്രേമഭാവവുമായിരുന്നിരിക്കണം. വളരെ വേഗം തന്നെ സാവിത്രിയേച്ചി കല്ല്യാണംകഴിഞ്ഞു പോയെന്നാണ് ഓർമ്മ.. വൈകാതെ  പ്രാരാബ്ധങ്ങൾ ജീവിതത്തിലേക്ക്  കയറി വരികയും  ശങ്കർ ഇറങ്ങി പോകുകയും ചെയ്തിട്ടുണ്ടാകണം.

സുധയെ കുറിച്ചോർക്കുമ്പോൾ സങ്കടം പെയ്യുന്നൊരു സന്ധ്യചുമപ്പ് ഓർമ്മയിൽ വരും. ഞാനെന്നെ കുട്ടി നിസ്സഹായയായി നോക്കി കണ്ട ചില നിഴൽ ചിത്രങ്ങൾ ഉള്ളിൽ ചിതറി വീഴും. സുധ ഒരു കള്ളിയായി എല്ലാ മുൾക്കണ്ണുകൾക്കു മുന്നിലും തലകുനിച്ചു നിന്ന സന്ധ്യ. കക്കുന്നത്, അർഹിക്കാത്തതെന്തും എടുക്കുന്നത് ,എന്തിന് ,ആവശ്യത്തിലേറെ ഭക്ഷിക്കുന്നത് പോലും വലിയ തെറ്റാണെന്ന് സാരോപദേശകഥകളിലൂടെയും ഉപദേശങ്ങളിലൂടെയും നിരന്തര തിരുത്തലുകളിലൂടെയും അറിഞ്ഞു വളരുന്ന ഞാനും സുധയെ സ്നേഹിച്ചിരുന്ന എന്നിലെ കൂട്ടുകാരിയും സംഘർഷത്തിലായി.

സുധയുടെ അമ്മ ഇടയ്ക്കൊക്കെ   വീട്ടിൽ ജോലിക്ക് വന്നിരുന്നു. ഒരു പ്രായം കഴിഞ്ഞപ്പോൾ സുധക്ക് സ്ക്കൂളിൽ പോകാനോ പഠിക്കാനോ  താൽപര്യമില്ല.  വെറുതെ മരം കയറി നടക്കുകയാണത്രെ. കൂലിപ്പണിക്കുള്ള പ്രാപ്തിയുമായില്ല.സുധയെ കൂടി എന്തെങ്കിലും ചെറിയ പണിക്ക് വിട്ടാൽ,  കൂലി കിട്ടുന്നതത്രയും ചാരായ ഷാപ്പിൽ കൊണ്ട് കൊടുക്കുന്ന  തെങ്ങുകയറ്റക്കാരനായ അച്ഛനും  ചിരട്ടിയും നാഴിയും പോലെ താഴേക്ക് താഴേക്ക് കുട്ടികളുമുള്ള കുടുംബത്തിലേക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കണക്കു കൂട്ടിയാകണം സുധയുടെ അമ്മ സുധയെ ഞങ്ങളുടെ വീട്ടിൽ കൊണ്ടു വന്നത്.
അരപ്പാവാടക്കാരിയായ സുധ കൗമാരത്തിൻ്റെ ആദ്യ പടവുകളിലാണ്.  കുട്ടിത്തം വിട്ടു മാറാത്ത മുഖം എപ്പോഴും പൊട്ടിച്ചിരിയിൽ വിടരും. അപ്പോൾ കുഞ്ഞു കണ്ണുകൾ ഒന്നു കൂടെ കുഞ്ഞിയാകും.
സുധക്ക് പ്രധാന ജോലി മുറ്റമടിയായിരുന്നു. സുധ മുറ്റമടിക്കുമ്പോൾ തീരെ കുഞ്ഞായിരുന്ന ഞാൻ പിന്നാലെ നടന്നു കിലുകിലുന്നനെ വർത്തമാനം പറയും. പണി കഴിഞ്ഞാൽ വീടു പണിക്ക് വെള്ളം കെട്ടി നിർത്താൻ വടക്കേപ്പുറത്ത് ഉണ്ടാക്കിയ ടാങ്കിൽ ഇറങ്ങിയിരുന്ന് ഞങ്ങൾ കളിക്കും. “ഈ കുട്ടി പണിക്കാരുടെ പിന്നാലെയാണ് ഏതു നേരോം..” എന്ന പതിവു പുരികം വളച്ചിലുകൾ എന്നെ തേടി വരും. ചെറുകിട സഹായങ്ങൾ ചെയ്തു കഴിഞ്ഞാൽ ഞങ്ങളുടെ വീട്ടിൽ നിന്നും ആഹാരം കഴിച്ചു വൈകുന്നേരത്തോടെ സുധ സ്വന്തം വീട്ടിലേക്ക് പോകും. അങ്ങനൊരു ദിവസം വീട്ടിലേക്ക് പോയ സുധ വൃദ്ധനായ  പീടികക്കാരനോടോപ്പം   പടികടന്നു വരുന്നത് കണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി.
സുധ കരയുന്നുണ്ട്.
“ഇവിടന്ന് പഴം വേടിക്കാൻ പറഞ്ഞിരുന്നോ?” കടക്കാരൻ്റെ ചോദ്യം അച്ഛമ്മയോടാണ്. 
ഇല്ലല്ലോ എന്ന് അച്ഛമ്മ  കൈമലർത്തി.
“ ആ എനിക്കത് അപ്പഴേ ..തോന്നി..ഇതിലെന്തോ പന്തികേടുണ്ടെന്ന്. ഇതു തുടങ്ങീട്ട് കൊറച്ചു നാളായി...ഇത്ര കള്ളത്തരം പാടുണ്ടോ…” എന്നൊക്കെ അയാൾ പറഞ്ഞു കൊണ്ടിരുന്നു.
വീട്ടിലേക്ക് എന്തെങ്കിലും  അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കിഴക്കുള്ള ചെറിയ പീടികയിലേക്ക് സുധയെ പറഞ്ഞു വിടാറുണ്ട്.
പണം മാസാവസാനം ഒരുമിച്ച് പീടികക്കാരന്  കൊടുക്കുകയാണ് പതിവ്. സുധ വീട്ടിലേക്ക് നടക്കും വഴിയാണ് ഈ കട. ഇവിടെ നിന്നും സുധ പഴമോ ബണ്ണോ എന്തെങ്കിലുമൊക്കെ വാങ്ങുമത്രെ. എന്നിട്ട് ഞങ്ങളുടെ വീടിൻ്റെ ദിശയിലേക്ക് നടക്കും, വഴിയിൽ നിന്നു കഴിക്കും, തിരിച്ചു പോകും. ഒരു ബൺ..ഒരു നേന്ത്രപ്പഴം എന്നൊക്കെ ആവശ്യപ്പെടുന്നത് പതിവായപ്പോൾ  കടക്കാരന് സംശയമായി. അങ്ങനെ അന്ന് സുധ പിടിക്കപ്പെട്ടു. നാണക്കേട് കാരണം പിന്നെ  സുധ  ജോലിക്ക് വരാൻ കൂട്ടാക്കിയില്ല.

സാരിയുടുത്ത മുതിർന്ന പെണ്ണായാണ് കാലങ്ങൾക്കപ്പുറം  പിന്നെ സുധയെ ഞാൻ കാണുന്നത്. പറമ്പിൽ മറ്റു പെണ്ണുങ്ങളോടൊപ്പം എന്തോ കൂലി പണിക്ക് വന്നതാണ്. സുധ പഴയതു പോലെ കുഞ്ഞുകണ്ണുകൾ ചുരുക്കി മുഖം വിടർത്തി  ചിരിച്ചു. “ അറിയോ ?” എന്ന് എന്നോട് ചോദിച്ചു. അപ്പോഴേക്കും  ഒരു കുടുംബിനിയായി  കഴിഞ്ഞിരുന്ന പുതിയ  സുധയെ എനിക്ക് അറിയില്ലെന്ന് തോന്നി.

അക്കാലത്ത്  പാലക്കാടു നിന്നും തമിഴ്നാട്ടിൽ നിന്നും  കൗമാരക്കാരായ  കുട്ടികളെ  കൊണ്ടു വന്നു ഞങ്ങളുടെ നാട്ടിലൊക്കെ  സാമ്പത്തിക ഭദ്രതയുള്ള വീടുകളിൽ ജോലിക്ക് നിർത്തുന്ന സമ്പ്രദായമുണ്ടായിരുന്നു. അവരുടെയൊക്കെ ബന്ധുക്കളോ പരിചയക്കാരോ ആയിരുന്നു  ഇതിന് ചുക്കാൻ പിടിച്ചിരുന്നത്.  ദാരിദ്ര്യം തന്നെയായിരുന്നു അന്യനാട്ടിലേക്ക് ഭാഗ്യം തേടി വരാൻ അവരെ പ്രേരിപ്പിച്ചിരുന്ന ഒരേയൊരു വികാരം. ഞങ്ങളെ പോലെ  പഠിക്കാൻ പോകേണ്ട കുട്ടികളായിരുന്നു അവരും. പക്ഷെ ദാരിദ്ര്യം മൂലം അവരോ അവരുടെ വീട്ടുകാരോ അവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആകുലപ്പെട്ടില്ല.  കൺ  വെട്ടത്ത്  നിന്നു മറഞ്ഞാലും എവിടെയെങ്കിലും മൂന്നു നേരം വയറു നിറച്ച് ആഹാരം കഴിച്ചു കഴിയട്ടെ  എന്ന് അവരുടെ അമ്മമാർ  കരുതി.  ആ കുട്ടികൾക്ക്  മെച്ചപ്പെട്ടൊരു ജീവിതം കൊടുക്കുന്നു എന്ന ഭാവമായിരുന്നു തൊഴിൽ ദാതാക്കൾക്കും .
അങ്ങനെ ചില പാലക്കാടൻ ആൺകുട്ടികൾ ഞങ്ങളുടെ വീട്ടിലും ഹ്രസ്വകാലങ്ങളിൽ ജോലിക്കാരായെത്തി. അന്ന് അച്ഛനും  ഇളയച്ചനും  വിദേശത്തായിരുന്നത് കൊണ്ടും ഞങ്ങൾ  പൊടിക്കുട്ടികളായതു കൊണ്ടും ആകാം ഒരു കൈസഹായത്തിനായി ആൺകുട്ടികളെ ജോലിക്ക് നിർത്താൻ താല്പര്യപ്പെട്ടിരുന്നത്. ഒരു സഞ്ചിയും കൊടുത്ത്  പലചരക്കു കടയിലേക്കോടിക്കാനും തൊട്ടടുത്തുള്ള  മില്ലിലേക്ക് പറഞ്ഞു വിടാനും അച്ഛമ്മക്ക് അകമ്പടി സേവിച്ച് ഓരോയിടത്തേക്ക് നടക്കാനും മറ്റുമായിരുന്നു  അവർ. ഞങ്ങളുടെ വീട്ടിൽ വന്ന് അധികം താമസിയാതെ നല്ല ആഹാരം കഴിച്ച് അവരുടെ ശരീരം പുഷ്ടി വെക്കുകയും  എണ്ണ തേച്ചു കുളിച്ച് മുഖവും മുടിയും മിനുങ്ങുകയും മൊത്തത്തിൽ അഴക് വെക്കുകയും ചെയ്യും. അതു കണ്ട് അവരുടെ മാതാപിതാക്കൾ സന്തോഷിക്കും.
അന്നേ വരെ കഴിച്ചിട്ടില്ലാത്ത  തരം ആഹാരപദാർത്ഥങ്ങൾ രുചിച്ചും വീഡിയോയിൽ സിനിമകൾ കണ്ടും സന്തോഷവാന്മാരായി അവർ  ആദ്യ ദിവസങ്ങൾ കഴിയും. പിന്നെ നഷ്ട്ടപ്പെട്ട നാടും വീടും സ്വാതന്ത്ര്യവുമൊക്കെ  അവരെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും. ബന്ധുരകാഞ്ചന  കൂട്ടിലാണെങ്കിലും അത് ബന്ധം തന്നെയാണെന്ന് തോന്നി അവധിക്ക് പോകുന്നവരിൽ ചിലർ മടങ്ങി വരാതാകും.
വയർ നിറച്ചും ഉണ്ണാൻ കിട്ടുന്നത് ,നല്ലോണം എണ്ണയും സോപ്പും  തേച്ച്  പൈപ്പുവെള്ളത്തിൽ കുളിക്കാൻ കഴിയുന്നത്, പിന്നാത്ത കുപ്പയങ്ങൾ അണിയാൻ കിട്ടുന്നത്,..ഇതു പോലുള്ള സൗഭാഗ്യങ്ങൾ തട്ടിക്കളയുന്നത് അവരുടെ വിവരക്കേടാണെന്ന്  അപ്പോൾ മുതിർന്നവർ പരിതപിക്കും.  

അക്കൂട്ടത്തിൽ ഏറ്റവും മുതിർന്നത് പൊടിമീശക്കാരൻ  കൃഷ്ണനായിരുന്നു.
വെളുത്തുരുണ്ട  കൃഷ്ണൻ മുണ്ടും ഷർട്ടുമണിഞ്ഞ് ഉല്ലാസവാനായി നടന്നു.  കൃഷ്ണൻറെ  കൂടെയെത്തിയ ചില കൗമാരക്കാർ ഞങ്ങളുടെ ബന്ധുവീടുകളിൽ തന്നെയുണ്ട്. ഇവർ പരസ്പരം കണ്ടുമുട്ടുമ്പോൾ സൗഹൃദം
പങ്കു വെച്ചു പോന്നു.

കൃഷ്ണൻ വീട്ടിലുണ്ടായിരുന്ന ചെറിയ കാലയാളവിലാണ്  ഞങ്ങൾ കുട്ടികൾക്ക്  ഉച്ചക്ക് നല്ല ചൂടുള്ള ചോറും കറികളും കഴിക്കാനുള്ള ഭാഗ്യമുണ്ടായത്. രാവിലെ പുറപ്പെടുമ്പോൾ  അമ്മ ചോറ്റുപാത്രത്തിലാക്കി തരുന്ന ചോറും  ഒരു ഉപ്പേരിയും ( ഞങ്ങൾ  തൃശൂർകാർക്ക് തോരനും മെഴുക്കുപുരട്ടിയുമൊക്കെ ഉപ്പേരിയാണ്) തണുത്തുറഞ്ഞതിന് ശേഷം കഴിക്കുന്ന ഞങ്ങളെ തേടി വീട്ടിൽ ഉച്ചക്കുണ്ടാക്കുന്ന ആവി പറക്കുന്ന പല വിഭവങ്ങൾ സ്ക്കൂളിലേക്ക് വരാൻ തുടങ്ങി. ഉച്ചക്ക് ബെല്ലടിക്കുമ്പോൾ എൻ്റെ രണ്ടാം ക്ലാസ്സിൻ്റെ മുൻപിൽ കൃഷ്ണൻ ഒരു സഞ്ചിയിൽ ചൂടുള്ള ചോറ്റുപാത്രങ്ങളുമായി  മുഖം നിറഞ്ഞ ചിരിയുമായി നിൽക്കുന്നുണ്ടാകും. എനിക്കും ചേച്ചിക്കും ഇളയച്ഛന്റെ  മക്കൾക്കുമുള്ള ആഹാരം കൊടുത്തു വിട്ടിട്ടുണ്ടാകും. ഇന്നെന്താണ് അമ്മ കൊടുത്തു വിട്ടതെന്ന് വലിയ ആവേശത്തിലാണ് ഓരോ ദിവസവും ഡെസ്ക്കിൽ കൊണ്ടു വെച്ച് പാത്രം തുറക്കുന്നത്. അക്കാലത്ത് അമ്മ കൊടുത്തു വിട്ട മുതിര വറുത്തു പൊടിച്ച് തേങ്ങ അരച്ചു ചേർത്ത പുതിയൊരു  കൂട്ടാന്റെയും  ചെമ്മീൻ വടയുടെയും  സ്വാദ് ഇപ്പോഴും നാക്കിലുണ്ട് .
ഒരു ദിവസം ഉച്ചക്ക് മണിയടിച്ചപ്പോൾ  ചോറു വാങ്ങാൻ ക്ലാസ്സുമുറിയുടെ പുറത്തേക്ക് ഓടിയ എന്നെ എതിരേറ്റത്  കൃഷ്ണന്റെ കയറ്റിപ്പിടിച്ച  മുഖമാണ്.  “എന്തു  പറ്റി? “ എന്നു ഞങ്ങളൊക്കെ മാറി മാറി ചോദിച്ചെങ്കിലും കൃഷ്ണൻ ഒന്നും പറഞ്ഞില്ല. പകരം ആ കണ്ണുകളും മുഖവും ചുമന്നു ചുമന്നു വന്നു
“ വേഗം കഴിക്ക് ..എനിക്ക് പോണം…” എന്നു മയമില്ലാതെ പറഞ്ഞു. അന്നു ഉച്ചത്തിരിഞ്ഞു വീട്ടിലെത്തുമ്പോൾ  കൃഷ്ണനില്ല . കൃഷ്ണൻ അച്ചമ്മയോട് വഴക്കിട്ട് പാലക്കാട്ടേക്ക്  പോയെന്ന് പറഞ്ഞു കേട്ടു. അവന്റെ നിൽപ്പും ഭാവവും  കണ്ട് പേടിയായെന്നും അപകടം പിടിച്ച പ്രായമാണ് അവന്റേതെന്നും പോയത് നന്നായെന്നുമൊക്കെ പെണ്ണുങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു.    രാവിലെ തന്നെ  വീട്ടിലേക്ക് പോകാനൊരുങ്ങിയ കൃഷണനോട് കുട്ടികൾക്ക് ചോറു കൊടുത്തിട്ട് പോയാൽ പോരെ എന്ന് അമ്മ ചോദിച്ചപ്പോൾ  കൃഷ്‌ണൻ അതിനു തയ്യാറായത്രെ . കൃഷ്ണന് ഞങ്ങൾ കുട്ടികളെ  ഇഷ്ടമായിരുന്നുവെന്ന് തോന്നുന്നു.

പിന്നെ എപ്പോഴോ ഒരു ജയൻ വന്നു. ദാമു വന്നു. പീടികയിൽ പോയ ദാമുവിനെ പട്ടി കടിച്ചു. വഴിയിലൊരു ചായക്കടക്കരൻ്റെ പട്ടിയാണ് കടിച്ചത്.
കരയുന്ന ദാമുവിനെയും കൊണ്ട് ചായക്കടക്കാരൻ വീട്ടിൽ വന്നു. പേടിക്കാനൊന്നുമില്ല. സ്വന്തം പട്ടിയാണ്. പേയൊന്നുമില്ല എന്നൊക്കെ ധൈര്യപ്പെടുത്തി. എങ്കിലും ദാമുവിനെ ആശുപത്രിയിൽ കൊണ്ടു പോയി.
ജയന് ചതുര  മുഖമായിരുന്നു. മെലിഞ്ഞ ദേഹവും. ജയൻ സഞ്ചിയെ  ‘ഫെഞ്ചി’ എന്നാണ് പറഞ്ഞിരുന്നത് എന്നത് ഞങ്ങൾ കുട്ടികളെ വല്ലാതെ രസിപ്പിച്ചു.
ജയൻ തെങ്ങു നനയ്ക്കുമ്പോൾ  ഞാൻ ജയനോടൊപ്പം കൂടുമായിരുന്നു. പച്ച   പെരുമ്പാമ്പിനെ പോലുള്ള ഹോസ് വലിച്ച് തെങ്ങിൻ തടത്തിൽ വെച്ചാൽ അതു നിറയുന്നത് വരെ ഓരോ വർത്തമാനങ്ങൾ പറയാം. കളിക്കാം. അപ്പോഴാണ് ജയൻ മരിച്ചു പോയ അമ്മയെ കുറിച്ച് പറഞ്ഞത്. അമ്മ പ്രേതമായി വന്നത് താൻ കണ്ടിട്ടുണ്ടെന്ന് കശുമാവിൻ്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ് ജയൻ പറഞ്ഞത്. എൻ്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി. “ മരിച്ചവർ പ്രേതമായി വരൊന്നുമില്ല. ജയൻ നുണ പറയുകയാ..” ഞാൻ എന്നെ തന്നെ ധൈര്യപ്പെടുത്താൻ പറഞ്ഞു. “ഇല്ല ഞാൻ കണ്ടിട്ടുണ്ട്. വെളുത്ത സാരിയുടുത്തിട്ട്…” ജയൻ തീർത്തു പറഞ്ഞ് എന്റെ ഭൂതപ്രേത ഭയങ്ങൾക്ക് ആക്കംകൂട്ടി 

കാലം കടന്നു ..ഇളയച്ഛൻ്റെ കുടുംബം വേറെ വീട് വെച്ചു പോയി. അച്ഛൻ നാട്ടിലായി.  ഞങ്ങൾ വളർന്നു. അച്ഛമ്മ ഇടവിട്ടിടവിട്ട്  മനസ്സിന്റെ കള്ളക്കളികളിൽ പെട്ടുഴറി . ഒടുവിൽ ഒരോർമ്മത്തെറ്റിൽ ബന്ധനത്തിലായി. അമ്മയുടെ ആരോഗ്യം തേഞ്ഞുതേഞ്ഞു പോയി.
ആൺ കുട്ടികൾക്ക് പകരം പെങ്കുട്ടികളായി നാടു വിട്ടു കൂടു കൂട്ടാൻ വരുന്നവർ. അന്ന് വീട്ടു ജോലിക്ക് വന്നിരുന്ന പെൺകുട്ടികൾ ഓരോരുത്തരും എന്നെങ്കിലും വരാനിരിക്കുന്ന തൻ്റെ കല്ല്യാണത്തിന് പൊന്നും പണവും സ്വരുകൂട്ടാൻ നിയുക്തരായവരായിരുന്നു. വല്ല വിധേനയും ‘വല്ലവൻ്റെയും കൂടെ മാന്യമായി’ തന്നെ തന്നെ പറഞ്ഞു വിടേണ്ട ചുമതല  അവർ സ്വയം വഹിച്ചു പോന്നു. 
സുധ പണ്ടേ പിരിഞ്ഞുപോയെങ്കിലും സുധയുടെ ചേച്ചി  കല്ലു   വർഷങ്ങൾക്ക് ശേഷം   ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ താമസിച്ചു പണിയെടുത്തു. സ്വന്തം താല്പര്യപ്രകാരമാണ്  കല്ലു ഞങ്ങളോടോപ്പം  കൂടിയത്. മുൻപ് ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥൻ്റെ ലൈംഗിക സ്വഭാവമുള്ള  ഇടപെടലുകളിൽ  നിന്നും രക്ഷപ്പെട്ട്  പോന്നതാണെന്ന്  ഒരിക്കൽ പറഞ്ഞു.  കുറച്ച്‌ നാൾ ചെന്നപ്പോൾ,  എന്നും രാത്രിയായാൽ മദ്യപിച്ച് വീട്ടിലെത്തി അച്ഛൻ കൊളുത്തി വിടുന്ന  തല്ലിലും ബഹളത്തിലും  വേവാൻ വയ്യെന്നും പറഞ്ഞ് ഉറക്കവും ഞങ്ങളുടെ വീട്ടിലായി. ആഴ്ചാവസാനങ്ങളിൽ  മാത്രം വീട്ടിൽ പോകുന്ന കല്ലു മുഷിഞ്ഞ കുപ്പായവും ചപ്രച്ച തലമുടിയുമായി മടങ്ങി വന്നു. പുറത്തെ കുളിമുറിയിൽ കയറി തേച്ചു കുളിച്ച് ചന്ദ്രികാസോപ്പിൻ്റെ മണവും മുഖത്ത് വിടർത്തിയ ചിരിയും ഒരു നൂറുകൂട്ടം നാട്ടുവിശേഷങ്ങളുമായി വീണ്ടും ഞങ്ങളിലേക്ക് പ്രവേശിച്ചു.
സുധയെ പോലായിരുന്നില്ല കല്ലു. അതങ്ങനെയല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും ഒരുപക്ഷെ കല്ലുവിനെ പിന്തുടർന്നിട്ടുണ്ടാകാം.  കല്ലു വിശ്വസ്തയായിരുന്നു. കല്ലുവിന് മുന്നിൽ മുറിയകങ്ങളും അലമാരകളും   മനോരഹസ്യങ്ങളും ധൈര്യസമേതം തുറന്നുകിടന്നു.

വലിയ ആരോഗ്യമില്ലാത്ത ശരീരവും മനസ്സുമായിരുന്നു കല്ലുവിൻ്റേത്. സിനിമയിലോ പത്രവാർത്തകളിലോ കാണുന്ന അന്യായങ്ങളും അതിക്രമങ്ങളും കല്ലുവിനെ വല്ലാതെ വികാരംകൊള്ളിക്കും. അവനെൻ്റെ കയ്യിൽ കിട്ടിയാൽ  ഇടിച്ചുപരത്തുമെന്നും വെട്ടിക്കൊല്ലുമെന്നുമൊക്കെ പറഞ്ഞു കളയും . ഒരിക്കൽ വീട്ടിൽ പോയ കല്ലു ബന്ധുക്കളോടാരോടൊ വഴക്കു കൂടി ഒരാവേശത്തിന് മണ്ണെണ്ണ എടുത്ത് കുടിച്ച് ആശുപത്രിയിലായി. കാലു തരിക്കുമ്പോൾ  തെങ്ങോലയിൽ നിന്നും ഒരു കഷ്ണം കീറി മൂക്കിൽ വെച്ചാൽ മതിയെന്ന് കല്ലു വിശ്വസിച്ചിരുന്നു.  കല്ലുവിൻ്റെ കാതിലെ കമ്മൽ തുളയിൽ  മിക്കപ്പൊഴും പച്ചീർക്കിലിയായിരുന്നു. ഓണക്കാലത്ത് തന്റെ കൂട്ടുകാരികളുമായി  ചേർന്ന് കൈകൊട്ടിക്കളി  കളിക്കാൻ കല്ലുവിന് വലിയ ഉത്സാഹമായിരുന്നു. സിനിമാതാരം മോനിഷ മരിച്ചുവെന്ന് ഓടി വന്ന് ഞങ്ങളെ അറിയിച്ചത് കല്ലുവാണ്. മനോരമ ആഴ്ചപ്പതിപ്പിലെ സുന്ദരൻമാരുടെയും സുന്ദരികളുടെയും ആരാധികയായിരുന്നു. വീട്ടിൽ ധാരാളം വാരികകളും പുസ്തകങ്ങളും വാങ്ങിയിരുന്നുവെങ്കിലും സുന്ദരന്മാരും സുന്ദരികളും നിരന്നിരിക്കുന്ന പൈങ്കിളി വാരികകളൊന്നും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. മാതൃഭൂമി  ആഴ്ചപ്പതിപ്പിലെ നോവലുകളൂം കഥകളുമൊക്കെയായിരുന്നു വീട്ടിൽ എല്ലാവരും വായിച്ചിരുന്നത്. അവയ്ക്കകമ്പടി വന്നിരുന്നതോ നമ്പൂതിരി വരകളിലെ ‘വല്ലാത്ത മനുഷ്യന്മാരും’.  ഈ സാഹചര്യത്തിലാണ് കല്ലുവുമായി ഞാനൊരു ഉടമ്പടിയിലെത്തിയത്. ആഴ്ചതോറും അമ്മയെ മണിയടിച്ച്  കാശു വാങ്ങി കല്ലുവിന് കൊടുക്കും. മനോരമ ആഴ്ചപ്പതിപ്പ് വാങ്ങാൻ.  കല്ലു വാങ്ങി കൊണ്ടു വരുന്ന ആഴ്ചപ്പതിപ്പിൽ നിന്നും ഞാനും ഒരു കുറ്റം ചെയ്യുന്ന ഭാവത്തിൽ, ലോറിക്കാരൻ നോബിളിൻ്റെ കഥയൊക്കെ വായിച്ചു. 

പ്രായം ചെല്ലുന്തോറും വിദൂരതയിലേക്ക് തെന്നി മാറുന്ന   കല്ല്യാണത്തെ കുറിച്ച്  സ്വപ്നങ്ങൾ നെയ്തു നടക്കുന്ന കാലത്താണ്  കല്ലുവിനെ ആകെ  പിടിച്ചുലച്ചു കൊണ്ട് സുധ മുറച്ചെറുക്കൻ്റെ കൂടെ ഒളിച്ചോടിപ്പോയത് . കല്ലു അമ്പരന്നു. ദേഷ്യംകൊണ്ട് ജ്വലിച്ചു. കരഞ്ഞു. പിന്നെ അനുജത്തിയെ ചേർത്തുപിടിച്ചു.
വൈകിയാണെങ്കിലും കല്ലുവിനെ തേടിയും കല്ല്യാണം വന്നു. കല്ല്യാണപ്പെണ്ണായ കല്ലു  പീലിവിടർത്തിയാടിക്കൊണ്ട്  വീട് വിട്ടു പോയി.  കല്ല്യാണം പരുപ്പരുത്ത ജീവിതത്തിൽ നിന്നൊരു രക്ഷപ്പെടലല്ലെന്ന് മിക്ക പെണ്ണുങ്ങളെയും പോലെ കല്ലുവിനും കാലം കാട്ടി കൊടുത്തു. ബാല ടിബി ബാധിച്ച മകനെയും കൊണ്ട് , മെലിഞ്ഞുണങ്ങി കരുവാളിച്ചു പോയ  കല്ലു  വല്ലപ്പോഴുമൊക്കെ വീട്ടിൽ വന്നു. അമ്മ വിളമ്പി  കൊടുത്ത ആഹാരം കഴിച്ച്  , ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങി ലോകത്തിൻ്റെ ഭാരം മുഴുവൻ കാലിൽ കെട്ടിയിട്ടതു പോലെ നടന്നു പോയി.
    കല്ലു പോയി കുറേ കഴിഞ്ഞാണ് നെന്മാറയിൽ നിന്നും ഷിനി വരുന്നത്.  കൗമാരത്തിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളൂ ഷിനി. വെളുത്ത് മെലിഞ്ഞ് നീണ്ട്, മൂക്കുത്തി തിളക്കവും നീളൻ മുടിയുമൊക്കെയുള്ള ഷിനിക്ക് താൻ സുന്ദരിയാണെന്ന ആത്മവിശ്വാസം വേണ്ടോളമുണ്ടായിരുന്നു. തന്നന്നം താനന്നം പാട്ടിലെ നായികയെ പോലാണ് ഷിനിയെന്ന് എനിക്കും ചേച്ചിക്കും തോന്നി.  ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഷിനിക്ക് ഒരു പോലെ താല്പര്യമായിരുന്നു.  മുൻപ് നിന്നിരുന്നത് പാചകം ആഘോഷമാക്കിയ ഒരു മുസ്ലിം കുടുംബത്തിലാണെന്ന് ഷിനി പറയും. അവർ ഷിനിക്ക് നീളൻ കുപ്പായവും തട്ടവും നിർബന്ധമാക്കിയിരുന്നു. തട്ടത്തിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു ഷിനിയെങ്കിലും  നെയ്ച്ചോറും ബിരിയാണിയും മണക്കുന്ന അടുക്കള നഷ്ട്ടം , ഞങ്ങളുടെ അധികം പച്ചക്കറിയും  മീനും വല്ലപ്പോഴും മാത്രം മാംസവും പാകം ചെയ്യുന്ന വീട്ടിലിരുന്ന് ഷിനി  സങ്കടത്തോടെ ഓർത്തു.  പാചകപ്പണി ജോലിക്കാരെ ഏല്പിക്കാത്ത അമ്മയുടെ പിന്നാലെ നിന്ന് അവസരങ്ങൾ ചോദിച്ചു വാങ്ങുമായിരുന്നു ഷിനി.   ഷിനിയും ഞങ്ങൾ പെൺകുട്ടികളും   ചേർന്ന് പറോട്ട ഉണ്ടാക്കി. എന്നെയും ഷിനിയേയും അച്ചമ്മക്ക് കാവലിരുത്തി എല്ലാവരും പുറത്തു പോയൊരു ദിവസം  ഷിനി പറമ്പിൽ നിൽക്കുന്ന വാഴക്കൊടപ്പൻ പറിച്ചു കൊണ്ടു വന്നു  ഉപ്പേരി വെച്ചു. ഇത്രയും രുചിയുള്ള ഒരു കുടപ്പൻ ഉപ്പേരി ഞാൻ കഴിച്ചിരുന്നില്ല.

ഞങ്ങൾക്ക് പാകമില്ലാതായ കുട്ടിപ്പാവാടയിട്ടു നടക്കുന്ന ഷിനി ഒരു കുട്ടിയാണെന്ന് ഷിനിയുടെ വീട്ടുകാരും ഞങ്ങളും വിചാരിച്ചു. പക്ഷെ  കൗമാരകുതൂഹലതകളിലും പ്രണയ  മോഹങ്ങളിലും ഷിനിയുടെ മനസ്സ് ഊഞ്ഞാലാടിക്കൊണ്ടിരുന്നു. ഒരിക്കൽ നാട്ടിൽ പോയി വന്ന ഷിനി ഒരു കാമുകനെ കണ്ടെത്തിയിരുന്നു. ബോംബയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന നെന്മാറക്കാരൻ ചെറുപ്പക്കാരനും ആ സമയത്ത് അവധിക്ക് വന്നതാണത്രെ .
കാമുകൻ്റെ കത്ത് ഷിനിയെ തേടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അച്ഛനും അമ്മയും പുറത്തു പോയ നേരത്താണ് സംഭവം. അപ്പോഴാണ് ഷിനി തൻ്റെ പ്രണയകഥ ഞങ്ങളോട് വെളിപ്പെടുത്തുന്നത്. കാമുകന്  മറുപടി എഴുതി കൊടുക്കാൻ ഷിനി  ചേച്ചിയോട് അഭ്യർഥിച്ചു. പക്ഷെ അമ്മയുടെ ഇടപ്പെടൽ ഷിനിയുടെ  പ്രണയത്തെ ഒരു ഒളിച്ചോട്ടത്തിൽ നിന്നും രക്ഷിച്ചു.  അക്കാലത്ത് വീട് മുകളിലേക്ക് പണിയാൻ തുടങ്ങി. ജോലിക്കായി അനവധി ചെറുപ്പക്കാർ വീട്ടിൽ വന്നു പോകാൻ തുടങ്ങി. അതിൽ അധികവും തമിഴന്മാരായിരുന്നു. അവരുടെ  മൂളിപ്പാട്ടുകളും   ചൂളമടികളും ഷിനിയിൽ  ആന്തോളനങ്ങളുണർത്തി.. ഉച്ചക്ക് അമ്മയൊന്നു മയങ്ങിയാൽ ഷിനി സല്ലാപത്തിനായി ഓടിച്ചാടി പണിസ്ഥലത്തും. കിലുകിലുന്നനെ വർത്തമാനങ്ങളും ചിരികളും പൊഴിക്കും. “ആ പെൺകുട്ടിയെ ഒന്നു ശ്രദ്ധിച്ചോ…ട്ടാ. അവൾക്കൊരു ലക്കും ലഗാനോമില്ല. എന്തെങ്കിലും പറ്റി പോയാൽ നിങ്ങളുത്തരം പറയേണ്ടി വരും” എന്ന് മുതിർന്ന പണിക്കാർ അമ്മയോട്  പറയാൻ തുടങ്ങി. അമ്മക്ക് സ്വസ്ഥത നഷ്ട്ടപ്പെട്ടു.  ഷിനിയുടെ വീട്ടിലേക്കൊരു കത്ത് പോയി. തീരെ താല്പര്യമില്ലാതെയാണ് ഷിനിയുടെ അമ്മ മകളെ കൂട്ടിക്കൊണ്ടു പോയത്.

  മധുരയിൽ  നിന്നും ഹിന്ദിസിനിമാനടൻ്റെ പേരുള്ളൊരു പെൺകുട്ടി വന്നു. ഗോവിന്ദ!  മെഴുകിയെടുത്തതു പോലുള്ള മുഖവും അതിലെ കുഞ്ഞുകണ്ണുകളും മൂക്കും ചുണ്ടും കണ്ടാൽ ബൊമ്മുകൊലു എന്ന് വിളിക്കാൻ തോന്നും. മധുര ശബ്ദം. മര്യാദ. ജോലിയിൽ അതിശുഷ്ക്കാന്തിയും. പ്രായത്തിൻ്റേതായ കളിചിരികളില്ല. വന്ന ദിവസം പറഞ്ഞേൽപ്പിച്ചതാണ് ചെയ്യേണ്ട ജോലികൾ പിന്നെ ഒരിക്കൽ പോലും ഓർമ്മിപ്പിക്കേണ്ടതായി വന്നിട്ടില്ല.  പണി കഴിഞ്ഞാൽ അച്ഛമ്മയുടെ മുറിയിൽ ചെന്ന്  മിണ്ടാതിരിക്കും. നിർബന്ധിച്ച് വിളിച്ചാൽ മാത്രമേ  ഞങ്ങളോടൊപ്പം വന്നിരുന്ന് ടിവി പരിപാടികൾ കാണൂ  . ഇടയ്ക്ക് അച്ഛനൊ ചേട്ടനോ   കാണാൻ വരും. വരുമ്പോൾ കുപ്പിവളകളും കല്ലുമാലകളും മറ്റും കൈനിറയെ കൊണ്ടു വരും. ഓരോ വസ്ത്രത്തിനും ഇണങ്ങുന്ന ആഭരണങ്ങൾ അണിഞ്ഞാണ് ഗോവിന്ദ നടക്കുക. രാവിലെ ഉണർന്നെഴുന്നേറ്റാൽ പല്ലു തേച്ചു മുഖം കഴുകി വടക്കേ തിണ്ണയിലിരിക്കും. എണ്ണമെഴുക്കുള്ള മുടി ജഡ തീർത്ത്‌  വലിച്ചു മുറുക്കി കെട്ടും. ഉറങ്ങാനഴിച്ചു വെച്ച ആഭരണങ്ങളെല്ലാം ചാർത്തും . എന്നിട്ടാണ് പണികളിലേക്ക് കടക്കുക.

പെട്ടെന്നാണ് പാവം പോലെ നിന്ന ഗോവിന്ദയുടെ ഭാവം മാറിയത്. അച്ഛമ്മയുടെ മരണത്തോടെയായിരുന്നു അത്. അച്ഛമ്മ കിടപ്പിലായ ദിവസം മുതൽ വീടു നിറച്ചും ബന്ധുക്കളും നാട്ടുകാരും വന്നും പോയുമിരുന്നു.  അച്ഛമ്മ പോയതോടെ ഗോവിന്ദയുടെ ഉള്ളിൽ നിന്നും ഒരു ‘നാഗവള്ളി’ പുറത്തു ചാടി. സൗമ്യമായി മാത്രം സംസാരിക്കുന്ന ഗോവിന്ദ ,വീട്ടിൽ വന്ന ചിലരോടൊക്കെ  തമിഴിൽ തർക്കുത്തരം പറയാനും  തട്ടിക്കയറാനും തുടങ്ങി. മരണം നടന്ന് വീട്ടിൽ നിൽക്കാൻ പേടിയാണെന്നും  തനിക്ക് നാട്ടിൽ പോകണമെന്നും ഒറ്റ ശാഠ്യത്തിൽ ഇരുപ്പായി. അപ്പോഴാണ് ഗോവിന്ദയുടെ പൂർവകാല കഥകൾ ചുരുളഴിയുന്നത്. മുൻപ് ജോലിക്ക് നിന്നിരുന്ന വീട്ടിൽ വെച്ച് എന്തോ മാനസികപ്രശ്നങ്ങൾ കാണിച്ചിരുന്നുവെന്നും വീട്ടുകാരിയെ ചൂലു കൊണ്ട് തല്ലിയെന്നുമുള്ള  കഥകൾ കേട്ടു.  ഗോവിന്ദയുടെ അച്ഛൻ വന്ന് മകളെ കൂട്ടിക്കൊണ്ടുപോയി.

മരണവീട്ടിൽ  നിറച്ചും ആൾ. വന്നും പോയും ഇരിക്കുന്നവർ ഏറേ. മൂന്നു നേരവും തീന്മേശയിലെത്തുന്നവർ വേറേ. അമ്മയ്ക്ക്  ഒരു പാചകസഹായി അത്യാവശ്യമായ ആ ദിവസങ്ങളിലാണ് ദേവകിയമ്മയുടെ വരവ്. പ്രായമായ സ്ത്രീയാണ്. നരച്ചു തുടങ്ങിയ മുടിയും   ചുളിവ് വീണ വെളുത്ത മുഖവും കൃശഗാത്രവും . മേൽ ജാതിക്കാരിയാണ്. സസ്യാഹാരിയാണ്.  പുലവീടൽ വരെ ഞങ്ങൾക്കും സസ്യഹാരമാണ്. ദേവകിയമ്മ  വന്ന് അടുക്കള പൂർണ്ണമായും ഏറ്റെടുത്തു.സദ്യ ഒരുക്കാൻ പോകുന്ന ദേവകിയമ്മക്ക്  പാചകം നിസ്സാരമായിരുന്നു.  രുചിയോ കെങ്കേമം. 
ഇറച്ചിയും മീനും കഴിക്കാതെ ശ്വാസം മുട്ടുന്നവരെ സന്തോഷിപ്പിക്കാനാണ് ദേവകിയമ്മ ചേന വറുത്തരച്ചു വെച്ചത്. ഞൊടിയിടകൊണ്ട് പാത്രം കാലിയായി. വീട്ടിലെ പെണ്ണുങ്ങൾ ദേവകിയമ്മക്ക്  കയ്യാളികളായി കൂടി. രുചിരഹസ്യങ്ങൾ പഠിച്ചെടുക്കാൻ  അവർക്ക് താല്പര്യമായി.  എന്തെല്ലാം പാകം ചെയ്തു വെച്ചാലും ദേവകിയമ്മക്ക് പക്ഷെ ഒന്നും കഴിക്കാൻ താല്പര്യമില്ല. പഴംചോറും രസവുമാണ് അമൃത് . മൂന്നു നേരവും രസം കൂട്ടി   ഉണ്ടാൽ അത്രയും സന്തോഷം. നിർബന്ധിച്ചാൽ പറയും “രസത്തിന്റെ രുചി  വേറെന്തിനുണ്ട് കുട്ട്യോളേ ?”

രാത്രി പണിയെല്ലാം ഒഴിഞ്ഞാൽ  ദേവകിയമ്മയുടെ കഥ പറച്ചിലുണ്ട്.
സ്ത്രീസദസ്സിൽ വിളമ്പുന്നത് ജീവിത കഥയാണ്. ഞങ്ങളൾ കുറച്ചു കോളേജ് കുമാരിമാരും അമ്മമാരോടൊപ്പം കൂടും സിനിമാക്കഥയെ വെല്ലുന്ന ഈ കഥകൾ കേൾക്കാൻ. ചെറുപ്പത്തിൽ വിധവയായി പോയ ഒരു സ്ത്രീ മക്കളെ വളർത്തിയെടുക്കാൻ വേണ്ടി നടന്ന കനൽ വഴികൾ. വിധവ സുന്ദരി കൂടിയായാൽ ജീവിതം ശരിക്കുമൊരു അഗ്നിപരീക്ഷ. കഥകൾ ചിലപ്പോഴൊക്കെ കെട്ടുകഥകളാകുന്നുണ്ടോ എന്ന് ഞങ്ങൾക്ക് സംശയം തോന്നാതിരിക്കില്ല. അല്ലെങ്കിലും ബന്യാമിൻ പറഞ്ഞത് പോലെ നമ്മൾ ജീവിക്കാത്ത ജീവിതങ്ങളൊക്കെയും  നമുക്ക് കെട്ടു കഥകളാണല്ലോ. അത്തരം അതിനാടകീയമായൊരു കഥയിലെ വില്ലൻ എല്ലാവർക്കുമറിയുന്ന എം പിയാണ്. ഡൽഹിയിൽ എല്ലാ സുഖഭോഗങ്ങളുടെയും പറുദീസയിൽ കഴിയുമ്പോഴും നേതാവിന്‌  തനതായ മലയാളഭക്ഷണം നഷ്ട്ടപ്പെട്ട സങ്കടം. സങ്കടം തീർക്കാനാണ് ആരുടെയൊ ഏർപ്പാടിൽ ദേവകിയമ്മ ഡൽഹിയിൽ എത്തുന്നത്. 

മന്ത്രിയും മന്ത്രിപത്നിയും രണ്ടു ലോകങ്ങളിൽ സദാ തിരക്കിലാണത്രെ. ഊണ്മേശയിൽ നിരന്ന കേരളീയ ഭക്ഷണം കഴിച്ച് മന്ത്രി ഉല്ലാസവാനായി. അനുമോദിക്കാൻ പാചക്കാരിയെ ഊണുമുറിയിലേക്ക് വിളിപ്പിച്ചു. ദേവകിയമ്മയുടെ  വിഭവങ്ങൾ മാത്രമല്ല ദേവകിയമ്മയേയും  എം പി ക്ക്  ക്ഷ ബോധിച്ചു.  വൈകുന്നേരങ്ങളിൽ മദ്യോന്മുത്തനായാൽ പിന്നെ അങ്ങോട്ട് നടക്കുക ഒരു ടോം ആൻ്റ്   ജെറി  കളിയാണത്രെ. ഒടുവിൽ അവിടെ ജോലിക്കാരായ ഏതൊക്കെയോ വടക്കേ ഇന്ത്യൻ ചെറുപ്പക്കാരുടെ സഹായത്തോടെ കഥാനായിക ഡൽഹിയിൽ നിന്നും ഓടിപോരുകയായിരുന്നു. കുറച്ചു ദിവസങ്ങളുടെ കഥകളും രുചികളും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തന്ന് പുലവീടലോടെ ദേവകിയമ്മ യാത്രയായി. 
എപ്പോഴും വീട്ടുജോലിക്കാരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്ന ഒരു വീട്ടിൽ നിന്നും ജോലിക്കാരേയില്ലാത്തൊരു വീട്ടിലേക്കാണ്  ഞാൻ വിവാഹം കഴിഞ്ഞു പോയത്. മിലിറ്ററി സേവനവും വിദേശ വാസവും കഴിഞ്ഞ് ഗൃഹനാഥൻ മടങ്ങിയെത്തിയതോടെയാണ് അവിടെ വീട്ടുജോലിക്കാരുടെ പ്രസക്തി നഷ്ടപ്പെട്ടത്.  വീടിനകവും പരിസരവും ,തന്റെ പഴയ അംബാസഡർ കാറും ജർമെൻ ഷെപ്പേർഡ് സഹയാത്രികനെയും  സദാ വൃത്തിയാക്കി  മിനുക്കുന്ന അച്ഛൻ ! പറമ്പ് കിളക്കണോ , തെങ്ങിന്, വളമിടണോ, വീടു പെയ്ൻ്റടിക്കണോ, മരം കയറണോ, കിണറ്റിലിറങ്ങണോ, വാട്ടർ ടാങ്ക് കഴുകണോ...എന്തിനും തയ്യാർ. ക്ലോക്കിൻ്റെ സൂചിയുടെ ചലനത്തിനൊത്ത് ഭക്ഷണ പ്രിയനായ അച്ഛന് വേണ്ടുന്ന വിഭവങ്ങൾ തീന്മേശയിലെത്തിക്കലാണ് അമ്മയുടെ ജോലി.
മേല്പറഞ്ഞ എന്തു ജോലിക്കും പരിശീലനം കിട്ടി വളർന്ന ,സ്വാശ്രയരായ രണ്ടാണ്മക്കളും.
വിവാഹാനന്തര ജീവിതത്തിൽ ഒരേയൊരു ജോലിക്കാരിയെ ഉണ്ടായുള്ളു. നവവധുവായി , കൊച്ചിയിലെ കടവന്ത്രയിലെ ഒരു വാടകവീട്ടിൽ കഞ്ഞിയും ചോറും വെച്ചു കളിച്ചു തുടങ്ങിയ കാലത്ത് സഹായത്തിനെത്തിയതാണ് മണിച്ചേച്ചി. ഒരുപാട് വീടുകളിൽ ഓടി നടന്ന് ജോലിചെയ്യുന്ന മെലിഞ്ഞ ദേഹം ഞങ്ങളുടെ വീട്ടിലേക്കും വരും. ഒരു മണിക്കൂർ കൊണ്ട്  അടിച്ചു തുടച്ചു തുണി കഴുകി സ്ഥലം വിടും.  കുറച്ചു മാസങ്ങൾ മാത്രം നീണ്ടു നിന്ന ഒരു ബന്ധം, എങ്കിലും നിറഞ്ഞ നന്ദിയോടെയാണ് അവരെ ഓർമ്മിക്കുക. ഒരു ദിവസം അവർ ജോലിക്ക് വരുമ്പോൾ ഞാനൊറ്റക്ക് പനിച്ചു ചുമച്ചു തളർന്നു കിടപ്പായിരുന്നു.ഭർത്താവ്  ജോലിസംബന്ധമായ  യാത്രയിലും. നെഞ്ചാകെ കഫം കുറുകി കടുത്ത ശ്വാസംമുട്ട് തുടങ്ങിയിരുന്നു..  ചുമച്ചു ചുമച്ചു കിടക്കയിൽ നിന്നും എഴുന്നേറ്റതും തറയിലേക്ക് ശർദ്ധിച്ചു. “അയ്യോ..മോളേ...ശർദ്ധിച്ചോ..” എന്നു ചോദിച്ചും കൊണ്ട് അവരോടി വന്നു. ക്ഷീണിച്ചവശയായ എന്നെ ശർദ്ധിൽ വൃത്തിയാക്കാൻ അനുവദിക്കാതെ അവരത് തുടച്ചെടുത്തു. കഞ്ഞി ചൂടാക്കി കുടിപ്പിച്ചു. വീട്ടുടമയുടെ അടുത്ത് പോയി ഭർത്താവിനെ വിളിച്ച് എൻ്റെ വിവരം ധരിപ്പിക്കാൻ പറയുകയും ചെയ്തു. അമ്മയില്ലായ്മയിൽ അല്ലെങ്കിലേ വട്ടം കറങ്ങിയിരുന്ന ഞാൻ,  അപ്പോൾ പനിച്ചു കിടക്കാൻ വീട്ടിലെ നീല മുറിയും വള്ളിയുടെ  ചുക്കുകാപ്പിയും കൂടി നഷ്ട്ടപ്പെട്ട സങ്കടത്തിലായിരുന്നു.  അന്നേരം അനാഥത്വം വിഴുങ്ങി,  ഇച്ചിരി ശ്വാസത്തിനായി ആഞ്ഞുവലിക്കുന്ന ശ്വാസകോശവുമായി കിടക്കുമ്പോൾ മണിച്ചേച്ചി കാണിച്ച ആർദ്രത എന്നെ വല്ലാതെ ആഴത്തിൽ തൊട്ടു.

ഭക്ഷണം കഴിച്ച പൊതു ഭക്ഷണശാലകൾ  സ്വയം വൃത്തിയാക്കി എഴുന്നേറ്റു പോകുന്ന, കാറിൽ സ്വയം ഗാസ് നിറയ്ക്കേണ്ട, അത്യാവശ്യം ആശാരിപ്പണിയും പ്ലമ്പിങ്ങും ഒക്കെ അറിഞ്ഞ് സ്വാശ്രയാരാവേണ്ട,  മനുഷ്യരുടെ പല ജോലികളും മെഷീനുകൾ നിർവ്വഹിക്കുന്ന ഒരു രാജ്യത്ത് ജോലിക്കാരില്ലാത്തൊരു ജീവിതം തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
അങ്ങേയറ്റം സ്വകാര്യത ആഗ്രഹിക്കുന്ന എന്നെ പോലൊരു വ്യക്തിക്ക്  പുറത്ത് നിന്നിടപെടലുകളില്ലാത്ത ഈ ജീവിതം വളരെ ഇണങ്ങുമെങ്കിലും തീവ്രരോഗപീഡകളുടെയും മാനസിക തളർച്ചകളുടെയും ഏകാന്തയാനങ്ങളിൽ ചായാനൊരു മരം,മുറുകെ പിടിക്കാൻ രണ്ടു കൈകൾ,വീടിനേയും മകളെയുമൊക്കെ ധൈര്യമായി ഏൽപ്പിക്കാൻ  ഒരു സ്നേഹസ്ത്രോതസ്സ് ആഗ്രഹിച്ചിട്ടില്ലെന്ന് പറയുന്നതെങ്ങനെ?
എൻ്റെ ബാല്യകൗമാരങ്ങൾക്ക് ഇവർ പകർന്നിരുന്ന അനുഭവങ്ങളും  നാട്ടറിവുകളും പലതരം വീടുകളെ കുറിച്ചുള്ള തിരിച്ചറിവുകളും സാമൂഹികബോധങ്ങളും ബോധ്യങ്ങളും മറക്കുവതെങ്ങനെ?



എങ്കിലും നാട്ടിലെത്തുമ്പോൾ തുണിക്കടകളിൽ എന്തു വേണമെന്ന് ചോദിച്ചു പിന്നാലെ നിൽക്കുന്ന പെൺക്കിടാങ്ങൾ, വാതിൽക്കൽ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുന്ന  വൃദ്ധർ  , കാർ ഡോർ തുറന്നു തരാനും ഷോപ്പിങ്ങ്  ബാഗുകൾ വണ്ടിയിലേക്ക് വെച്ചു തരാനും ഓടിയെത്തുന്നവർ, സാർ-മാഡം വിളികളുമായി വളഞ്ഞു നിൽക്കുന്നവർ , ഇത് കേരളമോ എന്ന പകപ്പ് ഉളവാക്കി ഭക്ഷണശാലകളിലും സൂപ്പർ മാർക്കറ്റുകളിലും നിറഞ്ഞ അന്യസംസ്ഥാനമുഖങ്ങൾ  എല്ലാം   മനസ്സിനെ അലോസരപ്പെടുത്തുന്നു.
“വാതിൽക്കൽ ഇങ്ങനെ നിൽക്കുനതാണോ അയാളുടെ ജോലി?” എന്ന്  മകൾ അത്ഭുതപ്പെടുന്നു.
നമ്മുടെ നാട്ടിൽ അത്രയേറെ ആളുണ്ട്. അവർക്കൊക്കെ ജീവിക്കാൻ എന്തെങ്കിലും ജോലി വേണ്ടേ എന്ന് ഞാൻ അവളെയും എന്നെയും സാന്ത്വനപ്പെടുത്തുന്നു. 
വലിയ   ശമ്പളം കൈപറ്റി നിരുത്തരവാദിത്വം മാത്രം പ്രദർശിപ്പിക്കുന്നവർ  , കുഞ്ഞുങ്ങളോടും വൃദ്ധരോടും  രോഗികളോടും തരിമ്പും കാരുണ്യം കാട്ടാത്തവർ, സ്വാർത്ഥലോകത്തിന്റെ നെറികേടുകൾ  ശീലിച്ചവർ എന്നിങ്ങനെയൊരു മറുഭാഗത്തിന്റ  വളർച്ച   കൂടെ അമ്പരപ്പിന്  ആക്കം കൂട്ടുന്നുണ്ട്.

ഒരു ജോലിയും ‘ഗതികേട് ‘ ആയി ചെയ്യുന്നവനും കാണുന്നവനും തോന്നാത്ത,  , ഒരു വേർതിരിവുകളുമില്ലാതെ മനുഷ്യൻ എന്ന ഒരൊറ്റ പ്ലാറ്റ് ഫോമിൽ നിന്നുകൊണ്ട് എല്ലാവരും പരസ്പരം മര്യാദ കാണിക്കുന്ന, കുഞ്ഞുങ്ങളെന്നോ  മുതിർന്നവരെന്നോ ഭേദമില്ലാതെ ബഹുമാനിക്കുന്ന,അവകാശബോധത്തോടൊപ്പം ഉത്തരവാദിത്വബോധവും കൈകോർത്ത് നിൽക്കുന്ന, ഒരു പരിധിയിലപ്പുറം മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടാത്ത  ഒരു നല്ല സമൂഹം നമ്മളും നാളെ വാർത്തെടുക്കുമെന്ന്  ശുഭപ്രതീക്ഷ. ഈ ദൂരം നടന്നു വന്ന നമ്മൾ ഇനിയുമെത്രയോ ദൂരം നടക്കും!

                                                (കുറിപ്പ്: ഇതിൽ പരാമർശിച്ചിരിക്കുന്ന         
                                                  ചിലരുടെ പേരുകൾ യഥാർത്ഥമല്ല)

2020 -ൽ കലാപൂർണ്ണ മാസികയിൽ ജൂൺ, ജൂലായ് ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചതാണ് ഈ ഓർമ്മക്കുറിപ്പ്

ചിത്രങ്ങൾക്ക് കടപ്പാട് : കലാപൂർണ്ണ