August 13, 2007


ചില നാല്‍ക്കാലി കഥകള്‍

ഞങ്ങളുടെ വീട്ടില്‍ ഒരു തൊഴുത്തൊ, അതിലൊരു പശു കുടുംബമൊ ഉണ്ടായിട്ടില്ല ഒരിക്കലും.
വേനലവധിക്ക് അമ്മയുടെ തറവാട്ടില്‍ പോകുമ്പോഴാണ് ഞങ്ങള്‍ കുട്ടികള്‍ പശുവിനെ പരിചയപ്പെടുന്നത്.

അവിടെ തൊഴുത്തിന് മുന്നില്‍ ഒരു നെല്ലിപ്പുളി മരമുണ്ടായിരുന്നു.
നെല്ലിപ്പുളിമണികളുടെ പുളിയും ചവര്‍പ്പും, രാക്ഷസരുപം പൂണ്ട് നില്‍ക്കുകയും പിന്നെ കലക്രമേണ ഐസ്ക്കട്ട പോലെ അലിഞ്ഞില്ലാതാകുകയും ചെയ്യുന്ന വൈക്കോല്‍ തുറു, ഓട്ടു പാത്രത്തില്‍ അപ്പോള്‍ കറ്ന്നെടുത്ത പാലിന്റെ നുരയും പതയും ഇളംചൂടും, പച്ചച്ചാണകത്തിന്റെ മണം, എന്തിനധികം പറയുന്നു.., കട്ടത്തൈരില്‍ അമ്മായി ഉരുണ്ട കൈല് കൊണ്ട് ഉപ്പ് ചേര്‍ത്തിളക്കുന്നതിന്റെ താളം പോലും എന്നില്‍ കൌതുകം നിറച്ചിരുന്നു.

പശുവിനെ കറക്കുന്നത്, കുളിപ്പിക്കുന്നത്, വട്ടകത്തില്‍ കപ്പലണ്ടി പിണ്ണാക്ക് കലക്കിയതും കഞ്ഞി വെള്ളവും വിളമ്പി ഊട്ടുന്നത്...എല്ലാം കാണാന്‍ ഞാന്‍ പടിഞ്ഞാറേ ഇറക്കാലിയില്‍ നില്‍ക്കും.
എന്നാലൊ പശുവിനെ തൊട്ട് തലോടനും കൂട്ടുക്കൂടാനുമുള്ള ചങ്കൂറ്റവുമില്ല.
നന്ദിനിയെന്നും പാര്‍വതിയെന്നുമൊക്കെ ഐശ്വര്യം തികഞ്ഞ പേരുകളും കറുത്ത് തിളങ്ങുന്ന നീള്‍ മിഴികളും എന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. എങ്കിലും തടിച്ചുരുണ്ട ദേഹവും കൂര്‍ത്ത കൊമ്പുകളും എന്നെ പുറകോട്ട് തന്നെ തള്ളി.

പക്ഷെ വളരും തോറും ആട്, പശു, കാള, എരുമ എന്നിങ്ങനെയുള്ള നാല്‍ക്കാലികള്‍ പച്ചക്കറിക്കാരായ "ശുദ്ധ ബ്രഹ്മണന്മാര്‍" ആണെന്നും ഉപദ്രവകാരികളല്ലാത്ത സാധു മൃഗങ്ങളാണെന്നും തിരിച്ചറിവുണ്ടായി.

എന്നാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, സ്ക്കൂള്‍ വിനോദ യാത്രയില്‍ വെച്ച് ആ തിരിച്ചറിവ് തലയും കുത്തി വീണു.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും മധുരയിലെ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ നാടക്കുന്ന കെട്ടിടത്തിന് മുന്നിലെ (അരനിമിഷം കൊണ്ട് യുദ്ധക്കളത്തിന്റെ പ്രതീതിയുളവാക്കിയ) മൈതാനവും കുടമണി കെട്ടിയ കാള കൂറ്റനും മങ്ങാതെ കിടപ്പുണ്ട്.

പൊരിവെയിലത്ത് റ്റിക്കറ്റെടുത്ത് ഷോ തുടങ്ങുന്നത് കാത്ത് നില്‍ക്കുകയായിരുന്നു ഞങ്ങള്‍ കുട്ടികള്‍.
നിന്ന് നിന്ന് കാല് കഴച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനും എന്റെ കൂട്ടുകാരി അമ്പിളിയും ക്ലാസ്സ് ടീച്ചറോട് അനുവാദം ചോദിച്ച് കുറച്ചപ്പുറം മാറിയുള്ള മരത്തണലില്‍ ഇരിക്കാന്‍ പുറപ്പെട്ടു.

അന്ന് ഞാന്‍ നേര്‍ വര പോലെയും അമ്പിളി പേരിനെ അന്വര്‍ത്ഥമാക്കും വിധം വെളുത്തുരുണ്ടുമായിരുന്നു. ഞങ്ങളെ ഒന്നിച്ച് കണ്ടാല്‍ "പത്ത്" എന്നാണ് സഹപാഠികള്‍ പറയാറുള്ളത്.

അങ്ങനെ ഞങ്ങള്‍ മുന്നോട്ട് നീങ്ങവെ വഴിയില്‍ ഒരു കാളക്കൂറ്റനെ കണ്ടു. മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും ഇടയില്‍ മേഞ്ഞ് ശീലിച്ച കാള ഞങ്ങള്‍ക്കൊരു വെല്ലുവിളിയാകുമെന്ന ചിന്ത അശ്ശേഷമില്ലായിരുന്നു. എന്നാല്‍ അധികം ചിന്തക്കൊന്നും ഇട നല്‍കാതെ, വെറുതെ നിന്ന കാള, പൊടുന്നനെ കൊമ്പു കുലുക്കി രണ്ട് കുതിച്ചുച്ചാട്ടം നടത്തി ഞങ്ങള്‍ക്ക് നേരെ പാഞ്ഞ് വന്നു. പത്തെന്ന അക്കത്തിനോട് കാളക്ക് എന്തെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവൊ എന്നറിയില്ല.

ഒന്നും പൂജ്യവും വേര്‍പ്പിരിഞ്ഞു. പ്രാണനും കൈയ്യില്‍ പിടിച്ചൊരു ഓട്ടമാണ്.

പിന്നെ കാണുന്നത്...ക്യൂവില്‍ നിന്ന മറ്റെല്ലാ കുട്ടികളും ടീച്ചര്‍മാരും അവിടെ ഷോ കാണാനെത്തിയ കുടുംബങ്ങളും ഒക്കെ പരക്കം പായുന്നതാണ്. ആളുകള്‍ പേടിച്ചോടുന്നത് കാണാന്‍ നല്ല രസമുണ്ടെന്ന് കാളക്ക് തോന്നിക്കാണണം. അത് വീണ് കിട്ടിയ നേരമ്പോക്കിനെ പരമാവധി മുതലെടുത്തുക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞ് ഭീകരാരവസ്ഥ സൃഷ്ട്ടിച്ചുക്കൊണ്ടേയിരുന്നു.

അന്നേരം ഒന്നെനിക്ക് മനസ്സിലായി..ലോകത്തേക്ക് വെച്ച് ഏറ്റവും വലിയ സ്വാര്‍ത്ഥ ഞാനാണെന്ന്. ആരെയൊക്കെയോ ഒന്തിത്തളി പാഞ്ഞ് കൊണ്ടിരുന്ന എന്റെ മനസ്സില്‍ കാളക്കൊമ്പില്‍ നിന്നും എന്റെ ദേഹത്തെ രക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.
ഒടുവില്‍ ഒരു കടയില്‍ കയറി നിന്ന് കര്‍ത്താവിനെ വിളിക്കുന്ന മദര്‍ സുപ്പീരിയറെ കണ്ട്..ഞാനും അങ്ങോട്ട് കയറി. പാവം..വയസുകാലത്ത് കുട്ടി സംഘത്തോടൊപ്പം വിനോദയാത്രക്ക് പുറപ്പെട്ടതാണ് മദര്‍.

ബോറടിച്ചപ്പോള്‍ കാള കളിതമാശ അവസാനിപ്പിച്ചു. കരച്ചിലും ചിരിയുമൊക്കെ കൂട്ടിക്കുഴച്ച് ഞങ്ങള്‍ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ കണ്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വിവാഹിതയായി എന്റെ സഖാവുമൊത്ത് ഗോവയില്‍ താമസമാക്കി.
ഒരിക്കല്‍ നാട്ടില്‍ നിന്നും എന്റെ അച്ഛയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഗോവന്‍ പര്യടനത്തിനായി വന്നു.
ഒരു സന്ധ്യക്ക് ഞങ്ങളെല്ലാം ചേറ്ന്ന് അഞ്ജുന ബീച്ച് കണ്ട് മടങ്ങുകയാണ്. ഇടുങ്ങിയ വഴിക്കപ്പുറവുമിപ്പുറവും സീസണല്‍ കച്ചവടക്കാര്‍ വെച്ച് കെട്ടിയ താല്‍ക്കാലിക വസതികളാണ്. കണവന്മാര്‍ രണ്ട് പേരും മുന്നേ നടന്ന് ബഹുദൂരമെത്തി. വഴിക്കൊരു വശമായി അച്ഛയും മറുവശത്ത് കൂടേ ഞങ്ങള്‍ പെണ്മണികളും നടന്നു. ഏറെ കാലമായി കണ്ടതിന്റെ ആവേശത്തള്ളിച്ചയില്‍ കഥകള്‍ പറഞ്ഞ് സ്ഥലകാല ബോധമില്ലാതെ നടക്കുമ്പോള്‍ പിന്നിലൊരു അമറല്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട്ത് ഒരു എരുമ തലയും കുലുക്കി പാഞ്ഞ് വരുന്നതാണ്.

ഒന്നും ചിന്തിക്കാനും പറയാനും ചര്‍ച്ചചെയ്യാനും സമയമില്ല. ഒരേ സമയം എന്റെ തലയില്‍ ഇത്രയും ബള്‍ബുകള്‍ ഒന്നിച്ച് കത്തി.

എരുമക്ക് ഓടിച്ചാടി പോകാന്‍ വഴിയില്‍ സ്ഥലമില്ല.
പഴയെ പോലെ ഒരു കസറത്ത് കാണിക്കാന്‍ എന്റെ ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നെ അനുവദിക്കുകയുമില്ല.
അപ്പോള്‍ പിന്നെ വഴിയരിലികിലെ കൂടാരത്തിലേക്ക് കയറി നില്‍ക്കുക തന്നെ.

ഞാന്‍ കൂടാരത്തിലേക്ക് സശ്രദ്ധം കയറി. ചേച്ചിയും അപ്രകാരം തന്നെ ചെയ്യുമെന്ന വിശ്വാസത്തില്‍.

അകത്തെ ഇരുട്ടിലെത്തിയ പാടെ പുറകിലെന്തൊ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന ശബ്ദം കേട്ടു.
തിരിഞ്ഞ് നോക്കുമ്പോള്‍ വാതില്‍ക്കല്‍ കിടന്ന കരിങ്കല്ലില്‍ തട്ടി ചേച്ചി കമിഴ്ന്ന് വീണു കിടക്കുന്നു. അച്ഛ ഏച്ചിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. എരുമ ഓട്ടം നിറുത്തി ഇതെല്ലാം കണ്ട് മിഴിഞ്ഞ് നോക്കി നില്‍ക്കുന്നു. എരുമയുടെ കണ്ണുകളില്‍ അത്ഭുതമാണൊ അനുതാപമാണൊ?

"പേടിക്കേണ്ട്..പേടിക്കേണ്ട്" എന്ന് കൂടരത്തിലെ സ്ത്രീ പറയുന്നുന്ണ്ടായിരുന്നു.

ഇതെല്ലാം ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് സംഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലൊ!

അപ്പോഴെക്കും എരുമയുടെ ഉടമസ്ഥന്‍ എത്തി എരുമയെ വീളിച്ചുക്കൊണ്ട് പോയി.
കുട്ടം പിരിയുകയും വഴിയിലേക്ക് ഇരുട്ട് വീണ് തുടങ്ങുകയും ചെയ്ത്പ്പോള്‍ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടുകയായിരുന്നിരുന്നു എരുമ.

ഏതായാലും ചേച്ചിയുടെ ചോര തള്ളുന്ന മുറിവുകളില്‍ പ്ലാസ്റ്ററൊട്ടിച്ച് ഞങ്ങള്‍ ഒരുപാട് ചിരിച്ചു.
ഇപ്പോഴും.....മനസ്സിന്റെ ഏത് കനപ്പിലെക്കും ചിരിയുടെ മാലപ്പാടക്കള്‍ പൊട്ടിച്ചുക്കൊണ്ട് ഈ ഓര്‍മ്മ കടന്ന് വരാറുണ്ട്.