September 17, 2021

അഞ്ചുപെണ്ണുങ്ങൾ….അഞ്ചമ്മായിമാർ (1)

  

വല്ല്യമ്മായിയും കോമളമ്മായിയും     

മായ ബാനർജി


                                             

അഞ്ചേട്ടന്മാരുടെ കുഞ്ഞനിയത്തിയായിരുന്ന അമ്മയ്ക്ക് അഞ്ചു 

നാത്തൂന്മാരായിരുന്നു.  സഹോദരിമാരില്ലാത്ത അമ്മ ഇവരെ സ്വന്തം ചേച്ചിമാരും അനിയത്തിമാരുമായി കരുതിപ്പോന്നു.
ഇതിൽ രണ്ടുപേരാണ് അമ്മയ്ക്ക് പ്രായം കൊണ്ട് ഏട്ടത്തിമാർ, മാതൃസ്ഥാനീയരും. യൗവ്വനത്തിൽ  മുടിയഴകികളായിരുന്ന  വല്ല്യമ്മായിയും കോമളമ്മായിയും. അമ്മ അവരെ വല്ല്യേടത്തി, കോമളേടത്തി എന്ന്  വിളിക്കുന്നത് കേട്ട് ഞങ്ങൾ പെൺകുട്ടികൾ അവരെ വല്ല്യേടത്തിയമ്മായി എന്നും കോമളേടത്തി അമ്മായി എന്നും വിളിച്ചു.  അല്പം മുതിർന്നിട്ടാണ് ഈ നീട്ടിപ്പിടിച്ച വിളികൾ  വല്ല്യമ്മായിയും കോമളമ്മായിയുമായി ചുരുക്കാനുള്ള ബോധോദയം ഞങ്ങൾക്കുണ്ടായത്. 
സ്വതന്ത്ര ഇന്ത്യയിൽ  ജനിച്ച മറ്റു മൂന്നു പേരും ബന്ധം കൊണ്ട് അമ്മയുടെ ചേട്ടത്തിമാരായിരുന്നെങ്കിലും പ്രായം കൊണ്ട് അനിയത്തിമാരാകയാൽ അവരെ അമ്മ അംബിക, താര, ഉമ എന്ന് പേരു ചൊല്ലിയാണ് സംബോധന ചെയ്തിരുന്നത്.  അവർ അമ്മയെ ബായ് ചേച്ചി എന്നും വിളിച്ചു . അക്കാലത്ത് ബന്ധവും സ്ഥാനവും നോക്കി ആളുകളെ  സംബോധന ചെയ്യലായിരുന്നു അംഗീകൃത സമ്പ്രദായമെന്നിരിക്കെ അമ്മയും നാത്തൂന്മാരും  ഒരു പടി  മുന്നോട്ട് വെച്ച കാൽവെപ്പ് തന്നെയാണത്. ഞങ്ങളാണെങ്കിൽ  അവരെ യഥാക്രമം അംബികാൻ്റി, താരാൻ്റി, ഉമാൻ്റിയെന്നും വിളിച്ചുപോന്നു.

അമ്മയും നാലു നാത്തൂന്മാരും

ഊർമിള എന്നായിരുന്നു വല്ല്യമ്മായിയുടെ പേര് . സ്ക്കൂളിൽ ‘ഊർമിള’’ എന്ന നോവൽ പഠിച്ചതിനു ശേഷമാണ് ആ പേര് എനിക്കത്രമേൽ പ്രിയമായി തീർന്നത്.  ലക്ഷ്മണൻ്റെ ഊർമിളയെ പോലെ ഭർതൃവിരഹത്തിൽ കഴിഞ്ഞ ആളല്ല ബാലഗോപാലൻ്റെ ഊർമിള. അവസാന ശ്വാസം വരെ ഭർത്താവോടൊത്ത് ജീവിച്ച് സുമംഗലിയായി തന്നെ മടങ്ങിപ്പോയതാണ്.

ഊർമിള

1935-ൽ തൃശ്ശൂർ ജില്ലയിലെ മണപ്പുറത്തെ ഒരു ഗ്രാമത്തിൽ ജനിച്ച വല്ല്യമ്മായി വലപ്പാട് ഹൈസ്ക്കൂളിലും പാലക്കാട് വിക്ട്ടോറിയ കോളേജിലുമാണ് പഠിച്ചത്. അന്ന് മണപ്പുറവും പാലക്കാടും മദ്രാസ് സ്റ്റേറ്റിൻ്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട്ടിൻ്റെ ഭാഗമായിരുന്നു. മിലിറ്ററിക്കാരനായ അച്ഛന് കിട്ടുന്ന ചില ആനുകൂല്യങ്ങളുടെ അടിസ്ഥനത്തിലാണ് മകൾക്ക് പാലക്കാട് വിക്ട്ടോറിയ കോളേജിൽ സൗജന്യ പഠനത്തിന് അവസരമൊരുങ്ങിയത്.  വിക്ട്ടോറിയ കോളേജിലെ പഠനം പൂർത്തിയാക്കും മുന്നേ 1955-ൽ വല്ലിമാമ്മൻ്റെ കൈപിടിച്ച് അന്യനാട്ടിലേക്ക് പോയ വല്ല്യമ്മായി  തൻ്റെ ജീവിതത്തിൻ്റെ സിംഹഭാഗവും ‘ബോംബേ’ക്കാരിയായിരുന്നു.

വല്ല്യമ്മായി നവവധുവായി വീട്ടിൽ കയറി വരുമ്പോൾ അമ്മ കുഞ്ഞാണ്. ആദ്യരാത്രിയിൽ തന്നെ , പുതിയതായി കിട്ടിയ ഏട്ടത്തിയോടൊപ്പം ഉറങ്ങണമെന്ന് അമ്മ വാശിപിടിച്ചുവത്രെ. വല്ല്യമ്മായി തന്റെ കടിഞ്ഞൂൽക്കുഞ്ഞിനെയും   വല്ല്യമ്മായിയുടെ അമ്മ തൻറെ  ഏറ്റവും ഇളയ മകനെയും  പ്രസവിച്ചു കിടന്നത് ഒരുമിച്ചായിരുന്നുവെന്ന്  അമ്മയിൽ നിന്നും കേട്ട് ഞാൻ ശരിക്കും അമ്പരന്നിട്ടുണ്ട്. വല്ല്യമ്മായിയുടെ മക്കൾക്ക് ഞങ്ങളുടെ അമ്മ അമ്മായിയേക്കാൾ ഉപരി  മുതിർന്നൊരു  കളിക്കൂട്ടുകാരിയായിരുന്നു . അവരുടെ ഇളം പ്രായത്തിൽ , നാട്ടിലെ വെക്കേഷനുകൾ അമ്മയോടൊപ്പം കളിചിരി മേളങ്ങളായി കഴിഞ്ഞുപോയിരുന്നു.  കോളേജവധികാലത്ത് അമ്മ ബോംബെയിൽ പോയി വല്ല്യേട്ടൻ്റെ കുടുംബത്തോടൊപ്പം  കഴിഞ്ഞിട്ടുണ്ട്. അന്ന്  ബോംബേ മഹാനഗരം കണ്ടു നടന്നതും പരിഷ്ക്കാരികളായ ബോംബേക്കാരെ കണ്ടതും ഡബിൾ ഡക്കറിൽ സഞ്ചരിച്ചതും ഇറുകിയ പാവാടയിട്ട , ഉയർന്ന മുടമ്പുള്ള ചെരുപ്പുകളിട്ട പെണ്ണുങ്ങൾ അതിലേക്ക് കയറാൻ പാടുപെടുമ്പോൾ പിന്നിൽ നിൽക്കുന്ന സഹയാത്രക്കാർ തള്ളികൊടുക്കുന്നതും  മറ്റും അമ്മ  നർമ്മരസം ചാലിച്ച്   നുള്ളി പെറുക്കി ഞങ്ങൾക്ക് മുന്നിൽ വെക്കുന്ന ഗൃഹാതുരതമായ ഓർമ്മകളിൽ ചിലതായിരുന്നു. അമ്മയ്ക്കും വല്ല്യമ്മായിക്കും ഒരേ വലുപ്പത്തിലും ആകൃതിയിലുമുള്ള കാൽ പാദങ്ങളായിരുന്നു. സാരിക്കടിയിലൂടെ രണ്ടു പേരുടേയും ഓരോ കാലുകൾ ചേർത്ത് വെച്ച് അവർ വല്ലിമാമ്മനെ പറ്റിച്ചിരുന്നു.

ഒരു പഴയ കുടുംബ ചിത്രം

വല്യമ്മായിയുടെ സ്ക്കൂൾ കാലത്ത് എന്റെ അച്‌ഛൻ ഒരു ജൂനിയർ പയ്യനായി വലപ്പാട് സ്ക്കൂളിലുണ്ടായിരുന്നു.
സ്വാതാന്ത്ര്യസമരാവേശത്തിൽ മണപ്പുറത്തെ ഒരു ഗ്രാമത്തിൽ  വളരുന്ന ആ ബാലനെ സുരേന്ദ്രനാഥ ബാനർജിയാക്കുക മാത്രമല്ല അച്ഛാച്ചൻ ചെയ്തത്. എന്നും നെഹ്രു തൊപ്പിയും കുർത്തയുമായി സ്ക്കൂളിലേക്ക് വിടുകയും ചെയ്തു. അമ്മയുടെ കല്ല്യാണം ഉറപ്പിച്ചപ്പോൾ വല്ല്യമ്മായി കൗതുകത്തോടെ ആ ബാലനെ ഓർത്തെടുത്തു.എൻ്റെ ഓർമ്മയിൽ വല്ല്യമ്മായി അമ്മയ്ക്ക് സമ്മാനിച്ച പലവലുപ്പത്തിലുള്ള, പച്ച  അടപ്പുള്ള വെളുത്ത പ്ലാസ്റ്റിക്ക് ഡബ്ബകളുണ്ട് . മയിൽ നീല മറാത്തി സാരിയുണ്ട്. പിന്നീടത് വെട്ടി തയ്ച്ച് ചേച്ചിക്കണിയാൻ പാവാടയാക്കി.  അവധിക്ക് നാട്ടിൽ വന്ന  വല്ലിമാമ്മനോടും വല്ല്യമ്മായിയോടും കൂടെ കുട്ടിച്ചാത്തൻ സിനിമ കാണാൻ അത്യാഹ്ളാദത്തിൽ പുറപ്പെട്ടതും  ടിക്കറ്റ് കിട്ടാതെ നിരാശയിൽ കലാശിച്ചതുമായൊരു  തൃശ്ശൂർ യാത്രയുണ്ട്. അന്നു വല്യമ്മായി ഉടുത്ത കറുത്ത സാരിയുണ്ട് “ താൻ കറുപ്പുടുത്തിറങ്ങിയപ്പോഴേ വിചാരിച്ചു...പോകുന്ന കാര്യം നടക്കില്ലെന്ന” വല്ലിമാമ്മൻ്റെ കളിയാക്കലും ഉണ്ട്.

വല്ലിമാമ്മൻ്റെ മകൻ ഒരു ഗുജറാത്തി ബ്രാഹ്മണ പെൺകുട്ടിയെ ജീവിതസഖിയാക്കുന്ന മംഗള മുഹൂർത്തത്തിന് സാക്ഷിയാകാൻ പതിനൊന്നു വയസ്സുകാരിയായ ഞാൻ കുടുബത്തോടൊപ്പം നടത്തിയ ബോംബേ യാത്രയിൽ നിന്നും സ്വരുക്കൂട്ടിയ കുറെക്കൂടി തെളിഞ്ഞ ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിൽ ബോബയിലെ ഭംഗിയും വൃത്തിയുമുള്ള ഫ്ലാറ്റിൽ പ്രാതൽ സമയത്ത് ഞാൻ കണ്ടുവന്ന വീട്ടമ്മമ്മാരുടെ കഠിനമായ പ്രഭാത യജ്നങ്ങളൊന്നുമില്ലാതെ ,ബ്രെഡും ബട്ടറും ജാമും ഡൈനിങ് ടേബിളിൽ വെക്കുന്ന അക്ഷീണയായൊരു വല്ല്യമ്മായിയുണ്ട്. മീൻക്കാരിയോടും വീട് തൂത്ത് വൃത്തിയാക്കാൻ വരുന്ന വേലക്കാരിയോടും തൻ്റെ ഹിന്ദിക്കാരായ സുഹൃത്തുക്കളോടും ഗുജറാത്തി മരുമകളോടും ഹിന്ദിയും മറാത്തിയും ഇംഗ്ളീഷും പേശുന്ന മിടുക്കിയുണ്ട്.

വല്ലിമാമ്മനും

വല്ല്യമ്മായിയും

മക്കളും


എന്നാൽ എൻ്റെ ഓർമ്മയിൽ തങ്ങാതെ മാഞ്ഞു പോയതെങ്കിലും ഒരു നൂറു  വട്ടം പറഞ്ഞു കേട്ടതും  ഇന്നും പുരികത്തിൽ കൈവെക്കുന്ന ഓരോ ബ്യൂട്ടിഷനോടും എനിക്ക്  ആവർത്തിക്കേണ്ടി വരുന്നതുമായ  ഒരു കഥയുണ്ട്.  വല്ല്യമ്മായിക്കൊരു ഓമന പൂച്ചയുണ്ടായിരുന്നു. വീടിനകത്ത് രാജാവിനെ പോലെ വിരാജിക്കുന്ന , ടോയ്‌ലെറ്റിൽ പോയി മലമൂത്രവിസർജ്ജനം ചെയ്യുന്ന ഇങ്ങിണിയെന്ന് പേരുള്ള ഒരു വൃത്തി പൂച്ച.
എൻ്റെ രണ്ടാം വയസ്സിൽ ദുബായിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ബോംബയിൽ സ്റ്റോപ് ഓവറുണ്ടായിരുന്നു. ആ സമയം കുടുംബത്തോടൊപ്പം വല്ലിമാമ്മൻ്റെയും വല്ല്യമ്മായിയുടേയും ഫ്ലാറ്റിൽ പോയപ്പോഴാണ് സംഭവം. വീട്ടിലെത്തിയ , എല്ലാവരും കൈമാറിയെടുത്ത് ഓമനിക്കുന്ന,, പുതിയ അതിഥിയെ പൂച്ചക്ക് ഇഷ്ട്ടപ്പെട്ടില്ല. പിച്ച വെച്ചു കൂടെ കളിക്കാൻ ചെന്നപ്പോൾ പൂച്ച നല്ലൊരു മാന്ത് തന്നു. പുരികത്തിലെ അല്പം രോമം എന്നന്നേക്കുമായി നീക്കി മൂക്കിൻ്റെ വശത്തേക്ക് നീണ്ട ആ മാന്ത് ദൈവാനുഗ്രഹം കൊണ്ട് കണ്ണിൽ തൊടാതെ പോയി.
എന്തു പറ്റി എന്ന് ചോദിക്കുന്നവരോടെല്ലാം  “ അമ്മായി മിയ പൊട്ടു കുത്തി’ എന്നായിരുന്നുവത്രെ  എൻ്റെ മറുപടി.
മക്കളെല്ലാം സ്വന്തം കൂടുകൂട്ടിയതിനു ശേഷമാണ് വല്ല്യമ്മായിയും വല്ലിമാമ്മനും നാട്ടിലെത്തുന്നത്. അപ്പോഴേക്കും  വല്ലിമാമ ഒരു
ഹൃദ്രോഗിയായി കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ  പോയി ഹൃദയ ശസ്ത്രക്രിയ നടത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. അവർ അയ്യന്തോളിൽ ഒരു ഫ്ലാറ്റിൽ കഴിഞ്ഞു കൊണ്ട്  നാട്ടിലൊരു വീട് എന്ന തങ്ങളുടെ സ്വപ്നം പണിതുയർത്തി അവിടേക്ക് തങ്ങളുടെ വാർദ്ധ ക്യം  പറിച്ചു നട്ടു. 
വല്ല്യമ്മായിയും വല്ലിമാമ്മനും പണിനടക്കുന്ന പുതിയ വീട്ടിൽ

തൃശ്ശൂർ പോയാൽ വല്ലിമാമ്മനെ സന്ദർശിക്കുക അമ്മക്ക് പതിവ് ചര്യയായി. ഞങ്ങൾക്കും. ഏറ്റവും തെളിമയോടേ ഞാനോർക്കുന്നതും അക്കാലത്തെ വല്ല്യമ്മായിയെ തന്നെ. ബോംബേ  ജീവിതം നൽകിയ മിടുക്കും തൻ്റേടവും വിശാലമായ കാഴ്ചപ്പാടും വല്ല്യമ്മായിക്കുണ്ടായിരുന്നു. ഭാഷ പഠിക്കാൻ പ്രത്യേക നൈപുണ്യവും .മലയാളം,ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്നു. പറയാൻ മാത്രമല്ല എഴുതാനും വായിക്കാനും അറിഞ്ഞിരുന്നു. വല്ലിമാമ്മൻ  കായികവിനോദങ്ങളുടെ കടുത്ത ആരാധകനായിരുന്നു. ചെറുപ്പക്കാലത്ത്  ഫുട്ബോൾ കളിക്കാരനുമായിരുന്നു. അനാരോഗ്യത്തിൻ്റെ വാർദ്ധക്യത്തിൽ  ടെലിവിഷനിൽ ക്രിക്കറ്റും മറ്റു മാച്ചുകളും കാണുകയായിരുന്നു വെല്ലിമ്മാമ്മൻ്റെ പ്രധാന നേരമ്പോക്ക്.ഇതിൽ വല്ല്യമ്മായിക്ക് പ്രതിഷേധമുണ്ടായിരുന്നു. “ബായ്യേ ….ഈ ചേട്ടൻ ഏതു നേരവും മാച്ച് കണ്ട് എനിക്കൊരു ടിവി പരിപാടീം കാണാൻ പറ്റുന്നില്ലെന്ന്” അമ്മായി പരാതി പറഞ്ഞിരുന്നു. വിവാഹവാർഷികങ്ങളിൽ വല്ല്യമ്മായി സ്വന്തമായി സാരി വാങ്ങി എന്നേ കാൽപ്പനികത കൈവിട്ട ഭർത്താവിന് നീട്ടി “ചേട്ടാ..ഇതൊന്ന് ഹാപ്പി ആന്വേഴ്സറി വിഷ് ചെയ്ത്   എനിക്ക് തന്നേ” എന്ന് പറയുന്നത് കൗതുകകരമായിരുന്നു. മധുരപ്രിയയും ഡയബറ്റിക്കുമായ വല്ല്യമ്മായി ഇടയ്കിടെ പൂജാമുറിയിൽ ദൈവത്തിന് മധുരം നിവേദിച്ച് പ്രസാദമെന്ന് പറഞ്ഞ് കഴിച്ചു പോന്നു. പിന്നെയെപ്പോഴോ വല്ല്യമ്മയിക്ക് ഗന്ധങ്ങൾ നഷ്ടപ്പെട്ടു. അടുക്കള ഗന്ധങ്ങളറിയാതെ പാകം ചെയ്യൽ ഒരു വെല്ലുവിളിയായി തീർന്നു.

വർഷങ്ങളോളം, ബോംബെയിലും നാട്ടിലുമായി   അനാരോഗ്യവാനായ 

വല്ലിമാമ്മനെ ശുശ്രൂഷിക്കലായിരുന്നു വല്ല്യമ്മായിയുടെ പ്രധാനജോലി. എണ്ണ മെഴുക്കില്ലാത്ത ഭക്ഷണമൊരുക്കിയും അമ്മയിൽ നിന്നും പഠിച്ചെടുത്ത മല്ലിക്കാപ്പി തിളപ്പിച്ചും വല്ലിമാമ്മൻ ആഗ്രഹിക്കും വിധം വീട് മോടിയാക്കി വെച്ചും ഇത്തിരി മുറ്റത്തെ പൂന്തോട്ടത്തിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ട്  നിത്യവും മേശപ്പുറത്തെ ഫ്ലവർ വേയ്സിൽ ഒരു കുഞ്ഞുവസന്തമൊരുക്കിയും  അപൂർവ്വമായി മാത്രം വിരുന്നുകാരായെത്തുന്ന പേരക്കുഞ്ഞുങ്ങളെ ലാളിക്കാൻ കാത്തിരുന്നും എന്നോ നഷ്ടപ്പെട്ടു പോയ  നാടിനേയും ബന്ധുക്കളെയും വീണ്ടും കയ്യിലെടുത്ത്  ആസ്വദിച്ചും വല്ല്യമ്മായി ജീവിച്ചു. വീട്ടുജോലിക്കാരൊക്കെ അവരെ സ്നേഹത്തോടെ ആൻ്റിയെന്നും അങ്കിളെന്നും വിളിച്ചു. “ബായ്യേ  എനിക്കൊരു ആഗ്രഹമുണ്ട്. ഞാൻ മരിക്കുന്നതിലും മുന്ന് ചേട്ടൻ മരിക്കണമെന്ന്. ഞാനില്ലാണ്ട് ചേട്ടൻ എങ്ങനെ ജീവിക്കും?” വല്ല്യമ്മായി അമ്മയോട് പറയുമായിരുന്നു. പക്ഷേ വല്ല്യമ്മായിയുടെ ആ ആഗ്രഹം മാത്രം ദൈവം കേട്ടില്ല. 

മകളോടും പേരക്കുഞ്ഞുങ്ങളോടുമൊപ്പം


ഇന്ന് തിരിഞ്ഞു നിന്നു നോക്കുമ്പോൾ,   വെണ്ണ നിറം, പൊക്കം കുറഞ്ഞുരുണ്ട ദേഹം, ഇരട്ടത്താടി, വെളുപ്പും കറുപ്പും കലർന്ന  ഇടതൂർന്ന നീളൻ മുടി, കടും നിറത്തിലുള്ള മറാത്തി കോട്ടൺ സാരികൾ( പിന്നീടവ മനോഹരമായ ഇളം നിറങ്ങളിലേക്ക് വഴിമാറിയെങ്കിലും ), നെറ്റിയിലെ ചുവന്ന കുങ്കുമവൃത്തം, ഗണപതി ഭക്തി, വൃത്തി ശീലം, മധുരപ്രിയം, , വെളുത്ത മേശവിരികളുടെയും തിരശ്ശീലകളുടെയും വെളുവെളുത്ത വീട്, വീട്ടിൽ ചെന്നാൽ പതിവായി കിട്ടുന്ന നെയ്മണമുള്ള ബർഫി, മായക്കുട്ട്യേ എന്ന സ്നേഹവിളി, എന്റെ പുരികത്തിലെ ( വല്യമ്മായിയുടെ ഓമനപ്പൂച്ച കോറിയിട്ട) മായാത്ത മുറിപ്പാട്  , ഇതൊക്കയായിരുന്നു എനിക്ക് വല്ല്യമ്മായി. വല്ല്യമ്മായിയെ കുറിച്ചോർക്കുമ്പോൾ പക്ഷെ എല്ലാറ്റിനും ആദ്യമായി പുല്പായിൽ നിലവിളക്കിൻ്റെ വെളിച്ചത്തിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ “ബായി മോളേ..” എന്നും കെട്ടിപ്പിടിച്ചു കിടന്ന വല്ല്യമ്മായിയെ ഓർമ്മ വരും. “ ഈ കിടക്കണത് ഇതിൻറെ  അമ്മയാണോ?” എന്നു അവിടെ കയറി വന്ന നാട്ടുകാരിയായ ഒരു ഉമ്മ  ഉച്ചത്തിൽ ചോദിച്ച ചോദ്യവും ഓർമ്മ വരും. അവിടന്നധികം മുന്നോട്ട് പോയില്ല,  വല്ല്യമ്മായി ഓർമ്മതെറ്റുകളിൽ കാലിടറി വീണൂ. പിന്നെ ഒരു മേയ്മാസ പകലിൽ , തൻ്റെ അറുപത്തെട്ടാം വയസ്സിൽ , വെളുവെളുത്ത വീട്ടിലെ , ഒരു വശത്ത് ദൈവങ്ങളെ നിരത്തിയ സ്വന്തം കിടപ്പുമുറിയിൽ ,നീണ്ടൊരു ഉറക്കത്തിൽ നിന്നും ഇലച്ചാർത്തിൽ നിന്നും ഉരുണ്ടു വീഴുന്ന ജലകണത്തിൻ്റെ  സ്വാഭാവികതയോടെ, താഴേക്കു ഒഴുകി വീഴുന്ന ഒരു തൂവലിൻ്റെ ഭാരമില്ലായ്മയോടെ  മരണത്തിലേക്കും വഴുതിപ്പോയി.


 

കോമളമ്മായിയും മാമ്മനും അമ്മയുടെ രണ്ടാമത്തെ ചേട്ടത്തി, കോമളമ്മായി എന്നാൽ ഞങ്ങൾക്ക് നാട്ടിൻപുറത്തിന്റെ പച്ചപ്പാണ്. ശുദ്ധീകരിച്ച്  കുപ്പിയിലാക്കാത്ത കിണർ വെള്ളമാണ്. തേച്ചുമിനുക്കാത്ത ഓട്ടുകിണ്ണമാണ്. പുന്നെല്ലിന്റെ മണമാണ്.   ഞങ്ങളുടെ ബാല്യകാലത്തെ നീണ്ട അവധികൾ അധികവും കോമളമ്മായിയുടെ കൂടെയായിരുന്നു. അമ്മാമ്മയുടെ മരണശേഷം ഞങ്ങളെ അമ്മയുടെ  വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന നിറഞ്ഞ സ്നേഹമായിരുന്നു കോമളമ്മായി. ഒരു ശുദ്ധഗതിക്കാരി. വീടിനകമാണ്  അന്നും  ഇന്നും കോമളമ്മായിയുടെ ലോകം. പുറം ലോകവുമായി ഇടപെടാനൊന്നും അമ്മായിക്ക് അറിവും പ്രാപ്തിയുമില്ല.

എങ്ങും പോകാൻ താൽപര്യവുമില്ല. സ്വന്തമായി  ആഗ്രഹങ്ങളുമില്ല.   വെക്കാനും വിളമ്പാനും ഊട്ടാനുമാണ് ഏറെ മിടുക്ക്. മക്കളെ പോലും ശകാരിക്കാനോ നിയന്ത്രിക്കാനോ അമ്മായിക്ക് വശമില്ല. എവിടെ എന്തു പറയണമെന്ന് നിശ്ചയവുമില്ല. വയസ്സായ അച്ഛനെ കാണാാൻ സ്വന്തം വീട്ടിലേക്ക് പോലും എല്ലാവരും കൂടെ ഉന്തി തള്ളി വിട്ടാലാണ് പോകുന്നത്. അത്യാവശ്യങ്ങൾക്ക് മാമ്മനൊത്തൊന്ന് എങ്ങോട്ടെങ്കിലും പുറപ്പെട്ടാലൊ ആകെ പരിഭ്രമവുമാണ്. ഞങ്ങളുടെ വീട്ടിൽ പോലും എത്ര അപൂർവ്വമായാണ് കോമളമ്മായി വന്നിട്ടുള്ളത്!!!
അമ്മായി കല്ല്യാണം കഴിഞ്ഞു വരുമ്പോൾ അമ്മ സ്ക്കൂളിലാണ്. അമ്മായിയുടെ സാരിയൊക്കെ ചുറ്റി അമ്മ ചമഞ്ഞു നടക്കും. കുളിച്ചു വന്നാൽ അമ്മായിയെ മോടിയായി സാരി ചുറ്റിക്കുന്നതും അമ്മയാണ്. കാലക്രമേണ അമ്മ ആർജ്ജിച്ച വിദ്യാഭ്യാസത്തിൻ്റെയും അറിവിൻ്റേയും  ലോകപരിചയത്തിൻ്റേയും പേരിലാകാം അമ്മായി എന്നും അമ്മയ്ക്ക് ഒരു സ്ഥാനവും മാനവും കൽപ്പിച്ചുകൊടുത്തിരുന്നു. അമ്മയോട് ഉപദേശങ്ങൾ തേടുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു.  പ്രായം കൊണ്ടിളയതെങ്കിലും അമ്മായിയെ  തിരുത്താനും നയിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും പാവം അമ്മായി എന്നും അമ്മയ്ക്ക് അനുവദിച്ചു കൊടുത്തിരുന്നു. അമ്മയ്ക്ക് മുൻപിൽ തൻ്റെ ജിവിതപ്രതിസന്ധികൾ, മക്കളെ കുറിച്ചുള്ള ആധികൾ ഒക്കെ ഇറക്കി വെച്ച് അമ്മായി കണ്ണു നിറച്ചിരുന്നു. 
അമ്മായിയുടെ മക്കളെല്ലാം മുതിർന്നതിനാൽ ഞങ്ങൾക്കെന്നും അവിടെ പ്രത്യേക വാത്സല്യവും കരുതലും കിട്ടിപ്പോന്നു. “ക്ടാങ്ങളെ കരയിപ്പിക്കല്ലേഡാ…..” അമ്മായി ഞങ്ങൾക്ക് വേണ്ടി മാത്രം കുറുമ്പ്  കാട്ടുന്ന ചേട്ടന്മാരോട് ശബ്ദമുയർത്തി. അമ്മയിക്ക് ഞങ്ങൾ ‘ക്ടാങ്ങളാണ് . ബായ്യേ ...ക്ടാങ്ങളൊന്നും തിന്നുന്നില്ലല്ലോ, ക്ടാങ്ങള് ചടച്ചല്ലോ , ക്ടാങ്ങൾടെ കഴുത്തിലും കയ്യിലും ഒരു തരി പൊന്നിടീക്കാതെന്താ ബായേ?”ഇതൊക്കെ ആയിരുന്നു അമ്മായിക്ക് ഞങ്ങളെ കുറിച്ചുള്ള പ്രധാന പരാതികൾ!  ഒന്നും തിന്നാത്ത അമ്മയെ പോലെ, പൊന്നിൽ കമ്പമില്ലാത്ത അമ്മയെ പോലെ ഞങ്ങളെയും കേടാക്കി എന്നു പറയും അമ്മായി. അമ്മ ചിരിക്കും. ഞങ്ങളും ചിരിക്കും. തൊട്ടാവാടിയായ എന്നെ എന്തു കൊണ്ടോ അമ്മായിയുടെ സംസാരം സങ്കടപ്പെടുത്തിയിരുന്നില്ല. അമ്മായി പറയുന്നതെന്തും ലാഘ്വത്വത്തോടെയെടുക്കാൻ അമ്മയെ പോലെ ഞങ്ങളും ശീലിച്ചിരുന്നു എന്നതാണ് സത്യം. ഞങ്ങൾ ഭക്ഷണം കഴിക്കാൻ പിന്നോട്ടാണെന്ന് അമ്മായി പറയുന്നതിൽ തെറ്റില്ല. കാരണം മറ്റുള്ളവരെ ഊട്ടലാണ് അമ്മായിയുടെ ജീവിത്രക്രമം തന്നെ. അതിരാവിലെ മുതൽ രാത്രി അടുക്കളപൂട്ടുന്നത് വരെ അമ്മായി ഒരോന്നായി പാകം ചെയ്തുകൊണ്ടിരുന്നു. ഫ്രിഡ്ജ്, മിക്സി ഒന്നുമായി അമ്മായി ചങ്ങാത്തത്തിലായില്ല. ഉരലിൽ ഇടിച്ചതും അമ്മിയിൽ അരച്ചതും വിറകടുപ്പിൽ പാകം ചെയ്തതുമായിരുന്നു അമ്മായിയുടെ ആഹാരം. രാവിലെ പുട്ടും പഴവും, പതിനൊന്നു മണിയാകുമ്പോൾ പറമ്പിൽ പണിയെടുത്ത് ക്ഷീണിച്ചു വരുന്ന മാമ്മന് കഞ്ഞിയും പുഴുക്കും ഉച്ചക്ക് ഒന്നിനു നല്ല കുത്തരി ചോറും മീങ്കൂട്ടാനും മീൻ വറുത്തതും പച്ചക്കറികളും നാലു മണിക്ക് ചായയും പലഹാരവും രാത്രി വീണ്ടും കഞ്ഞിയും പുഴുക്കും. വേനലവധികളിൽ ഞാൻ കണ്ടിരുന്ന അമ്മായിയുടെ അടുപ്പ് പുകഞ്ഞുകൊണ്ടേയിരുന്നു.

കോമളമ്മായിയും താരാൻ്റിയും അമ്മാമ്മയോടൊപ്പംവിശേഷഭക്ഷണമൊരുക്കുമ്പോഴൊക്കെ അമ്മായി ആദ്യ ഓഹരി ആഹാരം വൃത്തിയായി രണ്ടു  പാത്രത്തിൽ പകർന്ന് അച്ഛാച്ചനും അമ്മാമ്മക്കും വീതു വെക്കും. അടച്ചിട്ട മുറിയിൽ മരിച്ചു പോയ അച്ഛാച്ചനും അമ്മാമ്മയും വരുന്നത് കാതോർത്ത്  ഞാൻ പുറത്ത് വീർപ്പടക്കി നിന്നിട്ടുണ്ട്.  അതും  അതുപോലെ പല ആചാരങ്ങളും  അന്ധവിശ്വാസങ്ങളാണെന്നാണ് ഞാൻ കൂടുതലും കേട്ടു വളർന്നതെങ്കിലും അതെത്ര വലിയ സ്നേഹമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. വിളക്ക് വെക്കുമ്പോൾ ദീപം കൊണ്ടർണേ  ദീപം കൊണ്ടർണേ എന്ന് അമ്മായി ഉരുവിട്ടിരുന്നതും നൂലപ്പത്തിനെ അമ്മായി ഇടിമിന്നി എന്നു വിളിച്ചിരുന്നതും എനിക്കേറെ കൗതുകമായിരുന്നു. അതു പോലെ പല ഗ്രാമീണ പദപ്രയോഗങ്ങൾ , സമ്പ്രദായങ്ങൾ, ജീരകം വിതറിയ കിണ്ണത്തപ്പവും വായിലിട്ടാൽ അലിയുന്ന പത്തിരിയും  എരിവൻ കോഴിക്കൂട്ടാനും മറ്റനേകം നാടൻ രുചിഭേദങ്ങളും, വേനല്മെത്തയിലെ ഉച്ചമയക്കങ്ങളിൽ  നിന്നും  വിളിച്ചുണർത്തുന്ന ചായക്കൂട്ടുന്നതിൻ്റെ മണം,  കിണറ്റിൻ കരയിലെ കുളിമുറിയിൽ നിന്നും കുളിച്ചു  വന്നുടുക്കുന്ന  കഞ്ഞിപ്പശ മുക്കിയ കോട്ടൺ സാരിയുടെ കിരുകിരുപ്പും , തൈർ കടയുന്ന കടക്കോലിൻ്റെ മുരളലും,  പൂക്കളുള്ള ചില്ലു ഗ്ലാസ്സിൽ പാലിൻ വെള്ളത്തിൽ പഞ്ചസാര കലക്കുന്ന തവയുടെ താളവും, തുറന്ന ചിരിയും , നിറയുന്ന കണ്ണുകളുമൊക്കെയാണ് കോമളമ്മായി.

കോമളമ്മായി ഇന്ന്
No comments:

Post a Comment