May 02, 2007

അമ്മയ്ക്ക് സ്നേഹപൂര്‍വ്വം


“അമ്മയ്ക്ക് സ്നേഹപൂര്‍വ്വം” എഴുതുമ്പോള്‍ അമ്മയോട് പറയാന്‍ ബാക്കിവെച്ചതൊക്കെയും പറഞ്ഞു തീര്‍ക്കുകയാണെന്നു തോന്നിയിരു‍ന്നു. പക്ഷെ ഒരു പുസ്തകം മുഴുവന്‍ പറഞ്ഞിട്ടും..വര്‍ഷങ്ങളോളം രാവും പകലും പറഞ്ഞിട്ടും...നിദ്രയിലും നിനവിലും പറഞ്ഞിട്ടും..തീരാതെ ഞാനിപ്പോഴും അമ്മയുടെ ചെവിയില്‍ കടുക് വറുത്തുക്കൊണ്ടേയിരിക്കുന്നു. എന്റെ ഇടതടവില്ലാത്ത വിശേഷം പറച്ചിലിനെ അമ്മ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. മറ്റുള്ളവരോട് കടുക് വറുക്കല്‍ പോയിട്ട്.....വൃത്തിയായി രണ്ട് വാക്ക് പറയാത്ത...വര്‍ത്തമാനത്തിന്റെ കാര്യം വരുമ്പോള്‍ ഒരു അറുപ്പിശുക്കിയെന്ന് നിരന്തര ആരോപണത്തിന് വിധേയയായ ഞാന്‍ പക്ഷെ ഇപ്പോഴും അമ്മയോടുള്ള കടുകുവറുക്കല്‍ മാത്രം ഭംഗിയായി തുടരുന്നു.
ഇന്നലെ അമ്മ സ്വപനത്തില്‍ വന്നു. വീട്ടില്‍ നിന്നും 'സ്ക്കൈപ്പി'ല്‍ വിളിക്കുകയായിരുന്നു. 'ഓര്‍ക്കൂട്ട്' കാലത്തിന്റെ വിരല്‍ വിടവുകളിലൂടെ ചോര്‍ന്ന് പോയ എന്റെ സൌഹൃദത്തുള്ളികളെ തിരികെ കൊണ്ടു തന്ന കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ കുറെ ചിരിച്ചു. കുറച്ചൊക്കെ പ്രിയ പറഞ്ഞു കേട്ടുവെന്നു പറഞ്ഞു. അപ്പോഴൊന്നും കണ്ണീരില്‍ കുതിര്‍ന്നു പോയ ആ ശനിയാഴ്ച രാത്രിയുടെ ഒരു നിഴല്‍ പോലും അവിടെയെങ്ങും കണ്ടില്ല.
മന്‍ഷ്യന്‍ ഒരു പിടി ഓര്‍മ്മകളും സ്വപ്നങ്ങളും ആകുന്നു. ഓര്‍മ്മകള്‍ക്ക് മരണമില്ല. മനുഷ്യനും മരണമില്ല. പ്രിയ ഹൃദയങ്ങള്‍ ഓര്‍മ്മക്കുഴലിലൂടെ സ്നേഹമൂതി ഊതി ചാരത്തില്‍ നിന്നും അവനെ(അവളെ) ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.

അമ്മേ.........
ആകാശത്തിന്റെ നീലിമയും മഞ്ഞിന്റെ കുളിരും
കാറ്റിലിളകുന്ന തൃത്താത്തൈകളുടെ സ്പന്ദനവും
ചന്ദന മരങ്ങളുടെ സുഗന്ധവുമായി
എന്നില്‍ വന്നു നിറയുക.
ചില്ലും കമ്പുമൊടിഞ്ഞ ഒരു മരമായിരിക്കുന്നു എന്റെ ജന്മം.
വേനലും വസന്തവും നലകി
പൂക്കളും കായ്ക്കളും നിറച്ച്
കൂടുക്കൂട്ടാന്‍ മഞ്ഞക്കിളികളെ വിട്ട്
ഈ ജന്മത്തെ പൂര്‍ണ്ണമാക്കിയെടുക്കുക.
അമ്മേ.....
പാതി മുറിഞ്ഞു പോം എന്‍ കിനാവുകളില്‍
നിറഞ്ഞ ചിരിയായ് വന്നു നില്ക്കുക.
രാമച്ച വിശറിയാല്‍ വീശി എന്നെ ഉറക്കുക.
ഇടറുമെന്‍ പാദങ്ങള്‍ക്ക് ഊന്നുവടിയാകുക.
തളരുമെന്‍ തനുവിന് തണല്‍ മരമാകുക.
നനയുമെന്‍ ഇമകളെ ഉമ്മ കൊണ്ട് പൂട്ടുക.
നിലാവിന്റെ അമ്മിഞ്ഞയൂട്ടി വീണ്ടുമെന്നെ ഒരു കുരുന്നാക്കുക.“

(അമ്മയ്ക്ക് സ്നേഹപൂര്‍വ്വം എന്ന കൃതിയില്‍ നിന്നും)


15 comments:

  1. കവിത അനാമികയുടേതാണോ? അമ്മയെക്കുറിച്ചുള്ള ഒാര്‍മ്മകള്‍ ഹൃദ്യമായിരിക്കുന്നു. തീര്‍ച്ചയായും ഓര്‍മ്മകളുണ്ടായിരിക്കണം.അല്ലെങ്കില്‍ മനുഷ്യനെന്ന പദത്തിനെന്തര്‍ത്ഥം?

    "ഞാനിപ്പോഴും അമ്മയുടെ ചെവിയില്‍ കടുക് വറുത്തുക്കൊണ്ടേയിരിക്കുന്നു." ....നല്ല ഉപമ.

    കൂടൂതല്‍ ഓര്‍മ്മകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  2. അമ്മ ഒരിക്കലും വറ്റാത്ത
    സ്നേഹത്തിന്റെ നീരുറവയാണ്.
    മാതൃത്വം ഉദാത്തവും.
    പറയാനുള്ളതൊക്കെയും പറഞ്ഞുതീര്‍ക്കുമ്പോള്‍
    അമ്മയുടെ മുമ്പില്‍ നാമെപ്പൊഴും
    ഒരു കൊച്ചുകുഞ്ഞായിരിക്കും.

    അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
    ഹൃദ്യവും മനോഹരവുമായിരിക്കുന്നു.
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. പറയാന്‍ മറന്നു,
    ബൂലോഗത്തേക്ക് സ്വാഗതം.

    ReplyDelete
  4. സുസ്വാഗതം... പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  5. സ്വാഗതം...അമ്മയെക്കൊണ്ടു തുടങ്ങിയതു നന്നായി..

    എനിക്കറപ്പുള്ള ദെണ്ണം വന്നാലും അറപ്പില്ലാതെ പുണരുന്ന ഒരാളെ ഉള്ളൂ ഈ ലോകത്ത്‌...

    അമ്മ..

    ReplyDelete
  6. മറ്റൊരാളെ..അത് കവിതയൊന്നുമല്ല.
    അമ്മയ്ക്ക് സ്നേഹപൂര്‍വ്വം എന്ന എന്റെ പുസ്തകത്തിലെ വരികളാണ്. കവിത എനിക്ക് തീരെ വശമില്ല. പിന്നെ “കടുകു വറുക്കല്‍” അമ്മ കണ്ടുപിടിച്ച ഉപമയാണ്.
    ബുലോഗത്തിലേക്ക് എന്നെ സന്തോഷത്തോടെ കൂട്ടിയതിന് എല്ലാര്‍ക്കും നന്ദി!
    പിന്നെ നല്ല വാക്കുകള്‍ക്കും!
    മനു പറഞ്ഞത് പരമമായ സത്യം.

    ReplyDelete
  7. "O where O where Did my mommy go ?,
    The Lord Took her Away From Me !,
    She's Gone To Heaven So I've got
    To Be GOOD,
    So I Can See My Mommy when I
    LEEAAVE This WORLD

    ReplyDelete
  8. കണ്ണീരില്‍ കുതിര്‍ന്നു പോയ ആ ശനിയാഴ്ച രാത്രിയുടെ ഒരു നിഴല്‍ ...
    സൌന്ദര്യം നിറഞ്ഞ വാക്കുകള്‍ക്കിടയില്‍‍ ‍കണ്ണീരിന്‍റ നനവു പടരുന്നുവല്ലോ കുട്ടീ.
    അഭിനവ അനാമികക്കു സ്വാഗതം!

    ReplyDelete
  9. beautiful expression... very touching.... hope to see more blogs from you.

    ReplyDelete
  10. Maya,
    It is touching, (since I know you) but I should say that you should be proud that you recaptured those moments and expressed it very well.
    it is said” He that talks much of his happiness, summons grief".

    ReplyDelete
  11. hi maya,
    happy to see ur blog. i got the link from ur orkut profile.
    ur first post is very very touching.
    hope to see more wondeful posts.
    -
    k r ranjith

    ReplyDelete
  12. maaya....

    ithu sibi. ammaye patiyuLLa var_NNana hr^daya spar_shamaayirikkunnu.

    njaan ente ponnammaye viTTu enthinaa ithra doore ? enikkippo amma maathremelleyuLLu



    iniyum puthiya blogs~ pratheeshikunnu

    ReplyDelete
  13. അമ്മയല്ലാതൊരു ദൈവമുണ്ടോ.അതിലും വലിയൊരു കോവിലുണ്ടോ.:)

    ReplyDelete
  14. നഷ്ടങ്ങളാണ്‌ കയ്യിലുള്ളതിന്റെ സുഖവും ഊര്‍ന്നുപോയതിന്റെ വേദനയും കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നത്‌ അല്ലേ ?

    ReplyDelete
  15. EE pustakam njjan ethra thavanaya vayichirikkunne....ippozhum vaayichukonde irikkunnu. Akshrangaliloode ammaye anashwarayakkiya maayavikku abhinandanangal.

    ReplyDelete