June 06, 2007

പുകയുന്ന വീടുകള്‍



പുകവലി വിരുദ്ധദിനത്തിന്റെ പ്രഭാതത്തില്‍ ബാല്‍ക്കണിയില്‍ വന്ന് നില്ക്കുമ്പോള്‍ മഴത്തുള്ളികള്‍ കിലുങ്ങി വീഴുന്നത് പോലൊരു കുഞ്ഞിച്ചിരി കേട്ടു. ചിരി കേട്ട ഭാഗത്തേക്ക് ആകാംക്ഷയോടെ എത്തി നോക്കി. താഴെ നനഞ്ഞ പുല്‍നാമ്പുകളിലൂടെ ചൈനാകാരായ ഒരു അച്ഛനും മകളും നടന്നു നീങ്ങുകയാണ്.

കടലും ആനയും പോലെയാണല്ലോ കുഞ്ഞുങ്ങള്‍! എത്ര കണ്ടാലും കൌതുകം തീരാത്ത കാഴ്ച. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞ് ചുരുക്കുകളുള്ള ഇളം പിങ്ക് ഉടുപ്പണിഞ്ഞ് തുടുത്ത കാലുകള്‍ പെറുക്കി വെച്ച് അച്ഛനു പിന്നാലെ കണ്ണില്‍ ലോകത്തോട് മുഴുവനും സ്നേഹവുമായി നടന്നു. ഇടയ്ക്കവള്‍ പൂക്കളോടും കിളികളോടും അണ്ണാറക്കണ്ണന്മാരോടും കിന്നാരം പറഞ്ഞു നില്‍ക്കും. പിന്നെ ഒരു ആട്ടിന്‍കുട്ടിയെ പോലെ തുള്ളിച്ചാടി അച്ഛനരികിലെത്തും.

മുകളില്‍ മഴപെയ്തു തെളിഞ്ഞ ആകാശവും താഴെ പച്ചച്ച പുല്‍ത്തകിടിയും അതിലൂടെ തെന്നിനീങ്ങുന്ന ഓമനക്കുഞ്ഞും കണിയായി വെച്ചു നീട്ടിയ ദൈവത്തോട് വല്ലാത്ത സ്നേഹം തോന്നി.

മുഗ്ദ്ധമായ ആ കാഴ്ചയില്‍ സ്വയം മറന്ന് നില്‍ക്കവെ പെട്ടെന്നെന്റെ കണ്ണുകള്‍ കുട്ടിയുടെ കളിചിരികള്‍ ഗൌനിക്കാതെ ഉദാസീനനായി നടന്നു നീങ്ങുന്ന അയാളിലേക്കു പാറി വീണു.

പൊടുന്നനെ എന്റെ ആകാശം ഇരുട്ടടച്ചു. സുന്ദരമായ പുലര്‍കാല സ്വപ്നത്തില്‍ നിന്നും വിഷം തീണ്ടിയ ജീവിതത്തിലേക്ക് ഞെട്ടിയുണര്‍ന്ന് ഞാന്‍ നിന്നു. എന്റെ ചുണ്ടിലെ ചിരിയും കണ്ണിലെ വെട്ടവും മാന്തിയെടുത്തുകൊണ്ട് അയാളുടെ കൈയ്യിലിരുന്നു ഒരു സിഗരറ്റ് പുകഞ്ഞു. അയാള്‍ പുറന്തള്ളുന്ന വിഷപ്പുക കുഞ്ഞി മൂക്കിലും വായിലും ഏറ്റുവാങ്ങി അവള്‍ അയാളെ സ്നേഹിച്ച് സ്നേഹിച്ച് പിന്തുടര്‍ന്നു.

തലേ രാത്രി എഫ്.എം കേട്ട് പുസ്തകവും വായിച്ച് കിടക്കുമ്പോള്‍ പുകയില വിരുദ്ധ ദിനവും അത് നല്‍കുന്ന സന്ദേശവും വെറും പുകയായി എന്റെ കര്‍ണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങി പോകുകയായിരുന്നു.
പുകവലിക്കാത്തൊരു അച്ഛന്റെ മകളായി ജനിച്ചതിന്റെ...പുകവലിക്കാത്തൊരാളോടൊപ്പം ജീവിക്കുന്നതിന്റെ അഹങ്കാരം കൊണ്ടായിരിക്കാം ഇതൊന്നും എന്നെ ബാധികുന്ന കാര്യങ്ങളേ അല്ല എന്ന മട്ടില്‍ ഞാന്‍ കിടന്നു.
എങ്കിലും പിറ്റെ പുലരിയിലേക്ക് പടര്‍ന്ന വിഷപ്പുക കണ്ണുകളെ..പിന്നെ മനസ്സിനെ നീറ്റിപ്പുക്ച്ചു.

പുകവലി മാരകമാണെന്ന് നമ്മള്‍ നിത്യവും കേള്‍ക്കുന്നു. പുകവലിയുടെ ദൂഷ്യവശങ്ങളെന്തൊക്കെയെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും അവനവനോടും ചുറ്റുമുള്ളവരോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ പുകയൂതി വിടുന്നവര്‍ പെരുകി വരുന്നു.
പൊതുസ്ഥലങ്ങളെ പുകയില വിമുക്തമാക്കാന്‍ നിയമങ്ങളുണ്ട്. പക്ഷെ ഇവിടെ നിന്നെല്ലാം ഒഴിഞ്ഞിറങ്ങി പോകുന്ന വിഷപ്പുക എവിടേക്കാണ് ഓടി കയറുന്നത്?
നമ്മുടെ വീടിന്റെ അകത്തളങ്ങളിലേക്ക്......നമ്മുടെ കുഞ്ഞുങ്ങളുടെ ശ്വാസ കോശങ്ങളിലേക്ക്...!
ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട് വീട്ടില്‍...തികഞ്ഞ നന്മ മാത്രം ലഭിക്കേണ്ട മാതാപിതാക്കളുടെ മടിത്തട്ടിലിരുന്ന് എത്ര കുട്ടികളാണ് വിഷം വലിച്ചിറക്കുന്നത്!
മദ്യവും പുകയിലയും മണക്കാത്തൊരു കുട്ടിക്കാലം തന്ന അച്ഛയോട് നന്ദി തോന്നി.

3 comments:

  1. വലിച്ചു വിടുന്ന പുക മാത്രമല്ല പിഞ്ചുകളെ വിഷമയമാക്കുന്നത്. സര്‍വ്വവും വിഷമല്ലേ?

    ജീവ ജലം മലിനം.
    ജീവ വായു മലിനം.
    മലിനമന്നം മലിനം ഭാഷ.
    മലിനം മലയാള ബ്ലോഗും
    മലിനമലീമസമിന്നിന്റെ സംസ്കാരവും.

    സഹിക്കുക. അല്ലാതെന്താ വഴി.

    സ്വാഗതമീ മലീമസത്തിലേക്കും...

    ഒ.ടോ.
    കാനഡയില്‍ അണ്ണറ കണ്ണന്മാരുണ്ടോ?

    ReplyDelete
  2. hai maya,
    read your post, a committed "wirte up" keep it up.

    ReplyDelete
  3. ഇവിടെ വന്നതിന് ശേഷം പലപ്പൊഴും ഞാന്‍ ചീന്തിക്കാറുള്ള ഒരു കാര്യമാണ് മനോഹരമായ വരികളിലൂടെ വരച്ച് കാനിച്ചിരിക്കുന്നത്.മായ കണ്ടതിനേക്കാള്‍ ഭീകരമായോരു ദൃശ്യം ഒരിക്കല്‍ കാണാനിടയായി.ആശ്പത്രിയില്‍ നിറവയറൊടെ ഇരിക്കുന്ന ഒരമ്മ...പ്രസവത്തിനായി വന്നതാവുമെന്ന് കരുതുന്നു.ആശ്പത്രി മുറിക്കുള്ളില്‍ പുകവലി അനുവദനീയമല്ലാതിരുന്നന്തിനാലാവും പുറത്തിറങ്ങി ഒരു സിമന്‍റ് ബഞ്ചില്‍ വന്നിരുന്നു എന്തോ വല്യ കാര്യം ചെയ്ത് തീറ്ക്കുന്നു എന്ന മട്ടില്‍ പുകച്ചുരുളുകളെ പുറത്തേക്ക് തള്ളിക്കൊണ്ടിരുന്നത് ...അന്ന് ഞാനും നിറവയറോടെ ഇരുന്ന സമയമായിരുന്നതിനാലാവും ആ കാഴ്ച എന്നെ വല്ലാതെ വിഷമിപ്പിച്ചു.പിന്നീടോരിക്കല്‍ സ്ട്രോളറില്‍ കുഞ്ഞിനെയും കൊണ്ട് പൊയ്ക്കോണ്ടിരുന്ന അമ്മയുടെ സിഗരട്ടിന്‍റെ പാക്കറ്റില്‍ നിന്നും അതെടുത്ത് എന്തോ കളിസാധനം കടിച്ച് പറിക്കുന്ന ഒരു കുഞ്ഞിനെയും കണ്ടു.ആ അമ്മ അത് കണ്ടിരുന്നുവോ എന്തോ...

    മായ പറഞ്ഞപോലെ മദ്യവും പുകയിലയും മണക്കാത്തൊരു ബാല്യം തന്ന് വീടിനോട് ( ഈ കാഴ്ചകളൊക്കെ കാണുമ്പോള്‍ അമ്മമാരോടും നന്ദി പറയണം എന്ന് തോന്നുന്നില്ലെ ?? )എനിക്കും നന്ദി തോന്നുന്നു...

    ReplyDelete