November 03, 2007




സ്വപ്നം പോലെ
എന്റെ ഓര്‍മ്മപ്പത്തായം




മഴ പകര്‍ന്നാടിയ ഒരു തുലാസന്ധ്യയില്‍ എന്റെ ഓര്‍മ്മകളുടെ പത്തായത്തില്‍ നിന്നും ഞാന്‍ ഒരിക്കല്‍ കൂടി പടിയിറങ്ങി.
"ഇനിയെന്ന്?" എന്ന് നനഞ്ഞ മിഴികള്‍ എന്നെ പിന്തുടര്‍ന്നു. അവയ്ക്കിടയില്‍ ആയിരം നക്ഷത്ര ശോഭയോടെ രണ്ട് കുഞ്ഞ് നയനങ്ങള്‍, വിരഹവും വേദനയും എന്തെന്ന് അറിയാതെ, മനസ്സിന്റെ വിഭ്രാന്തമായ നിഴല്‍ കൂത്തുകള്‍ അറിയാതെ മിന്നി മിന്നി കത്തി.
എന്തിനെന്നറിയാത്ത ...ലോകത്തിനൊ അവനവനൊ ഉപകരിക്കാത്ത കണ്ണെത്തും അകലത്തില്‍ മാടിവിളിക്കാന്‍ തുരുത്തുകളൊ, മാര്‍ഗ്ഗം തെളിയിക്കാന്‍ വഴി വിളക്കുകളൊ ഇല്ലാത്ത നിശ്ശൂന്യമായ എന്റെ പലായനം!
എനിക്ക് പിന്നില്‍ അമ്മ സ്പന്ദിക്കുന്ന വീട്, തൃത്താവിന്‍ ചെടികളുടെ തണലില്‍ അമ്മയുറങ്ങുന്ന മണ്ണ്, ഒരായുസ്സിന്റെ വാത്സല്യമത്രയും കണ്‍കളില്‍ നിറച്ച് ഏകാകിയായ അച്ഛ, തണല്‍മരമാകുന്ന ചേച്ചി, പിന്നെ ഉണ്ണിച്ചിരിയും കണ്ണീരും നിലാവും നിളയും പോലെ.

ഇല്ല..തിരിഞ്ഞ് നോക്കുന്നില്ല.

നിയതിയുടെ കടലാസ്സ് ചുരുട്ടി പിടിച്ച് കുഞ്ഞി സങ്കടങ്ങളില്‍ നിന്നും..വലിയ സന്തോഷങ്ങളില്‍ നിന്നും ഞാന്‍ ഇറങ്ങി നടക്കുന്നു....
നിശ്ശൂന്യമായ എന്റെ ഏകാന്തതയിലേക്ക് ഞാന്‍ മടങ്ങുന്നു.
പ്രിയമുള്ളൊരാളുടെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍..പ്രിയമേറും മറ്റനേകം കൈകള്‍ അയഞ്ഞ് പോകുന്നുന്നതെന്ത്?
എനിക്ക് പിടി മുറുക്കാന്‍....തെന്നാതെ നടക്കാന്‍ എല്ലാ കൈകളും വേണമെന്ന് പഴയ കുട്ടിയുടുപ്പുകാരിയായി ശാഠ്യം പിടിക്കാതെ നിസ്സഹായമായ സ്വീകാര്യതയോടെ ഞാന്‍ വീണ്ടും ദേശാടനത്തിന് പുറപ്പെടുകയൊ?

കാറിന് പുറത്തേക്ക് കൈ നീട്ടി മഴ നൂലിനെ മുറിച്ച് വീശി കണ്ണില്‍ തുലാവര്‍ഷ പെയ്ത്തുമായി പ്രയാണം തുടങ്ങുമ്പോള്‍ മനസ്സ് "തത്ത്വമസിയില്‍" അഭയം തേടാന്‍ ശ്രമിച്ചു.

വിരുന്നുണ്ണാന്‍ പോയപ്പോള്‍, തത്ത്വമസി വായിച്ചുള്‍ക്കൊണ്ട കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുത്തിക്കോറിയിട്ടത്, എന്നെ കാണിച്ചിരുന്നു ഭര്‍ത്താവിന്റെ അമ്മായി.

എരിഞ്ഞ് കത്തുന്ന ചിന്തകളിലേക്ക് കുളിരാമൃത പ്രവാഹമായാലൊ എന്ന പ്രതീക്ഷയില്‍ ഞാനവയെ വീണ്ടും വീണ്ടും കുടഞ്ഞിട്ട് നോക്കി.
ഞാന്‍ ആരാണൊ, എന്റേത് എന്ന് ഞാന്‍ നേടിയതെന്തൊ..എല്ലാം എന്റെ മരണത്തോടെ ഇല്ലാതാകുന്നു.

അല്ലെങ്കിലും അനേകം സൌരയൂഥങ്ങളിലൊന്നില്‍ നിസ്സാരനായൊരു സൂര്യന് ചുറ്റും വലം വെക്കുന്ന അനേകം ഗ്രഹങ്ങളില്‍ ഒന്നായ നിസ്സാരഭൂമിയിലെ ഏതോ കോണിലെ കേരളമെന്ന ഇത്തിരി മണ്ണില്‍ നിന്നും കുറച്ചപ്പുറത്തേക്കുള്ള എന്റെ പ്രയാണം എത്ര നിസ്സാരം!

മരണത്തോടെ ഇല്ലാതാകുന്ന "എന്റേതിന്" വേണ്ടി ഞാന്‍ തിന്നുന്ന വേദന എത്ര അപ്രസക്തം!

പക്ഷെ സ്നേഹത്തിന്റെ ശക്തി തത്ത്വചിന്തകളേക്കാള്‍ അപാരമാണ്. അനിഷേധ്യമാണ്.
അതൊരു കൊടുങ്കാറ്റായി വന്നെന്റെ ദര്‍ശനങ്ങളെ കടപുഴക്കിയിട്ടു.
അല്ലെങ്കിലും സന്യാസിയുടെ സാത്വികഭാവം എനിക്ക് ഇണങ്ങുകയില്ല.
തീക്ഷണ സ്നേഹത്തില്‍..അതിന്റെ വേദനയില്‍ തപിക്കുന്നൊരാത്മാവ്
അമാത്രമായ സ്നേഹത്തില്‍ നിന്നും മോക്ഷം കാംക്ഷിക്കുമൊ?

വര്‍ഷങ്ങളായി രാവും പകലും കണ്ട് കൊണ്ടിരുന്നത്, പിന്നെ ഒരു കോടി തവണ അകക്കണ്ണ് കൊണ്ട് നിദ്രയിലും നിനവിലും കണ്ടത്...ആ കാശ്ചകളത്രയും വീണ്ടുമൊരിക്കല്‍ കാണുവാന്‍ വേണ്ടി ഒരു കാറ്റായി പാഞ്ഞ് ചെന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്നാണ്.


പരോളിലിറങ്ങിയ പ്രതിയുടെ മനസ്സോടെ എന്റെ മണിമുറ്റത്തെ നിറത്തുടിപ്പുകളത്രയും കണ്ട് നിന്നു.
പച്ചയുടുത്ത എന്റെ വീട്, അതിന് മുന്നിലെ പുല്‍ത്തകിടിയും അരുവിയും..അച്ഛ ശ്രദ്ധാപൂര്‍വം പരിപാലിക്കുന്ന പൂന്തോട്ടത്തിലെ സുന്ദരിക്കുട്ടികള്‍, എല്ലാറ്റിനും മുകളില്‍ കുട നിവര്‍ത്തിയ എന്റെ നീലാകാശത്തിന്റെ ഒരു കീറ്...ഇവിടെയാണെന്റെ ഓര്‍മ്മകളത്രയും.
ഇവിടെയാണെന്റെ ബാല്യകൌമാരങ്ങള്‍, ഇവിടെയാണെന്റെ പ്രണയവും വിരഹവും, ഇവിടെയാണെന്റെ സ്വപ്നങ്ങളും നഷ്ടങ്ങളും, ഇവിടെയാണെന്നെ കുളിര്‍ക്കോരിയനുഗ്രഹിച്ച ആഹ്ലാദങ്ങളും...അവയെ കശക്കിയെറിഞ്ഞ നോവിന്റെ തീജ്വാലകളും.
ഞാന്‍ ഇവിടത്തേതാണ്.

"അച്ഛേ, സുഖല്ലെ?" മുറ്റത്തേക്കിറങ്ങി വന്ന അച്ഛയുടെ വാത്സല്യ കൂട്ടിലേക്ക് കയറി നിന്നു.
പുതിയൊരാളുടെ തൂവല്‍ സ്പര്‍ശത്തില്‍ അച്ഛയുടെ ഏകാന്തതയുടെ ചുളിവുകള്‍ നിവര്‍ന്നിരുന്നു.
പഴയ പരിചയം പുതുക്കി ബെല്ല എഴുന്നേറ്റ് നിന്ന് വാലിളക്കി.
പൂന്തോട്ടത്തിലെ സുന്ദരികുട്ടിയൊന്നിനെ നുള്ളിയെടുത്ത് ജാതി മരത്തിനപ്പുറത്ത് തൃത്താവിന്‍ തൈകളുടെ ശീതളിമയിലേക്ക് ഓടി.
"അമ്മേ...ഞാന്‍ വന്നു.."
നന്ത്യാര്‍വട്ട പൂവ് വാങ്ങി പിടിച്ച് അമ്മ ചിരിച്ചു.
"എന്റെ കുട്ടി വന്നല്ലൊ"
ഓരൊ തുളസിയിലയിലും പൂവിലും അവയെ തഴുകുന്ന ഇളം കാറ്റിലും അമ്മ ചിരിച്ചു.
പൂമുഖത്ത് നിറഞ്ഞ ചിരിയായി ചിച്ചു.
ഒരു ആശ്ലേഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ പറഞ്ഞു.
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ വിമാനത്താവളത്തില്‍ കൈ വീശി നിന്ന പഴയ പെണ്‍കിടാവല്ല.
മാതൃത്വത്തിന്റെ മേദുരതയില്‍ അവള്‍ മറ്റൊരാള്‍!
"എത്ര വേഗമോമനെ....നിന്നിലെ...കുസൃതിക്കുടുക്കയൊരമ്മയായി"
എന്ന ഒ.ന്‍.വി കവിത പോലെ.
"എവിടെ?എന്ന തിടുക്കത്തില്‍ അകത്തേക്ക്.
കട്ടിലില്‍ കമിഴ്ന്നുറങ്ങുന്നു....വെള്ള കുപ്പായമണിഞ്ഞവള്‍....ഒരു തുമ്പപ്പൂവിറുത്തിട്ട കണക്കെ.
അവള്‍ പര്‍ണിക....കുഞ്ഞിലയുടെ തരളത!..
"ഉണര്‍ത്തട്ടേ..?"
"വേണ്ട....ഉണരുവാന്‍ കാത്തിരിക്കാം"
പതിനാല് മാസക്കാലം കാത്തിരുന്നതല്ലെ...പിന്നെയാണൊ...!
കുഞ്ഞു വിരല്‍ത്തുമ്പിലും പട്ട് മുടിച്ചുരുളിലും തൊട്ട് കാത്തിരുന്നു.
അവള്‍ ഉണര്‍ന്നു.
കുഞ്ഞി സങ്കടത്തില്‍ പൊട്ടിയല്ല.
മൃദുലമായ ചിരിയില്‍...പൂത്തുലഞ്ഞ്.
കൈനീട്ടിയപ്പോള്‍ പരിചയക്കേടിന്റെ അസ്കിതയൊന്നും കാട്ടാതെ..മായമ്മയുടെ നെഞ്ചില്‍ പറ്റി ആലിലക്കണ്ണനായി.
"ഫോര്‍ യൂ..മേം?"
കണ്ണ് തുറക്കുമ്പോള്‍ ആലിലക്കണ്ണനില്ല....കളിചിരികളില്ല...സ്നേഹമുഖങ്ങളൊന്നുമില്ല.
എല്ലാം ദൂരെ.
കൈപ്പിടിയില്‍ നിന്നുമൂര്‍ന്നു പോയ ഒരു ചില്ല് സ്വപ്നം പോലെ.
ലണ്ടന്‍ എത്താറാകുന്നുവെന്ന് മുന്നിലെ മോണിറ്ററില്‍ തെളിഞ്ഞു. ഒന്ന് കരയാനുള്ള സ്വകാര്യതക്ക് വേണ്ടി..ഇനിയുമെത്ര കാതം!
"ഫോര്‍ യൂ മേം"
തലപ്പാവണിഞ്ഞ എമിറേറ്റ്സ് സുന്ദരിയുടെ ചുമന്ന ചുണ്ടുകള്‍ ചിരി വിടാതെ ചോദിക്കുന്നു.
"ഓറഞ്ച് ജ്യൂസ്"
എനിക്ക് വേണ്ടത് അതൊനുമല്ലെന്നറിഞ്ഞ് കൊണ്ട്...ഞാന്‍ വെറുതെ പറഞ്ഞു.
നരച്ച കൂടാരത്തില്‍ മടങ്ങിയെത്തി നാട്ടിലേക്ക് വിളിച്ചപ്പോള്‍...അച്ഛ പറഞ്ഞു.
"ഒരു സ്വപനം കണ്ടത് പോലെ..തോന്നുന്നു.
ഒക്കെ പെട്ടെന്ന് കഴിഞ്ഞൂ"
അതെ...എല്ലാവരും ചേര്‍ന്ന് ചന്തമുള്ളൊരു സ്വപ്നം കാണുകയായിരുന്നു.
നല്ല സ്വപ്നങ്ങള്‍ അങ്ങനെയാണ്. പെട്ടെന്ന് അവസാനിക്കും.
അവയെ അനുകാമം വലിച്ച് നീട്ടാന്‍ ആര്‍ക്കും കഴിയില്ല.
അവ വരുന്നതും പോകുനതും നമ്മുടെ സമ്മതം ചോദിച്ചല്ല.
വീണ്ടും വരുമൊരിക്കല്‍....എല്ലാ നിറങ്ങളും വാരി ചൂടി...എന്ന കാത്തിരിപ്പല്ലേ ജീവിതം!



16 comments:

  1. മനോഹരമായിരിക്കുന്നു.
    ഓര്‍മകളുടെ പത്തായത്തില്‍ നിന്ന് ഒരിക്കലും ഇറങ്ങി നടക്കാനാവില്ലെന്ന് വ്യക്തം.

    ReplyDelete
  2. [പ്രിയമുള്ളൊരാളുടെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍..പ്രിയമേറും മറ്റനേകം കൈകള്‍ അയഞ്ഞ് പോകുന്നുന്നതെന്ത്?]
    അനുവാര്യമായ മാറ്റം ജീവിതത്തില്‍ സം‌ഭവിച്ച് കൊണ്ടേയിരിക്കും.
    എഴുത്തിഷ്ടമായി.

    ReplyDelete
  3. അതെ. ജീവിതം ഒരു കാത്തിരിപ്പാണ്‍. നമ്മുടെ സ്വപ്നങ്ങള്‍‌ സത്യമാകുന്നതും പ്രതീക്ഷിച്ചുള്ള ഒരു നീണ്ട കാത്തിരിപ്പ്.

    നന്നായിരിക്കുന്നു.

    :)

    ReplyDelete
  4. “ഒന്ന് കരയാനുള്ള സ്വകാര്യതക്ക് വേണ്ടി..ഇനിയുമെത്ര കാതം!“

    നന്നായി നാട്ടില്‍ നിന്നും ഉറ്റവരില്‍ നിന്നുമുള്ള പറിച്ച് നടലിന്റെ ഈ വേദന...
    പിന്നെ താങ്കള്‍ പറഞ്ഞപോലെ ഒരു കാത്തിരുപ്പല്ലേ ജീവിതം... എല്ലാം നല്ലതിന്...

    :)

    ReplyDelete
  5. വളരെ ഇഷ്ടപ്പെട്ടു
    കഥയും എഴുത്തും.

    -സുല്‍

    ReplyDelete
  6. അതെ ....
    നല്ല സ്വപ്നങ്ങള്‍ അങ്ങനെയാണ്. പെട്ടെന്ന് അവസാനിക്കും.
    അവയെ വലിച്ച് നീട്ടാന്‍ ആര്‍ക്കും കഴിയില്ല.

    ഞാനും നാളെ എന്നെ സ്നേഹിക്കുനവരെ.. ഞാന്‍ സ്നേഹിക്കുനവരെ വിട്ടു പോകുകായ.. തിരിച്ചു പോകാന്‍ മനസു അനുവദിക്കുന്നില്ല എന്നാലും എന്തിനോക്കയൂ വേണ്ടി ഞാന്‍ പോകുന്നു..

    ReplyDelete
  7. എല്ലാം സ്വപ്നം പോലെ തന്നെ ചേച്ചി
    നന്നായിട്ടുണ്ട് എഴുത്ത്
    :)
    ഉപാസന

    ReplyDelete
  8. മായെ..നന്ന് എന്ന് പറഞ്ഞ് ഈ പോസ്റ്റിന്‍റെ മാറ്റ് കുറയ്ക്കുന്നില്ല.പച്ചയുടുപ്പിട്ട വീടും അവിടെയുള്ളവരും എല്ലാമെല്ലാം...ദാ ഇവിടെ എന്‍റെ ഉള്ളിലും ഇപ്പോള്‍ ഉണ്ട്...സ്നേഹമായി,സന്തോഷമായി,വിങ്ങലായി..കൂടുതല്‍ പറയണില്ല.ഇനിയും ഒരുപാട് എഴുതൂ.

    ReplyDelete
  9. സന്തോഷം...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്...
    വാണി പറഞ്ഞതാണ് ശരി..ഓര്‍മ്മകളുടെ പത്തായത്തില്‍ നിന്നും അങ്ങനെയൊന്നും ആര്‍ക്കും ഇറങ്ങി നടക്കാനാവില്ല.
    ശരിയാണ് സതീശ്...ഒരു സ്നേഹത്തോട് ചേരുമ്പോള്‍..മറ്റൊന്നില്‍ നിന്നും വേര്‍പെട്ട് പോരുന്നു.
    ജീവിതത്തിന്റെ അനിവാര്യത തന്നെ.
    പക്ഷെ എന്തിങ്ങനെ എന്ന് പകക്കുവാനല്ലെ തരള മനസ്ക്കര്‍ക്ക് കഴിയൂ.
    പിന്നെ സഹയാത്രികന്‍ പറഞ്ഞത് പോലെ..എല്ലാം നല്ലതിന്.
    നന്ദി തുഷാരം...ഈ വിങ്ങലും സ്നേഹവും ഏറ്റെടുത്തതിന്...

    ReplyDelete
  10. നന്നായിരിക്കുന്നു. കുഞ്ഞിലയും, കുഞ്ഞി ച്ചിരിയും, വലിയ ഓര്‍മ്മപ്പത്ായത്തിലെ കൊച്ച് കൊച്ച് ഓര്‍മകളും., തണല്‍ മരവും, കണ്ണീരും നിലാവും.
    ഇവിടെ ബ്രാമ്പ്ട് നില്‍ ഇരുന്നോര്‍ക്കുമ്പോള്‍ എല്ലാം കഴിഞ്ഞു പോയ കിനാക്കള്‍ പോലെ അല്ലേ ?

    ReplyDelete
  11. മായേ..എഴുതി വീര്‍പ്പുമുട്ടിക്കരുത്‌.എല്ലാ ഓര്‍മ്മകളും ബാക്കിവെച്ച്‌ പടിയിറങ്ങിയതാണ്‌.

    ReplyDelete
  12. ഓര്‍മകളുടെ ഭാണ്ഡക്കെട്ട് അഴിച്ചപോലെ മനോഹരം.

    ReplyDelete
  13. മനോഹരമായിരിക്കുന്നു.
    വളരെ ഇഷ്ടപ്പെട്ടു
    EE malayalathilezhuthiyathu njaan thaazhe mayakku kittiya abhiprayathil ninnum copy adichathanu. Pakshe enikkum athu thanne aanu parayuvaanullathu. I like it very much

    ReplyDelete