September 02, 2010

ചിങ്ങനിലാവും കണ്ണീരും ചിരിയും...



വീണ്ടുമൊരു ഓണക്കാലം പടി കയറി വന്നു.
ഓണം അങ്ങനെയാണ്‌.
ലോകത്തിന്റെ ഏത് കോണിൽ പോയി വീട് കെട്ടിപ്പാർത്താലും ചിങ്ങം പിറന്നാൽ, ഓണം മലയാളിയുടെ ജീവിതത്തിലേക്ക് ഓടിക്കയറി വരും.
വാതിൽക്കൽ മുട്ടി ഒരു അതിഥിയുടെ ഔപചാരികതയോടെ കാത്തുനിൽക്കുകയൊന്നുമില്ല.
ഒരു സുഹൃത്തിന്റ സ്വാതന്ത്ര്യത്തോടെ, അല്ലെങ്കിൽ ഒരു കാരണവരുടെ അധികാരത്തോടെ വാതിൽ തള്ളിത്തുറന്ന് ഓണം അകത്തേക്ക് ഓടിക്കയറും.

അത് കൊണ്ടായിരിക്കും വേദനകളുടെ പ്രളയത്തിൽ മുക്കിയെടുത്ത ചിങ്ങമാസത്തോട് എത്ര പരിഭവിക്കണമെന്ന് കരുതിയിട്ടും കഴിയാതെ പോകുന്നത്. മനസ്സിന്റെ ഒരു പാതി കൊണ്ട് കരയുമ്പോഴും മറുപാതി കൊണ്ട് ഓണത്തിമർപ്പിലേക്ക് ഊളിയിട്ടിറങ്ങാതെ വയ്യ എന്നു തോന്നുന്നത്.

ഒരു ഓണക്കാലത്താണ്‌ അച്ഛമ്മ പോയത്.
പിന്നെ നാലു വർഷങ്ങൾക്കിപ്പുറം മറ്റൊരു ഓണക്കാലത്ത് ,നാട് മുഴുവൻ പൂക്കളമൊരുക്കി...ആറാപ്പു വിളിച്ച്...ത്രൃക്കാക്കരപ്പനെ വരവേൽക്കാൻ കാത്തിരിക്കുമ്പോൾ, . "ഇക്കുറി ഓണത്തിന്‌ എന്തു പായസമാണ്‌ വെക്കേണ്ടത്?, അത്തല്ലേ ..പൂക്കളമിടണ്ടേ?" എന്നൊക്കെയുള്ള കുഞ്ഞു സന്ദേഹങ്ങൾ ചുണ്ടിൽ മുറുക്കിക്കെട്ടി ഒരു നിലവിളക്കിന്റെ വെളിച്ചത്തിൽ അമ്മ ഉറങ്ങിക്കിടന്നു.
അന്നു തീരുമാനിച്ചതാണ്‌.....ചിങ്ങത്തോട് ഇനി പിണക്കമാണെന്ന്.
എങ്ങനെ പൂവിളി ഉയർത്തിവന്നാലും, മുറ്റത്തും പറമ്പിലും മുക്കുറ്റിയും തുമ്പയും വാരിയെറിഞ്ഞാലും ഇനി കൂട്ടില്ല.
അമ്മ മെഴുകാതെ ഇനി കളമില്ല. അമ്മ ഒരുക്കാതെ ഇനി സദ്യയില്ല.
ഇനി ഓണമില്ല.

പക്ഷെ ഓണം വന്നു. വന്നു കൊണ്ടേയിരുന്നു.
മുഖം തിരിച്ചിരുന്നിട്ടും പരിഭവമില്ലാതെ, പരുഷവാക്കുകൾ പറഞ്ഞിട്ടും പിണങ്ങിപ്പോകാതെ ഓണം വന്നു.
പടിയ്ക്കൽ വന്നെത്തി നോക്കി.
പിന്നൊരിക്കൽ അകത്തളത്തിലേക്ക് കാലെടുത്തു വെച്ചു.
ചിണുങ്ങിക്കരയുന്ന കുഞ്ഞിനെ പരിലാളിക്കുന്ന അമ്മയായി പരിരംഭണത്തിൽ മുറുക്കി.
പൂവിരലുകൾ കൊണ്ട് ഇക്കിളിക്കൂട്ടി.
പരിഭവം അലിഞ്ഞു. മുഖത്തൊരു കുഞ്ഞു നാണം തളിർത്തു.
പിന്നെയൊരു ചെറു ചിരി വിടർന്നു. ചെറുചിരി വളർന്നത് നിറചിരിയായി.
മുറ്റത്ത് വീണ്ടും പൂക്കളമായി. നാക്കിൽ രുചിമേളമായി.

അല്ലെങ്കിലും ഓണമെന്നാൽ ഒരു കോടി ഓർമ്മകളുടെ കൊണ്ടാട്ടമല്ലേ? നഷ്ട്ടവസന്തത്തിന്റെ നിശ്വാസമല്ലേ? കൈവിട്ടു പോയൊരു നല്ല നാളിനെ ഒരു വേള കയ്യിൽ കോരിയെടുത്ത് ഓമനിക്കലും..പിന്നെ വീണ്ടും ചോർന്നു പോകുമ്പോൾ ഉള്ളം നീറ്റലുമല്ലെ?
അതിനൊക്കെ തന്നെയല്ലേ ഈ ഓണം പടികയറി വരുന്നത്!

മാവേലി യമരൂപം പൂണ്ട് വന്നു പോയ ആ നീറ്റുന്ന ഓണങ്ങൾക്ക് മുന്ന്, വളരെ മുന്ന്, അച്ഛമ്മയുണ്ടായിരുന്ന കാലത്ത്, അച്ഛമ്മ..പിന്നെയുമുണ്ടയിരുന്നു..കുറെക്കാലം, പക്ഷെ ബോധത്തിനും അബോധത്തിനുംമിടയ്ക്ക് ഒരു നൂല്പ്പാലത്തിൽ തെന്നി നീങ്ങുകയായിരുന്നുവെന്ന് മാത്രം, അച്ഛമ്മയ്ക്ക് ഓണമുണ്ടായിരുന്ന കാലത്ത്.....ഞങ്ങൾ കുട്ടികൾക്ക് ഓണമെന്നാൽ....ഒരു മേളതിമർപ്പായിരുന്നു. വീട്ടിൽ ഇളയച്ഛന്റെ മക്കളുണ്ട്. കളികൾക്ക് പഞ്ഞമില്ല. പറമ്പിൽ വേണ്ടുവോളമുണ്ട് മുക്കുറ്റിയും തുമ്പയും. അമ്മയുടെ പൂന്തോട്ടത്തിലുമുണ്ട് ഒരു വസന്തം. ഓണമായാൽ അതിലൊക്കെ കൈവെക്കുന്നതിൽ തെറ്റില്ല.
പക്ഷെ രസം കൊല്ലിയായി ഒരു ഓണപ്പരീക്ഷ വരും. മേമയ്ക്കാണെങ്കിൽ മക്കളുടെ പഠനകാര്യങ്ങളിൽ വലിയ ശുഷ്ക്കാന്തിയാണ്‌. ഇടയിലൊരു ശനിയും ഞായറും വീണുകിട്ടിയാൽ സംഗതി കുശാലായി. തൽക്കാലത്തേക്കാണെങ്കിലും പരീക്ഷപ്പിടിയിൽ നിന്നുമിറങ്ങാം. മഴനനഞ്ഞു നിൽക്കുന്ന നനുത്ത പൂക്കളെ കുറ്റബോധമൊന്നുമില്ലാതെ ഇറുത്ത് കളത്തിൽ നിരത്തി വെക്കാം.

പരീക്ഷയിൽ നിന്നുമിറങ്ങി വീട്ടിലെ ഓണത്തിലേക്ക് കയറി വരുമ്പോൾ അടുക്കളപ്പുറത്ത് നിന്നുമുയരും തിളച്ച വെളിച്ചെണ്ണയിൽ വീഴുന്ന കായുപ്പേരിയുടെ നറുമണം. വീട്ടിലെ ദൈന്യംദിന പാചകമൊക്കെ അമ്മയുടെ വകയാണെങ്കിൽ കായവറുക്കലും ശർക്കരവരട്ടിയുണ്ടാക്കലും പിന്നെ വിഷുക്കാലത്ത് ചക്ക വരട്ടുന്നതും, വിഷുക്കട്ടക്ക് തൊട്ടു കൂട്ടാൻ പച്ചണ്ടി പൊളിച്ച്, കയ്യിലപ്പിടി അണ്ടിപ്പശയാക്കി, പരിപ്പെടുത്ത് കൂട്ടാൻ വെയ്ക്കുന്നതുമൊക്കെ അച്ഛമ്മയുടെ അവകാശങ്ങളായിരുന്നു. അച്ഛമ്മയൊരു ഗൗരവക്കാരിയായിരുന്നു. ആ സുന്ദരമായ മുഖത്ത് ഒരു ചിരി വിടരുന്നത് തന്നെ അപൂർവം! കുട്ടികളോട് കൂട്ടുകൂടാനോ മടിയിലിരുത്തി ലാളിക്കാനോ ഒന്നും വശമില്ലാത്തൊരാൾ. അച്ഛമ്മയുടെ വാത്സല്യം പുറത്തേക്കൊഴുകിയിരുന്നത് ഇത്തരം വിഭവങ്ങളിലൂടെ ആയിരുന്നു.
പക്ഷെ അച്ഛമ്മയേയും അമ്മയേയും ഒക്കെ അത്യധികം നിരാശപ്പെടുത്തിയിരുന്ന കുട്ടികളായിരുന്നു ഞാനും ചേച്ചിയും. ഭക്ഷണകാര്യത്തിൽ പുറകോട്ട് എന്ന് ദുർഖ്യാതി നേടിയവർ.വറുത്ത് വെക്കുമ്പോഴെക്കും മുറത്തിൽ നിന്നും ഇന്ദ്രജാലക്കരന്റെ കരവിരുതോടെ ഉപ്പേരിയും ശർക്കരവരട്ടിയും അപ്രത്യക്ഷമാക്കുന്ന മിടുമിടുക്കരുടെ ഗണത്തിൽ പെടാത്തവർ! ചേച്ചിയാണെങ്കിൽ അന്നും ഇന്നും ഭക്ഷണകാര്യത്തിൽ ഒരു യോഗിനിയാണ്‌. യാതൊന്നിനോടും ഭ്രമമില്ലാതെ...ആവശ്യത്തിന്‌ മാത്രം ഭക്ഷണം എന്ന നയക്കാരി. എന്റെ കാര്യം പക്ഷെ അങ്ങനെയല്ല. ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളുമൊക്കെയായി അമ്മയ്ക്ക് തലവേദനയുണ്ടാക്കുന്ന കുട്ടി. തീരെ ചെറുതിൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതിനോടൊക്കെ
വിരക്തിയാണ്‌. കുറച്ച് കൂടെ വളർന്നപ്പോൾ അത് മാറി വിരക്തി മധുര പലഹാരങ്ങളോടായി. പഴമ്പൊരിയും പായസവുമൊക്കെ കൊണ്ട് അമ്മ പിന്നാലെ നടക്കും. അമ്മയെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടി ഇത്തിരിയോളം മാത്രം കഴിച്ചെന്ന് വരുത്തും. പിന്നെ വളർന്നപ്പോൾ എല്ലാ രുചികളുമായി ഇഷ്ട്ടത്തിലായപ്പോൾ രുചിക്കൂട്ടുമായി പുറകെ നടക്കാൻ ആളില്ലാതായി. പിന്നെ നഷ്ട്ടപ്പെടുത്തിയ ഓരോ രുചിയും കാർമേഘമായി മനസ്സിൽ ഉരുണ്ട്കൂടാൻ തുടങ്ങി. ഓരോ മിഴിനീർ കണമായി പെയ്തിറങ്ങാൻ തുടങ്ങി.

പലഹാരങ്ങളുടെ കാര്യത്തിലുള്ള പിടിവാശികളൊക്കെ സമ്മതിച് തരുമെങ്കിലും അമ്മ പൊതുവെ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ കർക്കശക്കാരിയായിരുന്നു. എല്ലാവിധ പച്ചക്കറികളും തീന്മേശ്ശയിലെത്തും.. അതെല്ലാം കഴിച്ചോളണമെന്ന് തന്നെയാണ്‌ നിയമം. അതു കൊണ്ടൊക്കെയായിരിക്കാം സദ്യ- അതിൽ വിളമ്പുന്ന ഓരോ കൂട്ടാനും അന്നും ഇന്നും എന്നും എന്റെ ഒരു ബലഹീനതയാണ്‌.



ഇളയച്ഛൻ സ്വന്തം വീട് വെച്ചപ്പോൾ മേമയും മക്കളും പോയി. എങ്കിലും ഓണത്തിനും വിഷുവിനും എല്ലാവരും ഒത്ത്കൂടും. കാലം കഴിഞ്ഞു. കുട്ടിക്കളികൾ മാറി. ഓണനിലാവിന്റെ അഴകോടെ കൗമാരമായി.ഓണത്തിന്‌ പ്രണയഭാവമായി. ആദർശങ്ങളും ആശയങ്ങളുമൊക്കെ പൊട്ടി മുളക്കുന്ന പ്രായമാണ്‌. വലിയ വലിയ തീരുമാനങ്ങളൊക്കെ എടുത്ത് കളയും. അക്കൂട്ടത്തിലൊന്നായിരുന്നു....മുടിയിൽ ചൂടാനായി പൂ പറിക്കില്ല എന്നത്. പൂക്കൾ ചെടികളിൽ നിൽക്കുന്നതാണ്‌ ഭംഗി. ചെടികളിൽ തന്നെ വിടരുകയും കൊഴിയുകയും ചെയ്യുക എന്നത് പൂക്കളുടെ ജന്മാവകാശമാണ്‌. പക്ഷെ ഓണക്കാലമായാൽ....ആദർശങ്ങൾക്ക് തൽക്കാലം അവധി കൊടുത്ത് പൂക്കളിറുത്ത് കളമൊരുകുക തന്നെ ചെയ്യും.

ഇതിനിടക്ക് അച്ഛമ്മ ഓർമ്മതെറ്റുകളിലേക്കു വഴുതി വീണു. നമുക്കറിയാത്ത മറ്റൊരു ലോകത്ത് മറ്റൊരു മനുഷ്യനായി ജീവിക്കാൻ തുടങ്ങി. എങ്കിലും തിരുവോണത്തിന്‌ കുളിപ്പിച്ചൊരുക്കി കോടിയുടുപ്പിച്ച് കുറി തൊടുവിച്ച് അമ്മ അച്ഛമ്മയെ വിഭവങ്ങൾ നിരത്തിയ വാഴയിലയ്ക്ക് മുന്നിലിരുത്തുമ്പോൾ ആ മുഖത്ത് ഓണനിലാവ് പോലെ ഒരു നേർത്ത ചിരി പരക്കും.
ഒരു ചിങ്ങമാസത്തിൽ ഉത്രാടതിന്റെയന്ന് രാവിലെ അച്ഛമ്മ കിടന്നു. പിന്നെ എഴുന്നേറ്റില്ല. അക്കുറി ഓണമുണ്ടായില്ല. ദിവസങ്ങൾ കൊഴിഞ്ഞപ്പോൾ ..സെപ്റ്റംബർ രണ്ടിനു അച്ഛമ്മ പോയി.
നാലു വർഷങ്ങൾക്ക് ശേഷം മറ്റൊരു സെപ്റ്റംബർ രണ്ടിന്‌ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ട്പോയി. അന്ന് ചിത്തിരയായിരുന്നു. അമ്മയുടെ ജന്മനാൾ. പാതിരാത്രിയിൽ ചോതി പുലർന്നപ്പോൾ അമ്മ പോയി.
കരയിലേക്ക് ഓടിക്കയറുന്ന തിരകളോടായി അമ്മ ചൂണ്ടൂവിരൽ നീട്ടി മണ്ണിൽ എഴുതാറുണ്ട്..."ചോതി" . കടലമ്മ വന്നത് വാരിയെടുത്തോടുമ്പോൾ അമ്മ ഞങ്ങളോട് നിറഞ്ഞ് ചിരിക്കും. ഒരു മൺക്കുടത്തിലിരുന്ന് കടലിലേക്ക് അമ്മ ഊളിയിട്ടിറങ്ങുന്നതും നോക്കി കടൽക്കരയിൽ നിന്നപ്പോൾ ഞാൻ വീണ്ടുമാ ചിരി കണ്ടു...ആ ചിരി എന്റെ കണ്ണീരിൽ നനഞ്ഞു പോയി.
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എല്ലാ പെണ്ണുങ്ങളേയും പോലെ ഞാനും അന്വേഷിച്ചു.......ഒന്‍പത് മാസങ്ങള്‍ക്കും ഏഴു ദിവസങ്ങള്‍ക്കും അപ്പുറമുള്ള ആ മനോഹരദിനമേതെന്ന്.....
സെപ്റ്റംബര്‍ ഏഴ്!
നഷ്ട്ടങ്ങളുടെ സെപ്റ്റംബര്‍!!!
എട്ട് വർഷങ്ങൾക്ക് ശേഷം നഷ്ട്ടങ്ങളുടെ സെപ്റ്റംബറിൽ നിറങ്ങൾ എഴുതി ചേർക്കാൻ അവൾ വരുന്നു.
അത് ഏഴാം തിയ്യതി തന്നെയായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല. പിന്നെ എന്നായിരിക്കും അവൾ വരുന്നത്? ഞാൻ വല്ലാത്തൊരു സംഘർഷത്തിനടിമപ്പെട്ടു.
അത് രണ്ടായിരിക്കരുതേ.....മൂന്നായിരിക്കരുതേ.....അമ്മയുടെ അടഞ്ഞ മിഴികൾക്ക് മുകളിൽ ഒരു കേക്കും കത്തിയും കൊടുത്ത് എന്റെ പിറന്നാൾക്കുട്ടിയെ നിർത്താൻ വയ്യ ഓരോ വർഷവും. കലണ്ടറിലൂടെ കണ്ണോടിക്കവെ....വീണ്ടും പ്രാർത്ഥിച്ച് പോയി....അവൾ വരുന്നത് നാലാം തിയ്യതിയുമാകരുതേ...കാരണം അക്കുറി നാലിനായിരുന്നു..ചിങ്ങത്തിലെ ചോതി. അമ്മയുടെ ശ്രാദ്ധം അവളുടെ ജന്മദിനമായാൽ അതൊരു അനുഗ്രഹമായി മാത്രം കണ്ടാൽ മതിയെന്ന് ചേച്ചി ഉപദേശിച്ചു.സ്കാനിങ്ങ് റിപോർ‍ട്ടിൽ സെപ്റ്റംബർ ഒന്നാണ്‌ ഡ്യു ഡേറ്റായി രേഖപ്പെടുത്തിയിരുന്നത്. അതൊരു ആശ്വാസം എന്നു ദീർഖനിശ്വാസം വിട്ടിരിക്കുമ്പോഴാണ്‌ എന്റെ സഖാവിന്റെ അമ്മ സംഭാഷണ മദ്ധ്യേ ഒരു "തമാശ" കൂടി പൊട്ടിച്ചത്. ഉത്രം ജന്മ മാസമായാൽ ദോഷമാണത്രെ. കുഞ്ഞിലെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട അമ്മമ്മയുടെ(കണവന്റെ) ജീവിത കഥ പറയുമ്പോൾ വളരെ യാദ്ര്യശ്ചികമായാണ്‌ ഈ പരാമർശമുണ്ടായത്. അതു വരെ ആകാശ്ത്തിലെ നക്ഷത്രങ്ങളെ കുറിച്ച് അധികമൊന്നും ചിന്തിക്കാത്ത, കല്യാണത്തിന്‌ പോലും ജാതകമോ മുഹൂർ‍ത്തമോ നോക്കാത്ത എന്റെ മനസ്സിലതൊരു കല്ലുകടിയായി കിടന്നു. അപ്പോഴൊക്കെ എന്റെ പ്രിയ സഖാവ് പറഞ്ഞ് കൊണ്ടിരുന്നു......: "ഒന്നും പേടിക്കേണ്ട വാവ സെപ്റ്റംബർ അഞ്ചിനേ വരൂ"

അങ്ങനെ സെപ്റ്റംബർ 1(ഉത്രം) കഴിഞ്ഞു. രണ്ടൂം മൂന്നും കഴിഞ്ഞു. സെപ്റ്റംബർ നാലിനു ഉച്ചതിരിയുമ്പോൾ ഞാൻ ആശ്വാസത്തിന്റെ കുളിർമഴ നനഞ്ഞു. അവളെ സഹർഷം വരവേൽക്കാൻ മനസ്സ് ഒരുങ്ങി. പിറ്റേന്ന് , അഞ്ചാം തിയ്യതി ഒബ്സ്റ്റ ട്രീഷ്യൻറ്റെ അടുത്ത് അപ്പോയിൻന്മെന്റ്. രാവിലെ പോകണം. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി ഉറങ്ങാൻ കിടന്നു. അപ്പോഴാണ്‌ അവളത് പറഞ്ഞത്..."അമ്മേ ഞാൻ വരുന്നു...."
ആശുപത്രിയിലേക്കുള്ള യാത്രയിൽ എന്നെ കാത്ത് സഖാവിന്റെ ഒരു "സർപ്രൈസ്" ഉണ്ടായിരുന്നു. സി.ഡി പ്ളേയർ എനിക്ക് വേണ്ടി പാടിക്കൊണ്ടിരുന്നു....
"മലർക്കൊടി പോലെ വർണ്ണത്തുടി പോലെ മയങ്ങൂ നീയെൻ മടിമേലെ.......ഉറങ്ങൂ .....കനവ് കണ്ടുണരാനായി ഉഷസ്സണയുമ്പോൾ.......!
ചിലപ്പോൾ ദൈവത്തിന്റെ സ്നേഹം നമ്മൾ തൊട്ടടുത്തറിയുന്നു.
എല്ലാ ആശങ്കകളും കാറ്റിൽ പറത്തിക്കൊണ്ട്......സഖാവിന്റെ വാക്ക് സത്യമാക്കിക്കൊണ്ട് സെപ്റ്റംബർ അഞ്ചിന്‌.....ചിങ്ങ മാസത്തിലെ വിശാഖം നാളിൽ അവൾ വന്നു...വിഭാവരി.


നമുക്കറിയാം അമ്മയ്ക്ക് മകളോടുള്ള സ്നേഹം-മാതാപിതാക്കാൾക്ക് മക്കളോടുള്ള സ്നേഹം ഒരു പുഴ പോലെയാണ്‌. ഒരു ദിക്കിൽ നിന്നും മറ്റൊന്നിലേക്ക് ഒഴുകുന്നു, അല്ലെങ്കിൽ ഒരു വെള്ളച്ചാട്ടം പോലെ മുകളിൽ നിന്നും താഴേക്ക് മാത്രം. മക്കളിൽ നിന്നും അതു തിരിച്ചൊഴുകുകയല്ല.....പക്ഷെ അതു അവരുടെ മക്കളിലേക്ക്....തലമുറകളിലേക്ക് ഒഴുക്ക് തുടരുകയാണ്‌.അതാണ്‌ പ്രകൃതിനിയമം. അമ്മയിൽ നിന്നും കുതിച്ചെത്തിയ സ്നേഹപ്രവാഹം എന്റെ ഹൃത്തടത്തിൽ ഒരു ഓളം പോലുമില്ലാതെ ...അനങ്ങാൻ പോലും ഇടമില്ലാതെ.. മഞ്ഞു കാലത്തെ വനതടാകം പോലെ ഉറഞ്ഞ് കിടക്കുകയായിരുന്നു. അതത്രയും എന്തു ചെയ്യേണ്ടുവെന്നറിയാതെ ഞാനാകെ വീർപ്പുമുട്ടുകയായിരുന്നു. ഒഴുക്കിന്റെ കണ്ണി എവിടെയോ അറ്റ് പോകുമ്പോൾ ജീവിതം തന്നെ സ്തംഭിച്ച് പോകുന്നു. പക്ഷെ ഇപ്പോൾ അറ്റ് പോയ കണ്ണി ഇണക്കി ചേർക്കപ്പെട്ടു. അമ്മ തന്ന സ്നേഹാമൃതമത്രയും മകളിലേക്കൊഴുക്കുമ്പോൾ വീണ്ടും ജീവിതത്തിൽ ഓണക്കാലമായി .പൂക്കളമൊരുക്കാനും സദ്യവട്ടങ്ങളൊരുക്കാനും എന്റെ കൈവിരലുകൾ തുടിക്കുന്നു.



5 comments:

  1. chinganilaavum kanneerum chiriyum nannayittundu.Old memories always take us to new world.But u could easily put in words

    ReplyDelete
  2. ഓർമ്മപ്പത്തായത്തിലെ ഓർമ്മരാക്ഷസിക്കു നമോവാകം! കൊഴിഞ്ഞു പോയ നല്ല കാലവും.... ഒരിക്കലും ഓർക്കരുതെന്നു മനസ്സു കൊതിച്ചിട്ടും പിന്നെയും പിന്നെയും തികട്ടി വരുന്ന വേദനിപ്പിക്കുന്ന ഓർമ്മകളും....കുഞ്ഞാവ വരുന്നതിനു മുൻപത്തെ വിഹ്വലതകളും....എന്റെ മായക്കുട്ടി മനോഹരമായി വരച്ചിട്ടിരിക്കുന്നു....

    ഗദ്ഗദത്തോടെ, നിറകണ്ണുകളോടെ മാത്രം വായിച്ചു തീർക്കാനാവുന്ന ഓർമ്മപത്തായം ഇനിയും ഇനിയും നിറയട്ടെ എന്നാശംസിക്കുന്നു....

    ReplyDelete
  3. Snehapuzha vattathe ozhukatte....
    puzhayorangalil ennum pookkalalamakatte......
    Gathakala ormakalal pathayam nirayatte.....
    ee nalla ezhuthinu ashamasakal.

    ReplyDelete
  4. ayyo mayee.. couldnt help my tears from falling down...

    ReplyDelete
  5. നന്നായെഴുതി.അല്പം കൂടി ചുരുക്കിയാല്‍ ഒന്ന് കൂടി ആകര്ഷകമായേനെ എന്നും തോന്നി.
    ഭാവുകങ്ങള്‍..

    ReplyDelete