July 25, 2011

                    വീട്ടിലെ വിരുന്നുകാർ

വീട്ടിൽ വിരുന്നുകാരെത്തുന്നത് ഞാൻ എന്ന കുട്ടിക്ക് വലിയ ഇഷ്ട്ടമൊന്നുമായിരുന്നില്ല.
കാരണം അമ്മയുടെ സ്നേഹവും ശ്രദ്ധയും അപ്പാടെ എന്നിൽ നിന്നങ്ങ് അടർന്നു പോകും. അടുക്കളയിൽ ഒരു നട്ടം തിരിച്ചലിലാകും അമ്മ. ചോദ്യവും വർത്തമാനവും കൊണ്ടുച്ചെന്നാൽ തറപ്പിച്ചൊരു നോട്ടം..“മിണ്ടാണ്ടങ്ക്ട് പോണുണ്ടോ“ എന്നൊരു ശകാരം...

പിന്നെ കണ്ണും നിറച്ച് മുറ്റത്തൂടെ അങ്ങനെ നടക്കാം...അമ്മയുടെ പൂന്തോട്ടത്തിലെ വെള്ള മന്ദാരങ്ങളോടും പത്തുമണിപ്പൂക്കളോടും...പിന്നെ സാല്വിയ, ഹൈഡ്രാഞ്ചിയ...എന്നിങ്ങനെയുള്ള പരിഷ്ക്കാരി പെണ്ണുങ്ങളോടും സങ്കടം പറയാം.
അവർക്കുമുണ്ടാകും പരിഭവങ്ങൾ....നേരത്തിനും കാലത്തിനും ഇത്തിരി വെള്ളം തരാൻ ഇവിടാരുല്ല്യേ..എന്നിങ്ങനെയുള്ള പരിദേവനങ്ങൾ!
എന്നെ പോലെ ..പൂക്കൾക്കും വീട്ടുമ്രിഗങ്ങൾക്കും ഇഷ്ട്ടമായിരുന്നില്ല ഈ വിരുന്നുകാരെ.

അവിടെ തീരുമൊ കാര്യങ്ങൾ! ഇഷ്ട്ടമില്ലാത്തൊരു കൂട്ടം ആഹാര സാധനങ്ങൾ അവരുടെ കൂടെയിരുന്നു നിർബന്ധപൂർവം കഴിക്കേണ്ടിയും വരും.
അതു വേണ്ട..ഇതു വേണ്ട എന്നൊക്കെയുള്ള അഭിപ്രായങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ് നോക്കിയാലും കിട്ടും മൂർച്ചയുള്ളൊരു നോട്ടം....
ഇനി അതിന്റെ പേരിൽ മുഖമൊന്നു കനപ്പിച്ച് പിടിക്കാമെന്നു വെച്ചാലോ...”നല്ലൊരു ദിവസായാൽ തുടങ്ങും മൂശേട്ടത്തരം..”എന്നൊരു പ്രഖ്യാപനം കൊണ്ട് നാലാളുടെ മുന്നിൽ എന്നെ ഒരു “ലോക മുശേട്ട”യായി അവരോധിക്കും.

അതൊക്കെ പോട്ടെ എന്നു വെക്കാം.വിരുന്നുകാർക്കു മുന്നിൽ ഒരു നേരം കൊല്ലിയായി നിന്നു കൊടുക്കലാണ് ഏറ്റവും വലിയ ദുരിതം!!!.
 വീട്ടുകാർക്കോ ഇല്ല..എന്നാൽ വിരുന്നുകാർക്കോ വേണ്ടെ അല്പം ദയാദാക്ഷിണ്യം!
അമ്മയുടെ പതിവു താലോലിക്കലൊന്നും കിട്ടാതെ...ഇഷ്ട്ടമുള്ളതൊന്നും തിന്നാനും കിട്ടാതെ സങ്കടപ്പെട്ട് നിൽക്കുന്നൊരു കുഞ്ഞാണെന്ന് എന്തെങ്കിലും വിചാരവുമുണ്ടൊ?
വെറുതെയിരിക്കുമ്പോൾ ഒരു നേരമ്പോക്ക് വേണം.
അതിനു വീട്ടിലെ ഇളയകുട്ടികളാണ് അഭികാമ്യം, അവരെയാകുമ്പോൾ ഫുട്ബോൾ പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കാം.
മെല്ലിച്ചിരിക്കുന്ന ദേഹം നോക്കി പെൻസിലെന്നൊ ചൂരലെന്നൊ...കൊക്കു കാലെന്നൊ എന്തും വിളിക്കാം.
ഇത്തിരി പോന്ന പരീക്ഷയിലെ ഇത്തിരി പോന്ന മാർക്കിനെ കുറിച്ച് ചോദിച്ച് പേടിപ്പിക്കാം.
പിന്നെ ആടാനും പാടാനും “ഓർഡർ” ഇട്ട് ആഗോളപ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യാം.
തുടങ്ങി വെച്ച ‘അലാരിപ്പു‘വും ‘തോടയ‘വുമൊക്കെ മുന്നോട്ട് കൊണ്ട് പോണോ..സഡൻ ബ്രേക്കിട്ട് നിർത്തണോന്ന് അമ്പരക്കുമ്പോൾ അശ്രദ്ധമായൊരു കയ്യടി കൊടുത്ത് സന്തോഷിപ്പിക്കാം.
 ഈ കുട്ടികളോട് മുതിർന്നവർ കാണിക്കുന്ന അന്യായങ്ങൾക്കുണ്ടോ ഒരു അവസാനം!

എന്നാൽ ഇത്തരം പതിവ് തമാശകളിലൊന്നും താല്പര്യമില്ലാത്ത ഒരു കൂട്ടം വിരുന്നുകാരുണ്ടായിരുന്നു എനിക്ക്.
 അവർക്ക് വേണ്ടി ഞാൻ കാത്ത് കാത്തിരിക്കും. അവരുടെ നിഴലനക്കം വഴിയിലെങ്ങാനും കണ്ടാൽ കുഞ്ഞു മുഖത്ത് സന്തോഷപ്പൂത്തിരി കത്തും. അവർ വരുന്നുവെന്ന സന്തോഷവാർത്ത അറിയിക്കാൻ ഞാൻ വെപ്രാളപ്പെട്ട് അമ്മയുടെ അടുത്തേക്കോടും.

അവരിൽ പ്രധാനികൾ ,മിക്കവാറും  നിത്യേനയെന്നോണം എത്തുന്ന മീൻകാരായിരുന്നു.
 അവർ വരുമ്പോൾ നിരത്തിൽ നിന്നും “പൂയ്” വിളികൾ ഉയരും. ഒപ്പം മീൻ-പേരുകളുടെ ഒരു ചാകരയും.
അച്ഛമ്മ മുറ്റത്തേക്കിറങ്ങി നിന്നു എതിർ വിളിവിളിക്കുന്നതോടെ അവർ പടിയ്ക്കൽ എത്തുകയായി. ചെറുപ്പക്കാരൊക്കെ സൈക്കിളിലാണ്  വരുന്നത്. എന്നാൽ ചില വയസ്സന്മാർ തോളിൽ കാവ് ചുമന്ന് ചെറുപ്പക്കാരെക്കാൾ ചുറുചുറുക്കിലാണ് എഴുന്നൊള്ളത്ത്. ഹോണ്ടയിൽ “പോം” “പോം” അടിച്ചെത്തുന്നവരൊന്നു അന്നില്ല തന്നെ.
അച്ഛമ്മയും അമ്മയും മീൻകാരനും കൂടി നാട്ടുവർത്തമാനങ്ങളും മീനിന്റെ ഗുണമേന്മ പരിശോധനയും വിലപേശലുമൊക്കെയായി കൂടുമ്പോൾ ഒരു കുറുഞ്ഞി പൂച്ചയെ പോലെ ഞാൻ അവരുടെ കൂടെ പറ്റിക്കൂടി നിൽക്കും.
പിന്നെ പണിക്കാരിക്കാരിപ്പെണ്ണുങ്ങൾ വടക്കെപ്പുറത്തിരുന്നു മീൻ നന്നാക്കുന്നിടത്തും ഈ കുറിഞ്ഞി പൂച്ച ക്രി്ത്യമായി ഹാജ്ജർ വെയ്ക്കും.
വിദേശത്തെ അടഞ്ഞ ലോകത്ത് നിന്നും മണപ്പുറത്തെ ഒരു നന്മ ഗ്രാമത്തിൽ  ജീവിതം കൊണ്ട് വന്ന് നട്ടുപിടിപ്പിച്ചപ്പോൾ സത്യത്തിൽ ഈ പൂച്ചക്കുഞ്ഞിനെ കാത്തിരുന്ന ഏറ്റവും വലിയ സൌഭാഗ്യം ഈ മത്സ്യസമ്പത്ത് തന്നെയായിരുന്നു.
അന്നു ഏറ്റവും പ്രിയം ചൂടയോടും (നത്തോലി) വെളൂരിയോടുമായിരുന്നു. വെറുതെ കണ്ട് നിൽക്കാൻ തന്നെ എന്തു ചന്തം!!!. പിന്നെ മൊരുമൊരുന്നനെ വറുത്ത് മുന്നിൽ വെയ്ക്കുമ്പോൾ ചക്കുപ്പേരി കഴിക്കുന്ന പോലെ കറുമുറുന്നനെ അകത്താക്കാൻ അതിലും രസം!!!.

 പുതിയ ജീവിതത്തിന്റെ മുറ്റത്ത് പൂന്തോട്ടം വെച്ചു പിടിപ്പിക്കുന്നതിൽ വ്യാപ്ര്യതയായ അമ്മയോട് “മീനുണ്ടാകണ ചെടി കുറെ വെക്കണേ“ എന്നു നിഷ്ക്കളങ്കമായി ആവശ്യപ്പെട്ടതും ചെടിയിലല്ല മീനുണ്ടാകുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോൾ “ ഒരു മീങ്കാരനെ കല്യാണം കഴിച്ചാൽ മതിയെ”ന്നു തീരുമാനിച്ചു കളഞ്ഞതും അന്നത്തെ കറകളഞ്ഞ മത്സ്യഭ്രമത്തിന്റെ പേരിൽ.

വളർന്ന് വലുതായി കോളേജിൽ പഠിക്കാൻ പോയ സമയത്ത് ചില സീനിയർ ചേച്ചിമാർ “വെളൂരി” എന്നു സ്നേഹപൂർവം വിളിച്ചപ്പോൾ സത്യത്തിൽ ഒരു കുണ്ട്ഠിതവും തോന്നിയില്ല. ഐശ്വര്യ റായ്-എന്നൊ മറ്റൊ വിളിച്ചത്  പോലൊരു സന്തോഷം ഉണ്ടായി. ഒരു കാലത്ത് ഈ വെളൂരി മീനാനാണ് ലോകത്തിൽ വെച്ച് ഏറ്റവും മനോഹരമായ വസ്തു എന്നു ഞാൻ വിശ്വസിച്ചിരുന്നല്ലൊ.

ഇടയ്ക്കിടെ കല്ലുങ്കടവിൽ നിന്നും കക്കയിറച്ചി വിൽക്കുന്ന പെണ്ണ് വരും. മുടിയെല്ലാം നരച്ച, ഏതു നേരവും വെറ്റില ചവ്യ്ക്കുന്ന വയസ്സിയാണ്.
പുഴയിൽ മുങ്ങിയെടുത്ത് പുഴുങ്ങി തൊണ്ട് കളഞ്ഞ കക്കയിറച്ചിയുമായി മിക്കവാറും സന്ധ്യക്കായിരിക്കും വരവ്.
പടിയ്ക്കൽ വെച്ചല്ല..വടക്കേപ്പുറത്തെ പുറംതിണ്ണയിൽ വെച്ചായിരിക്കും കച്ചവടം.
 ഇരുട്ട് വീഴാറയതു കൊണ്ട് എങ്ങനെയും കൊട്ടയിലുള്ളത് മുഴുവനും അമ്മയെ കൊണ്ട് വാങ്ങിപ്പിക്കാനുള്ള കസറത്തുകളാണ് പിന്നെ.
വെറ്റിലമേലുള്ള നിരന്തര ചുണ്ണാമ്പു പ്രയോഗം കാരണം വായ്ക്ക് ചുറ്റും വെള്ള പാണ്ടുകളാണ്. അതൊന്നുംകൂട്ടാക്കാതെ ചവച്ചു ചവച്ച് തുപ്പും.
മുറ്റത്താകെ മുരുക്കിൻപൂക്കൾ നിറയുന്നത് പക്ഷെ അല്പം അറപ്പോടെ തന്നെ ഞങ്ങൾ കുട്ടികൾ കണ്ട് നിൽക്കും.

കുട്ടികളേക്കാൾ കഷ്ട്ടമാണ് പ്രക്രിതം. മിണ്ടുമോഴെക്കും മുഖം കുട്ടിക്കലം മാതിരിയാക്കുന്ന ഒരു പിണക്കക്കാരി. പിണങ്ങുന്നതിനേക്കാൾ വേഗത്തിൽ ഇണക്കത്തിലുമാകും.
എന്തെങ്കിലുമൊന്നു പറഞ്ഞ് ശുണ്ഠി പിടിപ്പിക്കുക അമ്മയ്ക്കൊരു രസമായിരുന്നു.
പക്ഷെ എന്റെ രസം അതൊന്നുമല്ല. മുതിർന്നവർ ചർച്ചകളും തമാശകളുമൊക്കെ അവസാനിപ്പിച്ച് കച്ചവടം ഉറപ്പിക്കുന്നതിനു വേണ്ടിയാണെന്റെ കാത്തിരുപ്പു.
അപ്പോഴാണ് കുട്ടയിൽ നിന്നും ആ അത്ഭുദ വസ്തു  കക്കയിറച്ചിക്കാരി പുറത്തെടുക്കുക.
മരം കൊണ്ട് തീർത്തൊരു അളവ് പാത്രം!
അതിൽ കക്കയിറച്ചി അളന്നെടുത്ത് ഞങ്ങളുടെ മൺച്ചട്ടിയിലേക്ക് തട്ടുന്നത് കണ്ടിരിക്കുമ്പോളൊക്കെ അതു പോലൊന്നു സ്വന്തമായിരുന്നെങ്കിൽ എന്ന”അതിമോഹം” കൊണ്ട് എന്റെ മനസ്സങ്ങ് തുടിക്കും.
പിന്നെ”ഒരിക്കലും നടക്കാത്ത മനോഹരമായൊരാ” സ്വപ്നം ചുരുട്ടി മടക്കി മനസ്സിൽ വെച്ച് കക്കയിറച്ചിക്കാരിയുടെ അടുത്ത വരവിനായി കാത്തിരിക്കും.

 വെല്ലപ്പോഴുമൊരിക്കൽ ഒരു നാരങ്ങാക്കാരൻ വരും. മെലിഞ്ഞ് മഞ്ഞച്ച ഒരു പൊക്കക്കാരൻ.  ഒരു വലിയ കുട്ട നിറയെ മഞ്ഞ ചെറുനാരങ്ങകൾ ഒരു പിരമിഡ് കണക്കെ മുകളിലേക്ക് മുകളിലേക്ക് അടുക്കിവെച്ച നിലയിലായിരിക്കും.
ഈ മഞ്ഞ പിരമിഡ് ആ പൊക്കക്കാരന്റെ തലയിലിരുന്ന് ആകശത്തിലൂടെ ഒഴുകിനടന്നങ്ങ് പോകും. ഒരു കാറ്റ് വീശിയാൽ മതി തെങ്ങിൻത്തുമ്പ് ആടിയുലയുന്നത് പോലെ പൊക്കക്കാരനങ്ങ് ആടി പോകുമെന്നും ചെറുനാരങ്ങകളത്രയും മറിഞ്ഞ് വീണു മണ്ണിലൂടെ മഞ്ഞ ഗോട്ടിക്കായകളായി ഉരുണ്ട് പോകുമെന്നുമൊക്കെ പേടി തോന്നുമെനിക്കു.

പക്ഷെ അനിഷ്ട്ടങ്ങളൊന്നും സംഭവിക്കാതെ ചെറുനാരങ്ങാക്കാരൻ നിറഞ്ഞ കുട്ടയുമായി ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വന്നു പോയ്ക്കൊണ്ടിരുന്നു .

 ചെറുനാരങ്ങ വാങ്ങിയാൽ അമ്മയ്ക്ക് പലതുണ്ട് പരിപാടികൾ. നാരങ്ങ അച്ചാറിനെക്കാൾ ഞങ്ങൾ കുട്ടികൾക്ക് പ്രിയം നാരങ്ങ ഉപ്പിലിടൂന്നതായിരുന്നു. വെളുത്ത മുളകും നാരങ്ങയും കൂടിയങ്ങ് ഉപ്പുപിടിച്ച് പതം വരും. അപ്പോൾ അതിന്റെ ചാറ് ചോറിലൊഴിച്ച് കഴിക്കുന്നത്ത് ഓർക്കുമ്പോഴെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും.

 നാരങ്ങാക്കാരനെക്കാൾ ശക്തിയും മെയ്‌വഴക്കവും ആവശ്യമു ള്ളവരായിരുന്നു മൺചട്ടി വിൽക്കുന്നവർ. തലയിലിരിക്കുന്നത് ഭാരമേറിയതും അറിയാതെയെങ്ങാനും മറിഞ്ഞു വീണാൽ തട്ടിയുടഞ്ഞു പോകുന്നതുമായ സാധനങ്ങളാനല്ലൊ.
 അന്ന് നാട്ടുകാരെല്ലാം മൺച്ചട്ടികളെ ഉപേക്ഷിച്ച് അലുമിനിയം-സ്റ്റീൽ പാത്രങ്ങളിൽ പാകം ചെയ്ത് തുടങ്ങിയ കാലം.
മീൻ കൂട്ടാൻ വെക്കാൻ മാത്രമാണ് മൺച്ചട്ടി എന്നൊരു വിശ്വാസത്തിലാണ് മിക്ക വീട്ടുകാരികളുടേയും നീക്കം.
അമ്മയാണെങ്കിലൊ നാട്ടിൻപുറങ്ങളിൽ അത്രയ്ക്കൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത എല്ലാവിധ ആധുനിക യന്ത്രസാമഗ്രികളും പാത്രങ്ങളുമുള്ള ഒരു “ഗൾഫ് അടുക്കള”യുടെ ഉടമസ്ഥ. എങ്കിലും അമ്മ പ്രക്ര്‌തി ജീവനത്തിന്റെ വഴിയിലായിരുന്നു.
 മൺച്ചട്ടികളിൽ പാകം ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന പക്ഷക്കാരി.
 മീൻ കൂട്ടാൻ മാത്രമല്ല ഒട്ടു മിക്ക കറികളും , സാംബാർ, തീയ്യൽ പോലുള്ള പുളിയുള്ള കറികൾ നിർബന്ധമായും മൺക്കലങ്ങളിലാണ് പാകം ചെയ്തിരുന്നത്.
പോരത്തതിന് പൂന്തോട്ടത്തിൽ പലതരം പൂച്ചട്ടികൾ നിരത്തി വെക്കുന്നതിലും അതീവ തല്പര.
അതിനാൽ മൺച്ചട്ടി വില്പനക്കാർ എന്തു കൊണ്ടും സന്തോഷ പൂർവം കടന്ന് വന്നിരുന്ന ഒരു വീടായിരുന്നു ഞങ്ങളുടേത്.
മൺക്കലം നിറച്ച വലിയ കുട്ട തലയിൽ നിന്നിറക്കാനും പിന്നെ കച്ചവടം കഴിയുമ്പോൾ തിരിയടയുടെ പുറത്ത്  സ്ഥാനം തെറ്റാതെ വെക്കാനും ഒരാൾ സഹായം ആവശ്യമാണ്. വീട്ടിലെ സഹായികളാണ് അത് നിർവഹിക്കുക.
പല തരം കുട്ടിക്കലങ്ങളും ചട്ടികളും..ചിലത് മുഖം വീർപ്പിച്ചും മറ്റ് ചിലത് രണ്ട് കാതിലേക്കും നീളുന്ന ചിരിചിരിച്ചും അങ്ങനെ കടന്നു പോകുന്നത് എന്ത് അത്ഭ്ഭുതത്തിലാണ് ഞാൻ കണ്ട് നിന്നിരുന്നത്!.

പിന്നെ വരുന്നത് അവൽക്കാരി ലക്ഷ്മിയാണ്. നഗരത്തിലുള്ള ഇളയച്ചന്റെ വീട്ടിലും ഗ്രാമത്തിലുള്ള ഞങ്ങളുടെ വീട്ടിലും എത്തുന്ന സർവവ്യാപിയാണ് ഈ തമിഴത്തി.
വ്ര്‌ത്തിയായി ഉയർത്തി കെട്ടിവെച്ച അല്പാല്പം നരച്ച തലമുടി  രണ്ട് മുക്കിലും വലിയ മൂക്കുത്തികളും നെറ്റിയിൽ പരത്തി വെച്ച  കുങ്കുമപ്പൊട്ടും  പിന്നെ ചുണ്ടിൽ ചുവന്ന ചിരിയും ജീവിതം നൽകിയ തന്റേടവും നർമ്മരസം കലറ്ന്ന സംസാരവുമൊക്കെയായിരുന്നു ലക്ഷ്മി.
ലക്ഷ്മി ഉറക്കെയുള്ള ശബ്ദത്തിൽ എന്തെങ്കിലുമൊക്കെ ചോദിച്ചാൽ ഞാൻ നാണിച്ച് അമ്മയുടെ സാരി വാൽ തുമ്പിലൊളിക്കും.
 പക്ഷെ ചേച്ചി സാമന്യം നല്ലൊരു വർത്തമാനക്കാരിയും...കുറുമ്പുകാരിയുമായിരുന്നു.
ഒരിക്കൽ ലക്ഷ്മിയോട് പറ്റിക്കൂടി  പറ്റിക്കൂടി  പുള്ളിക്കാരി ഒരു തമാശ കാണിച്ചു.
അമ്മയുടെ കണ്ണു വെട്ടിച്ച് ലക്ഷ്മിയുടെ ചെല്ലത്തിൽ നിന്നും വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ചേർത്തൊരു ഒരു രസപ്പൊതിയെടുത്ത് കടിച്ചു.  ആ കുട്ടിക്കുറുമ്പ് അവസാനിച്ചത് ഒരു തലചുറ്റലിലായിരുന്നു.

വലിയ ഇളയച്ച്ഛന്റെ കുടുമ്പം താമസിക്കുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നും അധികം ദൂരെയല്ലാതാണ്. അവിടെക്കുള്ള യാത്രയിൽ ടാറിട്ട പൊതുനിരത്തിന്റെ തിരക്കും ബഹളവും ഒഴിവാക്കുവാനായി ഒരു ഇടവഴിയിലൂടെ നടക്കുക പതിവായിരുന്നു.
വളരെ മെലിഞ്ഞ ഈ നടവഴിക്കു ചില സവിശേഷതകളുണ്ടായിരുന്നു. ഒരു വശം നിറയെ പലതരം വേലിക്കെട്ടുകളും അവയ്ക്കുള്ളിൽ ചെറിയ വീടുകളുമായിരുന്നെങ്കിൽ എതിർ ഭാഗത്ത് ഗോപ്യസ്വഭാവമുള്ള ഒരു വന്മതിലായിരുന്നു. ആ മതിലിനപ്പുറത്തെ രഹസ്യ സംഗതി എന്തായിരുന്നുവെന്നൊ?
ഗവ്ണ്മെന്റ് ആശുപത്രിയുടെ പഴയ മോർച്ചറി!
മോറ്ച്ചറിയെന്നാൽ ശവങ്ങളുറങ്ങുന്ന ശീതീകരിച്ച മുറിയൊന്നുമായിരുന്നില്ല. ഒരു കാലത്ത് മണപ്പുറത്ത് ദുർമരണപ്പെ|ട്ട എല്ലാവരേയും പോസ്റ്റ്മോർട്ടം ചെയ്തിരുന്നത് അവിടെ വെച്ചായിരുന്നുവത്രെ.
ഒരിക്കലും കണ്ടിട്ടില്ലാത്ത മോർച്ചറിയുടെ അരികു പറ്റി പ്രേതങ്ങൾക്ക് വന്മതിലൊന്നും ഒരു തടസ്സമേയല്ലെന്ന ഞെട്ടിക്കുന്ന ചിന്തയോടെ ഞങ്ങളങ്ങനെ നടന്നു പോകും.
എന്നാൽ വീടുകളുടെ അറ്റത്ത് മറ്റൊരു പേടി കൂടെ ഞങ്ങളെ കാത്തിരുന്നിരുന്നു. ഒരു കൊച്ചൂ അമ്പലവും അതിനരികിലായി ഒരു തിരിവെട്ടം മുറുകെ പിടിച്ച് കിടക്കുന്ന ഒരു ശവകുടീരവും.
“പറ ശങ്കരന്റെ“ ശവകുടീരമായിരുന്നു അത്.
പറയൻ ശങ്കരൻ ഒരു “ഒടിയൻ” ആയിരുന്നുവെന്ന്  മുതിർന്നവർ പറഞ്ഞ് കേൾക്കാം. അച്ഛയുടെ കുട്ടിക്കാലത്ത് ഈ പറശങ്കരന്റെ മാന്ത്രികക്കഥകൾ നാട്ടിലെങ്ങും പ്രചരിച്ചിരുന്നു. മുടിയെല്ലാം അഴിച്ചു വിടർത്തിയിട്ട് പറശങ്കരൻ നടന്നു വരുമ്പോൾ കുട്ടികളെല്ലാം പേടിച്ചോടുമായിരുന്നുവത്രെ.

 എന്നാൽ ഒടിയന്റെ മായകളിലും ദുരാത്മാക്കളിലൊന്നും തീരെ വിശ്വാസമിലാത്ത പുരോഗമനവാദികളായിരുന്നു അച്ഛയും അമ്മയും.
അവർ പകർന്നു തരുന്ന യുക്തി ബോധം മുറുകെ പിടിച്ചു നടക്കുമ്പോളും മുത്തശ്ശിക്കഥകളുടെ ഖനിയിൽ മുങ്ങിത്താഴുന്ന എന്റെ കുട്ടിമനസ്സിനുള്ളിൽ പറ ശങ്കരനോട് ഇത്തിരി പേടിയുണ്ടായിരുന്നു.

എന്നാലോ പറയൻ ശങ്കരന്റെ കുടുമ്പത്തിൽ നിന്നും ഞങ്ങളുടെ വീട്ടിൽ വന്നു പോയിരുന്ന “വിരുന്നുകാരികളെ” എനിക്ക് ഇഷ്ട്ടമായിരുന്നു.
മുള കൊണ്ടുണ്ടാക്കുന്ന സാമഗ്രികൾ വിൽക്കാനാണ് അവർ വന്നിരുന്നത്.  മുറങ്ങളും കൊംബുറങ്ങളും ഊറ്റുകൊട്ടയും പിന്നെ ചോറൂറ്റാനുള്ള കയിൽ കൊട്ടകളുമൊക്കെയായിരുന്നു അവരുടെ പക്കൽ നിന്നും വാങ്ങിയിരുന്നത്.
പിന്നെ...പതിയെ പതിയെ....അലുമിനിയം-സ്റ്റിൽ കൊട്ടക്കയിലുകളുടെ സൌകര്യം നെയ്ത്തു കയിലുകളുടെ പ്രസക്തി കുറച്ചു.
കാലവും ഞാനും വളർന്നു. അങ്ങനെ എന്റെ ചെറുബാല്യത്തിന് നിറങ്ങൾ വിതറിയിരുന്ന പല വിരുന്നുകാരും വരാതെയായി.

7 comments:

  1. Beautifully narrated nostalgic treat...I wonder how u recollect all these...when i went thru ur post all the characters and incidents came live on my mind...but till then they were not there....

    ReplyDelete
  2. wow.. maya .. its amazing .. how do u recollect all these? vayichirunu pokum ...u r really talented...keep it up..!!

    ReplyDelete
  3. ഇതൊന്നും മറക്കാതെ കൂടെ കൊണ്ടു നടക്കുവാ അല്ലെ

    അതിനും ഉണ്ടേ ഒരു പ്രത്യേക സുഖം
    അല്ലെ ?

    ReplyDelete
  4. Enthu rasayirikkunnu mayavi..... balyathile niracharthukalal Ormakal ingine koRiyidunnathu thanne ethra mahatharamaanu.... kaalathinde kuthozhukkilum nammude Ormmacheppil pathanju kode irikkum ee Varna chayangal....avayude niram mangathirikkatte.... nalla ezhuthinu aashamsakal.

    ReplyDelete
  5. എന്തൊ ഈ ഓർമ്മകളെ ഓർത്തു വെക്കാനല്ല..മായ്ച്ചു കളയാനാണ് പണി..എന്നോടൊപ്പം വളരുന്ന എന്റെ ഓർമ്മ്കൾക്കും...അവയെ എന്നോട് ചേർത്തു വെക്കുന്ന ദൈവത്തോടും നന്ദി!!! ഈ ഓർമ്മകൾക്ക് കൂട്ടൂ വന്ന നിങ്ങളോരോർത്തർക്കും നന്ദി!!!

    ReplyDelete
  6. എന്തൊ ഈ ഓർമ്മകളെ ഓർത്തു വെക്കാനല്ല..മായ്ച്ചു കളയാനാണ് പണി..എന്നോടൊപ്പം വളരുന്ന എന്റെ ഓർമ്മ്കൾക്കും...അവയെ എന്നോട് ചേർത്തു വെക്കുന്ന ദൈവത്തോടും നന്ദി!!! ഈ ഓർമ്മകൾക്ക് കൂട്ടൂ വന്ന നിങ്ങളോരോർത്തർക്കും നന്ദി!!!

    ReplyDelete
  7. ഓര്‍മ്മകളിലെ ബാല്യം നല്ല അവതരണം ചേച്ചി ......... ഇത്തിരി നേരം ഞാന്‍ കുട്ടിയായി മാറിയോ എന്നൊരു സംശയം

    ReplyDelete