രാവിലെ ഉണർന്നപ്പോൾ തന്നെ നല്ല മഴ.
കാറ്റോടൊത്ത് ഓടിയെത്തുന്ന മഴത്തുള്ളികൾ ജനാലചില്ലിലൂടെ സ്ലൈഡിലിറങ്ങുന്ന കുട്ടിക്കുറുംബിന്റെ വ്യഗ്രതയോടെ തുടിച്ചിറങ്ങുന്നു.
പുറത്ത് മഴയിൽ കുതിരുന്ന ബ്രാംട്ടൻ നഗരം.
ഇന്നെങ്ങനെ മഴക്കു പെയ്യാതിരിക്കാനാവും?
ഇന്നു ജൂൺ ഒന്ന്!
ഇന്നലയിലെ മഴ...കാലങ്ങൾ കവച്ചു വെച്ചു...അതിർത്തികൾ ഭേദിച്ചു..എന്നെ തേടി വന്നിരിക്കുന്നു.
മഴയുടെ താളത്തിലേക്ക് കാതുകൾ നീട്ടിയിരുന്നപ്പോൾ പൂട്ടിവെച്ച ഇമകൾക്കപ്പുറം അവധികാലത്തിന്റെ രസച്ചരടുകൾ മുറിച്ചു പുസ്തകമാറാപ്പു കെട്ടിയൊരുങ്ങുന്ന കുട്ടികൾ. ഇളമ്മനസ്സിന്റെ കോണിലൂടെ ചാലിട്ടൊഴുകുന്ന സങ്കടമഴ.
ഇസ്തിരിരിയിട്ട് നിവർത്തിയ നെയ് റോസ്റ്റിന്റെ കിരുകിരുപ്പുള്ള പുത്തൻ യൂണിഫോം, ബ്രൌൺ പേപ്പറിൽ പൊതിഞ്ഞ പുത്തനറിവുകൾ...പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും സിനിമാതാരങ്ങളൂം ചിരിക്കുന്ന നേയ്ം സ്ലിപ്പുകൾ..ഇതൊക്കെയും ,കയ്യിൽ നിന്നും ചോർന്നു പോകുന്ന അവധികാല രസങ്ങളെയോർത്ത് പെയ്യാനോങ്ങുന്ന കണ്ണീർ മഴക്കു തടയിണ കെട്ടുന്നു.
വീടിനകത്ത് ഒരുക്കമേളം കൊഴുക്കുമ്പോൾ പടിഞ്ഞാപ്പുറത്തെ ജനലിലൂടെ പാറിയെത്തും അയലത്തെ പീലു ആന്റി മക്കളുടെ മേൽ ചൊരിയുന്ന സാരോപദേശമഴ.
അവിടേയും മൂന്നു കുട്ടികൾ ഒഴിവുകാലത്തിന്റെ സിംഹാസനമൊഴിഞ്ഞു ‘വിദ്യാടന‘ത്തിനിറങ്ങാനൊരുങ്ങുന്നു. അവർ പഠിക്കുന്നത് തൊട്ടപ്പുറത്തെ സ്ക്കൂളിൽ.
ഒരു പുതിയ കൊല്ലം തുടങ്ങുകയാണ്. ദൈവ വിചാരത്തോടെ തുടങ്ങണം. രൂപക്കൂടിനു മുന്നിൽ പ്രാർഥിച്ചിട്ടിറങ്ങണം. ഈ കൊല്ലമെങ്കിലും കളിച്ചു നടക്കാതെ മര്യാദക്ക് നാലക്ഷരം പഠിക്കണം. പരീക്ഷ പാസാകണം. പീലു ആന്റിയുടെ ഉപദേശം തീരെ മയമില്ലാതെ...നിർഗളിക്കുന്നത്..കരയാനോങ്ങുന്നൊരെൻ മനസിൽ ചെറിയ ചിരികൾ വിടർത്തുന്നു. അമ്മ “ കേട്ടോ” എന്നൊരു ചെറു ചിരിയോടെ പെൺക്കുട്ടികളുടെ മുടിയിൽ ചുമന്ന റിബൺ കെട്ടുന്നു. അതു വരേയും ആകാശം തളിഞ്ഞു തന്നെയിരിക്കും.
ടൈയ്യും സോക്സും ഷൂസും മുറുക്കി ഇറങ്ങാൻ നേരം എവിടെ നിന്നില്ലാതെ ഇരംബിയെത്തും തുള്ളിക്കൊരു കുടം മഴ...! “കുട്ട്യോളെറങ്ങാൻ നേരത്തെക്കെത്ത്യേത് കണ്ടോ” എന്നു അച്ഛമ്മയും അമ്മയും മഴയോട് പരിഭവിക്കും.
ചേട്ടനോടും ചേച്ചിമാരോടും കുടശ്ശീലക്കുള്ളിൽ ഒളിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കൂടെ തുള്ളിത്തുളുംബി മഴയുമുണ്ടാകും. മുഖത്തേക്ക് ശീതൻ കോരിയിട്ട് മഴ കുറുംബ് കാട്ടി ചിരിക്കും.
ആദ്യമൊക്കെ സ്ക്കൂൾ ബസ്സ് കാത്ത് നിന്നിരുന്നത് അന്തോണി അങ്കിളിന്റെ മെഡിക്കൽ ഷോപ്പിന്റെ ചവിട്ടു പടിമേലാണ്. അന്നു അമ്മയോ മേമയൊ കൊണ്ട് വിടാനും കൂട്ടാനുമെത്തും. ചവിട്ടു പടിക്കു തൊട്ടു താഴെ മഴവെള്ളമൊലിച്ചു പോകാൻ ഒരു ചാലു കെട്ടിയിട്ടുണ്ട്. മഴക്കാലമായാൽ ചാല് നിറഞ്ഞു കവിയും. മഴയൊന്നു ആഞ്ഞൂ പെയ്താലൊ പടിയോളം പൊന്തും വെള്ളം. അങ്ങനൊരു മഴക്കാലത്ത്, റോഡേത്, ചാലേത്, പടിയേതെന്ന് വേർത്തിരിച്ചറിയാനാവാത്ത വിധം മഴവെള്ളമങ്ങനെ കടലായി പരന്നപ്പോൾ ചാലിൽ ചെന്നു വീണു ഞാൻ. അമ്മയുടെ കൈപിടിച്ചിരുന്നു. എന്നിട്ടൂം ഞാൻ വീണു. പാവാടയും വെളുത്ത ഷർട്ടും ചെളിവെള്ളത്തിൽ മുക്കിയെടുത്ത് ഞാൻ എണിറ്റു നിന്നതും സ്ക്കൂൾ ബസ്സ് വന്നതും ചേട്ടനും ചേച്ചിമാരും മറ്റു കുട്ടികളും അതിലേക്ക് ഊളിയിട്ടു കയറിയതും ബസ്സിലിരുന്ന കൂട്ടുകാർ അമ്പരന്ന നോട്ടങ്ങൾ എനിക്ക് നേരെ എയ്തതും ഞാൻ ചുങ്ങി ചുളുങ്ങീ അമ്മയുടെ പിന്നിലൊളിച്ചതും നല്ല ഓർമ്മ. അന്നേരം വല്ലാത്തൊരു വൈക്ലബ്യം തോന്നിയെങ്കിലും അമ്മയുടെ കൈ പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിലൊരു സന്തോഷ മഴ തുടികൊട്ടിയെത്തിയിരുന്നു.
അന്നത്തെ സംഭവത്തിനു ശേഷം അന്തോണി അങ്കിളിന്റെ മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിന്നും കുരിശുപള്ളിയോടു തൊട്ടുള്ള ശ്രീരാമക്രിഷ്ണൻ അങ്കിളിന്റെ ബേക്കറിയുടെ മുന്നിലേക്ക് ഞങ്ങൾ കുട്ടികളെ പറിച്ചു നട്ടു. പിന്നെ കാലങ്ങളോളം അതായിരുന്നു ഞങ്ങളുടെ ബസ്റ്റോപ്. എങ്കിലും അന്തോണി അങ്കിൾ ഞങ്ങൾ കുട്ടി സംഘത്തെ എവിടെ വെച്ചു കണ്ടാലും ഒരു ഗുഡ് മോറ്ണിങ്ങൊ..ഗുഡ് ഈവനിങ്ങൊ സമയം പോലെ തന്നു പോന്നു. കുട്ടികളോട് അതുമാതിരി ഉപചാരങ്ങൾ കാണിക്കാൻ അന്ന് ഒരു അന്തോണിയങ്കിളെയുള്ളൂ. അദ്ദേഹത്തിന്റെ സൈക്കിൾ ദൂരെ നിന്നും കാണുമ്പോൾ തന്നെ ഞങ്ങൾ ഒരു ഉപചാരവാക്കിനായി തയ്യാറെടുത്തു.
വീട്ടിൽ നിന്നിറങ്ങുമ്പോൾ മാത്രല്ല..സ്ക്കൂൾ വിടുന്ന നേരം നോക്കിയും മഴ വിക്രിതി കാട്ടാനെത്തും . കുട്ടികളോട് കൂട്ടു കൂടാനാണ് മഴക്ക് എന്നും കമ്പം... തിരിച്ചു നടത്തത്തിലാണ് മഴയെ ശരിക്കും സ്നേഹിക്കുക. കാരണം ഹോം വർക്ക്. ചോദ്യം ചോദിക്കൽ, ടെസ്റ്റ് പേപ്പർ...എന്നിങ്ങനെയുള്ള..പേടികളൊന്നുമില്ലാതെ..മനസ്സിന്റെ ആകാശം അന്നേരം തെളിഞ്ഞ നീലയായിരിക്കും. അതിലേക്കൂർന്നു വീഴുന്ന ഓരോ തുള്ളി മഴക്കും ഒരു പളുങ്കുമണിയുടെ ചന്തവും.
ക്ലസ്സിലിരിക്കുമ്പോഴും മഴ ചിലപ്പോൾ കുട്ടികളോട് കൂട്ടുകൂടാനോടിയെത്തും. മഴയുടെ പൊട്ടിച്ചിരിയോട് തോറ്റ്..അധ്യാപിക പാഠപുസ്തകം അടച്ചു വെച്ച് നിസ്സഹായയായി നിൽക്കുമ്പോൾ ഞങ്ങൾ നന്ദി പൂർവം മഴയെ നോക്കും.
എല്ലാ ബാല്യത്തേയും പോലെ ഞാനും മഴയെ സ്നേഹിച്ചു. മഴയിലേക്ക് കടലാസ്സ് തോണികൾ ഇറക്കി. ഇടവപ്പാതിയുടെ വരവ് വിളംബരം ചെയ്തു കൊണ്ട് ആകാശം കാർമേഘമുഖരിതമാകുമ്പോൾ..തണുത്തക്കാറ്റ് ഇരമ്പിയെത്തുമ്പോൾ....തെങ്ങോലകൾക്കൊത്ത് എന്റെ മനസ്സും ആന്ദനടനം ചെയ്തു.
പക്ഷെ പലപ്പോഴും മഴ ചീരാപ്പുകൾ മാത്രം പകരം തന്നു.
കൂട്ടു കൂടി ഒന്നു തുള്ളിക്കളിക്കാൻ വിടാതെ അസുഖങ്ങളുടെ തടവറയിൽ പിടിച്ചിട്ടെന്റെ കുഞ്ഞൂ സ്വപ്നങ്ങൾ ഊതിക്കെടുത്തി.
മഴയോട് പരിഭവിക്കാൻ തോന്നിയില്ല. തോന്നിപ്പിച്ചില്ല മഴ.
ചുമച്ചും വലിച്ചും തളർന്നു കിടക്കുമ്പോൾ ചെവിയിലൊരു പാട്ടായി ഇരമ്പിയൊഴുകി മഴ. സ്വകാര്യം പോലെ പറഞ്ഞു മഴ. മറ്റു കുട്ട്യോളെ പോലെ കളിച്ച് മറിഞ്ഞ് നേരം കൊല്ലാൻ വിടില്ല കുഞ്ഞേ നിന്നെ ഞാൻ...സ്വപ്നം കാണാൻ പഠിപ്പിക്കും...!
മഴ സ്വപ്നം കാണാൻ പഠിപ്പിച്ചു. കഥ പറയാൻ പഠിപ്പിച്ചു.
മഴക്ക് പലപല സ്വരങ്ങളെന്ന പോലെ പലപല നിറങ്ങൾ . ഭൂമിയിൽ വീഴും മുന്നു മഴ കരിക്കിൻ വെള്ളമാണ്. ചെമ്മൺ പാതയിലെ ഒരോ കുണ്ടിലും കുഴിയിലും മഴക്ക് ഓറഞ്ച് നിറമാണ്. അപ്പോൾ ഞങ്ങളാ മഴയെ ‘ടാങ്ക് ജ്യുസെന്നു വിളിച്ചു.. ടാങ്ക് ജൂസിങ്ങനെ തോരാത്ത മഴയായി പെയ്തിറങ്ങുന്ന നല്ല നാൾ കൊതിച്ചു നടന്നുവെന്റെ ബാല്യകാലം.
ഇന്നെന്ന പോലെ അന്നും, ആ കുഞ്ഞു പ്രായത്തിലും മഴയെനിക്ക് മനസ്സായിരുന്നു. മനസ്സ് കരയുമ്പോൾ മഴയും കരഞ്ഞു. മനസ്സ് ചിരിച്ചപ്പോൾ മഴയും ചിരിച്ചു.
മഴ നനഞ്ഞൂ നിൽക്കുന്ന നഗരത്തെ നോക്കി ഞാൻ നാട്ടിലേക്ക്...വിളിച്ചു.
“ഇന്നു മഴ പെയ്തൊ?”
"ഇന്നൊ?”
“അതെ ഇന്നു ജൂൺ ഒന്നല്ലെ?”
“ ഓ ..ഇന്നു മഴയൊന്നും പെയ്തില്ല.” മഴയോട് പരിഭവിച്ച പോലെ അച്ഛ പറഞ്ഞു.
“ സരല്ല്യ...ഇന്നു സ്ക്കൂൾ തുറന്നില്ലല്ലൊ..സ്ക്കൂൾ തുറക്കാൻ കാത്തിരിക്കുകയായിരിക്കും മഴ...” ഞാൻ പറഞ്ഞത് അച്ഛക്ക് മനസ്സിലായില്ല എന്നു തോന്നി.
അല്ലെങ്കിലും ഇന്നവിടെ എങ്ങനെ മഴ പെയ്യാനാണ്? മഴ എന്റെ ജാലക ചില്ലിൽ വന്നു മുട്ടിവിളിക്കുകയല്ലെ. രാവിലെ തുടങ്ങിയ മഴ..ഇനിയും പെയ്തൊഴിഞ്ഞിട്ടില്ല. സന്ധ്യയുടെ നെഞ്ചിലേക്ക് ഉരുണ്ട് വീഴുക തന്നെയാണ്.
കണ്ണുകളടച്ചാൽ കേൾക്കാം ജൂൺ മഴയുടെ മന്ത്രണം..സ്വപ്നം ..കാണൂ...സ്വപനം കാണൂ......!!!
As you know me I love rain.... so just repeating my lines here.
ReplyDeleteമഴ പെയ്യുന്നു.... വീണ്ടും വീണ്ടും....
കാര്മേഘകൂട് തകര്ത്തെറിഞ്ഞ്
സ്വാതന്ത്ര്യല്ബ്ധിയില് അത്യധികം ആഹ്ലാദിച്ച് അത്
മണ്ണിന്റെ മാറിലേയ്ക്കു നിപതിയ്ക്കുന്നു, പരമമായ നിഷ്ക്കളങ്ക്തയോടെ, രഹസ്യങ്ങളൊന്നും മറച്ച് വയ്ക്കാതെ, വാ തോരാതെ വര്ത്ത്മാനം പറഞ്ഞു , എല്ലാവരിലും ഉണര്വേകി പെയ്തു തിമിര്ക്കുകയാണ്..... ആ നീര് മണി മുത്തുകള് ഒരോന്നിലും മുങ്ങാം കുഴിയിട്ട് അവയുടെ ആഴം അളന്നു......അവയില് അലിഞ്ഞു.....ആ ആര്ദ്രതയില്.....സൌകുമാര്യത്തില്ഞാന് സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ?
Ee mazhayude unarvu ippol enikku thannathinu nandi sakhi.... enikkum undallo enne pole thanne mazhayolam thanne athinde ormakal perunna ee hrudayathinudama sakhiyayittu... maya enna sakhi.... itha ee postinu aashamsakal.
I too thought of our school days when it rained yesterday...All the people were cursing the rain but i was enjoying it...Your post surely brought a smile this time..:)
ReplyDeleteസന്തോഷം മഴയെ സ്നേഹിക്കുന്ന മറ്റൊരു എഴുത്തുകാരിയെ കണ്ടത്തില്‍ ..
ReplyDeleteഒരു ചൂട് കട്ടന്‍ കാപ്പിയും കുടിച്ച് പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴ കണ്ടു നില്‍ക്കാന്‍ എന്താ ഒരു രസം .. അതിലും രസാ ഒന്ന് നനഞ്ഞു വന്നാല്‍ !