August 15, 2012

നിന്റെ കാളിന്ദി തെളിഞ്ഞൊഴുകട്ടെ

നാലു വയസ്സിന്റെ പടിവാതിൽക്കൽ വന്നു നിന്നു...എന്റെ കുഞ്ഞുമകൾ..അവൾ ക്രിഷ്ണനാണെന്നു അവകാശപ്പെട്ടൂ.
ഒരു ചെറിയ തോർത്ത് എങ്ങനെയൊ വാരിചുറ്റി..ഇതു കണ്ണന്റെ മഞ്ഞപ്പട്ടാണെന്ന് പറഞ്ഞു.  ശകടാസുരനേയും..ബകാസുരനേയും അഘാസുരനേയും....തുരത്തിയോടിക്കാൻ അവൾ അത്യുത്സാഹത്തോടെ വീടു മുഴുവനും ഓടിനടന്നു.
കുഞ്ഞൂന്നാളിലെ..ഉണ്ണിക്കണ്ണന്റെ ഉണ്ണിക്കഥകൾ വായിച്ചു കേൾപ്പിച്ചതും..‘ലിറ്റിൽ ക്രിഷ്ണ‘ കാണിച്ചു കൊടുത്തതും വെറുതെയായില്ല. സ്പൈഡർ മാനിനെയും...സൂപ്പർ മാനിനേയുമൊക്കെ സ്നേഹിച്ച് തുടങ്ങും മുന്ന് അവൾ ഏറ്റവും കാൽ‌പ്പനികനായ‘ക്രിഷ്ണ‘നെ തന്റെ ‘സൂപ്പർ ഹീറൊ‘  ആക്കിയല്ലൊ.
അധികം താമസിയാതെ എന്റെ മകൾ സ്ക്കൂളിലേക്ക് പോകുകയാണ്. അമ്മ സ്നേഹത്തിന്റെ ലക്ഷ്മണ രേഖ കടന്നു...അവൾ ലോകം കാണാൻ പുറപ്പെടുന്നു.
പാശ്ചാത്യ വിദ്യഭ്യാസത്തിന്റെ..ചില സമ്പ്രദായങ്ങൾ എന്നെ ഭ്രമിപ്പിച്ചിരുന്നു. ചെറിയ കുട്ടികൾക്ക്..പരീക്ഷാപ്പേടിയും പഠനഭാരവുമില്ലാതെ..പൂത്തുംബികളെ പോലെ പാറി നടക്കാം. ചുരുങ്ങിയ മണിക്കൂറുകൾ മാത്രം സ്ക്കൂളിൽ ചിലവിട്ട് കുഞ്ഞു  ക്ലാസ്സുകാർക്ക് വീട്ടിലേക്കോടിയെത്താം.
സത്യം പറഞ്ഞാൽ...ഇതു മാത്രമായിരുന്നു...കാനഡയിൽ  നിൽക്കുവാൻ എനിക്ക് കിട്ടിയ കാരണം.
എന്നാലൊ...കനേഡിയൻ ഗവണ്മെന്റ് വിദ്യാഭ്യാസ രീതികളൊന്ന് മാറ്റി മറിച്ച് എന്നെ ചതിച്ചുക്കളഞ്ഞു. കൂടുതൽ സമയം വിദ്യാലയത്തിൽ ചിലവിടുന്നത് കുട്ടികളുടെ കാര്യക്ഷമമായ പഠനത്തിനു ഗുണം ചെയ്യുമെന്ന് വിദ്യഭ്യാസ വിചകഷ്ണന്മാരൊക്കെ കൂടിയങ്ങ് കണ്ടെത്തി. അങ്ങനെ മുഴുവൻ സമയ കിന്റർ ഗാർട്ടൻ എന്ന പദ്ധതി ഓന്റാരിയോയിലെ സ്കൂളുകൾ അല്പാല്പമാ‍യി നടപ്പാക്കി തുടങ്ങി.

എന്റെ മകൾ പഠിക്കേണ്ട ‘സർ വിൻസ്റ്റന്റ് ചർച്ചിൽ സ്കൂൾ...’- (സ്ക്കൂളിന്റെ പേര് എന്നെ ചെറുതായൊന്നുമല്ല നിരാശപ്പെടുത്തുന്നത്. അത് വെല്ല “ലവ് ഷോർ“ എന്നൊ മറ്റൊ ആയിരുന്നെങ്കിൽ എന്നു ഞാൻ കലശലായി ആഗ്രഹിക്കുന്നു. Peel district board-നു കീഴിലെ പ്ലാനിങ്ങ് ആന്റ് അക്കൊമഡേഷൻ സെർവിസിലേക്ക് വിളിച്ച് എന്റെ കുട്ടി പോകേണ്ട സ്കൂൾ ഏതെന്ന് തിരക്കുമ്പോൾ എന്തിനൊ വെറുതെ അപ്പൂപ്പന്താടി പോലൊരു പേര് ഞാൻ പ്രതീക്ഷിച്ചു.) അത് ആദ്യമെ നടപ്പാക്കി.

ജോലിക്കാരികളായ അമ്മമാർ ഈ തീരുമനം സഹർഷം സ്വീകരിച്ചിരിക്കുന്നു. കാരണം “ഡേ കെയറി’നായി ചിലവിടുന്ന ഭീമമായ തുക അവർക്കു ലാഭമായി.ജോലിക്കു പോകാതെ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന “സ്റ്റേ-അറ്റ്-ഹോം-മംസ്” ഒക്കെ എന്നോട് പറഞ്ഞത് ‘ഡേ കെയറുക”ളുടെ വമ്പിച്ച ഫീസ് പേടിച്ചാണ് ജോലിക്ക് പോകാത്തതെന്നാണ്.  അമ്മയെക്കാൾ ഭംഗിയായി ഈ ലോകത്ത് ഒരു ഡെയ് കെയർ സ്ഥാപനവും തന്റെ കുഞ്ഞിനെ നോക്കില്ലെന്ന പരിപൂർണ വിശ്വാസത്തിലാണ് താൻ വീട്ടിലിരുന്നു കുഞ്ഞിനെ നോക്കുന്നതെന്നു അവരിലൊരാളെ ങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് വെറുതെ മോഹം തോന്നാറുണ്ട്.

 അവൾ..കരയുമൊ, അമ്മ വാരി കൊടുക്കാതെ വല്ലതും കഴിക്കുമൊ, അവൾക്കന്യമായ ഭാഷയിലും സംസ്ക്കരത്തിലും ചെന്നു വീണ് പൊള്ളുമൊ, അവൾക്ക് കുറച്ച് മുറി ഇംഗ്ലീഷൊക്കെ അറിയാമെങ്കിലും..മലയാളം ശ്വസിച്ചും ചവച്ചു തിന്നും വളർന്ന കുട്ടിയാണ്..അവളെ അവർക്കും..അവരെ അവൾക്കും..മനസ്സിലാകുമൊ..; ഞാനാണെങ്കിലൊ..വെറും പഴഞ്ചത്തി അമ്മ..അവളെ കൊഞ്ചിച്ച് വഷളാക്കി വെച്ചിരിക്കുന്നു...ജീവനില്ലാത്ത ടെഡി  ബെയറിനെയോ പത്തുപ്പതുത്ത കംബിളി പുതപ്പൊ...കെട്ടിപ്പിടിച്ച് ഒറ്റക്കൊരു മുറിയിൽ ഉറങ്ങാനൊന്നും അവൾക്കറിയില്ല. അവൾക്കുറങ്ങാൻ അമ്മയുടെ കഥയും പാട്ടും താളവും ശ്വാസവുമൊക്കെ വേണം. കുറുംബ് കാട്ടുമ്പോൾ ഞാനവൾക്ക്  തല്ലും കൊടുക്കുന്നുണ്ട്. ഇനിയത് സൂക്ഷിക്കണം. ഒരു സോഷ്യൽ വർക്കർ എന്റെ വാതിലിൽ മുട്ടി എന്നോട് പറഞ്ഞേക്കാം, “നിങ്ങളൊരു ചീത്ത അമ്മയാണ്” ; എന്നിങ്ങനെ എതൊരു മലയാളി അമ്മയേയും കുഴക്കുന്ന ചോദ്യചിഹ്ന്ന്നങ്ങളുമായി...ഞാനിരിക്കുമ്പോൾ...വർഷങ്ങൾക്കപ്പുറമൊരു കുട്ടി ആദ്യമായി സ്കൂളിൽ പോകാനിറങ്ങുന്നു.
ഷാർജയിലെ ചുമന്ന കാർപെറ്റ് വിരിച്ച അപാർട്ട്മെന്റിൽ  നിന്നും വിജു ഇളയച്ഛന്റെ കയ്യിൽ തൂങ്ങി ഇറങ്ങുമ്പോൾ കരച്ചിലെല്ലാം ഇറുക്കിപ്പിടിച്ച് ഞാൻ അമ്മക്ക് നേരെ കൈവീശി കാണിക്കും. കണ്ണൂകൾ കരകവിഞ്ഞൊഴുകുന്ന രണ്ട് പുഴകളാണെങ്കിലും ‘റ്റാ റ്റാ” പറയുമ്പോളൊക്കെ ചുണ്ടിൽ എവിടെന്നില്ലാതെയൊരു ചിരി കൊണ്ട് നട്ട് വെച്ചിരുന്നു ഞാനെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. നന്നായൊന്നു കരയാനും വേണ്ടേ ഇത്തിരി ധൈര്യം!
ഏതാനും വർഷങ്ങൾക്ക് മുന്ന് ഒരു കല്ല്യാണത്തിനു കൂടിയപ്പോൾ വിജു ഇളയച്ഛൻ ചേർത്ത് നിർത്തി പഴയ ഓർമ്മകൾ നിരത്തി.
“അന്നു മായാവിയെ കണ്ടാൽ ഒരു പാവകുട്ട്യെ പോലാണെ”ന്ന് അദ്ദേഹം അതി വാത്സ്ല്യത്തോടെ പറഞ്ഞപ്പോൾ ഞാനെന്റെ ഭർത്താവിനെ ഗമയോടെ ഒന്ന് പാളി നോക്കി.
സ്ക്കൂളിൽ കൊണ്ടിറക്കി പോരാൻ നേരം ഞാൻ സങ്കടം തൊണ്ടയിൽ വെച്ചമർത്തി ഇളയച്ഛനോട് ചോദിക്കുമത്രെ...“ഇളയച്ഛാ..ഉച്ചക്കു വരില്ലേ...” .
ഇളയച്ഛൻ സ്ക്കൂളിൽ ഇറക്കി വിട്ട് കടന്നു കളഞ്ഞാലൊ..പിന്നെയൊരിക്കലും വീട്ടിൽ മടങ്ങിയെത്താനും അമ്മയെ കാണാനും കഴിയാതെ വന്നാല്ലോ...എന്നിങ്ങനെയുള്ള പേടികളും സങ്കടങ്ങളുമൊക്കെ കുത്തി നിറച്ചൊരാ ചോദ്യം എന്റെ ഓർമ്മയിലില്ല.
 പക്ഷെ വീട്ടിലേക്കുള്ള മടങ്ങി പോക്ക് എനിക്കിപ്പോഴും തെളിനീരിനടിയിലെ വെള്ളാരങ്കല്ല്  പോലെ കാണാം.
എന്റെ സ്ക്കൂളിനടുത്തായിരുന്നു വിജു ഇളയച്ഛന്റെ ജോലിസ്ഥലം. അതു കൊണ്ട് കൂട്ടിക്കൊണ്ടു പോകാൻ വരുന്നതും ഇളയച്ഛൻ തന്നെയായിരുന്നു.  അവിടെ നിന്നും ഞങ്ങൾ നേരെ അച്ഛയുടെ ജോലിസ്ഥലത്തേക്ക് പോകും. അച്ഛ ‘സ്പിന്നീസി’ൽ നിന്നും ഇറങ്ങി വരുമ്പോൾ വിജു ഇളയച്ഛനുമായി വാക്കാൽ ഏർപ്പെടുന്ന ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഞാൻ കാറിന്റെ പിൻസീറ്റിൽ ഒളിച്ചിരിക്കും.
“ മായാവി..വന്നില്ല...സ്ക്കൂളിൽ ചെന്നപ്പോൾ മായാവിയെ കണ്ടില്ല” എന്നൊക്കെ വിജു ഇളയച്ഛൻ അച്ഛയോട് പറയും.
അച്ഛ ‘അയ്യോ ഇനിയെന്തു ചെയ്യു‘മെന്ന് സങ്കടം അഭിനയിക്കും.
അപ്പോൾ അച്ഛയെ പറ്റിച്ചുവെന്ന തെറ്റിധാരണയോടെ ഞാൻ ചാടിയെഴുന്നേക്കുകയും അച്ഛയെ അത്ഭുദപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഇന്നിപ്പോൾ എന്റെ മകൾ എന്നെ നിരന്തരം “സർപ്രൈസുകൾ” കൊണ്ട് വശം കെടുത്തുകയും ഞാൻ അത്ഭ്തം അഭിനയിച്ചഭിനയിച്ച് തളരുകയും ചെയ്യുന്നു.
 “ഇത് ഞാൻ തന്നെ, ഞാൻ തന്നെ”, എന്നു തോന്നുമാറ് അവൾ പലഭാവങ്ങൾ കെട്ടിയാടി എന്റെ മുന്നിൽ നിൽക്കുന്നു.
അതെപ്പോഴും അങ്ങനെയാണല്ലൊ..കാലത്തിന് അതിന്റേതായ തീരുമാനങ്ങളുണ്ട്.
അത് കൊണ്ട് തന്നെ അവൾ ജനിച്ച നിമിഷം മുതൽ...എന്റെ പ്രാർഥന ഇതാണ്..അവൾ സന്തോഷവും ആത്മവിശ്വാസവുമുള്ള കുട്ടിയായി വളരണേ. അവൾക്ക് നല്ല സ്വപ്നങ്ങൾ കാണുവാനും ആ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും കഴിയണേ...അവളെ സ്നേഹിക്കുന്ന..മനസ്സിലാക്കുന്ന ഒരു ലോകം അവൾക്ക് ചുറ്റുമുണ്ടാകണെ! അവളിൽ വീണ്ടുംവീണ്ടും എന്നെ കാണുമ്പോൾ ഈ പ്രാർഥനക്ക് ആക്കം കൂടുന്നു.

മകളുടെ സ്ക്കൂളിൽ നിന്നും ലഭിച്ച കടലാസ്സുകളിലൂടെ ഓട്ട പ്രദക്ഷിണം വെയ്ക്കുമോൾ അതിൽ മുഴച്ചു നിന്ന ഒരു വാചകം എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിചത്. “നിങ്ങളുടെ കുട്ടി എത്ര മിടുക്കൻ ആണെന്നതല്ല നമ്മുടെ വിഷയം, പകരം നിങ്ങളുടെ കുട്ടി ഏതു വിധത്തിലാണ് മിടുക്കൻ എന്നതാണ്.”
ഇതിൽ എത്ര സത്യമുണ്ടെന്നൊ..എത്രകണ്ട് അവരിത് പ്രവർത്തികമാക്കുമെന്നൊ എനിക്കറിയില്ല. എങ്കിലും ഇത്രയും പറഞ്ഞു വെക്കാനുള്ള ശ്രദ്ധയെങ്കിലും അവർക്കുള്ളതിൽ എനിക്ക്  സന്തോഷം  തോന്നാതെ തരമില്ല.
ഷാർജയിൽ നിന്നുമടർന്നു പോന്നതിനു ശേഷം നാട്ടിലെ രണ്ട് വിദ്യാലയങ്ങളിലാണ് ഞങ്ങൾ പഠിച്ചത്.  ഗ്രാമത്തിന്റെ  സുതാര്യതയുള്ളൊരു സ്കൂളിലും നാഗരികതയുടെ മൂർച്ഛയുള്ള മറ്റൊരു സ്ക്കൂളിലുമായി വെളുപ്പും കറുപ്പുമായെന്റെ ബാല്യവും കറുപ്പു പരന്ന കൌമരവും ഒലിച്ചു പോയി.

ഈ വർഷങ്ങൾക്കിടയിൽ എത്രയൊ അദ്ധ്യപകർക്ക് മുന്നിൽ ഞാൻ അതിശ്രദ്ധയോടെ കണ്ണുകൾ വിടർത്തിയിരുന്നു.
 അവരിൽ എത്രയൊ കുറച്ച് പേർ...വിരലില്ലെണ്ണാവുന്നവർ മാത്രമേ മേൽ പറഞ്ഞ വാക്യത്തിൽ തുടിച്ചു നിൽക്കുന്ന വലിയ സത്യത്തിൽ വിശ്വസിക്കുന്നവരായുണ്ടായിരുന്നുള്ളു.
ഭൂരിഭാഗവും അതിന്റെ സാരാംശം ഉൾക്കൊള്ളാൻ കഴിയാത്തവരായിരുന്നു.
അവരെപ്പോഴും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളോടൊപ്പമായിരുന്നു. അതൊരിക്കലും അവരുടെ തെറ്റായിരുന്നില്ല. അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ, ആ സ്ഥാപനം നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ, ആ സമ്പ്രദായം കെട്ടിപ്പടുത്ത സമൂഹത്തിന്റെ ഒക്കെ  സ്വഭാവമായിരുന്നു അത്.
 സ്ക്കൂളുകൾക്ക് എപ്പോഴും ആവശ്യം സ്ക്കൂൾ ഫൈനൽ പരീക്ഷക്ക് ഏറ്റവും മികച്ച റിസൽട്ടായിരുന്നു. രക്ഷകർത്താക്കളടങ്ങുന്ന പൊതു സമൂഹം സ്കൂളുകളോട് ആവശ്യപ്പെടുന്നതു അത് തന്നെ ആയിരുന്നു. ഭാവിയിലേക്ക് ഏറ്റവും കൂടുതൽ എഞ്ചിനീയർമാരും ഡോക്ട്ടർമാരും. ഏറ്റവും മെച്ചപ്പെട്ട ശംബളം കിട്ടുന്ന ജോലി സമം ജീവിത വിജയം എന്ന് വിശ്വസിക്കുന്ന ലോകത്തിൽ ഡോക്ട്ടർമാരും എഞ്ചിനീയർമാരുമാകാൻ ജനിക്കാത്തവർ വിദ്യഭ്യാസത്തിന്റെ പുറമ്പോക്കിൽ പുര കെട്ടി പാർക്കേണ്ടി വരും. സ്വാഭാവികം!
 അപ്പോൾ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നവർ, വിശേഷിച്ച്  കണക്കിലും ശാസ്ത്രത്തിലും മികവു പുലർത്തുന്നവർ തന്നെയായിരിക്കും മിടുക്കർ. കാരണം ഭാവിയിൽ ജീവിതവിജയം അവർക്കുള്ളതാണല്ലൊ!

പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികളെ സ്നേഹിക്കാൻ എളുപ്പമാണ്.  ഓരോ കുട്ടിയേയും അടുത്തറിഞ്ഞ്   അവന്റെ  അഥവ അവളുടെ സാമൂഹികവും, ശാരീരികവുമായ, മാനസികവും വ്യക്തിപ്പരവുമായ പ്രത്യേകതകൾ മനസ്സിലാക്കി ഓരൊ മേഖലയിലും വേണ്ടൂന്ന പ്രോത്സാഹനം നൽകി വളർത്തി കൊണ്ട് വരിക ശ്രമകരമാണ്.
 വിശേഷിച്ച് ആവശ്യത്തിലേറെ കുട്ടിളെ കുത്തി നിറച്ച ഒരു ക്ലാസ്സ് മുറിയിൽ.
അപ്പോൾ ‘മിടുക്കർ”ക്ക് മുതുകത്തൊരു തലോടലും “മിടുക്കു” ഇല്ലത്തവർക്കു ചൂരലും കൊടുത്ത്...ഏറ്റവും വേഗം പാഠങ്ങൾ പഠിപ്പിച്ചു തീർക്കുന്നതായിരികും അഭിലഷണീയം.

 ഇതിനിടയ്ക്ക് കുട്ടികളുടെ വ്യക്തിത്വം വികസിപ്പിക്കാനും, മനക്കരുത്തും ആർജ്ജവവും ഉള്ളവരാക്കാനും, യഥാർഥ ജീവിത സാഹചര്യങ്ങളുമായി എറ്റുമുട്ടുമ്പോൾ  പതറാതെ നെഞ്ച് വിരിച്ചു നിൽക്കുന്നവരാക്കാനും എവിടെ സമയം!
ഒന്നുമില്ലെങ്കിലും ആത്മവിശ്വാസം തകർത്തുടക്കാതെ അവർക്ക് അവരായി വളരാനുള്ള  അവസരമെങ്കിലും നൽകേണ്ടതല്ലെ?

പലപ്പോഴും തോന്നിയിട്ടുണ്ട് ഓരോ അദ്ധ്യാപകരും ഇഷ്ട്ടപ്പെടുന്നത് അവരവരുടെ വിഷയത്തിൽ മികവു പുലർത്തുന്ന കുട്ടികളെയാണ്. അതു പോലെ ഓരോ വിദ്യാർത്ഥിയും സ്നേഹിക്കുന്നത് അവർക്കിഷ്ട്ടമുള്ള വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരെയുമാണ്.
പക്ഷെ മനസ്സിലാകാത്ത വിഷയത്തിൽ താല്പര്യം ജനിപ്പിക്കാനുള്ള   , മിടുക്കു കുറഞ്ഞവരെ മിടുക്കരാക്കാനുള്ള മാന്ത്രിക കൈ  അദ്ധ്യാപകർക്കിടയിൽ  കുറച്ചു പേർക്കേയുള്ളു.

 വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്നു ഇടയ്ക്കൊക്കെ കുട്ടികളോട് ചോദിക്കുക പതിവായിരുന്നു സ്ക്കൂളിൽ.
ചെറിയ ക്ലാസ്സിലെ കുട്ടികൾ തനിക്കു പൈലറ്റാകണം, പോലീസാകണം, അമ്മയെ പോലെയാകണം, ബസ് ഡ്രൈവറാകണം, തെങ്ങുകയറ്റക്കാരനാകണം എന്നൊക്കെ പറയാൻ ധൈര്യപെട്ടിരുന്നു.
ചുറ്റുപാടും കാണുന്ന കാഴ്ചകളിൽ നിന്നും, കേൾക്കുന്ന കഥകളിൽ നിന്നും വലുപ്പച്ചെറുപ്പങ്ങളുടെ അന്തരമറിയാത്ത നിഷ്ക്കളങ്ക മനസ്സുകൾ കൊത്തിയെടുത്ത സ്വപ്നങ്ങളായിരുന്നു അതൊക്കെ.

എന്നാലൊ കുറച്ചു കൂടെ മുതിർന്നപ്പോൾ കഥ മാറി.
 ആരാകണം എന്ന ചോദ്യത്തിനു വലിയൊരു വിഭഗവും പറഞ്ഞു, “എനിക്ക് ഡോക്ട്ടറാകണം”, “എനിക്കു എഞ്ചിനീയറാകണം”, കണക്കിലും ശാസ്ത്രത്തിലും മികവു പുലർത്താത്തവർ പോലും അതു തന്നെ പറഞ്ഞു.
അപ്രകാരം പറഞ്ഞില്ലെങ്കിൽ മോശക്കാരായി പോകുമെന്ന് പേടിക്കുന്നത് പോലെ.
പിന്നെ കുറച്ചു പേർ “ടിച്ചർ” ആകണമെന്ന് ധൈര്യപ്പെട്ടു.
ഞാൻ ഒരു വിഡ്ഡിയെ പോലെ എഴുന്നേറ്റ് നിന്നു പറഞ്ഞു, “എനിക്കൊരു എഴുത്തുക്കാരിയാകണം..”. എല്ലാ കണ്ണുകളും എനിക്കു നേരെ നീണ്ടു വന്നു. ആ നോട്ടം ഇപ്പോളും ഞാൻ അഭിമുഖീകരിക്കുന്നുണ്ട്.

പക്ഷെ അതല്ല സങ്കടം..അവിടെ ആ ക്ലാസ്സ് മുറിയിലിരുന്ന ഓരോർത്തരും ഓരോ രീതിയിൽ മിടുമിടുക്കികളായിരുന്നു.  എന്നിട്ടും അവരാരും പറഞ്ഞില്ല, എനിക്ക് ശത്രജ്ഞനാകണം, ക്രിഷിക്കാരിയാകണം, ഐ.ഏ.എസൊ..ഐ പി. എസോ സ്വന്തമാക്കണം, ഫാഷൻ ഡിസൈനർ ആകണം, ചിത്രക്കാരിയാകണം, കായിക താരമാകണം, സിനിമാ സംവിധായികയാകണം, ഫോടോഗ്രാഫറാകണം, പചകക്കരിയാകണം അഭിനേത്രിയാകണം....
ഒരായിരം കർമ്മമേഖലകളെ കുറിച്ച് അജ്ഞരായി അവർ വളർത്തപ്പെട്ടു.
അങ്ങനെ എഞ്ചിനീയറും ഡോക്ട്ടറുമാകാൻ സ്ക്കൂളിൽ നിന്നുമിറങ്ങിപ്പോയവരിൽ വളരെ കുറച്ചു പേർ നല്ല ഡോക്ട്ടർമാരായി, കുറച്ചു കൂടി പേർ നല്ല എഞ്ചിനീയർമാരായി, കുറച്ചു കൂടുതൽ പേർ പേരിനിതൊക്കെ ആയെങ്കിലും മനസ്സ് കൊണ്ട് ഇതൊന്നുമായില്ല. ഭാഗ്യം ചെയ്ത കുറച്ചു പേർ വൈകിയാണെങ്കിലും സ്വന്തം തട്ടകം തിരിച്ചറിഞ്ഞ് അതിൽ പ്രഗത്ഭരും സംത്രിപ്തരുമായി. എന്നാൽ ബഹു ഭൂരിപക്ഷവും തന്റെ സത്ത തിരിച്ചറിയാതെ നാടോടുമ്പോൾ നടുവെ ഓടി എവിടെയൊക്കെയൊ ചെന്നുപെട്ട് അസംത്രിപ്ത്തരായി ജീവിതം തള്ളി നീക്കുന്നു.
 സ്വയം തിരിച്ചറിയാനും പ്രകാശിപ്പിക്കാനും അറിയാത്തവരായി, എല്ലാ തൊഴിലിനും മാന്യതയുണ്ടെന്ന് വിശ്വസിക്കാത്തവരായി, സ്വപ്നങ്ങൾ കാണാൻ അറിയാത്തവരായി കുട്ടികളെ അട വെച്ചു വിരിയിക്കുന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം?

ഇതെല്ലാം ഞാൻ സ്ക്കൂൾ ജീവിതം നയിച്ച ഒരു കാലഘട്ടത്തിൽ ഊന്നി നിന്നുള്ള ചിന്തകളാണ്. വർഷങ്ങൾ ഏറെ കഴിഞ്ഞു. ഇപ്പോൾ കേരളത്തിലെ മികച്ച വിദ്യാലയങ്ങൾ എന്നു അവകാശപ്പെടുന്ന സ്ക്കൂളുകളിൽ നിന്നും ‘ചൂരലുകൾ‘ ഇറങ്ങിപ്പോയി എന്നല്ലാതെ അതിന്റെ പൊതു സ്വഭാവത്തിനു കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടൊ എന്നറിയില്ല.

ഒരു കുഞ്ഞ് ഗർഭത്തിലിരിക്കുമ്പോൾ തന്നെ, ഒരുപക്ഷെ അതിലും മുന്നു അവൻ സ്വപ്നത്തിൽ താമസം തുടങ്ങുമ്പോൾ തന്നെ മാതാപിതാക്കൾ അവന് അനല്പമയ സ്നേഹവും കരുതലും നൽകുന്നു. ജനിച്ച്..അദ്യത്തെ മൂന്നു നാലു വർഷങ്ങൾ അവരുടെ ഹ്രിദയത്തിലെ തൊട്ടിലിലിട്ട് വളർത്തുന്നു.
കുഞ്ഞു മനസ്സിൽ പൊന്തുന്ന നേർത്ത തിരകൾ.. മുഖത്ത് പ്രകടമാകുന്ന നേർത്ത ഭാവ വ്യതിയാനങ്ങൾ അതൊരു അമ്മയോളം മറ്റാർക്കും മനസ്സിലാകില്ല.
എങ്കിലും ഒരു പ്രായമെത്തുമ്പോൾ അവനെ/ അവളെ  പുറം ലോകത്തേക്കിറക്കി വിടുകയാണ്.
 ഇന്നു വരെ പരിചയമില്ലാത്തൊരു അദ്ധ്യാപിക/അദ്ധ്യാപകൻ അവനെ/അവളെ കൈക്കുമ്പിളിൽ കോരിയെടുക്കുമെന്നും കരുതലോടെ ഈ ലോകത്തിന്റെ വെളിച്ചവും ഇരുട്ടും വേര്തിരിച്ചു കൊടുക്കുമെന്നുമുള്ള വിശ്വാസത്തിൽ.

മകൾ കുഞ്ഞാമ്പൽ മുഖം വിടർത്തി ഓടിയെത്തി എന്നെ ചുറ്റി പിടിച്ചു,“ അമ്മേ..ഞാൻ പൂതനയെ ഓടിച്ചു വിട്ടു...കാളിയനെ എന്റെ ഫ്രെൻഡാക്കി...”

ഞാനെന്റെ ഉണ്ണിക്കണ്ണന്റെ മുടിയിൽ മെല്ലെ തലോടി.
അവൾക്ക്  രാക്ഷസന്മാരാണെങ്കിലും പൂതനയേയും കൂട്ടരേയും കൊല്ലാൻ ഇഷ്ട്ടമല്ല. ഒന്നുല്ലെങ്കിൽ അവരെ തുരത്തിയോടിക്കും. അല്ലെങ്കിൽ സത് സ്വഭാവികളാക്കി കുട്ടുക്കാരാക്കും.
അതങ്ങനെ തന്നെയാകട്ടെ. ഹിംസ നമുക്കു വേണ്ട.

എങ്കിലും നീ അറിയുക കുഞ്ഞേ.. എപ്പോഴും ഗോപന്മാരും പൈക്കളും രസങ്ങളും മാത്രമാവില്ല...നിനക്ക് പുറത്തും നിന്റെ ഉള്ളിലും....
വിഴുങ്ങാൻ വായ് പിളർത്തി പെരുംമ്പാമ്പായി അഘാസുരൻ വരും, മാറിൽ വിഷം പുരട്ടി പുഞ്ചിരിയുമായി പൂതനമാർ വരും..നിന്റെ കാളിന്ദിയാകെ വിഷമയമാക്കാൻ കാളിയൻ വരും.

നീ ധൈര്യസമേതം അവരെയൊക്കെ തുരത്തിയോടിക്കുക. പറ്റുമെങ്കിൽ അവരിൽ നന്മ വിതച്ചു കൂട്ടുക്കാരാക്കുക.
പക്ഷെ ഒരിക്കലും അവരുടെ വിഷം നിന്റെ മേൽ പറ്റാതിരിക്കട്ടെ! 

16 comments:

 1. very true maya....all these u hv said abt d anxieties abt sending ur kid to school whr all d same with me too......and i must say dat lukily here n thr d education z is not at all, only d theory part as v all had in our school bk home....they make ur child confident n independent....i always say abt our school u kw...(now this may be a controversy),they just stuffed us with so much muggy things, very far frem real life.....atleast for me it was a nutshell which whn cam out, was thr awaiting a strange world which tuk a while for me to copeup...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. now only i got time to read it bcoz my son is sleeping...enikkarinju koode ende mayaye avalekalum koodutal maya irunnu karayum njyan karanju evide adyatte divasam avane schoolil viapppol avan karayan pediyonnu undayirunilla vavitu karayukayayirunnu appo avar enne avide nilkkan sammatichilla....kunjivava bagyavathiyanu avalkku kadhakal paranju kodukkan itranalla ammayundallo ende mon ennum kadakal parayan parayum satyam paranjal oru kadhapolum ormavarilla pinne avane pattichu kidati urakkum...ithu vayichappol anu oru idea vannathu ini veetil varumbol mayaautny yodu kadakal kelpikkan avanodu parayam....athu polum malayalavum enne kal kooduthal malayalam kunjivavakku ariyam avalude vakkukal eppozhum enne adishayapeduttarundu....pinne nammude education system athu mattanamengil maya tanne vidhyabhasa mantri akanam....

  ReplyDelete
 4. This comment has been removed by a blog administrator.

  ReplyDelete
 5. oru paavam ammamanassinte vihvalathakal manoharamaayi pakarthiyirikkunna "ninte kalindi thelinjozhukatte" pala thavana vaayichu. enteyum manassilulla karyangalaananthil ereyum. innathe vidyabhyaasareethi nammude kalaghattathil ninnum alpamokke vyathyasappettittundennanente viswasavum pratheekshayum...nammude kunjungal swantham thattakam thiricharinju jeevitha vijayam kaivarikkaan praapthraayi valaraneyennu praarthikkaam...ee lokathinte velichavum iruttum verthiricharinju...chuttum nanma mathram vithachu...ethoru kodiya kaaliyan vannaalum visham pattathirikkaanum kaliyane vishavimukthanakkaanum kazhivullavaraayi valaratte nammude kunjungal...

  ReplyDelete
 6. നമ്മുടെ എല്ലാ കുഞ്ഞൂങ്ങളുടെയും കാളിന്ദികൾ എന്നും തെളിഞ്ഞൊഴുകട്ടേ.....ഈ പ്രാർഥനയിൽ പങ്കു ചേർന്നതിനു നദി...

  ReplyDelete
 7. അവൾ സന്തോഷവും ആത്മവിശ്വാസവുമുള്ള കുട്ടിയായി വളരണേ. അവൾക്ക് നല്ല സ്വപ്നങ്ങൾ കാണുവാനും ആ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും കഴിയണേ...അവളെ സ്നേഹിക്കുന്ന..മനസ്സിലാക്കുന്ന ഒരു ലോകം അവൾക്ക് ചുറ്റുമുണ്ടാകണെ! ... കൂട്ടുകാരീ നീ എത്ര മനോഹരമായി അമ്മ മനസ്സിന്റെ പ്രാര്‍ത്ഥന എഴുതി ... വിഷം തീണ്ടാത്ത കാളിന്ദിക്കരയില്‍ കുഞ്ഞുങ്ങള്‍ ഉല്ലസിയ്ക്കട്ടെ.... അവരുടെ കാളിന്ദി തെളിഞ്ഞൊഴുകട്ടേ............... എന്നുമെന്നും..... ..

  ReplyDelete
 8. സന്തോഷം അംബിളി....:)

  ReplyDelete
 9. ഒരുപാട്‌ നാളുകള്‍ക്കുശേഷമാണ്‌ ഞാന്‍ ഓര്‍മപത്തായത്തിലേക്ക്‌ എത്തിനോക്കിയത്ത്‌.
  പുതിയ ഒര്‍മകള്‍ കണ്ടു വായിച്ചു ഇഷ്ടപ്പെട്ടു...
  ആശംസകള്‍..

  ReplyDelete
 10. നാളുകള്‍ക്ക്‌ ശേഷം നല്ലൊരു ബ്ലോഗ്‌ കണ്ട സന്തോഷത്തിലാണ് ഞാന്‍. അതെ സ്വന്തം മക്കളെ ആദ്യമായി 'അന്യരുടെ' അടുക്കല്‍ ആക്കേണ്ടി വരുമ്പോള്‍ ഒരമ്മ അനുഭവിക്കുന്ന മനസ്സിന്‍റെ പിരി മുറുക്കം നെഞ്ചിലെ ഭാരം അത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല എന്ന് ഞാന്‍ കരുതി എന്നാല്‍
  "നിന്റെ കാളിന്ദി തെളിഞ്ഞൊഴുകട്ടെ" ആ വിചാരം മാറ്റി.
  മനോഹരമായ അവതരണം.
  ഈ ഓര്‍മ്മപ്പത്തായം ഒന്ന് തപ്പട്ടെ!!

  ReplyDelete
 11. ഞാന്‍ സാധാരണ ബ്ലോഗുകളില്‍ എത്തി നോക്കാറില്ല, ഇന്ന് പതിവിനു വിപരീതമായി തിരഞ്ഞെടുത്ത ബ്ലോഗിലെ വരികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു .
  വരാം വീണ്ടും ഈ വഴിക്ക്.

  ഗ്രീടിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

  ReplyDelete
 12. സന്തോഷം മാണിക്യം....ആൾക്കൂട്ടവും ബഹളവുമില്ലാത്ത....എന്റെ ചെറിയ ലോകത്തിലേക്ക്.....സ്വാഗതം!

  ReplyDelete
 13. ഒരുപാട് സന്തോഷം ജെ.പി സർ!

  ReplyDelete