May 03, 2013


                     2007-ൽ പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “അലമേലു തുന്നുകയാണ്”, എന്ന കഥാസമാഹാരത്തിലെ രണ്ടാമത്തെ കഥയാണ് “അലമേലു തുന്നുകയാണ് .”  അലമേലു എഴുതുമ്പോൾ എന്റെ ജീവിതമോ മനസ്സോ ചിന്തയോ അലമേലുവിന്റെ അടുത്ത് നിന്നിരുന്നില്ല. ഞാൻ തികച്ചും വ്യക്തിഗതമായ സങ്കടങ്ങളിൽ കൂപ്പുക്കുത്തുകയായിരുന്നു. അലമേലുവിന്റെ മാനവിക സ്നേഹം എന്ന തലത്തിൽ നിന്നിറങ്ങി സ്വകാര്യ ജീവിത്തത്തിന്റെ തീച്ചൂളയിൽ വേവുകയായിരുന്നു. . എന്നാൽ അതിലും എത്രയോ മുൻപു അലമേലു എന്റെ ഉള്ളിൽ തീവ്രതയോടെ ഉണ്ടായിരുന്നു. അലമേലുവിന്റെ തരം സങ്കടങ്ങളും നിസ്സഹായതയും കുട്ടിക്കാലം  മുതൽ എന്നോടൊപ്പമുണ്ടായിരുന്നു.  അതേതു രൂപത്തിലോ ഭാവത്തിലോ എന്നു നിശ്ചയമില്ലെങ്കിലും എന്നെങ്കിലും അലമേലു ഉള്ളിൽ തിങ്ങി വിങ്ങി പുറത്തേക്കൊഴുകുമെന്നു മാത്രം എനിക്കുറപ്പുണ്ടായിരുന്നു.
                   
                     2000 ഡിസംബറിലാണ് അലമേലുവിനു ജീവിക്കുവാനുള്ള കാൻ വാസ് എനിക്കു വീണു കിട്ടുന്നത്. അമ്മയായിരുന്നു എന്റ്റെ ഏറ്റവും വലിയ സഹ്രിദയയും ആരാധികയും. അമ്മ പോയതിനു ശേഷം ആദ്യമായി എഴുതുന്ന കഥയാണ് അലമേലു തുന്നുകയാണ്.
അന്നു ഞാൻ തികഞ്ഞ വിഷാദത്തിന് അടിമ. മനസ്സിന്റെ മുറിവുകൾ ആഴമേറിയതും ചോര നിലക്കാത്തതും. ജീവിതം വെറുമൊരു ഞാണിന്മേൽ കളി. ഏതു നിമിഷവും പിടിവിട്ട് താഴെ പൊടിഞ്ഞു കിടക്കാൻ എന്റെയുള്ളിൽ തന്നെ തീവ്രമായ വെമ്പലുണ്ടായിരുന്നു.
അപ്പോഴാണ് ചേച്ചി എനിക്കു നേരെ ഒരു തുന്നൽ കിറ്റ് നീട്ടുന്നത്. ഞാനൊരു തുന്നൽക്കാരിയേയായിരുന്നില്ല. തുന്നലിനുള്ള ക്ഷമയോ കഴിവോ എനിക്കൊട്ടുമുണ്ടായിരുന്നില്ല. എങ്കിലും ഓളങ്ങളിൽ നിന്നു പുറത്തേക്ക് രക്ഷപ്പെടാൻ കിട്ടിയൊരു ഓവ്വാണ് അതെന്ന് തോന്നി. എന്റെയുള്ളിൽ തന്നെ മറ്റൊരു ലോകം സ്രിഷ്ട്ടിച്ച് അബോധപൂർവ്വം ഞാൻ നടത്തിയ പലായനമായിരുന്നു അത്.

                  തുന്നേണ്ട ചിത്രം ഒരു നായ്ക്കുട്ടിയുടേതായിരുന്നു. അതിനു ആവശ്യമായ വർണ്ണ നൂലുകൾ, സൂചി, ക്യന്വാസ്സ്, വ്യക്തമായ നിർദ്ദേശങ്ങൾ എല്ലാം കയ്യിൽ വന്നു പെട്ടു.. ഞാൻ തുന്നാൻ തുടങ്ങി. നെയ്ത്തിന്റെ താളത്തിലേക്ക് അറിയാതെ ഞാൻ വീണു പോയി. പലപ്പോഴും ഊണും ഉറക്കവും ഉപേക്ഷിച്ചും വേദനിക്കുന്ന കഴുത്തും തോളും അവഗണിച്ചും, ക്ഷീണിക്കുന്ന കണ്ണൂകളെ മറന്നും ഞാൻ തുന്നിക്കൊണ്ടേയിരുന്നു.
തുന്നാതിരിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു സൂചി നൂലുകളെ കുത്തി വലിച്ചു കൊണ്ടിരുന്നു . ഉറങ്ങാൻ കണ്ണൂകളടച്ചപ്പോൾ അടഞ്ഞ ഇമകൾക്കപ്പുറത്ത് സൂചിയും നൂലും പരസ്പരം ഇഴുകിയും പൊരുതിയും പണിയെടുത്തു.  നിദ്രയിലും ഞാൻ തുന്നിക്കൊണ്ടേയിരുന്നു.
അങ്ങനെ ഞാൻ അലമേലുവായി തീർന്നു.


അലമേലു വായിക്കാത്തവർക്കായി

                                              അലമേലു തുന്നുകയാണ്


അലമേലു തുന്നുകയാണ് .
വെളുത്ത ക്യാന്വാസ് തുണിയിൽ തിളക്കമുള്ള ഇളംമഞ്ഞ നൂലു കുരുങ്ങുന്നു. ആദ്യം പുറകിൽ നിന്നും മുകളിലേക്കൊരു കുത്ത്. പിന്നെ ഒന്നു... രണ്ട്.... മൂന്ന്....ആറാമത്തെ ദ്വാരത്തിലൂടെ താഴേക്ക്. പുറകിലൂടെ വീണ്ടും പഴയ സ്ഥാനത്തേക്ക് വലിച്ച് മുകളിലേക്ക് കുത്തി....ഒന്നു ....രണ്ട്....

അലമേലു തുന്നിക്കൊണ്ടിരിക്കുമ്പോൾ ഒരു യുവതിയുടെ നഗ്നത ക്യാൻ വാസിൽ തെളിയുന്നു. ലോകസുന്ദരിപ്പട്ടം കെട്ടി തിടമ്പെഴുന്നൊള്ളിച്ച് നിൽക്കുന്ന പെണ്ണിന്റെ മിനുമിനുപ്പോ കാബറേ നർത്തകിയുടെ മാംസളതയുടെ ധാരാളിത്തമോ അല്ല.
ശ്ലീലമായ നഗ്നത.
അവിടവിടെയായി മുഴച്ച് നിൽക്കുന്ന എല്ലിന്മുട്ടികൾക്കും അവയെ പൊതിഞ്ഞ വിളർത്ത്, വടുക്കൾ വീണ്, രക്തം പൊടിഞ്ഞ് ഈച്ചയാർക്കുന്ന തൊലിക്കുമിടയിൽ ശ്ലീലമായ ശൂന്യത മാത്രം.
പിന്നെ മനസ്സിൽ ശൂന്യത. കണ്ണുകളിൽ ശൂന്യത.
അതെങ്ങനെ തുന്നിപ്പിടിപ്പിക്കണമെന്ന് അറിയില്ല അലമേലുവിന്.  അതിനാൽ അവൾ വിഹ്വലയായി, മുന്നിലെ ടീപ്പോയിൽ മലച്ചു കിടക്കുന്ന ദിനപ്പത്രത്തിന്റെ മുൻപേജിലേക്ക് പിന്നേയും പിന്നേയും മിഴിച്ചു നോക്കുന്നു.
 ഭ്രാന്താശുപത്രി വാർഡിലെ യുവതി!
രാവിലെ ആറു മണിക്ക് പത്രം കയ്യിൽ കിട്ടിയ നിമിഷം അലമേലുവിന്റെ ഉള്ളിലൊരു ആന്തലുണ്ടാകുകയും വയറിനകത്ത് പൂമ്പാറ്റകൾ ചിറകിട്ടടിച്ച് പിടക്കുകയും ചെയ്തു. യുവതിയുടെ നഗ്നതക്ക് പുറത്ത് ഒരു പുതപ്പ് വലിച്ചിടാൻ തീരുമാനിച്ചതോടെ അലമേലുവിന്റെ വയറിനകത്തെ പൂമ്പാറ്റകൾ ചിറകുകൾ കൂട്ടി വെച്ച് ശാന്തരായിരുന്നു.
തീരുമാനം നടപ്പിലാക്കുവാനുള്ള അമിതാവേശവുമായി അലമേലു കിടപ്പു മുറിയിലേക്ക് കുതിച്ചു കയറി. പൂട്ടിട്ടു ബന്ധിച്ച ഗോദ്രേജ് അലമാരക്ക് മുന്നിൽ എത്തി നിന്ന അലമേലുവിന്റെ നെഞ്ചിൽ വളർന്നു പൊങ്ങി മാനം മുട്ടി നിന്നിരുന്ന മഹാപർവ്വതം ഇടിഞ്ഞു പൊളിഞ്ഞ് തവിടുപൊടിയായി നിലം പതിച്ചു. അലമേലുവിന്റെ മനസ്സിലേക്ക് നിരവധി  ചിത്രത്തുന്നലുകൾ ചിതറി വീണു.

നാഷ്ണലൈസ്ഡ് ബാങ്കിന്റെ ശാഖാ മാനേജരായ ടി.എസ്. വെങ്കിട്ടരാമ അയ്യരുടെ ഏകമകൾ. ബി.ഏ സോഷ്യോളജിക്ക് ഒന്നാം റാങ്ക്. എം.എസ്.ഡബ്ലിയുവിന് ഡിസ്റ്റിങ്ങ്ഷൻ. അഞ്ചു വർഷത്തെ ഇന്റെർകോളേജിയെറ്റ് മീറ്റിൽ കലാതിലകപ്പട്ടം.
“അലമേലു- വിവാഹത്തിനു മുൻപ്” എന്നു വർണ്ണനൂലുകൾ കൊണ്ട് ഒരു അടിക്കുറിപ്പ് തുന്നിച്ചേർത്ത് അവൾ അടുത്ത ചിത്രത്തുന്നൽ കയ്യിലെടുത്തു.
പ്രമുഖ സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ കൺസൾട്ട്ന്റായി ജോലി നോക്കുന്ന ശ്രീമാൻ അനന്തക്രിഷ്ണൻ എന്ന അനന്തുവിന്റെ സ്നേഹച്ചൂണ്ടയിൽ ഇര കൊത്തി കിടക്കുന്ന സ്വർണ്ണ മത്സ്യം. “അലമേലു വിവാഹത്തിനു ശേഷം” എന്നു കറുത്ത നൂലു കൊണ്ട് അടിക്കുറിപ്പ് തുന്നിച്ചേർത്ത് അവളൊരു നെടുവീർപ്പുതിർത്തു.
ചുമന്ന പട്ടിൽ വർണ്ണനൂലുകൾ മുന്നോട്ടും പിന്നോട്ടും നീക്കി, പൂക്കളേയും കുരുവികളേയും വിടർത്തി, സ്വയം തുന്നിയുണ്ടാക്കിയ സൈഡ് സ്ലിറ്റ് കമ്മീസിൽ  പൂർവ്വാധികം സുന്ദരിയായി, അലമേലു മടിച്ച് മടിച്ചു പറഞ്ഞു. “അനന്തൂ ...എനിക്ക്...എനിക്ക് ഇത്തിരി രൂപാ.......”
"എത്ക്ക്....?”, കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖം തിരിച്ച് അനന്തു പുരികമുയർത്തി.
“അത്...അത്...”
“ഉം ശൊല്ല് കണ്ണേ....എത്ക്ക്....”
“ശീമാട്ടിക്ക് മുന്നിൽ വിരിച്ചിട്ടിരിക്കുന്ന പുതിയ കാഞ്ചിപുരം ചേല...?”
“ഉം..ഉം...”
“ദെൻ വാട്ട് അലമേലു? ശീഘ്രം ശൊല്ല്”
“അത് വന്ത്”
“മസാല ദോശ...?”
“നതിങ്ങ്..നതിങ്ങ്” അലമേലുവിന്റെ കണ്ണുകൾ പരവശതയോടെ ഉരുണ്ടു കയറുന്നത് കാണാതെ അനന്തക്ര്‌ഷ്ണൻ തിരിഞ്ഞിരുന്ന് കീബോറ്ഡിലൂടെ ഒരു പിയാനോവിസ്റ്റിനെ പോലെ വെളുത്തു മെലിഞ്ഞ വിരലുകൾ താളക്രമത്തിൽ പായിച്ച്..ഇടക്കൊന്നു തലചൊറിഞ്ഞ്, അത്ര്‌പ്തിയുടെ സ്വരങ്ങൾ പുറപ്പെടുവിച്ച് ജോലി തുടർന്നു.
അനന്തക്ര്‌ഷ്ണന്റെ പിന്നിൽ തറഞ്ഞു നിന്ന അലമേലുവിന്റെ വയറിനകത്ത് വീണ്ടും പൂമ്പാറ്റകൾ. അവൾ തന്റെ പുരുഷനെ സൂക്ഷ്മമായി നിരീക്ഷിച്ചു. പച്ചയും കറുപ്പും നൂലുകൾ ഇടകലർത്തി മുൻപോട്ടെടുത്ത് ....നീട്ടി വലിച്ച്...ടീ ഷർട്ട്. അതിന്റെ വലതു ഭാഗത്തായി വെള്ള നൂലുകൾ യു.എസ്.എന്ന് കൂട്ടക്ഷരങ്ങളായി ഒഴുകിയിറങ്ങുമ്പോൾ അലമേലു നൂലു വലിച്ച് പിന്നിലൊരു കടും കെട്ടിട്ടു.
ലിവിങ്ങ് റൂമിലെ ദിവാനിൽ, ഇളം ഓറഞ്ചു പൂക്കൾ തുന്നിച്ചേർത്ത കറുത്ത വെൽ വെറ്റ് കുഷ്യനിൽ ചാരിക്കിടന്ന്, അലമേലു ഭ്രാന്താശുപത്രി വാർഡിലെ യുവതിയുടെ നഗ്നത പൂർത്തിയാക്കി.
ഉമ്മറത്ത് കുഞ്ഞിപ്പാദങ്ങളുടെ കോലം വരച്ച് അതിലേക്ക് നോക്കി നിന്ന് നെടുവീർപ്പുതിർക്കുകയായിരുന്ന അനന്തക്ര്‌ഷ്ണന്റെ അമ്മ, അടുക്കളയിലേക്ക് നടക്കുമ്പോൾ അലമേലുവിനെ ഒളികണ്ണിട്ട് നോക്കി പിറുപിറുത്തു.

അലമേലു യുവതിയുടെ നഗ്നതക്ക് മുകളിൽ കിടപ്പുമുറിയിലെ പുതപ്പ് നിവർത്തിയിട്ട് വേഗത്തിൽ അടുക്കളയിലേക്ക് ചെന്നു. ദോശച്ചട്ടിയിൽ ക്രീം നൂലുകൾ വട്ടത്തിൽ തുന്നി, അഗ്രത്തിൽ കാപ്പി നിറത്തിലുള്ള സാറ്റിൻ നൂല് ചേർത്തു തുന്നി അലമേലു ദോശ ചുടാൻ തുടങ്ങി.
ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അലമേലുവിന്റെ കവിളത്തൊരു ചുമന്ന പൂ തുന്നിവെച്ച് അനന്തക്രിഷ്ണൻ അവളുടെ കയ്യിലേക്കൊരു സി.ഡി വെച്ചു കൊടുത്തു.
“ഇതൊരു ന്യൂ പിക്ച്ചറുടത്. ടൈം കെടക്കുമ്പൊ പാക്ക് ....”
കൊണ്ടാട്ടമുണക്കിയും, വെണ്ടക്കാ സാമ്പാറ് വെച്ചും,  ഉഴുന്നു വട വറുത്തും കാപ്പി തിളപ്പിച്ചും അലമേലു വൈകുന്നേരത്തിലേക്ക് നടന്നു. രാത്രിയുടെ ഇരുട്ട് കനത്ത് കിടപ്പുമുറിയിലേക്ക് കടക്കുന്നത് വരെ അലമേലുവിന് യാതൊന്നിനെ കുറിച്ചും ചിന്തിക്കുവാൻ സമയമുണ്ടായിരുന്നില്ല.

 കോട്ടുവായിട്ട് മുറിയിലെത്തിയ അലമേലു കിടക്കയിൽ ചടഞ്ഞു കിടക്കുന്ന യുവതിയുടെ നഗ്നത കണ്ട് അന്ധാളിച്ചൂ നിന്നു.
കുളിച്ചു ശുദ്ധനായി ബാത് റൂമിൽ നിന്നുമിറങ്ങി വന്ന അനന്തക്ര്‌ഷ്ണൻ കണ്ണാടിക്ക് മുന്നിൽ നിന്നു മുടി ചീകുകയും നുണക്കുഴി വിരിയിച്ചുള്ള ചിരിയുടെ അഴക് സ്വയം ആസ്വദിക്കുകയും ചെയ്തു. “അലൈപ്പായുതെ”യിലെ പ്രേമഗാനം മൂളി അയാൾ തിരിഞ്ഞു നിന്നത് അലമേലുവിന്റെ അങ്കലാപ്പിലേക്കണ്.
“ഓ സില്ലി ഗേൾ” എന്നു തല വെട്ടിച്ച്, ഒന്നു കൂടെ കണ്ണാടിയിൽ നോക്കി പിടിപ്പിച്ച മന്ദഹാസവുമായി അയാൾ അവൾക്ക് പിന്നിലെത്തി. അലമേലുവിന്റെ ചുമലിന് മുകളിലൂടെ കിടക്കയിലേക്കെത്തി നോക്കി.
“വാട്ടീസ് ദിസ്. എ ന്യൂഡ് പിക്ച്ചർ? മാർവലസ്!!“
 അഭിനന്ദനങ്ങൾ കോരിച്ചൊരിയുന്ന കാര്യത്തിൽ അനന്തക്രിഷ്ണൻ ഒരു പിശുക്കനായിരുന്നില്ല.മാത്രമല്ല വീട്ടിൽ നിൽക്കുന്ന പെണ്ണുങ്ങൾക്ക് ഇതെല്ലാം ആവശ്യമാണെന്ന് അയാൾ ദയാപൂർവം അംഗീകരിച്ചിരുന്നു. കൂടാതെ സൂര്യനു കീഴെയുള്ള എന്തിനെ കുറിച്ചും ആധികാരികമായി  രണ്ട് വാക്ക്  സംസാരിക്കുവാനുള്ള വിജ്ഞാനം തനിക്കുണ്ടെന്ന ആത്മവിശ്വാസവും അയാൾക്കുണ്ടായിരുന്നു.
എങ്കിലും എന്റ്രസ് ടെസ്റ്റിൽ മാത്രമല്ല, ഗ്രൂപ് ഡിസ്ക്കഷണിലും ഉന്നത നിലവാരം പുലർത്തിയാണ് അലമേലു എസ്. ഡബ്ലിയൂവിലേക്ക് ചാടി കടന്നതെന്ന് കല്യാണത്തിന്  വന്ന യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാർ പറഞ്ഞത്, അനതക്രിഷ്ണന്റെ മനസ്സിലൊരു കല്ലുകടിയായി കിടന്നു. അഭിനന്ദനത്തിന്റെ നിർഗള പ്രവാഹത്തിനിടക്കെപ്പോഴൊ ആ കല്ല് അനന്തക്രിഷ്ണൻ ഒന്നു കൂടെ കടിച്ചു.
നിറഞ്ഞു നിന്നിരുന്ന ചിരിയെ ചുണ്ടിന്റെ കോണിലേക്ക് വകഞ്ഞു വെച്ച് അയാൾ ചിത്രത്തുന്നൽ കയ്യിലെടുത്തു.  “ഇച്ചിരി കൂടെ പുഷ്ട്ടിയാകാമായിരുന്നു ഇവൾക്ക്. നൂഡ് ചിത്രങ്ങൾക്ക്  ആസ്വാദകനിൽ ഇറോട്ടിസം ഉണർത്താൻ കഴിയണം. ഡൂ യൂ ഫോളോ മീ?”

അലമേലുവിന്റെ തൊണ്ടയിലേക്ക് ഒരു കരച്ചിൽ തിക്കിക്കയറി നിന്നു. അവൾ അനന്തക്രിഷ്ണനിൽ നിന്നും ചിത്രത്തുന്നൽ തട്ടിയെടുത്ത് വേദനയോടെ തുറിച്ചു നോക്കി.
“ഇറ്റിസ് ഓക്കെ..ഇറ്റിസ് ഓക്കെ..” എന്നു പിറുപിറുത്ത് അനന്തക്രിഷ്ണൻ അലമേലുവിനെ തന്റെ കരവലയത്തിലൊതുക്കി അടിയറവ് പറയിക്കാനുള്ള അവസാനത്തെ മാർഗ്ഗം കണ്ടെത്തി.
ആദ്യം അനന്തക്രിഷ്ണന്റെ ചുമന്ന ചുണ്ടുകൾ ഒരു  സൂചിക്കുത്തായി പരിണമിച്ചു. അത് അലമേലുവിന്റെ വെളുത്ത മുഖത്തെ ക്യാന്വാസിൽ ചെറിയൊരു പൂ തുന്നിച്ചേർത്തു. അവിടെ നിന്നും രണ്ടിഞ്ച് വിട്ട് ഇത്തിരി കൂടെ വലിയ പൂ..പിന്നെ നാലില...അങ്ങോട്ടുമിങ്ങോട്ടും പടരുന്ന  രണ്ടു വള്ളികൾ........അലമേലുവിന്റെ കയ്യിൽ നിന്നും ചിത്രത്തുന്നലുതിർന്നു കാൽക്കലേക്ക് വീണു.

അനന്തക്രിഷ്ണൻ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അലമേലു സാവധാനത്തിൽ ഒച്ചയുണ്ടാക്കതെ എഴുന്നേറ്റു.  യുവതിയുടെ നഗ്നത കയ്യിലെടുത്തു മുഖത്തേക്കമർത്തിപ്പിടിച്ചു തേങ്ങി കരഞ്ഞു കുറച്ചു നേരം. തുലാസ് കയ്യിലേന്തി, കണ്ണിൽ കറുത്ത തുണികെട്ടി നിൽക്കുന്ന നീതിയുടെ മുഖമുള്ള ടേബിൾ ലാംബ് പ്രകാശിപ്പിച്ചു അവിടെ ചടഞ്ഞിരുന്നു അലമേലു.
യുവതിയുടെ നഗ്നതയിലേക്ക് ഇനിയെങ്കിലും ഒരു കഷ്ണം തുണി വലിച്ചിട്ടില്ലെങ്കിൽ താൻ കുറ്റബോധം കൊണ്ട് ശ്വാസം മുട്ടി മരിച്ചു പോകുമെന്ന് അവൾക്ക് ഭയം തോന്നി.
അലമേലു ചാരനിറത്തിലുള്ള കമ്പിളി നൂല് കയ്യിലെടുത്തു. അരിച്ചെത്തുന്ന അരണ്ട വെളിച്ചത്തിൽ ശ്രമപ്പെട്ട് അതിനെ സൂചിത്തുളയിലൂടെ വലിച്ചെടുത്തു. കഴക്കുന്ന കണ്ണൂകൾ അടച്ചും തുറന്നും അലമേലു ഇളം മഞ്ഞ നൂലിന്റെ നഗ്നതക്ക് മുകളിൽ ചാരവറ്ണ്ണ കമ്പിളി തുന്നിച്ചേർക്കാൻ തുടങ്ങി. ആദ്യം പുറകിൽ നിന്നും മുകളിലേക്ക് സൂചി കയറ്റി വലിച്ചെടുത്ത് മുകളിലേക്ക് നീട്ടിയെടുത്ത് ആറാമത്തെ ദ്വാരത്തിലൂടെ താഴേക്ക് വലിച്ച്...........

അതിരാവിലെ ഉണർന്നയുടൻ അലമേലു കണ്ണാടിക്ക് മുന്നിൽ നിന്നു. അനന്തക്ര്ഷ്ണൻ തുന്നിച്ചേർത്ത ചുമന്ന പൂക്കൾ തന്റെ മുഖത്ത് കരിഞ്ഞു കിടക്കുന്നത് കണ്ട് അവളത് ഈർഷ്യയോടെ നുള്ളിപ്പെറുക്കി കളഞ്ഞു.
സിറ്റൌട്ടിലേക്ക് കുതിച്ച അലമേലു വിറക്കുന്ന കൈകൾ കൊണ്ടാണ് അന്നത്തെ ദിനപ്പത്രം നിവർത്തിയത്. അവളുടെ കണ്ണൂകൾ ആർത്തിയോടെ പരതി നടന്ന് ഒടുവിലാ വാർത്ത കണ്ടെത്തി. പത്രത്തിൽ വന്ന വാർത്തയും ചിത്രവും കണ്ട് ഭ്രാന്താശുപത്രിയിലേക്ക് സഹായ ഹസ്തം നീട്ടിയവരുടെ പേരു വിവരങ്ങൾ വിശദമായി നൽകിയിരുന്നു.  ഒരായിരം അലമേലുമാർ ഒരായിരം കമ്പിളിപ്പുതപ്പുകളുമായി ഭ്രാന്താശുപത്രിയുടെ വരാന്തയിൽ ക്യൂ നിൽക്കുന്ന സന്തോഷമുള്ള ചിത്രം അവൾ മനസ്സിൽ തുന്നി നോക്കി.
ചുണ്ടിൽ തിളച്ചു ചാടിയ ചിരിയോടെ അലമേലു തിരിഞ്ഞോടി ഉറങ്ങി കിടക്കുന്ന അനന്തക്രിഷ്ണന് ഒരു ഉമ്മ കൊടുത്ത് അടുക്കളയിൽ കയറി കാപ്പിയിടുവാൻ തുടങ്ങി.
കാപ്പിയിട്ടുകൊണ്ടിരിക്കെ അലമേലു തലചുറ്റി വീണു.
ആദ്യം ഇളംചാര നിറത്തിലുള്ള ഒരു മൂടുപടം അവളുടെ കണ്ണുകൾക്ക് മുന്നിൽ ആരോ തുന്നുകയായിരുന്നു. പിന്നീട് കടും ചാരനിറം ..പിന്നെ കറുപ്പ്...അങ്ങനെയങ്ങനെ കട്ടി വെച്ചുകട്ടി വെച്ച്  നൂലുകൾക്കപ്പുറത്തെ വെളിച്ചം അവൾക്ക് അന്യമായി വന്നു.
തക്ക സമയത്ത്  അനന്തക്രിഷ്ണൻ പാഞ്ഞു വന്ന് അവളെ താങ്ങി പിടിച്ചു.

ആശുപത്രി ഇടനാഴിയിലെ കാത്തിരുപ്പിനു ശേഷം ഡോക്ട്ടർ സരസ്വതി അനന്തക്രിഷ്ണനോട് ആ സത്യം തുറന്നു പറഞ്ഞൂ. നാലു നീണ്ട വർഷങ്ങളുടെ കാത്തിരുപ്പിന് വിരാമമിടാറായിരിക്കുന്നു. ദൈവമിപ്പോൾ അലമേലുവിന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞു മുഖം തുന്നി പിടിപ്പിക്കുകയാണ്.  അനന്തക്രിഷ്ണൻ ഉല്ലാസഭരിതനായി അലമേലുവിനെ ചുറ്റിപ്പിടിച്ച് കാറിലേക്ക് നടന്നു.
കാറിൽ, അനന്തക്രിഷ്ണന്റെ ചാരെ  ചാരികിടക്കുകയായിരുന്ന അലമേലുവിന്റെ അടഞ്ഞ കണ്ണൂകൾക്ക് മുന്നിൽ ഒരു സൂചി ഉയർന്നു പൊങ്ങി വന്നു.
അവളതിന്റെ തുളയിലേക്ക് ഇളം പിങ്ക് സാറ്റിൻ നൂല് കൊരുത്തു കയറ്റി.
ആപ്പിൾ കവിളുകളുള്ള ഒരു കുരുന്നു മുഖം തുന്നുവാൻ തുടങ്ങി.

ദിവസങ്ങളോളം വിശ്രമമില്ലാതെ അലമേലു തുന്നിക്കൊണ്ടിരുന്നു. ക്യന്വാസ്സിൽ തുന്നി ചേർത്ത ഉണ്ണി മുഖങ്ങൾ ചുമരുകളായ ചുമരുകളിലെല്ലാം നിറഞ്ഞു.
പിന്നെ കിടക്ക വിരിയിൽ, തലയിണ ഉറകളിൽ, കുഷ്യൻ കവറുകളിൽ, ചെയർ ബാക്കുകളിൽ.
ഓരോ വൈകുന്നേരവും അനന്തക്രിഷ്ണനെ ഓരോ പുതിയ ഇളം പിങ്ക് കുഞ്ഞു മുഖം എതിരേറ്റു.

അലമേലു ഇപ്പോൾ ടെലിവിഷൻ കാണുകയാണ്.
കറുത്ത നൂലുകൾ..!  കറുത്ത നൂലുകൾ കൂട്ടിവെച്ച് വലിയൊരു വ്രിത്തം.
വലിയൊരു തല.
ഒറ്റ നൂലിന്റെ വീതിയുള്ള ചടച്ച ദേഹം.
ഉന്തി നിൽക്കുന്ന എല്ലിൻ കൂട്ടങ്ങൾ.
തുറിച്ച കണ്ണുകൾ.
വറ്റി വരണ്ട ചുണ്ടുകൾ.  സൊമാലിയായിലെ കുട്ടികൾ!
അലമേലു ഞെട്ടിപ്പിടഞ്ഞു. അവളുടെ പെരുവിരൽ റിമോട്ട് കണ്ട്രോളിലെ “ഓഫ്” ബട്ടണിൽ അമർന്നു കഴിഞ്ഞു.
അസഹ്യതയോടെ അലമേലു കണ്ണൂകൾ ഇറുക്കിയടച്ചു. അടക്കുന്തോറും കൂടുതൽ തെളിമയോടെ കറുത്ത് ചടച്ച കുഞ്ഞുങ്ങൾ അവളുടെ കണ്മുന്നിൽ കിടന്നു നിലവിളിച്ചു.
വയറിനകത്തെ പൂമ്പാറ്റകൾ ചിറകിട്ടടിച്ച് പിടക്കാൻ തുടങ്ങി. ഇതിങ്ങനെ തുടരുകയാണെങ്കിൽ വയറിനകത്ത് മയങ്ങി കിടക്കുന്ന കുഞ്ഞു പിങ്ക് മുഖത്തിന്റെ ഉറക്കത്തിന് അലോസരം സംഭവിക്കുമെന്ന് അലമേലു ഓർത്തതേയില്ല.
അവൾ സൂചിയും കറുത്ത നൂലും കയ്യിലെടുത്തു കഴിഞ്ഞൂ.
ആ‍ദ്യം ക്യാന്വാസ്സിൽ , അതു മുഴുവനും ചുമരുകളിൽ.....പിന്നെ കിടക്ക വിരിയിൽ.......

അനന്തക്രിഷ്ണൻ കിടപ്പു മുറിയിലേക്ക് കാലെടുത്തു വെച്ചതും പതറിപ്പോയി. കറുത്തു ചടച്ച പേക്കോലങ്ങൾ അയാളുടെ സ്വപ്നങ്ങളുടെ കൊട്ടാരത്തെ വിക്രിതമാക്കിയിരിക്കുന്നു!
“അലമേലു....”, ഇളം പിങ്ക് കുരുന്നു മുഖങ്ങളിൽ ഒന്നിനെ പോലും കാണാതെ അനന്തക്രിഷ്ണൻ വിവശനായി.
അലമേലു വിളി കേട്ടില്ല. അവൾ നീതിയുടെ മുഖമുള്ള ടേബിൾ ലാമ്പിനു മുന്നിലിരുന്നു അപ്പോഴും കറുത്തു വിക്രിതങ്ങളായ രൂപങ്ങളെ വെളുത്ത ക്യാന്വാസ്സിലേക്ക് തുന്നി ചേർക്കുകയാണ്.

പിന്നെ അവൾ വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിലെ ഒഴിഞ്ഞ പാത്രങ്ങളിൽ നിറയെ ഭക്ഷണസാധനങ്ങൾ തുന്നിച്ചേർക്കുവാൻ തുടങ്ങി.
ചുമന്ന പഴങ്ങളും..പച്ചക്കറികളും....
ആദ്യം താഴെ  നിന്നും മുകളിലേക്ക് കുത്തി....നീട്ടിവലിച്ച്...ഒന്നു..രണ്ട്...മൂന്ന്...നാലമത്തെ ദ്വാരത്തിലൂടെ താഴേക്ക് കുത്തി...
അലമേലു തുന്നുകയാണ്.

4 comments:

  1. നീതിയുടെ മുഖമുള്ള ടേബിൾ ലാമ്പിനു മുന്നിലിരുന്നു ആദ്യം താഴെ നിന്നും മുകളിലേക്ക് കുത്തി....നീട്ടിവലിച്ച്...ഒന്നു..രണ്ട്...മൂന്ന്...നാലമത്തെ ദ്വാരത്തിലൂടെ താഴേക്ക് കുത്തി...
    അലമേലു തുന്നുകയാണ്.കറുത്തു ചടച്ച പേക്കോലങ്ങളുടെ നിറമില്ലാ സ്വപ്നങ്ങളെ വർണ്ണനൂലൊഴുകുന്ന ഭാഷയിൽ വായനക്കാർക്ക്‌ അനുഭവവേദ്യമാക്കുകയാണ് ..... പട്ടിണി വയറിന് ചുമന്ന പഴങ്ങളും..പച്ചക്കറികളും... എന്റെ ഹൃദയത്തിലും ഒരു കണ്ണീർപ്പൂവിനെ തുന്നിപ്പിടിപ്പിച്ച പ്രിയ കൂട്ടുകാരി അഭിനന്ദനങ്ങൾ.

    ReplyDelete
  2. നന്ദി അംബിളി. വൈകിയാണെങ്കിലും ഈ കഥ എന്റെ നല്ല കൂട്ടുക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം!

    ReplyDelete
  3. "അഭിനന്ദനങ്ങൾ കോരിച്ചൊരിയുന്ന കാര്യത്തിൽ അനന്തകൃഷ്ണൻ ഒരു പിശുക്കനായിരുന്നില്ല.മാത്രമല്ല വീട്ടിൽ നിൽക്കുന്ന പെണ്ണുങ്ങൾക്ക് ഇതെല്ലാം ആവശ്യമാണെന്ന് അയാൾ ദയാപൂർവം അംഗീകരിച്ചിരുന്നു............."

    വിവിധ വര്‍ണ്ണത്തിലുള്ള നൂലുകളാല്‍ "അലമേലു തുന്നുകയാണ്" അവള്‍ക്ക്‌ ചുറ്റുമുള്ള ദൌര്‍ഭാഗ്യങ്ങളെ. മായ വളരെ നല്ലതായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍.

    ReplyDelete