July 05, 2015

                                                                മുടി
                                                By Amritha
കഴിഞ്ഞ ദിവസം ഞാനെന്റെ മുടി കഴുത്തോളം ചുരുക്കി മുറിച്ചു.
പിന്നിൽ കെട്ടി വെച്ചിരുന്ന ചെറിയ മുടിക്കെട്ടിൽ നിന്നും മുടിയിഴകൾ വിടർത്തിയിടുമ്പോൾ മുടിവെട്ടുകാരിയായ യുവതി അത്ഭുതപ്പെടുമെന്ന് എനിക്കറിയാം. ഒരു മന്ത്ര വടി ഉപയോഗിച്ചും അതിൽ പതിവു പോലെ 'ലെയറുകൾ’ തീർക്കാൻ കഴിയില്ലെന്നും എനിക്കറിയാം. അതു കൊണ്ട് ഇംഗ്ലീഷ് ഭാഷ വലുതായി വശമില്ലാത്ത അവളോട് എനിക്കേറെ മുടി നഷ്ട്ടപ്പെട്ടുവെന്നും നൂലു പോലെ നീണ്ടു കിടക്കുന്നത് ഒന്നു ചുരുക്കി വെട്ടി തരണമെന്നും... വല്ല വിധേനയും പറഞ്ഞൊപ്പിച്ചു.
ഒരിക്കൽ പോലും മുടി അരയോളം നീട്ടി  പന്തലിച്ചു വളർത്തി ശീലിച്ചിട്ടില്ലാത്തത് കൊണ്ടാകാം ഇത്തവണയും പതിവിലധികം മുടിയിഴകൾ മുറിഞ്ഞ് വീഴുമ്പോഴും എനിക്ക് വലുതായ സങ്കടമൊന്നും തോന്നിയില്ല.
എങ്കിലും മുടി വടിച്ച് തല തരിശാക്കിയിടനുള്ള ചകൂറ്റമൊന്നും എനിക്കിപ്പോഴുമില്ല. വഴിപാടുകളുടെ പേരിലങ്ങനെ ചെയ്ത രണ്ട് സുഹ്രുത്തുക്കൾ എനിക്കുണ്ട്. തമിഴ്നാട്ടിലൊക്കെ മുടി വടിച്ചു യുവതികൾ പോലും ദൈവത്തിന് കൊടുക്കുന്നത് സധാരണമാണെങ്കിലും കേരളത്തിൽ അതിനല്പം കൂടി ധൈര്യം വേണം. വേനൽക്കാലത്ത് മൊട്ടയടിച്ച് നടക്കുന്ന ആണുങ്ങളെ പലപ്പോഴും കണ്ടിട്ടുണ്ട്. മുടി തഴച്ചു വളരാനെന്ന പേരിൽ കുട്ടികളെ മുട്ടയടിച്ച് വിടുന്നത് നമുക്കൊരു അഘോഷവുമാണ്.  

പെൺ ചന്തം സമം ഇടതൂർന്ന നീണ്ട തലമുടിയെന്ന് കരുതുന്ന ഒരു സമൂഹത്തിലിരുന്ന് മുടി  വടിക്കാനെന്നല്ല...തുംബൊന്ന് കയറ്റി വെട്ടാൻ പോലും മടിച്ചു നിൽക്കും പെണ്ണുങ്ങൾ.
മലയാള സിനിമയിൽ നായികയാകണമെങ്കിൽ ഒന്നുമില്ലെങ്കിലും നിതംബത്തിലിഴയുന്ന മുടി വേണമെന്നത് ഒരു അലിഖിത നിയമമായി നമ്മൾ കൊണ്ട് നടന്നു. കാച്ചിയ എണ്ണയുടെ മണമുള്ള..തുളസിക്കതിർ ചൂടുന്ന….നീണ്ട മുടിക്കാരിയെ വേണമെന്ന വിവാഹസങ്കല്പങ്ങളിൽ പുരുഷലോകം കിടന്നു വട്ടം തിരിഞ്ഞു.

പൊന്നും മുടിയും ഏറ്റവും വലിയ ബലഹീനതകളായി കൊണ്ട് നടക്കുന്ന പെണ്ണുങ്ങൾക്കിടയിൽ തന്റെ പെണ്മക്കൾ അരയോളം മുടി നീട്ടി വളർത്തണമെന്ന് കൊതിക്കാത്ത ഒരു അമ്മയുണ്ടായിരുന്നു. എന്നാലും ആൺകുട്ടികളെ പോലെ വളരെ ചുരുക്കി വെട്ടുന്നത് അമ്മക്ക്  ഇഷ്ട്ടമുണ്ടായിരുന്നില്ല. (എന്തു കൊണ്ടോ അന്നു  ഡോക്ട്ടർമാരുടെ മക്കളായിരുന്നു ബോയ്ക്കട്ട് വെട്ടിയിരുന്നവരിൽ അധികവും.) പിന്നിലേക്ക് വലിച്ച് ഒരു കുതിര വാലു കെട്ടി തരാനും ഇരു വശങ്ങളിലേക്ക്  പകുത്തി കെട്ടി തിളങ്ങുന്ന ഡിസ്ക്കോ വള്ളികൾ കോർത്തു തരാനും തൂവൽ സ്ലെഡുകൾ പിടിപ്പിച്ച് പെണ്മക്കളെ സുന്ദരികളാക്കാനും അമ്മക്ക് ഇഷ്ട്ടമായിരുന്നു. കൂടാതെ നൃത്തം പഠിക്കുന്നത് കൊണ്ട് മുടി അല്പം നീട്ടിയിടുന്നത് ഒരു ആവശ്യവുമായിരുന്നു. ശനിയാഴ്ചകളിൽ വെളിച്ചെണ്ണ ചെറുചൂടോടെ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചിരുത്തിയതിന് ശേഷം ദുബായിൽ നിന്നും കൊണ്ട് വരുന്ന ഹെഡ് ആന്റ് ഷോൾഡർ ഷാമ്പൂ കൊണ്ട് അമ്മ ഞങ്ങളുടെ മുടി കഴുകി തരുമായിരുന്നു. പേനും ഈരുമില്ലാതെ എണ്ണമെഴുക്കും വിയർപ്പും അഴുക്കും പിടിക്കാതെ മുടി  വൃത്തിയായി വെയ്ക്കുക എന്നതായിരുന്നു അമ്മയുടെ സൗന്ദര്യ നയം.
 
കുട്ടിപ്രായത്തിൽ ഞങ്ങളുടെ മുടി അലപ്ം നീണ്ട് കഴിയുമ്പോൾ അമ്മ യൂ ആകൃതിയിൽ അതു വെട്ടി തരും. ഞങ്ങളുടെ മുടിയിലുള്ള അമ്മയുടെ കത്രിക പണികൾ  നോക്കി നിൽക്കുന്ന വീട്ടിലെ മറ്റു കുട്ടികളോട്  അമ്മ മുടി വെട്ടണോ എന്നു ചോദിക്കും.  ഒരിക്കൽ മാത്രം വെട്ടണമെന്ന് അവർ കൗതുകത്തോടെ പറയും. പക്ഷെ മുടി നല്ല ചന്തത്തിൽ വെട്ടി കൊടുത്തതും കയ്യോ കാലോ വെട്ടി കളഞ്ഞത് പോലെ അവർ കരയും. അത്രക്കു മുടി പ്രേമമുള്ള കുട്ടികളും സ്ത്രീകളുമായിരുന്നു എനിക്ക് ചുറ്റിനും.
ശിശുപ്രായം മുതൽ മുടി മൊട്ടയടിച്ചും കാച്ചിയ എണ്ണ തേച്ചും പെൺകുട്ടികളുടെ മുടി എങ്ങനെയും പെരുപ്പിച്ചെടുക്കുകയായിരുന്നു അമ്മമാരുടെയും മുത്തശ്ശിമാരുടേയും പ്രധാന കാര്യപരിപാടി. എന്റേയും ചേച്ചിയുടേയും മുടി ഒരിക്കൽ പോലും വടിച്ചില്ല. മുടിയുടെ നിറവും പ്രകൃവുമൊക്കെ  ജനിതകമായ് കിട്ടുന്നതെന്ന പക്ഷമായിരുന്നു അച്ഛനും അമ്മക്കും.
ചേച്ചിക്ക് നല്ല കട്ടിയുള്ള കോലു മുടിയായിരുന്നുവെങ്കിൽ മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഘനം കുറഞ്ഞ നേർത്ത പട്ടിഴകളുടെ മുടിയായിരുന്നു എനിക്ക്.
“ഇവൾക്ക് മുടിക്ക് മുറ്റില്ലല്ലൊ” കരണവത്തികൾ സഹതപിക്കും. “ഹായ് എന്തൊരു സോഫ്റ്റ്” കൂട്ടുകാരികൾ വീണ്ടും വീണ്ടും മുടിയിൽ പിടിച്ചു നോക്കും.

കുട്ടിക്കാലത്ത് തലയിലൊരു തോർത്തു മുണ്ടോ ഷോളോ വലിച്ചിട്ട് റബർ ബാന്റും കെട്ടി ഞാനൊരു നീണ്ട മുടിക്കാരിയെ പോലെ കുണുങ്ങി നടന്നു കളിച്ചു. ഭരതനാട്യം കളിക്കുമ്പോൾ വെപ്പ്മുടിയങ്ങനെ നീട്ടി മെടഞ്ഞിടുന്നത് ഒരു കൗതുകമാണ്. മുടിയിൽ കുഞ്ചലവും കെട്ടി മുല്ലയും കനകാംബരവും ചാർത്തി ചന്ദ്രനേയുംസൂര്യനേയും വാച്ചിലിനപ്പുറവുമിപ്പുറവും പിടിപ്പിച്ചു കഴിയുമ്പോൾ നീളൻ മുടിയോട് തോന്നിയ എല്ലാ ഭ്രമവും കെട്ടടങ്ങും. തലവേദന മാത്രം ബാക്കിയാകും.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാദിയ മൊയ്തുവിനെ പോലെ മുടി ഉയർത്തി ടോപ് നോട്ട് കെട്ടിത്തരണമെന്ന്  ഞാൻ അമ്മയോട്  വാശി പിടിക്കും. “കളർ ഡ്രസ്സ്” ഇടാൻ അനുവാദം കിട്ടുന്ന അപൂർവ ദിവസങ്ങളിൽ ഒന്നു ഒരു ചുരിദാറും ടോപ്നോട്ടുമൊക്കെയായി സ്വയമൊരു നാദിയ മൊയ്തുവാണെന്ന് തെറ്റിധരിച്ച്  ഞാൻ സ്ക്കൂളിലേക്ക് പോയിട്ടുണ്ട്.

ഇങ്ങനൊക്കെ ആണെങ്കിലും സാറ്റിൻ റിബണും നിറമുള്ള ക്ലിപ്പുകളുമൊക്കെ അടങ്ങിയിരിക്കാത്ത കുട്ടിക്കുറുംബികളെ പോലെ...എന്റെ പട്ടു മുടിയിലധികം തങ്ങാതെ സ്ലൈഡ് ചെയ്ത് താഴേക്കിറങ്ങും. വളരുന്തോറും മുടിയിൽ അവരെ അടക്കി നിർത്താനുള്ള ക്ഷമയില്ലാതായി. അങ്ങനെ കാലങ്ങളോളം ഒരു സ്റ്റെപ് കട്ടിൽ അഭയം പ്രാപിച്ചു. സ്ക്കൂൾകാലത്ത് അതൊരു ചുരുങ്ങിയ സ്റ്റെപ്കട്ടായിരുന്നെങ്കിൽ  മുതിർന്നപ്പോൾ  നീണ്ട സ്റ്റെപ്പ് കട്ടായി  എന്നു മാത്രം.
സ്ക്കൂളിൽ കൂട്ടിന് വേണ്ടത്ര ബോയ്കട്ടുകാരികളും കുഞ്ഞുമുടിക്കാരികളുമുണ്ടായിരുന്നു. ധൈര്യത്തിന് മുടി ചുരുക്കി വെട്ടിയ അദ്ധ്യാപികമാരുമുണ്ടായിരുന്നു. പ്രചോദനത്തിനാണെങ്കിൽ  മാധുരി ദീക്ഷിത്തും മീനാക്ഷി ശേഷാദ്രിയുമുണ്ട്. പതിവു മുറിക്കലുകളിൽ പതിവിലും അരയിഞ്ചെങ്ങാനും കയറി പോയാൽ “അയ്യോ ഇതെന്താണീ മുടി കാട്ടിയത്” എന്നു ബഹളം വെക്കലുകളും കണ്ണുരുട്ടലുകളും  എപ്പോഴുമൊരു വെല്ലുവിളിയായ് ചുറ്റിനുമുണ്ടായിരുന്നു.


പ്രീഡിഗ്രിക്ക്  തൃശ്ശൂർ  സെന്റ് മേരീസ് കോളേജിൽ ചെന്നു ചേർന്നപ്പോൾ ചുമലോളം മാത്രം നീളമുള്ള  എന്റെ മുടി കെട്ടി വെപ്പിക്കുക എന്നതായ് സീനിയർ ചേച്ചിമാരുടെ അജൻഡ.  മുടികെട്ടാൻ കയ്യിൽ ഒന്നുമില്ലെന്ന് ഞാൻ. ചേച്ചിമാർ പിറ്റേന്ന് റബർ ബാന്റ് കൊണ്ട് തന്നു. റബർ ബാന്റ് പൊട്ടിയെന്ന് ഞാൻ. അഹങ്കാരിയായിരുന്നെങ്കിലും അസുഖക്കാരിയായി സ്ഥലം വിട്ടപ്പോൾ അവരെന്നോട് ക്ഷമിച്ചു.
കോളെജ് മാറി സെന്റ് ജോസഫ്സിൽ എത്തിയപ്പോഴും ചോദ്യങ്ങൾ വന്നു. “എന്താ ഈ കുട്ടി മുടി കെട്ടാത്തെ…”
എന്റെ മുടി എന്നെയോ അവരെയോ  ഒരു വിധത്തിലും അലോസരപ്പെടുത്തിയിട്ടല്ല. പക്ഷെ പരിചിതമല്ലാത്ത കാഴ്ചകളോട് മലയാളിക്ക് എപ്പോഴുമുണ്ടല്ലോ ഒരു അസഹിഷ്ണുത.
ഇന്നത്തെ ന്യൂ ജനറെഷൻ പിള്ളേരെ പോലെ  “മൈ ഹെയർ ഈസ് മൈ ചോയ്സ്..”എന്നു ഡയലോഗടിക്കാനുള്ള കോപ്പൊന്നും ഇല്ലായിരുന്നെങ്കിലും….  ആഹാ….എന്റെ കെട്ടാത്ത മുടി നിങ്ങൾക്കിത്ര അലോസരമാണെങ്കിൽ ഞാനതു കെട്ടുന്നില്ല..എന്നൊരു കൗമാര സഹജമായ ദാർഷ്ട്ട്യം തോന്നിയിരുന്നു.  പക്ഷെ അതൊരു ദ്രൗപതി ശപഥമൊന്നുമായിരുന്നുമില്ല.
ഫ്രീക്കന്മാരും ഫ്രീക്കികളും നിറഞ്ഞ ഇന്നത്തെ കേരളത്തിൽ ഞാനീ  പറഞ്ഞതൊക്കെ വെറും പഴങ്കഥ എന്നു പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഇപ്പോഴും മലയാളിയുടെ നീണ്ടമുടി ഭ്രമത്തിന് ആശ്വാസം വന്നിട്ടില്ലെന്ന്  പത്രമാസികകളും റ്റെലിവിഷനിലും മിന്നിമറയുന്ന പരസ്യങ്ങൾ പറയുന്നു. മുടി വളരാൻ ഇത്രയേറെ ഹെയർ ഓയിലുകൾ വിൽക്കപ്പെടുന്ന നാട് മറ്റേതാണ്!  


ഒരിക്കൽ അറ്റം മുറിച്ചു ഒപ്പമാക്കാൻ പറഞ്ഞ് അമ്മ ചേച്ചിയുടെ മുന്നിൽ  പഞ്ഞി പോലെ പതുപതുത്ത അല്പം ചുരുണ്ട  മുടി വിടർത്തിയിട്ട് ഇരുന്നു. ഒരു പൂർണതാവാദിയായ ചേച്ചി മുടി ഒപ്പമാക്കാനുള്ള വ്യഗ്രതയിൽ വെട്ടി വെട്ടി വല്ലാതെ കയറി പോയി.
അമ്മക്കാദ്യമായി തീരെ നീളം കുറഞ്ഞ മുടി.
ഇത്തരം ചെറിയ കാര്യങ്ങളിൽ മനസ്സ് പിടയ്ക്കുന്ന ആളൊന്നുമല്ല അമ്മ.
എങ്കിലും കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അമ്മക്ക് സങ്കടം വന്നു.
മുടിയല്ലേ വളർന്നോളുമെന്ന് അമ്മ സമാധാനിക്കാൻ ശ്രമിച്ചു.  പക്ഷെ കാലത്തിന് ചില മൂർച്ചയുള്ള തീരുമാനങ്ങളുണ്ടായിരുന്നു.
പിന്നീടൊരിക്കലും അമ്മയുടെ മുടി പഴയതു പോലെയായില്ല.
കീമോ തെറാപ്പി ചുമലിനു താഴേക്കു നീണ്ടു കിടന്നതെല്ലം പൊഴിച്ചു കളഞ്ഞു. പക്ഷെ അപ്പോഴും അമ്മക്ക് തലയിൽ നിറച്ചും മുടിയുണ്ടായിരുന്നു. പൊഴിയുന്ന മുടിയിഴകൾ കൂട്ടി വെച്ചു ഒരു നെറ്റിനകത്താക്കി അമ്മയത് ബാക്കിയുള്ള മുടിയോട് ചേർത്ത് കെട്ടി.
പിന്നെ വളരാത്ത മുടിയുമായി അമ്മ കണ്ണുകൾ പൂട്ടിയുറങ്ങി.

ടൊറോണ്ടോ ജനറലിലെ എഫറസിസ് യൂണിറ്റിലെ തലമുതിർന്ന നഴ്സ്  മെർമയോട് ഞാൻ പറഞ്ഞു. “എന്റെ മുടി വല്ലാതെ കൊഴിയുന്നു. എന്താണത്….പ്രെഗ്നിസോണ്‍  ആണോ..അതോ വിങ്ക്രിസ്റ്റിയോ…” “രണ്ടും.”  മെർമ വാത്സല്യത്തോടെ എന്റെ കവിളിൽ തലോടി.
 “മുടി..ചുരുക്കി വെട്ടികൊള്ളൂ...അതാണിപ്പോ നല്ലത്.” മെർമയുടെ ചുരുക്കി വെട്ടിയ സോൾട്ട് ആന്റ് പെപ്പർ മുടിയിലേക്കും ചുമന്ന ചായം കൊണ്ട് മോടിപിടിപ്പിച്ച മനോഹരമായ പുഞ്ചിരിയിലേക്കും കണ്ണുകൾ പായിച്ചിരിക്കുമ്പോൾ… മുടി ചുരുക്കി വെട്ടിയാൽ മെർമയെ പോലെ സുന്ദരിയാകുമോ ഞാനെന്നു ചോദിക്കാൻ തോന്നി.  

“മുടികൊഴിച്ചിലൊക്കെ ‘ടി ടി പി’ യുടെ ആഫ്റ്റെർ ഇഫക്ക്ട്ടാണ്  മായാ”  ഡോക്ട്ടർ ഡേവിഡ് ബ്രാത്  ഒരു തുന്നൽക്കാരന്റെ കലാവിരുതോടെ നീണ്ട് മെലിഞ്ഞ വിരലുകൾ കൊണ്ട് എന്റെ വലത്തെ തോളിനു താഴെ സൂചിയും നൂലും കൊരുത്ത് തുന്നുമ്പോൾ  നിസ്സാരമായ് പറഞ്ഞു. അദ്ദേഹത്തിന്റെ വെളുത്ത നെറ്റിയിലെക്ക് ഉറ്ന്നു കിടന്ന കറുത്ത ചുരുൾമുടിയിലേക്ക് നോക്കി ഞാൻ കിടന്നു.
പക്ഷെ അപ്പോഴൊന്നും മുടി മുറിച്ചു കളയാൻ തോന്നിയില്ല. അതെന്തുമാത്രം കൊഴിയുമെന്ന് കാത്തിരിക്കണമെന്ന് തോന്നി. ബാത് ടബ്ബിൽ..കിടക്കയിൽ തലയിണയിൽ കുപ്പായത്തിൽ അതങ്ങനെ ഊർന്നു വീണു കൊണ്ടിരുന്നു. കറുത്ത താമരകൾ എനിക്കു ചുറ്റും വിരിഞ്ഞു നിന്നു. തലയിലേക്ക് ചെല്ലുന്ന കൈ എപ്പോഴും ഒരു കുന്നു കറുത്ത പൂക്കളുമായി മടങ്ങി. അപ്പോഴൊക്കെ ടിവീ മുറിയിലെ ചെറിയ കട്ടിലിൽ കുനിഞ്ഞിരുന്നു തലയിൽ നന്നും പൊഴിഞ്ഞ മുടിയിഴകൾ വാരിയെടുക്കുന്ന അമ്മയെ ഞാൻ വീണ്ടുംവീണ്ടും കണ്ടു.
“എനിക്കായിരുന്നു ഈ അവസ്ഥയെങ്കിൽ ഞാൻ ഡിപ്രഷനിൽ മുങ്ങി പോയേനെ.” കൂട്ടുകാരി പറഞ്ഞു. പക്ഷെ കൊഴിഞ്ഞു തീരുന്ന മുടിയിഴകൾ എന്നെ കരയിച്ചില്ല.


തിരിച്ചു വന്ന മഴവില്ലും പൂക്കളുമായിരുന്നു എന്റെ ഉള്ളിൽ നിറയെ.
കൊഴിയുന്ന മുടിയിഴകൾ വാരിയെടുക്കുന്ന എന്റെ കണ്ണിൽ അശേഷം നനവുണ്ടായിരുന്നില്ല. എന്നിട്ടും എന്റെ ആറുവയസ്സുകാരി മകൾ അപ്പോഴെന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. “ ഇറ്റ് ഈസ് ഓക്കെ അമ്മാ….യൂ ആർ  ബ്യൂട്ടിഫുൾ”
ഇങ്ങനെയൊക്കെ മന്ത്രസ്പർശമുള്ള വാക്കുകൾപറയാൻ ആരാണവളെ പഠിപ്പിച്ചത്!!! (അമ്മയോട് ഇത്ര നല്ല വക്കുകൾ പറയാനറിയാതെ ഞാൻ നിന്നത് വളർന്നു പോയതു കൊണ്ടായിരിക്കുമോ!)
ഞാൻ മുടി വിതറിയിട്ട് അലങ്കോലമാക്കുന്ന മുറികൾ ഓരോന്നും ഒരു മൂളി പാട്ടോടെ വാക്ക്വം ചെയ്ത് വ്രത്തിയാക്കുന്നവൻ! നേർത്ത മുടിയിഴകൾക്ക് നനുത്ത ഉമ്മകളുടെ വളമിടുന്നവൻ!  ഇങ്ങനെ സ്നേഹമാകാൻ സാന്ത്വനമകാൻ ആരാണവനെ പഠിപ്പിച്ചത്!!  


കൊഴിഞ്ഞു കൊഴിഞ്ഞ്  ഒടുവിൽ തലമുടി കൊഴിച്ചിൽ നിർത്തി. ദുർബലമെന്ന്  ഞാൻ കരുതിയ…..എന്റെ മുടിയിഴകൾ..എത്ര മിടുമിടുക്കികൾ...കരുത്തുറ്റവർ. കെട്ടു കെട്ടായി പൊഴിഞ്ഞു വീണിട്ടും പിന്നേയും പിന്നേയും മുടി ബാക്കി. എല്ലാ വൈധരണികളെയും നമ്മളൊന്നിച്ചു നീന്തി കടക്കുമെന്ന് അവരെന്നോട്  ചിരിച്ചു.  

എനിക്ക് ചുറ്റും എത്രയെത്ര തരം മുടിക്കാർ. നീട്ടിയവർ... ചുരുക്കിയവർ.. ചുരുട്ടിയവർ വടിച്ചവർ….മഴവിൽ നിറങ്ങൾ പൂശിയവർ….പാംബിനേയും തേളിനേയും വരച്ചു വെച്ചവർ….ജഡ പിടിപ്പിച്ചവർ . അവർക്ക്  ഞാൻ മുടി അഴിചു വിടർത്തിയാലെന്തു . ചുരുക്കി മുറിച്ചാലെന്തു. മൊട്ടയടിച്ചാലെന്ത്. എന്റെ മുടി ഒരു വിധത്തിലും അവരുടെ ജീവിതങ്ങളെ ബാധിക്കില്ല എന്നത് എനികെന്ത് മാത്രം സ്വാതത്ര്യം  തരുന്നു! പക്ഷെ നാട്ടിൽ മുടിഭ്രാന്തന്മാരുടെ ഇടയിൽ “തന്റേതല്ലാത്ത കാരണംകൊണ്ട്” മുടി നഷ്ട്ടപ്പെടുന്ന പെണ്ണുങ്ങളുടെ ഓരോ ദിവസവും ഇത്ര ലാഘവമായി കടന്നു പോകുകയില്ലെന്നെനിക്കറിയാം. മുടി തന്നിഷ്ട്ടപ്രകാരം മുറിക്കുന്നതും വടിക്കുന്നതും അനുവാദമില്ലാതെ പൊഴിഞ്ഞു വീഴുന്നതും രണ്ടും രണ്ടാണ്. ഒരു ജീവിതം മുഴുവനും മുടി നീട്ടിയിട്ട് മാത്രം ശീലിച്ചവർക്ക് നഷ്ട്ടപ്പെടുന്ന മുടി  വെറും സൗന്ദര്യപ്രശ്നമല്ല. തികച്ചും പരിചിതമായ ഒന്നിൽനിന്നും അപരിചിതമായ മറ്റൊന്നിലേക്കുള്ള പേടിപ്പിക്കുന്ന സഞ്ചാരമാണ്.  തനിക്കപരിചിതമായ മറ്റൊരു തന്നെ കണ്ണാടിയിൽ കാണുവാനുള്ള ധൈര്യം നമുക്കെല്ലാവർക്കും വേണം. കാരണം പലതരം വ്യാധികൾ...ചിലപ്പോൾ കേട്ടുകേൾവി പോലുമില്ലാത്തത്.. ( കാൻസർ ചികിത്സ മാത്രമൊന്നുമല്ല മുടി കൊഴിക്കുക എന്ന് എനിക്കിപ്പോൾ അറിയാം )ഏതു നിമിഷവും തികച്ചും അപരിചിതമായ നമ്മെ നമുക്കു കാണിച്ചു തരാം.

                                            By  Amritha

ഭാഷ വശമില്ലെങ്കിലും ചൈനക്കാരി പെണ്ണിന് പണി അറിയാം. “നോക്കൂ...നിങ്ങളുടെ മുടിയിപ്പോൾ കട്ടി വെച്ചതായി തോന്നുന്നില്ലേ”  അവളെന്റെ പിറകിൽ വലിയ കണ്ണാടി പിടിച്ചു കാണിച്ചു.  അവളോട് നന്ദി പറഞ്ഞ് ഹ്രസ്വമായൊരു സംഭാഷണത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ വർഷങ്ങൾക്കപ്പുറമെന്നോ അനുഭവിച്ചൊരു ഭാരമില്ലായ്മ തിരിച്ചു വന്നതറിഞ്ഞു.
“എന്താ ചൈനക്കാരി പറയുന്നത്?” അവൻ ചോദിച്ചു.
“എല്ലാ മാസവും വന്നു തുംബൊന്ന് വെട്ടുന്നത് നല്ലതാണെന്ന്”
“എന്തിന് മുടി വളരാനോ”
“അല്ല...അവർക്ക് കാശ് കിട്ടാൻ…”
മുടി കുറഞ്ഞാലെന്ത് ..എന്റെയുള്ളിലെ ചിരി കുറഞ്ഞില്ലല്ലോ എന്നു അഹങ്കരിച്ചു… അവന്റെ കയ്യും പിടിച്ച് ചിരിച്ച് ചിരിച്ച് വീട്ടിലെത്തി. പക്ഷെ കിടപ്പുമുറിയിലെ ആൾ പൊക്കമുള്ള കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ഞാനതിൽ അച്ഛമ്മയെ കണ്ടു. മനസ്സ് കയ്യിൽ നിന്നും വഴുതി പോയപ്പോൾ കറുപ്പിനെ ഒളിപ്പിച്ച നീണ്ട വെള്ളി തലമുടി അച്ഛമ്മക്ക് ഇഴവേർപ്പെടുത്താനാകാത്ത സമസ്യയായി  തീർന്നു .അതു ചുരുക്കി മുറിച്ചപ്പോൾ അച്ഛമ്മയുടെ തലക്ക് ചുറ്റുമൊരു വെഞ്ചാമരം. വെഞ്ചാമരവും തലയിൽ വെച്ച് അച്ഛമ്മ പാറി പാറി നടന്നു. കുഞ്ഞുങ്ങളെ പോലെ തോന്നുന്നിടത്തൊക്കെ മൂത്രമൊഴിച്ചു. അപ്പിയിട്ടു. തൊട്ടതിനും പിടിച്ചതിനും ശുണ്ഠിയെടുത്തു. വാശിപിടിച്ചു. പിന്നെ  ഇനി ചെയ്യാൻ കുറുംമ്പൊന്നും ബാക്കിയില്ലെന്ന പോലെ പുഞ്ചിരിച്ച് സുന്ദരിയായി  ഉറങ്ങി
കിടന്നു. തലക്കൽ കത്തിച്ചു വെച്ച നിലവിളക്കിന്റെ മഞ്ഞ വെളിച്ചം തട്ടി വെള്ളി വെഞ്ചാമരം  സ്വർണ്ണ ചാമരമായി.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ  അടിത്തട്ടിൽ നിന്നെവിടെ നിന്നോ….തികട്ടി തികട്ടി..പതഞ്ഞ് പൊന്തി വന്നു എന്തിനെന്നില്ലാത്തൊരു കരച്ചിൽ. അപ്പോൾ ജനാലയിലൂടെ ഒഴുകിയെത്തുന്ന നിലാവിൽ തിളങ്ങുന്ന രണ്ട് മുഖങ്ങൾ ഞാൻ കണ്ടു. എന്റെ പ്രിയമുഖങ്ങൾ. ഉറങ്ങുന്ന ആ മുഖങ്ങളിൽ കെട്ടി നിന്നു ഒരു  കടലോളം പോന്ന സമാധാനം ...അതു കണ്ട നിമിഷം എന്റെ സങ്കടം അപ്പാടെ വറ്റി പോയി.




6 comments:

  1. ഇതിനു മുൻപ് എഴുതിയ മറ്റൊരു പോസ്റ്റിലെ വാചകങ്ങൾ മനസ്സിൽ കടന്നു വരുന്നു ,, അൽഷിമേഴ്സ് ബാധിച്ച അമ്മ തോളറ്റം വരെ മുടി മുറിച്ചിരുന്നതു കുറിച്ച് എഴുതിയ ആ കുറിപ്പ് .. നീളം കൂടിയ തലമുടിയെ കുറിച്ച് അമ്മ എന്നും വാചാല ആകുമായിരുന്നു ,,, തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ പുറകിൽ നിന്നുള്ള ഗ്രാമത്തിൽ നിന്ന് കല്യാണം കഴിഞ്ഞു അരിമ്പൂരിൽ എത്തുമ്പോൾ, അമ്മയെ പോലെ തലമുടിയുള്ള ഒരാളും ആ നാട്ടിൽ ഉണ്ടായിരുന്നില്ല എന്ന് അമ്മ പറയുമ്പോൾ ഞങ്ങൾ മക്കൾ കൂവിയിരുന്നു ,,

    <>... അങ്ങനെ ശരിക്കും ഉണ്ടോ ? എനിക്ക് അങ്ങനെ തോന്നിയിട്ടില്ല , മുടി വെട്ടിയ / ബോയ്‌ കട്ട്‌ ചെയ്ത സ്ത്രീകളെയും ഇഷ്ടമായിരുന്നു / ഇഷ്ടമാണ് ,, ഡയാനയെ പോലെ ഒരു സുന്ദരി വേറെയുണ്ടോ .... പക്ഷെ സ്ത്രീകൾക്ക് ഇതൊരു വലിയ സൈക്കലോജിക്കൾ ഇഷ്യു ആണെന്ന് കേട്ടിട്ടുണ്ട് ,, കാൻസർ വന്നു ബ്രെസ്റ്റ് റിമൂവൽ ചെയ്ത , അസുഖം മാറിയാലും , സ്ത്രീകൾക്ക് ഉണ്ടാകുന്ന പോലെ ഒരു ഇമോഷണൽ ഡിപ്രഷൻ ഉണ്ടാക്കുമത്രേ ,,

    വെഞ്ചാമരം എന്ന് കേട്ടപ്പോൾ വീണ്ടും അമ്മയെ ഓർത്തു....തലമുടി നന്നായി നരച്ച സ്ത്രീകളെ അമ്മ വെഞ്ചാമരം പോലെ എന്നൊക്കെ പറഞ്ഞിരുന്നു

    ReplyDelete
    Replies
    1. ശരിയാണ് മനോഹരേട്ടാ നമ്മുടെ നാട്ടിലെ പെണ്ണൂങ്ങൾക്ക് മുടിയൊരു ഒബ്സെഷനാണ്. പെണ്ണുങ്ങൾ മാത്രമല്ല അധികമാണുങ്ങളും നീണ്ടമുടിയുടെ പിന്നാലെയാണ്. നമ്മുടെ പെൺകുട്ടികൾക്ക് സ്വന്തം മുടിയുടെ മേൽ യാതൊരു അധികാരവുമില്ലാത്തത് പോലെയാണ്. അതു നാട്ടുകാരുടെ പൊതു സ്വത്താണെന്നു പോലും ചില നേരത്ത് തോന്നി പോകാറുണ്ട് പണ്ടൊക്കെ. എങ്കിലും അസുഖം മൂലം ഉണ്ടാകുന്ന മുടി നഷ്ട്ടത്തോട്...അല്ലെങ്കിലേതു രൂപപരിണാമത്തോടും പൊരുത്തപ്പെടാൻ പെണ്ണീനായാലും ആണിനായാലും ബുദ്ധിമുട്ടുണ്ടാകും. മുടിയുടെ കാര്യം വരുമ്പോൾ സ്ത്രീകളെയാണത് അധികവും ബാധിക്കുന്നത്. കാരണം മുടി മൊട്ടയടിച്ചവരും കഷണ്ടിക്കാരുമായ ആണുങ്ങളെ കണ്ട് നമുക്ക് നല്ല ശീലമാണല്ലോ. മുടി മുറിച്ച് പരിചയമുള്ളത് കൊണ്ടാകാം...വലുതായ മുടി നഷ്ട്ടമില്ലാത്തത് കൊണ്ടാകാം ഇതെന്നെ കാര്യമായി ബാധിച്ചില്ല.പക്ഷെ മുടിനഷ്ട്ടം വിഷാദത്തിലേക്ക് കൊണ്ട് പോകുന്നവരുടെ വേദനയെ ഞാൻ ഒട്ടും ചെറുതാക്കി കാണുന്നില്ല.അതൊരോർത്തർ വളർന്നതും ജീവിക്കുന്നതുമായ സാഹചര്യങ്ങൾ പോലെയിരിക്കും. എങ്കിലും എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും മുടിയൊന്നു ചുരുക്കി മുറിച്ച് അതിന്റെ സ്വാതന്ത്ര്യവും സുഖവും അറിയുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു. പിന്നെ കാൻസർ ചികിത്സ മാത്രമാണ് മുടി കൊഴിക്കുക എന്നൊരു തെറ്റിദ്ധാരണ പലരേയും പോലെ എനിക്കുമുണ്ടായിരുന്നു. അതു മാറി കിട്ടി. വ്വെളുത്ത മുടിയെ വെഞ്ചാമരത്തോട് ഉപമിക്കൽ നാടിൻപുറത്തൊക്കെ സാധാരണമാണ്. അച്ഛമ്മയ്ക്കും അവസാനകാലത്ത് അൽ ഷിമേഴസ് ആയിരുന്നു. പിന്നെ പാവം അമ്മമാരെ കൂവാനൊന്നും പാടില്ല. ട്ടൊ :)

      Delete
  2. ethra vaayichittum manassil niraye vingal othukki mettethooo oru lokathilekku mayede ezhuthu kondu poyi enne.....inganeyulla ezhuthukal namukku chuttumulla lokathinu oru kaazhchayaavatte....adhikamaarum kaanaatha...munnilundaayittum kaanaathe pokunna sathyamaya jeevithathinde kaazhcha....jeevithathil anashwaramaayi onnum illenna sathyam...iniyum orupaadorupaadu ezhuthaan ente priyapetta mayakku kazhiyatte....

    ReplyDelete
  3. ആദ്യമായാണ്‌ ഇവിടെ.. മനോഹരമായ ശക്തമായ എഴുത്ത് .. ആശംസകൾ ചേച്ചീ

    ReplyDelete