May 26, 2017

  ടി ടി പി-യുമായുള്ള എന്റെ പോരാട്ടം                                                   

                                                


മിസ്സിസോഗയിലെ ക്രെഡിറ്റ് വാലി ഹോസ്പിറ്റലിലെ ഹീമറ്റൊളജിസ്റ്റ്  വല്ലാതെ  പരിഭ്രമിച്ച മുഖത്തോടെ ചുറ്റും  നോക്കി. ഒരു ഭാരിച്ച ദിവസത്തിന്റെ ക്ഷീണമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. അദ്ദേഹത്തിന്റെ നരച്ച മുടിച്ചുരുളുകൾ മെരുക്കമില്ലാതെ പാറിപ്പറന്നിരുന്നു. എമർജെൻസിയിലെ വേയ്റ്റിങ്ങ് റൂമിൽ  ഇരിക്കുകയായിരുന്നു ഞാനും കുടുബവും.
രാവിലെ മുതലുള്ള കാത്തിരുപ്പ് ഞങ്ങളെ  ശരിക്കും മടുപ്പിച്ചിരുന്നു.
മായ സ്റ്റെർലി, അദ്ദേഹം എന്റെ പേരാണ് വിളിച്ചത്. കാത്തിരുപ്പിന്  വിരാമമായതിന്റെ ആശ്വാസത്തോടെ ഞാൻ എഴുന്നേൽക്കാൻ തുടങ്ങി. അവിടെ തന്നെ ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ച് അദ്ദേഹം എന്റെ അരികിലേക്ക് ഓടി വന്നു. എന്റെ കാൽക്കൽ വെറും നിലത്തിരിക്കാൻ ഉദ്യമിച്ചു.
ഗുരുക്കന്മാരേയും ഡോക്ട്ടർമാരേയുമൊക്കെ തൊഴുതു നിൽക്കുന്ന ശീലങ്ങളിൽ നിന്നും വന്ന ഞങ്ങൾ ശരിക്കും അമ്പരന്നു.
സ്റ്റെർലി ചാടി എഴുന്നേറ്റ്...എനിക്കരികിലുള്ള കസേര അദ്ദേഹത്തിനു ഒഴിഞ്ഞു നൽകി മകളോടൊപ്പം അപ്പുറത്തേക്ക് മാറിയിരുന്നു.
ഞാൻ അദ്ദേഹത്തിന്റെ പരിഭ്രമിച്ച മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.

“ മായാ..ഞാനിപ്പോളാണ് നിങ്ങളുടെ ലേബ് റിസൽട്ട് കാണുന്നത്. കണ്ട നിമിഷം ഞാനിങ്ങോട്ട്  ഓടി  വരികയാണ്.ഐ ആം എക്സ്ട്രീമിലി വറീഡ് അബൗട് യൂ.. നിങ്ങളിപ്പോൾ വല്ലാത്ത  ഗുരുതരാവസ്ഥയിലാണ്….നിങ്ങൾക്ക്  ടി ടി പി ….അതായത്  ത്രോമ്പൊടിക് ത്രോമ്പോസൈറ്റൊപെനിക്ക് പർപറ   എന്ന അപൂർവരോഗമാണ്. എത്രയും പെട്ടെന്ന് നമുക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ…”
“വാട്ട്???.
എനിക്ക് മുപ്പത്തേഴ് വയസ്സായിരുന്നു. ആറു വയസ്സുള്ള ഒരു മകളും കൂട്ടുകാരനെ പോലൊരു ഭർത്താവും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷങ്ങളെല്ലാം എനിക്ക് സ്വന്തമായിരുന്നു.
ഡോക്ട്ടർ വളരെ പതുക്കെയാണ് എന്നോട് സംസാരിച്ചത്. പക്ഷെ ആ മുറി മുഴുവനും അദ്ദേഹത്തിന്റെ വാക്കുകൾ പ്രകമ്പനം കൊള്ളുകയാണെന്ന് എനിക്ക് തോന്നി
ഡോക്ട്ടർ പറയുന്നത് എന്നെ കുറിച്ചാണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഇതു മറ്റാരുടെയെങ്കിലും ബ്ലഡ് വർക്ക് നോക്കിയാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നു പോലും ഞാൻ സംശയിച്ചു. എന്റെ പ്ലേറ്റ്ലെറ്റ് ലെവൽ വളരെ  താഴെയാണെന്നും രക്തത്തിൽ ഉടനീളം അപകടകരമാം വിധം “ക്ലോട്ടുകൾ” നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം രോഗത്തെ കുറിച്ച് എന്തൊക്കെയൊ പറഞ്ഞു.
അതിലധികവും എന്റെ തലയുടെ മുകളിലൂടെ പോയി.   
ഒന്നു ചിന്തിക്കാൻ പോലുമിട തരാത്ത വിധത്തിൽ തുരു തുരെ ചോദ്യങ്ങൾ ചോദിച്ചു.
ചിലതിനൊക്കെ ഞാൻ മറുപടി പറഞ്ഞു.
പലതിനും   ഉത്തരം കിട്ടാതെ ഞാൻ അമ്പരന്നു.

“ഇനിയും ചില റ്റെസ്റ്റുകൾ ചെയ്യേണ്ടതുണ്ട്. എതായാലും ഇന്നു നിങ്ങൾ  വീട്ടിൽ പോകുന്നില്ല” എന്നു പറഞ്ഞു അദ്ദേഹം എഴുന്നേറ്റ് പോയി.
“യൂ  ആർ നോട് ഗോയിങ്ങ് ഹോം…”
ആ  ചുട്ടുപ്പൊള്ളുന്ന  വാക്കുകൾ മാത്രം അദ്ദേഹം പോയിട്ടും എന്റെ ചെവിക്ക് ചുറ്റും കിടന്ന് അതിദ്രുതം വട്ടം ചുറ്റി  കൊണ്ടിരുന്നു.
“ഡോക്ട്ടർ എന്തു പറഞ്ഞു?” ഇനി പോകാമല്ലോ  എന്ന മട്ടിൽ  സ്റ്റെർലി നില്ക്കുന്നു. ഞാൻ അമ്പരപ്പോടെ സ്റ്റെർലിയേയും മോളെയും നോക്കി. “ ഇന്നു വീട്ടിൽ പോണ്ടെന്ന്. കൂടുതൽ എന്തോ ടെസ്റ്റുകൾ വേണമെന്ന്…” അത്രയെ..എനിക്ക് പറയാൻ കഴിഞ്ഞുള്ളൂ. ആകാംക്ഷയോടെ രണ്ട് കുഞ്ഞു കണ്ണുകൾ എന്റെ മുഖത്ത് പറ്റി നിൽക്കുമ്പോൾ അതിൽ കൂടുതലെന്താണ് ഞാൻ പറയുക ?
ഭർത്താവ് ഡോക്ട്ടറുടെ പുറകെ ഓടി. “ഇന്നു വീട്ടിൽ പോകാൻ കഴിയില്ലേ”
“നിങ്ങൾക്ക് തീർച്ചയായും പോകാം. മായ ഇവിടെ  നിൽക്കട്ടെ…”
അതെ. ഞാനിപ്പോൾ കാനഡയിലാണ്.  രോഗത്തിന്റെ കാഠിന്യം രോഗിയുടെ അടുത്ത ബന്ധുക്കളറിയുകയും രോഗി മാത്രം എന്തൊക്കെയോ ഊഹാപോഹങ്ങളിലും സങ്കൽപ്പങ്ങളിലും  കഴിഞ്ഞു കൂടുന്ന ഒരു കാലത്തിലോ സ്ഥലത്തോ അല്ല. രോഗത്തെ കുറിച്ചെല്ലാം അറിയുക രോഗിയുടെ അവകാശമാണിവിടെ. അത് മറ്റാരെങ്കിലുമറിയണോ എന്നത് രോഗിയുടെ മാത്രം തീരുമാനവുമാണ്.

“അമ്മ വീട്ടിൽ വരണം..കുഞ്ഞാവ  അമ്മില്ലാണ്ട് ഉറങ്ങില്ല” എന്ന് മകൾ കരയാൻ തുടങ്ങി.
അവളെ മടിയിലിരുത്തി പട്ടുമുടിയിഴകളിൽ തഴുകുമ്പോൾ എന്റെ വിരൽത്തുമ്പുകൾ വിറച്ചു.
മഴവിൽ നിറങ്ങൾ പൂശിയ ദിവസങ്ങളിലൂടെ ഓടിയോടി ഞാൻ വന്നത്  ഈ നിമിഷത്തിലേക്കായിരുന്നോ?
“ഇന്നൊരു രാത്രിയല്ലേ. ഒരു ടെസ്റ്റുണ്ടെന്ന് ഡോക്ട്ടർ പറയുന്നു. അതു കഴിഞ്ഞാൽ അമ്മ വരില്ലേ..” പിടയ്ക്കുന്ന ഹൃദയം അടക്കിപ്പിടിച്ച് ….ഒരു ഉറപ്പുമില്ലാത്ത വാക്കുകൾ കൊണ്ട് അവളെ  ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“റ്റിറ്റി പി അതാണ് രോഗത്തിന്റെ പേര്. ഗൂഗിൾ ചെയ്തു നോക്ക്…” ഞാൻ സ്റ്റെർലിയോട് പറഞ്ഞു. എന്റെ കൈയ്യിലെ ഫോണെടുത്ത് അത് പരിശോധിക്കാനുള്ള മനസ്സാന്നിദ്ധ്യം അപ്പോളുണ്ടായില്ല..  ത്രോംബോടിക്ക് ത്രോംബോസൈറ്റോപെനിക്ക് പർപറയെ കുറിച്ച് എനിക്ക് കേട്ട് കേൾവി പോലുമില്ല. ഇതു കൊണ്ടെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് ഒരു ധാരണയുമില്ല.  ഏത് നിമിഷവും മരിക്കാവുന്ന ഒരു അവസ്ഥയിലാണോ ഞാൻ? അതോ...ദിവസങ്ങൾ..മാസങ്ങൾ നീണ്ട് നിൽക്കുന്ന ചികിത്സകൾക്കും യാതനകൾക്കുമൊടുവിലാണോ….? ചോദ്യങ്ങൾ പലതായി..മനസ്സിൽ കെട്ടുപിണഞ്ഞുകൊണ്ടിരുന്നു.

മരണം….കുട്ടിക്കാലം മുതൽ എന്നെ ഭ്രമിപ്പിക്കുകയും കൊതിപ്പിക്കുകയും ഭയപ്പെടുത്തുകയും തീവ്രമായി നോവിക്കുകയുമൊക്കെ ചെയ്തിട്ടുള്ള മരണത്തെ മുഖത്തോട് മുഖം കാണുമ്പോൾ എനിക്കെന്താണ് തോന്നുക….?

ഒരു കൊച്ച് ഫ്ളാഷ്  ബാക്ക്
നാട്ടിലെ അവധികാലത്തിന്റെ കൊണ്ടാടലിന്  ശേഷം “back to my second ഹോം” എന്നു പതിവിന് വിപരീതമായി ഞാൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തി. കൈവിട്ട് പോന്ന നാടിനോടുള്ള അഭിനിവേശം തുടിക്കുന്ന ഗൃഹാതുരമായൊരു വരിയാവുകയാണ്  പതിവ്. “നാട് നാട് “ എന്ന എന്റെ അതിവൈകാരികതയിൽ ഞാൻ സ്നേഹിക്കാൻ മറന്നു പോയ കാനഡ കുറച്ചു ദിവസങ്ങൾക്കുള്ളിൽ എന്നെ നെഞ്ചോട് ചേർത്ത് പിടിക്കുമെന്നും ….വിലമതിക്കാനാവാത്ത സാന്ത്വനം കൊണ്ട് മൂടുമെന്നും അപ്പോളെനിക്കറിയില്ലായിരുന്നുവെങ്കിലും.

മടങ്ങിയെത്തിയ ഞങ്ങൾ മൂന്നു പേരും ചിതറി വീണ പുസ്തക്കൂട്ടം അലമാരയിൽ ഭംഗിയായി അടുക്കി വെക്കുന്ന ശുഷ്ക്കാന്തിയോടെ ജീവിതത്തെ ചിട്ടപ്പെടുത്തുകയായിരുന്നു. മകൾക്ക് നഷ്ട്ടപ്പെട്ട ക്ളാസ്സുകളുടെ വിടവ് ഭംഗിയായി നികത്തുക എന്നതായിരുന്നു എന്റെ പരമ പ്രധാനമായ ലക്‌ഷ്യം.
പുത്തനുണർവോടെ ലക്ഷ്യങ്ങളിലൂടെ ഒഴുകി കൊണ്ടിരിക്കെ ഒരു പ്രഭാതം ചുവന്ന മൂത്രം കണി കാണിച്ച് എന്നെ അമ്പരപ്പിച്ചു.
 കുട്ടിക്കാലത്ത് മൂത്രത്തിൽ റെഡ് ബ്ലഡ് കോർപ്പസൽസിന്റെ സാന്നിധ്യം കാരണം നിരന്തര ചികിത്സകളൊക്കെ വേണ്ടി വന്നിട്ടുണ്ട്. പക്ഷെ തീരെ ചെറുപ്പത്തിലെ കഥയായത് കൊണ്ട് ലക്ഷണങ്ങളൊന്നും ഓർമ്മയിലില്ല. അങ്ങനെയെന്തെങ്കിലുമാകുമോ?
കാനഡയിൽ വന്നതിന് ശേഷം ഫാമിലി ഡോക്ട്ടരെ പോയി കാണാൻ യാത്രാക്ലേശമോ കാശു മുടക്കോ ഒന്നും ഇല്ലാത്തതു കൊണ്ട് രോഗ   ലക്ഷണങ്ങളെ ഗൗനിക്കാതിരിക്കുന്ന പതിവ്  വീട്ടിലാരുടെ കാര്യത്തിലും ഇല്ലാത്തതാണ് . എന്നിട്ടും ഞാനത് അന്ന് കാര്യമാക്കിയില്ല. പിറ്റേന്നും തേയില വെള്ളം പോലെ  മൂത്രമൊഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു. “ എന്റെ കിഡ്നി അടിച്ച് പോവാറായെന്ന് തോന്നുന്നു” . വെള്ളിയാഴ്ചയായിരുന്നു അത്. വീക്കെൻഡിൽ ഫാമിലി ഡോക്ക്ട്ടറില്ലയിരുന്നു. തിങ്കളാഴ്ച ഒന്നു പോയി ഡോക്ട്ടറെ കാണാമെന്ന് സ്റ്റെർലി പറഞ്ഞപ്പോൾ തിരക്കു പിടിക്കണമെന്ന് എനിക്കും തോന്നിയില്ല. പകരം ധാരാളം വെള്ളം കുടിച്ചു കൊണ്ടിരുന്നു.
നടത്തങ്ങളിലേക്ക് ക്ഷീണവും കിതപ്പും ആവേശിക്കുന്നത് , ദിനചര്യകളിലേക്ക് അലസത കയറിക്കൂടുന്നത് ഞാൻ ശ്രദ്ധിക്കാതെ വിട്ടു കളഞ്ഞു.
അന്നു ഉച്ച കഴിഞ്ഞ് മകളെ സ്ക്കൂളിൽ നിന്നും കൂട്ടികൊണ്ട് വന്ന് വസ്ത്രം മാറുമ്പോൾ  മുട്ടിന് താഴേക്ക് നിറയെ ചുമന്ന പൊട്ടുകൾ. പുറത്ത് പോകാൻ പാന്റിടുമ്പോൾ  അതവിടെ ഉണ്ടായിരുന്നില്ല. നല്ല തണുപ്പ് തുടങ്ങിയിരുന്നു. ഞാനാണെങ്കിൽ തെർമൽസൊന്നും ഉപയോഗിച്ചിരുന്നില്ല. കോൾഡ് ബൈറ്റായിരിക്കുമെന്ന് വെറുതെ തോന്നി.  

ശനിയാഴ്ച  കാലിലെ ചുമന്ന പൊട്ടുകൾ വ്യപിച്ചു കൊണ്ടിരുന്നു. അവയ്ക്കിടയിൽ ഇടിച്ച് കൊണ്ടത് പോലെ നീലച്ച ,പച്ചച്ച പാടുകളും പ്രത്യക്ഷമായി.
നാട്ടിൽ നിന്നും ഒരുപാട് പുസ്തകങ്ങൾ കൊണ്ട് വന്നിരുന്നു.
രാത്രി മോളുറങ്ങാൻ കിടക്കുമ്പോൾ  കൂടെ കിടന്ന് ടേബിൾ ലാംബിന്റെ വെളിച്ചത്തിലുമുണ്ട് കുറച്ച് വായന.
പക്ഷെ ..കുറച്ചു രാത്രികളായി അക്ഷരങ്ങൾ കണ്ണുകൾക്ക് പിടി തരാതെ മങ്ങിക്കൊണ്ടിരുന്നു. കണ്ണട വെക്കാറായോ….?  
പിന്നെ രാവിലെ ഉണർന്ന് മൊബൈയിലിലേക്ക്….ഫേസ്ബുക്ക് വിശേഷങ്ങളിലേക്ക്...നീട്ടുന്ന കണ്ണുകൾ  മങ്ങുന്ന അക്ഷരങ്ങളോട് തോൽവി സമ്മതിച്ച്  ക്ഷീണത്തോടെ പിൻവലിയാൻ തുടങ്ങി.
എന്നാൽ ഞായറാഴ്ച മൂത്രത്തിലെ നിറം നേർത്തു  പോയത് ആശ്വാസത്തോടെ കണ്ടു.
പതിവില്ലാത്ത പകലുറക്കം  …..വായിക്കാൻ ബുദ്ധിമുട്ടുന്ന കണ്ണുകൾ...കയറ്റത്തിലും…നടത്തത്തിലും  പടർന്നേറുന്ന ക്ഷീണം, തലക്ക് പിന്നിൽ നിന്നും ചുമലിലേക്കിറങ്ങുന്ന കഠിനമല്ലാത്ത വേദന..(കിടപ്പിന്റെ കുഴപ്പമായി ചെറുതാക്കി കളഞ്ഞത്), ഞാൻ അറിഞ്ഞില്ലെന്ന് ഭാവിച്ചു കൊണ്ടിരിക്കെ….തിങ്കളാഴ്ച രാവിലെ...പുലർവെളിച്ചം ഇനിയും  വീണിട്ടില്ലാത്ത ഇടനാഴിയിൽ തെളിമയോടെ ഒരെലിയെ കണ്ട് ഞാൻ നിലവിളിച്ചു.വെറുതെ തോന്നിയതാകുമെന്ന് സ്റ്റെർലി പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല.  
അന്ന് ഉച്ചതിരിഞ്ഞാണ് സ്ക്കൂളിൽ നിന്നും വീട്ടിലേക്കുള്ള നടത്തത്തിൽ തൊട്ടു അരികിൽ നിൽക്കുന്ന മകളെ കാണുന്നില്ലെന്ന് ഞാൻ ബഹളം വെച്ചത്. പെട്ടെന്ന് “അമ്മേ ഞാനിവിടെയുണ്ടെന്ന്” അവളെന്റെ കയ്യിൽ പിടിച്ച് കുലുക്കുമ്പോൾ അഭ്രപാളിയിലെ മായക്കഥയിലെന്ന  പോലെ അവൾ പ്രത്യക്ഷപ്പെട്ടതായാണ് എനിക്ക് തോന്നിയത്. വല്ലാത്ത ജാള്യതയോടെ എന്റെ അശ്രദ്ധയെ പഴിച്ചു മുന്നോട്ട് നടക്കുമ്പോഴും...എന്റെ കണ്ണൂകൾക്ക് മുൻപിൽ അവൾ ഞൊടിയിടയിൽ പ്രത്യക്ഷമായ ആ അനുഭവം എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല.
അന്നു വൈകുന്നേരം ഫാമിലി ഡോക്ട്ടറുടെ മുൻപിലിരുന്ന് ഞാൻ മൂത്രത്തിന്റെ ശോണവർണ്ണത്തെ കുറിച്ച് പറഞ്ഞു. അതു അപ്രത്യക്ഷമായ നിലക്ക് തല്ക്കാലം   വിട്ടുകളയാമെന്ന് ഡോക്ട്ടറും പറഞ്ഞു.
പിന്നെ ഞാൻ കാലിലെ ചുമന്ന പാടുകൾ, , ഡോക്ട്ടറെ കാണിച്ചു. ആദ്യം നിസ്സാരമായതെന്തോ എന്ന് ഡോക്ട്ടർ അതിനെ തള്ളി കളഞ്ഞു.
പിന്നെ  കൂടുതൽ ചിന്തക്ക് ശേഷം ഡോക്ട്ടർ ഓടി വന്നു പോകാനൊരുങ്ങുന്ന എനിക്ക് നേരെ രോഗത്തിന്റെ പേരെഴുതിയ ഒരു കടലാസ് നീട്ടി..
“ഇതൊരു പക്ഷെ എച്ച് യു എസ് ആകാം. പേടിക്കേണ്ടതൊന്നുമല്ല. ഏതായാലും ഒന്നു ബ്ലഡ് ടെസ്റ്റ് ചെയ്തേക്കു..”
ചില അത്യാവശ്യ സാധങ്ങൾ വാങ്ങാനുണ്ടായിരുന്നു. അതു കഴിഞ്ഞാണ് വീട്ടിലെത്തുന്നത്. അപ്പോഴേക്കും കാലിൽ ഒരു നീല ഞെരംബ് പേടിപ്പിക്കും വിധം ഉരുണ്ട്  തള്ളി വന്നിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ രക്തപരിശോധനക്കായി ലാബിൽ പോയി. ലാബ് ടെക്ക്നിഷ്യൻ ഗൗരവത്തോടെയാണ് എന്റെ ലക്ഷണങ്ങളെ കാണുന്നതെന്ന് തോന്നി.
സന്ധ്യക്ക്  ഫാമിലി ക്ളിനിക്കിൽ നിന്നും വിളി വന്നു. “ബ്ളഡ് റിസൽട്ട് എത്തിയിട്ടുണ്ട്. ഒന്നിവിടെ വരെ വരണം വേഗം”.
ടെസ്ട്ടിന്റെ റിസൽട്ട്  ഇത്ര പെട്ടെന്ന് വരിക പതിവില്ല. എന്തെങ്കിലും പ്രശനമുണ്ടെങ്കിലേ  ഡോക്ട്ടേർസ് ക്ളിനിക്കിൽ നിന്നും വിളി വരൂ
“പണി കിട്ടിയോ” ഞാൻ വിചാരിച്ചു.
ഫാമിലി ഡോക്ട്ടർ പറഞ്ഞു...ബ്ലഡ് ലെവൽസിൽ  അങ്ങേയറ്റം വ്യത്യസങ്ങൾ കാണുന്നുണ്ട്. ഹിമോഗ്ളോബിൻ  വളരെ താഴെയാണ്. ഞാൻ ഒരു സ്പെഷലിസ്റ്റിനെ റെഫർ ചെയ്ത് അപ്പോയ്ന്മെന്റ് കിട്ടാൻ വൈകും.ഒരു കാര്യം ചെയ്യു .നാളെ മകളെ സ്ക്കൂളിലാക്കിയതിന് ശേഷം രണ്ട് പേരും സൗകര്യപൂർവം എമർജൻസിയിൽ പോകൂ. ചിലപ്പോൾ അവർ ബ്ളഡ്  കയറ്റും.  പേടിക്കാനൊന്നുമില്ല. ലൈഫ് ത്രെറ്റനിങ്ങ്  ഒന്നുമല്ല. കുറച്ച് മരുന്ന് കഴിക്കേണ്ടി വരും.”  
ഗൂഗിൾ ചെയ്തു നോക്ക് എച്ച്. യൂ. എസ്സിനെ കുറിച്ച്  
ഞങ്ങൾക്കും പേടിക്കാനൊന്നുമില്ലെന്ന് തന്നെ തോന്നി. നാട്ടിലെ ഡോക്ട്ടർമാരായ ബന്ധുക്കളിൽ നിന്നും ഉറപ്പ് കിട്ടി. പേടിക്കാൻ ഒന്നുമില്ല.ആശുപത്രിയിൽ നിന്നും വരുമ്പോൾ കഴിക്കാനുള്ള ആഹാരം ഫ്രിഡ്ജിലുണ്ടാക്കി വെച്ചു.
ബുധനാഴ്ച പ്രഭാതം….മുറിയിലേക്ക് വെളിച്ചം തളിച്ചെന്നെ ഉണർത്തുമ്പോൾ….എന്നത്തേയും പോലെ അന്നത്തെ പ്രഭാതത്തിനും ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. എനിക്കപ്പുറവുമിപ്പുറവും കിടക്കുന്ന എനിക്കേറ്റവും പ്രിയപ്പെട്ട രണ്ട് പേർ. അവർക്കൊപ്പം ഉറങ്ങാനും ഉണരാനും കഴിയുന്നതിന് എന്നും ഞാൻ നന്ദി പറയാറുണ്ട്.
രാവിലെ മിസ്സിസോഗയിലെ ക്രെഡിറ്റ് വാലിയിലെത്തി.  വിവരങ്ങൾ ചോദിച്ചറിഞ്ഞ് വേഗം തന്നെ എമർജൻസി നഴ്സ് അകത്തേക്ക് വിട്ടു.
പല ഡോക്ട്ടർമാർ മുന്നിലെത്തി.
വിവരങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചു. വിശദമായ ബ്ളെഡ് ടെസ്റ്റ് വേണമെന്ന് പറഞ്ഞു.
 പത്ത് കൊച്ചു കുപ്പികളിൽ രക്തം വേണം. നഴ്സുമാർ മാറി മാറി വന്നു യത്നിച്ചു. “ഇതെന്താ ബ്ളഡ് നിന്നു പോകുകയാണല്ലോ.”   സമയം അസഹ്യമായി നീണ്ടു പോകുന്നു.
കുത്തലും  അഴിക്കലും മാറി മാറി കുത്തലും ഞാൻ വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി.
കുറെ നേരത്തെ പരാക്രമത്തിന് ശേഷം അവർ ആവശ്യത്തിന് രക്തം എടുത്ത് ഒരു കയ്യിൽ ഐവിക്കായി സൂചി കുത്തി വെച്ച് മുറിക്ക് പുറത്തേക്ക് വിട്ടു.
വെയ്റ്റിംഗ് റൂമിലെ കസേരയിൽ അമരുമ്പോൾ അമ്പരന്നു പോയി.  ദേഹത്തും ഉടുപ്പിലും നിലത്തും ചോര പടർന്നൊഴുകി.
നഴ്സ് ഓടി വന്ന് മുറിവിൽ ശക്തമായി അമർത്തുമ്പോൾ ചോദിച്ചു,” നിങ്ങൾ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു എന്തെങ്കിലും കഴിക്കുന്നുണ്ടോ?”
“നോ” ഞാൻ ഇല്ലെന്ന് തലയിളക്കി.
അല്പ സമയത്തിനുള്ളിൽ വീണ്ടും ഒരു നഴ്സ് മുന്നിലെത്തി
“ഇനിയും ബ്ലഡ് വേണ്ടി വരും. അകത്തേക്ക് വരൂ” എന്നു ക്ഷണിച്ചു.
രക്തമെടുക്കാൻ വീണ്ടും ശ്രമിച്ചുക്കൊണ്ടിരിക്കെ എനിക്ക് ശക്തമായ ഷിവറിംഗ്  ഉണ്ടായി. അവർ എന്നെ കട്ടിലിൽ കിടത്തി മേലാകെ ചൂടാക്കിയ ബ്ളാങ്കറ്റുകൾ കൊണ്ട് പൊതിഞ്ഞു. കുറെ നേരത്തിന് ശേഷം ഷിവറിങ്ങ് നിന്നു.
വീണ്ടും രക്തദാഹികളായ കടവാവ്വലുകൾ ദേഹത്തേക്ക് പറന്നിറങ്ങിയത് പോലെ സൂചികൾ .                                                             
കുത്തലും അഴിക്കലും കുത്തലും അഴിക്കലും…
അയ്യോ  ഇതെന്താണിത് ,ബ്ലഡ് നിന്നു പോകുകയാണല്ലൊ...എന്ന പരിഭ്രമങ്ങളും.
എന്റെ കൺകോണിലൂടെ നിസ്സഹായതയുടെ കണ്ണു നീർ ചാലിട്ടൊഴുകാൻ തുടങ്ങി
എന്താണ് ടിടിപി  


ഡോക്ട്ടർ വീണ്ടും വന്നു. ഇത്തവണ ഒരു കൊടുങ്കാറ്റ് പോലെ വരികയും പോകുകയുമല്ല. കുറച്ചു കൂടി ശാന്തമായിട്ടാണ് അദേഹം സംസാരിച്ചത്. ഞാനും ഭർത്താവും ഒരു ഉത്തരം കിട്ടാത്ത കടം കഥ കേൾക്കുന്നത് പോലെ നിശ്ചേഷ്ട്ടരായി നിന്നു. “ഒരു മില്ല്യനിൽ  രണ്ടോ മൂന്നോ   പേർക്കു വരാവുന്ന  രക്തസംബന്ധിയായ ഒരു അപൂർവ രോഗമാണിത്. മുൻപ് ടിടിപി ബാധിക്കുന്ന 95 ശതമാനം രോഗികളും മരിക്കുമായിരുന്നു” എന്റെ ശരീരത്തിലൂടെ ഒരു തരിപ്പു പടരുന്നത്  ഞാനറിഞ്ഞു. “ പക്ഷെ… ഇന്ന് രോഗം നേരത്തിന് കണ്ടെത്തുന്ന പക്ഷം പ്ലാസ്മഫെരസിസ് ചെയ്ത് രോഗിയെ രക്ഷിച്ചെടുക്കാം.”
ഡോക്ട്ടർ അവേശത്തോടെ തുടർന്നു. “പക്ഷെ  ചികിത്സ  എത്രയും  പെട്ടെന്നു തുടങ്ങണം. ഇതൊരു ഓടോ ഇമ്മ്യൂൺ രോഗമാണ്.ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത എന്തോ കാരണം കൊണ്ട്   നിങ്ങളുടെ ശരീരം നിങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് !.   ADAMTS 13  എന്സൈമിന്റെ നിർമ്മാണത്തെ  അത് തകിടം മറിച്ചിരിക്കുന്നു. ഹിമോഗ്ളോബിൻ വളരെ താഴെയാണ്. പ്ലേറ്റ്ലെറ്റ് ലെവൽ അപകടകരമാം വിധം താഴെയാണ്. കോശങ്ങളുടെ തകർച്ച സൂചിപ്പിച്ച് കൊണ്ട് എൽ ഡി എച്ച്  കുത്തനെ ഉയർന്നിരിക്കുന്നു. മുറിവുണ്ടായാൽ കൂടാൻ പ്ലേറ്റ്ലെറ്റുകളുടെ അഭാവം ഉണ്ടാകും. എന്നാൽ പ്ലേറ്റ്ലെറ്റുകൾ പറ്റി പിടിച്ചു ചെറിയ  ഗോളങ്ങളായി ഒഴുകി നടക്കുകയാണ്. . അത് നാഡിവ്യൂഹങ്ങളെ തടസ്സപ്പെടുത്തും. അങ്ങിങ്ങായി ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നു. ക്ലോട്ടുകൾ രക്തധമനികളെ  ബ്ലോക്ക് ചെയ്യും . ഇതു കിഡ്നിയയുടെ. ഹൃദയത്തിന്റെ..തലച്ചോറിന്റെ പ്രവർത്തനങ്ങളെ  ബാധിക്കും . ബ്രെയ്ൻ ഡാമേജ് ഉണ്ടാകാം .ഓർമ്മ നഷ്ട്ടപ്പെടാം. അല്ലെങ്കിൽ സ്റ്റ്രോക്കോ ഹാർട്ട് അറ്റാക്കോ ഉണ്ടാകാം.
ചിലർക്ക്  ഇതൊരു  പാരമ്പര്യ  തകരാറാകാം.. അല്ലെങ്കിൽ രക്താർബ്ബുദം , ഏയ്ഡ്സ്, അങ്ങനെയെന്തെങ്കിലിന്റേയും ലക്ഷണം ആകാം.. അല്ലെങ്കൽ മരുന്നുകളുടെ റിയാക്ഷനാകാം. മിക്ക   കേസുകളിലും അകാരണമാകാം.”
അമ്മ ഇന്നു രാത്രി മാത്രം വീട്ടിൽ വരില്ലെന്ന് ഖേദിച്ചു നിൽക്കുന്ന മകളുടെ കുഞ്ഞിക്കയ്യിലെ എന്റെ പിടുത്തം മുറുകുമ്പോൾ…. സ്റ്റെർലിയുടെ കൈവിരലുകൾ എന്റെ ശിരസ്സിലമരുന്നത് ഞാൻ അറിഞ്ഞു.
പ്ലാസ്മ ചികിത്സക്കുള്ള സൌകര്യം ക്രെഡിറ്റ് വാലിയിലില്ല.
മറ്റൊരു ആശുപത്രിയിലേക്ക്  രോഗിയെ മാറ്റണം. അതിനു വേണ്ടി മറ്റാശുപത്രികളുമായി ബന്ധപ്പെടുകയാണ്. പക്ഷെ അത് വരെ എന്തെങ്കിലും ചെയ്യാതിരുന്നാൽ  കാര്യങ്ങൾ അവതാളത്തിലാകാം.
ഉടനെ തന്നെ കൂടിയ തോതിൽ സ്റ്റിറോയ്ഡ് തരാൻ പോകുകയാണെന്ന് പറഞ്ഞ് ഡോക്ട്ടർ പോയി.
പോകുന്നതിന് മുൻപ് എല്ലാം ശരിയാകുമെന്ന് ഡോക്ട്ടർ എന്നോട്  ധൈര്യസമേതം പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ കൊതിച്ചു. പക്ഷെ  എന്റെ ചുമലിൽ തട്ടി “ലെറ്റ് അസ് ഹോപ് ഫോർ ദ ബെസ്റ്റ്” എന്ന്  മാത്രം പറഞ്ഞ് അദ്ദേഹം നടന്ന്  നീങ്ങി. ദൂരെയേതോ ആശുപത്രിയിൽ തടവുകാരിയാകാൻ പോകുകയാണെന്ന് എനിക്ക് മനസ്സിലായി. ഇനി എന്നാണ്..ഞാനെന്റെ വീട് കാണുക? ഞങ്ങൾ മൂന്നു പേരും കെട്ടിപിടിച്ചു കിടന്നുറങ്ങുക. അതോ..ഇനിയൊരിക്കലും!!!!
“ഫോണിൽ..നിന്ന് മുഖമുയർത്തി “ഇത് മാറും..നോക്കൂ, ഇതിനു ചികിത്സയുണ്ട്..” എന്ന് സ്റ്റർലി പറയുമ്പോളും സ്റ്റെർലിയുടെ മുഖത്ത്  വല്ലാത്തൊരു സങ്കടവും  പരിഭ്രാന്തിയും  പറ്റിപ്പിടിച്ചിരുന്നു.
മകൾ മടിയിലുരുന്ന്  “അമ്മയെ കുഞ്ഞാവയ്ക്ക് മിസ്സ് ചെയ്യും.” എന്ന സങ്കടക്കരച്ചിൽ തുടരുമ്പോൾ  “അമ്മയ്ക്കൊന്നുമില്ല. വാവു മാറിയാൽ ഉടനെ തിരിച്ചു വരില്ലെ…”  എവിടെ നിന്ന്, എപ്പോൾ, അതോ വരുമോ എന്നൊന്നുമറിയാതെ ഞാനവൾക്ക് ധൈര്യം കൊടുത്തു. മരിക്കുന്നതിന്റെ തലേ ദിവസവും അമ്മയെന്നോട് അങ്ങനെ പറഞ്ഞിരുന്നു. “അമ്മയ്ക്ക് ഒന്നുമില്ലഡാ…” അത് കേൾക്കുമ്പോൾ ഞാൻ കുഞ്ഞാവയെ പോലൊരു കുഞ്ഞായിരുന്നില്ല. എല്ലാം മനസ്സിലാക്കാനുള്ള പ്രായവും തിരിച്ചറിവും ഉണ്ടായിരുന്നു. പറയുന്നത് സത്യമല്ലെന്ന് പറയുന്ന അമ്മയ്ക്കും കേൾക്കുന്ന എനിക്കും നല്ല നിശ്ചയമുണ്ടായിരുന്നു.എന്നിട്ടും അമ്മ പറയുന്നത്  ഞാൻ വെറുതെ വിശ്വസിച്ചു. അമ്മമാരുടെ വാക്കുകൾക്ക് അങ്ങനൊരു മാന്ത്രികതയുണ്ട്. ഞാനും കുറെ മന്ത്രവാക്കുകൾ….ശൂന്യതയിൽ നിന്നും വാരിയെടുത്ത് അവൾക്ക് കൊടുത്തു.
പക്ഷെ സ്റ്റെർലിക്കുമെനിക്കുമിടയിൽ ഒരു മൗനം ഘനീഭവിച്ചു നിന്നു. അതെങ്ങനെയാണ് തട്ടിപ്പൊട്ടിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാതെ വന്നു. ഒരാഴി മനസ്സിലിരുന്നു വിങ്ങിയിട്ടും ഒരു വാക്കു പോലും പുറത്ത് വരാത്ത കുറെ നിമിഷങ്ങൾ.

ഒരു നഴ്സ് സ്നേഹസ്മിതത്തോടെ എന്റെ കയ്യിലേക്ക് സ്റ്റിറോയ്ഡ് ഐവിയായി നലകാൻ തുടങ്ങി. അപ്പോൾ അവർ “ നിങ്ങളുടെ ഡേറ്റ്  ഓഫ് ബേർത്  എന്നെ അത്ഭുതപ്പെടുത്തി. കാഴ്ചയിൽ നിങ്ങൾ ഏറേ ചെറുപ്പമായിരികുന്നുവെന്ന് പറഞ്ഞു. മറ്റൊരു സന്ദർഭത്തിലായിരുന്നുവെങ്കിൽ ഇത് കേട്ട് ഞാൻ  സന്തോഷിച്ചേനെ, ഞങ്ങൾ ഇന്ത്യാക്കാർ അങ്ങനെയൊക്കെയാണെന്ന് മേനി നടിച്ചേനെ. പക്ഷെ ഇപ്പോൾ നന്ദി സൂചകമായി നല്ലൊരു ചിരി പോലും പകരം
 കൊടുക്കാൻ കഴിയാതെ ഞാനിരുന്നു.
 ഒരിക്കൽ കൂടി ഡോക്ട്ടർ ഓടി വന്നു എന്നെ തൽക്കാലികമായി ഐ.സിയൂവിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞു. “ഓക്കെ” എന്നു യാന്ത്രികമായി തലകുലുക്കി. ആരെന്തു പറഞ്ഞാലും തലകുലുക്കി സമ്മതിക്കാൻ മാത്രം കഴിയുന്നൊരു കൊടിയ നിസ്സഹായത എത്ര പെട്ടെന്നാണ് എന്റെ മേൽ പിടിമുറക്കിയത്!
ഞാൻ കുഞ്ഞാവയുടെ ദേഹത്തിന്റെ നേർത്ത ചൂട് നുകർന്നു.
എന്നിൽ നിന്നും മലവെള്ളം പോലൊലിച്ചു പോകുന്ന സൗഭാഗ്യങ്ങളൊന്നൊന്നായി പ്രജ്ഞയിൽ കത്തിയും കെട്ടും….കത്തിയും കെട്ടും ഭാരിച്ച നിമിഷങ്ങൾ.
പെട്ടെന്ന്  മൂന്നു ചെറുപ്പക്കാർ -ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും  ചുറുചുറുക്കോടെ മുറിയിലേക്ക് കയറി  വന്നു.
“ മായ സ്റ്റെർലി” അവരുറക്കെ വിളിച്ചു.
കറുത്ത യൂണിഫോം ധരിച്ച പാരമെഡിക്കൽസ് ആയിരുന്നു അവർ.
“ ഞങ്ങൾ  നിങ്ങളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ പോകുകയാണ്”  കളയാൻ സമയമില്ലാത്തത് പോലെ അവർ പറഞ്ഞു.
ഞാൻ എഴുന്നേറ്റു.
എല്ലാം  നേരിടാൻ എന്റെ മനസ്സ്  വളരെ പെട്ടെന്ന് തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു.
എങ്ങോട്ടാണ്  കൊണ്ട് പോകുന്നത്? മുറി വിട്ട് പോയിരുന്ന  സ്റ്റെർലി പരിഭ്രമത്തോടെ ഓടി വന്നു ചോദിക്കുന്നു. “റ്റൊറോണ്ടോ ….മൗണ്ട്  സിനായി”
മകൾ ചിത്രം വരച്ചു കൊണ്ടിരുന്ന പുസ്തകവും കളർപെൻസിലുകളും കയ്യിൽ പിടിച്ച് അമ്പരന്ന് നിന്നു.
ഒന്നും പേടിക്കേണ്ട….”സ്റ്റെർലി പിന്നാലെ വന്നു പറഞ്ഞു.  “മോളുള്ളത് കൊണ്ട് ആംബുലസിൽ കയറാൻ അനുവാദമില്ല. ഞങ്ങൾ പുറകെ വരാം കാറിൽ.”  “ഏയ്‌ ..  പേടിയൊന്നുമില്ല.  ഒരു പരിചയവുമില്ലാത്ത ഈ ചുള്ളന്മാരുടെ കുടെ പോണേന്റെ ചെറിയൊരു പരിഭ്രമം മാത്രം.” എന്ന്  ഞാനൊരു ചിരി വരുത്തി.
ഞാൻ അവർ തയ്യാറാക്കി വെച്ചിരിക്കുന്ന സ്ട്രെച്ചറിലേക്ക് കയറി . “എന്റെ ഫോണൊന്നു എടുത്തോട്ടെ..”  ഫോൺ ആരോ കൊണ്ട് തന്നു.
അത്ഭുതത്തോടെ കുഞ്ഞു കണ്ണൂകൾ വിടർത്തി മകൾ എനിക്ക് നേരെ കൈകൾ വീശി.
കിടന്നു കൊണ്ട്….ആ നിമിഷം എനിക്ക് നൽകാവുന്ന ഏറ്റവും നല്ല ചിരി ഞാനവൾക്കും കൊടുത്തു.  അമ്മ ആംബുലസിൽ പോകുകയാണെന്നും നമ്മൾക്ക് അമ്മയെ ചേസ് ചെയ്യാമെന്നും അച്ഛ പറഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവൾ.
“ഷീ ഈസ് സൊ ക്യൂട്ട്….” എന്ന് ഒരമ്മയോട് പറയേണ്ട മധുരവാക്കുകൾ കൊണ്ട് മനോഹരമായി മന്ദഹസിക്കുന്ന പേരമെഡിക്കൽ ലേഡി എന്നോട് ചങ്ങാത്തം  കൂടി.
വർഷങ്ങൾക്ക് മുൻപ് ഒരു പാതിരാത്രിക്കു  കറന്റില്ലാതെ ഇരുട്ടിൽ മുങ്ങി കിടന്ന വീട്ടിലേക്ക് അമ്മയെ കൊണ്ട് വന്നത് ഒരു ആംബുലസിലായിരുന്നു.
ഇപ്പോൾ ഞാനാദ്യമായി അതിനകത്താണ്. ഒരാൾ അതിവേഗത്തിൽ നഗരത്തിരക്കുകളിലൂടെ അതോടിക്കുകയും മറ്റു രണ്ടു പേർ എനിക്ക് കാവലിരിക്കുകയും ചെയ്യുന്നു.
എനിക്ക് സംസാരിക്കാമോ എന്നവർ ചോദിച്ചു. എനിക്കൊരു ബുദ്ധിമുട്ടുമില്ലെന്നും ഉച്ചക്ക്  ശരിക്കും ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമേയുള്ളുവെന്നും ഞാനവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അവർ നിറഞ്ഞ കാരുണ്യത്തോടെ എന്നെ പരിചരിക്കാൻ തയ്യാറായിരുന്നു.
മുൻപ് ക്രെഡിറ്റ് വാലിയിലെ ഹിമറ്റോളജിസ്റ്റ് ചോദിച്ച ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കുകയും താല്പര്യത്തോടെ കുറിച്ചെടുക്കുകയും ചെയ്തു.  
താൻ ആദ്യമായാണ് ഒരു ടിടിപി രോഗിയെ കാണുന്നതെന്നും അതിനാൽ താൻ എക്സൈറ്റഡ് ആണെന്നും സുന്ദരിയായ ആ പെൺകുട്ടി എന്നോട് പറഞ്ഞു. വെളിച്ചങ്ങളെ പുറകിലേക്ക് വകഞ്ഞു മാറ്റി കൊണ്ട് ആംബുലൻസ് അതി വേഗം...മുന്നോട്ട് കുതിക്കുന്നു. അപരിചിതരായ മനുഷ്യരെ , ഇടങ്ങളെ ...പേടിയുള്ള എനിക്ക് പോലും ഒരു അപരിചിതത്വവും തോന്നിപ്പിക്കാതെ  രക്തസമ്മർദ്ദവും നാഡിമിടുപ്പുമൊക്കെ ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ട് എന്നെ നിരന്തരം സംസാരിപ്പിച്ചു കൊണ്ട്….സ്നേഹത്തിന്റെ മാലാഖമാരെ പോലെ ടൊറോണ്ടൊ എത്തിച്ചേരും വരെ ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എനിക്ക് കൂട്ടിരുന്നു.
അവരുടെ പേരുകൾ...ഞാനോർക്കുന്നില്ല. അവരുടെ എന്നു മാത്രമല്ല….അന്നു രാത്രിയും തുടർന്നുള്ള ദിവസങ്ങളിലും എന്റെ മുന്നിൽ വന്നു നിന്നു സ്വയം പരിചയപ്പെടുത്തിയ  മറ്റനേകം മുഖങ്ങൾ എനിക്കിപ്പോൾ പേരില്ലാത്ത സ്നേഹമുഖങ്ങൾ ആണ്.

മറക്കാനാവാത്ത രാത്രി
മൗണ്ട്  സിനായ്  ആശുപത്രി , ടോറോന്റോ 

ടൊറന്റോ ഡൗണ് ടൗണിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് സിനായി ഹോസ്പിറ്റൽ ലോകത്തേക്കു വെച്ച് ഏറ്റവും നല്ല ആശുപത്രികളിൽ ഒന്നാണ്.
തൊട്ട നിരത്തുകളിൽ നിൽക്കുന്ന റ്റൊറന്റോ ജനറൽ ആശുപത്രി, കുട്ടികൾക്കായുള്ള സിക്ക് കിഡ്സ്, കാൻസർ ചികിത്സക്ക് പ്രിൻസസ്സ് മാർഗരറ്റ് ഹോസ്പിറ്റ്ൽ എല്ലാം പുറമേക്ക് വെവ്വെറെ സ്ഥാപനങ്ങളായി  നിലകൊള്ളുമ്പോഴും  രോഗികൾക്ക് ഫലപ്രദമായ  ചികിത്സ  പ്രദാനം ചെയ്യാനായി അവയൊക്കെ കൈകോർത്ത് പിടിച്ചാണ് പ്രയത്നിക്കുന്നത്.  ഈ ആശുപത്രികളെ പരസ്പരം ബന്ധിച്ചു കൊണ്ട് ഭൂമിക്കടിയിലൂടെ ടണലുണ്ട്.
അന്നു ഏഴുമണിക്ക് ശേഷം പാരമെഡിക്കൽസിനൊപ്പം  ഞാൻ മൗണ്ട് സിനായിലെത്തുമ്പോൾ പതിനെട്ടാം നിലയിലെ ഐ.സി യു വിലൊരു   മുറി ഒരുക്കി മൗണ്ട് സിനായിലെ മിടുക്കരായ മെഡിക്കൽ സ്റ്റാഫ് എനിക്കായ് കാത്തു നിൽക്കുകയായിരുന്നു.
കാനഡയിൽ ആശുപത്രി വാസവും ചികിത്സയുമൊക്കെ സൗജന്യമാണ്. അതു കൊണ്ട് തന്നെ  ചികിത്സക്ക്  നേരിടുന്ന കാലവിളംബത്തിന്റെ കഥകളാണ് മുൻപേറെയും കേട്ടിരുന്നത്.
എന്നാൽ രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കിൽ കഥ വേറെയാണെന്ന് ഞങ്ങൾക്കന്ന് മനസ്സിലായി.
എന്റെ രോഗത്തിന്റെ  ഗൗരവം ഞാൻ തിരിച്ചറിയും മുന്നേ ….കാനഡ..എന്ന രാജ്യം, ഞാനിന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത  എതൊക്കെയോ നല്ല മനുഷ്യർ…..ഒരു പളുങ്കു പാത്രം പോലെ എന്നെ കയ്യിലെടുക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്നത്  ഒരു മുത്തശ്ശി കഥ പോലെ അവിശ്വസനീയമായി എനിക്ക് തോന്നി.
എനിക്ക്  ഭർത്താവും കുഞ്ഞും ഉണ്ടെന്നും അവരുടനെ എത്തിച്ചേരുമെന്നും   പാരമെഡിക്കൽസ് മൗണ്ട് സിനായ് സ്റ്റാഫിനെ അറിയിച്ചു, യാത്രപറഞ്ഞ് പോകുന്ന ആ ചെറുപ്പക്കാരോട് ഞാനെന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചു.

എനിക്കുള്ള ആശുപത്രി ഉടുപ്പും ഭക്ഷണവുമെത്തി. എനിക്ക് മുൻപിൽ നിരവധി ചോദ്യങ്ങൾ എത്തി. വീണ്ടും ചോരയൂറ്റിയെടുക്കാനുള്ള സൂചികൾ എത്തി. മുറിക്കു പുറത്ത് കൂടെ പോകുന്ന ഒരു നഴ്സ് എത്തി നോക്കി  പുഞ്ചിരിച്ചു. “ നിങ്ങളെ കണ്ടാൽ ഐ സി യൂവിൽ കിടക്കേണ്ട ഒരാളെന്ന് തോന്നുന്നില്ലല്ലോ. “ “എന്തിനാണ് ! ഞാനിവിടെയെന്ന് എനിക്കും മനസ്സിലാകുന്നില്ലെന്ന്” ഞാനവരോട് ചിരിച്ചു.
സ്റ്റെർലിയുടെ കൈ പിടിച്ച് ആകാംക്ഷ കൊണ്ട് വിടർന്ന കണ്ണൂകളുമായി കുഞ്ഞാവ മുറിയിലേക്ക് കയറി വരുമ്പോൾ നിറഞ്ഞ സ്നേഹത്തോടെ….ഹർഷാരവത്തോടെയാണ്  ആ മാലാഖമാർ അവളെ സ്വീകരിച്ചത്. അവളുടെ  മനസ്സിൽ തിങ്ങി വിങ്ങുന്ന നൂറു നൂറു സംശയങ്ങളും സങ്കടങ്ങളും എങ്ങനെ ഒരൊറ്റ നിമിഷം കൊണ്ട് മാന്ത്രിക  വടി  വെച്ച് മായ്ച്ച് കളയണമെന്ന് മറ്റാരെക്കാളും ഭംഗിയായി അവർക്കറിയാമായിരുന്നു.  മകളേയും ഭർത്താവിനേയും എനിക്കരികിലിരിക്കാൻ അവർ ദയാപൂർവ്വം അനുവദിച്ചു.
“ഞങ്ങളുടേത് ഒരു ഫാമിലി ഫ്രെൻഡ്ലി ഹോസ്പിറ്റലാണ്” എന്നവർ പറഞ്ഞത്….പരിപൂർണ്ണമായും സത്യമായിരുന്നു.
ഒരുപാട്  പേരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ബാർബി പാവയുടെ മുഖമുള്ള….വളരെ മൃദുലമായി സംസാരിക്കുന്ന ഒരു  ഡോക്ട്ടർ എനിക്ക് മുന്നിൽ നിന്നു.  അസുഖം  ടിടിപി ആണെന്നത്  “confirmed “ ആയിരിക്കുന്നു എന്ന്  അറിയിച്ചു.
“ഇനി വേണ്ടത് പ്ലാസ്മ നൽകാനായി  സെന്റ്രൽ വെയ്നിലേക്ക് ഒരു ലൈൻ ഇടുകയാണ്.സാധാരണ ഗതിക്ക് നെഞ്ചിലൂടെ ഒരു  പ്രൊസീജർ വഴിയാണ് ഇതു ചെയ്യുക. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതു വലിയ റിസ്ക്കാണ്. കഴുത്തിലൂടെ ലൈൻ ഇടുന്നതാണ് നല്ലതെന്ന് തോന്നുന്നു. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ  അത് നെഞ്ചിലേക്ക് മാറ്റാം. ആഴ്ചകൾ..ചിലപ്പോൾ മാസങ്ങൾ ഈ ലൈൻ ശരീരത്തിലുണ്ടാകും. എല്ലാം മാറിയെന്നു ഉറപ്പു വന്നാൽ മാത്രം അഴിച്ചെടുക്കാം”  ഡോക്ട്ടർ  ഒരു പാക്കറ്റിൽ അടക്കംചെയ്തിരിക്കുന്ന നീണ്ട ട്യൂബ് പോലൊരു സാധനം കാണിച്ചു തന്നു . എന്നിട്ട് സൗമ്യയായി തുടർന്നു. “ വളരെ സ്റ്റെറിലൈസ്ഡ് ആയ സാഹചര്യത്തിൽ ഇവിടെ വെച്ചു  ഇപ്പോൾ  തന്നെ ഞങ്ങളത് ചെയ്യും.  പക്ഷെ ചില റിസ്ക്കുകളുണ്ട്. ആർട്ടിലെറി വെയ്നിലേക്കിടുന്ന ഈ സെന്റ്രൽ ലൈൻ ആർട്ടിലറി വെയ്നിനെ കീറിയെന്നു വരാം. ശ്വാസകോശത്തെ മുറിച്ചുവെന്ന് വരാം.  പിന്നീട് ചിലപ്പോൾ ഇൻഫെക്ഷൻ ഉണ്ടാകാം.”
“ഡോക്ട്ടർ നിങ്ങൾ എന്നെ ഭയപ്പെടുത്തുകയാണോ”. ഞാൻ മന്ദഹസിക്കാൻ ശ്രമിച്ചു .
“ഇതൊക്കെ പറയേണ്ടത് ഞങ്ങളുടെ കടമയാണ്.പക്ഷെ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. എല്ലാ പ്രിക്കോഷൻസും എടുക്കുന്നുണ്ട്. പ്രൊസീജറിന് ശേഷം ഒന്നു കൂടെ സ്ക്കാൻ ചെയ്തു നോക്കി എല്ലാം ശരിക്കാണെന്ന് ഉറപ്പ് വരുത്തും.”

അവർ നീട്ടിയ അനുമതി പത്രത്തിൽ ഞാൻ ഒപ്പിട്ട് കൊടുത്തു.

പ്രൊസീജറിന് സമയമായപ്പോൾ ഭർത്താവിനേയും മകളേയും പുറത്തേക്കയച്ചു.  
സമയം പാതിരാത്രിയാകുന്നു.
“മായ...മദ്യപിക്കുമോ” ബാർബി മുഖമുള്ള ഡോക്ട്ടറുടെ  സഹായി ചോദിച്ചു. “ഇല്ല” ഞാൻ പറഞ്ഞു കയ്യിലൂടെ കോൺഷ്യസ് സെഡേറ്റീവ് കയറ്റുമ്പോൾ അയാൾ പറഞ്ഞു. “ ഇതു ശരീരത്തിലെത്തി കഴിയുമ്പോൾ മദ്യപിച്ചത് പോലൊരു അനുഭവമായിരിക്കും.” .
വളരെ കരുതലോടെ ഒരുപാട് സോറികളുടെ അകമ്പടിയോടെ ഡോക്ട്ടർമാർ എന്റെ മുഖം ഒരു വശത്തേക്ക് തിരിച്ച് വെച്ച്  അവരുടെ പണി  പൂർത്തിയാക്കുകയാണ്.
പെട്ടെന്ന് ഞാനൊരു രോഗിയായി. അനക്കാൻ വയ്യാത്ത കഴുത്തുമായി...ശരീരത്തിൽ ഘടിപ്പിച്ച യന്ത്രങ്ങളുമായി എന്റെ നാട്ടിൽ നിന്നും  ബ്രാംപ്ട്ടണിലെ വീട്ടിൽ നിന്നുമേറെ അകലെ ഒരു നഗരത്തിൽ മൗണ്ട് സിനായ് ആശുപത്രിയുടെ പതിനെട്ടാം നിലയിലെ ഐ.സി യൂ വിൽ അപരിചിതരായ കുറെ മനുഷ്യരുടെ കാരുണ്യത്തിന്റെ തണലിൽ നൂറായിരം ചിന്തകളുടെ കെട്ടുപ്പിണരലിൽ ശ്വാസം മുട്ടി ഞാൻ കിടന്നു.
  കഴുത്തിലെ മുറിവിൽ നിന്നും രക്തം വാർന്നു കൊണ്ടിരിക്കുന്നു. മകൾ അത്  കണ്ട് പേടിക്കേണ്ട എന്നു സ്റ്റെർലി കരുതി.
വാതിൽക്കൽ നിന്നു അവർ യാത്ര പറഞ്ഞു. മകളുടെ കണ്ണൂകളിൽ ഉറക്കവും ഒരു നീണ്ട ദിവസത്തിന്റെ ഭാരവും വിശപ്പും...സ്റ്റെർലിയുടെ കണ്ണുകളിൽ  നിസ്സഹായതയുടെ കനപ്പ് ഞാൻ കണ്ടു.
“താരാട്ട് പാടിയാലെ ഉറങ്ങാറുള്ളൂ….ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ….കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ..എന്റെ കൈവിരൽ തുമ്പ് പിടിച്ചേ നടക്കാറുള്ളൂ.”  എന്ന മട്ടിൽ അമ്മയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എന്റെ മകളാണ് യാത്ര പറഞ്ഞ് അച്ചന്റെ കൈവിരലിലൊരു വാടിയ പൂ പോലെ നടന്നു പോയത്.
കാർ സീറ്റിൽ ഇരുത്തിയ നിമിഷം ഇന്ന് അവളുറങ്ങുമെന്നെനിക്കറിയാം. ഒറ്റയ്ക്കീ ദൂരം മുഴുവനും ഡ്രൈവ് ചെയ്തു പോകുന്ന സ്റ്റെർലിയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ഞാനോർത്തു.
ഉറങ്ങുന്ന കുഞ്ഞാവയെ ചുമലിൽ കിടത്തി ഞാനില്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവനെ പൊതിയാൻ പോകുന്ന ശൂന്യതയെന്തെന്ന് എനിക്കൂഹിക്കാം.
ഞാനുണ്ടാക്കി വെച്ച ചോറും കറികളും ഫ്രിഡ്ജിലുണ്ട്.
ഇനി ഞാൻ ആ അടുക്കളയിൽ നിന്നു ഭക്ഷണമുണ്ടാക്കുമോ? ബാൽക്കണിയിൽ നിന്ന് ഞങ്ങളുടെ മാത്രം ആകാശം കാണുമോ? ഇനി ഞാൻ  ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് മടങ്ങി പോകുമോ?
ഇന്നലെ ഞാനൊരു പൂമരമായിരുന്നു. എത്ര പെട്ടെന്ന് പൂക്കളും ഇലകളും കൊഴിഞ്ഞൊരു ശിശിരമരമായി  വെറുങ്ങലിച്ചു പോയി!.

മയക്കത്തിലെപ്പോഴൊ ഞാൻ ബ്രാംട്ടണിലെ എന്റെ വീട് കണ്ടു. പറഞ്ഞറിയിക്കാൻ വയ്യാത്തൊരു മൗനം എന്റെ വീടിനെ പൊതിഞ്ഞു നിന്നിരുന്നു.
അവിടേക്ക് കുറെ പേർ വിഷാദമയമായ മുഖങ്ങളോടെ  കടന്ന് വന്നു കൊണ്ടിരുന്നു.
ലിവിങ്ങ് റൂമിൽ കോഫി ടേബിളിൽ എന്റെ ചിരിക്കുന്ന ഫോട്ടൊ കണ്ട് ഞാൻ മയക്കത്തിൽ നിന്നുണർന്നു
കഴുത്തിൽ നിന്നും   മുടിയിലേക്കും ചുമലിലേക്കും  അവിടെ നിന്ന്  ..പുറത്തേക്കും  പടരുന്ന നനവ്, “ഇറ്റിസ് സ്റ്റിൽ ബ്ലീഡിങ്ങ്” ഞാൻ  പറഞ്ഞു. എനിക്ക് കാവലിരിക്കുന്ന നഴ്സ് ഓടി വന്നു. രക്തസ്രാവം നിലപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. കയ്യിലെ ഐ വീ യിലൂടെ രക്തം കയറ്റുന്നുണ്ടായിരുന്നു.
ഇനിയും ഐ വി കൾ വേണ്ടി വരും. വീണ്ടും ഞെരമ്പ് കണ്ടെത്താനുള്ള നീണ്ട പരാക്രമങ്ങൾ. രണ്ട് കയ്യിലും സൂചികൾ നിരന്നു . കഴുത്തിൽ വേദനയുണർന്നു പടരാൻ തുടങ്ങി.
 കുത്തനെ ഇറങ്ങിയും കയറിയും അറ്റം കാണാതെ നീളുന്ന പാത പോലൊരു  രാത്രി..അതിൽ  മയങ്ങിയും ഉണർന്നും പൊള്ളുന്ന ചിന്തകളേറ്റ്  നീറിയും ഞാൻ .
ഇതിനിടക്കെപ്പോഴോ എനിക്കുള്ള പ്ലാസ്മ  ബ്ലഡ് ബാങ്കിൽ നിന്നെത്തി. അവരത് കയ്യിലൂടെ പരീക്ഷണാർഥം തരാൻ തുടങ്ങിയിരുന്നു. സ്റ്റീറോയ്ഡുകൾ കടുത്ത ക്ഷീണത്തിലേക്കും മയക്കത്തിലേക്കും വീഴുന്ന എന്നെ തട്ടിയുണർത്തിക്കൊണ്ടിരുന്നു.
പെട്ടെന്ന് കുത്തി കുത്തി ചുമക്കാൻ തുടങ്ങി. വെള്ളം ചോദിച്ചപ്പോൾ നഴ്സ്  തണുത്ത വെള്ളം അല്പം വായിലേക്കൊഴിച്ചു.  എപ്പോഴോ..എനിക്ക് മൂത്രമൊഴിക്കണമെന്ന്  ഞാൻ പറഞ്ഞു. ബഡ് പാനിലൊതുങ്ങാതെ മൂത്രം കവിഞ്ഞൊഴുകി. കാരുണ്യത്തിന്റെ കൈകൾ എല്ലാം വൃത്തിയാക്കി.  എന്നിലെ  അഹന്തയത്രയും വറ്റി വരണ്ട് പോയി.
ഇത്രയധികം ഫ്ലൂയിഡ് അകത്ത് പോകുന്നത് കൊണ്ട് ഇനി ‘കാതറ്റർ’ ഘടിപ്പിക്കുന്നതാണ് അഭികാമ്യം എന്ന് തീരുമാനമായി. കാതറ്റർ പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ  വീണ്ടും ശരീരം ഞെട്ടി വിറച്ചു.  വല്ലാത്ത ..ഷിവറിങ്ങ, ചുമ ,ദേഹമാസകലം തടിച്ചു പൊന്തുന്നു… 
“ഓ..പേഷ്യന്റ് ഈസ് റിയാക്ക്റ്റിങ്ങ് ...ടു   പ്ലാസ്മ” പെട്ടെന്ന് പ്ലാസ്മ തരുന്നത് നിർത്തി.
നഴ്സ്മാർ ഡോക്ട്ടറെ  ഫോണിൽ ബന്ധപ്പെടുന്നു. ബഹളങ്ങൾ.

എന്നിലേക്ക് നിരാശയുടെ ചാരമേഘം പെയ്തിറങ്ങിയോ?
പ്ലാസ്മാഫെരസിസ്  മാത്രമാണ് `ഇതിനുള്ള ചികിത്സ എന്നല്ലേ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ  എല്ലാവരും എന്നോട് പറഞ്ഞു കൊണ്ടിരുന്നത് ? .ശരീരം പ്ലാസ്മയോട്  റിയാക്റ്റ് ചെയ്യുകയാണെങ്കിൽ ഇനിയെന്തെന്ന് അറിയാതെ ഞാൻ അമ്പരന്നു.
മരണത്തെ കുറിച്ച് ഞാൻ ചിന്തിച്ചു.
മരണത്തിനപ്പുറമെന്തെന്ന വേവലാതികളൊന്നും അന്നേരം എനിക്കുണ്ടായില്ല. പകരം മകൾക്ക് ചുറ്റും  എന്റെ മനസ്സ് പിടഞ്ഞു പിടഞ്ഞു പറന്നു.
കാര്യം..എനിക്ക് നഷ്ട്ടപ്പെടുകയാണ്. അവനും നഷ്ട്ടപ്പെടുകയാണ്.
പക്ഷെ അവളുടെ നഷ്ട്ടങ്ങളാണെന്നെ ആ രാത്രി മുഴുവൻ വേട്ടയാടിയത്. അമ്മയില്ലാതാകുക എന്നു വെച്ചാൽ എന്താണെന്ന് എനിക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ.
അവളുടെ ഉള്ളിൽ വളരുന്തോറും തിങ്ങി വിങ്ങാൻ പോകുന്ന അമ്മയെന്ന ശൂന്യത അതെത്ര ഭാരിച്ചതായിരിക്കുമെന്ന് എനിക്കല്ലേ അറിയൂ.
ആരാണവളോട്  അത്  ഏറ്റവും നന്നായി പറയുക...അവളുടെ അമ്മ ഒരു പ്രപഞ്ചം മുഴുവൻ അവളിലേക്കു ചുരുക്കി വെച്ചിരുന്നുവെന്ന്. അവളായിരുന്നു അമ്മയ്ക്ക് മഴയും നിലാവും പുഴയും പൂക്കളുമെന്ന്.  
എന്റെ  ഫോണിലും ക്യാമറയിലും നിറഞ്ഞ അവളുടെ ചിത്രങ്ങൾ അവളോട് സംസാരിക്കുമായിരിക്കും...അവളെ ഈ അമ്മ എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന്.
അതി ഭയങ്കരമായി ഞെട്ടി വിറയ്ക്കുന്ന ദേഹം വീണ്ടും എന്റെ അമ്മയെ ഓർമ്മിപ്പിക്കുന്നു. അവസാനദിവസങ്ങളിൽ  അമ്മക്കിങ്ങനെ  “ഷിവറിങ്ങ്  വന്നിരുന്നത് ...അമ്മയെ പുതപ്പിച്ച് ചൂട് പകരാൻ ശ്രമിച്ചിരുന്നത് ഒക്കെ വീണ്ടും കണ്മുന്നിൽ തെളിയുന്നു . “കോണ്വോക്കേഷന്റെ  ഫോട്ടോ ഇനിയും വന്നില്ലല്ലോ…” അമ്മ ചോദിച്ചുകൊണ്ടിരുന്നിരുന്നല്ലോ. “സ്ക്കൂൾ ഫോട്ടൊ എന്താ കിട്ടാത്തേ…” ഞാനും കാത്തിരിക്കുകയായിരുന്നല്ലോ.
നിറം മങ്ങി പോയ പല  ഓർമ്മത്തുണ്ടുകൾ തെളിമയോടെ പുനർജ്ജനിക്കുന്നു.


വീണ്ടും മയക്കം. ചടച്ച  ഉണർച്ചകളിലേക്ക്  അമർത്തി പിടിച്ച  സംഭാഷണങ്ങൾ വന്നു വീഴുന്നു. “പാവം...സ്ത്രീ. അവരുറങ്ങുന്നില്ല.” നഴ്സുമാർ പരസ്പരം പറയുന്നു. “ഈ പ്രായത്തിൽ...അവർക്കിങ്ങനെ  സംഭവിച്ചത്...കഷ്ട്ടമായെന്ന്” അവർ മുറിക്ക് പുറത്ത് അടക്കം  പറയുന്നു
ആരൊക്കെയോ എന്തൊക്കെയോ റ്റെസ്റ്റുകൾക്കായി രക്തമൂറ്റിയെടുക്കുന്നു.
വീണ്ടും ഉറക്കത്തിലേക്ക്  വഴുതി വീഴുമ്പോൾ ഞാനോർത്തു …..
നാളെ എന്നെ തട്ടിയുണർത്തി അവർ പറഞ്ഞേക്കാം….” മായ വളരെ സോറി. നിങ്ങൾക്ക് ലുക്കീമിയ ഉണ്ട്…”അല്ലെങ്കിൽ മറ്റെന്തെങ്കിലും ? എനിക്കറിയില്ല. എനിക്കെന്തുമുണ്ടാകാം. എനിക്കൊന്നുമില്ലെന്ന ശാഠ്യത്തിൽ നിന്നും എനിക്കെന്തുമുണ്ടാകാം എന്ന തിരിച്ചറിവിലേക്ക് ആ ഒറ്റ   ദിവസം കൊണ്ട്..അല്ല ..ഒറ്റ രാത്രി കൊണ്ട് ഞാൻ നടന്നു കയറിയിരിക്കുന്നു.
പക്ഷെ എനിക്കിപ്പോൾ ഉറങ്ങണം. എല്ലാ സങ്കടങ്ങൾക്കും മീതെ എനിക്കൊന്നുറങ്ങണം.
ഉറക്കം വളരെ കുറച്ചു നേരം എന്നോട് കൂട്ടു കൂടി.
നേരം പുലരുമ്പോൾ ഡ്യൂട്ടിക്കെത്തിയ പുതിയ നഴ്സിനെ വിവരങ്ങൾ ധരിപ്പിച്ചു പഴയ ആൾ വിടവാങ്ങാനൊരുങ്ങുന്നു.
കറുത്ത മുഖത്ത് ചിരി ഘടിപ്പിച്ച് പുതിയൊരു വെളുത്ത മുഖത്തെ എനിക്ക് മുന്നിൽ കൊണ്ട് നിർത്തി പരിചയപ്പെടുത്തുന്നു.
“ഇത് മായ. മുപ്പത്തേഴ് വയസ്സ് . ടി ടി പി പേഷ്യന്റാണ്. ഇവർക്ക്  ഭർത്താവും  ഒരു ചെറിയ  മകളുമുണ്ട് . കുറച്ചു കഴിഞ്ഞാൽ അവരിങ്ങെത്തും.”
വിചിത്രമായ  രാത്രിയിൽ എന്റെ കഷ്ട്ടപ്പാടുകൾക്ക് കാവലിരുന്നവൾ യാത്രപറയുന്നു.
പുതിയ ആൾ...പണ്ടേ നമ്മൾ പരിചയക്കാരെന്ന സ്നേഹഭാവത്തോടെ എന്നെ പരിചരിക്കുന്നു.
 “മായ...നിങ്ങളുടെ ഭർത്താവ് ഫോണിൽ വിളിച്ചിരിക്കുന്നു. വിവരങ്ങളറിയാൻ . എന്തെങ്കിലും പറയണോ അദ്ദേഹത്തോട്..?” ഇത് കേൾക്കെ എന്റെ മനസ്സിലുണ്ടാകേണ്ട  സന്തോഷം മുഴുവനും സ്വന്തം  മുഖത്തേക്ക് ആറ്റിക്കുറുക്കി വെച്ചു കൊണ്ട്  അവർ ചോദിക്കുന്നു.
വേദന...അസഹ്യമായുണരുന്നു. നീരു വെച്ചു വീർക്കുന്ന കയ്യിൽ നിന്നും ബുദ്ധിമുട്ടി  വിവാഹമോതിരം അഴിച്ചെടുത്ത് എന്റെ ഹാൻഡ്  ബാഗിന്റെ പോക്കറ്റിലേക്കിട്ട് മാലാഖ ചിരിക്കുന്നു. “നോക്കൂ..മോതിരം ഇതിലുണ്ട്.”  
സൂചി കൊണ്ടിടത്തുനിന്നെല്ലാം ..പിന്നെ .കഴുത്തിലെ മുറിവിന്റെ പരിസരങ്ങളിലും ….. മുറിയുന്ന ചെറിയ രക്തക്കുഴലുകൾ..പടരുന്ന ചുമപ്പും വയലറ്റും  പാടുകൾ….കയ്യാകെ നിറഞ്ഞിരിക്കുന്നു. പാടുകൾ നെഞ്ചിലേക്ക് ഇറങ്ങുന്നു.
 “മായ…..കുറച്ച് കഴിഞ്ഞാൽ  റ്റൊറൊണ്ടൊ ജനറലിലെ എഫരസിസ് യൂണിറ്റിൽ നിന്നും ആൾ വരും.. പ്ലാസ്മഫെരസിസ് തുടങ്ങാൻ.”
“അപ്പോൾ  റിയാക്ഷൻ..?”
“നോക്കൂ...നിങ്ങളുടെ  കയ്യിലൂടെ ഞങ്ങൾ പ്ലാസ്മയും ബനാഡ്രിലും ഒരുമിച്ചു കയറ്റി നോക്കി ഇപ്പോൾ ശരീരം റിയാക്റ്റ്  ചെയ്യുന്നില്ല.…” ആശ്വാസത്തോടെ ഞാനത് കേട്ടു.
തുടരെ മണിമുഴക്കുന്ന  എന്റെ  സെൽ  ഫോണ്‍  അവരെനിക്ക് നീട്ടുന്നു. വളരെ ബുദ്ധിമുട്ടി ഞാനതിലെ സന്ദേശങ്ങൾ വായിക്കുന്നു.
“മായമ്മേ….”
വേദനയോടെ കൂട്ടുകാരി വിളിക്കുന്നു.
“ ഇപ്പോൾ  എങ്ങനുണ്ട്…?”സ്റ്റെർലി ചോദിക്കുന്നു.
“വേദനിക്കുന്നുണ്ടോ “ ചേച്ചി അന്വേഷിക്കുന്നു .  അമ്പലത്തിലെ വഴിപാടിന്റെ പ്രസാദം ഒരു ചിത്രമായി  കാതങ്ങൾക്ക് അപ്പുറത്ത് നിന്നും എനിക്ക് നീട്ടുന്നു.

അധികം വൈകാതെ  എന്റെ ജീവൻ പിടിച്ച് നിർത്താനുള്ള അത്ഭുത യന്ത്രം   തളളിക്കൊണ്ട്  രക്ഷകനെ  പോലൊരാൾ മുറിയിലേക്ക് കടന്നു വന്നു.  ടൊറോണ്ടോ ജനറൽ ആശുപത്രിയിലെ എഫെരസിസ് യൂണിറ്റിൽ നിന്നും വന്ന ചൈനക്കാരനായ  ലീ . കഴുത്തിലൂടെ പ്രധാന നാഡിയിലേക്കിറക്കിയിരിക്കുന്ന വെനസ് സെൻട്രൽ ലൈനിലൂടെ  രക്തം മുഴുവനും പുറത്തെടുത്ത് പ്ലാസ്മ വേർതിരിച്ചു പുതിയ നല്ല പ്ലാസ്മ ചേർത്ത്  കയറ്റുന്ന പ്രക്രിയ  തുടങ്ങി.




        ഐ സി യു
 
     

ഐ.സി യൂ വിൽ എനിക്കു ചുറ്റും ദൈവങ്ങളും മാലാഖമാരുമായിരുന്നു.
മനുഷ്യരിൽ ഇത്രയേറെ നന്മയുണ്ടെന്ന് അവിടെ കിടന്നു കൊണ്ട് ഞാനറിഞ്ഞു.  
അവരെന്റെ വേദനകൾക്ക് കൂട്ടിരുന്നു.
എന്റെ വായിലേക്ക് മരുന്നും വെള്ളവും തണുത്ത പഴച്ചാറും  എത്തിച്ചു തന്നു.  
അവരെനിക്ക്  നേരെ ക്ഷമയും സഹനവും നീട്ടി. അവരെന്റെ അമ്മമനസ്സ് തൊട്ടറിഞ്ഞു. അവരെന്റെ മകൾക്ക് സ്നേഹവും സാന്ത്വനവും കൊടുത്തു. അവരെന്റെ പ്രിയന് ധൈര്യവും സമാധാനവും കൊടുത്തു.  
അവരെന്നെ തിരിച്ചും  മറിച്ചും കിടത്തി രാവിലേയും വൈകീട്ടും ശരീരം തുടച്ചു വൃത്തിയാക്കി.  അവരെന്റെ മലവും മൂത്രവും വെടുപ്പാക്കി.ആർത്തവരക്തം തുടച്ചു.

രോഗത്തെ കുറിച്ചോർത്ത്, മരണത്തെ കുറിച്ചോർത്ത് ഞാൻ കരഞ്ഞില്ല.
പക്ഷെ നന്ദി കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു
“ഐ ആം  സോറി” എന്നൊരു  വിങ്ങൽ മാത്രമായി തീർന്നു ഞാൻ.
നിസ്സഹായതയുടെ പാരമ്യം ഞാനറിഞ്ഞു. പരാശ്രയത്വത്തിന്റെ വേദനയും പൊള്ളലും അറിഞ്ഞു.  
ചുമരിലെ വെളുത്ത പ്രതലത്തിൽ അവർ നിത്യവും ദിവസവും തീയ്യതിയും കുറിച്ചിട്ടു. “നീയിപ്പോൾ എവിടെയാണ് മായ?”  എന്നും അവരെന്നോട് ചോദിച്ചു. എന്റെ  ബോധാബോധങ്ങളെ പരീക്ഷിച്ചു.  ഐ.സി യൂ വിൽ കിടക്കുന്നവർ ബോധംകെട്ടു കിടക്കുകയാണ് ഭംഗിയെന്ന് എനിക്ക് തോന്നി. പൂർണ്ണ ഉണർച്ചയോടെ….പൂർണ്ണ തിരിച്ചറിവോടെ പൂർണ്ണ ആശ്രയത്വത്തോടെയുള്ള….. കിടപ്പ്  അത് തീച്ചൂളയിൽ വെച്ച പോലാണ്.
എങ്കിലും ദൈവത്തോട് എനിക്കൊരുപാട് സ്നേഹം തോന്നി. നന്ദി തോന്നി.  
ഞങ്ങളിൽ മൂന്ന് പേരിൽ എന്നെ തിരഞ്ഞെടുത്തതിന്.
നിസ്വാർഥത കൊണ്ടല്ല. സ്വാർഥത കൊണ്ട് തന്നെ.
അവരിലൊരാൾ വീണു പോയാൽ അതു താങ്ങുവാനുള്ള  ധൈര്യവും ശക്തിയുമെനിക്കില്ല. അതിലുമെത്രയോ നല്ലതാണീ മുറിവുകൾ. ഈ വേവലുകൾ.  
ഞാനവിടെ കിടന്ന് ഓർമ്മകളെ കുറിച്ചോർത്തു.  മരണത്തേക്കാൾ ഭയങ്കരമാണ് ഓർമ്മകളില്ലാതാകുന്നത്. വിശേഷിച്ച് ഓർമ്മകളെ  ശ്വസിച്ചും ഭക്ഷിച്ചും ജീവിക്കുന്ന എന്നെ പോലൊരാളിൽ നിന്നും ഓർമ്മയുടെ ഒരേട് ചീന്തി കളഞ്ഞാൽ അതെങ്ങനെയാകും!ആശുപത്രിയിലെത്താൻ രണ്ട് ദിവസം കൂടെ വൈകിയിരുന്നെങ്കിൽ അങ്ങനൊക്കെ സംഭവിച്ചേനെ എന്നോർക്കേ ഞാൻ വീണ്ടും നന്ദി കൊണ്ട് നിറഞ്ഞു.
അല്ലെങ്കിലും നന്ദി കൊണ്ട് കഴുകി ഞാൻ എന്നെ തന്നെ നിർമ്മലമാക്കിയ ദിവസങ്ങളായിരുന്നു അത്.
ആ ദിവസങ്ങൾ എനിക്ക് പുതിയൊരു ലോകം കാണിച്ചു തന്നു.
ജീവിതത്തിന്റെ സൗന്ദര്യം മുഴുവനും കാണിച്ചു തന്നു.
എനിക്ക്  ചുറ്റുമുള്ള  സ്നേഹത്തെ കുറിച്ചെന്നെ ഓർമ്മപ്പെടുത്തി.
ശരിക്കുമെന്റെ മിത്രങ്ങളാരെന്നും പൊയ്ചിരികൾ ആരുടെതെന്നും പറഞ്ഞു തന്നു.
ഇതിനകം കുറെ അക്കങ്ങളായി കഴിഞ്ഞിരുന്നു ഞാൻ. രണ്ട് നേരം രക്തം പരിശോധിക്കും.
പ്ലാസ്മഫെറസിസ് പുരോഗമിക്കവേ എന്റെ അക്കങ്ങൾ മാറാൻ തുടങ്ങി. എൽ ഡി എച്ചിലും പ്ലേറ്റ്ലെറ്റിലും  ഹീമൊഗ്ലോബിനിലും വരുന്ന നേരിയ മാറ്റങ്ങൾ  വലിയ സന്തോഷ വാർത്തകളായി എന്റെ മുറിയിലേക്ക് കുതിച്ചു വന്നു. നഴ്സുമാർ  കയ്യടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു .|

ഡോക്ട്ടർ ഡേവിഡ് ബാർത്


ആശുപത്രയിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ പ്ലാസ്മഫെറസിസ് നടന്നു കൊണ്ടിരിക്കുമ്പോളാണ്  ഡോക്ട്ടർ ഡേവിഡ് ബാർത് എന്റെ മുന്നിലാദ്യമായി പ്രത്യക്ഷപ്പെടുന്നത്.
റ്റൊറൊണ്ടൊ ജനറലിലെ ഹീമറ്റോളജിസ്റ്റാണ് അദ്ദേഹം. ടിടിപി രോഗികളെ ചികിത്സിച്ച് പരിചയ സമ്പന്നനായ ഡോക്ട്ടർ. വിളറി വെളുത്ത മുഖവും കറുകറുത്ത തലമുടിയുടെ പിന്നിൽ ചെറിയ തൊപ്പിയുമണിഞ്ഞ ചെറുപ്പക്കാരനായ ഇസ്റായേൽക്കാരൻ.
ഡോക്ട്ടർ അരികിൽ വരുമ്പോൾ പ്ലാസ്മഫെറസിസ് നടക്കുകയായിരുന്നു .  
സ്റ്റീറോയ്ഡും കൂടിയ തോതിലുള്ള ബനാഡ്രില്ലും  കൂടി എന്നെ ഒരേ  സമയം മയങ്ങാനും  പറക്കാനും വിട്ടിരിക്കുകയായിരുന്നു. കൂടാതെ ശക്തമായി  രക്തമോടിയിറങ്ങുന്നതിന്റെ പിടച്ചിൽ ഞാനറിയുകയായിരുന്നു.

“മായ..ഞാൻ ഡോക്ട്ടർ ഡേവിഡ് ബാർത് . ഇപ്പോൾ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ട്ടർ.
ഇന്നലെ മുതൽ ഞാൻ നിങ്ങളുടെ ടെസ്റ്റ്‌  റിസൽട്ടുകൾ പഠിക്കുകയായിരുന്നു.”
അപ്പോൾ ഇന്നലെ മുതൽ എന്റെ മുന്നിൽ വന്നു നിന്ന ഡോക്ട്ടർമാർ..നഴ്സുമാർ..മറ്റു മെഡിക്കൽ സ്റ്റാഫ് എല്ലാം ഡോക്ട്ടർ ബാർതിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ വന്നവരായിരുന്നു.
“ഞാനറിഞ്ഞത് നിങ്ങൾക്കൊരു ചെറിയ മകളുണ്ടെന്നാണ്. ഒന്നു കൊണ്ടും വിഷമിക്കേണ്ട. അവൾക്ക് ഈ അസുഖം വരാൻ സാധ്യതയില്ല. നിങ്ങളുടേത് ഒരു ജനിതക തകരാറല്ല.”  ഡോക്ട്ടർ ബാർത് ആദ്യം പറഞ്ഞത് അതാണ്.
ഡോക്ട്ടർ പിന്നെ പലതും ചോദിച്ചു.
പക്ഷെ എന്റെ നാവു വഴങ്ങാതെ കുഴഞ്ഞു കുഴഞ്ഞു പോയി. കണ്ണുകൾ അടഞ്ഞടഞ്ഞു പോയി
“മായ.. മായ..ആർ യൂ ഓക്കെ..?”  
അബോധത്തിലേക്ക് വഴുതി വീഴും മുൻപ് “ yes I’m okay..” എന്നു പറയാൻ ഞാൻ ആഗ്രഹിച്ചു.
പിറ്റേന്നും പ്ലാസ്മഫെറസിസ് നടക്കുമ്പോൾ ഡോക്ട്ടർ വന്നു. “ മായ….എന്നെ ഓർമ്മയില്ലേ. ഇന്നലെ ഞാൻ വന്നിരുന്നു.” . ഞാൻ മന്ദഹസിച്ചു. എനിക്ക് കുറച്ചു കൂടെ സംസാരിക്കാമെന്നായി. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മയങ്ങിയുമുണർന്നും ഞാൻ മറുപടികൾ പറഞ്ഞു.
അദ്ദേഹത്തിന്റെ ചിന്താമഗ്നമായ കണ്ണുകൾ എന്റെ മുഖത്ത് പറ്റി നിന്നു.
അപ്പോൾ ദൈവമാണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്ക് തോന്നി.
ഐ.സി.യൂ വിൽ നിന്നും പത്താം നിലയിലെ മുറിയിലേക്ക് മാറ്റപ്പെട്ടപ്പോൾ അപൂർവ്വ രോഗിയെ കാണാൻ പ്രൊഫസറോടൊത്ത് റസിഡന്റുമാർ വന്നു. വെള്ളി തലമുടിയുള്ള ഡോക്ട്ടർ അദ്ധ്യാപകൻ എന്നോട് പറഞ്ഞു. “ഡോക്ട്ടർ ബാർത്...അയാൾ ദൈവമാണ്. നിന്റെ മേൽ അയാൾ കാണിക്കാൻ പോകുന്ന മായാജാലം കാണാൻ ഞങ്ങളൊക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”

പക്ഷെ ഡേവിഡ് ബാർത് സാധാരണക്കാരനിൽ സാധരണക്കാരനെ പോലെ എന്റെ മുന്നിൽ നിന്നു. നാട്ടിൽ ഞാനിങ്ങനെയൊരു ഡോക്ട്ടറെ  കണ്ടിട്ടില്ല.
അവിടെ ഡോക്ട്ടർമാരെല്ലാം രാജാക്കന്മാരെ പോലെയായിരുന്നു. അവർക്കു ചുറ്റും ആജ്ഞാനുവർത്തികളായി കുറെ പേർ. രോഗികൾ പ്രജകൾ.
കാനഡയിലെത്തിയപ്പോൾ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഈ ഡോക്ട്ടർ രോഗി ബന്ധത്തിലെ വ്യത്യാസമാണ്
 ഡോക്ട്ടർ ബാർത് അതിലെറെ അത്ഭുതപ്പെടുത്തുന്നു.
ഓരോ തവണ എന്നെ അന്വേഷിച്ച് അദ്ദേഹം വന്നപ്പോഴും...എഫരിസിസ് യൂണിറ്റിൽ വെച്ചു കണ്ടു മുട്ടിയപ്പോഴും അദ്ദേഹം അസാമാന്യമായ ക്ഷമയും ശ്രദ്ധയും കാരുണ്യവും എനിക്ക് നേരെ നീട്ടി. രോഗിയെ ഒരു സിംഹാസനത്തിലിരുത്തി  അദ്ദേഹം ആജ്ഞാനുവർത്തിയെ പോലെ അരികിൽ നിന്നു. ഞങ്ങളുടെ എല്ലാ ആശങ്കകൾക്കും മടുപ്പിക്കുന്ന ചോദ്യങ്ങൾക്കും സൗമന്യനായി മറുപടി പറഞ്ഞു.
“അമ്മയെ നീ നന്നായി നോക്കുന്നില്ലേ” മകളോട് അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ചോദിക്കും. ഉവ്വെന്ന് അവൾ അഭിമാനപൂർവ്വം തലകുലുക്കും. “എനിക്ക്  ഡോക്ട്ടർ ബാർതിനെപോലെ വലിയൊരു ഡോക്ട്ടറാകണം.” മകൾ അവളുടെ പുതിയ കൗതുകം ഡോക്ട്ടറെ അറിയിച്ചു.
“ എന്നെ പോലെയോ ...എന്നെ പോലെ ആകുകയേ വേണ്ട. എന്റ്റെ മക്കളോടും ഞാനതാണ് പറയുന്നത്” അദേഹം പൊട്ടിച്ചിരിച്ചു.
പിന്നെ വിഭാവരിയെ കണ്ടപ്പോഴൊക്കെ.. “ ആഹാ വളർന്നല്ലോ. വേഗം തന്നെ ഡോക്ട്ടറായി നീ ഈ ആശുപത്രിയിലേക്ക് വരുമെന്ന് തോന്നുന്നു” എന്ന് തമാശ പറയും.
സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക്

എന്നെ ഐ.സി യൂ വിൽ നിന്നും വിടുതലാക്കാൻ തീരുമാനമായി.
പത്താം നിലയിലെ ഹൈ റിസ്ക്ക് രോഗികളുടെ കൂട്ടത്തിൽ ടീം ഏ ഡോക്ട്ടർമാരുടേയും നഴ്സുമാരുടെയും പരിചരണത്തിലായി ഞാൻ.
എന്നെ ഭൂമിയിലെ ഒരു മുറിയിൽ കൊണ്ട് വിടാൻ ഐ.സി യൂവിലെ ഒരു മാലാഖ വന്നു.
പത്താം നിലയിലെ ‘മനുഷ്യരോട്’ അവരെന്റെ വിവരങ്ങൾ ധരിപ്പിച്ചു.
രണ്ടു മൂന്നു ദിവസം  ക്ഷേമം അന്വേഷിക്കാൻ സ്വർഗ്ഗത്തിൽ നിന്നും ആളുകൾ വന്നു കൊണ്ടിരുന്നു. പിന്നെ അതു നിന്നു. ഇനിയെനിക്ക് ഭൂമിയിൽ ഉറച്ചു നിൽക്കാമെന്നായി.
പത്താം നിലയിൽ കൂടുതലും വയസ്സന്മാരും  വയസ്സികളുമായിരുന്നു. അവർ കുഞ്ഞുങ്ങളെ പോലെ വാശിപിടിച്ചു.
അതിലൊരാൾ നെല്ലി മുത്തശ്ശി. തനിച്ചു എഴുന്നേറ്റ് നില്ക്കണമന്നും തനിച്ചു നടക്കണമെന്നുമൊക്കെ മോഹിച്ചു. നഴ്സുമാരുടെ കൈകൾ തട്ടി മാറ്റി. കണ്ണു തെറ്റിയാൽ മറിഞ്ഞു വീണു. മകൾക്ക് നെല്ലി മുത്തശ്ശിയൊരു കൗതുകമായി. അപാരമായ ക്ഷമയോടെ നഴ്സുമാർ  അവരെ ഓരോർത്തരേയും പരിചരിച്ചു. വരാന്തയിലൂടെ നടത്തിച്ചു. നേരാനേരങ്ങളിൽ ഭക്ഷണം വായിലെത്തിച്ചു. അവധി ദിവസങ്ങളിൽ മാത്രം വന്നെത്തുന്ന  സന്ദർശകരെ കാത്തു കാത്തു അവരിരുന്നു.
കാന്തവും ഇരുമ്പും പോലെ ഒട്ടിപിടിച്ച ഞങ്ങളുടെ കുഞ്ഞു കുടുംബം അവർക്ക് അത്ഭുതമായി. ഒരുപക്ഷെ നേർത്ത വേദനയായി. എങ്കിലും കരച്ചിലുകളുടെ പരാതികളുടെ ഇടയിൽ ഓടിയോടി നടക്കുന്ന എന്റെ മകൾ...ഒരു വേള അവരെ സന്തോഷിപ്പിച്ചു. നിസ്സംഗമായ ആ മുഖങ്ങളിൽ നേർത്ത ചിരി വിടർത്തി.
ടീ.ടി.പി ക്കാരി ഒരു കൊച്ചു വി ഐ പി ആണെന്ന് അവിടെ കിടന്നു കൊണ്ട് ഞാൻ മനസ്സിലാക്കി. അപൂർവ്വ രോഗിയെ കാണാൻ പ്രൊഫസറിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ട്ടർമാർ വന്നു.  അക്കൂട്ടത്തിൽ വന്ന ഡോ. ട്രേസിക്കായിരുന്നു  ഡോക്ട്ടർ ബാർതിന് വേണ്ടി  ദിവസവും എന്റെ കാര്യങ്ങൾ  അന്വേഷിക്കേണ്ട ചുമതല.  
എന്നും ട്രേസ്സി മുറിയിൽ വരും.   മകളുടെ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സ്വയം നീക്കി ഞാനിവിടെ ഇരുന്നോട്ടെ എന്നവളോട് ചോദിക്കും. ഒരു കൂട്ടുകാരിയെ പോലെ അടുത്തിരിക്കും .വിശേഷങ്ങൾ..ഓരോ ദിവസത്തേയും മാറ്റങ്ങൾ.. ആസ്വാസ്ഥ്യങ്ങൾ ചോദിച്ചറിയും. കാലുകൾ ഉയർത്താൻ പറയും.കണ്ണുകൾ ചലിപ്പിക്കാൻ പറയും. കൈകൾ കൊണ്ട് ചില  ആംഗ്യങ്ങൾ  കാണിപ്പിക്കും. മകളെ ഇതൊക്കെ രസിപ്പിക്കും.
മൂത്രത്തിന്റെ കാതറ്റർ  അഴിച്ചതോടെ. ആൾ സഹായത്തോടെയാണെങ്കിലും വാഷ് റൂമിലേക്ക് എഴുന്നേറ്റ് നടക്കാമെന്നായി. ഞാനൊരു മനുഷ്യനാണെന്ന് എനിക്ക് വീണ്ടും തോന്നി തുടങ്ങി.
ഒരാഴ്ചയാകുമ്പോൾ കഴുത്തിൽ നിന്നും പ്രധാന നാഡിയിലേക്കിറക്കിയ വിനസ് സെണ്ട്രൽ ലൈൻ അഴിച്ച് നെഞ്ചിലൂടെ ഇടാൻ തീരുമാനമായി. അതിനായ് സർജറി മുറിയിലേക്ക് കൊണ്ട് പോയി.  മെലിഞ്ഞ ചില്ലുമേശയിൽ വേദന മുറുകെ പിടിച്ച് ഞാൻ കിടന്നു.
വീണ്ടും ടിടിപി
ചികിതസ ഫലപ്രദമാകുന്നു. അപകടനില തരണം ചെയ്തിരിക്കുന്നു. ഇനി ആശുപത്രിയിലെ ഒരു മുറി എനിക്ക് നീക്കി വെയ്ക്കാൻ അധികൃതർക്കു താല്പര്യമില്ല. സൗജന്യചികിത്സയുടെ അനിവാര്യത.
തുടർന്നുള്ള പ്ലാസ്മഫെരസിസിനു വീട്ടിൽ നിന്നു വന്നു കൂടെ എന്നു ചോദ്യമായി.
“ആരെങ്കിലുമുണ്ടോ നിങ്ങൾക്ക് തുണക്ക് ?നിങ്ങളെ ചികിത്സക്കെത്തിക്കാനും കൊണ്ട് പോകാനും” സോഷ്യൽ സെർവീസുകാർ തങ്ങളുടെ  ജോലി മോടിയായ്  പിടിപ്പിച്ച ചിരിയോടെ ചെയ്യുന്നു.
ഞാൻ  അമ്പരന്നു. ഇങ്ങോട്ട് കയറി വരുമ്പോൾ എനിക്ക് എന്തെങ്കിലും
ഗുരുതരമായ അസുഖമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. നടന്നു കൊണ്ടാണ് ഞാൻ മിസ്സിസോഗയിലെ ആശുപത്രിയിലേക്ക് കയറി ചെന്നത്.
അപ്പോളിവർ പറഞ്ഞു.
“മായ..നിങ്ങളുടെ നില അതീവ ഗുരുതരമാണ്.”  
അനങ്ങാൻ പാടില്ലാത്ത മട്ടിൽ അവരെന്നെ പിടിച്ചു കിടക്കയോട് കെട്ടിയിട്ടു.  ഏതാനും ദിവസങ്ങൾ കൊണ്ട് കല്ലിലടിച്ചു കുഴച്ച ചപ്പാത്തി മാവിന്റെ പരുവത്തിലായി ഞാൻ.  നീരു വറ്റി, വിളറി വെളുത്ത് വേദനകളുടെ  പിടിയിൽ ഞെരുങ്ങി….വിറച്ചും തളർന്നു കുഴഞ്ഞും  പ്രാഥമിക കാര്യങ്ങൾക്ക് പോലും മറ്റൊരാളെ ആശ്രയിക്കുന്നവളായി.
ഇപ്പോൾ അവർ പറയുന്നു. “ മായ നിങ്ങളുടെ നില മെച്ചപ്പെട്ടിരിക്കുന്നു.നിങ്ങൾക്കിനി വീട്ടിലേക്ക്  പോകാമല്ലോ”
എങ്ങനെ പോകും...പോയിട്ടെന്ത്….എന്നൊന്നുമെനിക്കറിയില്ല
പക്ഷെ ‘ഹോം’ എന്ന നാലക്ഷരങ്ങൾ എത്ര മോഹിപ്പിക്കുന്നതാണ്.
അതെന്നെ ആയിരം കൈകൾ കൊണ്ട് മാടി വിളിക്കുകയാണ്.
“ എന്റെ ഭർത്താവ് എന്നെ കൊണ്ട് വരും..” ,ഞാൻ തലകുലുക്കി.
നെഞ്ചിലേക്ക്  ലൈനിട്ടതിന്റെ പിറ്റേന്ന് ഡിസ്ചാർജിനെഴുതി .
കഴിക്കേണ്ട മരുന്നുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിക്കാൻ ആളുകൾ എത്തി .
ഒരുപാട് വർഷങ്ങൾ ജയിലിലടയ്ക്കപ്പെട്ട ഒരുവളെ പോലെ ഞാൻ പുറം ലോകത്തേക്കിറങ്ങുകയാണ്.
കുറച്ചു ദിവസങ്ങളെ ഞാൻ ആശുത്രിയിൽ കിടന്നിരുന്നുള്ളൂ. .അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ അനേകം അനുഭവങ്ങൾ വന്നെന്നെ മൂടിയപ്പോൾ ഞാൻ കാലബോധമില്ലാത്തവളായി തീർന്നിരുന്നു.
ആ കുറച്ചു ദിവസങ്ങൾ പ്രകൃതിയും അതു തന്നെ ചെയ്തു. അമ്പരപ്പിക്കുന്നൊരു മാറ്റത്തിലേക്ക് അത് വഴുതി പോയി.  
ആശുപത്രിയിലേക്ക് നടന്നു കയറുമ്പോൾ എനിക്ക് ചുറ്റും കുട നിവർത്തി നിന്നിരുന്ന ശിശിരമരങ്ങളൊക്കെ എവിടെക്കൊ പൊയ്മറഞ്ഞിരിക്കുന്നുവെന്നും പ്രകൃതി കുമ്മായം പൂശിയത് പോലെ മഞ്ഞിൽ മൂടി കിടക്കുകയാണെന്നും കാറിൽ നോവുന്ന നെഞ്ചുമായി ചാരി കിടക്കുമ്പോൾ ഞാനറിഞ്ഞു.
ആർത്തിയോടെ എന്റെ കണ്ണുകൾ വഴിയോരകാഴ്ചകളെ നക്കിയെടുത്തു. മകൾ പിന്നിലെ കാർ സീറ്റിൽ സന്തോഷം കൊണ്ട് തിങ്ങി വിങ്ങുന്ന കുഞ്ഞു മനസ്സ് പൊട്ടിയൊഴുകുന്ന പോലെ നിർത്താതെ ചിലച്ചു കൊണ്ടിരുന്നു
അവൾ ഡൗൺ  ടൗണിലെ കാഴ്ചകൾ ഓരോന്നിലേക്ക് വിരൽ ചൂണ്ടൂന്നു. അമ്മേ..ദാ...ട്രെയ്ൻ..അമ്മേ ദാ ട്രാം
തല തിരിച്ച് നോക്കാൻ എനിക്ക് വയ്യ. വലതു വശത്തെ നെഞ്ചും കഴുത്തും വേദനയിലാണ്. നെഞ്ചിലെ മുറിവിൽ നിന്നും തൂങ്ങിയാടുന്ന വീനസ്  കാതറ്റർ   ലൈനിന്റെ ചെറിയ ഭാരം പോലും നോവായി വിങ്ങുന്നു. പക്ഷെ അതിനുമെത്രയോ മേലേക്ക് വീട് എന്ന ആനന്ദം വന്നു നിറയുന്നു.  മൂന്നു മനസ്സുകളും തുളുമ്പുന്നു. വീട്ടിലെ സോഫയിൽ  മകളുടെ കൂടെയിരുന്നു കുറച്ചു “ട്രീ ഹൗസ്” കണ്ടു. അമ്മയെ തിരിച്ച് കിട്ടിയ സന്തോഷം കൊണ്ട്  അവളുടെ കണ്ണുകൾ പ്രഭാതത്തിലെ പൂക്കൾ പോലെ വിടർന്നിരുന്നു. ക്ഷീണം കൊണ്ടെന്റെ കണ്ണുകൾ കൂമ്പിയും..ഒന്നു കുളിക്കണം. കാൽ കുളി.അത്രയേ അനുവാദമുള്ളു എപ്പോഴും കുളിച്ച് അലക്കിയ വസ്ത്രങ്ങളണിഞ്ഞ് വൃത്തിയുടെ വലയത്തിൽ നടക്കാൻ ഇഷ്ട്ടപ്പെടുന്ന ഞാൻ.അതു പോലും നടത്തിയിട്ട് ദിവസമെത്രയായി. നന്നായൊന്നുറങ്ങണം.
സ്റ്റൂളിലിരുന്ന് ആൾ സഹായത്തോടെ കുളിച്ച് കൊണ്ടിരിക്കുമ്പോൾ കടുത്ത ഷിവറിങ്ങ് വീണ്ടും എന്നെ പിടിച്ചുലച്ചു. കിടക്കയിൽ എങ്ങനെയോ കൊണ്ട് കിടത്തി. ചൂടൂള്ള  ബ്ലാങ്കറ്റുകൾ കൊണ്ട് മൂടിയും ഹീറ്റർ വെച്ചും  പതുക്കെ ഷിവറിങ്ങ് ഒതുങ്ങി.
ഞങ്ങൾ മൂന്നു പേരും വീണ്ടും ഒന്നിച്ച് ഉറങ്ങാൻ കിടന്നു.
ഇത്രയും സന്തോഷത്തോടെ..സമാധാനത്തോടെ മുൻപെപ്പോഴെങ്കിലും ഞാനുറങ്ങാൻ കിടന്നിട്ടുണ്ടോ? സംശയമാണ്.  ഒരു രാത്രിക്ക് മാത്രമായി പരോളിനിറങ്ങിയ പ്രതിയാണ് ഞാനെന്ന് അറിയാതെ വീടിനെ പുൽകി പുൽകി ഞാനുറങ്ങി.
പിറ്റേന്ന് രാവിലെ പുറപ്പെട്ടൂ  പ്ലാസ്മഫെരസിസിനായി റ്റൊറൊണ്ടൊ ജനറലിലെ എഫർസിസ് യൂണിറ്റിലേക്ക്.
അന്നത്തെ പ്ലാസ്മഫെറസിസിന് ശേഷം ശരീരം  വീണ്ടും റിയാക്റ്റ് ചെയ്തു. ഉയർന്ന ഡോസിൽ ബനാഡ്രിൽ തന്നിട്ട് പോലും.
ഡോക്ട്ടർ വന്നു. കാര്യങ്ങൾ പഠിച്ചു. ഇനി മുതൽ  സേഫ് പ്ളാസ്മ തരാൻ തീരുമാനമായി . നോർവേയിൽ  നിന്നും കൂടുതൽ ഫിൽറ്ററേഷൻ  കഴിഞ്ഞു വരുന്ന സേഫ് പ്ലാസ്മക്ക്  ഇരട്ടി വിലയാണ്. ഓരോ പ്ലാസ്മഫെരസിസ്  സെഷനും ഇരുപത്താറോളം ബാഗ് പ്ലാസ്മയാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.  പതുക്കെ അത് കുറച്ച് കൊണ്ട് വരും.മനുഷ്യ ജീവന്  വലിയ  വിലയുള്ള ഒരു നാടാണിത്  എന്റെ ജീവൻ നിലനിർത്താൻ ഗവണ്മെന്റ് സേഫ് പ്ലാസ്മയും സൗജന്യമായി  തരും. സമാധാനം.
പക്ഷെ  സമാധാനം പെട്ടെന്ന് അവസാനിച്ചു.  അന്നത്തെ ബ്ളഡ്  വർക്കിന്റെ റിസൽട്ട് വന്നു. ഡോക്ട്ടറുടെ മുഖം മ്ളാനവും ചിന്താമഗ്നവുമായി. അദ്ദേഹം റിക്ലൈനിങ്ങ്  ചാരി കിടന്ന് വിശ്രമിച്ചു കൊണ്ടിരുന്ന എന്റെയരികിൽ ഇരുന്നു.
“ മായ...ഒരു സാഡ് ന്യൂസുണ്ട്. ഇന്നലെ വരെ കണ്ട പുരോഗതി വെറുതെയായി. ഇന്നത്തെ റിസൽട്ടിൽ  ആകപ്പാടെ വേരിയേഷൻസാണ്. നോക്കൂ …” അദ്ദേഹം അക്കങ്ങൾ  ഓരോന്നായി വിവരിച്ചു. “ ടി ടി പി ഇസ് റീലാപ്സിങ്ങ്”
 എന്റെ ചെവിയിലൂടെ തീ നാളങ്ങൾ പുറത്ത് കടന്നു.
ഇനിയെന്തെന്ന അമ്പരപ്പിലേക്ക് ഡോക്ട്ടർ പ്രതീക്ഷയുടെ ഒരു തിരി കത്തിച്ചു വെക്കാൻ ശ്രമിച്ചു.
“ചില മരുന്നുകളുണ്ട്. അതിലൊന്ന് വിൻക്രിസ്റ്റീൻ ….കിമോ തെറാപ്പിയിലൊക്കെ ഉപയോഗിക്കുന്ന ഒന്നാണ് നമ്മൾക്കിപ്പോൾ അത് കൊടുത്തു നോക്കാം. മിക്കവാറും ഫലിക്കും. ഇല്ലാത്ത പക്ഷം മറ്റൊരു മരുന്നുണ്ട്. റിറ്റുക്സിമേബ് അതിന OHIP (Ontario health insurance plan)കവറേജില്ല. നിങ്ങൾക്ക് പ്രൈവറ്റ് ഇഷൂറൻസുണ്ടോ?
“ഉണ്ട്….എന്റെ കമ്പനി ഇൻഷൂറൻസ് കവർ ചെയ്യും” സ്റ്റർലി വേഗം പറഞ്ഞു. “എന്തെങ്കിലും കാരണവശാാൽ ചെയ്തില്ലെങ്കിലോ. അതിന്  18,000 ഡോളറോളമാകും. വിഷമിക്കേണ്ട. എന്തായാലും ചികിത്സക്കായി വീണ്ടും അഡ്മിറ്റാകണം. വിങ്ക്രിസ്റ്റീൻ ഫലിച്ചില്ലെങ്കിൽ റിറ്റുക്സിമേബ് ശ്രമിക്കാം. ഇൻ പെഷ്യന്റിന്റെ ജീവൻ എങ്ങനെയും രക്ഷിക്കേണ്ട ബാധ്യത ആശുപത്രിക്കുണ്ട്. മരുന്ന്  ഫ്രീയായി തരാതിരിക്കാനാവില്ല .”
അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ആശ്വാസം തന്നെ.
എങ്കിലും എൻറെ പരോൾ അവസാനിച്ചിരിക്കുന്നു. മകളുടെ പഠനം...ഭർത്താവിന്റെ ജോലി...എന്റെ തലയ്ക്കകത്ത് എല്ലാം തിളച്ചു
മറിഞ്ഞു. അതിന്റെ പൊള്ളൽ മുഖത്ത് തെളിഞ്ഞ് കാണും .
ഡോക്ട്ടർ...പതുക്കെ പറഞ്ഞു.
“ ഡോണ്ട് വറി...മായ. വറി ചെയ്യാനുള്ള സമയമല്ല ഇത്. ഇപ്പോൾ നമുക്ക് മുൻപിൽ ഓപ്ഷൻസുണ്ട്. വറി ചെയ്യ്യാൻ സമയമാകുമ്പോൾ ഞാൻ പറയാം. “
നഴ്സ്   പാം കൊണ്ട് വന്ന വിൻക്രിസ്റ്റീൻ   ഡോക്ട്ടർ ബാർത്  എന്റെ ഞെരമ്പിലേക്ക് കടത്തി വിട്ടു
“വിഷമിക്കേണ്ട വലുതായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. വിരൽത്തുമ്പുകളൊക്കെ തരിപ്പും സ്പർശനക്കുറവും ഉണ്ടാകാം കുറച്ചു കാലം.. ബട്ടൺ ഇടുക.. കോഫി കപ്പ് പിടിക്കുക..ഇതിനൊക്കെ പറ്റാതെ വരാം. മലബന്ധമുണ്ടാകാം. നല്ല ക്ഷീണമുണ്ടാകാം. നടക്കാൻ ബുദ്ധിമുട്ട് തോന്നാം .”
ഡോക്ട്ടർ ബാർതും  പാമും മാറി  മാറി  പറഞ്ഞു.
ഇന്നലെ തോർന്ന മഴ വീണ്ടും ആർത്തലച്ചു വന്നു. അതിൽ ഇന്നലെ കയ്യിൽ വാരി പിടിച്ച നിറങ്ങളെല്ലാം ഒലിച്ചിറങ്ങിപ്പോയത് പോലെ….
ഞങ്ങൾ മൂന്നു പേർ..വീണ്ടും മൗണ്ട് സിനായിൽ എത്തി .എമർജൻസിയിലെ നീണ്ട കാത്തിരുപ്പിന് തുടക്കമിട്ടു.
രാത്രി ഏറെയായി മുറി കിട്ടുമ്പോൾ.
ക്ഷീണവും ഉറക്കവും അമ്പരപ്പും എല്ലാവരേയും പൊതിഞ്ഞിരുന്നു.
അന്ന് കഠിനമായൊരു ദിവസം തന്നെയായിരുന്നു. വീട്ടിൽ നിന്നുള്ള യാത്ര തന്നെ എന്നെ വലച്ചിരുന്നു. പ്ളാസ്മഫെറസിസിന് ശേഷമുണ്ടാകുന്ന..സ്വാഭാവിക തളർച്ചയും…. അസഹ്യമായ  നെഞ്ചിടിപ്പും  വിശ്രമമില്ലാത്ത കാത്തിരുപ്പുമൊക്കെ കൂടി കിടക്ക കാണാൻ കാത്തിരുന്നത് പോലെ ആയിരുന്നു ഞാൻ. അസുഖത്തെ കുറിച്ചൊന്നും ഓർക്കാനും ആശങ്കപ്പെടാനും തോന്നിയില്ല.മകളുടെ മുഖത്തെ കണ്ണുനീർ തുള്ളികളെ ഒപ്പിയെടുക്കാനും കഴിയുന്നില്ല
പൊയ്ക്കോളൂ...നാളെ കാണാം” എന്നു  പറഞ്ഞു ഞാൻ മയക്കത്തിലേക്ക് വഴുതാൻ തുടങ്ങി.
പിന്നെ വേഗം ഉറക്കം നഷ്ടപ്പെട്ട് ഉണർന്നു. ആ വലിയ മുറിയുടെ ഇരുട്ടിൽ ഓരത്തൊരു കട്ടിലിൽ ഞാൻ ഒറ്റയ്ക്ക് കിടന്നു. ഇന്നലെ രാത്രി എന്റെ നെഞ്ചിൽ തിമർത്തിരുന്ന ആഹ്ളാദത്തിന്റെ ആരവങ്ങൾ എവിടെ? ജനാലയിൽ വന്നു തട്ടി വീഴുന്ന മഞ്ഞിൻ തുമ്പികൾ. കഴിഞ്ഞ മഞ്ഞു കാലത്ത്  കുമിഞ്ഞ് കൂടിയ മഞ്ഞു മലയിലൂടെ മകളുടെ കുഞ്ഞു മിറ്റൻസണിഞ്ഞ  കൈ പിടിച്ച് കഥ പറഞ്ഞ് നടന്നിരുന്ന സന്തോഷവതി ഞാൻ തന്നെയായിരുന്നോ? ചുമരുകൾക്കപ്പുറം  ശീതക്കാറ്റ് ചൂളം കുത്തിയെത്തുമ്പോൽ വീടിന്റെ ഇളം ചൂടിനുള്ളിൽ സുഖമായി ചുരുണ്ടിരുന്ന് ആകസ്മികമായെത്തുന്ന മരണത്തിന്റെ കൈകളിലേക്ക് കഥാപാത്രങ്ങളെ എറിഞ്ഞു കൊടുത്തിരുന്ന നിർദ്ദയയായ കഥാകാരി ഞാനായിരുന്നുവോ ?
പല്ല് തേക്കാൻ ….പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ മുടി ചീകിയൊതുക്കാൻ ..ഭക്ഷണം കഴിക്കാൻ മറ്റൊരാളെ ആശ്രയിക്കുന്ന ...ഹൃദയത്തിന്റെ അപതാളത്തിൽ മയങ്ങിയും ഉണർന്നും കിടക്കുന്ന… ഈ ഞാനും ആ ഞാനും തമ്മിലെന്ത് ബന്ധം!
വീട്ടിലെ കട്ടിലിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞാവയേയുംസ്റ്റെർലിയേയും കുറിച്ച് ഞാനോർത്തു.  രണ്ട് പേരും ചേർന്ന് എനിക്ക് കിടക്കാൻ ഒരിത്തിരി ഇടം തരുന്നില്ലെന്നും രണ്ടുപേരും കയ്യും കാലും മേലേക്ക്കയറ്റി വെച്ചു എന്നെ ശ്വാസം മുട്ടിക്കുകയാണെന്നും എനിക്ക് പരാതി പറയേണ്ട. ഇപ്പോൾ ഈ കട്ടിൽ മുഴുവനും എനിക്ക് സ്വന്തമാണ്. ഒരു മുറി മുഴുവനും എനിക്ക് സ്വന്തമാണ്. ഈ ഏകാന്തത മുഴുവനും എനിക്ക് സ്വന്തമാണ്.
“മായാ. ..ഐ ആം റിയലി സോറി… എനിക്ക് നിങ്ങളുടെ രക്തമെടുക്കണം..”  നെഞ്ചിൽ കുറുകുന്ന ഏകാന്തതയുടെ സംഗീതം മുറിച്ച് കൊണ്ട് ചെറുപ്പക്കാരനായ ഫിലിപ്പിനോ നഴ്സ് കടന്നു വരുന്നു.തണുത്ത വിരലുകൾ കൊണ്ട് എന്റെ കൈത്തണ്ടയിലെ ഞെരമ്പുകൾ തിരയുന്നു. വീണ്ടും കുത്തിയുമെടുത്തും….സോറികൾ വാരി വിതറിയും അയാൾ എനിക്കരികിൽ ഇരിക്കുന്നു. പിന്നെ തോൽവി സമ്മതിച്ചെണീക്കുന്നു. “ എനിക്ക് പറ്റുന്നില്ല. മറ്റാരെയെങ്കിലും വിടാം. “
ആശുപത്രി മുറി പതുക്കെ വീടായി തീർന്നു.
പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്നു മരുന്നും ജ്യൂസും ആഹാരവും നീട്ടുന്ന നഴ്സുമാർ വീട്ടുകാരായി തീർന്നു.
നിത്യവും  കൂടുകയും കുറയുകയും ചെയ്യുന്ന അക്കങ്ങൾ. അതിലൊരിക്കലും കുറയില്ലെന്ന് വാശി കാണിക്കുന്ന എൽ ഡി എച്ച്. “അതെന്താ കൊളസ്‌ട്രോളാ..” എന്നു വരുന്നവരും വിളിക്കുന്നവരും ചോദിക്കുമ്പോൾ അല്ല..അത് ..സെൽ ഡാമേജിനെ കാണിക്കുന്ന സംഗതിയാണെന്നൊക്കെ പറയാൻ ഞങ്ങളും പഠിച്ചു. കാതറ്റർ ഇട്ടത് കൊണ്ടുണ്ടായ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ, സ്റ്റീറോയ്ഡ് സമ്മാനിച്ച താൽക്കാലിക ഡയബറ്റിക്സ്. ഷുഗർ റ്റസ്റ്റുകൾ. ഇൻസുലിൻ.  “സോറി..ആം ഗോയിങ്ങ് റ്റു പോക്ക് യൂ..” എന്ന ക്ഷമാപണത്തോടെ തുളഞ്ഞു കയറാൻ സൂചികൾക്ക് ഓരോ കാരണങ്ങൾ. എപ്പോഴും കുറയുന്ന പൊട്ടാസ്യത്തിന് വേണ്ടി വിഴുങ്ങേണ്ട നെടു നീളൻ ടാബ്ലറ്റുകൾ...അവ മുറിച്ചു തരാൻ മാത്രമല്ല...കയ്പ്പേറിയ..മരുന്നുകൾ കൊണ്ടു വരുമ്പോൾ ഒരു കഷായത്തിന് ശേഷം വായിലേക്ക് കൽക്കണ്ടമിട്ടു തന്നിരുന്ന അമ്മയെ ഓർമ്മിപ്പിക്കുന്ന പോലെ “കൂടെ കഴിക്കാൻ..ഓറഞ്ച് ജൂസ് വേണോ..ആപ്പിൾ ജൂസ് വേണോ” എന്ന് ഒരു കുഞ്ഞിനോടെന്ന വിധം ചോദിക്കാനും സുമനസ്സുള്ളവർ. മൂന്നു നേരവും കൃത്യമായി മുന്നിലെത്തുന്ന രുചിയുള്ള
സിരിയലും പാലും പാൽക്കട്ടിയും ബേക്ക്ഡ് ഫിഷും സാലഡുകളും ഡെസേർട്ടും.
സ്നേഹമയികൾ “ കുളിക്കണ്ടേ..” എന്ന് ചോദിച്ച് കൊണ്ട് അലക്കി തേച്ച ഗൗണും തോർത്തുമായി വന്നു. കരുതലോടെ നെഞ്ചിലെ ലൈൻ നനവ് കടക്കാത്ത പൊളിത്തീൻ കവർ കൊണ്ട് പൊതിഞ്ഞു വെച്ചു. കുളിക്കാൻ നല്ല വ്രുത്തിയുള്ള കുളിമുറികൾ കാത്ത് കിടന്നു. കുളിച്ചു വരുമ്പോഴേക്കും സ്നേഹകൈകൾ കിടക്കയിൽ പുതിയ വിരികൾ വിരിച്ചു വെച്ചു. പുറത്ത് നിന്നും കിടക്കാവുന്ന ഒരു സോഫ എനിക്കരികിൽ കൊണ്ടിട്ട് എന്റെ മകൾക്ക് അമ്മയോടൊപ്പം ഉറങ്ങാൻ അവസരമുണ്ടാക്കി തന്നു അവർ. അങ്ങനെ ഭർത്താവും മകളും നടത്തിക്കൊണ്ടിരുന്ന ദീർഘയാത്രകളേയും എന്റെ ഏകാന്തതയേയും അനുതാപ പൂർവ്വം വെട്ടിച്ചുരുക്കി.


കണ്ണുകളിൽ നിന്നും കാഴ്ച മങ്ങി മങ്ങി പോകുന്നു. അക്ഷരങ്ങൾ പിടിതരാതെ പറ്റിച്ചോടുന്നു. മുന്നിൽ നിൽക്കുന്ന മുഖങ്ങളിൽ നേർത്ത മൂടുപടം വന്നു നിറയുന്നു. വലതു ഭാഗം മുഴുവനും വിങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന ഹോട് ഫ്ലാഷസിൽ ശരീരത്തിലേക്കാരോ ചൂട് വെള്ളം കോരിയൊഴിച്ചത് പോലെ ഞാൻ ഞെട്ടുന്നു. അറിയാതെ മൂത്രം പോയോ എന്ന തോന്നലിൽ ഞാൻ വെറുതെ പേടിക്കുന്നു. കാലുകളിലേക്ക് വേദനയിറങ്ങുന്നു. വിരൽത്തുമ്പുകൾക്ക് സ്പർശനം നഷ്ട്ടപ്പെടുന്നു. സദാ സമയവും അതിദ്രുതം മിടിക്കുന്ന ഹൃദയത്തിന്റെ താളം മാത്രം കൂട്ടിന്.
എന്നാലെന്ത്? ഞാനിപ്പോൾ രാജ്ഞിയണ്.. എനിക്ക് ചുറ്റും പരിചാരകർ! ആജ്ഞാനുവർത്തികൾ! എല്ലാ പെണ്ണുങ്ങളും മോഹിക്കുന്ന ഒരു വിശ്രമകാലം ഞാൻ സ്വന്തമാക്കിയിരിക്കുന്നു.


പതുക്കെ  മൗണ്ട് സിനായിയെയും റ്റൊറൊണ്ടൊ ജനറൽ ആശുപത്രിയേയും ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ  യാത്ര ചെയ്തു  എഫരസീസ് യൂണിറ്റിലെത്തുന്നത് എനിക്ക് ശീലമായി. എന്നെ കൊണ്ട് പോകാൻ പല മുഖമുള്ള പോർട്ടർമാർ വരും. അവരിൽചിലർക്ക് മുട്ടത്തലയും പരുക്കൻ മുഖവും പച്ചക്കുത്തിയ ദേഹവുമുണ്ടാകും. അവരെ തെരുവിൽ വെച്ചു കണ്ടാൽ മാറി നടക്കണമെന്ന് എനിക്ക് തോന്നിയെനെ. പക്ഷെ അവരെല്ലാം അതീവ ശ്രദ്ധയോടെ ഒരു പളുങ്കു പാത്രം പോലെ തട്ടിയുടയാതെ എന്നെയും കൊണ്ട് യാത്രയാകും.മനുഷ്യരെ വിശ്വസിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.
പ്ലാസ്മാഫെറസിസ് 

ആദ്യം സ്റ്റ്രെച്ചറിൽ കിടന്നും പിന്നെ വീൽ ചെയറിൽ ഇരുന്നും ഞാൻ യാത്ര ചെയ്തു. എഫരസിസ് യൂണിറ്റ് ഞങ്ങൾക്ക് കുടുംബം പോലെയായി. അവിടെയുള്ള ഓരോരുത്തരും നല്ല വെണ്ണക്കട്ടകളായിരുന്നു. നാഴ്സുമാരായ മെർമ്മയും റോസിയും ബാർബയും ഫെർണാണ്ടസും ലീയും ലെനിയും  പാമും ... എല്ലാവരും.  കാരുണ്യം കൊണ്ട് അവരെന്നെ ആശ്ലേഷിച്ചു. . പ്ലാസ്മഫെരസിസ് ചെയ്യുന്ന യന്ത്രത്തിനരികിലൊരു റിക്ലൈനിങ് ചെയറിൽ ചൂടുള്ള ബ്ലാങ്കറ്റുകൾ കൊണ്ട് പൊതിഞ്ഞ് ഞാൻ കിടന്നു.എന്റെ ശരീരം ഭൂമിയിൽ മയങ്ങി കിടക്കുകയും മനസ്സ് വെള്ളിവെളിച്ചത്തിലേക്ക് പൊന്തി പറക്കുകയും ചെയ്തു.
അങ്കലാപ്പോടെ.. വരുന്ന സന്ദർശകരെയൊക്കെ ചിരിയോടെ ഞങ്ങൾ സ്വീകരിച്ചു.. എന്തു പറയണമെന്ന് വാക്കുകൾ ഇല്ലാതെ നിന്നവർക്ക് നോക്കൂ എനിക്കൊന്നുമില്ല….ഞാൻ സന്തോഷവതിയാണെന്ന് ധൈര്യം നൽകി. “സാമ്പത്തിക സഹായം വേണോ….. മകളെ കൊണ്ട് പോയി നോക്കണോ, ..ഭക്ഷണം എത്തിക്കണോ...എന്ത് വേണമെങ്കിലും പറയാൻ മടിക്കരുതെന്ന് മുന്നോട്ട് വന്നു അന്യനാട്ടിലെ സ്നേഹബന്ധങ്ങൾ. സുഹൃത്തുക്കൾ നന്മ കൈകൾ കൊണ്ട് ഭക്ഷണം പാകം ചെയ്തു കൊണ്ടു വരുന്നു.  മകൾക്കും ഭർത്താവിനും പിന്നെ ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ കുഴഞ്ഞു പോകുന്ന എനിക്കും വയർ നിറയ്ക്കാൻ അവരുടെ സ്നേഹവായ്പ്  ധാരാളം.എല്ലാവരും മകൾക്ക് എന്തെങ്കിലുമൊക്കെ കരുതലോടെ കൊണ്ടു വന്നു. ചൊക്കലേറ്റും സ്റ്റിക്കർ പുസ്തകങ്ങളും അവളെ സന്തോഷിപ്പിച്ചു.


മെർമയുടെയും
റോസിയുടെയും കരുതലിൽ
 
അയൽക്കാരികൾ ഞാൻ ഭാഗ്യവതിയാണെന്ന് എനിക്ക് ഓരോ നിമിഷവും തോന്നി. അതെന്നെ ഓർമ്മപ്പെടുത്താൻ പല ദിവസങ്ങളിലായി  എനിക്ക് രണ്ട് അയൽക്കാരികളെ കിട്ടി. രണ്ടു പേർക്കുള്ള വിശാലമായ  മുറിയിൽ കട്ടി കർട്ടനപ്പുറം അവരുടെ വേദനകൾ എന്നെ വന്നു തൊട്ടു.  രണ്ടു പേരും മധ്യവയസ്സ്കരായിരുന്നു. ഒരാളുടെ കിഡ്നി തകരാറിലാണ്. അവർ കടുത്ത നിരാശയിലാണ്. അവരുടെ ഭർത്താവ് അവരെ കാണാൻ വന്നും പോയുമിരുന്നു. അയാൾ സ്റ്റെർലിയോട് നിസ്സംഗമായൊരു ശബ്ദത്തിൽ ഭാര്യയുടെ  അസുഖത്തെ കുറിച്ച് പറഞ്ഞു. ഭാര്യയുടെ അസുഖം അയാൾ എറെ കുറെ അംഗീകരിച്ചിരിക്കുന്നു. ഭാര്യക്ക് വലിയ വിഷമമാണെന്നും വിഷമിച്ചിട്ട് എന്താണ് ഫലമെന്നും അയാൾ ചോദിച്ചു. എത്ര വർഷങ്ങൾ അവർ അയാൾക്ക് ചുറ്റും വട്ടമിട്ട് ജീവിച്ചു കാണുമെന്ന് ഞാനോർത്തു. എത്ര വർഷങ്ങൾ അവർ വെച്ചും വിളമ്പിയും കുട്ടികളെ പോറ്റി വളർത്തിയും.
അടുത്തയാൾ  കാൻസർ രോഗി. കീമോതെറപ്പിയുടെ ഭാഗമായി നിരന്തരം ശർദ്ദിച്ചുകൊണ്ടിരുന്നു. അവർക്കൊന്നും കഴിക്കാൻ വയ്യ. ശർദ്ദിച്ച് ശർദ്ദിച്ച് അവർ അവശയായി. അസഹ്യമായ തലവേദനയിൽ അവർ നിരതരം നിലവിളിച്ചു. അമേരിക്കയിൽ നിന്നെത്തിയ സഹോദരി പകലൊക്കെ അവർക്ക് കാവലിരുന്നു. ജീവിതം കൊടുത്ത ക്ഷതങ്ങളിൽ തളർന്നു പോയ ഭർത്താവ് രാത്രിയിലും. അവർ ശർദ്ദിക്കാൻ ഓങ്ങുമ്പോഴേക്കും പാത്രവുമായി ഓടി ചെന്നു.  അവരുടെ പ്രായവും അവസ്ഥയും എന്നെ അമ്മയെ കുറിച്ച് ഓർമ്മിപ്പിച്ചു . അവർക്കും രണ്ട് പെണ്മക്കളുണ്ട്. മുതിർന്നവർ. അവിവാഹിതർ. ജോലിക്കാരികളായ അവർ എന്നും അമ്മയെ കാണാൻ വന്നു. അവരുടെ വിവാഹമെന്ന സ്വപ്നത്തിലേക്ക് തുഴഞ്ഞെത്താൻ ഈ അമ്മക്ക് ആകുമോ?  രണ്ടാമത്തെ തവണയാണ്  കാൻസർ അവരിൽ  പിടിമുറിക്കിയിരിക്കുന്നത്. ഭക്ഷണരീതിയിലൂടെ...ജീവിതക്രമത്തിലൂടെ അവരെല്ലാം ചേർന്ന് അതിന്റെ രണ്ടാം വരവ് പ്രതിരോധിക്കാൻ ശ്രമിച്ചതാണ്. മുൻപ് കണ്ട ഭർത്താവിനെ പോലെ മരിക്കാനാണ് വിധിയെങ്കിൽ മരിക്കും എന്ന് നിസ്സംഗനായി വിധിക്ക് കീഴടങ്ങാൻ തയ്യാറല്ല ഈ ഭർത്താവ്.  ഭാര്യയുടെ അസുഖം ഭേദമാക്കാൻ അയാൾ വെപ്രാളപ്പെട്ട് ഓടുക തന്നെയാണ്.
തലപൊട്ടിപ്പിളരുന്ന വേദനയെ കുറിച്ച് അവർ പരാതിപെട്ടപ്പോൾ ഒരു പരുപരുത്ത ശബ്ദം ഇപ്രകാരം പറഞ്ഞു. “ തലവേദനക്ക് രണ്ട് കാരണങ്ങളാണ് കാണുന്നത്. ഒന്നു ശർദ്ദിച്ചുണ്ടാകുന്ന സ്ട്ട്രസ്സായിരിക്കാം. അല്ലെങ്കിൽ രോഗം തലച്ചോറിലേക്ക് വ്യാപിച്ചതാകാം. ഇത് ശർദ്ദിലിൽ നിന്നുണ്ടാകുന്നത് തന്നെയാകാനാണ് സാധ്യത”  ആ ശബ്ദം കട്ടിയുള്ള കർട്ടൺ തുളഞ്ഞ് എന്റെ ചെവിയിൽ വന്നു വീണ് പൊള്ളിച്ചു. ആദ്യത്തെ വാചകം കേട്ടമാത്രയിൽ അവരുടെ അടിവയറ്റിൽ നിന്നും മേൽപ്പോട്ട് പാഞ്ഞു കയറിയ ഭയത്തിന്റെ മിന്നൽപ്പിണർ എപ്രകാരമായിരുന്നിരിക്കും എന്നോർത്ത് ഞാൻ കിടന്നു. ഞാനെത്ര ഭാഗ്യവതി. ഇന്നല്ലെങ്കിൽ നാളെ അസുഖം പൂർണ്ണമായും ഭേദപ്പെടുമെന്ന വിശ്വാസവും പ്രതീക്ഷയും എന്നോടൊപ്പമുണ്ട്.  പിന്നെ എനിക്ക് ആഹാരം കഴിക്കാം. ആഹാരം കഴിക്കുന്നതിനേക്കാൾ വലിയൊരു ആനന്ദം എന്താണ്?
പതുക്കെ  അവരുടെ നിലവിളികൾ മാഞ്ഞു. അവർ ആഹാരം കഴിച്ചു തുടങ്ങി. പാട്ട് കേട്ടു തുടങ്ങി.   ലീവിൽ പോയ ഡോക്ട്ടർ മടങ്ങിയെത്തിയാലുടൻ ഡിസ്ചാർജാകാമെന്ന പ്രതീക്ഷയിൽ  വീട് എന്ന ആനന്ദത്തെ സ്വപ്നം കണ്ട് അവർ കഴിഞ്ഞു.  
എനിക്ക് വീട്ടിൽ പോകാൻ അനുമതി കിട്ടി. ഇനി പ്ലാസ്മഫെറസിസിന് വീട്ടിൽ നിന്നു വന്നു പോകാം. വീട് എന്ന ആനന്ദത്തിലേക്ക് മടങ്ങും മുൻപ്  യാത്ര ചോദിക്കാൻ ഞാൻ അവർക്ക് മുന്നിൽ നിന്നു. “ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും. “ ഞാൻ പറഞ്ഞു. “ സന്തോഷമായി പോകൂ. ദൈവം അനുഗ്രഹിക്കട്ടേ…” അവർ അശംസിച്ചു. വീട് എന്ന സന്തോഷം അവരോടൊപ്പം എത്ര കാലമുണ്ടാകുമെന്നെനിക്കറിയില്ല. അവർക്ക് എന്തു സംഭവിച്ചുവെന്ന് ഞാൻ കേൾക്കുകയുമില്ല. പക്ഷെ ….അവരുടെ നിലവിളി അതെന്നോടൊപ്പം ഉണ്ടാകും...ഏറെ കാലം.ഡിസ്ചാർജ്ജ്   ഡിസ്ചാർജ്ജാകുന്ന ദിവസം വീനസ് ലൈനും മുറിവുമൊക്കെ വൃത്തിയാക്കാനുള്ള സാമഗ്രികൾ  നീട്ടി മെർമ ഓർമ്മിപ്പിച്ചു. “സൂക്ഷിക്കണം. കുളിക്കുമ്പോൾ  നന്നായി കവർ ചെയ്യണം. നനയരുത്. ഇൻഫെക്ഷനാകരുത്. എന്തു ബുദ്ധിമുട്ട് തോന്നിയാലും ഇവിടെ എത്തണം.”  ഡോക്റ്റർ ബ്രാതും വീണ്ടും ഓർമിപ്പിച്ചു. “ക്ഷീണം കൂടുതൽ തോന്നിയാൽ തള്ളിക്കളയരുത്. തലവേദന...പനി എന്തു വന്നാലും വെച്ചൊണ്ടിരിക്കരുത്. സാധാരണ ഒരാൾക്ക് പനി വരുന്നത് പോലെയല്ല നിങ്ങൾക്ക് പനി വരുന്നത്”. എല്ലാവരും മകളോട് പറഞ്ഞു. “കൊണ്ട് പൊക്കോളൂ നിന്റെ അമ്മയെ. ഗോ ആൻറ് എഞ്ചോയ് വിത്ത്‌ യുവർ  മോമി”

 മകൾ മഞ്ഞു കാലത്തിലൂടെ സ്ക്കൂളിൽ പോയി തുടങ്ങി. “എന്റെ അമ്മക്ക് ഇവിടെയൊരു ലൈനുണ്ട്” എന്റെ നെഞ്ചിൽ  തൊട്ട് അപാർട്ട്മെന്റിലെ കൂട്ടുകാരോട് അവൾ മുഖം വിടർത്തി. 
അവളും അമ്മയും കൈനഖങ്ങളിൽ സാന്റയെ ചുമപ്പും വെളുപ്പുമായി വരച്ചു വെച്ചു.  ജീവിതത്തിൽ ആദ്യമായി അച്ഛൻ ക്രിസ്തുമസ് മരം വാങ്ങി വീട്ടിലേക്ക് കൊണ്ട് വന്നു. നിറമുള്ള ബൾബുകൾ കൊണ്ടതിനെ അലങ്കരിച്ചു

മകളെ  സ്ക്കൂളിലാക്കി ചികിത്സക്കും ബ്ലഡ് വർക്കിനുമായി  ഞങ്ങൾ
 നടത്തി വന്ന ദിവസങ്ങളുടെ പോക്കു വരവുകൾക്കൊടുവിൽ ഒരു ദിവസം സെൻട്രൽ വിനസ് കാതറ്റർ  അഴിക്കാൻ തീരുമാനമായി. 
ലൈനഴിച്ചു സ്റ്റിച്ചിട്ടതിന്റെ പിറ്റേന്ന് മകളേയും കൊണ്ട് ഞങ്ങൾ വീൽ ചെയറിലൊന്നുമില്ലാതെ  സാന്തയെ കാണാൻ പോയി. നിറങ്ങളെ ,മുഖം നിറഞ്ഞ ചിരികളെ കാണാൻ പോയി.

സാന്തയെ  കാണാൻ
പോയപ്പോൾ
 


സ്നേഹമെന്ന സാന്ത്വനം

രോഗകാലത്തെ അതിജീവിച്ചത് എന്റെ മനോധൈര്യമാണെന്ന അവകാശവാദമൊന്നും എനിക്കില്ല. ഏത് രോഗത്തെയും വെല്ലാൻ ആവശ്യം  കൃത്യസമയത്ത്  നടത്തുന്ന കൃത്യമായ രോഗനിർണ്ണയമാണെന്ന് എനിക്കറിയാം. ക്രഡിറ്റ് വാലിയിലെ ഹിമറ്റോളജിസത്തിന്റെ ശരിയായ ഇടപെടൽ തന്നെയാണ് എന്റെ വിധി തീരുമാനിച്ചത്.
എന്നാൽ എല്ലാ മരുന്നുകളേക്കാൾ  വലുതാണ് സ്നേഹമെന്ന മരുന്ന്. ഒരു രോഗിക്ക് ഒരുപക്ഷെ ഏറ്റവും ആവശ്യവും അത് തന്നെയായിരിക്കും. അടുത്ത ബന്ധുക്കളില്ലാത്ത ...കുറച്ചു സൗഹൃദങ്ങൾ  മാത്രമുള്ള അന്യനാട്ടിൽ എനിക്ക് രണ്ട് കാവൽ  മാലഖമാരുണ്ടായിരുന്നു. ഭർത്താവും മകളും.
എന്നെ കൈപിടിച്ച് നടത്തിയതും രോഗത്തിന്റെ അഗ്നിയിൽ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൊണ്ട് പോയതും അവരായിരുന്നു.
ഒരൊറ്റ ദിവസം കൊണ്ട് വളർന്നു വലുതായത് പോലെ മകൾ എന്റെ മുന്നിൽ നിന്നു. അമ്മയുടെ ദേഹത്തേക്ക് അവകാശത്തോടെ നൂണ്ട് കയറാതെ...അമ്മയെ ഇറുകെ പുണരാതെ അപ്പുറത്തെ സോഫയിൽ അടങ്ങിയിരുന്ന് അമ്മയോട് വർത്തമാനങ്ങൾ പറയുന്നത് അവൾ തന്നെയാണോ?
അമ്മയില്ലാതെ ഉണ്ണാത്തവൾ,ഉറങ്ങാത്തവൾ, കുളിക്കാത്തവൾ, കളിക്കാത്തവൾ അമ്മയെ ഊട്ടാൻ ….കുളിപ്പിക്കാൻ വസ്ത്രം മാറ്റിക്കാൻ അച്ഛനോട്  മത്സരിച്ച ദിവസങ്ങളായിരുന്നു പിന്നെ. നീയെന്നാണ് തനിയെ കാര്യങ്ങൾ ചെയ്യുന്നത്? നിനക്ക് ആറ് വയസ്സായില്ലേ. എന്തിനാണ് എല്ലാറ്റിനും അമ്മ അമ്മ എന്ന്  വിളിക്കുന്നത് എന്ന് ഞാൻ അവളെ ശകാരിക്കുമായിരുന്നു. പക്ഷെ അവളെന്നെ ശകാരിച്ചില്ല. അമ്മ കഴിക്കൂ..എന്നു അവളെനിക്ക്  ഉണക്കപ്പഴങ്ങളും ബദാം പരിപ്പും സൂര്യകാന്തി കുരുക്കളും  നീട്ടി.
അമ്മക്ക് വേദനിക്കുന്നോ? അവളെന്റെ അരികിൽ നിന്നു സൂചികൾ തറഞ്ഞു വയലറ്റ് നിറമായ കൈകളിൽ ഒരു തെന്നൽ പോലെ മൃദുലമായി തൊട്ടു. അമ്മക്കെന്താണ് വേണ്ടത്? ഓടിപ്പോയി എടുത്തു കൊണ്ട് വരാൻ അവൾ കാത്തു കാത്ത് നിന്നു.അമ്മയെ വാഷ് റൂമിലേക്ക്  നടത്താൻ….തല ചുറ്റി വീഴാതെ നോക്കി  കാവൽ നിൽക്കാൻ  അവൾ ആരും പറയാതെ മുന്നോട്ട് വന്നു. ചോരയൂറ്റുന്ന സൂചികളെ...മുറിവുകളെ...അവൾ ധൈര്യസമേതം നോക്കി നിന്നു. എന്നെ അമ്പരപ്പിക്കുന്ന തരം കാര്യങ്ങൾ പറഞ്ഞു.
ഒരിക്കൽ അവൾ നിഷ്ക്കളങ്കമായി എന്നോട് ചോദിച്ചു. “ അമ്മയുടെ വേദനകളൊക്കെ മാറാൻ ഒരു വഴിയുണ്ട്. എന്താന്നറിയോ?”
“ഇല്ല” ഞാനവളെ സാകൂതം നോക്കി.
“ അമ്മ പറന്ന് പറന്ന് ആകാശത്തിലേക്ക് പൊക്കോ. അമ്മമ്മേടെ അടുത്തേക്ക് പൊക്കോ. അപ്പോ  അമ്മേടെ  ഉവ്വാവൊക്കെ മാറും.” എന്റെ മനസ്സ് പൊടിയുന്നത് മറച്ച് പിടിക്കാൻ ഞാനവൾക്ക് ഒരു ചിരി കൊടുത്തു. “അമ്മാമ്മ എല്ലാം മാറ്റി കുഞ്ഞാവേടെ അടുത്തേക്ക് വിടും അമ്മയെ…” എല്ലാം നിസ്സാരമെന്ന മട്ടിൽ അവൾ പറഞ്ഞു.
പകൽ മുഴുവൻ പക്വതയുടെ മുഖപടം അണിഞ്ഞ്  മകൾ  പെരുമാറി.  പക്ഷെ  രാത്രി യാത്ര പറയാൻ നേരം ആ മുഖപടം അഴിഞ്ഞു വീണു.
പാടുപെട്ട് കരച്ചിലടക്കി മെല്ലെ എന്റെ വിരലിൽ ഉമ്മ വെച്ചവൾ യാത്ര ചോദിക്കും. “അമ്മേനെ കുഞ്ഞാവക്ക് മിസ് ചെയ്യും …..” എന്ന്  ഇടറിയ ശബ്ദത്തിൽ പറയും.
അനുനയ വാക്കുകൾ കൊണ്ട് അവളെ വീട്ടിലേക്ക്  പറഞ്ഞു വിടുമ്പോൾ ഹൃദയത്തിലൊരു മുറിവായ തുറക്കും.
പിന്നെ അവൾ ആശുപത്രിയിൽ ഉറങ്ങാൻ തുടങ്ങി. ആശുപത്രി അവളുടെ വീടായി.അമ്മയ്ക്ക് ആശുപത്രിയിൽ നിന്നും ആഹാരത്തൊടോപ്പം കിട്ടുന്ന രുചികരമായ പുഡ്ഡിങ്ങിന് വേണ്ടി വേഗം ഊണ് കഴിച്ച്  കാത്തിരിക്കാൻ തുടങ്ങി. എഫരസിസിന് പോകുമ്പോൾ അവൾ ഭൂമിക്കടിയിലെ  തണുതണുത്ത തുരങ്കത്തിലൂടെ വഴികാട്ടിയായി ഓടി. എഫരസിസ് യൂണിറ്റിലെ എല്ലാർക്കും അവൾ ഓമനയായിരുന്നു.
എഫരസിസ്  യൂണിറ്റിലെ  ക്രിസ്തുമസ്  മരം  
അവളുടെ നഷ്ട്ടപ്പെടുന്ന സ്ക്കൂൾ ദിവസങ്ങൾ..കൂട്ടുകാരൊത്തുള്ള കളികൾ .രസങ്ങൾ...എല്ലാം  എഫരസിസ് യൂണിറ്റിൽ നിന്നുള്ള ലാളനകളിൽ  പൂഴ്ത്തി  വെച്ച്  ചോരവറ്റി മഞ്ഞച്ച രോഗമുഖങ്ങൾക്കിടയിൽ അവളിരുന്നു.  അമ്മ ചികിത്സക്കായി റിക്ക്ലൈനിങ്ങ്  ചെയറിൽ  മയങ്ങിയുമുണർന്നും കിടക്കുമ്പോൾ അവൾ അരികിലെ  സോഫയിലിരുന്നു  യൂ റ്റൂബിൽ ഫ്രോസൻ കണ്ടു. മുറിയിൽ മടങ്ങിയെത്തി…. ശക്തിയായി കോച്ചി  വലിക്കുന്ന കാലുകളും പാല്പിറ്റേഷനും ഹോട് ഫ്ലാഷസുമായി പൊരുതുന്ന അമ്മയുടെ അരികിലിരുന്നു അവൾ പാടിക്കൊണ്ടേയിരുന്നു.

Let it go, let it go
I am one with the wind and sky
Let it go, let it go
You'll never see me cry!
Here I stand
And here I'll stay
Let the storm rage on”
മനസ്സിൽ കെട്ട് പിടിച്ചതെന്തോ പറിച്ചെറിയാനുള്ള വ്യഗ്രതയോടെ വാശിയോടെ അവൾ പാടിക്കൊണ്ടേയിരുന്നു.
സന്ധ്യകളിൽ അവൾ അമ്മയെ കൈപിടിച്ച് ആശുപത്രി ഇടനാഴികളിലൂടെ നടക്കാൻ കൊണ്ട് പോയി. “ നീ അമ്മയെ നന്നായി നോക്കുന്നല്ലോ” എന്ന് വഴിയിൽ കണ്ട ആശുപത്രി ജീവനക്കാരും രോഗികളും അവളുടെ കുഞ്ഞു മുഖത്തേക്ക് അഭിമാനത്തിന്റെ പൂക്കൾ പറിച്ചു വെച്ചു.
“ക്രിസ്തുമസ്സിന് മുൻപേ നിനക്ക് അമ്മയെ വീട്ടിൽ കൊണ്ട് പോകാമെന്ന് “ ഡോക്ട്ടർ പറയുമ്പോൾ മകളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ  മിന്നി.

മാതളം പോലെ  പ്രേമത്തിൽ തുടുക്കുമ്പോളല്ല. ഊർജ്ജസ്വലതയോടെ ഓടി നടക്കുമ്പോഴല്ല. ജീവന്റെ നിറവിൽ പ്രകാശിക്കുമ്പോളല്ല. ചോരവറ്റി…..മഞ്ഞച്ച് വേദനയുടെ വടുക്കൾ മാത്രം വീഴുന്ന മുഖത്തോടെ ഒരു മുഷിഞ്ഞ പുതപ്പ് പോലെ കിടക്കയോട് ഒട്ടി കിടക്കുമ്പോഴാണ് ഓരോ സ്ത്രീയും ഏറ്റവും പ്രണയിക്കപ്പെടേണ്ടത് എന്ന് അവൻ എനിക്ക് മനസ്സിലാക്കി തന്നു. സന്ധ്യയിലേക്ക് നീളാൻ തുടങ്ങുന്ന മഞ്ഞ വെയിലിൽ മഞ്ഞളിൽ മുക്കിയെടുത്തത് പോലെ നിന്ന് എന്നെ ആദ്യമായി നോക്കിയപ്പോൾ അവന്റെ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിട്ടുണ്ട്. വേദനയുടെ കൊടുമുടിയിൽ നിന്നും ആശ്വാസത്തിന്റെ അഗാധതയിലേക്ക് പതിച്ച നേരം കുഞ്ഞു മകളുടെ  ആദ്യത്തെ നിലവിളിയുടെ സംഗീതത്തിൽ എന്റെ നെറുകയിൽ ഉമ്മവെക്കുമ്പോഴും അവന്റെ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിട്ടുണ്ട്. പക്ഷെ 
. പക്ഷെ ഐ. സി യൂ….വിലെ കിടയ്ക്കക്കരികിലിരുന്നു. “എല്ലാം മാറും”എന്നു ഒരു മന്ത്രണം പോലെ അവൻ പറഞ്ഞു കൊണ്ടിരുന്നപ്പോളാണ്  പ്രണയമെന്തെന്ന് ഞാൻ ശരിക്കും കണ്ടത്.
 ആദ്യത്തെ പതർച്ചയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അവനെനിക്ക് മുന്നിൽ ഒരു കൊടുങ്കാറ്റിനുമുലയ്ക്കാനാകാത്ത വന്മരം പോലെ ഉറച്ചു നിന്നു. റ്റിടിപിയെ കുറിച്ച് കൂടുതൽ കൂടുതൽ വായിച്ചു.  ഓരോ രോഗികളുടെ കഥകൾ എന്നോട് പങ്കു വെച്ചു. എല്ലാം മാറുമെന്ന ധൈര്യം നൽകുമ്പോഴും എന്റെ  രോഗത്തെ ,വേദനകളെ. .അസ്വാസ്ഥ്യങ്ങളെ ഒട്ടും നിസ്സാരമായി കണ്ടില്ല. ഞാൻ കിടക്കുകയായിരുന്നു. പക്ഷെ അവൻ ഓടുകയായിരുന്നു. മകളെയും വലിച്ചുള്ള അവന്റെ ഓട്ടം അവൻ ഭംഗിയായി ഓടി. രോഗികളെ ശുശ്രൂഷിച്ച്  അവന് ശീലമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഒരു രോഗിക്ക് ഏറ്റവും ആവശ്യം തന്റെ രോഗത്തെ  അതിന്റെ തീവ്രതയോടെ മനസ്സിലാക്കുന്ന ഒരാളുടെ പരിചരണമാണെന്ന്  അവന് അറിയാമായിരുന്നു.

എന്റെ ഓരോ കുഞ്ഞു കാൽ വെപ്പിലും  സഹനത്തിലും  അവനെന്റെ ആത്മവിശ്വാസത്തിന് വളമിട്ടു . ഓരോ ദിവസവും മുറിയിലേക്ക് കടന്നു വരുന്ന മകൾ അണിഞ്ഞിരുന്നത് പരസ്പര ബന്ധമില്ലാത്ത കുപ്പായങ്ങളും തൊപ്പിയും കയ്യുറകളുമായിരുന്നു. പക്ഷെ അവൾ തന്റെ അച്ഛനോട് ഏറ്റവും നന്നായി ഇണങ്ങിയിരുന്നു.
പുതിയ ജീവിതം.

പിന്നെയും ആശുപത്രി യാത്രകൾ തുടർന്നു കൊണ്ടേയിരുന്നു.തുടരെ തുടരെയുള്ള ബ്ളഡ് റ്റെസ്റ്റുകൾ. വിഴുങ്ങാൻ ഗുളികകൾ.  
ഒടുവിൽ എല്ലാം നോർമലായിരിക്കുന്നു ഇനി ആറു മാസം കഴിഞ്ഞു മതി ബ്ലഡ് ടെസ്റ്റ്‌  എന്നു ഡോക്ട്ടർ ബ്രാത് പറയുമ്പോൾ മനസ്സിൽ തളിർത്തു പൊട്ടി വിടരുന്ന ഒരു വസന്തം .
പുറത്തും. മഞ്ഞു പാളികളൊന്നൊന്നായി ഉരുകിത്തീരുന്നു. പച്ചത്തലപ്പുകൾ ഉണർന്നെഴുന്നേൽക്കുന്നു. മഞ്ഞപ്പൂക്കൾ വിരിയുന്നു. മകളുടെ സ്ക്കൂളിലേക്ക് ഘനം കുറഞ്ഞ  മുടിയും ഉരുണ്ട് വീർത്ത മുഖവുമുള്ള പുതിയ ഞാൻ തുളുമ്പുന്ന മനസ്സോടെ നടക്കുന്നു. പരിചയമുഖങ്ങൾ  ഒരോന്നായി എന്നോട് ചിരിക്കുന്നു. കുശലം ചോദിക്കുന്നു. വാതിൽ തുറക്കുമ്പോൾ  പുറത്തേക്ക് കുതിക്കുന്ന  നിറങ്ങളിലൂടെ  ചിരികളിലൂടെ കലപിലകളിലൂടെ  മകളോടി
വന്നെന്നെ മുറുകെ പുണരുന്നു. ഈ ജീവിതത്തെ ഞാനെത്രമേൽ സ്നേഹിക്കുന്നു. രോഗത്തിന് ശേഷമൊരു കാലമുണ്ട്. രോഗമേൽപ്പിച്ച ക്ഷതങ്ങളും  രോഗിയും മാത്രമാകുന്ന കാലം. സഹായ കരങ്ങളെല്ലാം തിരിച്ചെടുക്കപ്പെടുന്ന കാലം.
“ഇപ്പോൾ എങ്ങനെയുണ്ടെന്ന ചോദ്യങ്ങളെല്ലാം മാഞ്ഞു പോകുന്ന കാലം.പകരം ഇപ്പോൾ എല്ലാം മാറിയല്ലോ അല്ലെ...എന്ന അന്വേഷ്ജണങ്ങളിൽ മാറിയെന്ന് കേൾക്കാനുള്ള തിടുക്കമുണ്ട്. പഴയ എന്നെ എനിക്ക് തിരിച്ച് കിട്ടാതെ തന്നെ പഴയ ഞാനാണ് ഞാനെന്ന് ഭാവിക്കാനുള്ള വ്യഗ്രത എനിക്കുമുണ്ട്.
നിസ്സഹായതയുടെ പാരമ്യത്തിൽ നിന്നും ഉണർന്നെഴുന്നേറ്റ് വീണ്ടും ഞാനെന്ന ഭാവത്തിലേക്ക് ചുരുണ്ടുകയറുന്നു. ക്ഷീണിച്ച് ക്ഷീണിച്ചാണെങ്കിലും ചെയ്യുന്നതൊന്നും പഴയ പടി ഭംഗിയാവുന്നില്ലെങ്കിലും  ജോലികളൊന്നൊന്നായി  ചെയ്ത് തീർക്കുന്നു. ഓർമ്മകളും അറിവുകളും ചിലപ്പോൾ കയർ പൊട്ടിച്ചോടുമ്പോൾ എങ്ങനെയും പിടിച്ചു കെട്ടാൻ നോക്കുന്നു. അക്ഷരങ്ങളും വാക്കുകളും ഒഴുകി വരാതെവിടെയോ സ്തംഭിച്ചു കിടന്നിട്ടും പിന്നേയും പിന്നേയും ഞാനെഴുതാൻ ശ്രമിക്കുന്നു. വിരൽത്തുമ്പിൽ നിന്നു ഒരു നിമിഷം വഴുക്കി പോയ ജീവിതത്തെ ഞാൻ ആവേശപുർവ്വം ആലിംഗനം ചെയ്യുന്നു.  


4 comments:

  1. കുറെത്തവണ വന്നു വായിച്ചു മായാ... ഓരോ തവണയും കണ്ണിൽ നീർ പൊടിഞ്ഞ് അക്ഷരങ്ങൾ തെളിയാതായി.

    അന്ന്, എന്റെ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതിനാൽ കാത്തിരുന്ന എന്നെത്തേടിയെത്തിയത് ' ചേച്ചി, ഞാൻ ക്രെഡിറ്റ് വാലിയിലാണ്, എനിക്ക് ടി.ടി.പി ആണ്' എന്ന മായയുടെ സന്ദേശമായിരുന്നു. ടി.ടി.പിയോ , എന്താണതെന്ന് അമ്പരന്ന എനിക്ക് വീണ്ടും മായയുടെ മെസേജ്, " എന്നെ മൗണ്ട് സിനായിലേക്ക് മാറ്റുന്നു' ... ഉടനെ ഗൂഗിൾ ചെയ്തു നോക്കി. രോഗത്തിന്റെ നിജസ്ഥിതി മനസിലാക്കിയ ഞാൻ തളർന്നു പോയി.

    എന്റെ കുഞ്ഞേ, പോരാട്ടത്തിൽ നിന്റെ മനോധൈര്യവും മോളുടെ പ്രതീക്ഷകളും സ്റ്റെർലിയുടെ സ്നേഹവും ഒരു പുനർജന്മമായല്ലോ... എന്നും നന്മകൾ ഉണ്ടാകട്ടെ... !

    ReplyDelete
    Replies
    1. കുഞ്ഞേച്ചി …. കെട്ടിപ്പിടിച്ചൊരു ഉമ്മ

      Delete
  2. വെറുമൊരു ഇൻഫെക്ഷൻ എന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുമ്പോഴാണ് മായയെ വായിക്കുന്നത്. കണ്ണുനിറഞ്ഞെന്റെ വായന നിൽകുമ്പോൾ എന്റെ മകൾ വേവലാതി യോടെ അന്വേഷിച്ചു, വാവു കൂടുതലാണോ എന്ന് ..ആ കരുതലിൽ ഞാൻ ചിരിക്കാൻ ശ്രമിച്ചിട്ടും മായ എന്നെ കരയിച്ചു കൊണ്ടേയിരുന്നു. .ഇനി ഒരിക്കലും മായ യെ ഒന്നും വിഷമിപ്പിക്കാതിരിക്കട്ടെ എന്ന ആഗ്രഹത്തോടെ സ്നേഹത്തോടെ,ഈ പുതിയ ജന്മം ആഘോഷിക്കാൻ ഇടവരട്ടെ

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം വായിച്ചതിൽ. നല്ല വാക്കുകൾക്കും ആശംസകൾക്കും നന്ദി. വേഗം സുഖാവട്ടെ

      Delete