May 29, 2018

കാനഡയിലൊരു രോഗകാലവും കുറെ സ്നേഹമുഖങ്ങളും


    
                                               
ഒരു സന്ധ്യക്കാണ്  ടോറോണ്ടോ ഡൗൺ ടൗണിലെ മൗണ്ട്  സിനായി
ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഞാൻ
പ്രവേശിപ്പിക്കപ്പെടുന്നത്.  രോഗം ടി. ടി.പി ( ത്രോംബോടിക്
ത്രോമ്പോസൈറ്റോപെനിക് പർപറ ) ആണെന്ന് സ്ഥിരീകരിച്ചപ്പോൾ പ്ലാസ്മഫെരസിസ് മാത്രമാണ് ഇതിനുള്ള ചികിത്സ
എന്നു അവരെന്നെ ബോധ്യപ്പെടുത്തി.  ചില ഓട്ടൊ ഇമ്മ്യൂൺ തകരാറുകളെ ചികിത്സിക്കാനുള്ള സമ്പ്രദായമാണ് പ്ലാസ്മഫെരസിസ്. പ്രധാന നാഡിയിൽ ഘടിപ്പിക്കുന്ന സെന്റ്രൽ വെനസ് കാതറ്റർ വഴി രക്തം പുറത്തെടുക്കുകയും   ഒരു മെഷീനിൻറെ സഹായത്തോടെ അതിൽ നിന്നും പ്ലാസ്മയും സെൽസും വേർതിരിക്കുകയും പ്ലാസ്മ ഉപേക്ഷിച്ചു ഡോണറുടെ പ്ലാസ്മ ചേർത്ത് തിരിച്ചു ശരീരത്തിലേക്ക് കടത്തി വിടുകയും ചെയ്യുന്ന രീതിയാണിതെന്ന് അവർ പറഞ്ഞു.   പ്ലാസ്മഫെരസിസിനുള്ള സൗകര്യം എല്ലായിടത്തും ലഭ്യമല്ല, അത് അത്ര സാധാരണമായൊരു ചികിത്സയുമല്ല. പ്രധാന നാഡിയിലേക്കാണ് കാതറ്റർ ഇടുക. സാധാരണ ഗതിക്ക് അത് നെഞ്ചിലോ അടിവയറ്റിലോ ആകുമെന്ന് ബാർബി മുഖമുള്ള ഡോക്ട്ടർ വിശദീകരിച്ചു . എന്നാൽ എന്റെ
ഇപ്പോഴത്തെ ഗുരുതരാവസ്ഥയിൽ അതു കഴുത്തിൽ തുളയിട്ട് കയറ്റുന്നതാണ്
അഭികാമ്യം. കുറച്ചു ദിവസങ്ങൾക്ക് ശേഷം വെനസ് കാതറ്റർ ലൈൻ
നെഞ്ചിലേക്ക് മാറ്റിയിടാം എന്നും അവർ പറഞ്ഞു.
അന്നു അർദ്ധ രാത്രിയോടെ  പ്രൊസീജർ പൂർത്തിയാക്കി. സ്കാൻ ചെയ്ത്
എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. ഡോണറുടെ പ്ലാസ്മ കൊണ്ട്
വന്നു അവരത് ആദ്യം കയ്യിലൂടെ തന്നു. അപ്പോൾ കടുത്ത റിയാക്ഷനുണ്ടായി.
ശരീരമാകെ തടിച്ചു പൊന്തുകയും ചൊറിയുകയും ഞാൻ കുത്തിക്കുത്തി
ചുമക്കുകയും ചെയ്തു.ശരീരം വെട്ടി വിറച്ചു. പിന്നീട് ബനാഡ്രിലും പ്ളാസ്മയും ഒന്നിച്ചു കയറ്റി ശരീരം റിയാക്റ്റ് ചെയ്യുന്നില്ലെന്നു ഉറപ്പു വരുത്തി. പിറ്റേന്ന്
രാവിലെ എഫരസിസ് യൂണിറ്റിൽ നിന്നും ചൈനക്കാരനായ ലീ  
പ്ലാസ്മഫരസിനുള്ള യന്ത്രവും തള്ളിക്കൊണ്ട് എന്റെ മുറിയിലേക്ക്
ഒരു രക്ഷകനെ പോലെ കടന്നു വന്നു.


മൗണ്ട് സിനായിലെ മാലാഖമാർ

മൗണ്ട്  സിനായ് ആശുപത്രിയുടെ പതിനെട്ടാം നിലയിലെ  ഐ സീ യൂവിൽ വെച്ചു കാണുമ്പോൾ ഡോക്ട്ടർ ബാർത്തിന്റെ പേര് ദൈവമെന്നായിരുന്നു. നഴ്സുമാരൊക്കെയും മാലാഖമാർ! അല്ല..അമ്മമാർ  അവരോരുത്തരും മുന്നിൽ വന്നു സ്വന്തം പേര് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നു. പക്ഷെ
അന്നേരം ആ പേരുകളൊന്നും എന്റെ പ്രജ്ഞ്ഞയിൽ പതിഞ്ഞില്ല.
അല്ലെങ്കിൽ കാരുണ്യത്തിന്റെആ മുഖങ്ങൾക്ക്  പേരുകളുടെ
ആവശ്യമുണ്ടായിരുന്നില്ല. അവരിൽ ചിലർ എന്നേക്കാൾ മുതിർന്നവർ .
മറ്റു ചിലർ സമപ്രായക്കാരോ ഇളയവരോ. എങ്കിലും അവരൊക്കെയും
അമ്മമാരായിരുന്നു. അമ്മമാർക്ക് മാത്രം സാധ്യമായ ക്ഷമയോടെ ഒരു
നവജാത ശിശുവിനെ എന്ന പോലെഅവരെന്നെ പരിചരിച്ചു. വർഷങ്ങൾ
കൊണ്ട് ഞാൻ കെട്ടിപ്പടുത്ത അഹംഭാവം അപ്പാടെ തുടച്ചു നീക്കി
ഒരു ശിശുവിന്റെ നിസ്സഹായതയിലേക്ക് കൊണ്ട് പോയി.

ഐ സി യൂ വിൽ നിന്നും പത്താം നിലയിലെ ഹൈ റിസ്ക് രോഗികളുടെ
മുറികളിൽ  ഒന്നിൽ ഞാൻ എത്തപ്പെട്ടു. അവിടെ മനുഷ്യരും
മാലാഖമാരുമുണ്ടായിരുന്നു.അവർക്കൊക്കെ പേരുകളും.
എന്റെ ഏകാന്തതയിലേക്കും നിസ്സഹായതയിലേക്കും
സ്നേഹ ശലഭങ്ങളെ അവർ പറത്തി വിട്ടു.
പുറത്ത് മഞ്ഞു പൂക്കുമ്പോൾ ഐസിട്ട് തണുപ്പിച്ച വെള്ളം മാത്രം
തരാനറിയുന്ന വെള്ളക്കാരി പെണ്ണുങ്ങൾ മാത്രമാണ്  ഒരു ബുദ്ധിമുട്ട്.
“ വാം വാട്ടർ” എന്നു പറഞ്ഞാൽ ജീവിതത്തിലിന്നേ വരെ കേട്ടിട്ടേയില്ല
എന്നഅമ്പരപ്പ് .
വളരെ മൃദുവായി  സംസാരിക്കുന്ന സ്നേഹമയിയായ എലീസ
എന്ന ഫിലിപ്പിനോക്കാരി ചോദിക്കും മുൻപേ ചൂടു വെള്ളം തരും.
ചൈനക്കാരിയായ ചാനും തരും. പ്രസവകാലത്ത് തനിക്ക് വലിയ
ക്ളേശങ്ങളായിരുന്നുവെന്ന് പറയും എലീസ. എനിക്ക് സഹിക്കാൻ വയ്യാത്ത
ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നുവെന്ന് ഞാൻ പറഞ്ഞപ്പോൾ
“ നിങ്ങൾ ഭാഗ്യവതിയാണെന്ന്” അവൾ പറഞ്ഞു. ഞാനെന്റെ
ഭാഗ്യത്തെ കുറിച്ചോർത്തു. അപ്പോൾ പെട്ടെന്ന് അവൾ നിശബ്ദയായി.
മെല്ലെ “ എല്ലാം ശരിയാകും” എന്നു പറഞ്ഞ് മുറി വിട്ട് പോയി.
ജാക്വലീന എന്ന വെള്ളക്കാരിക്ക് ഏറെ പ്രായമായിരിക്കുന്നു.
എന്നിട്ടും നിവർത്തിപിടിച്ച വടി പോലെ അവർ നടന്നു വരും.
ഐ സി യൂ വിൽ വെച്ചിട്ട മൂത്രത്തിന്റെ  കാതറ്റർ പിന്നീട് അഴിച്ച് മാറ്റിയത്
അവരാണ്. അപ്പോളൊക്കെ അവരുടെ കൈ വിറച്ചു കൊണ്ടിരുന്നു.
അവർ രക്തമെടുക്കാൻ സൂചിയെടുത്തപ്പോൾ എനിക്ക് പേടി തോന്നി.
പക്ഷെ വർഷങ്ങളുടെ  അനുഭവ സമ്പത്ത് അവർക്ക് തുണയായിട്ടുണ്ട്.
ആശുപത്രിക്കകത്ത് പെർഫ്യൂമുകൾ ഉപയോഗിക്കാൻ അനുവാദമില്ല.
ഫ്രാഗ്രൻസ് ഫ്രീ ഏരിയ. എന്നിട്ടും രാപകലില്ലാതെ പണിയെടുക്കുന്ന നഴ്സുമാർ അരികിലെത്തുമ്പോൾ അവരെ വിയർപ്പ് മണത്തില്ല. വൃത്തിയുടെ  ഗന്ധം അവരെ വലയം ചെയ്തിരുന്നു. ജാക്വലീനക്ക് മാത്രം
അരികിലെത്തുമ്പോൾ നല്ല സുഗന്ധമുണ്ടായിരുന്നു. ആദ്യമായി മുറിയിൽ
വന്ന ദിവസം എന്നെയും കയ്യിലെ ചാർട്ടിലേക്കും അവർ മാറി മാറി
നോക്കി. “നിന്നെ കണ്ടപ്പോൾ ഒരു പതിനെട്ടുകാരിയാണെന്ന് ഞാൻ കരുതി.
പക്ഷെ ചാർട്ടിൽ നിന്റെ വയസ്സ് വായിച്ച് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി”  ,
ജാക്ക്വലീന മധുരമായ ഈ വാക്കുകൾ പ്രശംസയാണോ
കുറ്റപ്പെടുത്തലാണോ എന്ന് തിരിച്ചറിയാൻ വയ്യാത്ത പരുക്കൻ
ശബ്ദത്തിലാണ് പറഞ്ഞത്.
"നിനക്ക് ചെറിയ കുട്ടികളുണ്ടോ” അവർ ഗൗരവ്വത്തിൽ ചോദിച്ചു.
“ഉവ്വ് ,ആറ് വയ്സ്സുള്ള ഒരു മകളുണ്ട്.”
 “ഞായറാഴ്ച അവൾ വരുമോ? നോക്കൂ..ഈ മുറിയുടെ ജനാലയിലൂടെ
അവൾക്ക് സാന്റ ക്ളോസ് പരേഡ് കാണാം. പുറത്തെ കൊടും
തണുപ്പിലിറങ്ങി നിൽക്കാതെ ഈ ബ്ലൈൻഡുകൾ ഉയർത്തി സുഖമായി കാണാം”
പഴയ തലമുറക്കാരിയുടെ അച്ചടക്കവും സമ്പ്രദായങ്ങളും അവർ മുറുകെ പിടിച്ചിരുന്നു. അവർ സ്റ്റെർലിയെ സർ എന്നു അഭിസംബോധന ചെയ്തു.

ഇന്തോനേഷ്യക്കാരി പെണ്ണ് സുന്ദരമായി മടക്കി കെട്ടിയ മുടിയുടെ അരികിലൊരു പൂ വെച്ചു പൂവിനേക്കാൾ മൃദുലമായി സംസാരിച്ചു.
കിറ്റി പൂച്ചപാദങ്ങൾ പെറുക്കി വെച്ചു വന്നു. അവൾ  അക്ഷരാർഥത്തിൽ ഒരു പൂച്ചക്കുട്ടിയായിരുന്നു.
കൂട്ടത്തിൽ ഏറ്റവും സുന്ദരിയൊന്നുമായിരുന്നില്ല കിറ്റി. എങ്കിലും സൗന്ദര്യ മേഖലയിൽ എവിടെയെങ്കിലും പ്രവർത്തിക്കേണ്ടവളാണ്
കിറ്റി എന്നു അവളുടെ  മോടി പിടിപ്പിച്ച ചിരിയും ചലനങ്ങളും
സംസാരവും എന്നോട് പറഞ്ഞു.
ഒരു വൈകുന്നേരം പുറത്ത് കഠിനമായ ശീതക്കാറ്റ് വീശി.
ഈ കാറ്റിൽ അതിലോലയായ കിറ്റി പറന്നു പോയേക്കുമെന്ന് എനിക്ക് തോന്നി.
പിറ്റേന്ന് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിതറിയിട്ട് കൊണ്ട്
കിറ്റിയും അതു തന്നെ പറഞ്ഞു.  വീട്ടിലേക്കുള്ള യാത്രയിൽ തന്റെ തൊപ്പി
പറന്നു പോയതും...കാറ്റിൽ നിന്നും രക്ഷപ്പെടാൻ താനൊരു
മരത്തിൽ അള്ളിപ്പിടിച്ചതും.

സൂസനെ  അദ്യം കണ്ടപ്പോൾ  എവിടെയോ കണ്ട് മറന്ന മുഖം പോലെ.
ചിന്തയും ഓർമ്മയുമൊക്കെ വല്ലാതെ ക്ളാവ്  പിടിച്ചു മങ്ങി
കിടന്നതു കൊണ്ടാകും ദിവസങ്ങളെടുത്തു അവർക്ക് കാമറിൻ ഡിയസിന്റെ
മുഖമാണെന്ന് തിരിച്ചറിയാൻ.
ഒരിക്കൽ എന്റെ കയ്യിൽ നിന്നും രക്തമെടുത്ത് കൊണ്ടിരിക്കേ ഞാനത്
അവരോട് പറഞ്ഞു. “ നിങ്ങളെ കാണാൻ കാമരിൻ ഡിയസിനെ  പോലെയാണ്.”
സൂസൻ  പൊട്ടിച്ചിരിച്ചു. “ഞാൻ അവരുടെ ഏഴയലത്ത് പോലുമെത്തില്ല . സൗന്ദര്യം കൊണ്ടും സമ്പാദ്യം കൊണ്ടും.”
പക്ഷെ എനിക്ക് തോന്നിയത് സൂസൻ കാമറിനെക്കാൾ  സുന്ദരിയും സമ്പന്നയുമാണെന്നാണ്. എന്നെ പോലെ എത്രയോ രോഗികളുടെ
മുഖത്ത് അവർ വിടർത്തി വെക്കുന്ന പുഞ്ചിരി തന്നെയാണ് അവരുടെ
ഏറ്റവും വലിയ സമ്പാദ്യം.
പുലർച്ചെ രക്തമെടുക്കാൻ വരുമ്പോളൊക്കെ ഞാൻ ചിരിച്ചു,
“ഇതാ രക്തദാഹിയായ വാംപയർ വന്നിരിക്കുന്നു.”  
“നിങ്ങൾക്ക് ഉറക്കമില്ലേ” സൂസൻ പുഞ്ചിരിക്കും. തണുത്ത വിരലുകൾ കൊണ്ടെന്റെ കൈത്തണ്ടയിൽ മൃദുവായി പിടിക്കും. അതിലെ ചുമന്ന, നീലച്ച പാടുകളിലേക്ക് സങ്കടത്തോടെ നോക്കും.
“ സോറി ഡിയർ. ഇവിടെ ബ്രൂയിസ്ഡ് അല്ലാത്ത ഒരിടമില്ലല്ലോ !
നിങ്ങളുടെ ലോലമായ കയ്യിൽ  വീണ്ടും വീണ്ടും സൂചി കയറ്റേണ്ടി വരുന്നതിൽ
എനിക്ക് സങ്കടമുണ്ട്.” ഉറങ്ങുന്ന മകൾ ഉണരുന്നില്ലെന്ന് ഉറപ്പ് വരുത്താൻ എന്റെ അരികിലേക്ക്
കുനിഞ്ഞു വന്ന് ഒരു മഴച്ചാറ്റൽ പോലെ സൂസൻ പറയും.
മകൾക്ക് എന്റെ  മുറിയിൽ ഉറങ്ങാനുള്ള സാഹചര്യമൊരുക്കി തന്നതും  
എന്നും ഭർത്താവും മകളും നടത്തിക്കൊണ്ടിരുന്ന ദീർഘ യാത്രകളും
എന്റെ ഏകാന്തതയും വെട്ടിച്ചുരുക്കി തന്നതും സൂസനായിരുന്നു.
ഒരു വൈകുന്നേരം പുറത്തു നിന്ന്  ഒരു റിക്ലൈനിംഗ് സോഫ വലിച്ചു
കൊണ്ട് വന്നു അവർ മുറിയിലിട്ടു.
“വീട്ടിൽ പോകേണ്ട അമ്മയോടൊപ്പം ഇവിടെ ഉറങ്ങിക്കൊളൂ..”
എന്നു പറഞ്ഞ് മകളുടെ മുഖത്ത് ആയിരം നക്ഷത്രങ്ങൾ വിതറിയിട്ടു.

വെളുത്തു തടിച്ച ഒരു പെൺകുട്ടിയാണ് ജോവന്ന.
കടും തവിട്ട് നിറമുള്ള ചുരുണ്ട മുടി അവൾ ഉയർത്തി കെട്ടി വെച്ചിരിക്കും.
കുനിഞ്ഞ് നിന്നു ജോലി ചെയ്യുമ്പോൾ  അവളുടെ അരക്കെട്ടിൽ നിന്നും
പാന്റ് ഒന്നു തെന്നിയിറങ്ങുകയും ഭംഗിയായി പിന്നിൽ പച്ചക്കുത്തിയത്
വെളിപ്പെടുകയും ചെയ്യും. മാളിലോ..നിരത്തിലോ വെച്ച് കണ്ടിരുന്നെങ്കിൽ എന്റെ ചീത്ത മനസ്സ്  ജോവന്നയെ ഉത്തരവാദിത്വബോധമൊന്നുമില്ലാതെ
ജീവിതം അഘോഷിച്ചു നടക്കുന്ന ഒരു പെൺകുട്ടിയെന്ന് മുദ്രകുത്താൻ
വ്യഗ്രതപ്പെട്ടേനെ.
പക്ഷെ നഴ്സാകാൻ ജനിച്ചവളാണ് താനെന്ന് ജോവന്ന സദാ
തെളിയിച്ചു കൊണ്ടിരുന്നു. കാരുണ്യത്തിന്റെ ഒരു പുഞ്ചിരി അവളുടെ
ചുണ്ടിലെപ്പോഴും വറ്റാതെ നിന്നു. പുതുതായി ജോലിക്ക്
പ്രവേശിച്ചതിന്റെ ചുറുചുറുക്ക് , പ്രായത്തിന്റെ പ്രസരിപ്പ് എല്ലാം അവൾക്കുണ്ട്.
ഒന്നും ചോദിക്കാതെ തന്നെ ജോവന്ന കണ്ടറിഞ്ഞ് ചെയ്യും. “കുളിക്കണ്ടേ “അവൾ തോർത്തും കുപ്പയവുമൊക്കെയായി മുന്നിൽ വന്നു  
നിൽക്കും. നെഞ്ചിലെ വീനസ് കാതറ്റർ ലൈൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു
ഒട്ടിച്ചു തരും. കുളിച്ചു വരുമ്പോൾ കിടക്കയിൽ പുതിയ വിരി വിരിച്ച് വെക്കും.
പ്ളാസ്മഫെറസിന് നേരത്തെ പുറപ്പെടേണ്ട രാവിലെകളിൽ നേരത്തെ
ഭക്ഷണം എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യും.
മടങ്ങിയെത്തി അതിദ്രുതം മിടിക്കുന്ന ഹൃദയതാളത്തിൽ മയങ്ങി
കിടക്കുമ്പോൾ “ഹൗ ഡു യൂ ഫീൽ…” എന്ന അന്വേഷണവുമായി ഓടി വരും
ജൂവന്ന എന്ന മിടുമിടുക്കി.
സുഹൃത്ത് കൊണ്ടു വന്ന ഇന്ത്യൻ ഭക്ഷണം  എല്ലാവരും കഴിച്ചു കൊണ്ടിരിക്കെയാണ് വെള്ളക്കാരിയായ എമ്മ  മരുന്നുകളുമായി
കടന്നു വന്നത്. സന്ദർശകരുടെ മുഖത്ത് പടർന്ന ജാള്യതയെ നിറഞ്ഞ ചിരിയോടെ
അവർ തൂത്ത് മാറ്റി.
‘ആഹാ..എനിക്ക് പരിചിതമായ മണം  കിട്ടുന്നല്ലോ..” തന്റെ മകൻ ഡേറ്റ്
ചെയ്യുന്നത് ഒരു ശ്രീലങ്കൻ പെൺകുട്ടിയെ ആണെന്നും അവളുടെ പക്കൽ നിന്നും ഞാനിത്തരം ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
“ ഷീ ഈസ് ഏ സ്വീറ്റ് ഗേൾ”
എന്നാണ് ഭാവി മരുമകളെ പറ്റി എമ്മയ്ക്ക് പറയാനുള്ളത്. .
അതെ... ആദ്യത്തെ ദിവസം അവർ പറഞ്ഞത്  അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു.‘മൗണ്ട്  സിനായ് ‘ ഒരു ഫാമിലി ഫ്രെൻഡ്ലി ഹോസ്പിറ്റലാണ്.

സർജറി മുറിയിലെ ‘മുത്തുമണി’

ഒരാഴ്ചയാകുമ്പോൾ കഴുത്തിൽ നിന്നും പ്രധാന നാഡിയിലേക്കിറക്കിയ
വിനസ് സെണ്ട്രൽ ലൈൻ അഴിച്ച് നെഞ്ചിലൂടെ ഇടാൻ തീരുമാനമായി.
അതിനായ് സർജറി മുറിയിലേക്ക് കൊണ്ട് പോയി. മുൻപ് കണ്ട
കാരുണ്യത്തിന്റെ മുഖങ്ങളൊന്നുമല്ല അവിടെ എന്നു തോന്നി.
അവിടെ രോഗികളൊക്കെ ഓരോ ‘കമോഡിറ്റി’കളാണെന്ന് തോന്നി.
ഒരോരുത്തരെയായി സർജ്ജറി ടേബിളിലേക്ക് കയറ്റുന്നു.  പണിയുന്നു.
ഇറക്കി വിടുന്നു.
ഇന്ത്യൻ വംശജയെ പോലെ തോന്നിച്ച സർജ്ജൻ  അതീവ തിരക്കിലാണ്.
എത്രയും വേഗം പണികൾ തീർത്ത് പോകണമെന്ന മട്ട്.  അവരുടെ മുഖ്യ
സഹായിയായി മലയാള നടി “മുത്തു മണി”യുടെ മുഖമുള്ള നല്ല നീളമുള്ള
വെള്ളക്കാരി നഴ്സ് അതിനേക്കാൾ നീളമുള്ള നാക്കിട്ടടിക്കുന്നു.
പുറത്ത് വന്ന് നടക്കാൻ പോകുന്നതെന്തെന്ന് അവർ ഞങ്ങൾക്ക്
വിശദീകരിച്ചു തന്നു. “കുറച്ചു കഴിഞ്ഞു ഡോക്ട്ടർ ഇതു തന്നെ വീണ്ടും പറയുമെന്ന് കുറച്ചു
കൂടി ടെക്കിനിക്കൽ  ഭാഷയിൽ ആയിരിക്കുമെന്ന് മാത്രം”എന്നവർ
പൊട്ടിച്ചിരിച്ചു.
“ഒന്നു കൊണ്ടും വിഷമിക്കേണ്ട...ഇവരെ ഞങ്ങൾ പൊന്നു പോലെ നോക്കുമെന്ന്”   സ്റ്റെർലിയോട് പറഞ്ഞ് അവർ വീണ്ടും ചിരിച്ചു.

സ്ട്രെച്ചറിൽ കിടന്നു കൊണ്ട്  മെലിഞ്ഞ ചില്ലു മേശക്കരികിൽ ഞാനെത്തി. “നിങ്ങൾക്ക് തന്നെ കിടക്കാമോ. അതോ ഞങ്ങളെടുത്തു വെക്കണോ?”  
മുത്തുമണി ചോദിച്ചു.
“ഇല്ലെങ്കിൽ ധൈര്യമായി പറയൂ. ഞങ്ങൾക്കിത് ഒരു പ്രശ്നമേയല്ല. ഒരു നിത്യഭ്യാസമാണ്. നിങ്ങളുടെത് ഒരു ചെറിയ ശരീരമല്ലേ.
ഞങ്ങളത് പുല്ലു പോലെ ഉയർത്തും… ഞങ്ങളിതിലും  എത്രയോ വലിയ
ശരീരങ്ങൾ പൊക്കി വെക്കുന്നു.”
മുത്തുമണി കത്തിക്കയറുകയാണ്.
“ഞാൻ തന്നെ കിടക്കാം” .
കഴുത്തിലെ വേദന അതിപ്പോഴും അവിടെയുണ്ട്. പ്ലാസ്മഫെറസിസിനു
ശേഷം ശരീരമാകെ കുഴഞ്ഞിരിക്കുന്നു. മരൂന്നുകളുടെ കാഠിന്യം
കൊണ്ട് പേശികളെല്ലാം വിറയ്ക്കുന്നു. എങ്കിലും വേഗം മാറി കിടന്നാൽ
മുത്തുമണി മിണ്ടാതിരിക്കുമെന്ന പ്രതീക്ഷയിൽ അതിന് പുറപ്പെട്ടു.
പക്ഷെ മുത്തുമണിക്കു പറയാൻ ഇനിയുമെത്ര. ഒരു കമന്ററി  പോലെ
അതങ്ങനെ നീണ്ടു നീണ്ടു പോയി. മറ്റു നഴ്സുമാരൊക്കെ അവരുടെ
നാക്ക് മുത്തു മണി കൊണ്ട് പോയതു പോലെ മൗനത്തിൽ മുങ്ങി നിന്നു
അവരവരുടെ പണികൾ ചെയ്തു.
“നോക്കൂ..ഇത് നിങ്ങളുടെ വീട്ടിലെ കിങ്ങ് സൈസ് ബെഡൊന്നുമല്ല. മെലിഞ്ഞൊരു മേശയാണ്. തിരിയാം മറിയാം എന്നൊന്നും വിചാരിക്കരുത്. വിചാരിച്ചാൽ നിലത്ത്
കിടക്കും.
"നോക്കു..ഞാനിവിടെ രണ്ട് സാധങ്ങൾ വശങ്ങളിൽ ഘടിപ്പിക്കാം. നിങ്ങളുടെ
കൈകൾക്ക് സുഖമായി വിശ്രമിക്കാം. നിങ്ങൾക്ക് രണ്ട് ചിറകുകൾ  കിട്ടിയതായി
തോന്നുന്നില്ലേ.”
“ക്ഷമിക്കണം .നിങ്ങളുടെ ഉടുപ്പു ഞങ്ങൾക്കല്പം  താഴേക്കു താഴ്ത്തണം.
വിഷമിക്കേണ്ട….നിങ്ങളുടെ നെഞ്ച് മറ്റാരും കാണുകയില്ല. ഞങ്ങൾ കുറച്ചു പേർ
മാത്രം.”
“ഞാൻ  നിങ്ങളുടെ കഴുത്തിൽ നിന്നും ബാൻഡേജ് അഴിക്കട്ടേ….അയ്യോ... മുടിയാകെ കുരുങ്ങിയിരിക്കുന്നല്ലോ. നിങ്ങളുടെ മുടിയിലാകെ രക്തം ഉണങ്ങി
കട്ടപ്പിടിച്ചിരിക്കുന്നു . നോക്കു എനിക്കിതൊന്നു വെട്ടേണ്ടി വരും. വിഷമിക്കേണ്ട വളരെ കുറച്ചു മാത്രം. നിങ്ങളുടെ  സുന്ദരമായ മുടി ഞാനൊന്നും ചെയ്യുന്നില്ല. പേടിക്കേണ്ട,”
‘മുത്തുമണി’യുടെ വായ കൂട്ടി വെച്ച്  ഒരു പ്ലാസ്റ്റർ ഒട്ടിക്കാൻ ഞാൻ കഠിനമായി
ആഗ്രഹിച്ചു.
‘മുത്തുമണി’യുടെ ഊഴം കഴിഞ്ഞപ്പോൾ  ഡോക്ട്ടറുടെ ഊഴമായി. എന്തു
ചെയ്യുന്നുവെന്ന് ഡോക്ട്ടർ വ്യക്തമായും വിശദമായും പറയാൻ തുടങ്ങി.
 “ക്ഷമിക്കണം..നിങ്ങൾ റിലാക്സ് ചെയ്തോളൂ.ഞാൻ ഇതൊക്കെ പറയുന്നത് എന്റെ കൂടെ ഒരു റസിഡന്റ് ഉണ്ട്.”
കണ്ണുകളടച്ചു വെക്കാം. കാതുകളോ?

ലൈൻ വലിക്കുകയാണ്. ഇനിയുമുണക്കമെത്താത്ത  മുറിവായ തുറക്കുന്നു.
കൺകോണിലൂടെ ഉപ്പുനീരൊഴുകുന്നു.
നെഞ്ചിലേക്ക് ലൈനിടാൻ സമയമായി. “ നിങ്ങളെ ഫ്രീസ്  ചെയ്യാൻ പോകുന്നു”
നെഞ്ചിൽ സൂചിയിറങ്ങുന്നു. ഒരു നീറ്റൽ ..പടർന്നു പിടിക്കുന്ന പൊള്ളൽ .
പിന്നെ എല്ലാം ശാന്തം. ഡോക്ട്ടർ തട്ടി തട്ടി നോക്കുന്നു.
“കാൻ  യൂ ഫീൽ എനി പേയ്ൻ”
ഇല്ല. വേദനയില്ല. തട്ടുന്നത് അറിയാമെങ്കിലും.
പക്ഷെ കഴുത്തിലിപ്പോഴും  വേദന പിടയുന്നു.
പുതിയ ലൈനിടുമ്പോൾ ..വല്ലാത്ത ശ്വാസം മുട്ടൽ. ശ്വാസകോശമാരോ
 അമർത്തുന്ന പോലെ. വല്ലത്തൊരു ഉന്തലും തള്ളലും.
അസഹ്യത . ഇതെന്താണ് അവസാനിക്കാത്തത്?  
“ഇത് ശരി ആയില്ലെങ്കിൽ എന്ത് ചെയ്യും?” റസിഡന്റിന്റെ സംശയം.
“അഴിച്ച് വീണ്ടും ഇടേണ്ടി വരും.”
ശരിയാവണേ , ഞാൻ പ്രാർത്ഥിച്ചു.


സൗഹൃദം

സുഹൃത്തുക്കൾ സ്നേഹം പാചകം  ചെയ്തു കൊണ്ടു വരുന്നു.
ആരുമില്ലാത്തൊരു ലോകത്ത് ആരൊക്കെയോ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നു . അറിയാതെ വന്നൊരു അസുഖം അറിയാതെയങ്ങ് മാഞ്ഞ് പോകട്ടേ എന്ന്  
അനിലേട്ടനും സപ്ന ചേച്ചിയും ആശംസിക്കുന്നു.. .
ജുന ആദ്യമായി ചൂടുള്ള കഞ്ഞിയും ചമ്മന്തിയുമായി വന്നത്  
കഴുത്തിൽ നിന്നുംനെഞ്ചിലേക്ക് വീനസ് കതീറ്റർ മാറ്റിയിട്ട
ദിവസമായിരുന്നു. പ്രൊസീജറിന്   ശേഷം കുഴഞ്ഞു മറിഞ്ഞ ശരീരവുമായി
കഞ്ഞി കുടിക്കാൻ ഇരുന്നപ്പോൾ ലോകത്തിലേക്ക് വെച്ച് ഏറ്റവും
രുചിയുള്ള ആഹാരമാണ് ഞാൻ കഴിക്കുന്നതെന്ന് എനിക്കു തോന്നി.
പിന്നേയും വന്നു ജൂന. കനത്ത മഞ്ഞു വീഴച്ചയേയും അസ്ഥിയിലേക്ക്
 തുളഞ്ഞു കയറുന്ന കാറ്റിനേയും വകവെക്കാതെ പുബ്ലിക്ക് വാഹനങ്ങൾ
കയറിയിറങ്ങി ഡൗൺ ടൗണിലെത്തി.
ഒന്നനങ്ങിയാൽ എനിക്ക് വേദനിക്കുമെന്ന് പേടിച്ച് ജൂന മുറിയുടെ
.ഒരു മൂലക്കിരുന്നു മകളുടെ ഇടതടവില്ലാത്ത വർത്തമാനങ്ങൾക്ക്  
കാതോർത്തു.
“ മഞ്ഞ മോരും  ചുവന്ന മീനും” എഴുതിയ  നിർമ്മലേച്ചി (എഴുത്തുക്കാരി നിർമ്മല തോമസ്)  ഹാമിൽടണിൽ നിന്നും
യാത്ര ചെയ്ത് “ മഞ്ഞ മോരുകറിയും ചുവന്ന അച്ചാറും
(മീൻ കറി കിട്ടിയില്ല :) )”കൊണ്ട് വന്നു.
ആരും എഴുതാത്ത രോഗാനുഭവങ്ങൾ എനിക്കിനി എഴുതാമല്ലോ
എന്ന് എന്നെ  ഉത്സാഹപ്പെടുത്തി.
ജയൻ ചേട്ടനും ഷീലേച്ചിയും എനിക്ക് പ്രിയപ്പെട്ട ഫിഷ് കട്ലെറ്റ്
കൊണ്ട് വന്നു. ജയൻ ചേട്ടന്റെ മുഖം മ്ളാനമായിരുന്നു.
അപകടത്തിൽ പെട്ട് കാൽ നഷ്ട്ടപ്പെട്ടത് കൊണ്ട് യുദ്ധത്തിൽ പോയി
ജീവൻ നഷ്ട്ടപ്പെടുത്തേണ്ടി വരാതിരുന്ന ഒരാളുടെ കഥ
ജയൻ ചേട്ടൻ അവിടെയിരുന്നു പറഞ്ഞു.
ലണ്ടനിൽ നിന്നും  ഓടിയെത്തി, പ്രീണ ഒരു സഹോദരിയെ പോലെ
ചോരയും വിയർപ്പും കട്ടപിടിപ്പിച്ച എന്റെ തലമുടി കെട്ടി വെച്ചു .
വീട്ടിലെ ഫ്രിഡ്ജ് മുഴുവൻ ആഹാരസാധനങ്ങൾ നിറച്ചു.
കൂടി കിടന്ന വസ്ത്രങ്ങൾ മടക്കി വെച്ചു.

എല്ലാവരും മകൾക്ക് എന്തെങ്കിലുമൊക്കെ കരുതലോടെ കൊണ്ടു വന്നു.
ചൊക്കലേറ്റും സ്റ്റിക്കർ പുസ്തകങ്ങളും അവളെ സന്തോഷിപ്പിച്ചു.

ആദ്യത്തെ ഡിസ്ചാർജ് ദിവസം സ്നോ സ്റ്റോർമിലൂടെ  തുഴഞ്ഞ്
ആശുപത്രിയിൽ നിന്നും വീട്ടിലെത്തുമ്പോൾ ആഹാരവുമായി
കുഞ്ഞേച്ചി കാത്ത് നിന്നു.
ആദ്യമായി എന്റെ വീട്ടിലെത്തുന്ന കുഞ്ഞേച്ചി എന്നെ എന്റെ വീട്ടിലേക്ക്
ആനയിച്ചു..
നാട്ടിൽ ഒന്നും അറിയാതെ  അച്ഛൻ സമാധാനത്തോടെ ഉറങ്ങി.
എല്ലാമറിയുന്ന ചേച്ചി ഉള്ളിലൊരു അഗ്നിപർവ്വതം കൊണ്ട് നടന്നു.  
ചിലപ്പോൾ കാഴ്ച മങ്ങി പോയ കണ്ണുകൾ കൊണ്ട് ബുദ്ധിമുട്ടി
ഞാൻ ഫേസ് ബുക്കിലേക്ക് നോക്കി.
എല്ലാവരുമുണ്ട്.
മതഭ്രാന്തന്മാർ, ബുദ്ധിജീവി നാട്യക്കാർ, ലോകം സ്പന്ദിക്കുന്നത് തങ്ങളുടെ
വിരൽ തുമ്പിലെന്ന ശാഠ്യക്കാർ.
ചുംബന  സമരത്തിന്റെ അലകൾ അടങ്ങിയിട്ടില്ല.
ജീവിച്ചിരിക്കുന്നവർക്ക് എന്തെല്ലാം പ്രശ്നങ്ങൾ !
കൂടെ നടന്നവർ കൊഴിഞ്ഞ് വീഴുന്നതറിയാതെ മുന്നോട്ടോടുന്ന
മുഖപുസ്തക കൂട്ടുകാർ.
അക്കൂട്ടത്തിൽ നിന്നും വേർപെട്ട് സ്നേഹ  തിളക്കമുള്ള മൂന്നു നാല്
പേർ ചോദിക്കുന്നു “മായാ...നീ എവിടെയാണ്? “
ദൂരെ ദൂരെ ഇരുന്നു അവർ എനിക്ക് സ്നേഹം അയച്ചു തന്നു കൊണ്ടിരുന്നു.

ടോറൊണ്ടോ ജനറലിലെ എഫരസിസ് യൂണിറ്റ്


കുറെക്കാലം  എഫരസീസ് യൂണിറ്റ് എനിക്ക്  വീട് പോലെയായിരുന്നു.
അവിടത്തെ ഓരോരുത്തരും കുടുംബാംഗങ്ങൾ പോലെയും.
ടിടിപി ബാധിച്ച് കിടപ്പിലായ എന്നെ രാവും പകലും
നന്മക്കൈകൾ കൊണ്ട് കൂടെ നിന്നു പരിചരിച്ചവർ
മൗണ്ട് സിനായിയിലെ സ്റ്റാഫായിരുന്നുവെങ്കിലും സാധാരണ
ജീവിതത്തിലേക്ക്  കൈപിടിച്ച് നടത്തിയത് ഡോക്ട്ടർ
ഡേവിഡ് ബാർതിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന
റ്റൊറന്റോ ജനറൽ ആശുപത്രിയിലെ എഫരസിസ് യൂണിറ്റായിരുന്നു.
പ്ളാസ്മഫെരസിസ് ചെയ്യുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന
അനുഭവമെന്ത് അസ്വാഭാവികമെന്ത് എന്നു ഒരു നിശ്ചയവും
എനിക്ക് തുടക്കത്തിൽ ഇല്ല..
ഒരു സ്പൂൺ കഫ് സിറപ്പ് കുടിച്ചാൽ തന്നെ സുഖനിദ്രയിലേക്ക് വീഴുന്ന
എന്നെ സംബന്ധിച്ചു റിയാക്ഷൻ ഒഴിവാക്കാനായി   കയ്യിലെ
സൂചിയിലൂടെ കയറ്റിക്കൊണ്ടിരുന്ന കൂടിയതോതിലുള്ള ബനാഡ്രിൽ
ഒരു തരം ബോധക്കേടിലേക്ക് തള്ളിയിട്ടിരുന്നു.
എന്നാൽ ഉയർന്ന ഡോസിൽ തരുന്ന സ്റ്റീറോയ്ഡ് എന്നെ ഒരേ സമയം
തട്ടിയുണർത്തി പറക്കാൻ വിടുകയും ചെയ്തു. രണ്ടാമത്തെ ദിവസമാണ്
ആ അനുഭവം എന്നെയാകെ കുലുക്കി മറിച്ചത്.
ഞരമ്പിലൂടെ മരുന്നുകൾ ഓടിക്കയറാൻ തുടങ്ങിയതും അടപ്പ്
തെറിച്ച്  ആത്മാവ് ആകാശത്തേക്ക് പോയത് പോലെ എനിക്ക് തോന്നി.
ശരീരം ഭാരംവിട്ട് എങ്ങോ പറന്നുയരുകയാണ്.
“ഹൗ ഡു യൂ ഫീൽ മായ… എനി പ്രോബ്ളം  ?” പൊക്കക്കാരനായ
വെള്ളക്കാരൻ ഫെർണാണ്ടസ്  ചോദിച്ചു.
“ഐ ആം ഫ്ളോട്ടിംഗ്..” ഞാൻ ബോധത്തിനും അബോധത്തിനുമിടയിൽ
എവിടെയോ നിന്നു വിളിച്ചു പറഞ്ഞു.
“ഫ്ളോട്ടിംഗ്..? ഫ്ലോട്ടിംഗ് വേർ..” എനിക്കിനി ഒന്നും പറയാൻ വയ്യ.
“മായ..ആർ യൂ ഓക്കെ ?..മായാ ..മായാ ..”
നഴ്സുമാരുടെ വിളി ഒരു മറക്കപ്പുറത്തെവിടെയോ…. ഞാൻ
ഒഴുകി ഒഴുകി നീങ്ങി.
പിന്നെ ഈ ഒഴുകി നീങ്ങൽ എനിക്ക് ശീലമായി. പ്ളാസമഫെരസിസിന്  
ശേഷം അന്നു മുഴുവൻ മിടിച്ചുയർന്ന് വായോളമെത്തുന്നത് പോലൊരു   ഹൃദയമാണ് എനിക്ക് കൂട്ട്.

ആദ്യം പ്ലാസ്മഫെരസിസ്  യൂണിറ്റിൽ നിന്നും ആളുകൾ
എന്നെ തേടി മൗണ്ട് സിനായിലെ ഐ. സി.യൂ വിലേക്കും പിന്നെ
മുറിയിലേക്കുമെത്തി.
പതുക്കെ  മൗണ്ട് സിനായിയെയും റ്റൊറൊണ്ടൊ ജനറൽ ആശുപത്രിയേയും ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ  
യാത്ര ചെയ്തു ഞാൻ എഫരസീസ് യൂണിറ്റിലെത്താൻ തുടങ്ങി.
എന്നെ കൊണ്ട് പോകാൻ പല മുഖമുള്ള പോർട്ടർമാർ വരും.
അവരിൽ ചിലർക്ക് മൊട്ടത്തലയുംപരുക്കൻ മുഖവും പച്ചക്കുത്തിയ ദേഹവുമുണ്ടാകും.
അവരെ തെരുവിൽ വെച്ചു കണ്ടാൽ മാറി നടക്കണമെന്ന് എനിക്ക്
തോന്നിയെനെ. പക്ഷെ അവരെല്ലാം അതീവ ശ്രദ്ധയോടെ ഒരു പളുങ്കു
പാത്രം പോലെ തട്ടിയുടയാതെ എന്നെയും കൊണ്ട് യാത്രയാകും.
ഭൂമിക്കടിയിലൂടെയുള്ള യാത്രയിൽ എനിക്കു തണുക്കുന്നില്ലെന്ന് അവർ
ഉറപ്പു വരുത്തും. ചൂടാക്കിയ ബ്ളാങ്കറ്റുകൾ അവരെൻറെ  
മേലേക്ക് വിരിക്കും. കയറ്റത്തിലും ഇറക്കത്തിലും വളവിലും
തിരിവിലും അവർ സോറി പറയും. ഏകാന്തമായ തുരങ്കത്തിന്റെ
മഞ്ഞ വെളിച്ചത്തിലേക്ക് അപൂർവമായി മാത്രം ചില
ഡോക്ട്ടർമാർ, സ്റ്റ്രെച്ചറുന്തുന്ന ചില പോർട്ടർമാർ പ്രത്യക്ഷപ്പെട്ടു.
അവർ തമ്മിൽ നടന്ന ഹ്രസ്വമായ സംഭാഷണങ്ങളിൽ അവരുടെ
ജീവിതവും ജോലിഭാരവും തുടിച്ച്നിന്നു.
മനുഷ്യരെ വിശ്വസിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.
എഫരസിസ് യൂണിറ്റിലെ റിസപ്ഷനിലെ  മാനേജിംഗ് നഴ്സിനെ എന്റെ
ഫയൽ എൽപ്പിച്ച്  എഫരസിസ് ചെയ്യുന്ന മുറികളിലൊന്നിൽ
എന്നെ ഇരുത്തിയിട്ടേ അവർ മടങ്ങു. അന്നത്തെ ചികിത്സ കഴിയുമ്പോൾ
ചിലപ്പോൾ അയാൾ തന്നെ അല്ലെങ്കിൽ മറ്റൊരാൾ വന്നു
കൂട്ടിക്കൊണ്ട് പോകും. വീണ്ടും ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ.
മൌൺട് സിനായിൽ മടങ്ങിയെത്തുമ്പോൾ
“യങ്ങ് ലേഡി ഈസ് ബാക്ക് “ എന്ന് വിളിച്ച് പറഞ്ഞ്  മുപ്പത്തേഴുകാരിയായ
എന്റെ ഉള്ളിൽ ചിരി വിടർത്തുന്ന ഒരാൾ,
“ഡോണ്ട് വറി ..ഐ വിൽ ടെക് കെയർ ഓഫ് ഹേർ..” എന്ന് ഭർത്താവിന് ഉറപ്പ്
കൊടുക്കുന്ന മറ്റൊരാൾ. എല്ലാം നന്മ മുഖങ്ങൾ മാത്രം.
ആദ്യം സ്റ്റ്രെച്ചറിൽ കിടന്നും പിന്നെ വീൽ ചെയറിൽ ഇരുന്നും
ഞാൻ യാത്ര ചെയ്തു.
ചില ദിവസങ്ങളിൽ ഒറ്റക്ക്..ചില ദിവസങ്ങളിൽ ഭർത്താവും മകളും
കൂടെയുണ്ടാകും.
 മകൾക്ക് അതൊരു കൗതുക യാത്രയാണ്.
തണുത്ത തുരങ്കത്തിലൂടെയുള്ള ദീർഘിച്ച നടത്തമൊന്നും
അവൾ വകവെച്ചില്ല. അവൾ എനിക്ക് മുന്നിലായി ഓടിക്കൊണ്ടിരുന്നു.
“നീയാണ് വഴി കാണിച്ച്  തരേണ്ടത് ഞങ്ങൾക്ക്”
പോർട്ടർമാർ അവളോട് തമാശ പറയും.
വഴികൾ പെട്ടെന്ന് പഠിക്കുന്ന അവൾ കൃത്യമായി എങ്ങോട്ടൊക്കെ
എന്നു കൈചൂണ്ടും.
ചൈനക്കാരനായ റിച്ചാർഡാണ് അതു പറഞ്ഞത്.
“അവൾ കുഞ്ഞല്ലേ? അവൾക്ക് കാലു കഴക്കില്ലേ…”
റിച്ചാർഡ്  അവളെ സ്റ്റ്രെച്ചറിൽ എന്റെ കാൽക്കൽ ഇരുത്തി.
സന്തോഷം കൊണ്ട് അവളുടെ കണ്ണൂകൾ വിടർന്നു.
പിന്നീട് റിച്ചാർഡ് വരുന്ന ദിവസം എനിക്ക് വീൽച്ചെയറിൽ
ഇരിക്കാമെന്നായി. മകളെ വീൽച്ചെയറിന്റെ പിന്നിൽ നിർത്തി ഒരു കൈകൊണ്ട് തള്ളുകയും മറുകൈ കൊണ്ട് ഫയൽ പിടിക്കുകയും
ചെയ്യും  റിച്ചാർഡ്. ഞാനെത്ര പറഞ്ഞിട്ടും അയാൾ ഫയൽ എന്റെ
മടിയിൽ വെക്കാൻ തയ്യാറായില്ല. റിച്ചാർഡിനൊരു എട്ടു വയസ്സുള്ള
മകളുണ്ട്. അവളെ കുറിച്ച് പറയുമ്പോൾ അയാളുടെ മുഖം വിടരും.
ആശുപത്രിയിലെ  എന്റെ അവസാനത്തെ ദിവസം റിച്ചാർഡാണ്
എന്നെ എഫരസിസ് യൂണിറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ വന്നത്. ഞാൻ  വീൽ ചെയറിലിരുന്നപ്പോൾ “മോളില്ലേ” എന്ന് അയാൾ
ആകാംക്ഷയോടെ മുറിയിലേക്ക് നോക്കി. മകൾ ഉണർന്നിട്ടില്ല.
മകളെ ഉണർത്തി തയ്യാറാക്കി  കൊണ്ട് വരാം...നിങ്ങൾ പൊയ്ക്കോളു..”
എന്നു സ്റ്റെർലി പറഞ്ഞപ്പോൾ റിച്ചാർഡിന്റെ മുഖത്ത്
നിരാശ പടർന്നു.
“ഇന്നു ചിലപ്പോൾ..ഡിസ്ചാർജ് പറയും ഡോക്ട്ടർ..ഇനിയുള്ള
ചികിത്സയൊക്കെ വീട്ടിൽ നിന്നു വന്നിട്ടാകും”
യാത്രക്കിടയിൽ ഞാൻ റിച്ചാർഡിനോട് എന്റെ സന്തോഷം പങ്കുവെച്ചു.
“ വളരെ സന്തോഷം. നിങ്ങൾ ഭേദം വെക്കുന്നത് ഓരോ  പ്രാവശ്യം
കാണുമ്പോഴും തിരിച്ചറിയാം. ആദ്യം ഞാൻ വരുമ്പോൾ  നിങ്ങൾ
തീർത്തും അവശ നിലയിലായിരുന്നു.”
റിച്ചാർഡ് യാത്ര പറഞ്ഞു പോയി.

പക്ഷെ ഭാഗ്യവശാൽ എന്നെ മടക്കി കൊണ്ട് പോകാനുള്ള വിളിയും  
റിച്ചാർഡിനെ തന്നെ തേടിയെത്തി.
മകളെ കണ്ട് അയാൾ സന്തോഷവാനായി. അവൾക്ക്  പതിവു പോലെ
വീൽ ചെയർ റൈഡ് കൊടുത്തു. മൗണ്ട് സിനായിലെത്തി മടങ്ങി പോകും
മുൻപ് ഞാൻ റിച്ചാർഡിന്റേയും മകളുടേയും  ചിത്രമെടുത്തു.

എഫരസീസ് യൂണിറ്റിലുള്ളവർ ഒരു വെള്ളക്കടലാസ്സ് പോലെ
ചോരവറ്റി കിടക്കുന്ന എന്നെ കണ്ടു.
പിന്നെ എന്നിൽ ജീവന്റെ  മുകുളങ്ങൾ വിരിയുന്നത് ആനന്ദത്തോടെ
നോക്കി കണ്ടു. കിടന്നു കൊണ്ട് വന്ന..ഞാൻ ഇരുന്നു കൊണ്ട് വരുന്നതും..
പിന്നെ നടന്നു കൊണ്ട് വരുന്നതും അത്യധികം സന്തോഷത്തോടെ
നോക്കി കണ്ടു.
ഓരോ തവണയും എഫരസിസ് മെഷീന് അരികിൽ ഒരു റിക്ലൈനിങ്ങ് ചെയറിൽ  അവരെന്നെ ചാരി കിടത്തും .
കാലുകൾ ഉയർത്തി വെച്ചു തരും. തണുത്തു
വിറക്കാതിരിക്കാനായി ചൂടാക്കിയ പുതപ്പുകൾ കൊണ്ട് മൂടും.
പളാസ്മ പാക്കറ്റുകൾ നിറച്ച വണ്ടിയുന്തി കൊണ്ട്   ബ്ലഡ് ബാങ്കിൽ നിന്നും അലിവുള്ള ചിരിയോടെ സേറ വരും.
രണ്ട് പേർ ചേർന്ന് ഓരോ പാക്കറ്റിലും എന്റെ പേരും  
ഡേറ്റ് ഓഫ് ബെർത്തും ഉണ്ടെന്ന് ഉറപ്പു വരുത്തും. പിന്നെ നീണ്ട ഒരു
പ്രക്രിയയിൽ ആകാശത്തിനും ഭൂമിക്കുമിടയിൽ ഞാൻ പറന്നു നടക്കും.
ശരീരം ഉറങ്ങുകയും മനസ്സ് വെള്ളി വെളിച്ചത്തിലേക്ക് ഉണർന്നു
പൊന്തുകയും ചെയ്യും.
ശരീരം വീണ്ടും റിയാക്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ നോർവേയിൽ നിന്നുമുള്ള
കൂടുതൽ ഫിൽറ്റർ ചെയ്ത പളാസ്മ  തരാൻ തുടങ്ങി.
ഓരോ പാക്കറ്റിനും 300 ഡോളറിൽ
കൂടുതൽ വിലയുണ്ട്. . ഓരോ സെഷനും  ഇരുപത്താറോളം പാക്കറ്റ്
പ്ലാസ്മ കയറ്റിയിരുന്നു. പിന്നെ എണ്ണം ചുരുക്കി കൊണ്ട് വന്നു.
എല്ലാ ചിലവുകളും ഗവണ്മെന്റ് വഹിക്കുന്നു.
എന്നെ എങ്ങനെയെങ്കിലും ജീവിപ്പിക്കുവാനുള്ള ബാദ്ധ്യത
കാനഡയുടേതായിരിക്കുന്നു.
“ ഈ രാജ്യത്ത് ജീവിക്കാൻ കഴിയുന്നതിൽ നമ്മൾ
നന്ദിയുള്ളവരായിരിക്കണം. ഈപ്രഫഷനിലിരിക്കുമ്പോൾ  ഞാനെപ്പോഴും
ചിന്തിക്കുന്നത് അതാണ്”.
ജുമേക്കക്കാരിയായ ഒരു നഴ്സ് ഒരിക്കൽ ഞങ്ങളോട് പറഞ്ഞു.

എഫരസിസ് യൂണിറ്റിലെ ഒരോർത്തരും വ്യത്യസ്തരാണ്.
എന്നാൽ അവരെല്ലാവരും മയമുള്ള വെണ്ണക്കട്ടകളായിരുന്നു. പാം ആണ് ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തി.
പാമിനു മാത്രമാണ് ഇത്തിരി പരുപരുപ്പ്. നീട്ടി വലിച്ചു  പരുക്കൻ
ശബ്ദത്തിൽ അവർ സംസാരിക്കും .
പ്രായം ചെന്ന അവരുടെ കറുത്ത മുഖത്തും കഴുത്തിലും ചുളിവുകൾ
നിവരുകയും കൂടുകയും ചെയ്യും. കുട്ടി പാവാടയും ഇറക്കം കുറച്ചു വെട്ടിയ
തലമുടിയുമായി പാം എല്ലാവർക്കും നിർദ്ദേശങ്ങൾ കൊടുക്കും. തനിക്ക് എടുത്താൽ തീരാത്ത പണിയെ കുറിച്ച്  പരാതി പറയുകയും ചെയ്യും.
പക്ഷെ ഡോക്ട്ടർ ബ്രാതിനു മുന്നിൽ നിൽക്കുമ്പോൾ പാം ഓരോ
വാക്കിലും പഞ്ചസാര ചേർക്കും. ചുണ്ടിൽ ചിരി പിടിപ്പിക്കും.
ഒരിക്കൽ പോലും പാം എനിക്ക് പ്ലാസ്മഫെരസിസ് ചെയ്യാൻ
വന്നിട്ടില്ല. അതു പാമിന്റെ ചുമതലയല്ലെന്ന് തോന്നുന്നു.
രക്തമെടുക്കാൻ പാം വരും. മുറിവ് ഡ്രസ്സ് ചെയ്യാനും പാം വന്നിട്ടുണ്ട്.
പാം മുറിവ് ഡ്രസ്സ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ  മുൻപിലിരിക്കുന്നത്
പോലൊരു ധൈര്യം എനിക്കുണ്ടാകാറില്ല.
അല്പം അമർത്തിയാണ് അവർ തുടയ്ക്കുന്നതും ലൈൻ
വൃത്തിയാക്കുന്നതും പ്ലാസ്റ്ററിടുന്നതും. വീനസ് ലൈൻ അഴിക്കുന്ന
ദിവസം ഡോക്ട്ടർ ബ്രാതിനെ സഹായിക്കാൻ പാമാണ് എത്തുന്നത്.
പാമിനു ചേരാത്തൊരു മയത്തോടെ അവരെന്നോട് ഇടപെട്ടു ലൈൻ വലിച്ചഴിക്കുമ്പോളും സ്റ്റിച്ചിടുമ്പോഴും
അവരെന്നെ സാരമില്ല സാരമില്ല എന്നു മെല്ലെ തഴുകിക്കൊണ്ടിരുന്നു.

 മദ്ധ്യവയസ്സ് പിന്നിടുന്ന ബാർബയുടെ ചുരുക്കി വെട്ടിയ
സ്വർണ്ണനിറത്തിലുള്ള പട്ടുമുടി മുഖത്തിന്റെ പകുതിയും മറച്ചു കൊണ്ട് കിടക്കും. ഒരു സന്യാസിനിയുടെ മന്ത്രണം  പോലെയാണ് സംസാരം.
വളരെ താഴ്ത്തിയ ശബ്ദത്തിൽ മഴയുടെ നേർത്ത മർമ്മരം പോലെ
അതെന്നിലേക്ക് പെയ്തിറങ്ങി
“ മായാ… നീ വലിയൊരു വിപത്തിനെയാണ് നേരിട്ടിരിക്കുന്നത്. എങ്കിലും നീ ഭാഗ്യവതിയാണ്. കൃത്യസമയത്ത് ചികിത്സ നേടാൻ
നിനക്ക് കഴിഞ്ഞല്ലോ. “
സംസാരത്തിന്റെ ഇടവേളകളിൽ  കുറെ നേരം പുഞ്ചിരിയോടെ എന്റെ
മുഖത്തേക്ക് നോക്കും. “മായാ..എനിക്കറിയാം. നിനക്ക് സങ്കടമുണ്ടാകും. എന്റെ ജീവിതം ഇങ്ങനെ ആയി പോയല്ലൊ...എന്ന് നിരാശയുണ്ടാകും.
മറ്റുള്ളവരെ പോലെഎനിക്കും ആരോഗ്യത്തോടെ ഓടി നടക്കാൻ കഴിയില്ലേ. വെക്കെഷനുകൾ  ആഘോഷിക്കാൻ കഴിയില്ലേ എന്നൊക്കെ
ചിന്തിക്കുന്നുണ്ടാകും. നിന്റെ ജീവിതം ഇവിടെ അവസാനിച്ചുവെന്ന്
ഒരിക്കലും കരുതരുത്. ഇപ്പോഴത്തെ അവ്സ്ഥയൊക്കെ മാറും.
എല്ലാം പഴയത് പോലെയാകും. പക്ഷെ എപ്പോഴുമൊരു കരുതൽ വേണം.
ഇതുപോലൊരു രോഗി ...അയാൾക്ക് വല്ലാതെ മടുത്തു പോയിരുന്നു.
അയാൾഗ്രീസിലേക്ക് വെക്കേഷന്  പോകാൻ അതിയായി ആഗ്രഹിച്ചു.
ഒടുവിൽ അയാൾ പോയി വന്നു. വേണ്ട മുൻ കരുതലോടെ.
എങ്ങോട്ട് പോകുമ്പോഴും ഒരു എമർജൻസിയെ നേരിടേണ്ടതെങ്ങനെ എന്ന് നീ
നോക്കി വെക്കണം . അവിടെ ടിടിപി ക്കു ചികിത്സയുണ്ടെന്ന്.
.പ്ലാസ്മഫെരസിസിന് സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തണം.
ലക്ഷണങ്ങളെ എപ്പോഴും ശ്രദ്ധിക്കണം.
ക്ഷീണം തോന്നിയാൽ തള്ളികളയരുത്. എനിക്കറിയം...നിന്നെ പോലെ
ചെറിയ കുട്ടികളുള്ള അമ്മമാർക്ക് എപ്പോഴും ക്ഷീണമായിരിക്കും.
നമ്മൾ അത് വക വെക്കുക പോലുമില്ല. പക്ഷെ ഇനി
അങ്ങനെയല്ല”. ആദ്യമായി ആശുപത്രി മുറിയിലേക്ക്
പ്ലാസ്മഫെരസിസിനായി വന്ന ദിവസം ബാർബ ഒരു മരക്കഷണം പോലെ
കിടന്ന എന്നോട് പറഞ്ഞത് ഇങ്ങനെയൊക്കെയാണ്.
ആദ്യത്തെ ഡിസ്ചാർജ് ദിവസം  ഞാൻ അമ്പരന്ന അവസ്ഥയിലായിരുന്നു.
വീട്ടിൽ പോയി കഴിഞ്ഞാൽ ലൈനിന്റെ കാര്യത്തിൽ
ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന്  ബാർബ പ്രത്യേകം പറഞ്ഞു തന്നു.
ഇൻഫെക്ഷനാകാതെ നോക്കേണ്ടത് എത്ര പ്രധാനമാണെന്ന്
അവരെന്നെ ഓർമ്മപ്പെടുത്തി. “നോക്കൂ...മായ നിന്റെ
സുഹൃത്തുക്കൾക്കൊക്കെ നിന്നെ കാണണമെന്ന്  മോഹം കാണും.
പക്ഷെ അവരോട് പറയൂ..കുറച്ചു നാൾ കൂടി കാത്തിരിക്കണം.
ഇൻഫെക്ഷൻസ് വരാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്.”
ബാർബക്ക് ഒരു രോഗിയോട് എന്തൊക്കെ പറയണമെന്ന്
നല്ല ബോധ്യമുണ്ട്. രോഗത്തിന്റെ കഠിന വഴിയിലൂടെയുള്ള
രോഗിയുടെ തുഴച്ചിലിനെ അഭിനന്ദിക്കാൻ
…. അവരുടെ ചുമലിൽ തട്ടി പ്രോത്സാഹിപ്പിക്കാൻ.. ആത്മവിശ്വാസം
നൽകാനൊക്കെയുള്ള നല്ല വാക്കുകൾ കയ്യിൽ എപ്പോഴുമുണ്ട്.
ഞാൻ കുളിയും ജപവുമില്ലാതെ  മനുഷ്യക്കോലം നഷ്ട്ടപ്പെട്ട്
കിടന്നപ്പോൾ അവരെന്നോട് പറഞ്ഞു.
“ മായ...നിന്റെ മുടിയെല്ലാം. നീ എത്ര  വൃത്തിയായി കോതി
കെട്ടി വെച്ചിരിക്കുന്നു.നിന്നെ കണ്ടാൽ ദിവസങ്ങളായി
കിടപ്പിലായ ഒരാളാണെന്ന് തോന്നുകയേ ഇല്ല.
നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇപ്പോൾ  എന്തു
കോലമായെനെയെന്നോ..”
ആഴ്ച്ചകൾക്ക്  ശേഷം ഒരു ദിവസം വീട്ടിൽ നിന്നും ചികിത്സക്കായി
വരികയായിരുന്നു. ഹോൾ വേയിൽ വെച്ചു കണ്ടപ്പോൾ  
സ്റ്റീറോയ്ഡുകൾ കഴിച്ചൂ വട്ടത്തിൽ വീർത്തു വരുന്ന മുഖം കാട്ടി
“എന്റെ മൂൺ ഫേസ് കണ്ടൊ” എന്നു ഞാൻ ചിരിച്ചു.
“ഒന്നുമില്ല. നല്ല സുന്ദരിയായി ഇരിക്കുന്നു. എന്നെ പോലെ സ്വതവേ
തടിയുള്ളവരാണെങ്കിൽ ബലൂൺ പോലെ വീർത്തേനെ. “  
ബാർബ സ്വതസിദ്ധമായ ആശ്വാസവാക്കുകൾ തന്നു .
പ്ലാസ്മഫെറസിസിനു ശേഷം എഴുന്നേൽക്കാൻ വളരെ  ബുദ്ധിമുട്ടായിരുന്നു..
എന്നെ പിടിച്ച് വാഷ് റൂമിലേക്ക് നടത്തുന്ന സ്റ്റെർലിയെ നോക്കി  
ബാർബ എന്നോട് പറഞ്ഞു
“ മായ നീ ശരിയായ തിരഞ്ഞെടുപ്പാണ് നടത്തിയിരിക്കുന്നത്.
യൂ ഗോട് ഏൻ എക്സലെന്റ് മാൻ “  ഈ തിരഞ്ഞെടുപ്പിന്റെ പേരിൽ
ഞാൻ ചിലർക്കെങ്കിലും പരിഹസ്യയായിരുന്ന
ഒരു കാലമുണ്ടായിരുന്നുവെന്ന് ബാർബയോട് പറഞ്ഞില്ല.

ചൈനക്കാരനായ ലീ  തന്റെ ജോലിയിൽ മാത്രം വ്യാപൃതനാണ്.
രോഗികളോടൊ ബന്ധുക്കളോടോ കൊച്ചു വർത്തമാനത്തിന്
ലീക്ക് താല്പര്യമില്ല. ആദ്യത്തെ സെഷനും അവസാനത്തെ സെഷനും
ലീ യോടൊപ്പമായിരുന്നു.
അവസാന സെഷൻ ഒരു വെള്ളിയാഴ്ചയായിരുന്നു.
" വീക്കെൻഡിൽ എന്താണ് പരിപാടി "ആദ്യമായി
മന്ദസ്മിതത്തോടെ  അയാൾ ചോദിച്ചു. സന്തോഷത്തോടെ സംസാരിച്ചു.

ആവശ്യത്തിലേറെ പൊക്കമുള്ള വെള്ളക്കാരൻ  ഫർണാഡസ്
എപ്പോഴും മൃദുവായ് മാത്രം സംസാരിച്ചു.
“എത്ര തവണ നീ ഫ്രോസൻ കണ്ടിട്ടുണ്ട്”എന്നു മകളോട്
കുശല പ്രശ്നം നടത്തും.
ലൈൻ അഴിച്ചതിന്റെ ആഹ്ളാദം പങ്കു വെക്കാൻ ഞാൻ മധുരം
വിതരണം നടത്തിയ ദിവസം… “ഇന്ത്യൻ സ്വീറ്റ്സിന്റെ രുചി വായിൽ നിന്നും  
പോകുന്നില്ല. ഒന്നെടുത്താൽ ഒന്നു കൂടി എടുക്കണമെന്ന് തോന്നുന്ന രുചി.”
രക്തമെടുക്കുമ്പോൾ ഫെർണാഡസ് ചിരിച്ചു.

കൂട്ടത്തിലെ വിദ്ദുഷകനാണ്  ലെനി എന്ന് തോന്നും.
പറ്റെ വെട്ടിയ മുടിയും കാതിൽ ഒരു കൊച്ചു  കമ്മലും.
എപ്പോഴും നൂറു മെഗാവാൽട്ട് ചിരിയോടെയാണ് കാണുക.
ഒരു കുട്ടിയുടെ പ്രസരിപ്പോടെ അയാൾ വരും.
അയാളുടെ പാദങ്ങൾ ഭൂമിയിലുറക്കാതെ തുള്ളി തുള്ളിയിരിക്കും.
രോഗികളെ അയാൾ സ്നേഹപൂർവ്വം ആലിംഗനം ചെയ്യും.  
“ദ മോസ്റ്റ് ലവ്ഡ് ഫാമിലി ഹിയർ” എന്നാണ് ഞങ്ങളെ കുറിച്ച്
മറ്റുള്ളവരോട് പറയുക.
എല്ലാവരോടും തമാശകൾ വിതറി അയാൾ ഒഴുകി നീങ്ങും.

മെർമയുടെ സാൾട്ട് ആന്റ് പെപ്പർ തലമുടിയും ചുമന്ന ചായം കൊണ്ട്
വരമ്പ് വെച്ച ചിരിയും അതീവ ഹൃദ്യമായിരുന്നു.
സ്വെറ്റർ ഡ്രസ്സിനു മുകളിൽ വെളുത്ത കോട്ടും
നീണ്ട ബൂട്സുമാണിഞ്ഞ് കയ്യിലൊരു വെള്ളക്കുപ്പിയുമായാണ് മെർമ  വരിക.
ഒരു കുറുമ്പൻ ആൺകുട്ടിയുടെ ചേഷ്ട്ടകളാണ്
ചിലപ്പോൾ മെർമക്ക്. ഒരു മൂളിപ്പാട്ടോടെ മെർമ തന്റെ പണികളിൽ
വ്യാപരിക്കും.
എല്ലാറ്റിനും ഒരു പരിഹാരവും മറുപടിയുമുണ്ട് മെർമക്ക്.
മെർമക്ക് സഹായിയായി റോസിയുണ്ട്.
മറ്റൊരു ആശുപത്രിൽ നിന്നും പ്ലാസ്മഫെർസിസ് പഠിക്കാൻ വന്നതാണ്
റോസി.
“ റോസി...ടിടിപി പേഷ്യൻസ് ആർ വെരി സെൻസിറ്റീവ്”
തടിച്ച പുസ്തകത്തിലേക്ക്   ചൂണ്ടി മെർമ പറയും.
അതു കൊണ്ട് ടിടിപിക്കാരെ ചികിത്സിക്കുമ്പോൾ വളരെ
കരുതലോടെ  ഇരിക്കണം. റിയാക്ഷൻസ് ശ്രദ്ധിക്കണം.
ചിലപ്പോൾ ദേഹത്തേക്കാരോ തിളച്ച വേള്ളം കോരിയൊഴിച്ചത്  
പോലെ ഞാൻ ഞെട്ടി

വിറക്കും.


ചിലപ്പോൾ അയ്യോ മൂത്രം അറിയാതെ പോയെന്ന് കരുതി ഞാൻ
അമ്പരക്കും.
ഇത്തരം അനുഭവങ്ങളും കാരണങ്ങളും മെർമ റോസിയോട് വിവരിക്കുമ്പോൾ നേർത്ത ചിരിയോടെ ഞാൻ കേട്ടു കിടക്കും.
പറയുന്ന മെർമക്കും കേട്ട് പഠിക്കുന്ന റോസിക്കും ഇതെല്ലാം
അറിവുകൾ മാത്രമാണെങ്കിൽ എനിക്കിതെല്ലാം ഇന്ന് തീവ്രമായ
അനുഭവം തന്നെയാണ്. ജീവിതം തന്നെയാണ്.  
എത്ര യമണ്ടൻ ഗുളികകൾ വിഴുങ്ങിയിട്ടും ഉയരാത്ത പൊട്ടാസ്യം ലെവെൽ കണ്ട്
മെർമ പറയും. “ മായ നിനക്ക് എവൊകാഡൊ ഇഷ്ട്ടമല്ലേ.
എവൊകാഡൊയും തക്കാളിയും അല്പം ചെറുനാരങ്ങ നീരും ഒക്കെ പിഴിഞ്ഞു
നല്ലൊരു സാലഡ് ഉണ്ടാക്കി
തരാൻ പറയൂ...നിന്റെ ഭർത്താവിനോട്. “
സേഫ് പ്ലാസ്മ തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ മെർമ പറഞ്ഞു.
“മായ..നിനക്കിനി ഞാൻ ബാനാഡ്റിൽ കയറ്റുന്നില്ല ട്ടോ.
ഇനി മുതൽ കഞ്ചാവടിച്ചത് പോലെ കിറുങ്ങി നീ കിടക്കേണ്ട..”
“എന്റെ മുടി വല്ലാതെ കൊഴിയുന്നു മെർമ. എന്താണത്? വിങ്ക്രിസ്റ്റി..അതോ
പ്രെഗ് നിസോൺ…?
“ രണ്ടും” മെർമ മെല്ലെ എന്റെ കവിളിൽ തട്ടി.
“ മുറി ചുരുക്കി മുറിക്കൂ. ഇപ്പോൾ അതാണ് നല്ലത്”
മെർമയുടെ ചുരുക്കി വെട്ടിയ സോൾട്ട് ആന്റ് പെപ്പർ മുടിയിലേക്ക്
നോക്കി കിടക്കുമ്പോൾ മുടി മുറിച്ചാൽ  മെർമയെ പോലെ
സുന്ദരിയാകുമോ എന്നു ചോദിക്കാൻ തോന്നി.
പുറമേക്ക് പ്രദർശിപ്പിക്കുന്ന ചുറുചുറുക്കും പുഞ്ചിരിയും മാറ്റി
വെച്ചാൽ ഒരു നഴ്സിനോ ഡോക്ട്ടർക്കോ അവശ്യം വേണ്ട കാഠിന്യം മെർമയുടെ
മനസ്സിനുണ്ടായിരുന്നില്ല.
ആദ്യം കണ്ട ദിവസം തന്നെ മെർമ സ്റ്റെർലിയോട് ഞങ്ങളുടെ
വിവരങ്ങൾ ചോദിച്ചറിഞ്ഞു.
“നിന്റെ പ്രായമുള്ള ഒരു മകനുണ്ട് എനിക്ക്” മെർമ സ്റ്റെർലിയോട്
പറഞ്ഞു.
മകളെ ഏൽപ്പിക്കാൻ കാനഡയിൽ ഞങ്ങൾക്ക്  കുടുംമ്പാംഗങ്ങൾ
ആരുമില്ലെന്ന് അറിഞ്ഞ് മെർമ വിഷണ്ണയായി.
“മായാ...നിന്റെ അമ്മയെ എങ്കിലും
നാട്ടിൽ നിന്നു കൊണ്ട് വരൂ...നിങ്ങൾ മൂന്നു പേരിങ്ങനെ ഈ വലിയ
പരീക്ഷണം ഒറ്റക്ക് നേരിടുന്നത് കാണുമ്പോൾ  എനിക്ക് വിഷമം തോന്നുന്നു”
എന്ന് മെർമ പറഞ്ഞു.
എനിക്ക് അമ്മയില്ലെന്ന്  പറഞ്ഞപ്പോൾ മെർമ കൂടുതൽ സങ്കടപ്പെട്ടു.
ടിം ഹോർട്ടൻസിൽ നിന്നും വാങ്ങിയ മധുരമെന്തോ
നുണച്ചിറക്കിയിരിക്കുന്ന മകളെ കണ്ട്…  “പാവം കുട്ടി. എന്നും പുറത്തു
നിന്നു കഴിച്ച് അവൾക്ക് മടുക്കില്ലേ….
അവൾക്കെന്താണ് ഇഷ്ട്ടമെന്ന് പറയൂ. ഞാൻ വീട്ടിൽ നിന്നും കൊണ്ട്വരാം”
എന്നുപോലും പറഞ്ഞു കളഞ്ഞു മെർമ.
രോഗികളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്ന മെർമക്ക്
മനസ്സമാധാനമുണ്ടാകാൻ തരമില്ലല്ലോ.
ഒരിക്കൽ ഞാനെഴുതുമെന്ന് കേട്ടപ്പോൾ മെർമ പറഞ്ഞു. “ അപ്പോൾ ….
മായ നിനക്കീ അനുഭവങ്ങളെല്ലാം എഴുതാമല്ലോ…”
“ തീർച്ചയായും മെർമ. സുഖമാകട്ടേ. ഞാനെഴുതും.”
“അപ്പോൾ  ഞങ്ങൾ നഴ്സുകളുടെ  അനുഭവങ്ങളും നിനക്കെഴുതാമല്ലോ..”
“തീർച്ചയായും. പറയൂ മെർമ.”
മെർമ പറഞ്ഞു. എന്റെ ജീവിതാനുഭവങ്ങളെ മണൽത്തരി  പോലെ
നിസ്സാരമാക്കി കളയുന്ന ചില അനുഭവങ്ങൾ മെർമ പറഞ്ഞു.
“ഒരു നഴ്സായതിന്` ശേഷം ഞാൻ  ജീവൻറെ വില എന്തെന്ന്
ശരിക്കും പഠിച്ചു.
മുൻപൊക്കെ  ഓൺകോളുകൾക്ക് പോകും. മരണം തീരുമാനിക്കപ്പെട്ട
രോഗികളെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത് പോലുള്ള ഭാരിച്ച  
ജോലികൾ ചെയ്യാറുണ്ട്.
തീരുമാനമെടുക്കുന്നത് ഡോക്ട്ടർമാരും വീട്ടുകാരുമൊക്കെ
ചേർന്നാണെങ്കിലും
തന്റെ കൈ കൊണ്ട് ഒരാളെ മരണത്തിലേക്ക് പറഞ്ഞു വിടുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല.
ഒരിക്കൽ..രണ്ട് അമ്മമാരെ അഭിമുഖീകരിക്കേണ്ടി വന്നു.
ഒരാൾ  പ്രാണനു വേണ്ടി പിടയുന്ന ഇരുപത്തൊമ്പതുകാരനായ മകന്
കാവലിരിക്കുകയാണ്. മകനെ വീണ്ടെടുക്കാൻ ഡോണരിന്റെ
അവയവം എത്താനുള്ള കാത്തിരുപ്പിലാണ് ആ അമ്മ
. മറ്റേ അമ്മ...ഇരുപത്തെട്ടുകാരനായ മകനെ  മരണത്തിലേക്ക്
യാത്രയാക്കാൻ അനുമതി കൊടുക്കേണ്ടി വന്ന അമ്മ...
അവന്റെ അവസാനത്തെ ശ്വാസത്തൊടോപ്പം കൂട്ടിരിക്കുന്നു.”
ദിവസങ്ങളോളം ഉറങ്ങാൻ കഴിയുന്നില്ല. മെർമക്ക്.
കൂടുതൽ കാശ് കിട്ടും ഇത്തരം ജോലികൾക്ക് . പക്ഷെ വയ്യ.
ജീവിക്കാൻ ഒരു മേൽക്കൂരയും ആഹാരവും മതി മനുഷ്യന്.
ബാക്കിയൊക്കെയും സൗഭാഗ്യങ്ങളാണ്. അതിന്
ശേഷമാണ് മെർമ പ്ലാസ്മഫെർസിസ് നഴ്സായി ഇവിടെ കൂടിയത്. രോഗികളെ
ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ  
“ജീവിതമെന്നാൽ അകത്തേക്കും പുറത്തേക്കുമെടുക്കുന്ന ശ്വാസമാണ്.
അതിനിടയിലെവിടെയെങ്കിലും ഒന്നു നിലച്ചു പോയാൽ തീരുന്നത്.
ആശുപത്രിക്കകത്ത് മനുഷർ ജീവന്  വേണ്ടി പിടയുമ്പോൾ
പുറത്ത് പൂർണ്ണ ആരോഗ്യവാന്മാരായ മനുഷ്യർ പരസ്പരം
വെടിവെച്ചും ബോമ്പിട്ടും കൊല്ലുന്നു.”
മെർമയോടുള്ള എന്റെ സ്നേഹം ആ നിമിഷം
ആകാശം  പോലെ പരന്നു.

രിക്കൽ പോലും എനിക്ക് എഫരസിസ് ചെയ്യാൻ വന്നിട്ടില്ലെങ്കിലും
മകൾ  ഫോണിൽ കണ്ടു കൊണ്ടിരിക്കുന്ന
“മൈ ലിറ്റിൽ പോണി”യെ കുറിച്ചൊക്കെ
അവളോട് എന്നും  തല്പര്യപൂർവ്വം ചോദിച്ചറിയുന്ന ഒരു നഴ്സ് ,
മകളെ കണ്ടാൽ ഉടനെ ഫ്രിഡ്ജിൽ നിന്നും മെക്കൻഡോഷിന്റെ
 ചോക്കലേറ്റ് എട്ടുത്തു നീട്ടുന്ന മറ്റൊരു നഴ്സ് ,
റിസപ്ഷനിൽ പുഞ്ചിരി പിടിപ്പിച്ചിരിക്കുന്ന സുന്ദരി
അവരോരോരുത്തരും...
എഫരസിസ് യൂണിറ്റിലെ ഞങ്ങളുടെ കഠിന ദിവസങ്ങളുടെ ഭാരം
നിർമ്മലമായ മനസ്സോടെ ലഘൂകരിച്ചു .
മകളെ  സ്ക്കൂളിലാക്കി ഞങ്ങൾ നടത്തി വന്ന ദിവസങ്ങളുടെ
പോക്കു വരവുകൾക്കൊടുവിൽ ഒരു ദിവസം
സെൻട്രൽ വിനസ് കാതറ്റർ  അഴിക്കാൻ തീരുമാനമായി.
മകൾക്ക് ക്രിസ്തുമസ്സ് അവധിക്ക് സ്ക്കൂൾ അടയ്ക്കുന്ന
ദിവസമായിരുന്നു അത്
സന്തോഷ വാർത്ത കേട്ട് മെർമ സ്റ്റെർലിയെ  നിറഞ്ഞ
മനസ്സോടെ കെട്ടിപ്പിടിച്ചു.
എന്നിട്ട്  “നിനക്ക് നല്ല ഉയരമാണല്ലോ…” എന്ന് പറഞ്ഞ് പൊക്കം കുറഞ്ഞ മെർമ
പൊട്ടി ചിരിച്ചു.   
“മകൾക്ക് ക്രിസ്തുമസ്സ് അവധി തുടങ്ങുകയാണ്. അവൾക്ക്
എങ്ങോട്ടെങ്കിലുമൊക്കെ പുറത്തിറങ്ങണമെന്ന് മോഹമുണ്ടാകും.
നിനക്കും തോന്നുന്നുണ്ടാകും...
ഷോപ്പിങ്ങ് മാളിലോ മറ്റൊ പോയിരുന്നു മനുഷ്യരെ കാണാൻ.
പക്ഷെ സൂക്ഷിക്കണം
നന്നായി ശരീരം കവർ ചെയ്യണം. തണുപ്പ് താങ്ങാൻ നിന്റെ ശരീരത്തിന്  
കഴിഞ്ഞെന്നു വരില്ല. നടക്കരുത്.
നീ വീൽ ചെയർ ഉപയോഗിക്കണം.” മെർമ എന്നെ
പുണർന്നു കൊണ്ട് പറഞ്ഞു.
“ ഞാൻ എല്ലം ശ്രദ്ധിച്ചോളാം. .
“എന്താ ഭാര്യയുടെ ലൈൻ അഴിക്കാൻ എന്റെ കൂടെ കൂടുന്നോ ?”  
വിനസ് കാതറ്റർ ലൈൻ അഴിക്കാൻ മുറിയിലേക്കെന്നെ
കൂട്ടിക്കൊണ്ട് പോകുമ്പോൾ  ഡോക്ടർ ബാർത്
കളിയായ് സ്റ്റെർളിയോട് ചോദിച്ചു.


ആറ് മാസങ്ങൾക്ക് ശേഷം ഫോളോ അപ്പിനായി ടൊറോന്റൊ ജനറലിലെ
എഫരസിസ് യൂണിറ്റിലെക്ക് കടന്നു ചെല്ലുമ്പോൾ
സമ്മിശ്രവികാരങ്ങളായിരുന്നു
മനസ്സിൽ. ഇടവേളക്ക് ശേഷം അടുത്ത ബന്ധുക്കളെ കാണാൻ
പോകുന്ന സന്തോഷം
ഒരു ഭാഗത്ത്. പുതിയ മുഖങ്ങൾ പരിചയിച്ച കാഴ്ചകളെ മൂടി കളഞ്ഞു
കാണുമോ എന്നൊരു ആശങ്ക.
പിന്നെ ബ്ലഡ് റിസൽട്ട്…. നോർമൽ ആവണെ എന്ന പ്രാർത്ഥന.
ഒന്നിനും വലിയ മാറ്റമില്ല.
എല്ലാവരും ഉണ്ട്.
മാറ്റം രോഗികളുടെ മുഖങ്ങൾക്ക് മാത്രം. അവയിൽ തളംകെട്ടി
കിടക്കുന്ന നിസ്സഹായത പഴയത് പോലാണെങ്കിലും.
ദൂരെ നിന്നേ തിരിച്ചറിഞ്ഞ് പാം ഓടി വന്നു കെട്ടി പിടിച്ചു.
“ഓ മായ എത്ര നാളായി കണ്ടിട്ട്” അവരെന്നെ സാകുതം വീക്ഷിച്ചു.
“ യു ലുക്ക് സോ ബ്യൂട്ടിഫുൾ ആന്റ്
ബ്രൈറ്റ് മൈ ഗേൾ. ഐ ആം സൊ ഹാപ്പി റ്റു സീ ദിസ് “

മകളെ നോക്കി അവർ പൊട്ടിച്ചിരിച്ചു.
“നോക്കൂ ഇതാരാണീ വന്നിരിക്കുന്നത്.
നീ പൊക്കം വെച്ചങ്ങനെ വളർന്നല്ലോ എന്റെ കുഞ്ഞേ…”  
“നൗ ഐ ആം സെവൻ” മകൾ അഭിമാനത്തോടെ നിവർന്നു നിന്നു.
“ ഐ കാൻ സീ ദാറ്റ്…”  
ബ്ലഡ് റ്റെസ്റ്റിനുള്ള ഏർപ്പാട് ഉടനെയാക്കാം എന്നു പറഞ്ഞു
എന്നെ ഒരു കസേരയിൽ പിടിച്ചിരുത്തി പാം .
എന്നിട്ട് കാണുന്നവരോടൊക്കെ വിളിച്ച് പറയുകയാണ്.
“നോക്കൂ.മായയുടെ മകൾ...അവൾ എത്ര പെട്ടെന്നാണ് വളർന്നത്.” ‘
മായയുടെ മകളെ’ കാണാനും പരിചയപ്പെടാനും പുതിയ
ചില മുഖങ്ങൾ വന്നു.
“നിനക്ക് കുടിക്കാൻ ജ്യൂസ് തരട്ടെ.
ആപ്പിൾ ജ്യൂസ് വേണോ അതോ ഓറഞ്ച് ജയൂസ് വേണോ..?”
മകളുടെ ചുറുചുറുക്കോടെയുള്ള സംസാരം കേട്ട് പാം വീണ്ടും
പൊട്ടിച്ചിരിക്കുന്നു.
“പൊക്കം മാത്രമല്ല...നിന്റെ സംസാരവും കൂടിയല്ലോ.
മുൻപൊക്കെ ഒരു പൂച്ചകുഞ്ഞിനെ പോല പോലെ മിണ്ടാതിരുന്നവളാണ്.”.

വിവാഹം കഴിഞ്ഞു പോയ മകൾ വീട്ടിലേക്ക് തിരിച്ചു വരുന്നത്
പോലെ ആണ് ഈ സ്വീകരണം എന്നെനിക്ക്  തോന്നി.
പരിചയമുഖങ്ങൾ ഓരോന്നായി മുന്നിൽ വന്നു ചിരിക്കുന്നു.
“ഹായ് മായ. യൂ ലുക്ക് ഗുഡ്.”,
“ നൗ യൂ ലുക്ക് ഹെൽതി. വീ ആർ സോ
ഹാപ്പി ഫോർ യൂ.”
എന്റെ കണ്ണുകൾ തിരയുന്നത്. മെർമയെ ആണ്.
ഒടുവിൽ തിരഞ്ഞ് നടന്ന് മെർമയെ ഞാൻ കണ്ടുപിടിച്ചു.
ഒരു പുതിയ രോഗിയുടെ ദേഹത്ത് എഫരസിസ്സ് മെഷീൻ
പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ് മെർമ.
ഞങ്ങളെ കണ്ടതും മെർമയുടെ മുഖം പൂ പോലെവിടർന്നു.
ഓടി വന്നെന്നെ മുറുകെ പുണർന്ന് അവർ ചിരിച്ചു.
“ ഞാനിന്നലെ കൂടി ഓർത്തുള്ളൂ നിന്നെ..”
മകളെ കെട്ടിപ്പിടിച്ച് അവർ പൊട്ടിച്ചിരിച്ചു.
“വളർന്നല്ലോ...എന്റെ കുട്ടി. എന്തു വേഗമാണ് നീ
പൊക്കം വെച്ചത്. “
മെർമ്മക്ക് സന്തോഷം അടക്കാൻ വയ്യ.
അവരെന്നെ വീണ്ടും വീണ്ടും നോക്കുന്നു.
കെട്ടിപ്പിടിക്കുന്നു. “ യൂ..ലുക്ക് സോ ബ്യൂട്ടിഫുൾ ഡിയർ. ഐ കാൻ സീ ലൈഫ് ഇൻ
യുവർ ഐസ്. യുവർ സ്കിൻ. യുവർ ഫേസ്. ഐ കാൻ സീ ദാറ്റ് യൂ ആർ ബാക്ക് റ്റു
ലൈഫ്.  അതെന്നും എപ്പോഴും അങ്ങനെ തന്നെയാവട്ടെ.”
എത്ര ആശംസിച്ചിട്ടും മെർമക്ക് മതിയാവുന്നില്ല.
അപ്പോൾ അങ്ങോട്ട് കടന്നു വന്ന സ്റ്റെർലിയുടെ കയ്യിൽ
മുറുകെ പിടിച്ച് കൊണ്ട് അവർ പറഞ്ഞു.
“ നിങ്ങളെ മൂന്നു പേരേയും ഇങ്ങനെ കാണുമ്പോൾ തന്നെ
എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ഐ ആം സോ ഹാപ്പി
ഫോർ യൂ..”

മെർമ തന്നെയാണ് എന്റെ രക്തമെടുത്തത്.
അടുത്ത് നിൽക്കുന്ന മകളോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും..
അവളുടെ ബൂട്സും പാവാടയുമൊക്കെ എന്തു ഭംഗിയാണെന്ന്
അവളോട് ചിരിച്ചും…...
അവളെ കൊണ്ട് അമ്മയുടെ കയ്യിൽ പ്ലാസ്റ്റർ
ഒട്ടിപ്പിച്ചും അവളൊരു ധൈര്യവതിയാണെന്ന് അവളെ സന്തോഷിപ്പിച്ചും…...
മെർമക്ക് ഒരു മാറ്റവുമില്ല. മെർമയുടെ സ്നേഹത്തിനും.
എനിക്കു മാത്രമാണ് മാറ്റം. നല്ല മാറ്റം.



No comments:

Post a Comment