May 24, 2018

ചിത്രം വരയ്ക്കുന്നു കുട്ടി

                                                             


കഥാപാത്രങ്ങൾ

1. ജോമോൻ ചെറുമ്മൽ
2. സ്റ്റെല്ലാ ചെറുമ്മൽ
3. സ്റ്റെല്ലാമേരി ഐറിൻ ചെറുമ്മൽ
4. അമ്മുക്കുട്ടി
5. മറ്റു അനുബന്ധ കഥാപാത്രങ്ങൾ

പ്രധാന കഥാപാത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം

1. ജോമോൻ ചെറുമ്മൽ  : ചുരുങ്ങിയ കാലം കൊണ്ട്, നഗരത്തിലെ വ്യവസായ പ്രമുഖന്മാരുടെ അഴിക്കുന്തോറും മുറുകുന്ന കണക്കുകളുടെ കാണാക്കുരുക്കുകൾ ഒരു പൂവിൽ നിന്നും ഇതളുകൾ അടർത്തിയെടുക്കുന്നത്ര നിഷ്പ്രയാസം അഴിച്ചെടുക്കുന്ന മാന്ത്രികനായി  ഖ്യാതി നേടിയ ഓഡിറ്റർ. വെറും മുപ്പത്തിയഞ്ചാം വയസ്സിൽ നഗരത്തിൻ്റെ
ഹൃദയഭാഗത്തിൽ തന്നെ കൊട്ടാരസദൃശമായ ഭവനവും ഫോഡ്  ഐക്കൺ കാറും സ്വന്തമാക്കിയവൻ. ഭാഗ്യവാൻ.

2. സ്റ്റെല്ലാ ചെറുമ്മൽ

  സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ തൊട്ടാൽ പൊട്ടുന്ന കൗമാരക്കാരുടെ വർണ്ണാഭമായ പകൽക്കിനാക്കളെ രസതന്ത്രത്തിൻ്റെ അരസികചരടുകൾ കൊണ്ടു കെട്ടിമുറുക്കി ശ്വാസം മുട്ടിക്കാൻ നിയോഗിക്കപ്പെട്ട ചെറുപ്പക്കാരിയായ അദ്ധ്യാപിക. കെണിയൊരുക്കി കാത്തിരിക്കുന്ന കാലത്തിൻ്റെ വാരിക്കുഴികളിൽ വീഴാതെ മകളെ ചിറകിൻ്റെ കീഴിൽ ഒതുക്കി വെക്കാൻ വെമ്പുമ്പോഴും പ്രായോഗിക ജീവിതത്തിൻ്റെ ഊടുവഴികളിലൂടെ അവളെ തനിച്ച് യാത്രയാക്കേണ്ടി വരുന്ന ഒരു അമ്മയുടെ വേവലാതി, തിരക്കുകളിൽ നിന്നും കൂടുതൽ തിരക്കുകളിലേക്ക്..പണത്തിൽ നിന്നും കൂടുതൽ പണത്തിലേക്ക്  നീളുന്ന ഭർത്താവിൻ്റെ മനോവ്യാപാരങ്ങളെ കുറിച്ചും അയാളുടെ നിരന്തരമായ അസാന്നിദ്ധ്യം ജീവിതത്തിൽ തീർക്കുന്ന അപൂർണ്ണതയെ കുറിച്ചുമുള്ള ഒരു ഭാര്യയുടെ വേവലാതി, സ്വര്യമായി ഒഴുകുന്ന പകൽക്കിനാവുകളെ കത്രിക വെച്ച് രണ്ടായി വിഭജിക്കുന്നവൾക്ക് വിദ്യാർത്ഥിനികൾ പതിവായി നൽകിപ്പോരുന്ന ശാപവാക്കുകളെ കുറിച്ചുള്ള ഒരു അദ്ധ്യാപികയുടെ വേവലാതി…..അങ്ങനെ വേവലാതികളുടെ കൂമ്പാരമായ മനസ്സുമായി മുപ്പതാം വയസ്സിൽ നാല്പതിൻ്റെ തളർച്ച പ്രകടമാക്കി തുടങ്ങിയിരിക്കുന്ന ഒരു മുഴുത്ത ആവലാതിക്കാരി പാവം സ്റ്റെല്ലാ ചെറുമ്മൽ .

3 .സ്റ്റെല്ലാ മേരി ഐറിൻ ചെറുമ്മൽ

പ്രസവിച്ചവളുടെ അവകാശവും അപ്പൻ്റെ കുടുംബപ്പേരിൻ്റെ അന്തസ്സും മണ്ണിനടിയിലേക്ക് പോയ വല്ല്യമ്മച്ചിയുടെ  ഓർമ്മയും അങ്ങനെ ചുമക്കാവുന്നതിലും ഭാരിച്ച പേരു താങ്ങി ഏഴുവർഷങ്ങൾ താണ്ടിയ ഒരു കുസൃതിക്കുടുക്ക

കഥയുടെ ചരുളഴിയുന്നു

                                                         രംഗം 1

സ്പീക്കറിലൂടെ ഒഴുകിയെത്തിയ പ്രാർത്ഥന നിലച്ചപ്പോൾ പ്രിൻസിപ്പൽ സിസ്റ്റർ മെറ്റിൽഡയുടെ പതിഞ്ഞ ശബ്ദം ബൈബിൾ പാരായണ രീതിയിൽ ഇഴഞ്ഞെത്തി. “ക്ലാസ്സസ് ആർ ഡിസ്പെഴ്സ്ഡ്’’
പിന്നെ പതിവു പോലെ ചെവി തുളയ്ക്കുന്ന “ക്രീ…….” ഒച്ച
മുൻ കൂട്ടി പദ്ധതി ഇട്ടതുപ്രകാരം സ്റ്റെല്ലാമെരി ഐറിൻൻ ചെറുമ്മൻ മുതുകിൽ വിജ്ഞാനത്തിൻ്റെ കുഞ്ഞുമല കയറ്റി വെച്ച് കൂട്ടുകാരി അന്നപൂർണ്ണ മേനോൻ്റെ കയ്യിൽ പിടിച്ച് പടികൾ ഓടിയിറങ്ങി. എല്ലാവരുടെയും കണ്ണു വെട്ടിച്ച് ചാപ്പലിൻ്റെ പുറകിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകത്തിൻ്റെ ചോട്ടിലേക്ക് ചെമ്പകപ്പൂക്കൾ പറിക്കുവാനായി പോയി.
സ്കൂളിൻ്റെ മുൻപിലുള്ള വിശാലമായ  പാർക്കിങ്ങ് ഏരിയായിൽ വിവിധ രൂപത്തിലും വർണ്ണത്തിലുമുള്ള വാഹങ്ങൾ നിരനിരയായി കിടക്കുന്നു. കൂട്ടത്തിൽ ഒരു ചുമന്ന മാരുതി ഓമ്നി വാൻ ഐറിൻ ചെറുമ്മലിനേയും അവളെ പോലുള്ള മറ്റു പതിനാലു കുട്ടിക്കുറുമ്പന്മാരേയും കുറുമ്പത്തികളെയും കാത്ത് അക്ഷ്മനായി മുരണ്ടു.
കൃത്യം മൂന്നേ മുപ്പതിന് ആദ്യത്തെ മ്യൂസിക്കൽ ഹോൺ മുഴങ്ങി. മൂന്നേ മുപ്പത്തിയഞ്ചിന് രണ്ടാമത്തെ ഹോൺ മുഴക്കി കൊണ്ട് ചെറുപ്പത്തിന്റെ അതിപ്രസരത്തിൽ ഡ്രൈവർ വാൻ ഒട്ടാകെ കുലുക്കി സീറ്റിൽ ഇളകിയിരുന്നു .അഞ്ചു മിനിറ്റിനു ശേഷം അന്ത്യ ശാസനം നൽകി മൂന്നാമത്തെ ഹോണും മുഴക്കി അയാൾ സ്റ്റീരിയോവിലേക്ക്  ‘ബോയ്സി’ന്റെ ഓഡിയോ കാസറ്റു തിരുകിക്കയറ്റി. അങ്ങിങ്ങായി കളിച്ചും ചിരിച്ചും ചിതറി നിന്ന പതിന്നാലു കുട്ടികൾ അന്ത്യശാസനമേറ്റതോടെ ചറുപിറന്നനെ വാനിലേക്ക് കുതിച്ചുകയറി വാതിൽ വലിച്ചടച്ചു. ഇടിച്ച് കയറി “എനിക്കൊരു ഗേൾഫ്രണ്ട് വേണ” മെന്ന് കൊഞ്ചിപ്പാട്ടുന്ന കുട്ടികൾക്കിടയിൽ ഐറിൻ ചെറുമ്മൽ എന്ന കൊച്ചുമിടുക്കിയും ഉണ്ടെന്ന ശുഭവിശ്വാസത്തിൽ  ഡ്രൈവർ സ്റ്റിയറിങ്ങിൽ താളമിട്ട് വണ്ടി മുന്നോട്ടെടുത്തു.


“വൺ .ടൂ..ത്രീ ..” പെറുക്കി കൂട്ടിയ മധുരമണമൂറുന്ന ചെമ്പകപ്പൂക്കൾ  ഐറിനും അന്നപൂർണ്ണയും എണ്ണി തുടങ്ങി. ഐറിൻ ആകെ ശേഖരിച്ചത് ഇരുപത്തിയഞ്ച് പൂക്കൾ. അന്നപൂർണ്ണക്ക് കിട്ടിയത് ഇരുപത്തിമൂന്നു പൂക്കൾ. അന്നപൂർണ്ണയുടെ വാടാൻ തുടങ്ങിയ മുഖത്ത് ഒരു കൊച്ചു താരകത്തെ പൊട്ടിവിരിയിച്ചുകൊണ്ട് ഐറിൻ അവളുടെ കയ്യിൽ നിന്നുമൊരു പൂവ് കൂട്ടുകാരിക്ക് നീട്ടി. പൂക്കളെല്ലാം സ്ക്കൂൾ ബാഗിന്റെ പോക്കറ്റിലേക്ക് തിരുകി , പോയതുപോലെ തന്നെ രണ്ടാളും  ചാപ്പലിന്റെ തണുത്ത മുറ്റത്ത് നിന്നും പുറത്തേക്ക് നടന്നിറങ്ങി. പുറത്ത് വന്നതും
“അയ്യോ പപ്പാ വന്നേ …” എന്ന് ചിണുങ്ങി അന്നപൂർണ്ണാ മേനോൻ പപ്പയുടെ സുന്ദരൻ ബെൻസിലേക്ക് കയറിപ്പോയി.

                                                       രംഗം  2

ക്യാബിൻ്റെ ചില്ലുവാതിൽ തള്ളിത്തുറന്ന് കടന്നുവരുന്ന സുമുഖനായ അതികായനെ കണ്ട് ജോമോൻ ചെറുമ്മൽ ആശ്ചര്യചിത്തനായി. “എൻ്റെ കർത്താവേ...കണ്ടിട്ടെത്ര കാലമായി. എവിടെ മുങ്ങിയിരിക്കുകയായിരുന്നു?”
പ്ലാൻ്റർ വിന്നി ചാക്കോ മധുരതരമായൊരു ചിരി ചിരിച്ചു. “മുങ്ങിയും പൊങ്ങിയും ഈ പാവം അച്ചായനങ്ങ് ജീവിച്ചു പോട്ടേ….”
“ഉവ്വ് ഉവ്വേ….” ജോമോൻ ചെറുമ്മൽ കസേരയിലിരുന്നൊന്നു കറങ്ങി തിരിഞ്ഞു വന്നു വിന്നി ചാക്കോ എന്ന പ്രിയ സുഹൃത്തിന്റെ  കണ്ണുകളിലേക്ക് സ്നേഹപൂർവ്വം നോക്കി  ഇരുപ്പായി.
“അറിയാലോ റബ്ബറൊക്കെ വെള്ളത്തിലാ . ഇപ്പൊ വാനില പച്ചപ്പിടിക്കുന്നുണ്ട്. ഇനിയങ്ങോട്ട് സുഗന്ധപൂരിതമാകട്ടെ ജീവിതം . അല്ലേ ഡോ ?” വിന്നി ചാക്കോ ഗ്ളാസ് ഡോറിലൂടെ പുറത്തേക്കൊന്നു കണ്ണോടിച്ചു “തിരക്കാണോ? ഉം ?”
തിരക്കൊഴിഞ്ഞിട്ട് ഒന്ന് ഉറങ്ങാൻ കൂടി വയ്യ “
“സൂക്ഷിക്കണം. ഇങ്ങനെ പണിയെടുത്താൽ പിന്നെ ഒന്നിനും കൊള്ളാതാവും ..ഏത്? ഹൈപ്പർ ടെൻഷൻ ...കൊളസ്‌ട്രോൾ ..”
“കുറച്ചോക്കെ ഇപ്പോഴേ ഉണ്ട്..” ജോമോൻ കുമ്പസാരക്കൂട്ടിലിരിക്കുന്നവനെ

പോലെ മൊഴിഞ്ഞു.
“ഏയ്..കാമോൺ  മാൻ . ഇന്നൊരു ഈവനിങ്ങ് . സെ ഗുഡ് ബൈ റ്റു ഓൾ വറീസ് ആന്റ് ടെൻഷൻസ് . ഇങ്ങനൊരു വർക്ക് ഹോളിക്കായി ജന്മം പാഴാക്കല്ലേ. എത്ര കാലമായി ഒന്ന് കൂടീട്ട്. കിടിലൻ പ്രോഗ്രാമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. രണ്ടുമാസത്തേക്ക് രാപ്പകലില്ലാതെ പണിയെടുക്കാനുള്ള ഇന്ധനം നിനക്കിന്ന് കിട്ടും. ഏണീക്കഡോ..” വിന്നി ചാക്കോ സ്വാതന്ത്ര്യത്തോടെ ജോമോന്റെ കയ്യിൽ പിടിച്ച് വലിച്ചു
“എവിടേക്കാ ….?” ജോമോന്റെ  ചൂടുപിടിച്ച മനസ്സിൽ മഞ്ഞു മഴ പെയ്‌തു  തുടങ്ങി.
“ഹാ ..നമ്മടെ പഴേ സങ്കേതം. എസ്റ്റേറ്റിലേ ..”
ജോമോൻ ചെറുമ്മൽ ഉന്മത്തനായി.  “പഴയ കമ്പനി മൊത്തമുണ്ടേൽ അടിച്ചു പൊളിക്ക്യായിരുന്നു.”
“അവന്മാരൊക്കെ എപ്പഴേ റെഡി. ആദിത്യ വർമ്മയും മുഹമ്മദ് സക്കീറും പറഞ്ഞ  സമയത്തെത്തും. നീയാണ് ഉഴപ്പിക്കളയാൻ ചാൻസ്. അതാ നേരിട്ടു വന്നു പിടിച്ചു കെട്ടാമെന്ന് വിചാരിച്ചത്. ..”
വിന്നി ചാക്കോയുമൊത്തുള്ള കൂട്ടച്ചിരിക്കൊടുവിൽ ജോമോൻ ചെറുമ്മൽ മൊബൈൽ ഫോൺ കയ്യിലെടുത്തു.

                                                  രംഗം മൂന്ന്

സ്റ്റാഫ് റൂമിൽ നിന്നിറങ്ങി തൻ്റെ കൈനറ്റിക്കിന് നേരെ നടക്കുമ്പോഴാണ് സ്റ്റെല്ലാ ചെറുമ്മലിൻ്റെ ഫോൺ തണുപ്പേറ്റ കുഞ്ഞിക്കിളിയെ പോലെ കുറുകിയത്. ‘ ജോമോൻ’ , സ്ക്രീനിൽ സ്റ്റെല്ലക്ക് ഏറ്റവും ആശ്വാസദായകങ്ങളായ അക്ഷരങ്ങൾ അണിനിരന്നു നിന്നു. “എന്തേ?” അവൾ അടക്കിപ്പിടിച്ച് ചോദിച്ചു.
“സ്റ്റെല്ലാ..ഞാനിന്ന് ചെലപ്പോ വന്നേക്കില്ല. ഒരു യാത്രയുണ്ട്.”
എങ്ങോട്ടാണ് യാത്ര? എന്താണ് അത്യാവശ്യം? സ്റ്റെല്ലയുടെ നാക്കിൻ തുമ്പിലേക്ക് ചോദ്യങ്ങൾ തുടിച്ചു വന്നുവെങ്കിലും അപ്പോഴേക്കും ‘കോൾ എൻഡഡ്’ എന്നൊരു ഭീകര രാക്ഷസൻ അവളെ നോക്കി പല്ലിളിച്ചു. സ്റ്റെല്ലക്ക് ഒന്നു കരയണമെന്ന് തോന്നി. കണ്ണിൻ്റെ കോണിലേക്ക് നീറ്റുന്ന നനവ് ഊറി വന്നു തുടങ്ങിയതുമാണ്. പക്ഷെ സ്ക്കൂൾ വിട്ട് വന്ന് ഒരു വലിയ വീട്ടിൽ ആരോരും തുണയില്ലാതെ കളിച്ചുകൊണ്ടിരിക്കുന്ന ഐറിൻ്റെ കുഞ്ഞുമുഖം വിരഹിണീസ്റ്റെല്ലയുടെ കണ്ണീരും രാഗവായ്പിൻ്റെ കനൽച്ചീളുകളും അണച്ചു കളഞ്ഞു. സ്റ്റെല്ല കൈനറ്റിക്കിനെ തൊട്ടുണർത്തി.
പത്താം ക്ലാസ്സുകാർക്ക് കൊടുക്കുന്ന പ്രത്യേക കോച്ചിങ്ങ് ക്ലാസ്സിനു ശേഷം അഞ്ചു മണിയോടെയാണ് സ്റ്റെല്ല ചെറുമ്മൽ എന്നും വീട്ടിലെത്തുന്നത്. ഐറിനാകട്ടെ കൃത്യം നാലേ പത്തിന് ചുമന്ന ഓമിനി വാനിൽ നിന്നും ഗേയ്റ്റിൻ്റെ മുൻപിൽ വന്നിറങ്ങും. തൊട്ട അയൽപക്കത്ത് താമസിക്കുന്ന റിട്ടയേർഡ് ആർമി ഓഫീസർ കൃഷ്ണൻ അങ്കിളിന്റെ വീട്ടിലേക്ക് നടക്കും. അവിടെ ഏല്പിച്ചിരിക്കുന്ന താക്കോലുമായി വീട്ടിലെത്തും. .(തനിയെ വാതിലിന്റെ പൂട്ട് തുറക്കാനൊക്കെ ഇപ്പോഴേ അവൾ പഠിച്ചു കഴിഞ്ഞിരിക്കുന്നു.). ഉച്ചക്ക് രണ്ടു മണിക്കൂർ നേരത്തെ  സേവനത്തിന് കഴുത്തറപ്പൻ ശമ്പളം കൈപറ്റുന്ന സൂസന്ന ചായ ഫ്ലാസ്ക്കിൽ ഒഴിച്ചു വെച്ചിരിക്കും. പാൽ കുടിക്കാൻ മടിയുള്ള ഐറിൻ അത് കപ്പിലേക്ക് പകർത്തി (പകർത്തുമ്പോൾ ഡൈനിങ്ങ് ടേബിളിലാകെ തൂവി പോയിരിക്കും. ഈ ചായക്കറ തുടച്ചുതുടച്ചു സ്റ്റെല്ലയുടെ വിലപ്പെട്ട സമയം എത്രയാ പോകുന്നേ!) ചില്ലലമാരയിൽ വിവിധ പാത്രങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന ബേക്കറി പലഹാരങ്ങൾ നുണച്ചിറക്കി , യൂണിഫോം മാറ്റി, കാർട്ടൂൺ നെറ്റ് വർക്കിലെ അത്ഭുതക്കാഴ്ചകളിലേക്ക് വിസ്മയഭരിതയായി നോക്കിയിരിക്കുമ്പോഴേക്കും സ്റ്റെല്ല എത്തിയിരിക്കും.
എങ്കിലും ചില ദിവസങ്ങളിൽ ഐറിൻ തികഞ്ഞ അച്ചടക്കബോധത്തോടെ പാലിച്ചു വരുന്ന ഇക്കാര്യങ്ങളൊക്കെ ഒറ്റയടിക്ക് അങ്ങ് തകിടം മറിച്ചു കളയും . കൃഷ്ണൻ അങ്കിളിന്റെയും ഗൗതമി ആന്റിയുടെയും ഏക പുത്രൻ  നിരഞ്ജൻ വീട്ടിലുണ്ടെങ്കിലാണത് . അവന്റെ പിന്നാലെ കളിയും ചിരിയുമായങ്ങനെ കൂടും. വലിയ തമാശക്കാരനാണ് അവൻ. പക്ഷെ അവന്റെ തമാശകൾ സ്റ്റെല്ലയുടെ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിപ്പിക്കാൻ തുടങ്ങിയത് അടുത്ത കാലത്താണ്. ദിനന്തോറും പത്രങ്ങൾ തുപ്പുന്ന ‘പീഡന കഥകൾ ‘ അവളുടെ ഹൃദയാശയത്തിൽ ദഹിക്കാതെ കിടന്ന് പീത രസമായി രൂപാന്തരപ്പെട്ട്  പുറത്തേക്ക് തള്ളിത്തള്ളി വരുവാൻ തുടങ്ങിയിരുന്നു ആദ്യമൊക്കെ നിരഞ്ജൻ എന്ന ചെറുപ്പക്കാരന്റെ മുഖത്തിനപ്പുറത്ത് വിറളി പൂണ്ട ചെന്നായയുടെ ചുമന്ന നാക്കും കിതപ്പും അവൾ കണ്ടു. പിന്നെ പിന്നെ കൃഷ്ണൻ നായരെന്ന വൃദ്ധന്റെ വാത്സല്യപ്പുകമറയിൽ കഴുകൻ കണ്ണുകൾ ഉണ്ടാകുമോ എന്ന് സ്റ്റെല്ല ഭയപ്പെട്ടു തുടങ്ങി.
ഇനി ഐറിൻ  വീട്ടിൽ തന്നെ കുത്തിപ്പിടിച്ചിരുന്നാലും സ്റ്റെല്ലയുടെ നെഞ്ചിലെ ‘ടപ്പ് ടപ്പ്‌ ‘ ശബ്ദം താഴുന്നില്ല. അവൾ അവിടെ എന്നും തനിച്ചാണെന്ന് ആരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നും ഏതെല്ലാം കുഞ്ഞാടുകൾക്ക് തേറ്റപ്പല്ല് മുളക്കുന്നുണ്ടാകുമെന്നും സ്റ്റെല്ല ആവലാതിപ്പെട്ടുകൊണ്ടേയിരുന്നു. ആ ഒരു മണിക്കൂർ സ്റ്റെല്ല മുൻപിൽ നിരന്നിരിക്കുന്ന വിദ്യാർത്ഥിനികളോട് നീതി  കാണിക്കാനാകാതെ വ്യാകുല മാതാവിന് മെഴുകുതിരികൾ നേരുകയായിരിക്കും.
പക്ഷെ കുഞ്ഞു ഐറിനെ എങ്ങനെയാണിതെല്ലമൊന്നു പറഞ്ഞു മനസ്സിലാക്കുക! ലോകം ചോക്കലേറ്റ് പോലെ മധുരമേറിയതാണെന്നല്ലേ അവൾ കരുതി വെച്ചിരിക്കുന്നത്? അതിനകത്ത് പുളയുന്ന പുഴുക്കളെയും അണുക്കളെയും വലിച്ചു പുറത്തിട്ട് കാണിക്കാൻ കഴിയാതെ സ്റ്റെല്ല ഉറക്കം നഷ്ടപ്പെട്ടവളായി. ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരിക്കുന്ന മൊബൈൽക്കിളിയുമായി വീട്ടിൽ വന്നു കയറുന്ന ജോമോന് ഉണ്ണാനും ഉറങ്ങാനും നേരം തികയാത്തപ്പോൾ സ്റ്റെല്ലയുടെ ആവലാതിപ്പെട്ടി തുറന്നു നോക്കുവതെങ്ങനെ?

കൈനറ്റിക് പോർച്ചിൽ നിർത്തി സിറ്റൗട്ടിലേക്ക് കയറിയ അടഞ്ഞ വാതിലും തുറക്കാത്ത പൂട്ടും കാത്തുക്കിടന്നു. ഐറിനെ ഒന്നു ഗുണദോഷിക്കണമെന്ന് ഉറപ്പിച്ച് അവൾ കൃഷ്ണനങ്കിളിന്റെ വീട്ടിലേക്ക് നടന്നു. ഇത്തിരി പോന്ന മുറ്റത്ത് തിക്കിത്തിരക്കി നിന്ന പൂച്ചെടികളെ താലോലിക്കുകയായിരുന്ന കൃഷ്ണൻ അങ്കിൾ നെറ്റി  ചുളിച്ചു .”എന്തേ സ്റ്റെല്ലാ..? മോളെ കാണാണ്ട് ഞാനൊന്നു വിഷമിച്ചു. ഗൗതമിയാ ഓർമ്മിച്ചേ ഇന്നു ഫ്രൈഡേയല്ലേ, സ്റ്റെല്ല
അവളെ സ്ക്കൂളിൽ ചെന്നു  കൂട്ടി ഷോപ്പിങ്ങിന് പോയി കാണുമെന്ന്. എന്നിട്ടെവിടെ ആള്?” കൃഷ്ണൻ അങ്കിൾ സ്റ്റെല്ലയുടെ പിന്നിൽ പതുങ്ങി നിൽക്കുന്ന ഐറിനെ  കാണുവാനായി ഏന്തിവലിഞ്ഞു നോക്കി.

അപ്പോൾ ഐറിൻ!!! സ്റ്റെല്ലയുടെ കാൽക്കീഴിൽ നിന്നും മണ്ണൊലിച്ച് പോയി. സൂര്യഗോളം ദ്രുതഗതിയിൽ അടുത്തേക്കൊഴുകി വന്ന് സ്റ്റെല്ലയെയും ഭൂമിയെയും അപ്പാടെ വിഴുങ്ങി കളഞ്ഞു. കൃഷ്ണൻ  അങ്കിളിന്റെ കുഞ്ഞാടിൻ കണ്ണുകൾ എന്താണ് ഒളിക്കാൻ ഭാവിക്കുന്നതെന്ന് സ്റ്റെല്ല പിന്നെയും പിന്നെയും നോക്കി.
“എന്തേ  സ്റ്റെല്ലാ ?” അയാളുടെ ശബ്ദം വിറപൂണ്ടു.
“എന്റെ മോള് …….” അവൾക്ക് അത്രയേ പറയാൻ കഴിഞ്ഞുള്ളൂ. തൊണ്ട വറ്റി വരണ്ട് സ്റ്റെല്ല മണ്ണിലേക്ക് തളർന്നിരുന്നു.
“അതാ മോൾടെ വാനല്ലേ ആ വരുന്നത്. വഴീലെങ്ങാനും ബ്രേക്ക് ഡൗണായി കിടന്നതാവും.” കൃഷ്ണൻ അങ്കിൾ ഗേയ്റ്റിന്റെ പുറത്തേക്കിറങ്ങി.
കുട്ടികൾ  ഒഴിഞ്ഞ വാനിലേക്ക് സ്റ്റെല്ല അങ്കലാപ്പോടെ നോക്കി. വാനിന്റെ ഡ്രൈവർ തലകുനിച്ച് പിൻക്കഴുത്ത് ചൊറിഞ്ഞ് അവർക്കു മുന്നിൽ നിന്ന് കുമ്പസരിച്ചു. വീടെത്താറായപ്പോഴാണ്  വാനിൽ കുട്ടിയില്ലെന്ന് ശ്രദ്ധിച്ചതെന്നും തിരികെ സ്ക്കൂളിൽ ചെന്ന് അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ലെന്നും അയാൾ പറഞ്ഞതൊക്കെയും മുഴുത്ത മുഴുത്ത നുണകളായിരിക്കുമോ എന്നും സ്റ്റെല്ല ഭയന്നു. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണമെന്നറിയാതെ സ്റ്റെല്ല വിറയ്ക്കുന്ന വിരൽത്തുമ്പുകൾ ജോമോന് നേർക്ക് നീട്ടി. ഒരിക്കലും സ്റെല്ലക്ക് പിടികൊടുക്കാതെ ജോമോൻ തെന്നിമാറിക്കൊണ്ടിരുന്നു.

                                                               രംഗം നാല്

ഏറെ നേരം പാർക്കിങ്ങ്  ഏരിയയിൽ ചുമലിന് താങ്ങാൻ അരുതാത്ത ഭാരവും പേറി വളഞ്ഞ മുതുകോടെ സ്റ്റെല്ലാ മേരി ഐറിൻ ചെറുമ്മൽ കാത്ത് നിന്നു. കളിച്ചു നിന്ന കുട്ടികളും കാത്തുകിടന്ന വാഹനങ്ങളും ഒന്നൊന്നായി പടികടന്നു പോയി. ആരവങ്ങൾ ഒഴിഞ്ഞ സ്ക്കൂൾ കെട്ടിടവും ഗ്രൗണ്ടും പേടിപ്പിക്കുന്നൊരു നിശ്ശബ്ദതയിലേക്ക്  കാലുകൾ നിവർത്തി കിടന്നു. പൊടുന്നനെ ഐറിൻ്റെ കുഞ്ഞിവയറ്റിൽ ഒരു മിന്നൽപ്പിണർ കത്തിക്കയറി. അപ്പോഴാണ് തൻ്റെ ഓമ്നി വാനും അതിൽ കളിയും ചിരിയുമായിരിക്കുന്ന കൂട്ടുക്കാരും അവളിൽ നിന്നും ഒരുപാട് ദൂരം പൊയ്ക്കഴിഞ്ഞിരിക്കുന്നുവെന്ന് ഐറിൻ തിരിച്ചറിഞ്ഞത്.

ക്ലാസ്സുമുറികൾ ഒന്നൊന്നായി അടച്ചു പൂട്ടി താക്കോൽക്കിലുക്കവുമായി വരാന്തയിലൂടെ പൗലോസേട്ടൻ നടന്നു നീങ്ങുന്നത് ഐറിന് അവിടെ നിന്നും കാണാൻ കഴിഞ്ഞു. സഹായം ചോദിച്ച് അയാളുടെ മുൻപിലേക്ക് ചെന്നാലോ എന്ന് ഐറിൻ ചിന്തിച്ചു. അയാൾ അവളെ കോണ്വെൻ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്നും അവിടെ ചായ കുടിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റർ മെറ്റിൽഡയുടെ മുന്നിലേക്ക് കള്ളപ്പുള്ളിയെ പോലെ  നീക്കി നിർത്തുമെന്നും ഐറിന് അറിയാമായിരുന്നു.
ഒരു കാര്യത്തിൽ ഐറിൻ്റെ കുഞ്ഞുമനസ്സിന് തർക്കമുണ്ടായിരുന്നില്ല.  ഇന്നവൾക്കൊരു ‘ബാഡ് ഡേ’യാണ്. വീട്ടിലെ ചെല്ലുമ്പോൾ സ്ക്കൂൾ വിട്ടയുടനെ വാനിൽ വന്നു കയറാതിരുന്നതിന് മമ്മി വഴക്കു പറയും.  ഇവിടെയാണെങ്കിൽ ‘ഡൂ നോട് പ്ലക് ഫ്ലവേഴ്സ്’ എന്ന കഠിനാക്ഷരങ്ങളെ തീർത്തും അവഗണിച്ച് ചെമ്പകപ്പൂക്കൾ പറിക്കാൻ പോയതിന് സിസ്റ്റർ മെറ്റിൽഡ നിർത്തിപ്പൊരിക്കും. ഇക്കാര്യം പറഞ്ഞ് മൺ ഡേ മുഴുവൻ ക്ലാസ്സുമുറിയുടെ  മൂലയ്ക്ക് നിർത്താനും മതി. മമ്മിയുടെ വഴക്കു മാത്രം കേട്ടാൽ മതിയെന്ന് ഐറിനങ്ങ് തീരുമാനിച്ചു കളഞ്ഞു. മമ്മിയുടെ വഴക്കിനു പിന്നാലെയെത്തുന്ന ഉമ്മയുടെ മധുരമാണ് അതിനവളെ പ്രേരിപ്പിച്ചത്. സിസ്റ്റർ മെറ്റിൽഡയെ ഓർത്ത നിമിഷം തന്നെ , കുരുന്നു മനസ്സാണെങ്കിലും അവിടേയ്ക്ക് അപമാനഭീതിയും അഭിമാന ബോധവും കടന്നു വന്ന് കൈകോർത്ത് നിന്നു അവളോട് പറഞ്ഞു, “സിസ്റ്റർ മെറ്റിൽഡയുടെ കണ്ണിൽപ്പെടാതെ എത്രയും പെട്ടെന്ന് പുറത്തേക്ക് കടക്കുക.”


എന്നും രണ്ടു നേരം സഞ്ചരിക്കുന്ന വഴികൾ രണ്ടാം ക്ലാസ്സിലെ പാഠപുസ്ത്കത്തിലെ ഇംഗ്ലീഷ് കവിത പോലെ കുത്തും കോമയും സഹിതം തനിക്ക് പച്ചവെള്ളം പോലെ കാണാപാഠ്മാണെന്ന കാര്യത്തിൽ ഐറിന് സന്ദേഹമുണ്ടായിരുന്നില്ല. ആത്മവിശ്വാസം തുളുംബുന്ന മനസ്സോടെ സ്റ്റെല്ലാമേരി ഐറിൻ ചെറുമ്മൽ പക്ഷെ ഇറങ്ങി നടന്നത് എതിർദിശയിലേക്കാണ്.  വഴികൾ ഉപവഴികളായി പിരിഞ്ഞു. അവ അനന്തമായി നീണ്ടു നീണ്ടു കിടന്നു. നീണ്ട വിരലുകൾ കൊണ്ട് അവ ഐറിനെ ഏതോ ഇരുൾ വീണ താഴ്വാരത്തിലേക്ക് മാടിവിളിച്ചുക്കൊണ്ടിരുന്നു. നടന്നു നടന്നു ഐറിൻ്റെ കുഞ്ഞുപാദങ്ങൾ കുഴഞ്ഞു. മുതുകു നൊന്തു വിങ്ങി. വിശപ്പും ദാഹവും പേടിയും സങ്കടവും അവളെ തളർത്തിക്കളഞ്ഞു.
ഒടുവിൽ തിരക്കുപിടിച്ചൊരു നിരത്തിൻ്റെ ഓരത്ത് ഇനിയൊരടി മുന്നോട്ടു വയ്യെന്ന് വിതുമ്പി ഐറിൻ നിന്നു. വഴിയെ കടന്നു പോയവർ അവളെ തുറിച്ചു നോക്കി. ഒരു വവ്വാലിനെ പോലെ ആകാശച്ചെരുവിൽ നിന്നും താഴേക്കിറങ്ങി വരുന്ന സന്ധ്യയുടെ ഇരമ്പം ഐറിൻ കേട്ടു തുടങ്ങി. അവളുടെ ചെറിയ തലയിൽ കൈപ്പത്തി ചേർത്തു വെച്ച് അയാൾ ചോദിച്ചു. “എന്താ ഇവിടെ തനിച്ചു നിൽക്കുന്നത്?”  

                                                 രംഗം അഞ്ച്

അറ്റമില്ലാതെ പരന്നു കിടക്കുന്ന പുൽത്തകിടിയിലേക്ക് നിലാവിൻ്റെ നീലിമ പെയ്തിറങ്ങി. റബർമരങ്ങൾക്കിടയിലൂടെ തണുത്തക്കാറ്റ്  വീശിയെത്തുമ്പോൾ മുറ്റമാകെ റബർപാലിൻ്റെ പച്ചമണം തുള്ളിത്തുളുംബി നിന്നു. പുലത്തകിടിയിലെ ചൂരൽ കസേരയിലിരുന്ന് ജോമോൻ ചെറുമ്മൽ മൊബൈൽ ഫോൺ കയ്യിലെടുത്തു. സ്വിച്ച് ഓഫ് ചെയ്ത് പൗച്ചിലേക്ക് തിരുകി, “ നോ മോർ ഇൻ്റെർഫിയറൻസസ്”

മുന്നിലെ ടീപ്പോയിൽ കനലിൽ ചുട്ടെടുത്ത മുയലിറച്ചിയും മസാലയിൽ പൊതിഞ്ഞ അണ്ടിപ്പരിപ്പും നിരത്തുകയായിരുനു പൗലോസേട്ടൻ.
“ഇറച്ചി മാത്രമേയുള്ളൂ..? ചൂടു പിടിപ്പിക്കനൊന്നുമില്ലേ?”
എക്സൈസ് കമ്മീഷ്ണർ മുഹമ്മദ് സക്കീർ ചോദിച്ചു. കാപ്പിരി സംഗീതത്തിൻ്റെ കൊഴുത്ത താളം അവരുടെ സിരകളിലൂടെ ത്രസിച്ചിരമ്പി.
മദ്യം നിറച്ച ചിരട്ടക്കോപ്പകൾ പരസ്പരം ഉമ്മ വെച്ചു. “എഡോ പബ്ലിക്ക് പ്രോസിക്ക്യൂട്ടറേ..താനാ മർഡർ കേസിലെ പ്രതിക്ക് ജീവപര്യന്തം വാങ്ങി കൊടുത്തു അല്ലേ?” കോടതീലെ പ്രകടനം ഗംഭീരമായിട്ടണല്ലോ മീഡിയ ആഘോഷിച്ചത്. “ ജോമോൻ ചെറുമ്മൽ ഒരു കവിൾ മൊത്തിക്കൊണ്ട് ചോദിച്ചു.
സൂര്യപ്രഭാവമുള്ള ആദിത്യ വർമ്മ കനൽക്കണ്ണുകളിൽ രണ്ടു ചെറു സൂര്യഗോളങ്ങൾ ഒതുക്കി പുഞ്ചിരി തൂകി.
“തൂക്കിക്കൊല്ലണമെന്നാ ഞാൻ പറയുന്നത്. പ്രതിയുടെ പ്രായം പരിഗണിച്ച് ജീവപര്യന്തമാക്കി കളഞ്ഞു. ഫൂളിഷ് ക്രിമിനൽ! ചില ക്രിമിനൽസിൻ്റെ ബുദ്ധി കൂർമ്മത..പ്ലാനിങ്ങ് ഒക്കെ കാണുമ്പോൾ നമുക്കൊരു പൊടി ആരാധന തോന്നിപ്പോകും.  ഇതതൊന്നുമല്ല. പെങ്കൊച്ചിനേയും കൊന്ന് കൊതീം തീർത്ത് സ്വന്തം മാളത്തില് തന്നെ വെച്ച് ഒളിവില് പോയിരിക്കുന്നു. വങ്കൻ! ഇത്ര ലൂപ് ഹോൾസുള്ള ലോ സിസ്റ്റമുണ്ടായിട്ട്...കൈ കഴുകാനറിയണ്ടേ?”
“ഹേ..കള! കട്ടിട്ട് നിൽക്കാനറിയാത്തവൻ അഴിയെണ്ണട്ടെ. പകൽ വെളിച്ചത്തിൽ കക്കാനും നിക്കാനും അറിയുന്നവർക്കായി ഇനിയും ലഹരി പകരുക….” ചിരട്ടക്കോപ്പ  നീട്ടി മുഹമ്മദ് സക്കീർ പൊട്ടിച്ചിരിച്ചു.
“ഇനിയെങ്കിലും പ്രൊഫഷണൽ ഡിസ്ക്കഷൻസ് ഒഴിവാക്കിക്കൂടേ…?” വിന്നി ചാക്കോ ഇടപെട്ടു.
“അപ്പോ എങ്ങനാ കാര്യങ്ങൾ? ഞങ്ങൾ മൂന്നും പീക്കിരി പിള്ളാരെ പോലെ മൊയലെറച്ചീം തിന്ന് വാറ്റും മോന്തി വെടിപറഞ്ഞു നേരം വെളുപ്പിക്കുമോ അച്ചായാ…? സൗന്ദര്യാരാധകന്മാരാണേ….!മറന്നോഡോ?” മുഹമ്മദ് സക്കിറിൻ്റെ ക്ഷമയുടെ നേർത്ത ചരടുകൾ വലിഞ്ഞു മുറുകി ഒരൊറ്റപൊട്ട്.

“പഴയ സെറ്റപ്പൊന്നുമില്ലേ? തിലോത്തമ്മ ചേച്ചി…...ആന്മേരി…..?”
“ഓ...ഒകെ വിട്ടു. വീടെടുത്ത് കൊടുത്താലും കാറ് മേടിച്ചു കൊടുത്താലും അടങ്ങിയിരിക്കുകേല. തെണ്ടിത്തിന്നാന അവളുമാർക്ക് പ്രിയം. വെറൈറ്റി ഹണ്ടിങ്ങ് പിഗ്സ്.” വിന്നി ചാക്കോയുടെ അമർഷം ചെന്നിയിലൊരു മുഴയായി തെന്നിക്കളിച്ചു.  മറ്റേ ഗ്രൂപ്പിൻ്റെ കാര്യം അതിലും കഷ്ടം. ഹാൻഡ് ബാഗിലിപ്പോൾ അപ്പിടി റബറാ….. ഏത്?” അയാൾ എക്കിള് വിട്ടു ചിരിച്ചു. “മുഴുത്ത ഫെമിനിസമാ.. വായിൽ കടിച്ചാൽ പൊട്ടാത്ത സാധനങ്ങളാ...വരുന്നത്. സേഫ് സെക്സ്..മണ്ണാങ്കട്ട….യൂണിയനൊക്കെ ആയി പോയില്ലേ..”
“കുറ്റം പറയാൻ പറ്റില്ല.” ആദിത്യവർമ്മ മന്ദഹസിച്ചു. “ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നല്ലേ എല്ലാർക്കും. കൊള്ളി വെക്കാൻ പോലും ആളെ കിട്ടിയില്ലയെങ്കിലോ…?”
“അതെയതെ...സെമിത്തേരിയിലൊന്നും എടം കിട്ടീന്ന് വരില്ല, അപ്പറത്തും ഇപ്പറത്തും കിടക്കുന്ന വല്ല്യപ്പന്മാർക്കും വല്ല്യമ്മച്ചിമാർക്കും വരെ രോഗം പകരുമെന്നാ ചില പാതിരിമാരുടെ വരെ വിചാരം. പിന്നെ റെസ്റ്റ് ഇൻ പീസെന്നൊക്കെ എഴുതി വെച്ചിട്ട് എന്താക്കാനാ…..?”  ജോമോൻ ചെറുമ്മൽ പൊട്ടിച്ചിരിച്ചുകൊണ്ട് ഉരുണ്ടു വീണു.
“ചുരുക്കി പറഞ്ഞാൽ ഉറങ്ങുന്നവനെ വിളിച്ചുണർത്തിയിട്ട് ഊണില്ലെന്ന്.”
മുഹമ്മദ് സക്കീർ നിരാശനായി കോപ്പയിൽ അവശേഷിച്ച ലഹരിയുടെ അവസാന തുള്ളി കൂടെ വലിച്ചു ഞെരമ്പിലേക്ക് കയറ്റി പുൽത്തകിടിയിൽ മലർന്നു കിടന്നു. അയാളുടെ  ശ്വാസഗതിക്കൊത്ത് ബലൂൺ പോലെ വിർത്ത വയർ തുള്ളിക്കളിക്കുന്നത് നോക്കി വിന്നി ചാക്കോ ആശ്വസിപ്പിച്ചു.
“ഹാ..നിരാശപെടാതെ. അതിനൊക്കെ വഴിയുണ്ടാക്കാം. നിന്നെ അങ്ങനെ പട്ടിണിക്കിടോ മാപ്ളേ. ഇന്നത്തെ ഇനം ഇച്ചിരി സ്പെഷലാ…പൗലോസേട്ടനെ വിട്ടിട്ടുണ്ട്. ഇപ്പോ വരും. ഫ്രെഷ് ലൈക് എ റേയ്ന് ഡ്രോപ്!  നോറൂം ഫോർ വറീസ്. ഏത് ...ചത്താലും ചമഞ്ഞു തന്നെ കിടക്കാം. ഹഹ…”

ഒരു അനാഘ്രാത കുസുമം നേർത്ത പരിമളം വിടർത്തി വിരിയാൻ തുടിച്ചു നിൽക്കുന്നത് ഒരായിരം മനക്കണ്ണുകളിൽ കണ്ട് കണ്ട് ജോമോൻ ചെറുമ്മലും കൂട്ടരും കാത്തിരുന്നു.

                                                            രംഗം  ആറ്

സ്റ്റെല്ല  സ്വീകരണ മുറിയിലെ തിരുരൂപത്തിന് മുന്നിൽ മിഴികളടച്ച് മുട്ടുകുത്തി നിൽക്കാൻ തുടങ്ങിയിട്ട് നേരമേറെ കഴിഞ്ഞിരിക്കുന്നു. അതു വരെ ഒരു അന്തർമുഖനെ പോലെ പതുങ്ങിയിരുന്ന ലാൻഡ് ഫോൺ തുടരെ തുടരെ ചിലച്ചു. ഓരോ തവണയും ഫോണിൻ്റെ ശബ്ദം ആ വലിയ വീടിനകത്ത് കനത്തുവിങ്ങി നിന്ന നിശ്ശബ്ദതയിലേക്ക് ഉച്ചസ്ഥായിലുള്ള വിലാപമായി പിടഞ്ഞു വീണു. അപ്പോഴൊക്കെ സ്റ്റെല്ല ഒന്നനങ്ങി എന്നല്ലാതെ പ്രാർത്ഥന വിട്ടെഴുനേറ്റില്ല. അവളുടെ അടഞ്ഞ കണ്ണുകളിൽ നിന്നും കവിളുകളിലൂടെ നിലക്കാതൊഴുകുന്ന കണ്ണുനീരിലേക്ക് നോക്കി നെടുവീർപ്പുതിർത്ത് സ്റ്റെല്ലയുടെ കൂട്ടുകാരി  വിനയ ഫോൺ ക്രാഡിലിൽ നിന്നുമെടുത്ത് ചെവിയോട് ചേർത്ത് വെറുങ്ങലിപ്പോടെ നിന്നു.

കൃഷ്ണൻ എങ്കിലും വാൻ ഡ്രൈവറും ഇതിനകം പലതവണ വിളിച്ച് കഴിഞ്ഞു.ഐറിന്റെ കൂട്ടുകാരെ കുറിച്ചും അവരുടെ വീടുകളിലേക് നീളുന്ന വഴികളെ കുറിച്ചും അവർ ചോദിച്ചു. മറുപടി പറയാനരുതാതെ വരുമ്പോൾ വിനയ സ്റെല്ലക്കരികിലെത്തി മൃദുവായി ചോദിച്ചു. “സ്റ്റെല്ലാ...അന്നപൂർണ്ണേടെ  വീട്…?” “മറ്റാരരോടൊക്കെയാ അവൾക്ക് അടുപ്പം..?”ചിലമ്പിച്ച ശബ്ദത്തിൽ സ്റ്റെല്ല അതിനൊക്കെ മറുപടി പറഞ്ഞു. വീണ്ടും തന്റെ തപസ്സിലേക്ക് നൂണ്ടിറങ്ങി.കൃഷ്ണൻ അങ്കിളിന്റ്റെ അന്വേഷണം വ്യാപിക്കവേ ഐറിൻ അന്വേഷിച്ച് അയാൾ കയറി ചെന്ന വീടുകളിലുള്ളവരൊക്കെ സ്റ്റെല്ലയെ വിളിക്കാൻ തുടങ്ങി.
“ഐറിനെ കിട്ടിയോ..” എന്ന്  ആകുലതയോടെ ചോദിച്ചു.
സ്റ്റെല്ലയുടെ മൊബയിൽ ഫോണിലെ അക്കങ്ങളിലൂടെ വിനയയുടെ വിരൽത്തുമ്പ് ഇടതടവില്ലാതെ ചലിച്ച് കൊണ്ടിരുന്നു.ജോമോൻ ചെറുമ്മലിനെ 'ട്രേസ്’ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വിനയ. ഓഫീസിൽ വന്നാരോ കൂടികൊണ്ടു പോയി എന്നല്ലാതെ അതാരായിരുന്നുവെന്നോ എങ്ങോട്ടാണ് പോയതെന്നോ ആർക്കുമറിയില്ലായിരുന്നു. വീടിലെ ഫോൺ ബുക്കിൽ ജോമോൻ്റെ സുഹൃത്തുക്കളുടെ പേരും ഫോൺ നമ്പറും അപൂർവ്വമായി മാത്രം തെളിഞ്ഞു കണ്ടു. അയാളുടെ ബന്ധങ്ങളെല്ലാം മൊബയിൽ ഫോണിൻ്റെ നിഗൂഡതയിൽ  ഒളിഞ്ഞിരുപ്പാണെന്ന് വിനയ ഊഹിച്ചു.
കൃഷ്ണൻ അങ്കിൾ വീണ്ടും വിളിച്ചു .തുടർന്നുള്ള അന്വേഷണം എത്രയും പെട്ടെന്ന് പോലീസിനെ ഏൽപ്പിക്കുന്നതാണ് ബുദ്ധിയെന്ന് അയാൾ പറഞ്ഞു. അതിനായി ജോമോനെ കാക്കുന്നതിൽ അർത്ഥമില്ലെന്ന് വിനയ കൂട്ടിച്ചേർത്തു. വിനയയും കൃഷ്ണൻ അങ്കിളും ഇതേ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കെ  സ്റ്റെല്ലയുടെ ഗേറ്റിലേക്ക് പ്രകാശത്തിൻ്റെ കൈകൾ നീണ്ടു വന്നു. ചുമന്ന മാരുതി സെൻ മുറ്റത്തേക്കൊഴുകി നിന്നു. ജനാലച്ചില്ലിലൂടെ ആ കാഴ്ച കണ്ട് കരച്ചിലും ചിരിയും കൂടിക്കുഴഞ്ഞ ശബ്ദത്തിൽ ‘സ്റ്റെല്ലാ..” എന്നു വിളിച്ച് വിനയ കൃഷ്ണൻ അങ്കിളിനെ തീർത്തും അവഗണിച്ച് ഫോൺ താഴെയിട്ടു.
സെന്നിൽ നിന്നും നിരഞ്ജൻ ഇറങ്ങി. അയാളുടെ കയ്യിൽ ഐറിന്റെ സ്ക്കൂൾ ബാഗുണ്ടായിരുന്നു. പുറകിൽ  നിന്നും ഐറിനെ എടുത്തുക്കൊണ്ട് നിരഞ്ജൻ്റെ അമ ഗൗതമി ഇറങ്ങുന്നത് കണ്ട് സ്റ്റെല്ല ഉന്മാദിനിയെ പോലെ മുറ്റത്തേക്കോടി ചെന്നു. പേടി വിട്ടുമാറാതെ തേങ്ങിക്കൊണ്ടിരുന്ന ഐറിനെ കോരിയെടുത്ത് മാറത്തണച്ചപ്പോൾ സ്റ്റെല്ലക്ക്  താൻ മുലപ്പാൽ ചുരത്തുന്നതായി തോന്നി.
“ഇവിടെയെന്താ ഫൊണിന് കമ്പ്ലേയ്ൻ്റ് വല്ലതുമുണ്ടോ. ഞങ്ങളെത്ര നേരായി ട്രൈ ചെയ്യുന്നു. ?” വിട്ടു മാറാത്ത പരിഭ്രാന്തിയിൽ നിരഞ്ജൻ ചോദിച്ചു.
“സ്റ്റെല്ലെടെ മൊബയിൽ നമ്പർ ഇവൻ്റെ  ഫോണിലില്ല. എൻ്റെ ഓർമ്മേല് ഒട്ടുമില്ല. കുട്ടി ഞങ്ങടെ കൂടെയിണ്ടെന്ന് വിളിച്ച് പറഞ്ഞാൽ ഒരു സമാധാനാവൂല്ലോ. ഇവളാണെങ്കി പേടിച്ചിട്ടായിരിക്കും മമ്മീടെ നമ്പറൊന്നും പറയുന്നുമില്ല.  വീട്ടിലേക്ക് വിളിച്ചിട്ട് കൃഷ്ണേട്ടനും എടുക്കുന്നില്ല. എന്നാലും എൻ്റെ മോളേ….എന്ത് പണിയാ ഈ കുട്ടി കാണിച്ചത്! വാൻ പോയപ്പോൾ വീട്ടിലേക്ക് നടന്നതാണത്രെ. ഞങ്ങള് രമേടെ മോൾടെ റിസപ്ഷൻ കഴിഞ്ഞു വരുമ്പോ ഹൈബ്രിഡ്ജിൻ്റെ അവടെ നിൽക്കാണ്. എത്ര ദൂരമങ്ങോട്ട് പോയീന്ന് നോക്കണേ. നമ്മടെ ഐറിനല്ലേ അതെന്ന് ഇവൻ പറയുമ്പോ നിക്ക് വിശ്വാസം പോരാ. എന്നാലും ഭഗവാൻ്റെ  കൃപ. കണ്ണില് കാണിച്ചു തന്നല്ലോ..!”
ഗൗതമി ആൻ്റി ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് ഐറിൻ്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
സ്റ്റെല്ലയുടെ ഹൃദയ ഭിത്തിയിലെ മുറിവായ കൂടി രക്തമൊലിപ്പ് നിന്നു. അവിടമാകെ ഐസ് കട്ട വീണതു പോലെ തണുത്തു നിന്നു.

                                              രംഗം ഏഴ്


അമ്മു പഴയ നോട്ടുപുസ്തകത്തിലെ അവസാനത്തെ ഏടിൽ ഒരു ആനയെ വരയ്ക്കുകയായിരുന്നു. ചെറിയ  കണ്ണുകളും നീണ്ട തുമ്പികയ്യും തടിച്ച തൂണു പോലുള്ള കാലുകളും പരന്ന കാൽനഖങ്ങളും അങ്ങനെയങ്ങനെ അമ്മുവിൻ്റെ കൊച്ചു വിരലുകൾ വരകളുടെ വിസ്മയം തീർക്കുന്നു.

അമ്മു സ്ക്കൂളീൽ പോകാതായിട്ട് രണ്ടു മാസം കഴിഞ്ഞു. ഇനി സ്ക്കൂളിൽ പോകേണ്ടന്നും വീട്ടിൽ സഹായത്തിന് നിന്നാൽ മതിയെന്നും ഇളയമ്മ പറഞ്ഞു. ഇളയമ്മയുടെ കുട്ടികൾ എന്നും രാവിലെ പാഠപുസ്തകങ്ങളുമെടുത്ത് ഇളം വെയിലിലേക്കിറങ്ങുമ്പോൾ അമ്മുവിൻ്റെ കണ്ണുകൾ നിറയും. ഇളയമ്മ പണിക്ക് പോയി കഴിഞ്ഞാൽ അമ്മു വീട്ടിൽ  തനിച്ചാവും. വിറക് പെറുക്കിയും പുരയടിച്ചു വാരിയും പാത്രം മോറിയും കഞ്ഞിവെച്ചും ഉണക്കമീൻ കൂട്ടാൻ ഉണ്ടാക്കിയും ബാക്കി കിട്ടുന്ന സമയത്ത് ആറാം ക്ലാസ്സിലെ പാഠങ്ങൾ പാതിവഴിയെ നിന്നു പോയ നോട്ടുപുസ്തകത്തിൽ ചന്തമുള്ള ചിത്രങ്ങൾ വരച്ച് അമ്മു സന്തോഷിക്കും.
കമ്മ്യൂണിസ്റ്റ് പച്ച കുത്തിയുണ്ടാക്കിയ വേലിക്കൽ നിന്നും കിഴക്കേ മുറ്റത്തേക്ക് പൗലോസേട്ടൻ കയറി വരുന്നത് വടക്കേ തിണ്ണയിലിരുന്ന്  ചിത്രം വരയ്ക്കുന്ന അമ്മു കണ്ടു. പണി കഴിഞ്ഞെത്തിയ പാടെ കുളക്കടവിലേക്ക് കുളിക്കാനും തുണി തിരുമ്മാനും പോയ ഇളയമ്മ വന്നു കയറിയതേയുള്ളൂ. “എല്ലാരും എത്തീട്ടുണ്ട്. ഞാൻ സംഗതി പറഞ്ഞടുപ്പിച്ച് കൊണ്ടു വന്നിട്ടുണ്ട്. “ പൗലോസേട്ടൻ അടക്കം പറഞ്ഞു.
ഇളയമ്മ നനഞ്ഞ മുടി വിടർത്തിയിട്ട് ചിരിച്ചു.”കൊറച്ചും കൂടെ അങ്കിട് ആയിക്കോട്ടേന്നിണ്ടാർന്നു. ഇത് തീരെ കിളുന്തല്ലേ…”

“കൊച്ചു വലുതാവണത് കാത്തിരുന്നാ ഇമ്മാതിരി ആളെ തരപ്പെട്ടില്ലാന്ന  വരും. ബുദ്ധി മോശമൊന്നും തോന്നല്ലേ. കൊച്ചിനെ അവർക്കിഷ്ടപ്പെട്ടാൽ നിങ്ങളും പിള്ളാരും രക്ഷപ്പെടും. കയ്യയച്ചു കൊടുക്കുന്നോരാ…”
ഇളയമ്മയുടെ മുഖം വിടർന്നു. “തള്ള ചത്ത് മോളിലോട്ട് പോയേ പിന്നെ തിന്നാനും ഉടുക്കാനും പള്ളിക്കൂടത്തീ വിടാനും കൊറച്ചൊന്നുമല്ല മുടക്കീരിക്കുന്നേ. പത്ത്  പൈസക്ക് ഉപകാരമില്ലാണ്ടാണെന്നോർക്കണം..”

“ഒക്കെ എനിക്കറിയില്ലേ. അതല്ലേ ഇക്കാര്യത്തിൽ ഞാനിത്ര ശുഷ്ക്കാന്തി കാണിക്കണത്. അതിൻ്റെ ഒരു ഉപകാരസ്മരണ അമ്മിണിക്കുണ്ടാകണം….”
“അതു പിന്നെ ഇണ്ടാവില്ലേ…?” ഇളയമ്മ പൗലോസേട്ടനോട് കണ്ണിറുക്കി.
“എനിക്കതല്ല പേടി. പുലിവാലാവോന്നാ…?”
“നിങ്ങള്  ധൈര്യമായിട്ടിരിക്ക്. എന്തു വന്നാലും നിങ്ങൾക്കും പിള്ളാർക്കും ഒരു ദോഷോം വരാണ്ട് അവര് നോക്കിക്കോളും. അതു നൂറൂ തരം.”
പൗലോസേട്ടൻ്റെ ഉറപ്പ് കിട്ടിയതും അമ്മിണി വടക്കോട്ട് നോക്കി നീട്ടി വിളിച്ചു. “അമ്മൂ...മോളേ…” തീരെ പതിവില്ലാത്ത പഞ്ചാര പുരട്ടിയ വിളിയിൽ അമ്മുവിൻ്റെ ഉള്ളൊന്നു തുടിച്ചു. ആനക്ക് ഒരു കൊമ്പു വരയ്ക്കാതെ അവളെഴുന്നേറ്റു.
“പൗലോസേട്ടൻ്റെ കൂടെ ചെന്ന് ആ ബംഗ്ലാവൊന്നു അടിച്ചു തൊടച്ച് കൊടുക്ക്. സാറ് വന്നിട്ടൊണ്ട്….”
അമ്മു ആനയുടെ ചിത്രത്തിലേക്ക് ഒന്നു കൂടെ നോക്കി. വന്നിട്ട് മുഴുവനാക്കമെന്നൊരു ആത്മഗതം നടത്തി. ഇത്തിരിക്കോളം പോന്ന മുടിയൊന്നു പൊക്കിക്കെട്ടി. ഇളയമ്മയോട് തലയാട്ടി യാത്ര ചോദിച്ചു, പൗലോസേട്ടനോടൊപ്പം ധൃതിയിൽ ഇറങ്ങി നടന്നു.


                                                             രംഗം എട്ട്

ഒറ്റപ്പെട്ടതും വല്ലാതെ പേടിച്ചതും കരഞ്ഞതുമൊക്കെ സ്റ്റെല്ലയുടെ വാത്സല്യക്കൂട്ടിലേക്ക് കയറി നിന്നതോടെ ഐറിൻ മറന്നു. അവൾ സ്റ്റെല്ല വാരിക്കൊടുത്ത ചോറുരുളകൾ സന്തോഷത്തോടെ ഇറക്കി. അപ്പോൾ  കവിളിൽ പറ്റി നിന്ന അവസാന തുള്ളി കണ്ണീരും ,സൂര്യരശ്മി കൈനീട്ടി തൊടുമ്പോൾ ചേമ്പിലയിലെ മഞ്ഞുതുള്ളികൾ ഉരുകി തീരുന്നത് പോലെ , വറ്റിപ്പോയി.
ഐറിൻ അവളുടെ കളിസാധനങ്ങളുടെ ലോകത്തേക്ക് ഇറങ്ങി നടന്നു.
സ്റ്റെല്ല ബെഡ് റൂമിൻ്റെ അരണ്ട വെളിച്ചത്തിൽ അലസമായി കിടന്നു.  അവളുടെ മനസ്സിൽ നിന്നും ഒരു പേമാരി പെയ്തിറങ്ങിപോയിരുന്നു.
അവൾ പിന്നെയും പിന്നെയും ജോമോനെ അന്വേഷിച്ചു കൊണ്ടിരുന്നു. അയാൾ അവൾക്ക് പിടികൊടുക്കാതെ തെന്നിമാറി. അവൾക്ക് പറയാനും പങ്കുവെക്കാനും ഒരുപാടുണ്ടായിരുന്നു. അവളുടെ ആകാശം പൊടുന്നനെ ഇരുട്ടടച്ചതും പിന്നെ വീണ്ടും അവിടേക്ക് നിലാവൊഴുക്കി ചന്ദ്രൻ തിരിച്ചു വന്നതും, ഐറിനെ അവൾ എന്തു മാത്രമാണ് സ്നേഹിക്കുന്നതെന്ന് ഇന്നാണ് തിരിച്ചറിഞ്ഞതെന്നും…….
ഐറിൻ മുറിയിലേക്ക് വന്നു. “മമ്മീ…” കൊഞ്ചിക്കൊണ്ട് അവൾ വിളിച്ചു. സ്റ്റെല്ലയുടെ  മുമ്പിലേക്ക് ഡ്രോയിങ്ങ് ബുക്ക് നീട്ടി വെച്ച് അവൾ ഒരു ആനക്കുട്ടിയെ വരച്ചത് കാണിച്ചു. “ഇതിനെങ്ങന്യാ...കൊമ്പ് വരയ്ക്കാ..?”






No comments:

Post a Comment