July 10, 2007


അടുക്കള മാഹാത്മ്യം

എന്റെ കൌമാരത്തിന്റെ പ്രാരംഭത്തിലെന്നോ ഒരു മാസികയില്‍ നിന്നും മെനേകാ ഗാന്ധിയുമായുള്ള അഭിമുഖം വായിക്കാനിടയായി. രാഷ്ട്രീയം, ജന്തു സ്നേഹം എന്നിങ്ങനെ പലവിധ ആനക്കാര്യങ്ങളുമായി സംഭാഷണം ആകാശം മുട്ടെ വളരേ..ലേഖകന്‍ പെട്ടന്നൊരു ചേനക്കാര്യം ചോദിച്ച് രസച്ചരട് പൊട്ടിച്ച് കളഞ്ഞു.

പാചകത്തെ കുറിച്ചായിരുന്നു ചോദ്യം.
തനിക്ക് പാചകമറിയില്ലെന്നും..പചകത്തില്‍ താല്പര്യമില്ലെന്നും മെനേകാജി..സന്തോഷത്തോടെ പറഞ്ഞു. ഒപ്പം കടുപ്പത്തിലൊരു എതിര്‍ ചോദ്യവും ചോദിച്ചു. താനൊരു സ്ത്രീയായത് കൊണ്ട് മാത്രമല്ലേ….ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ തോന്നിയത്…എന്നോ മറ്റോ ആയിരുന്നു ആ കടുകടുപ്പന്‍..മറുചോദ്യം.

അത് കേട്ട് അന്നത്തെ കുട്ടി ഫെമിനിസ്റ്റ് വല്ലാതെ ആവേശം കൊണ്ടു.
എങ്കിലും ആ കുട്ടി ഫെമിനിസ്റ്റിന് അമ്മ വെച്ച് വിളമ്പുന്ന ആഹാരത്തോട് വല്ലാത്തൊരു സ്നേഹം തന്നെയുണ്ടായിരുന്നു.

ഒരു ദിവസത്തെ പട്ടാള(സ്ക്കൂള്‍) ജീവിതം അവസാനിപ്പിച്ച്….ഒരു മണിക്കൂര്‍ നേരം നീണ്ട യാത്രയും കഴിഞ്ഞ് വീട്ടിലെത്തി ഷൂസും സോക്സും ബാഗുമൊക്കെ ഓരോ ദിക്കിലേക്ക് വലിച്ചെറിഞ്ഞ് തീന്മേശക്ക് മുന്നില്‍ വിശന്ന് പൊരിഞ്ഞ് ഇരിക്കുമ്പോള്‍ മുന്നിലെ ഒഴിഞ്ഞ പത്രത്തിലേക്ക് അമ്മ വിളമ്പാറുള്ള ചോറും കറികളും…അതിന്റെ നിറ വൈവിധ്യം…അതില്‍ നിന്നുയരുന്ന മണം- അതിനേക്കാള്‍ വലിയൊരു ആനന്ദം ജീവിതത്തിലുണ്ടായിട്ടില്ല തന്നെ.

കോളെജിലെ അദ്ധ്യാപനപ്പണി‍ പുല്ല് പോലെ വലിച്ചെറിഞ്ഞിട്ടായിരുന്നു കുട്ടി ഫെമിനിസ്റ്റിന്റെ അമ്മ നിറങ്ങളും മണങ്ങളും പൂക്കുന്ന ഭക്ഷണ സമ്മാനങ്ങള്‍ ഒരുക്കി വെച്ച്..സ്ക്കൂള്‍ വിട്ട് വരുന്ന കുട്ടികളെയും നോക്കി ഉമ്മറത്ത് വഴിക്കണ്ണുമായി കാത്ത് നിന്നിരുന്നത്. അവര്‍ക്ക് ഓടിയും ഒളിച്ചും കളിക്കാന്‍ മുറ്റത്ത് പൂന്തോട്ടം വെച്ച് പിടിപ്പിച്ചത്. അവര്‍ക്ക് പഠിക്കാനും ഉറങ്ങാനും വീടിന്റെ അകത്തളങ്ങള്‍ ഒരു ക്ഷേത്രം പോലെ വിശുദ്ധമയി കാത്ത് വെച്ചത്.

വിദ്യ വിളമ്പുന്ന മഹത് കര്‍മ്മത്തില്‍ നിന്നുമിറങ്ങി വന്ന്..വെറും അടുക്കളക്കാരിയായി കൂടിയതില്‍ കുട്ടി ഫെമിനിസ്റ്റിന് അമ്മയോട് കടുത്ത അമറ്ഷമുണ്ടായിരുന്നു. എങ്കിലും സ്കൂള്‍ വാനിറങ്ങി വരുമ്പോള്‍ പൂമുഖത്ത് അമ്മയുടെ പുഞ്ചിരി കാണാതിരുന്നാല്‍ കുട്ടി ഫെമിനിസ്റ്റിന് സങ്കടം വരുമായിരുന്നു.
അമ്മയെ എത്ര കിട്ടിയാലും മതിവരാത്ത കുട്ടിയുടെ സ്വാര്‍ത്ഥത!
എല്ലാ കുട്ടികളും അങ്ങനെ തന്നെയായിരിക്കും. അമ്മയുടെ സ്നേഹം..സാന്നിദ്ധ്യം…അമ്മ വെച്ചു വിളമ്പുന്ന ഭക്ഷണം….അതൊക്കെ എല്ലാ കുട്ടികളുടെയും ആഗ്രഹമാണ്…..അവകാശമാണ്.

അമ്മയ്ക്കായിരുന്നു പാചകത്തിന്റെ മുഴുവന്‍ ചുമതലയും.
വെല്ലപ്പോഴും ഒരു ഓമ്ലെറ്റോ, ഫ്രൂട്ട് സാലഡോ, സാന്വിച്ചോ ഒക്കെയായി ഒതുങ്ങി അച്ഛയുടെ പാചക വിരുതുകള്‍. ഞാനറിയുന്ന എല്ല വീടുകളിലും അങ്ങനെ തന്നെയായിരുന്നു.
ഉദ്യോഗസ്ഥയൊ കുടുംബിനിയൊ ആകട്ടെ അമ്മമ്മാര്‍ക്ക് തന്നെയായിരുന്നു അടുക്കള ഭരണം.
അപൂര്‍വ്വം ചില അച്ഛന്മാര്‍ മാത്രം അല്ലറച്ചില്ലറ സഹായങ്ങള്‍ ചെയ്തു. രണ്ട് ഉള്ളി തൊലി കളഞ്ഞും നാരങ്ങ പിഴിഞ്ഞും ഒക്കെ…….അനര്‍ഹമായ കൈയ്യടി നേടി.
ഭക്ഷണ ശാലകളിലും സദ്യ വട്ടങ്ങളിലും നള പാചകം കൊഴുത്തു. അപ്പോഴും വീട്ടിലെ അടുക്കള സ്ത്രീയുടെ സ്വന്തമായി തുടര്‍ന്നു. ചിലര്‍ ഒരു ബാധ്യതയായും ഭാരമായും മറ്റു ചിലര്‍ അവകാശമായും സാമ്രാജ്യമായും അടുക്കളയെ കൊണ്ട് നടന്നു.

എന്തു കൊണ്ടാണ് അടുക്കള പെണ്ണിന്റേതാകുന്നത് എന്ന ചോദ്യം കുട്ടിക്കാലത്ത് വല്ലാത്ത കൌതുകവും പിന്നെ വളരുന്തോറും അസഹിഷ്ണുതയും അമര്‍ഷവും പ്രതിഷേധവും ഉണര്‍ത്തി. പുറമേക്ക് “വിപ്ലവ വിലോല“യായ് നില്‍ക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ അമ്മ തന്നെ ഭക്ഷണം വിളമ്പി തരണമെന്ന് ശാഠ്യം പിടിക്കുന്ന ഒരു കുട്ടിയായി തുടര്‍ന്നത് വിരോധാഭാസം!!!

ഇതിനിടക്ക് കാലം ഒരു വല്ലാത്ത കുതിച്ചുച്ചാട്ടം നടത്തി. അടുക്കളയില്‍ അവശേഷിച്ചിരുന്ന പെണ്ണുങ്ങള്‍ കൂടെ അരങ്ങത്തേക്ക് നെട്ടോട്ടമോടി. മിടുക്കികളെ തട്ടി നടക്കാന്‍ വയ്യെന്നായി. മലയാളക്കരയിലെ ആണുങ്ങളായ ആണുങ്ങളൊക്കെയും പെട്ടന്നതാ ഹ്രിദയ വിശാലത കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്നു. കുട്ടി ഫെമിനിസ്റ്റ് സ്വപ്നം കണ്ട നല്ല നാളെയുടെ ഉദയം!

പക്ഷെ അടുക്കളയില്‍ നിന്നുമൊരു ഞെരുക്കം.
പൊടുന്നനെ വന്നു മൂടിയ അനാഥത്വത്തില്‍ മുറുകി പകച്ച കണ്ണുകളോടെ അടുക്കള നിന്നു.
അതിനകത്തിപ്പോള്‍ അമ്മമ്മാരുമില്ല. അച്ഛന്മാരുമില്ല. പകരം കച്ചവട കുത്തക ശക്തികള്‍ കുത്തി നിറച്ച ബഹുവര്‍ണ്ണ കൂടുകള്‍. ആ കൊതിപ്പിക്കുന്ന പൊതികളിലിരുന്ന് പലവിധ വ്യാധികള്‍ കോക്രി ചിരി ചിരിച്ചു. ആണാണോ പെണ്ണാണോ..അടുക്കളക്ക് ചുക്കാന്‍ പിടിക്കേണ്ടത് എന്ന ചര്‍ച്ച തീരുമാനത്തിലാകും മുന്നേ അടുക്കള തന്നെ ഇല്ലാതാകുന്ന സ്ഥിതി വിശേഷം.

കുട്ടി ഫെമിനിസ്റ്റ് പണ്ടൊരിക്കല്‍ അമ്മയുടെ വാലിന്‍ തൂങ്ങി അടുക്കളയില്‍ കയറി. പിന്നെ അടുക്കളയുമായി അനുരാഗത്തിലായി. ആദ്യം ലൊട്ടുലൊടുക്ക് പാചകം……വീട്ടില്‍ നിന്നും കൈയ്യടി കിട്ടിയതോടെ മുന്തിയ കാര്യങ്ങളില്‍ കൈവെച്ച് തുടങ്ങി.
ചൊക്കളേറ്റും കട്ലെറ്റുമൊക്കെ ഉണ്ടാക്കി അടുക്കള കാണാത്ത കൂട്ടുകാരികള്‍ക്കിടയില്‍ വിതരണം ചെയ്യുമ്പോള്‍ അവരുടെ മുഖത്തുയരുന്ന അത്ഭുതം തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം.
ക്ലാസ്സിലെ മിടുമിടുക്കികള്‍ക്ക് മുന്നില്‍ ഒന്ന് ഞെളിഞ്ഞ് നില്‍ക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അടുക്കളയിലേക്കുള്ള കുതിച്ച് കയറ്റം.
പിന്നീട് അതിലുമൊക്കെ അപ്പുറമാണ് അന്നവും അടുക്കളയുമെന്ന് തിരിച്ചറിവുണ്ടായി. ഭക്ഷണം മനുഷ്യന് ആവശ്യവും..ആനന്ദവും ആരോഗ്യവും ഒക്കെയാണ്. അടുക്കള അവന്റെ ജീവന്റെ …ജീവിതത്തിന്റെ... ഹ്രിദയ ബന്ധങ്ങളുടെ കുടുംബത്തിന്റെ നിലനില്‍പ്പിനാധാരമാണ്. അന്നം ദൈവമാണ്. അടുക്കള പൂജാമുറിയും. നമുക്ക് നമ്മുടെ അടുക്കളകളെ കടന്നു കയറ്റക്കാരില്‍ നിന്നും തിരിച്ച് പിടിക്കാം.

ഈയിടെ കാനഡയില്‍ നടത്തിയ ഒരു കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് വായിക്കാനിടയായി. ആണും പെണ്ണും ജോലിക്ക് പോകുന്ന കുടുംബങ്ങളില്‍ വീട്ടുകാര്യങ്ങള്‍ എങ്ങനെ നിവ്വഹിക്കപ്പെടുന്നു? 60% കുടുംബങ്ങളില്‍ അതിപ്പോഴും സ്ത്രീയുടെ മാത്രം ചുമതലയാണ്. 30 % വീടുകളില്‍ പുരുഷന്‍ ചില്ലറ സഹായങ്ങള്‍ ചെയ്യുന്നു. വെറും പത്ത് ശതമാനം വീടുകളില്‍ ഇരുക്കൂട്ടരും അത് തുല്യമായി ഭാഗിച്ചെടുത്തിരിക്കുന്നു. സ്ത്രീയും പുരുഷനും തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒരു സമൂഹത്തിന്റെ സ്ഥിതിയിതാണെന്നറിയുമ്പോള്‍ ആ പഴയ കൌതുകം അടക്കാനകുന്നില്ല. എത്ര തെന്നി മാറിയിട്ടും വീണ്ടും വീണ്ടും അടുക്കള …..അതു പാചകത്തിനോ…..പങ്കുവെക്കലിനോ അകട്ടെ പെണ്ണിനോട് അള്ളി പിടിക്കുന്നതെന്താണ്?
പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ബോധപൂര്‍വ്വമായ അടിച്ചേല്‍പ്പിക്കല്‍ മാത്രമാണോ ഇത്? അല്ലെങ്കില്‍ ഒരു ശിലക്കേടിന്റെ ആവര്‍ത്തനം മാത്രമോ?

അതിനെ..പ്രകൃതിയുടെ ഇടപെടലെന്നോ……വികൃതിയെന്നൊ ഓരോറ്ത്തറ്ക്കും മനോധര്‍മ്മം പോലെ വിളിക്കാമെന്ന് തോന്നുന്നു. അമ്മയില്‍ നിന്നും അന്നം ഭുജിച്ച് വികാസം പ്രാപിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്ന് വലുതായവര്‍ക്ക്….അമ്മ വിളമ്പുന്ന ഭക്ഷണത്തോട് സ്നേഹക്കൂടുതല്‍ തോന്നാതെ വയ്യല്ലോ. അതിനെ സ്ത്രീയുടെ ഗതികേടെന്നോ…സൌഭാഗ്യമെന്നോ…..ഓരോറ്ത്തര്‍ക്കും സൌകര്യം പോലെ വ്യാഖ്യാനിക്കാം.

16 comments:

  1. അന്നവും അടുക്കളയുമൊക്കെ നന്മയായി കരുതുന്നവര്‍ക്ക് വേണ്ടിയാണെന്റെ കുറിപ്പ്.

    ReplyDelete
  2. :) കൊള്ളാം
    -സുല്‍

    ReplyDelete
  3. വീട്ടുകാരിയെ സഹായിക്കാന്‍ അടുക്കളയില്‍ കയറി മോരൊഴിച്ച വെള്ളരിക്കറിയുണ്ടാക്കി, അതും കൂട്ടി ഉച്ചയൂണ് കഴിഞ്ഞ് കിടക്കുമ്പോള്‍ മോള്‍ കെട്ടിപ്പിടിച്ച് ഒന്ന് രണ്ട് ഉമ്മയൊക്കെ തന്ന് ചെവിയില്‍ പറഞ്ഞു;

    “അച്ഛനിയൊരിക്കലും കറിയുണ്ടാക്കരുതേ, അമ്മയുണ്ടാക്കുന്ന കറിക്കാണ് നല്ല ടേസ്റ്റ്”

    ReplyDelete
  4. വായിച്ചു മായക്കുട്ടി...എന്താ പറയ്ക എന്നറിയില്ല...എഴുതാനുള്ളവ വാക്കുകളായി കിട്ടട്ടെ..അപ്പോള്‍ ഞാന്‍ വീണ്ടും വരും..
    എന്തായാലും നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
  5. മായാ... നന്നായിരിക്കുന്നു.. അടുക്കള പെണ്ണിന്റെ ഒരു അവകാശമാണെന്ന് കരുതികൂടെ..?

    ReplyDelete
  6. മായ..,
    ഞാന്‍ ആദ്യമായിവിടെ വന്നു.
    റിയലി വണ്ടര്‍ഫുള്‍.
    ഒരു പാട് കാര്യങ്ങള്‍ പറയുന്ന കൊതിപ്പിക്കുന്ന എഴുത്ത് താങ്കളുടേത്.
    അഭിനന്ദനങ്ങള്‍.

    എല്ലാവരും വായിക്കേണ്ട ബൂലോകത്തിലെ ഒരു നല്ല ലേഖനം.

    ReplyDelete
  7. hi maya
    well done. i really liked this article.
    if a woman herself consider cooking as her right( most of them do) she will enjoy cooking for her family even if she is a working woman ( earn more than her husbnd). but it should never be cosidered as her sole responsibilty. i know a lot of husbands who won't even make a cup of tea instead just wait to be served.i am greatful that my husband shares all the responsibilites equally with me. he enjoys cooking, he bathe kids and feed them , he even change dirty diapers.... a lot to list. which are considered outragious by other men.
    hope to see more socially relevant articles from u.
    god bless you
    lisha.

    ReplyDelete
  8. :) നന്നായിരിക്കുന്നു.

    പക്ഷെ, അടുക്കളയില്‍ തന്നെ 50-50 സഹകരണം ആവശ്യമുണ്ടോ? ഭാര്യ പാചകം ചെയ്യട്ടെ, അപ്പോള്‍ ഭര്‍ത്താവ് തുണികള്‍ തേച്ചുമടക്കി വെയ്ക്കട്ടെ... അങ്ങിനെ പല ജോലികളിലൂടെയുള്ള പങ്കാളിത്തം പോരേ?

    അപ്പോള്‍ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ഓഫ്: പോപ്പ്-അപ്പ് വിന്‍ഡോയില്‍ കമന്റ് വിന്‍ഡോ തുറക്കുന്നത് ഒന്നു മാറ്റിക്കൂടേ?
    --

    ReplyDelete
  9. മായയുടെ എഴുത്തു് വായിക്കാനിഷ്ടമായി.

    അടുക്കള സ്ത്രീയുടെ സൌഭാഗ്യവും അപ്പോള്‍ തന്നെ ഗതികേടുമാണെന്നു് തോന്നാറുണ്ടു്. ശീലക്കേടിന്‍റെ ആവര്‍ത്തനത്തേക്കാള്‍‍ സ്ത്രീയുടെ ഒരു ബലഹീനതയായും തോന്നിയിട്ടുണ്ടു്. മരുമോള്‍ക്കെല്ലാം വിട്ടു കൊടുത്താലും അടുക്കള വിട്ടുകൊടുക്കാത്ത അമ്മമാരെയും എനിക്കറിയാം. നന്നായി കൊച്ചു ചിന്തകള്‍‍.:)

    ReplyDelete
  10. മായക്കുട്ടീ‍ീ!
    കിടിലന്‍ ലേഖനം! ഒത്തിരി ഒത്തിരി ഇഷ്ടമായി. എഴുതിയ വിധവും! കലക്കന്‍!

    അതെ, അടുക്കള തിരിച്ച് പിടിക്കണം ഈ വിവിധ വര്‍ണ്ണ പൊടികളില്‍ നിന്നെല്ലാം! സേം പിഞ്ച്!

    ReplyDelete
  11. എന്‍.എസ് മാധവന്‍ ‘ലന്തന്‍‌ബത്തേരിയിലെ ലുത്തിനിയകളില്‍’ പാചകക്കാരന്റെ ഭാഷ്യത്തില്‍ നീണ്ട ഒരു ബിരിയാണിക്കുറിപ്പെഴുതിയതിനു ശേഷം, ചോറ് വെന്ത് ദം തുറക്കുമ്പോഴുള്ള ബിരിയാണിയുടെ രുചിയെ കുറിച്ച് പാചകക്കാരന്‍ പ്രകടിപ്പിക്കുന്ന ‘ആകസ്മികതയെ’ ആവിഷ്കരിക്കുന്നുണ്ട്.

    പുരുഷന്റെ അടുക്കളപ്രേമത്തില്‍ (സ്ഥിരമായി അടുക്കളവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ദെഹണ്ണക്കാര്‍ക്കിടയില്‍ പോലും) ഈ ‘ആകസ്മികത’ ഉളവാക്കുന്ന അനുഭൂതിക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ടെന്ന് തോന്നുന്നു.

    ‘സ്നേഹത്തിനെ ആവിഷ്കരിക്കുവാന്‍ ലഭ്യമായിട്ടുള്ള ഉപാധികളില്‍ ഏറ്റവും സമീപത്തുള്ളത്’ എന്ന നിരീക്ഷണം അടുക്കളയെ കുറിച്ച് സ്ത്രീകള്‍ പാരമ്പര്യമാ‍യി തന്നെ പുലര്‍ത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലേഖിക കുഞ്ഞുനാളിലെങ്കിലും ‘അമ്മ വിളമ്പിത്തരണമെന്ന്’ ആഗ്രഹിച്ചതും ഈ ജൈവികമായ ഉപബോധത്തില്‍ നിന്നാണെന്നും തോന്നുന്നു.

    പുതിയ ഈ ബ്ലോഗില്‍ ആദ്യമായിട്ടാണ് ഞാനും, മലയാളത്തിനെ മറ്റൊരാള്‍ കൂടെ ഗൌരവമായി സമീപിച്ചിരിക്കുന്നതിലുള്ള സന്തോഷമറിയിച്ചു കൊള്ളുന്നു.

    ReplyDelete
  12. അമ്മമാര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതില്‍ കുറേ സ്നേഹം വിതറും, അതു കൊണ്ടാണ് അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ സ്വാദ് കൂടുന്നത്!ഭാര്യ പാകം ചെയ്യുമ്പോഴും അങ്ങനെ തന്നെ :)പുരുഷന്മാര്‍ ഈ കാര്യത്തില്‍ പൊതുവേ പിശുക്കന്മാരാ!


    നല്ല എഴുത്ത്.

    ReplyDelete
  13. നന്ദി സുല്‍
    പടിപ്പുര പറഞ്ഞത് കാര്യം.സാമൂഹികവും സാംസ്ക്കാരികവുമായ കാരണങ്ങള്‍ക്കപ്പുറം ചിലതൊക്കെ ഈ “മദര്‍-മേഡ്” ഭക്ഷണ ഭ്രമത്തിന് പിന്നിലുണ്ടെന്ന് പറയതെ വയ്യ.
    ഇട്ടിമാളുവേ...അങ്ങനെ കരുതുന്നതില്‍ ഒരു തെറ്റുമില്ല.മുലയൂട്ടല്‍ പെണ്ണിന്റെ അവകാശമാണെങ്കില്‍ പിന്നെ അടുക്കളക്കെന്തിനാ ഭ്രഷ്ട്ട്???
    സന്തോഷം ഇരിങ്ങല്‍.
    തുഷാരം ചേച്ചി ..തിരക്ക് പിടിക്കണ്ട.

    ReplyDelete
  14. എല്ലാം ലാഭനഷ്ടവും അധ്വാനഭാരവും അടിസ്ഥാനമാക്കി കണക്കാക്കുന്ന വ്യവസ്ഥിതിക്കിടയില്‍ സ്നേഹം അടിസ്ഥാനമാക്കാന്‍ നാം മറന്നതല്ലേ... കുടുംബത്തിന്‌ വേണ്ടി അധ്വാനിക്കുന്നതില്‍ പരാതി പറയുന്ന പുരുഷനും അടുക്കളയെ കുറിച്ച്‌ ആധി പറയുന്ന സ്ത്രീകളുമെല്ലാം ഇതിന്റെ ചില ചിഹ്നങ്ങള്‍ മാത്രം...


    ഇഷ്ടമായി ഈ ലേഖനം.

    ReplyDelete
  15. നന്നായിട്ടുണ്ട്

    ReplyDelete
  16. "അന്നവും അടുക്കളയുമൊക്കെ നന്മയായി കരുതുന്നവര്‍ക്ക് വേണ്ടിയാണെന്റെ കുറിപ്പ്."

    So It's for me toooo. Nice Mayaavi enikku valare ishtamayo

    ReplyDelete