November 13, 2017

നിർമ്മലമായൊരു ഓർമ്മ


ഇന്നലെ സിസ്റ്റർ നിർമ്മലയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ശരീരത്തിലൂടെ ഒരു തരിപ്പ് അരിച്ചു കയറി. കാരണം മണിക്കൂറുകൾക്ക് മുൻപ്, ഒരുപക്ഷെ സിസ്റ്ററുടെ മരണ സമയത്താകാം,   നവംബറിന്റെ തണുപ്പിൽ പുതഞ്ഞു കിടക്കുന്ന കിടക്കയിൽ മകളോടൊപ്പം കിടന്ന് ഞാൻ സിസ്റ്റർ നിർമ്മലയെ ഞങ്ങൾക്കൊക്കെ എന്തു പേടിയായിരുന്നുവെന്ന് അവളോട് പറയുകയായിരുന്നു. ഞാനപ്പോൾ പെട്ടെന്നാ ആറാംക്ലാസ്സിലേക്കോടിപ്പോയിരുന്നു. അവിടെ ടീച്ചർ പാഠഭാഗങ്ങൾ പഠിപ്പിച്ചുക്കൊണ്ടിരുന്നു ...പെട്ടെന്ന് പൂച്ചപ്പാദങ്ങളോടെ വരാന്തയിലൂടെ നടന്നു വരുന്ന പ്രിൻസിപ്പാൾ സിസ്റ്റർ നിർമ്മല. സിസ്റ്ററുടെ കറുത്ത ശിരോവസ്ത്രം കൊണ്ട് മറച്ച തല കാഴ്ചയിൽപ്പെടുന്നതും കുട്ടികൾക്കും അദ്ധ്യാപികമാർക്കു പോലും വല്ലാത്തൊരു അച്ചടക്കം. . സിസ്റ്ററുടെ തീക്ഷണമായ കണ്ണുകൾ ഞങ്ങളിലേക്ക് പാറി വീഴുമ്പോൾ ഞങ്ങൾ എങ്ങനെയൊക്കെ ഇരുന്നാലാണ് ഏറ്റവും നല്ല വിദ്യാർഥിനികളാകുന്നതെന്ന അങ്കലാപ്പിൽ. സിസ്റ്റർ നടന്ന് മറയുമ്പോൾ ക്ലാസ്സ് മുറിയിൽ പൊട്ടി വീഴുന്ന ആശ്വാസത്തിന്റെ നെടുവീർപ്പ്. എല്ലാം ഒരിക്കൽ കൂടി പൊടിത്തട്ടിയെടുത്ത് മകളുടെ മുൻപിലേക്ക് വെച്ച് കൊടുക്കാൻ ആ നിമിഷം തോന്നിച്ചത് മനുഷ്യന് വ്യാഖ്യാനിക്കാൻ കഴിയാത്ത പ്രകൃതിയുടെ മാത്രം തീരുമാനമായിരിക്കും.

സിസ്റ്ററുടെ മരണം തീർത്തും അപ്രതീക്ഷിതം എന്ന് പറയാനാവില്ല. സിസ്റ്റർക്ക് സുഖമില്ലെന്ന് കാര്യം വാട്സപ്പ് ക്ലാസ് ഗ്രൂപ്പിൽ നിന്നും  ഞാനും അറിഞ്ഞിരുന്നു. കണ്ടാൽ അസുഖത്തിൻറെ  ക്ഷീണമൊന്നുമില്ലെന്ന് പോയി  കണ്ടവർ പറഞ്ഞിരുന്നു.
ആഴ്ചചകൾക്ക് മുൻപ് അച്ഛയും പോയിരുന്നു സെന്റ് മേരീസ് കോണ്വെന്റിൽ വിശ്രമിക്കുന സിസ്റ്ററെ കാണാൻ. കാഴ്ചക്ക് ക്ഷീണമൊന്നുമില്ലെന്ന് അച്ഛയും പറഞ്ഞിരുന്നു.
എത്രയോ വർഷങ്ങൾക്ക് ശേഷം കാണുകയാണ് അച്ഛയും സിസ്റ്ററും തമ്മിൽ . കണ്ടമാത്രയിൽ സിസ്റ്റർ തിരിച്ചറിഞ്ഞതിൽ അച്ഛ എറെ സന്തോഷവാനായി. കാനഡയിൽ നിന്നും മായയാണ് സിസ്റ്റർ ഇവിടെയുണ്ടെന്ന് പറഞ്ഞതെന്ന് അച്ഛ  പറഞ്ഞപ്പോൾ സിസ്റ്റർ അത്ഭുതപ്പെട്ടത്രെ. എന്നെ കുറിച്ചും എന്റെ പുസ്തകങ്ങളെ കുറിച്ചുമൊക്കെ  താല്പര്യത്തോടെ ചോദിച്ചത്രെ. ഈ പ്രായത്തിൽ ഇത്രയും ദൂരം യാത്ര ചെയ്ത് ബുദ്ധിമുട്ടേണ്ടിയിരുന്നില്ലെന്ന് അച്ഛയോട് പറഞ്ഞത്രെ. ഇപ്പോൾ താൻ വലപ്പാടല്ല...പ്രിയയോടൊപ്പം തൃശ്ശൂരിൽ തന്നെയാണെന്ന്  പറഞ്ഞപ്പോൾ  അപ്പോൾ എന്തേ പ്രിയ വന്നില്ലെന്ന് വിഷണ്ണയായിയത്രേ . ചേച്ചി പനിയും ജലദോഷഷവുമായിരിക്കുകയായിരുന്നു. അടുത്ത തവണ എന്തായാലും പ്രിയയെ  കൊണ്ടു വരണമെന്ന് സിസ്റ്റർ  പറഞ്ഞുവത്രെ. അസുഖത്തെ കുറിച്ചൊന്നും സിസ്റ്ററോട്  അച്ഛ ചോദിച്ചില്ല. സിസ്റ്റർ പറഞ്ഞുമില്ല. ഞങ്ങൾ സ്ക്കുളിൽ പഠിക്കുന്ന കാലത്ത് അച്ഛ സ്ക്കൂളിൽ ഇടയ്ക്കിടെ വരാറുണ്ട്. സിസ്റ്ററുമായി നല്ലൊരു സൗഹൃദം  സൂക്ഷിച്ചിരുന്നു. പഴയത് പോലെ അവർ  പൊതുകാര്യങ്ങളൊക്കെ സംസാരിച്ച് കുറച്ചു  നേരം ചിലവഴിച്ചു. സിസ്റ്ററോട്  “കിടക്കണ്ടേ” എന്ന് പരിചാരിക വന്നു ചോദിച്ചുകൊണ്ടിരുന്നപ്പോൾ  “അതൊന്നും സാരമില്ല”. എന്ന് സിസ്റ്റർ പറഞ്ഞുവെങ്കിലും അച്ഛ സിസ്റ്ററെ വിശ്രമിക്കാൻ പറഞ്ഞ് വിട്ടു അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി.   അധികം താമസിയാതെ തന്നെ ചേച്ചിയേയും മോളെയും ഒക്കെ കൂട്ടിക്കൊണ്ടു പോയി സിസ്റ്ററെ ഒന്നു കൂടെ കാണണമെന്ന് അച്ഛ എന്നോട് പറഞ്ഞു.പോകുമ്പോൾ സിസ്റ്റർക്ക് കൊടുക്കാൻ എന്റെ ഏത് പുസ്തകമാണ് കൊണ്ടുപോകേണ്ടത് എന്ന് ചോദിച്ചു. ഞാനും മനസ്സിൽ കൂട്ടിയിരുന്നു..നാട്ടിൽ പോകുമ്പോൾ സിസ്റ്ററെ ഒന്നു പോയി കാണണം.
. ഞാനും സിസ്റ്റർ നിർമ്മലയും ‘സെന്റ് പോൾസിൽ’ എത്തുന്നത് ഒരേ വർഷമാണ്
ഗ്രാമപ്രദേശത്തെ ,താരതമ്യേന പുതിയതും ചെറുതുമായ , കുറച്ച് വിദ്യാർത്ഥികളും അദ്ധ്യപകരും  മാത്രമുണ്ടായിരുന്ന ,ഒരു വീട് പോലെ സുപരിചിതവും സുരക്ഷിതവുമായിരുന്ന  എന്റെ സ്ക്കൂളിൽ നിന്നും  വിപുലവും അതിപ്രശസ്തവുമായ കെട്ടിലും മട്ടിലും നാഗരിക സ്വഭാവമുള്ള സെന്റ് പോൾസ് സ്ക്കൂളിലേക്ക് പറിച്ച് നടപ്പെടുമ്പോൾ ഞാനൊരു ആറാംക്ലാസ്സുകാരിയാണ്. പരിഷ്ക്കാരികളായ,  പലതരം കാറുകളിൽ വന്നിറങ്ങുന്ന ഡേ സ്ക്കോലേഴ്സ് , ബോർഡിങ്ങിൽ താമസിച്ച് പഠിക്കുന്ന , വീടുവിട്ട് ജീവിക്കുന്നവരുടെ തന്റേടവും പ്രത്യേക കൂസലില്ലായ്മയുമായി ബോർഡേഴ്സ് ,വലിയ ക്ലാസ്സുമുറികളും വെത്യസ്തരായ അദ്ധ്യാപകരും മാസം തോറുമുള്ള ഓപൻ അസംബ്ലിയും  അതിലെ വിചിത്രമായ വാമിങ്ങ് അപ്പ് എക്സർസൈസും വെളുത്ത കൊമ്പൻ മീശ പിരിച്ച പി.ടി മാഷും , അങ്ങനെ അവിടെയുണ്ടായിരുന്ന അനേകം പ്രതിസന്ധികളിൽ എന്നെ പേടിപ്പിച്ച, അമ്പരപ്പിച്ച അനവധികാര്യങ്ങളിൽ ഒരു പേടിയായ് സിസ്റ്റർ നിർമ്മലയും.

ഒരു എൻട്രൻസ് ടെസ്റ്റിനും ഇന്റെർവ്യൂവിനുമൊക്കെ ശേഷമാണ് സെന്റ്പോൾസിൽ എനിക്ക് പ്രവേശനം  കിട്ടുന്നത്. അടുത്ത വർഷമാണ്  ചേച്ചി  അങ്ങോട്ട് വരുന്നത്. സ്ഥലം മാറി പോകാനിരുന്ന പ്രിൻസിപ്പാളുമായിട്ടായിരുന്നു മുഖാമുഖമെന്നാണോർമ്മ. അഞ്ചാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷക്ക്  ജീവിതത്തിൽ ആദ്യമായി എനിക്ക് ഒന്നാം റാങ്കായിരുന്നു. അതിൽ പ്രിൻസിപ്പാൾ സംതൃപ്തയാണ്. വെക്കേഷൻ സമയത്ത് അമ്മവീട്ടിൽ കളിച്ചു കൊണ്ടിരുന്ന എന്നെ പിടിച്ചുകൊണ്ടു പോയി എഴുതിച്ച എൻട്രെൻസ് ടെസ്റ്റിലും കൊള്ളാവുന്ന പ്രകടനം നടത്തിയിട്ടുണ്ട്. മകൾ ഡാൻസ് പഠിക്കുന്നുണ്ട്.  പാട്ട് പഠിക്കുന്നുണ്ട്. കഥ എഴുതും കവിത എഴുതും.
അച്ഛ പലതും പറയുന്നുണ്ട്. എന്നാലൊരു പാട്ടു പാടൂ എന്ന് പ്രിൻസിപ്പാൾ. പാട്ടു പഠിക്കുന്നുണ്ടെങ്കിലും പാട്ട് പ്രാണനാണെങ്കിലും ഞാനൊരു പാട്ടുകാരിയേയല്ല. മനസ്സിലെക്കോടി വരുന്നത് മുഴുവൻ സിനിമാപാട്ടുകളാണ്. പ്രേമഗാനങ്ങൾ. അത് സിസ്റ്റർക്ക് ഇഷ്ട്ടപ്പെടില്ലെന്ന ബുദ്ധിയൊക്കെ എന്റെ ചെറിയ തലച്ചോറിനകത്ത് പൊട്ടിമുളച്ചു. കണ്ണടച്ച് പാടി… “തന്നന്നം താനന്നം… താളത്തിലാടി….” .എന്റെ പാട്ട് കേട്ടെങ്കിലും അവരെന്നെ തിരിച്ചയക്കുമെന്ന് മോഹിച്ചത് വറുതെ.
അങ്ങനെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവ് മിടുമിടുക്കികളായ നഗരവാസിക്കുട്ടികളുടെ സങ്കേതത്തിൽ ഒട്ടും മനസ്സില്ലാതെ എത്തിപ്പെട്ടു, പഴയ സ്കൂളിലേക്ക് തിരിഞ്ഞോടാനുള്ള മനസ്സുമായി കാലം കഴിച്ചു. പിന്നെ പതിയെ പതിയെ ക്ലാസ്സ് ടീച്ചർ കല്ല്യാണിക്കുട്ടി ടീച്ചറുടെ നിരന്തരമായ പ്രോത്സാഹനത്തിൽ പുതിയലോകത്തിലലിഞ്ഞു ചേർന്നു.

അക്കൊല്ലം സിസ്റ്റർ നിർമ്മലയുടെ നേതൃത്വത്തിൽ സെന്റ് പോൾസ് സ്ക്കൂൾ രജത ജൂബിലി അതിഗംഭീരമായി അഘോഷിക്കുകയായിരുന്നു. പിന്നീട് സിസ്റ്റർ കപ്പിത്താനായ സെന്റ് പോൾസ് കപ്പൽ കാറ്റിലും കോളിലും പെടാതെ ലക്ഷ്യങ്ങളിലേക്ക് കുതിച്ചുക്കൊണ്ടിരുന്നു.
സിസ്റ്ററുടെ കട്ടിക്കണ്ണടയിലൂടെയുള്ള തീക്ഷ്ണമായ നോട്ടം, കുട്ടികൾക്ക് മുൻപിൽ അണിഞ്ഞിരുന്ന ഗൗരവത്തിന്റെ മുഖാവരണം….ഇടയ്ക്കിടെ സ്പീക്കറിലൂടെ ഒഴുകിയെത്തുന ഒഴുക്കുള്ള ഇംഗ്ലീഷിലെ അനൗൻസ്മെന്റുകൾ…..പ്രത്യേക അവസരങ്ങളിലെ ഗംഭീര പ്രസംഗങ്ങൾ! സിസ്റ്ററിൽ നിന്നും ഒളിച്ചു നടക്കുവാൻ...സിസ്റ്ററുടെ നോട്ടം വന്നു വീഴുന്നിടത്ത് നിന്നൊക്കെ പതുങ്ങിമാറുവാൻ ഞങ്ങൾ ശ്രദ്ധാലുക്കളായി.

ഏഴാം ക്ലാസ്സിൽ വെച്ച് നാടകമത്സരത്തിന് വേണ്ടി  അദ്ധ്യാപകരുടെ നിർബന്ധത്തിൽ ഒരു നാടകമെഴുതേണ്ടി വന്നു. മുതിർന്ന കുട്ടികളാണ് അതിൽ അഭിനയിച്ചതൊക്കെ. നാടകം കഴിഞ്ഞപ്പോൾ നാടകകൃത്തിനെ അന്വേഷിച്ച് സിസ്റ്റർ  നിർമ്മല ബാക്ക് സ്റ്റേജിലെത്തി. സിസ്റ്ററിൻറെ  മുൻപിൽ നിൽക്കുമ്പോൾ ഞാൻ ഐസ് പോലെ ഉറഞ്ഞു. കട്ടിക്കണ്ണടയിലൂടെ എപ്പോഴും തീക്ഷണ്മായ നോട്ടങ്ങൾ എയ്യുന്ന കണ്ണുകളിൽ ഒരു ചിരി വിടരുന്നത് ഞാൻ അത്യഭുതത്തോടെ കണ്ടു. എന്നെ തോളിൽ തട്ടി അഭിനന്ദിച്ച് സിസ്‌റ്റർ നടന്നു നീങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത്.
ഒരിക്കൽ സ്ക്കൂളിൽ നിന്നും യുവജനോത്സവത്തിൽ പങ്കെടുക്കാൻ ഞങ്ങളുടെ ഗ്രൂപ്പ് ഡാൻസ് ടീമും പോകുന്നുണ്ട്. ഞാനും ചേച്ചിയുമുണ്ട് ടീമിൽ. സ്ക്കൂൾ ദിവസങ്ങളിലെ ലെഞ്ച് ബ്രേക്കിനാണ് പ്രാക്ട്ടീസ് നടക്കുന്നത്. അതു പോര ...ശനിയാഴ്ച വന്നാൽ മുഴുവൻ ദിവസവും പ്രാക്ട്ടീസ് ചെയ്യാമെന്ന് സിസ്റ്റർ. ശനിയാഴ് ഞങ്ങൾക്ക് വരാൻ വാനുണ്ടാകില്ലെന്ന് ഞങ്ങൾ രക്ഷപ്പെടാൻ നോക്കി. അത് സാരമില്ല….വെള്ളിയാഴ് വീട്ടിൽ പോകേണ്ട, ബോർഡിങ്ങിൽ നിൽക്കാമെന്നായി സിസ്റ്റർ . അങ്ങനെ വീട്ടിൽ നിന്നും ദീർഘയാത്ര ചെയ്ത് സ്ക്കൂളിലെത്തിയിരുന്ന ഞങ്ങൾക്ക് ബോർഡിങ്ങ് ജീവിതം ഒന്നു രുചിച്ച് നോക്കാനുള്ള അവസരമൊരുക്കി സിസ്റ്റർ നിർമ്മല.

 ഞങ്ങൾ കുട്ടികളുടെ മുൻപിൽ സിസ്റ്റർ  പ്രദർശിപ്പിച്ചിരുന്ന  ഗൗരവക്കാരിയുടെ പൊയ്മുഖം അഴിച്ച് വെച്ചാണ് സിസ്റ്റർ രക്ഷക്കർത്താക്കളോട് ഇടപെട്ടിരുന്നത്. അച്ഛ സ്ക്കൂളിൽ വരുമ്പോൾ സിസ്റ്ററുമായുണ്ടാകുന്ന നർമ്മ  ഭാഷണങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരിക്കൽ അച്ഛയോട് "പ്രിയ എപ്പോഴും ധാരാളം ഫ്രെൻഡ്സിന്റെ കൂട്ടത്തിലാണെന്നും എന്നാൽ മായക്ക് കൂടുതൽ ഫാൻസാണെ"ന്നും സിസ്റ്റർ പറയുകയുണ്ടായി. സിസ്റ്റർ എന്താണ് ഉദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അച്ഛ അതു വന്നു വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത നാണക്കേടാണ് തോന്നിയത്.
പുറത്ത് നിന്നു നോക്കുമ്പോൾ താഴത്തെ നിലയിലെ ഓഫീസ് മുറിയിൽ ഇരുട്ടാണെന്ന് തോന്നും. ഞങ്ങൾ കുട്ടികൾ എത്ര ഒളിച്ച് നടന്നാലും ആ ഇരുട്ടിൽ  നിന്നും സിസ്റ്ററിന്റെ കണ്ണുകൾ കളിസ്ഥലത്തും പൂമരച്ചോട്ടിലും ഉലാത്തുകയും സൊറപറഞ്ഞിരിക്കുകയും ചെയ്യുന്ന ഞങ്ങളെ കാണുന്നുണ്ടായിരുന്നു.
….ഒരിക്കൽ  പത്താംക്ലാസ്സുകാരുടെ പരീക്ഷാകാലത്ത്  ഞങ്ങൾ താഴെയുള്ള ക്ലാസ്സുകാർക്ക് റിവിഷൻ മാത്രം നടക്കുന്ന സമയത്ത് മടിപിടിച്ച് വീട്ടിലിരുന്നവരെയെല്ലാം തേടിപ്പിടിച്ച് സിസ്റ്റർ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ തല്ലു വാങ്ങാൻ ഞാനും പോയിട്ടുണ്ട്
ചെറിയ ക്ലാസ്സുകളിൽ സിസ്റ്ററുമായ് മുഖാമുഖം വരുന്ന അവസരങ്ങൾ വളരെ കുറവായിരുന്നു. അപൂർവ്വമായി സിസറ്ററുടെ അടുത്തെത്തുമ്പോൾ സിസറ്ററിന് ബിസ്ക്കറ്റിന്റെ മണമാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്നാൽ മുതിർന്ന ക്ലാസ്സിലെത്തിയപ്പോൾ കാര്യങ്ങൾ മാറി. അതു വരെ പ്രിൻസിപ്പാൾ മാത്രമായിരുന്ന സിസ്റ്റർ അദ്ധ്യാപികയായി.  ഞാനേറ്റവും വെറുക്കുന്ന കെമിസ്ട്രി പഠിപ്പിക്കാൻ സിസ്റ്റർ ക്ലാസ്സ് മുറിയിലേക്ക് വന്നു. പക്ഷെ അതിനേക്കാൾ സങ്കടകരമായിരുന്നു എന്നെ സംബന്ധിച്ച്  സിസ്റ്റർ  പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് സെക്കണ്ടിലെ ‘ഇന്ദുലേഖ’
പഠിപ്പിക്കാൻ വന്നത്. എത്രമേൽ ഞാൻ ആസ്വദിക്കുമായിരുന്ന ഒരു നോവൽ പേടിച്ച് വിറച്ചിരുന്ന് കേൾക്കേണ്ടി വന്നത്.

മനസ്സിളക്കി വിട്ട കാറിലും കോളിലും പെട്ട് ഞാനെന്ന ചെറുവഞ്ചി ഗതി തെറ്റി അലയാൻ തുടങ്ങിയത് സ്ക്കൂളിന്റെ അവസാന വർഷങ്ങളിലാണ്. മുറിവേറ്റൊരു  മൃഗത്തെ പോലെ ഇനി പുറത്തിറങ്ങി വേട്ടയാടുന്ന ലോകത്തെ നേരിടേണ്ടെന്നുറച്ച് ഞാനെന്റെ ഇരുണ്ട ഗുഹയിലേക്ക് ഇഴഞ്ഞു കയറി.  ചിലർ കോറിയിട്ട ആഴമുള്ള മുറുവുകളുടെ പേരിൽ ലോകത്തോട് മുഴുവനും പിണങ്ങാൻ തോന്നി.
കൂനിന്മേൽ കുരു  പോലെ ശരീരവും രോഗാതുരമായി . കാല് പണിമുടക്കി. അവസാനത്തെ ടേം മിക്കവാറും മുടങ്ങി, പത്താംക്ലാസുകാരുടെ തലകുത്തി നിന്നുള്ള റിവിഷൻ സെഷനിലും മോഡൽ പരീക്ഷയിലുമൊന്നും പങ്കെടുക്കാതെ , വയ്യാത്ത കാലുമായാണ് പത്താം ക്ലാസ്സ് പരീക്ഷക്ക് പോകുന്നത്. മറ്റൊരു സ്ക്കൂളിലാണ് പരീക്ഷ. ഒന്നും വിഷമിക്കേണ്ടതില്ലെന്ന് സിസ്റ്റർ  നിർമ്മല അച്ചനുമമ്മയ്ക്കും ഉറപ്പ് കൊടുത്തിരുന്നു. എല്ലാവരുമിരിക്കുന്ന ക്ലാസ്സിലേക്ക് പടിക്കയറി ചെല്ലാനാകാത്ത എനിക്ക് താഴെ ഒരിടത്ത് കാലു നീട്ടിയിരുന്നെഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അന്ന്...ഒരു ദിവസം രണ്ട് പരീക്ഷ എഴുതുന്ന കാലമാണ്. ആദ്യത്തെ പരീക്ഷക്ക് ശേഷം  അടുത്തൊരു വീട്ടിൽ ചെന്നിരുന്ന് ഉണ്ണാനും വിശ്രമിക്കാനുമുള്ള ഏർപ്പാടും സിസ്റ്റർ ചെയ്തിരുന്നു.   എങ്ങനെയോ എഴുതി തീർത്ത പരീക്ഷകളുടെ മാർക്ക് ഷീറ്റ് വാങ്ങാൻ ചെല്ലാതെ വയ്യല്ലോ.  മിടുക്കികളുടെ ആഘോഷതിമർപ്പിലേക്ക്  ഒരു നിഴൽ പോലെ കയറി ചെന്നു. ക്ലാസ്സ് ടീച്ചറുമായുള്ള സംസാരം കഴിഞ്ഞാൽ എല്ലാവരും പ്രിൻസിപ്പാളിന്റെ മുറിയിലേക്കാണ് പോകുന്നത്. അപകർഷതയോടെ വലിയ ചന്തമൊന്നുമില്ലാത്ത എന്റെ മാർക്ക് ഷീറ്റ് ഞാൻ സിസ്റ്ററെ കാണിച്ചു. “ഇനി എവിടെയാണ് അപേക്ഷ കൊടുക്കുന്നത്?” എന്ന് സിസ്റ്റർ ചോദിച്ചു.
ഞാൻ സെന്റ് മേരീസ് എന്ന് പറഞ്ഞു.
സിസ്റ്റർ നിർമ്മലയുടെ അടുത്ത് നിന്നിരുന്ന സിസറ്റർ അലീന. ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്ന സിസ്റ്റർ ….എപ്പോഴത്തേയും പോലെ എന്നെ പരിഹസിച്ചു. “അങ്ങോട്ട് ചെന്നാ മതി ഈ മാർക്കും  കൊണ്ട്  ഇപ്പൊ കിട്ടും സീറ്റ്…”
ഡോക്ട്ടറാകാനും എഞ്ചിനിയറാകാനുമായി ജനിച്ച് വീണ കുട്ടികൾക്കുള്ളതാണ് സെന്റ് മേരീസിലെ സീറ്റും അതിനടുത്ത് പിസി തോമസ് സാറിന്റെ കോച്ചിങ്ങുമെന്നതാണ് അംഗീകൃത സത്യം.
ഞാൻ ഒരു വിളറിയ ചിരി ചിരിച്ചു. അപ്പോൾ  സിസ്റ്റർ നിർമ്മല ഇന്നേ വരെ ഞാനറിഞ്ഞിട്ടില്ലാത്ത ….മറ്റൊരു സിസ്റ്റർ നിർമ്മലയായി …”അതിനെന്താ...ഇവൾക്ക് ആർട്ട്സ് ഗ്രൂപ്പ് മതിയല്ലോ. അവൾ ഇംഗ്ലീഷ ലിറ്ററേച്ചറല്ലേ പഠിക്കാൻ പോണത്….നോക്കൂ...അതിനൊക്കെ  മായക്ക് നല്ല മാർക്കുണ്ട്….” എന്ന് സിസ്റ്റർ  അലീനയുടെ വായടച്ചു കളഞ്ഞു.
എന്നാൽ സെന്റ്മേരീസിലെ എന്റെ പഠനം അധികം നീണ്ടുനിന്നില്ല. ആ വർഷം ഞാൻ ഡോക്ട്ടർമാർക്കും ചികിത്സകൾക്കും സർജറിക്കുമൊക്കെയായി പതിച്ചു നൽകി. അടുത്ത വർഷം ഒരു പുതിയ ഞാൻ പിറവിയെടുത്തു. പഴയ കൂട്ടുകാരെയൊക്കെ മറന്നു കളയാൻ ആഗ്രഹിക്കുന്ന….പുതിയ ഞാൻ പിന്നെ അവരുടെ ജൂനിയറായി പഠിക്കാൻ സെന്റ് മേരീസിൽ പോയില്ല. അവിടെ നിന്നുമൊക്കെ ദൂരെ ദൂരെ ഇരിങ്ങലക്കുടയിലെ സെന്റ് ജോസഫ്സിൽ...പുതിയ ഒരു കൂട്ടം കുട്ടികളുടെ സഹപാഠിയായി എന്റെ വിദ്യാർഥിജീവിതത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ  കാലഘട്ടം  തുടങ്ങി.
അങ്ങനെയിരിക്കെ   ഞാനിറുത്തു കളഞ്ഞ എന്റെ ഭൂതകാലം  വീണ്ടും സിസ്റ്റർ നിർമ്മലയുടെ രൂപത്തിൽ എന്റെ നാട്ടിലേക്ക്   കടന്നു വന്നു. വലപ്പാട്  തുടങ്ങിയ പുതിയ സ്ക്കൂളിന്റെ പ്രധാനദ്ധ്യാപികയായി സിസ്റ്റർ നിർമ്മല  സ്ഥാനമേറ്റു. പള്ളിയുടെ തൊട്ടടുത്താണ് എന്റെ വീട്. പള്ളിയിലേക്ക് വന്ന  സിസ്റ്ററെ  വഴിയിൽ വെച്ച് അച്ഛ കണ്ടുമുട്ടി. സിസ്റ്ററെ കോണ്വെന്റിൽ പോയി കാണണമെന്ന് അമ്മ പറയും. എങ്കിലും പോകാൻ ഒരു മടി. പിന്നെയാകട്ടെ എന്ന് മനസ്സ് നീട്ടി വെച്ചുകൊണ്ടിരുന്നു.അന്ന് ഞാൻ സെന്റ് ജോസഫ്സിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. ഇടയ്ക്ക് വഴിയിൽ ചില സിസ്റ്റർമാരെ കാണും. അതിൽ സിസ്റ്റർ നിർമ്മലയുണ്ടാകരുതെ എന്നൊക്കെ വല്ലാത്തൊരു വൈക്ലബ്യത്തോടെ ഞാൻ ആഗ്രഹിക്കും. അങ്ങനെ പരസ്പരം കാണാതെ  ഞാനും സിസ്റ്ററും ഒരേ നാട്ടിൽ ജീവിച്ചു.
പക്ഷെ ഒരു ദിവസം സിസ്റ്റർ ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു. അമ്മയുടെ ചുണ്ടിലും മുഖത്തും വന്നിരിക്കാൻ ശ്രമിക്കുന്ന ഈച്ചകളെ ആരൊക്കെയോ കരിവേപ്പിന്റെ ഇലകൊണ്ട് ആട്ടിപ്പായിച്ചു കൊണ്ടിരുന്നു. തലയ്ക്കൽ വെച്ച നിലവിളക്കിൽ നിന്നുമൊരു വെളിച്ചപ്പുഴു അപ്പോൾ അമ്മയുടെ മുഖത്തേക്കരിച്ചിറങ്ങി. അമ്മയുടെ മുഖത്ത് നല്ല സങ്കടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വേദന മുഴുവൻ അവിടെ ഘനീഭവിച്ചിരുന്നു. സിസ്റ്റർ ഞങ്ങളെ  മുറുകെ കെട്ടിപ്പിടിച്ചു. മുതുകിൽ തലോടിക്കൊണ്ടിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് സിസ്റ്റർ എനിക്ക് പരിചയമില്ലാത്ത കോണ്വെന്റിലെ മറ്റു സിസ്റ്റർമാരോടൊപ്പം വീണ്ടും വന്നു. മുറിയിലെ കിടക്കയിൽ കഴിഞ്ഞാഴ്ച അമ്മ ഉടുത്ത് അഴിച്ചിട്ട സാരി മുറുകെ പിടിച്ച് ഒരു മരക്ക്ഷണം പോലെ ഇരിക്കുകയായിരുന്നു ഞാൻ.
“മനസ്സ് തുറന്ന് നന്നായി കരയൂ..മോളേ….അമ്മയെ ഓർത്ത് വേണ്ടത്ര കരയൂ മോളെ…” ലോകത്തേക്ക് വെച്ച് ഏറ്റവും കരുണാമയമായൊരു വാചകം കേട്ടമ്പരന്ന് നിറകണ്ണുകളോടെ ഞാൻ സിസ്റ്ററെ നോക്കി. അത് വരെയും എനിക്ക് ചുറ്റുമുള്ളവർ ഞാനും ചേച്ചിയും കരയാൻ പാടില്ലെന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. കരയരുത് കരയരുത്..കരയരുത്...എല്ലാവരും ആവർത്തിച്ചു.
ആരും അമ്മയെ കുറിച്ച് ഒന്നും പറയാതിരിക്കാൻ ശ്രദ്ധിച്ചു. സിസ്റ്റർ അമ്മയെ കുറിച്ചേറെ ചോദിച്ചു .പറയിപ്പിച്ചു. മഴയായി പെയ്തു തീരാൻ വിട്ടു.
                                        പിന്നെ സിസ്റ്ററെ ഞാൻ കണ്ടിട്ടില്ല. അമ്മയെ കുറിച്ചെഴുതിയ പുസ്തകം സിസ്റ്റർക്ക് നൽകാനായി അന്വേഷിച്ചപ്പോൾ സിസ്റ്റർ വലപ്പാട് വിട്ടു പോയെന്നറിഞ്ഞു.  
തിരിഞ്ഞു നിന്നു നോക്കുമ്പോൾ, അറിയാനാകുന്നുണ്ട്.. സ്ക്കൂളിൽ സിസ്റ്ററുടെ വിദ്യാർഥിനിയായി കഴിഞ്ഞപ്പോഴൊന്നും സിസ്റ്ററെന്നെ അഗാധമായി സ്പർശിച്ചിട്ടില്ല  പക്ഷെ വർഷങ്ങൾക്ക് ശേഷം കൂരിരുൾ മൂടിയ എന്റെ ജീവിതത്തിലേക്ക് സിസ്റ്റർ പെട്ടെന്നൊരു തരി വെളിച്ചം കൊണ്ടുതരികയും ഇറങ്ങിപ്പോകുകയുമായിരുന്നു.

1 comment:

  1. ചിലർ അങ്ങനെയാണ്. മനസ്സിനെ സ്പര്ശിച്ചില്ലെങ്കിലും വാരിക്കോരി ഓർമ്മകളുടെ തുണ്ടുകൾ മനസ്സിൽ നിറയ്ക്കുന്നവർ. നിർമ്മലമായ ഈ ഓർമ്മകൾ പത്തായത്തിൽ നിന്നും വിളമ്പിയപ്പോൾ ഹൃദയമാണ് ഏറ്റുവാങ്ങിയത്. സ്കൂൾ, ക്‌ളാസ് റൂം, പുസ്തകങ്ങൾ, സിസ്റ്റര്മാര് ഒക്കെയുള്ള ഒരു കാലം വീണ്ടും വന്നല്ലോ എന്റെ പടിവാതിക്കലിൽ. ഓർമ്മകൾ പൂവിടുന്നു പടിതൊട്ടിങ്ങോളം. സിസ്റ്റർ നിർമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

    ReplyDelete